കര്‍ഷകരുടെ കണ്ണീര്‍ വീഴുന്ന കുട്ടനാട്

വിറ്റ നെല്ലിന്റെ പണം സമയത്തു കിട്ടാത്തതിനാല്‍ ഇനിയങ്ങോട്ട് കൃഷിയിറക്കാന്‍ ഈ രംഗത്തെ മുതിര്‍ന്നവര്‍ പോലും മടിക്കുമ്പോള്‍ പുതിയ തലമുറയാവട്ടെ കൃഷിയിലേക്ക് കടക്കാന്‍ തന്നെ വിമുഖത കാണിക്കുകയാണ്.

ഏതാണ്ട് പൂര്‍ണ്ണമായും കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഒരു ജനതയുടെ നാടായിരുന്നു കുട്ടനാട്. പ്രകൃതിയോട് ചേര്‍ന്നുനിന്നുകൊണ്ട് കൃഷിചെയ്ത നല്ല കര്‍ഷകരുടെ നാട്. മുതലാളി-തൊഴിലാളി ബന്ധം അന്ന് പവിത്രവും, സത്യസന്ധവുമായിരുന്നു. പാടത്തു തൊഴിലാളികള്‍ പണിയെടുക്കുമ്പോള്‍ അവര്‍ക്കൊപ്പം കൂടാന്‍ പാടത്തിന്റെ ഉടമയും ഉണ്ടാവുമായിരുന്നു. അവര്‍ ഒരുമിച്ചു ഒത്തുപിടിച്ചാണ് പാടത്തു പൊന്നുവിളയിച്ചത്. എന്നാല്‍ മെല്ലെമെല്ലെ മുതലാളിയും, തൊഴിലാളിയും അകന്നു. അവര്‍ രണ്ടുകൂട്ടരും പ്രകൃതിയില്‍ നിന്നും അകന്നു.

നദികളില്‍ നിന്നും, നീര്‍ചാലുകളില്‍ നിന്നും ആവശ്യത്തിന് വെള്ളം ലഭിക്കാതായതോടെ കൃഷി അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായി. കൊയ്യാന്‍ ആളെക്കിട്ടാതെ വരികയും, കൊയ്ത്തുയന്ത്രങ്ങള്‍ ഇറക്കിയെങ്കിലും പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് വിളവ് മാത്രം ലഭിക്കുന്ന അവസ്ഥയുമാണ് ഉണ്ടായത്. കൊയ്‌തെടുത്ത നെല്ലിനാവട്ടെ പി.ആര്‍.എസ് പദ്ധതിപ്രകാരം കമ്പനികള്‍ നല്‍കേണ്ട തുക സമയാസമയം എത്തുന്നില്ല. വിറ്റ നെല്ലിന്റെ പണം സമയത്തു കിട്ടാത്തതിനാല്‍ ഇനിയങ്ങോട്ട് കൃഷിയിറക്കാന്‍ ഈ രംഗത്തെ മുതിര്‍ന്നവര്‍ പോലും മടിക്കുമ്പോള്‍ പുതിയ തലമുറയാവട്ടെ കൃഷിയിലേക്ക് കടക്കാന്‍ തന്നെ വിമുഖത കാണിക്കുകയാണ്.

