ഫിഫ്റ്റി ഫിഫ്റ്റി

കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ രണ്ടാളും ആ റെസ്റ്റോറന്റിൽ വളരെ യാദൃശ്ചികമായി എത്തിപ്പെട്ടതാണ്.
ഒരാൾ തന്റെ വിവാഹത്തോടെയും മറ്റേയാൾ
സർക്കാർ ജോലി കിട്ടിയതോടെയും ഉണ്ടായ
തിരക്കുകൾ കാരണം പിരിയേണ്ടിവന്നവരാണ്.
ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച ബില്ലിന്റെ പേയ്‌മെന്റ് നടത്താൻ നിന്നപ്പോഴാണ് അവർ
പരസ്പരം കണ്ടത്. കാലം ഒരാൾക്ക് കഷണ്ടിയും
മറ്റെയാൾക്ക് നരയും സമ്മാനിച്ചിരുന്നതിനാൽ
ആദ്യമവർക്ക് പരസ്പരം മനസ്സിലാക്കാൻ
കഴിഞ്ഞില്ല. ചില അടയാളങ്ങളും, പെരുമാറ്റ
രീതിയും വെച്ച് ഒരാൾ മറ്റേയാളെ തിരിച്ചറിഞ്ഞപ്പോൾ അവർ ഹസ്തദാനം ചെയ്ത്
പരിചയം പുതുക്കി.
” ബില്ല് ഇങ്ങ് താ. ഞാൻ കൊടുക്കാം. “

” നോ. നോ. ഞാനത് ” ജിപേ ” ചെയ്തു. നീ
നിന്റേത് മാത്രം കൊടുത്താൽ മതി. അല്ലെങ്കിലും
പണ്ടും നമ്മൾ ഫിഫ്റ്റി ഫിഫ്റ്റി ആയിരുന്നല്ലോ.? “

മറ്റെയാൾ ചുണ്ടിൽ ഒരു ചിരി വരുത്തി അതെ എന്ന് സമ്മതിച്ചു.

ഹോട്ടലിൽ നിന്ന് ഇറങ്ങി രണ്ടാളും നടന്നു.

