ഗുരു ലിറ്ററേച്ചർ
ഒരു കാലഘട്ടത്തിൽ നിറഞ്ഞ് അതിനെ കീഴടക്കുംവിധം വ്യാപകവും അഗാധവുമായ സ്വാധീനമായി മാറാൻ ഗുരു ലിറ്ററേച്ചറിന് കഴിഞ്ഞതിന്റെ ചില രേഖകൾ നമുക്ക് മുമ്പിലുണ്ട്. ബൂർഷ്വാ പ്രത്യയശാസ്ത്രവും വിപ്ലവ നവോത്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിൽ യുദ്ധവിരാമസന്ധിക്ക് ഒരിക്കൽപോലും തയ്യാറാവാതെ ആശയങ്ങൾ കൊണ്ട് പൊരുതാൻ ഗുരു എടുത്ത നിലപാടിന്റെ കരുത്തിനെയാണ് എഴുത്തുകാർ പുന:സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഒരു ‘പുതിയ’ നവോത്ഥാന പ്രത്യയ ശാസ്ത്രത്തിന്റെ ആയുധ ശേഖരമായി മാറാൻ ഭാവനയെ സ്തംഭിപ്പിക്കുകയല്ല വേണ്ടതെന്നു തിരിച്ചറിഞ്ഞ ചില എഴുത്തുകാർ ഗതിവേഗം നഷ്ടപ്പെടാതെ അതിനെ കെട്ടിയെടുത്തതിന്റെ രേഖകളെ നാം പരിശോധിച്ചേ മതിയാകൂ.
ഒരു നിശ്ചിത സമഗ്രതയിൽ നിർത്തി വായിക്കാൻ ശ്രമിക്കുന്നവർക്ക് ഗുരു ഇന്നും അപ്രാപ്യനാണ്. നമ്മുടെ ഗുരുസാഹിത്യ ധാരണകൾ അല്പം വികസിതാവസ്ഥയിൽ ചത്തു പോയതിന് പ്രധാന കാരണം അതിന്റെ വായിച്ചു നോക്കലാണ്. പക്ഷേ ഗുരു എന്ന മിസ്റ്റിക്കിനെ കലയുടെ നിഴലിൽ പിടിച്ചു വായിച്ചു നോക്കുന്നതിനേക്കാൾ ‘നോക്കി വായിക്കുകയാണ് ‘ പ്രധാനം. ചിന്തയെ യന്ത്രമായി മാറ്റുന്ന ഒരാൾക്ക് ഗുരു ലിറ്ററേച്ചർ പിടിതരില്ല. ഏറ്റവും വലിയ നവോത്ഥാന ശുചീകരണം ചില കെട്ടിച്ചമക്കപ്പെട്ട ആശയങ്ങളുടെയും കെട്ടുപാടുകളുടെയും നശീകരണം ആണെന്ന് ഗുരുവിന്റെ ചിന്തകൾ പ്രഖ്യാപിക്കുന്നതിനെ പ്രസാദമുള്ള ഒരു വരിയായോ മനുഷ്യൻ ലോകത്തിലെ പുതുതായി അറിയുന്നതിന്റെ സൗന്ദര്യമായോ ശരിയായ ആത്മീയഭാവനയുടെ ബിംബാത്മകവിജ്ഞാനമായോ ഇന്നേവരെ നാം മനസ്സിലാക്കി എടുത്തിട്ടില്ല.