മാലിന്യം നിറഞ്ഞ നീർച്ചാലുകൾ
വരള്‍ച്ച പലപ്പോഴും നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളം ഏറെ ആവശ്യമായ ഒരു വിളയിനമാണ് നെല്ല്. മുമ്പൊക്കെ നദികളില്‍ നിന്നും വെള്ളം പമ്പ് ഉപയോഗിക്കാതെതന്നെ കയറ്റുകയും, അധികജലം പാടത്തിന് പുറത്തേക്ക് പമ്പ് ചെയ്തു കളയുന്നതുമായിരുന്നു കീഴ്‌വഴക്കം. എന്നാല്‍ വെള്ളം കെട്ടിനിര്‍ത്തേണ്ട അവസ്ഥയില്‍ നീരുറവകളില്‍ നിന്നോ, നദികളില്‍ നിന്നോ പാടത്തേക്ക് വെള്ളം പമ്പ് ചെയ്യാന്‍ പോലും ആവശ്യത്തിന് ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ആറുകളില്‍ നിന്നുള്ള കൈവഴികള്‍ പോലെയുള്ള ചെറിയ ജലാശയങ്ങള്‍ ആണ് പാടശേഖരങ്ങളിലേക്കു വെള്ളം കയറ്റുവാനായി സഹായകമാകുന്നത്. എന്നാല്‍ ഇന്ന് അത്തരം ചെറിയ നീര്‍ച്ചാലുകള്‍ എല്ലാം മാലിന്യങ്ങള്‍ നിറഞ്ഞു ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുകയാണ്. അത് കുട്ടനാടിന്റെ ഭീകരമായ മറ്റൊരു മുഖമാണ്. കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കര്‍ഷകരുടെ അക്കൗണ്ടുകളിൽ നേരിട്ടാണ് ലഭിക്കുന്നത്. അതിനോടൊപ്പം തന്നെ പാടശേഖരങ്ങള്‍ക്കുകൂടി നല്‍കാനായാല്‍ മാത്രമേ ഇത്തരം പൊതുജലാശയങ്ങള്‍ വൃത്തിയാക്കി ജലത്തിന്റെ ഒഴുക്ക് ശക്തമാക്കി വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ കഴിയുകയുള്ളൂ.

zമുമ്പൊക്കെ പാടങ്ങളില്‍ നിറയുന്ന വെള്ളത്തെ പുറത്തേക്ക്, അതായത് ജലാശയങ്ങളിലേക്ക് പമ്പുചെയ്തുകളയാന്‍ കഴിയുന്ന പെട്ടിയും പറയും തന്നെയാണ് ഇപ്പോളും പാടശേഖരങ്ങളില്‍ ഉപയോഗിക്കുന്നത്. ജലാശയങ്ങളില്‍ നിന്നും പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റാന്‍ ഇത് ഉപയോഗിക്കാനാവില്ല. കാലോചിതമായി അത്തരം മോട്ടോറുകള്‍ പരിഷ്‌കരിച്ചു രണ്ടുവശത്തേക്കും വെള്ളം പമ്പ് ചെയ്യാന്‍ കഴിയുന്ന മോട്ടോറുകള്‍ ഉപയോഗിക്കണം. റൂറല്‍ ഡെവലപ്‌മെന്റിന്റെ ഭാഗമായി റോഡുകളുടെ വീതി കൂട്ടുന്നത് ജലാശയങ്ങളുടെ വലുപ്പം കുറയുവാനും, അതുവഴി വെള്ളം സംഭരിക്കാനുള്ള ശേഷിയും കുറയ്ക്കുന്നുണ്ട്.
കളയുടെ പ്രശ്നമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്നം. നെല്‍ചെടിക്കൊപ്പം വരിയും, കളയും, കവടയുമൊക്കെ വളര്‍ന്നു നില്‍ക്കുകയും, അതുകാരണം നെല്‍ച്ചെടി കരിഞ്ഞു ഉണങ്ങുകയും ചെയ്യുന്നു. കളയും വരിയും ഓരോന്നായി പിഴുതെടുത്തു കളയുക പ്രായോഗികമല്ല. അവയെമാത്രം നശിപ്പിക്കുന്ന കളനാശിനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. മുമ്പൊക്കെ ഒരുവര്‍ഷം പാടങ്ങള്‍ കൃഷിചെയ്യാതെ തരിശായി ഇട്ടുകൊണ്ട് വരിയും കളയും വളര്‍ത്തി അത് നശിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ആ ശീലം ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. കര്‍ഷകര്‍ക്ക് വരുമാനം നിലയ്ക്കുന്നതുകൊണ്ടാണ് അവര്‍ അതിന് തയ്യാറാകാത്തതെങ്കിലും, ശാസ്ത്രീയമായി കളകളുടെ അമിതവളര്‍ച്ചയെ നശിപ്പിക്കാന്‍ അത് അത്യാവശ്യമാണ്.

