അറിവ് :ഗുരു വിലകല്‍പ്പിച്ച പരമ മൂല്യം
അഗാധമായ ആത്മീയാനുഭവത്തിന്റെ സാമൂഹ്യ ഭാഷ്യമാണ് ഗുരുവിന്റെ പരിഷ്കരണത്തിനുള്ള ഉദ്ബോധനങ്ങള്‍. ആത്മബോധം എന്ന അറിവ് അടിത്തറ പാകുന്ന സൗധമാണ് ഗുരുവിന്റെ സാമൂഹ്യ ദര്‍ശനം. അതിലെ ആത്മീയത കാണാതെ പോകുന്നത് അപരാധമായിരിക്കും. അറിവിനെ മാത്രമാണ് ഗുരു എന്നും ഉപാസിച്ചത്. ‘പലമത സാരവുമേകമാണെന്നും ‘ സത്യവും ജ്ഞാനവും അനന്തമായ ബ്രഹ്മവും ഏകമാണെന്നും. എന്ന അറിവിന്റെ കിരണം ഹൃദയത്തില്‍ പതിയാതെ ഗുരുവചനങ്ങളുടെ കാമധേനു പാല് ചുരത്തുകയില്ല.

അജ്ഞതയുടെ ഇരുള് മൂടിക്കിടന്ന മലയാളക്കരയിലാണ് ഗുരു ജനിച്ചതും പ്രവര്‍ത്തിച്ചതും. സമൂഹത്തിന്റെ അജ്ഞതയ്ക്കെതിരെ അറിവിന്റെ പ്രകാശഖഡ്ഗവുമായി ഗുരു നിലയുറപ്പിക്കുന്നതിനും എത്രയോ മുന്‍പ് തന്നെ ആ തമസ്സിന്റെ ചേരുവകള്‍ അദ്ദേഹം കൃത്യമായി അപഗ്രഥിച്ചിരുന്നു. തന്റെ ആത്മീയചക്ഷുസ്സു കൊണ്ട് അവയൊക്കെ തിരിച്ചറിയാന്‍ ഗുരുവിനു അനായാസം സാധിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിനും അപ്പുറത്തുള്ള കേരളം എല്ലാ അര്‍ത്ഥത്തിലും അസ്വതന്ത്രമായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം മാത്രമല്ല ഹനിക്കപ്പെട്ടിരുന്നത്. ജാതിയുടെ അടിസ്ഥാനത്തില്‍ മിക്കവാറും എല്ലാ സ്വാതന്ത്ര്യങ്ങളും ഹനിക്കപ്പെടുകയോ ഭീകരമായി നിയന്ത്രിക്കപ്പെടുകയോ ചെയ്തിരുന്നു. മനുഷ്യരുടെ വസ്ത്രധാരണത്തെയും, ആഹാരത്തെയും, ആരാധനയെയും, വിദ്യാഭ്യാസത്തെയും, ഭാഷയെയും, വസിക്കുന്ന ഇടത്തേയും, വസതിയുടെ രൂപത്തെയും എല്ലാം ജാതി നിയന്ത്രിച്ചിരുന്നു. ആ നിയന്ത്രണങ്ങളെയും നിരോധനങ്ങളെയും എതിര്‍ക്കാന്‍ ഇവിടെ ഒരു ഭരണഘടനയും അന്ന് ഉണ്ടായിരുന്നില്ലല്ലോ. പരമ്പരാഗതമായി തങ്ങള്‍ വിശ്വസിച്ചു പോരുന്ന അയിത്ത വിചാരങ്ങളും ആചാരങ്ങളും മതത്തിന്റെ പേരില്‍ ‘ശരി’ എന്ന വിശ്വാസത്തിലായിരുന്നു അന്നത്തെ വരേണ്യജാതികള്‍ പിന്തുടര്ന്നിരുന്നത്. അതില്‍ എന്തെങ്കിലും ‘ശരികേട്’ അവര്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്തെന്നാല്‍ ആ അംഗീകൃത വിശ്വാസത്തെയാണ് രാജഭരണവും പൗരോഹിത്യവും ഉയര്‍ത്തിപ്പിടിച്ചിരുന്നതും സംരക്ഷിച്ചിരുന്നതും. ഒരു ബദല്‍ ആഖ്യാനത്തിനു ആധികാരികത ഉണ്ടായിരുന്നില്ല.
ഇതാണ് ഗുരു പ്രവര്‍ത്തനം ആരംഭിച്ച കേരളം. രൂഢമൂലമായിരുന്ന ആ ഭരണ വര്‍ഗ്ഗ -വരേണ്യ ‘ശരികള്‍’ എത്രമാത്രം തെറ്റാണെന്നും, വാസ്തവ വിരുദ്ധമാണെന്നും, സത്യത്തില്‍ നിന്ന് എത്ര അകലെയാണെന്നും അവരോടു പറയാന്‍ കഴിയണമെങ്കില്‍ അത്രയേറെ അറിവും ആത്മീയതയും ആധികാരികതയും കൂടിയേ കഴിയൂ. അറിവില്ലായ്മയെ അറിവ് കൊണ്ടും, ആചാരങ്ങളെ ആത്മീയത കൊണ്ടും അന്ധമായ ആചാരാനുഷ്ഠാനങ്ങളെ അറിവിന്റെയും ആത്മീയതയുടെയും ആധികാരികത കൊണ്ടുമാണ് ഗുരു നേരിട്ടത്.
