ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്

ഗുരു ശബ്ദത്തിന്റെ മുഖ്യാർത്ഥം എന്നത് ആദ്ധ്യാത്മികതയാണ്.ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എന്നാണ്. എന്നാൽ ലൗകികതയുടെ സ്വാർത്ഥ മോഹങ്ങളുടെ ക്ലാവ് പിടിച്ചവർക്ക് ആർഭാടങ്ങളുടെ കീ ജയ് വിളികളുടെ തെരുവു പ്രകടനങ്ങളായി ഗുരുക്കന്മാരുടെ വിശേഷദിവസങ്ങൾ മാറിപ്പോകുന്നു.
മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾക്ക് ആശ്വാസം കണ്ടെത്താനുള്ള തിരക്കിൽ ചെന്നു ചാടുന്നത് കുഞ്ഞാടിൻ കൂട്ടത്തിലോ സ്വർഗ്ഗത്തിലേക്ക് ടിക്കറ്റു വിൽക്കുന്നവരുടെ ഇടയിലോ ജ്യോതിഷ താന്ത്രിക വ്യവസായികളുടെ അടുത്തോ ഒക്കെ ആയിരിക്കാം. ജീവിതവും ജീവിതത്തിന്റെ നേട്ടവും സന്തോഷവും തീർന്നു പോകുമെന്ന ഭയമായിരിക്കാം ഓരോരോ വിശ്വാസങ്ങളിലൂടെ ആശ്വാസം തേടിയുള്ള ജീവന്റെ ഈ യാത്ര.
ഒരു മഹാപുരുഷന്റെ അവതാരം ഒരു സമൂഹത്തിന്റെ ഉയർച്ചയുടേയും വളർച്ചയുടേയും സംസ്കാരത്തിന്റേയും പ്രഭവസ്ഥാനമായി മാറുകയും അവിടുത്തെ പാവന ജീവിതം അനുയായികളുടെ വരണ്ട ജീവിതത്തെ സ്നേഹാർദ്രമാക്കി പ്രഫുല്ലമാക്കാൻ ഭക്തിയും ത്യാഗവും കൊണ്ടുള്ള ആത്മബലി ആവശ്യമുണ്ടന്ന് വിവേകികൾ പോലും തിരിച്ചറിയുന്നില്ല.
വിവാദങ്ങളിലും വിഭാഗീയതകളിലും മതഭേദത്തിലും പെട്ട് പാഴായിപ്പോകുന്ന ജീവജല പ്രവാഹത്തെ പ്രയോജനപ്രദമായ രീതിയിൽ തിരിച്ചുവിട്ട് വിനിയോഗിക്കാനുള്ളതാണ് ആഘോഷങ്ങൾ. ഇത് നമ്മുടെ ജീവിതത്തെയാണ് സ്നേഹത്തിന്റെ നനവുള്ളതാക്കി മാറ്റുന്നത് . ഗുരുവിന്റെ അനുഗ്രഹത്താൽ ആകൃഷ്ടരായി ഗുരുവിനെ ഒരു വ്യക്തിയായിക്കണ്ട് നാം തുടങ്ങിവയ്ക്കുന്നതും നമ്മുടെ വിശ്വാസത്തിലും ആരാധനയിലും കൂടി തുടർന്നു വരുന്ന വിശ്വാസം പ്രബുദ്ധതയുടെ സാക്ഷാത്‌കാരത്തിൽ എത്തിച്ചേരുമ്പോഴാണ് ജീവിതം തന്നെയും മൂല്യവത്താകുന്നത്.