എക്കല്‍മണ്ണ്
പ്രളയത്തിനുശേഷം വലിയ അളവില്‍ വന്നടിഞ്ഞ എക്കലിന്റെ ശാസ്ത്രീയമായ ചില പ്രശ്നങ്ങളും ഇവിടെ പരാമര്‍ശിക്കേണ്ടതായിട്ടുണ്ട്. അത്തരം സാരഘടനയിലെ മാറ്റം കുട്ടനാട്ടിലെ മണ്ണുകളില്‍ അത്ര പരിചിതമല്ലായിരുന്ന പുളിയിളക്കം എന്ന അവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. ഇത് നെല്ലിന്റെ തന്നെ വിത്തുകള്‍ കൃത്യമായി വളരാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്. 2019 ല്‍ 2.82 ലക്ഷം ടണ്‍ നെല്ലാണ് സിവില്‍ സപ്ലൈസ് കുട്ടനാട്ടില്‍ നിന്നുമാത്രം സംഭരിച്ചത്. അത് വലിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയും ആയിരുന്നു. പ്രളയശേഷം ഉള്ള നമ്മുടെ തിരിച്ചുവരവാണെന്ന് അതിനെ കണക്കാക്കി. എന്നാല്‍ അതിനുശേഷം കാര്യങ്ങള്‍ മാറിമറിയുകയാണുണ്ടായത്.
കഴിഞ്ഞ പ്രളയത്തില്‍ കുട്ടനാട്ടില്‍ വലിയ അളവ് എക്കല്‍മണ്ണ് വന്നടിഞ്ഞിട്ടുണ്ട്. മണല്‍വാരല്‍ നിരോധിച്ചതോടെ അത് നീക്കം ചെയ്യപ്പെടാതെ കിടക്കുന്നതും ജലം സംഭരിക്കാനുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അത് നീക്കം ചെയ്യുകയോ, സര്‍ക്കാരിന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വില്‍ക്കുകയോ ചെയ്യാവുന്നതാണ്.