ഒരു കാലഘട്ടത്തിന്റെ പ്രതിപാദനവിപ്ലവങ്ങൾ മുഴുവൻ ഗുരുവിന്റെ കൃതികളിലുണ്ട്. ഒരുതരം സാമൂഹിക കരാർ സിദ്ധാന്തം പോലെ ഗുരുവിന്റെ രചനകളെ മുൻനിർത്തി നമ്മുടെ ചില എഴുത്തുകാർ മിസ്റ്റിക് ഭാവനയുടെ ഗാലക്സിയാണെന്ന് വിശ്വസിച്ചു പെരുമാറാൻ തുടങ്ങിയതുകൊണ്ട് തന്നെ ശരിയായ സോഷ്യൽ തിയോളജി(Social Theology) യെയും അത് ഉല്പാദിപ്പിക്കപ്പെട്ട ഭാവനയെയും എഴുത്തിലൂടെ തിരിച്ചറിയാനായില്ല. അപ്പോഴും ഗുരുവിനെ തെറ്റായി വായിക്കുന്ന ഈ പൊളിഞ്ഞ സംസ്കാരത്തെ മറികടന്ന എഴുത്തുകാർ നമുക്കുണ്ടായിരുന്നുവെന്ന വസ്തുതയെ വിസ്മരിക്കാനാവില്ല. ഒരു കാലഘട്ടത്തിൽ നിറഞ്ഞ് അതിനെ കീഴടക്കുംവിധം വ്യാപകവും അഗാധവുമായ സ്വാധീനമായി മാറാൻ ഗുരു ലിറ്ററേച്ചറിന് കഴിഞ്ഞതിന്റെ ചില രേഖകൾ നമുക്ക് മുമ്പിലുണ്ട്. ബൂർഷ്വാ പ്രത്യയശാസ്ത്രവും വിപ്ലവ നവോത്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിൽ യുദ്ധവിരാമസന്ധിക്ക് ഒരിക്കൽപോലും തയ്യാറാവാതെ ആശയങ്ങൾ കൊണ്ട് പൊരുതാൻ ഗുരു എടുത്ത നിലപാടിന്റെ കരുത്തിനെയാണ് എഴുത്തുകാർ പുന:സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഒരു ‘പുതിയ’ നവോത്ഥാന പ്രത്യയ ശാസ്ത്രത്തിന്റെ ആയുധ ശേഖരമായി മാറാൻ ഭാവനയെ സ്തംഭിപ്പിക്കുകയല്ല വേണ്ടതെന്നു തിരിച്ചറിഞ്ഞ ചില എഴുത്തുകാർ ഗതിവേഗം നഷ്ടപ്പെടാതെ അതിനെ കെട്ടിയെടുത്തതിന്റെ രേഖകളെ നാം പരിശോധിച്ചേ മതിയാകൂ. ഏതു ഭാവനയ്ക്കുമെന്നപോലെ അടച്ചിട്ട വാതിലിനപ്പുറം കാണാൻ ഗുരു ലിറ്ററേച്ചറിനും കഴിയണം. ആഭ്യന്തര വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുമ്പോൾ ഗുരു ലിറ്ററേച്ചർ ഇവിടെ ഒരു വലിയ സാധ്യതാമുനമ്പായി തുടരുക തന്നെ ചെയ്യുമെന്ന വലിയ ബോധമാണ് കലയും സാഹിത്യവും കൈമാറുന്നത്.

ഫിക്ഷനും
ഗുരു ലിറ്ററേച്ചറും
ഗുരു ഭാവത്തിന്റെ അപൂർവ്വലീലയെ കുറിച്ച് നിരവധി സാഹിത്യ രചനകൾ ഉണ്ടായിട്ടുണ്ട്. അതിനിടയിൽ ബുദ്ധിപരമായ തിടുക്കം കാണിക്കാത്ത ചില എഴുത്തുകാർ നടത്തിയ സർഗാത്മക ഇടപാടുകളെ നമ്മുടെ വന്ധ്യമായ മിസ്റ്റിക് ഭാവനയ്ക്ക് ഇതുവരെ ചൂണ്ടിക്കാട്ടാൻ കഴിഞ്ഞിട്ടില്ല. എഴുത്തിന്റെ അധികാരമുള്ള മേലേക്കിടക്കാരായ കെ.