അവിടെയാണ് ഗുരുത്വം പ്രകാശിക്കുന്നത്. മനസ്സിന്റെ പരിമിതിയിലൂടെ ആയിരം ത്രിപുടിവന്ന് തന്റെ സ്വരൂപം മറന്ന് വിഷയ ബാഹുല്യത്തിന്റെ തീരത്തു നിന്ന് അക്കരെയെത്തുമ്പോൾ പരാ വിദ്യയുടെ സൂര്യോദയമായി- അവിടെയാണ് നാം പരമാത്മബോധമെന്ന അണമുറിയാത്ത സർവ്വഭാസകമായ വെളിച്ചത്തിൽ ബ്രഹ്മണേ മൂർത്തിമതേയെന്ന പരമധാമത്തിൽ എത്തിചേരുക. മനുഷ്യന് മതം സമ്മാനിച്ച അപസ്മാരത്തിൽ നിന്ന് മോചിതനാവുക. നമ്മിൽ നിന്ന് ലോകം ഭിന്നമല്ലന്ന ഏകത്വദർശനത്തിന്റെ പരിപൂർണ്ണത . ഗുരുധർമ്മത്തിൽ എത്തിയിട്ടും ജീവന്റെ വാസനയ്ക്കനുസരിച്ച് ഭൗതികവാദവിവാദങ്ങളുടെ പ്രവക്താവായി അറിയപ്പെടുന്നതിൽ അഭിമാനം കൊള്ളുന്നത് ഗുരുവനുഗ്രഹമല്ല മറിച്ച് അനുഗ്രഹമില്ലായ്മയാണെന്ന് തിരിച്ചറിയാതെ പോകുന്നതും ഒരു തരം പെട്ടു പോകലാണ്. അതു കൊണ്ടുതന്നെ ഗുരു അനുയായിരിക്കുമ്പോഴും പാരമ്പര്യ കുടുംബ ദേവതകളുടെ കടുത്ത വിശ്വാസിയുമായിരിക്കും. വാക്കുകൾ ഗുരുവിലും ഹൃദയം ദേവതയിലുമായിരിക്കുന്ന കപടഭക്തരാണധികവും. ധർമ്മാർത്ഥ കാമത്തിലൂടെ പരമപുരുഷാർത്ഥത്തെ പ്രാപിക്കുക എന്നത് മഹാഭാഗ്യം തന്നെയാകുന്നു.സംഘത്തിലായാലും സംഘടനയിലായാലും ഉത്തമാധികാരിയുടെ ഉള്ളിൽ ഗുരു അവതീർണ്ണനാകുബോൾ സ്വാർത്ഥതയുടേയും കൊള്ളയുടേയും അധികാര ആർത്തിയുടേയും ആഗ്രഹം അണഞ്ഞുപോകും. ഗുരുപ്രകാശത്തിന്റെ അദ്വിതീയത പേരുകൊണ്ടല്ല പ്രവൃത്തി കൊണ്ടാണല്ലോ അറിയേണ്ടത്. ആഗമാന്തനിലയുടെ മേലായ മൂലമതിയാൽ ബ്രഹ്മനിഷ്ഠരായ ഗുരുക്കന്മാരുടെ അനുപമ സൗന്ദര്യത്തെ ആസ്വദിച്ച് അനുഗൃഹീതമായതാണീ പുണ്യഭൂമി. പ്രത്യേകിച്ച് ഈ കേരളം .പൊതുവെ അനുയായികൾ വിഷയ ദാസ്യത്താൽ എരിതീയിൽ ഈയാംപാറ്റകളെപ്പോലെ വീണ് പാഴായിപ്പോകുന്ന ജന്മങ്ങൾ കഥയറിയാതെ ആട്ടം കാണുന്നതിന് സ്വയം ഇറങ്ങി പുറപ്പെട്ടവരത്രേ.
നാം ചുറ്റുപാടും കണ്ണോടിക്കുമ്പോൾ പലതരത്തിലുള്ള മത വിശ്വാസമാണ് കാണാൻ കഴിയുക. ഓരോ മതക്കാർക്കും പ്രത്യേകം പ്രത്യേകം ദൈവമുണ്ടെന്ന വിശ്വാസം തന്നെ മനുഷ്യനെ സൃഷ്ടിച്ചതിൽ ദൈവത്തിന്റെ പരാജയമെന്ന് തോന്നിപ്പോകും

Author

40 Views
Scroll to top
Close
Browse Categories