പരിശീലിപ്പിക്കാം, ജീവിത നിപുണതകൾ
അക്രമസ്വഭാവം, അടിപിടി, ലഹരി അടിമത്തം, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവയൊക്കെ കൗമാര പ്രായത്തിലുള്ള കുട്ടികളിൽ വ്യാപകമായി കാണുന്ന പ്രശ്നങ്ങളാണ്. ഇവയെ പ്രതിരോധിക്കാൻ ഒരു അധ്യാപകന് എന്ത് ചെയ്യാൻ സാധിക്കും?

കൗമാരപ്രായത്തിലെ കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പുതുമയുള്ളതും പ്രയാസമേറിയതുമായ അനുഭവങ്ങൾ തരണം ചെയ്യാൻ ഒരു വ്യക്തിആർജിച്ചിരിക്കുന്ന 10 കഴിവുകളാണ് ജീവിത നിപുണതകൾ. ആത്മാവബോധം, ആശയവിനിമയ ശേഷി ,വ്യക്തിബന്ധ വികസനശേഷി ,പ്രശ്നപരിഹാര ശേഷി,തീരുമാനമെടുക്കൽ ശേഷി, ഗുണദോഷ യുക്തി വിചാരം ,സർഗാത്മക ചിന്ത ,വികാരങ്ങളുമായി പൊരുത്തപ്പെടുക, സമ്മർദ്ദങ്ങളും ആയി പൊരുത്തപ്പെടുക ,അനുതാപം എന്നിവയാണ് ആ പത്ത് ജീവിത നിപുണതകൾ. പ്രഭാഷണ രൂപത്തിൽ ഇത് പഠിപ്പിക്കുന്നതിന് പകരം പങ്കാളിത്ത സ്വഭാവമുള്ള പ്രക്രിയ അധിഷ്ഠിതമായ അനുഭവാത്മകമായ പരിശീലനത്തിലൂടെ വേണം കുട്ടികളിലേക്ക് ഈ ആശയങ്ങൾ എത്തിക്കാൻ. ഇതിന് ആവശ്യമായ പരിശീലന മോഡ്യൂൾ കേരളത്തിൽ എസ് സി ഇ ആർ ടി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഈ ലേഖകൻ അടക്കമുള്ള ആളുകൾ ചേർന്ന് തയ്യാറാക്കിയ ” ഉല്ലാസ പറവകൾ” എന്ന ആ മോഡ്യൂളിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓരോ ക്ലാസിലും ഉള്ള കുട്ടികൾക്ക് പ്രതിവർഷം 20 മണിക്കൂർ പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ ജീവിതനിപുണത വിദ്യാഭ്യാസം നൽകാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. സിലബസുകൾക്ക് അതീതമായി കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഈ പരിശീലനം നടപ്പിലാക്കുക എന്നുള്ളത് വളരെ അത്യാവശ്യമായ കാര്യമാണ്..
ലഹരി ഉപയോഗത്തിലേക്ക് കുട്ടികളെ നയിക്കുന്ന സമപ്രായക്കാരുടെ സമ്മർദ്ദം മറികടക്കാൻ ആവശ്യമായുള്ള സ്വഭാവ ദൃഢത, പരിശീലനം പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ദേഷ്യം നിയന്ത്രിക്കാനുള്ള പരിശീലനം, ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നിയമ പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ സൈബർ ഉപയോഗത്തെ കുറിച്ചുള്ള ബോധവൽക്കരണം എന്നിവയൊക്കെ ഈ പരിശീലന പദ്ധതിയുടെ ഭാഗം തന്നെയാണ്.