സുരേന്ദ്രൻ,പെരുമ്പടവം ശ്രീധരൻ, ഉണ്ണി. ആർ തുടങ്ങിയവർ പണിതുവെച്ച ഫിക്ഷനുകൾക്ക് പുറമേ ശല്യക്കാരിയായ ജഡ പാണ്ഡിത്യത്തെ അഴിച്ചുവെച്ച് ഫിക്ഷനിൽ ഏർപ്പെട്ട നവാഗത എഴുത്തുകാരും ഉണ്ടാകുന്നു എന്നത് ചരിത്രത്തിന്റെ ഭൗതിക പരിതസ്ഥിതിക്ക് മേലെ എഴുത്തുകാരൻ ഉണ്ടാക്കിവയ്ക്കുന്ന മതേതര യാഥാസ്ഥിതികത്തിന്റെ പദാവലികളായി കണ്ട് പരിചരിക്കേണ്ടതുണ്ട്. ഭാവിയുടെ അടിത്തറയാവുന്ന വചനങ്ങൾ മാത്രം പറഞ്ഞ ഗുരുവിനെയും അദ്ദേഹം നടത്തിയ ശിവപ്രതിഷ്ഠയെയും കുറിച്ച് അമൽ എഴുതിയ ‘ഉരുവം’ എന്ന കഥ ഗുരു എന്ന മതേതരവാദിയെയും ആദർശ മാനവികതയെയുമാണ് ചിട്ടയൊപ്പിച്ചെടുക്കുന്നത്. ‘ പ്രതിമ ‘ എന്ന സങ്കല്പത്തിന് ദൈവം എന്ന സങ്കൽപ്പാർത്ഥം എങ്ങനെയുണ്ടായി എന്ന് ചോദ്യത്തിനുള്ള മറുപടിയായി ഈ കഥയെ വായിച്ചെടുക്കാവുന്നതാണ്. ദൈവകേന്ദ്രമാനവികതയിൽ പ്രതിമയുടെ ഇടം എവിടെ എന്നതിന്റെ ദൈവശാസ്ത്രപരമായ കണ്ടുപിടുത്തങ്ങളും കടുംപിടുത്തങ്ങളും ഒന്നും പ്രതിഷ്ഠയിൽ ഇല്ലായിരുന്നു എന്ന് സ്ഥാപിക്കാനും കഥയ്ക്കാകുന്നു. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ സൗഹാർദ്ദസമീപനത്തോടെയുള്ള അധികാരം പിടിച്ചെടുക്കലായി മാറിയതിനെ അമൽ കഥയിൽ രേഖപ്പെടുത്തുന്നത് ഉദ്ധരിക്കുക മാത്രം ചെയ്യാം. ഒരു പ്രതിമ സാമൂഹികവും ചരിത്രപരവുമായ അധികാരത്തെ തുടച്ചുനീക്കുന്നത് എങ്ങനെയെന്ന ആത്മീയ തത്വചിന്തയാണ് അമൽ കൈമാറുന്നത്. ഒരു കല്ലിന്റെ ചരിത്ര പ്രാധാന്യത്തെ വികാരബോധത്തിന്റെ ഛായയിൽ മുക്കിപ്പിടിക്കുന്നത് നോക്കുക – ‘ ഒരു കല്ല് മുങ്ങിയെടുത്ത് അതിനെ ശിവനായി കണ്ട് പ്രതിഷ്ഠിക്കുക, എന്തൊരു കലാകാരനാണ് ചെയ്തയാൾ !. ഗണേശ വിഗ്രഹങ്ങൾ വാങ്ങി ഷിപ്പ് ചെയ്യാൻ മൗറീഷ്യസിൽ നിന്ന് വന്നൊരു സായിപ്പിനോട് മുതലാളി ഇത് പറഞ്ഞു. ” എല്ലാ കല്ലിലും രൂപമുണ്ട്, കല്ലിൽ നിന്നും അനാവശ്യ ഭാഗങ്ങളെ വെട്ടി മാറ്റി ആ രൂപത്തെ വെളിവാക്കുക മാത്രമാണ് ശില്പി ചെയ്യുന്നത്.” എന്ന് മൈക്കലാഞ്ചലോ എന്നൊരു മഹാശില്പി പറഞ്ഞതായി സായിപ്പ് പറഞ്ഞത്രേ. അപ്പോ ആ കലൈഞ്ജർ ഗുരു വച്ച കല്ലിൽ ശിവനുണ്ട്. അനാവശ്യ കാര്യങ്ങൾ മനസ്സുകൊണ്ട് കൊത്തിമാറ്റിക്കൊത്തിമാറ്റി ആവശ്യകാര്യം കാണാനായിരിക്കും ആ മഹാബുദ്ധിശാലി പറഞ്ഞതെന്ന് കേട്ടപാതി കേൾക്കാത്ത പാതി ഞാൻ നേരെ അരുവിപ്പുറത്തിന് വിട്ടുപുള്ളേ”. ഗുരുവെന്ന ആത്മീയ മാനവിക വികാര ബോധത്തിന്റെ പുതിയ ഉടമകളായി തീരാൻ നമുക്ക് കരുത്ത് പകരുകയാണ് ഈ കഥയുടെ ലക്ഷ്യം. ഈ കഥ ഗുരുവിലേക്ക് എത്താനുള്ള അന്ധമായ ഒരു ഉപകരണമല്ല എന്ന് സാരം.