സമൂഹം അറിവില്ലായ്മയാല്‍ വഴി തെറ്റി സഞ്ചരിക്കുന്നു എന്ന് ഗുരുവിന് ബോദ്ധ്യമായി. തനിക്കു ആ അറിവ് പകരാന്‍ കഴിയും എന്ന നിര്‍ണ്ണയത്തില്‍ നിന്നാണ് ഗുരുവിന്റെ സമൂഹ പരിഷ്കരണ ദൗത്യം ആരംഭിക്കുന്നത്. വരേണ്യ സമൂഹത്തെ നിയന്ത്രിച്ചിരുന്ന ആശയഗതികള്‍ എത്ര ബാലിശവും ഭാഗികവുമാണെന്നു ഗുരു മനസ്സിലാക്കി.
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.
പലതായി എണ്ണിത്തട്ടപ്പെടുത്തിക്കഴിയട്ടെ, ഓരോ ജാതിയെയും അടയാളപ്പെടുത്തിക്കഴിയട്ടെ, ഓരോ സ്ഥാനത്തുള്ളവരെയും പരിഗണിച്ചുകഴിയട്ടെ. അവയെല്ലാം മനുഷ്യര്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ടാക്കാനേ സഹായിക്കൂ. വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ എണ്ണവും ഗണവും തിട്ടപ്പെടുത്തുക എന്ന മനുഷ്യ സഹജമായ ദൗര്‍ബല്യത്തെ ഗുരു ദൈവ ദശകത്തിന്റെ രണ്ടാമത്തെ ശ്ലോകത്തില്‍ നിര്‍മ്മമനായി പരാമര്‍ശിക്കുന്നു. പലതായി കാണാനും എണ്ണാനുമുള്ള മനുഷ്യ വാസന ഒടുങ്ങി മനസ്സ് ‘അസ്പന്ദമാകണം’ ആ ഏകാഗ്രതയിലേ അദ്വൈത വിചാരം ഉയിരിടുകയുള്ളൂ. അപ്പോള്‍ മാത്രമേ
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയില്‍ ആദിമമായൊരാത്മരൂപം
എന്ന പരമാര്‍ത്ഥം ഗ്രഹിക്കാനാവൂ. അതാണ് അറിവ്. അത് സാധാരണ വ്യവഹാര ഭാഷയിലെ അറിവല്ല.
അറിവിലുമേറിയറിഞ്ഞിടുന്നവന് തന്നു-
രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
എന്ന ആത്മോപദേശ ശതകത്തിന്റെ ആദ്യ ശ്ലോകത്തില്‍ ഈ അറിവിന്റെ പ്രാധാന്യം മനസ്സിലാക്കാം.
വ്യാവഹാരിക അറിവിന് അതീതമായി പോകാനും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് പരംപൊരുളിനെ നമിക്കാനും ഗുരു ഉപദേശിക്കുന്നു. അതാണ് യഥാര്‍ത്ഥ അറിവ്. ഈ അറിവ് പ്രാപ്യമല്ലാത്തതാണ് മനുഷ്യര്‍ക്കിടയില്‍ നിലവിലിരിക്കുന്ന ഭേദചിന്തയുടെ അടിസ്ഥാനം. പലതായി കാണുന്നവയുടെ ആത്യന്തികമായ ഉണ്മ ഒന്നാണെന്ന അറിവാണ് പരമമായ അറിവ്. ആ അറിവില്ലെങ്കില്‍ മറ്ററിവുകള്‍ വ്യര്‍ത്ഥം. ഈ ‘വിവേകവൃത്തി’ മനുഷ്യരില്‍ ഉണരുന്നതെങ്ങനെ എന്നും ഗുരു ആത്മോപദേശ ശതകത്തില്‍ വിവരിക്കുന്നുണ്ട്.
ഒരു പതിനായിരാമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ
യിരുളിനെയീര്ന്നെഴുമാദിസൂര്യനത്രെ.
ഈ അറിവ്-ബ്രഹ്മജ്ഞാനം അഥവാ അദ്വൈതബോധം- മനുഷ്യജീവിതത്തിന്റെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിന് എത്രകണ്ട് ഒഴിവാക്കാനാവാത്തതാണെന്നു വ്യക്തമാക്കാനായി ‘അറിവ്’ എന്ന അറുപതു വരികളുള്ള ഗഹനമായ ഒരു കൃതി തന്നെ ഗുരു രചിച്ചിട്ടുണ്ട്. അറിവ്, അറിയുന്നവന്, അറിയുന്നത് എന്നിവയുടെ ഐക്യവും ആ അറിവിന്റെ ഉജ്ജ്വലതയും അനന്യതയും ഗുരു ഈ കൃതിയിലൂടെ പരിചയപ്പെടുത്തുന്നു.
അഗാധമായ ആത്മീയാനുഭവത്തിന്റെ സാമൂഹ്യ ഭാഷ്യമാണ് ഗുരുവിന്റെ പരിഷ്കരണത്തിനുള്ള ഉദ്ബോധനങ്ങള്‍. ആത്മബോധം എന്ന അറിവ് അടിത്തറ പാകുന്ന സൗധമാണ് ഗുരുവിന്റെ സാമൂഹ്യ ദര്‍ശനം. അതിലെ ആത്മീയത കാണാതെ പോകുന്നത് അപരാധമായിരിക്കും. അറിവിനെ മാത്രമാണ് ഗുരു എന്നും ഉപാസിച്ചത്. ‘പലമത സാരവുമേകമാണെന്നും ‘ സത്യവും ജ്ഞാനവും അനന്തമായ ബ്രഹ്മവും ഏകമാണെന്നും. എന്ന അറിവിന്റെ കിരണം ഹൃദയത്തില്‍ പതിയാതെ ഗുരുവചനങ്ങളുടെ കാമധേനു പാല് ചുരത്തുകയില്ല.