നടത്തിത്തിനിടെ രണ്ടാളും പല കാര്യങ്ങളും സംസാരിച്ചു.
ഒന്നാമന്റെ ആദ്യ വിവാഹം പരാജയമായതോടെ അയാൾ ഏറെ ദു:ഖിതനായിരുന്നു . ഒരുമിച്ച് പോകാൻ കഴിയാതെ വന്നപ്പോൾ ആ ബന്ധം വേർപെടുത്തിയിരുന്നു.വീണ്ടും വിവാഹം കഴിച്ചോ
എന്ന ചോദ്യത്തിന് ഒന്നാമൻ മറുപടിയൊന്നും പറയാതെ ഒഴിഞ്ഞു മാറി.
രണ്ടാമൻ ജോലി കിട്ടി തിരുവനന്തപുരത്ത്
പോയ കാര്യമല്ലാതെ മറ്റൊന്നും ഒന്നാമന് അറിയില്ലായിരുന്നു.വീണ്ടും സ്വന്തം ജില്ലയായ
പാലക്കാട്ടേക്കു തിരിച്ചു വന്നോ എന്ന ചോദ്യത്തിന് ഇപ്പോൾ വയനാടാണ് ജോലി എന്നായിരുന്നു
രണ്ടാമന്റെ മറുപടി.
പിന്നെന്താ ഇപ്പോൾ ഇവിടെ എന്ന ഒന്നാമന്റെ
ചോദ്യത്തിന് അയാൾ പറഞ്ഞത് ഇപ്പോൾ അയാൾ അയാളുടെ വീട്ടിലും ഭാര്യ അവളുടെ
വീട്ടിലാണെന്നുമാണ്. അത് കേട്ട് ഒന്നാമന്റെ ചിന്ത കാട്കേറി.
തനിക്കുണ്ടായ അനുഭവം തന്നെയാണോ സുഹൃത്തിനും സംഭവിച്ചിരിക്കുന്നത് ? അവർ തമ്മിൽ പ്രേമിച്ച് കല്യാണം കഴിച്ചവരാണ്. ആദ്യമൊക്കെ അവർ ഭാര്യാഭർത്താക്കന്മാർ
ശർക്കരേം ഈച്ചേം പോലായിരുന്നു. ഒരിക്കലും അവരെ ആർക്കും വേർപിരിക്കാൻ പറ്റില്ല എന്ന് വീമ്പു പറഞ്ഞിരുന്നതാണല്ലോ? പിന്നെന്തു പറ്റി.
” എനിക്കുണ്ടായ അനുഭവം തന്നെ നിനക്കുമുണ്ടായി, അല്ലേ? “
” എടൊ, പത്തു മാസം ഗർഭം ചുമന്നു പ്രസവിച്ച അമ്മ. ജന്മം നൽകിയ അച്ഛൻ. അവർ വളർത്തി
വലുതാക്കി ഇത്‌ വരെ എത്തിച്ചു. ഇതിനേക്കാൾ
വലിയ ബന്ധം മറ്റെന്തുണ്ട് ? അവരുടെ സാമിപ്യവും സ്നേഹവും ഒന്ന് കൂടി അനുഭവിച്ചറിഞ്ഞു കുറച്ച് ദിവസം അവരോടൊപ്പം ചെലവഴിക്കാൻ ഞാൻ എന്റെ
വീട്ടിലും ഭാര്യ അവളുടെ വീട്ടിലും നിൽക്കുന്നു.
അത്രേയുള്ളൂ.”
” നീ നിന്റെ വീട്ടിലും അവൾ അവളുടെ വീട്ടിലാണെന്നും പറഞ്ഞപ്പോൾ ഞാൻ സംശയിച്ചു. “
ഛെ. ഛെ. അങ്ങനെ നീ കരുതുന്നപോലെയൊന്നുമല്ല. ( അല്ലെങ്കിലും വെള്ളത്തിൽ വീണ പൂച്ചയ്ക്ക് വെള്ളം കാണുമ്പോൾ പേടി തോന്നും. അയാൾ ആത്മഗതം ചെയ്തു.) ഭാര്യയുടെ ആദ്യ പ്രസവം
എന്റെ വീട്ടിലായിരുന്നല്ലോ? രണ്ടാമത്തേത്
അവളുടെ വീട്ടിൽ ആകണമെന്ന് അവളുടെഅച്ഛനും അമ്മയ്ക്കും നിർബന്ധം.
നിർബന്ധം എന്ന് പറഞ്ഞുകൂടാ. ഒരാഗ്രഹം.
ഞങ്ങൾ രണ്ടാളും ആ അഭിപ്രായത്തെ എതിർത്തില്ല. മാത്രവുമല്ല, ഇന്നത്തെകാലത്ത്
നമുക്ക് അത് തന്നെയാണ് എന്തുകൊണ്ടും നേട്ടം.
രണ്ടുപേരുടെയും ആരോഗ്യം, സമ്പത്ത്….”
അയാൾ അത് പൂർത്തിയാക്കും മുമ്പ് മറ്റെയാൾ ഇടയ്ക്ക് കയറി.
” അതെ അതെ.. നിനക്കിപ്പോഴും മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. “
അതിന് മറുപടിയായി അയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
നടന്നും സംസാരിച്ചും അവരിപ്പോൾ ഒരു കവലയിൽ എത്തിച്ചേർന്നു.
പിന്നീട് കാണാം എന്ന ഔപചാരികമായ ഭംഗി വാക്ക് പറഞ്ഞ് ഒരാൾ വലത്തോട്ടുള്ള നഗര പാതയിലേയ്ക്കും മറ്റെയാൾ ഇടത്തോട്ടുള്ള ചേരിയിലേയ്ക്കുള്ള പാതയിലേക്കും നടന്നു പോയി.

9746166090

Author

59 Views
Scroll to top
Close
Browse Categories