കുട്ടികളുടെ വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഫലപ്രദമായി ഇടപെടാനുള്ള അധ്യാപക പരിശീലനവും ഇതിന്റെ ഭാഗമായി തന്നെ നൽകിയിട്ടുണ്ട്. കുട്ടികളിലെ പഠന പെരുമാറ്റ പ്രശ്നങ്ങൾ ആരംഭത്തിൽ തന്നെ എങ്ങനെ തിരിച്ചറിയാം എന്ന പരിശീലനം വഴി അധ്യാപകർക്ക് ഇത്തരം പ്രശ്നങ്ങൾ നേരത്തെ മനസ്സിലാക്കിയെടുക്കാനും ഇടപെടാനും സാധിക്കുന്നു. കുട്ടികൾക്കിടയിലുള്ള തീവ്രമായ മത്സരബുദ്ധിയും പരസ്പരം താരതമ്യം ചെയ്യുന്ന പ്രവണതയുമാണ് കൗമാര ആരോഗ്യത്തെ നശിപ്പിക്കുന്ന ഒരു പ്രധാന പ്രശ്നം. ഇത് മറികടക്കാൻ ആവശ്യമായ നിലപാടുകൾ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. കുട്ടികളെ പരസ്പരം താരതമ്യം ചെയ്ത് ഇകഴ്ത്തുന്ന രീതി അധ്യാപകർ അവസാനിപ്പിക്കണം. അതുപോലെ ചില തൊഴിൽ മേഖലകളെ ശ്രേഷ്ഠം എന്നും മറ്റ് ചിലവ് മോശം എന്നും പറയുന്നതിന് പകരം എല്ലാ തൊഴിൽ മേഖലകളും ശ്രേഷ്ഠമാണ് എന്നും അവനവന് ലഭ്യമായ തൊഴിൽ ഏറ്റവും നല്ല രീതിയിൽ ചെയ്യുക വഴിയാണ് ഒരു മനുഷ്യൻ ശ്രേഷ്ഠനാകുന്നത് എന്നുമുള്ള ആശയങ്ങൾ കുട്ടികളിലേക്ക് വിനിമയം ചെയ്യാൻ അധ്യാപകർക്ക് കഴിയണം. പഠനമായാലും കായിക വിനോദം ആയാലും കലകൾ ആയാലും അതിൽ പങ്കെടുക്കുകയും അത് ചെയ്യുകയും ചെയ്യുന്നത് വഴി പരമാവധി സന്തോഷം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കണം. ഇവയൊക്കെ കേവലം ഒരു മത്സരമായി മാത്രം കരുതുന്ന മനോഭാവം കുട്ടികളിൽ ഒഴിവാക്കണം കുട്ടികൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരസ്യപ്പെടുത്താനും അത്തരം കാര്യങ്ങളിൽ ഇടപെടുന്ന കുട്ടികളെ പരസ്യമായി അഭിനന്ദിക്കാനും വിദ്യാലയങ്ങളിൽ അധ്യാപകർ തയ്യാറാകണം. ഇതിലൂടെ അനുകമ്പയും മനുഷ്യത്വവും കുട്ടികളുടെ മനസ്സിൽ ചെറുപ്പത്തിലെ വളർത്തിയെടുക്കാൻ സാധിക്കും. വിദ്യാലയ പരിസരത്തും വീടിന്റെ മുറ്റത്തും ചെടികൾ നട്ടുവളർത്തി വെള്ളം ഒഴിച്ച് അതിനെ പരിപാലിപ്പിച്ച് വളർത്തിയെടുക്കാനുള്ള പ്രചോദനം കുട്ടികൾക്ക് അധ്യാപകർ നൽകണം. ഇതിലൂടെയും കുട്ടികളുടെ മനസ്സിൽ അനുതാപം വളർത്തിയെടുക്കാനും കൂടുതൽ നല്ല മനുഷ്യരായി മാറാൻ അവരെ സഹായിക്കാനും സാധിക്കും

മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ
പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികൾക്കാവശ്യമായ മാനസിക ആരോഗ്യ പ്രഥമ ശുശ്രൂഷ നൽകാനും അദ്ധ്യാപകർ തയ്യാറാകണം. പ്രയാസം അനുഭവിക്കുന്ന കുട്ടിയെ വിളിച്ച് മാറ്റി നിർത്തി എന്താണ് അവന്റെ പ്രയാസം എന്ന് സ്നേഹപൂർവ്വം അന്വേഷിച്ചറിയുകയാണ് ആദ്യപടി. അതിന് പറയാനുള്ള പ്രയാസങ്ങളെല്ലാം അതിനെ തടസ്സപ്പെടുത്താതെ അവൻ പറയുന്ന കാര്യങ്ങൾ നിസാരവൽക്കരിക്കാതെ ,അവനെ പരിഹസിക്കാതെ, വഴക്കു പറയാതെ ക്ഷമാപൂർവ്വം അവസാനം വരെ ശ്രദ്ധയോടെ കേൾക്കുകയാണ് രണ്ടാംഘട്ടം.എന്തെങ്കിലും തെറ്റായ ധാരണകൾ മൂലമാണ് ആ കുട്ടി പ്രയാസപ്പെടുന്നതെങ്കിൽ ശരിയായ വിവരങ്ങൾ പകർന്നുകൊടുത്ത് അവന്റെ വിഷമം മാറ്റിയെടുക്കാം. ഇനി ഗൗരവ സ്വഭാവം ഉള്ള എന്തെങ്കിലും പ്രശ്നങ്ങളിലൂടെ അവൻ കടന്നു പോവുകയാണെങ്കിൽ നമ്മെക്കൊണ്ട് ആകും വിധം സഹായിക്കാൻ ശ്രമിക്കാം. ഈ മൂന്ന് ഘട്ടം കഴിയുമ്പോൾ തന്നെ കുറെയേറെ കുട്ടികളുടെ പ്രയാസങ്ങൾ കുറയും. ഇത്രയും ചെയ്തിട്ടും അയാളുടെ പ്രയാസങ്ങൾ കുറയുന്നില്ലെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ നേരിട്ട് കണ്ട് ആവശ്യമായി ചികിത്സയും കൗൺസിലിങ്ങും എടുക്കാൻ വേണ്ട സഹായം നൽകാം.