പൊയട്രിയും
ഗുരു ലിറ്ററേച്ചറും
യഥാർത്ഥത്തിൽ എന്താണ് ഗുരു ലിറ്ററേച്ചറിലെ ഭാവന? വിശാലമായ മാനവികാന്തരീക്ഷത്തിൽ വച്ചാണ് അതിനെ നിർവചിക്കേണ്ടത്. മാനവിക ശാസ്ത്ര പഠനത്തിന്റെ കെട്ടുറപ്പുള്ള ഭാവനയാണത്. അത് പുതിയ ബൗദ്ധിക ആത്മീയാസ്തിത്വ സാഹചര്യം സൃഷ്ടിക്കുന്നു. അത് ചരിത്രത്തിൽ വിപ്ലവ സിദ്ധാന്തത്തിന്റെ വിണ്ടുമാറാത്ത ഘടകങ്ങൾ അന്വേഷിക്കുന്നു. ഗുരുവിന്റെ ഹ്യൂമൻ ഫിലോസഫി പ്രചരിപ്പിക്കാനുള്ള താത്വിക ഏജന്റുമാരല്ല കവികളെങ്കിലും ജീർണ്ണിച്ച മാനവികതാ സമാന്തരങ്ങളെ മറികടക്കാൻ കവികൾ നടത്തിയ ശ്രമങ്ങളെ ചെറുതായിട്ടൊന്നു പൊട്ടിച്ചു നോക്കിയാൽ അതിന്റെ ചലന നിയമങ്ങൾ ഇന്നും ശക്തമാണെന്ന് കാണാൻ കഴിയും. ഒരു കേവല മനുഷ്യനിൽ ഉണ്ടായിരിക്കേണ്ട മാനവിക മനസ്സിന്റെ ഒരു ഖണ്ഡം ചില കവിതകൾ പൂരിപ്പിക്കുന്നത് കാണാം. ചരിത്രത്തിനേറ്റ ഇടിവ് ശരിയായ ഗുരുപക്ഷ ഭാവന പരിഹരിക്കുന്നതെങ്ങനെ എന്നറിയാൻ മൂന്ന് കവികളെ ഉദ്ധരിക്കാം:

കേരളം തപിക്കവേ,ചെമ്പഴന്തിയി,ലേഴ –
ക്കൂരയി, ലരുമക്കൺ തുറന്നൊരസ്മദ് ഗുരോ,
താവകകഥ,യാത്മഹർഷത്തോ,ടിന്നൊരു
നൂതന തഥാഗതകഥയായ് സ്മരിക്കുന്നു.
– ഗുരു സന്നിധിയിൽ/
വൈലോപ്പിള്ളി ശ്രീധരമേനോൻ.
നെയ്യാർത്തെളിയുടെ നെയ്യിൽ നിന്നുലകെങ്ങും
ശിവഗിരിനെയ്നാളം
പെയ്യാമഴയെപ്പെയ്യിക്കും പരമാത്മക്ഷോഭകമൊഴി നാളം
പാരാകെഗ്ഗുരു നാരായക്കുറിയാത്മരസായന രസതന്ത്രം
നാരായണഗുരുവത്രേ സദ്ഗുരുകാവ്യം മർത്യമഹാമന്ത്രം !
- ഗുരുകാവ്യം/
വി. മധുസൂദനൻ നായർ
ഒരു വെറും കണ്ണാടി
ഇതു നോക്കി നിൽപ്പവൻ
ഇതിനെയോ കാണുന്നു
ഇതിനുള്ളിലവനെയോ?
- പ്രതിഷ്ഠ / സച്ചിദാനന്ദൻ
ചരിത്രത്തിന്റെ ശ്രദ്ധേയമായ വ്യതിയാനം നടക്കുന്നത് ഗുരുവിന്റെ പിറവിയോടെയാണെന്ന് വൈലോപ്പിള്ളി പ്രഖ്യാപിക്കുന്നു. സത് വികാരങ്ങൾക്കുള്ള ഔഷധമാണ് സദ്ഗുരു കാവ്യമെന്ന് മധുസൂദനൻ നായർ തിരിച്ചറിയുന്നു. ക്ഷേത്രങ്ങളും മതസ്ഥാപനങ്ങളും കാലഹരണപ്പെട്ടപ്പോഴാണ് ഗുരു കളവങ്കോടം ക്ഷേത്രത്തിൽ കണ്ണാടി പ്രതിഷ്ഠിച്ചതെന്നും ദൈവം നീതിമാനാണോ എന്ന ചോദ്യം ഗുരു ഉന്നയിച്ചിട്ടില്ലെന്നും പ്രതിഷ്ഠ എന്ന കവിതയിലൂടെ സച്ചിദാനന്ദൻ അടിവരയിടുന്നു. ഗുരുവിന്റെ ചരിത്രഗാംഭീര്യം തിരതല്ലി ഉയരുകയാണ് ഈ മൂന്ന് കാവ്യങ്ങളിലും.

ഈയാഴ്ചയിലെ
പുസ്തകം
ദൈവദശകം/ഗുരു
കയ്യെഴുത്ത് /
നാരായണ ഭട്ടതിരി (ക ച ട ത പ )
ഒരു ആൾദൈവത്തെ കുടിയിരുത്തിയിട്ടില്ലാത്ത ഏറ്റവും സമ്പന്നമായ ഈശ്വര പ്രാർത്ഥനയാണ് ദൈവദശകം. ഭക്തനിൽ ഭയത്തിന്റെ ഉഗ്രഭാവങ്ങൾ ജനിപ്പിച്ച് അവന്റെ വികാരങ്ങളെ ശുദ്ധീകരിക്കാൻ ദൈവദശകം ഏതെല്ലാം വിധം സഹായിക്കുന്നുവെന്ന അന്വേഷണത്തിന് പ്രസക്തിയുണ്ടെന്നും. ആനന്ദഘനമൂർത്തനായ ജഗജജ്ജന നായകനായ ഒരു ദൈവത്തെ സൃഷ്ടിക്കുകയായിരുന്നില്ല ഗുരുവിന്റെ ലക്ഷ്യം. കൽപ്പിച്ചുറച്ചുപോയ പാരമ്പര്യത്തിന്റെ മുറിവുകളെ ചീകിച്ചീകി പഴയ മട്ടിലെത്തിക്കാൻ പ്രാണൻ കിടന്നു പിടഞ്ഞപ്പോൾ ഊർന്നു വീണവയാണ് ആൾദൈവസൂചനകളൊന്നുമില്ലാത്ത ഈ ‘ദൈവദശകം’. അപ്പോഴും വിഗ്രഹങ്ങൾ മതപരമായ കൗശലമാണെന്ന തീവ്ര ചിന്തയിലേയ്ക്ക് കടക്കാൻ ഗുരു ശ്രമിച്ചില്ല. വെറും ഭക്തിയുടെ നാദ സിന്ധുവായിട്ടല്ല ഈ വരികൾ പ്രവഹിച്ചത്. അതുകൊണ്ടുതന്നെ അതിന്റെ ഒഴുക്ക് ഇന്നും നിലച്ചിട്ടില്ല. പലതരം വിവരണങ്ങളിലൂടെ ദൈവദശകം ചൂട് പിടിച്ചിരിക്കുന്നു. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ കലിഗ്രഫറാണ് നാരായണ ഭട്ടതിരി. ശ്രീനാരായണഗുരു രചിച്ച ദൈവദശകത്തെ പുസ്തകച്ചുരുൾ ഘടനയിൽ കലിഗ്രഫിയുടെ രൂപത്തിൽ പുന: സൃഷ്ടിച്ചിരിക്കുകയാണിവിടെ. ദൈവദശകത്തിലെ ആൾദൈവം ഇല്ലാത്ത ആഖ്യാനങ്ങളെ ദൃഢീകരിക്കുന്നവയായിരുന്നു ഗുരു നടത്തിയ ഓരോ പ്രതിഷ്ഠകളും. കാരമുക്ക് ക്ഷേത്രത്തിൽ ഗുരു മൂന്ന് തിരിയിട്ട് വിളക്ക് പ്രതിഷ്ഠിച്ചു. മുരുക്കുംപുഴയിൽ പ്രതിഷ്ഠിച്ചത് ഒരു പ്രഭയാണ്. ആ പഞ്ചലോഹ തിളക്കത്തിൽ ‘ഓം ‘ എന്നെഴുതിയിരുന്നു. വൈക്കത്തെ ഉല്ലലയിലും കണ്ണാടിയാണ് പ്രതിഷ്ഠിച്ചത്.’ ഓം ശാന്തി ‘ എന്ന് മുദ്രണം ചെയ്ത കണ്ണാടി തന്നെയാണ് കളവങ്കോടത്തും പ്രതിഷ്ഠിച്ചത്. മതേതര ദൈവത്തിന്റെ ഈ സാധ്യതയാണ് നമ്മുടെ എഴുത്തുകാരും കലാകാരന്മാരും പിഞ്ചെല്ലുന്നത്. പൗരോഹിത്യനിരാസം എന്ന വലിയ വിപ്ലവത്തെയാണ് ഒരുപക്ഷേ നാരായണ ഭട്ടതിരി എന്ന കലിഗ്രാഫറെയും സ്വാധീനിച്ചിരിക്കുന്നത്. ആദ്ധ്യാത്മികതയുടെ പുതുരൂപങ്ങൾ സൃഷ്ടിക്കാൻ കലാകാരൻ ദൈവദശകത്തെ ഇന്നും ഒരു ചുവരായി വിനിയോഗിക്കുന്നതിനെ അത്ഭുതത്തോടെ കണ്ടേ മതിയാകൂ.
ആഴിയും തിരയും കാറ്റു
മാഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.
– ദൈവദശകം (4 )/ ഗുരു, കയ്യെഴുത്ത്/
നാരായണ ഭട്ടതിരി.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
അസീമമായ ലാളിത്യത്തിലേക്ക് കടത്തി വയ്ക്കപ്പെട്ട രണ്ട് ആത്മീയ പ്രതീകങ്ങളായിരുന്നു കല്ലും കണ്ണാടിയും. രണ്ടിനും കലയിലും ദർശനങ്ങളിലും ആത്മീയവും പ്രതീകാത്മകവുമായ വിശദീകരണങ്ങളുണ്ട്. ചുറ്റുപാടിലെ ബഹളങ്ങളിൽ നിന്നും മനുഷ്യൻ അവനെ സ്വയം വേർപ്പെടുത്തി ആത്മാന്തർ ഭാഗങ്ങളെ പരിശോധിക്കുന്നതിന്റെ ദാർശനിക ചിഹ്നമാണ് കണ്ണാടിയുടെ മുന്നിലുള്ള ഒരാളുടെ നിൽപ്പെങ്കിൽ അയാളുടെ തൊഴുകൈ ഭാവമാണ് കല്ലിന്റെ മുന്നിലെ അയാളുടെ ആത്മീയ ചേഷ്ടയെന്ന് സമർത്ഥിക്കുന്ന ചില കലാഖ്യാനങ്ങൾ ചരിത്രത്തിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ആത്മീയതയ്ക്ക് ഒരു നിയമ സംഹിത നിർമ്മിച്ചെടുക്കാൻ കല്ലിനെയും കണ്ണാടിയെയും പ്രതീകമാക്കിയ ഒരേയൊരു ഗുരു എന്ന അർത്ഥത്തിലാണ് കെ.