ആവേശം, ആശങ്ക

മുമ്പ് സ്‌കൂള്‍ തുറക്കുമ്പോള്‍ ഇടവപ്പാതിയുടെ തുടക്കത്തിന്റെ ആവേശവും സന്തോഷവും ആണ് കുട്ടികളുടെ മനസ്സിലെങ്കില്‍ ഇന്ന് രക്ഷകര്‍ത്താക്കളുടെ മനസ്സിലാണ് ആധിയും ആശങ്കയും.രക്ഷകര്‍ത്താക്കളുടെ ആശങ്കകള്‍ ഒരു വശത്ത്, അധ്യാപകരുടെ സമ്മര്‍ദ്ദങ്ങള്‍ മറ്റൊരു വശത്ത്, എല്ലാത്തിനുമപ്പുറം കുട്ടികള്‍ക്ക് തങ്ങളുടെ കൂട്ടുകാരെ നീണ്ട ഒരു ഇടവേളയ്ക്കുശേഷം കാണുന്നതിന്റെ സന്തോഷവും, ആഘോഷവും.

വേനലവധിക്കുശേഷം സ്‌കൂളുകളുടെ വാതിലുകള്‍ കുട്ടികള്‍ക്കായി മലര്‍ക്കേ തുറന്നു. കനത്ത മഴയുടെ ഭീഷണിക്കിടയിലാണ് ഇത്തവണ സ്‌കൂളുകള്‍ തുറന്നത്. കുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷകര്‍ത്താക്കള്‍, അവരുടെ അധ്യാപകര്‍ എന്നിങ്ങനെ അവര്‍ക്കൊപ്പം വലിയൊരു കൂട്ടവും പുറത്തേക്ക് ഇറങ്ങുകയാണ്. മഴയും, കേരളത്തില്‍ മെല്ലെമെല്ലെയായി തലപൊക്കുന്ന കോവിഡും ആശങ്കയായി നില്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാം ആശങ്കപ്പെടേണ്ട കാര്യമില്ല. പക്ഷേ, എന്നുകരുതി നാം നിയന്ത്രണങ്ങളെ വല്ലാതെ ഉപേക്ഷിക്കുവാനും പാടില്ല

സമ്മര്‍ദ്ദം നല്‍കരുത്
പഠനവും, അദ്ധ്യയനവും ഒക്കെ മത്സരമായി മാറിയ ഈ ഘട്ടത്തില്‍ പാഠങ്ങള്‍ തീര്‍ച്ചയായും എത്രയും പെട്ടെന്ന് പഠിപ്പിച്ചുതീര്‍ക്കാനാവും അധ്യാപകരുടെ ശ്രമം. പഠിപ്പിച്ചുതീര്‍ക്കാന്‍ അധ്യാപകരെ സംബന്ധിച്ച് അത്ര എളുപ്പമല്ല എന്നാകിലും, അവരുടെ ഉത്തരവാദിത്തമായി വിദ്യാഭ്യാസവകുപ്പ് വ്യാഖ്യാനിക്കുമ്പോള്‍ അത് അവര്‍ക്ക് തീര്‍ത്തേ മതിയാകൂ. എന്നാല്‍ അത് പഠിച്ചെടുക്കേണ്ടിവരുന്ന കുട്ടികളുടെ കാര്യം അങ്ങനെയല്ല.