മാനസികാരോഗ്യം ഏറെ പ്രധാനമാണ് എന്നതും ശാരീരിക ആരോഗ്യത്തെ പോലെ തന്നെ ഒരു മനുഷ്യന്റെ ജീവിതത്തിന് അനിവാര്യമാണോ എന്നതും കുട്ടികളെ ബോധ്യപ്പെടുത്തണം. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന കുട്ടികളെ പരിഹസിക്കാനും ഒറ്റപ്പെടുത്താനുമുള്ള പ്രവണതയെ ശക്തമായി നിരുത്സാഹപ്പെടുത്താൻ അധ്യാപകർ മുൻകൈയെടുക്കണം. ഇത്തരം കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണ കൊടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം ഇത്തരം കുട്ടികൾ ഒറ്റപ്പെട്ടു പോകാതിരിക്കാൻ ആവശ്യമായ സാമൂഹിക പിന്തുണ ഉറപ്പുവരുത്തുകയാണ് അടുത്ത പടി. രക്ഷിതാക്കളും അധ്യാപകരും സഹപാഠികളും അയൽവാസികളും അടക്കമുള്ള സമൂഹം മൊത്തം ഇത്തരം കുട്ടികളോടൊപ്പം നിന്നാൽ മാത്രമേ അവരുടെ പ്രയാസങ്ങൾ മറികടന്ന് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരാൻ അവർക്ക് സാധിക്കു.

ഒറ്റപ്പെട്ട ചില പാകപ്പിഴകൾ സംഭവിച്ചു പോകുന്ന കുട്ടികളെ പരസ്യമായി അവഹേളിച്ച് അവരുടെ മാനസികാരോഗ്യം തകർക്കാൻ ഒരിക്കലും ഉദ്യമിക്കരുത്. ക്ഷമയോടെ അവരെ കേൾക്കാനും ഇത്തരം പാകപ്പിഴകൾ ആവർത്തിക്കാതിരിക്കാൻ വേണ്ട ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകാനും ആണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്. ചെറിയൊരു തെറ്റ് വലിയൊരു കുറ്റകൃത്യമായി മാറാതിരിക്കാൻ ഇത്തരം കരുതൽ ഏറെ സഹായകമാകും. ജാതി , മതം, സാമ്പത്തിക സ്ഥിതി,സാംസ്കാരിക പശ്ചാത്തലം എന്നിവയുടെയൊന്നും അടിസ്ഥാനത്തിൽ കുട്ടികളെ വിവേചിച്ച് കാണാൻ അധ്യാപകർ ശ്രമിക്കരുത്. ലിംഗ ഭേദവും ലൈംഗിക അഭിവന്യാസവും അടക്കമുള്ള കാര്യങ്ങളിലും കുട്ടികൾക്ക് ഒരുതരത്തിലുള്ള വേർതിരിവും വിദ്യാലയത്തിൽ അനുഭവപ്പെടാതിരിക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികൾ അടക്കമുള്ളവരോട് ഏറെ കരുതലോടെ പെരുമാറാൻ ആധുനിക അധ്യാപകർ ശ്രദ്ധിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
( അവസാനിച്ചു)