എം. മധുസൂദനൻ എന്ന ശില്പി ആത്മോപദേശശതകത്തെ സീരീസ് ആയി നമുക്ക് മുമ്പിൽ എത്തിച്ചത്. കെ.എം. മധുസൂദനന്റെ ആത്മോപദേശശതകം സീരിസിലെ ഒരു ശില്പം ഇങ്ങനെയാണ് – പുറംതിരിഞ്ഞിരിക്കുന്ന ഒരു മനുഷ്യരൂപം,ശിരസ്സിന്റെ ഭാഗത്ത് ഒരു പ്രഭയുള്ള വിളക്ക്.മടക്കിയ മുഷ്ടികളിൽ ഒന്നിൽ വിളക്കിലേക്ക് ചൂണ്ടിയിരിക്കുന്ന ഒരു കൈത്തോക്ക്.എല്ലാ പ്രഭകളെയും വെടിവെച്ചിടുന്നതിന്റെയും ഇരുട്ടുൽപാദനത്തിന്റെയും ആ കഠിനകാലം മാറിപ്പോയിട്ടില്ലെന്നും അതിന്റെ പുതിയ രൂപങ്ങൾ ഇപ്പോഴും ഉയിരെടുത്തുകൊണ്ടിരിക്കുന്നു എന്നുമുള്ള വലിയ ബോധമാണ് ആ ശില്പം കൈമാറുന്നത്. ന്യൂഡൽഹിയിലെ വദേഹ്രാ (vadehra) ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള ഗ്രാനൈറ്റ് മീഡിയത്തിലുള്ള lamp and mirror,fibre glass and mirror എന്ന ശിൽപ്പവിദ്യ ഇന്ന് നമ്മുടെ നവോത്ഥാനത്തിന്റെ മുന്നേറ്റങ്ങളെ സക്രിയമായി എങ്ങനെ ചലിപ്പിക്കുന്നുവെന്നും ഗുരുവിന്റെ പ്രതിഷ്ഠകളിലെ കലാപരത നിത്യകാല സ്രവന്തിയാകുന്നതെങ്ങനെയെന്നുമുള്ളതിന്റെ ഉദാഹരണങ്ങൾ തന്നെയാണ്. അനുഭൂതിയുടെ മണ്ഡലത്തിൽ മാത്രം ജീവിക്കാനോ തുടരാനോ ഇഷ്ടപ്പെടാത്ത കലാകാരന്മാർ ഒക്കെയും ചരിത്രത്തിന്റെ വിപ്ലവ വീര്യങ്ങളിലേക്ക് കടക്കുന്നത് എങ്ങനെയെന്നറിയാൻ ഈ പ്രതിഷ്ഠകളും പ്രതിഷ്ഠാപനവും വഴിവയ്ക്കുക തന്നെ ചെയ്യും. താൻ ജീവിക്കുന്ന ലോകത്തിന്റെ പുതുക്കലിനായി ആരാധനാ വസ്തുക്കളായ കല്ലിനെയും കണ്ണാടിയെയും ആത്മവിദ്യാ പ്രതീകങ്ങളായി കെ എം മധുസൂദനനും വിനിയോഗിക്കുകയാണ് ഇവിടെ.
ഈയാഴ്ചയിലെ
അഫോറിസം
മനുഷ്യൻ എന്ന തിന്മ
കണ്ണാടിയിൽ നിന്നും നോക്കിയെടുത്ത
നന്മയുടെ കസേരപ്പല്ലക്കാണ് ഗുരു.