താളം തെറ്റിയ
കാര്‍ഷിക കലണ്ടര്‍
നമുക്ക് കാലാവസ്ഥക്കനുസരിച്ചു ഉണ്ടായിരുന്ന കാര്‍ഷിക കലണ്ടര്‍ താളം തെറ്റിയതാണ് കൃഷിയുടെ പ്രശ്‌നങ്ങളിലെ മൂലകാരണം. കൃഷി ശാസ്ത്രജ്ഞരും സര്‍ക്കാരും വിതയും കൊയ്ത്തും കൃത്യമായ സമയത്തു ചെയ്തുതീര്‍ക്കാന്‍ നിഷ്‌കര്‍ഷിക്കാറുണ്ട്. എന്നാല്‍ അത് പലപ്പോളും നടക്കാറില്ല എന്നതാണ് വാസ്തവം. ചന്ദ്രമാസത്തിന്റെ കണക്കനുസരിച്ചാണ് പ്രകൃതിയുടെ കാര്‍ഷിക കലണ്ടര്‍. വേലിയേറ്റവും വേലിയിറക്കവും ഒക്കെ അനുസരിച്ചാണ് വിതയും കൊയ്ത്തുമൊക്കെ നടക്കേണ്ടത്. സര്‍ക്കാര്‍ കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്നതും ഇത് കണക്കിലെടുത്താണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇത് നടപ്പിലാക്കപ്പെടുന്നില്ല.
ഏപ്രില്‍ ആദ്യം തണ്ണീര്‍മുക്കം ബണ്ട് തുറന്ന് ഉപ്പുവെള്ളം കുട്ടനാടന്‍ മേഖലയിലേക്ക് എത്തുന്നതാണ് ഈ കലണ്ടറിന്റെ തുടക്കമായി കണക്കാക്കുന്നത്. ഡിസംബറില്‍ ബണ്ട് അടയ്ക്കുമ്പോള്‍ അതനുസരിച്ചു വേണം കുട്ടനാടിന്റെ വടക്ക്, തെക്ക് മേഖലകളില്‍ വിതയും കൊയ്ത്തും നടത്താന്‍. ബണ്ട് തുറന്നാല്‍ ഉപ്പുവെള്ളം ആദ്യമെത്തുക വടക്കന്‍ കുട്ടനാട് മേഖലയിലാണ്. അത് ഏറെയും കോട്ടയം ജില്ലയിലുള്ള പാടങ്ങളാണ്. അവിടെ കാര്യങ്ങള്‍ ഏറെക്കുറെ കൃത്യമായി നടക്കുന്നുണ്ട്. ഈ ചിട്ട നടപ്പാക്കിയത് കര്‍ഷകര്‍ തന്നെ മുന്‍കൈ എടുത്താണ്. കൃഷി ഉദ്യോഗസ്ഥരും കര്‍ഷകരും കൃത്യമായി അഭിപ്രായസമന്വയം ഉണ്ടാക്കുകയും, ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും വേണം. കൃഷിരീതിയും, സമയക്രമവും കൃത്യമാക്കിയാല്‍ ബണ്ട് അടച്ചിടുന്ന സമയം കുറയ്ക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നുണ്ട്. ശാസ്ത്രീയമായ പരിശോധനയ്ക്കുശേഷം മാത്രമേ ബണ്ട് അടയ്ക്കാവൂ. ഉപ്പുവെള്ളത്തിന്റെ തോത് അളക്കുന്നത് അതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
അടിയന്തിരമായി കുട്ടനാടിന് ഏകീകൃതമായ ഒരു കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കണം. പ്രകൃതിയെ കണക്കിലെടുക്കാതെ സാമ്പത്തികനേട്ടം മാത്രം ലക്ഷ്യം വച്ചുകൊണ്ട് കൃഷിയെ ക്രമീകരിച്ചപ്പോഴാണ് പ്രകൃതിദുരന്തങ്ങള്‍ അത് തകര്‍ത്തെറിഞ്ഞത്. വെള്ളപ്പൊക്കം കൃത്യമായി വന്നുകൊണ്ടിരിക്കുന്ന കുട്ടനാട്ടില്‍ കൃഷിയെ സംരക്ഷിക്കാന്‍ എല്ലായിടത്തും ഒരുപോലെ കൃഷിചെയ്യുന്നതരത്തിലും, മഴയുടെ വരവുമായി ബന്ധപ്പെടുത്തിയും കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കണം എന്നതാണ് ആദ്യം ചെയ്യേണ്ടത്.
പ്രധാനമായും കാര്‍ഷിക കലണ്ടറില്‍ പറയുന്നത് ഇപ്രകാരമാണ്. തുലാം പത്തിനുതന്നെ പുഞ്ചകൃഷി വിതച്ചു മാര്‍ച്ച് അവസാനത്തോടെ കൊയ്യണം. കാലാവസ്ഥാവ്യതിയാനം പരിഗണിച്ചു പതിനഞ്ചുദിവസം മുന്നോട്ടും പിന്നോട്ടും ഇളവുണ്ട്. ചില കര്‍ഷകര്‍ പലവിധ കാരണങ്ങള്‍ കൊണ്ട് വൈകി വിതയ്ക്കാറുണ്ട്. അങ്ങനെ ഉള്ളവര്‍ക്ക് നേരത്തെ സജ്ജമാക്കിയ മൂപ്പ് കുറഞ്ഞ വിത്ത് നല്‍കണം. രണ്ടാം കൃഷിയുടെ വിത മെയ് അവസാനവാരം മുതല്‍ ജൂലൈ ആദ്യവാരം വരെയാണ് ചെയ്യേണ്ടത്. വിളവെടുപ്പാകട്ടെ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ ചെയ്യാം. പുഞ്ചക്കൃഷിയുടെ വിത ഒക്ടോബര്‍ ആദ്യവാരം മുതല്‍ നവംബര്‍ അവസാനവാരം വരെയും വിളവെടുപ്പ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും ചെയ്യാം.

9946199199

Author

141 Views
Scroll to top
Close
Browse Categories