മധ്യവേനലവധിക്കുശേഷം കുട്ടികള്‍ സ്‌കൂളുകളിലേക്ക് വരാന്‍ അതിയായി ആഗ്രഹിക്കുന്നത് അവരുടെ പഠനഭാരം അല്‍പ്പമെങ്കിലും കുറയുമെന്നും, കൂട്ടുകാരുമായി സമയം ചെലവഴിക്കാം എന്ന ആഗ്രഹത്തോടെയുമാണ്. എന്നാല്‍, സ്‌കൂളുകളിലെത്തുമ്പോള്‍ അവര്‍ക്ക് അമിതഭാരമാണ് അവിടെ കാത്തിരിക്കുന്നതെങ്കില്‍ കുട്ടികള്‍ മാനസികമായി തകരും എന്നകാര്യത്തില്‍ സംശയമില്ല. അതിനാല്‍, വരുന്ന അധ്യയനവര്‍ഷം കുട്ടികളെ നമ്മുടെ സ്‌കൂളുകളുടെ അന്തരീക്ഷത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അവര്‍ ആദ്യം മെല്ലെ തിരിച്ചുവരട്ടെ. എന്നിട്ടാവാം പുറത്തു ഭാരം കയറ്റുന്നത്.

കൗണ്‍സലിങ്
നിര്‍ബന്ധം
സ്‌കൂളുകളില്‍ കൗണ്‍സലിങ് നടത്തപ്പെടുന്നുണ്ടെങ്കിലും ക്രിയാത്മകമായി എല്ലാ കുട്ടികള്‍ക്കുമായി നടത്തപ്പെടുത്തുന്നുണ്ടോ എന്നത് സംശയമാണ്. എന്നാല്‍ ഇപ്പോള്‍ സ്‌കൂളുകളിലേക്ക് എത്തിപ്പെടാന്‍ പോകുന്ന കുട്ടികള്‍ സ്വാഭാവികമായും വീടുകളില്‍ ഇരുപത്തിനാലുമണിക്കൂറും കഴിഞ്ഞതിനാലും, കൂട്ടുകാരുമായി ഇടപഴകാതെ ഒറ്റപ്പെട്ട് വീടുകളില്‍ കഴിഞ്ഞതുമായൊക്കെ ബന്ധപ്പെട്ട വലിയ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടാവാം. അതൊക്കെത്തന്നെ നേരില്‍ കണ്ടും അനുഭവിച്ചും ഉള്ള മാനസികാവസ്ഥയിലാവും കുട്ടികള്‍ ഇപ്പോഴുള്ളത്. ഈയവസരത്തില്‍ അവരെ അത്തരം മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനും, പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരുവാനും കൗണ്‍സിലര്‍മാരായ അധ്യാപകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തുറന്നുസംസാരിക്കുവാനും, എന്തുകാര്യത്തിനും മാനസികപിന്തുണ കുട്ടികള്‍ക്ക് നല്‍കാനും അധ്യാപകര്‍ തയ്യാറായിരിക്കണം.
ശാസ്ത്രവിഷയങ്ങള്‍ക്ക്
പ്രാധാന്യം നല്‍കണം
മറ്റുവിഷയങ്ങളെ അപേക്ഷിച്ചു, ഒരുപക്ഷെ ശാസ്ത്രവിഷയങ്ങളുടെ കാര്യത്തില്‍ കുട്ടികള്‍ക്ക് പഠനത്തോടുള്ള ആഭിമുഖ്യം ഏതാണ്ട് മുഴുവനായും അവധിക്കാലം കവര്‍ന്നിട്ടുണ്ടാവും. എന്തുകൊണ്ടെന്നാല്‍, നമ്മുടെ പഠനരീതികള്‍ ക്ലാസ് മുറികളുടെ ചുവരുകള്‍ക്കുള്ളില്‍ മാത്രമായാണല്ലോ ശാസ്ത്രപഠനങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ക്രിയാത്മകമായ ശാസ്ത്രപഠനത്തിന് കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യവും, ആത്മവിശ്വാസവും വളര്‍ത്തിയെടുക്കേണ്ടത് ഇനിവരുന്ന സുഗമമായ പഠനാന്തരീക്ഷത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിനുള്ള പരിശീലനം നമ്മുടെ അധ്യാപകര്‍ക്ക് കിട്ടിയിട്ടില്ല. ശാസ്ത്രത്തില്‍ കുട്ടികള്‍ക്ക് അടിത്തറയുണ്ടാക്കേണ്ടതിന്റെ ആവശ്യകത നാം ഏറ്റവുമധികം തിരിച്ചറിഞ്ഞ കാലമായിരുന്നല്ലോ കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഉള്ള കോവിഡ് കാലം. വളരെ കൃത്യമായും ശാസ്ത്രീയമായും പ്രതിരോധരീതികള്‍ ആവിഷ്‌കരിച്ചതാണ് കേരളത്തിന് ആദ്യഘട്ടത്തിലെങ്കിലും കോവിഡ് പ്രതിരോധമാതൃകയുടെ കാര്യത്തില്‍ മേല്‍ക്കൈ സമ്മാനിച്ചത്. പക്ഷേ, അങ്ങനെയൊരു ശാസ്ത്രബോധം കുട്ടികളില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കോവിഡും, നിപയും, നായ്ക്കളുടെ കടിയും ഒക്കെ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ കേവലം പാഠങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കുന്നതില്‍ മാത്രം അധ്യാപകര്‍ ശുഷ്‌കാന്തി കാണിക്കുകയും, പരീക്ഷനടത്തി ജയിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നിന്ന് മാറ്റം വരേണ്ടതുണ്ട്. പകരം അവരെ കാര്യങ്ങളെ ക്രിയാത്മകമായി സമീപിക്കാന്‍ പര്യാപ്തമാക്കേണ്ടതുണ്ട്. കോവിഡ് കാലവും നിപയും, പ്രളയവും ഒക്കെ മൂലം സമൂഹം ആര്‍ജ്ജിച്ച പല നല്ലകാര്യങ്ങളില്‍ പുതിയ ഒരു ശാസ്ത്രപാഠ്യരീതികൂടി ചേര്‍ത്തു വയ്ക്കേണ്ടിയിരിക്കുന്നു.
. മുമ്പ് സ്‌കൂളുകളില്‍ ശാസ്ത്രമേളകള്‍ കൃത്യമായി നടന്നുവന്നിരുന്നു. സര്‍ക്കാരില്‍ നിന്നുള്ള ധനസഹായത്തിന്റെ അപര്യാപ്തത ഏറെയുണ്ടായിരുന്നെങ്കിലും ആത്മാര്‍ഥതയുള്ള ഒരുപിടി അധ്യാപകരുടെ ശ്രമഫലമായി അത് നല്ലവിധം ആണ് നടന്നുവന്നിരുന്നത്. പക്ഷേ, ഏറെ താമസിയാതെ അവയൊക്കെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞാലേ കുട്ടികളെ ശാസ്ത്രബോധമുള്ള ഒരു തലമുറയാക്കി കൊണ്ടുവരാന്‍ നമുക്ക് കഴിയുകയുള്ളൂ.

മഴയാണ്,
ഇതൊക്കെ ഒന്ന് അറിഞ്ഞോളൂ.
മഴക്കാലം ഇങ്ങെത്തി. ഇത്തവണ അല്പം നേരത്തെതന്നെ ആണ് മഴയുടെ വരവ്. മഴക്കാലം ദുരിതകാലം കൂടെയാണ്. വെള്ളപ്പൊക്കം, പനി, ജലസാംക്രമിക രോഗങ്ങള്‍ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പ്രശ്നങ്ങളുടെകൂടി കാലം. ഈ കാലത്തേ മറികടക്കാന്‍ എന്തൊക്കെ ചെയ്യുവാന്‍ കഴിയും? സ്വന്തം കാര്യത്തിലും, വീട്ടിലെ കാര്യങ്ങളിലും, എന്തിന് നമ്മുടെ സമൂഹത്തിലും മഴദുരിതങ്ങളെ ചെറുക്കാന്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയും.
കൊതുക്, എലി എന്നിവരാണ് ഈ സമയത്തെ പ്രധാന രോഗവാഹകര്‍. വെള്ളക്കെട്ടുകള്‍ കൊതുകുകള്‍ പെരുകുന്നതിന് കാരണമാകും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിയുടെ മൂത്രം ഉണ്ടാകാം. മുറിവുള്ള കാല്‍ അതില്‍ സ്പര്‍ശിക്കുമ്പോള്‍ എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായേക്കാം. കഴിവതും ചെറിയ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും, ഒഴിവാക്കാന്‍ കഴിയാത്തവയാണെങ്കില്‍ അതില്‍ ഇറങ്ങാതെ ഇരിക്കുകയും ചെയ്യുക. അനാവശ്യമായി മഴ നനയുന്നതും ഒഴിവാക്കുക.
മഴയായതിനാല്‍ നമ്മള്‍ വിയര്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ നിര്‍ജ്ജലീകരണം സംഭവിക്കാത്തതിനാല്‍ നമുക്ക് ദാഹിക്കുകയുമില്ല. പക്ഷേ, ദാഹിക്കില്ലെങ്കിലും വെള്ളം കുടിക്കാതെയിരുന്നാല്‍ പണികിട്ടും. ദാഹം ഇല്ലെങ്കിലും കൃത്യമായ ഇടവേളയില്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുവാന്‍ ശ്രദ്ധിക്കുക. വെള്ളം കുടിയ്ക്കാതെയിരുന്നാല്‍ മൂത്രാശയരോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത ഏറെയാണ്.

റോഡിൽ
ശ്രദ്ധ വേണം
മഴയത്തു വണ്ടി ഓടിക്കുന്നവര്‍ നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തിയെന്നുവരാം. ബ്രേക്കുകള്‍ ഒക്കെ മഴക്കാലത്ത് റോഡ് തെന്നല്‍ ഉണ്ടാകുന്നതിനാല്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിച്ചു എന്നുവരില്ല. അതിനാല്‍ മഴക്കാലത്തിനുമുമ്പ് തന്നെ വര്‍ക്ക് ഷോപ്പുകളില്‍ കാണിച്ചു വണ്ടികള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടത് അത്യാവശ്യമാണ്.
മഴക്കാലത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ അക്വാപ്ലെയിനിങ് അല്ലെങ്കില്‍ ഹൈഡ്രോപ്ലെയിനിങ് എന്ന പ്രതിഭാസത്തിന് വലിയ പങ്കുണ്ട്. വണ്ടിയോടിക്കുമ്പോള്‍ എല്ലാ നിയന്ത്രണവും ഡ്രൈവറുടെ പക്കല്‍ തന്നെയാണെങ്കിലും ടയറും, റോഡും തമ്മിലുള്ള ഘര്‍ഷണം പ്രധാന ഘടകമാണ്. മഴപെയ്യുമ്പോള്‍ റോഡില്‍ വെള്ളത്തിന്റെ ഒരു നേര്‍ത്ത പാളി രൂപംകൊള്ളുന്നു. അത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് ടയറുകളില്‍ ചെറിയ ചാലുകള്‍ പോലെയുള്ള രൂപം ഉണ്ടാക്കിയിരിക്കുന്നത്. അതിലൂടെ വെള്ളം പമ്പ് ചെയ്തുകളഞ്ഞുകൊണ്ട് ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നു.
എന്നാല്‍ വണ്ടിയുടെ വേഗം കൂടുമ്പോള്‍ ഈ ചാലുകള്‍ക്കിടയില്‍ പെടുന്ന വെള്ളം പമ്പ് ചെയ്തുകളയുവാനുള്ള സമയം ലഭിക്കാത്തതിനാല്‍ അവ അവിടെ കെട്ടിനില്‍ക്കുകയും, വെള്ളം കംപ്രസ്സിബിള്‍ അല്ലാത്തതിനാല്‍ ടയര്‍ റോഡില്‍ നിന്നും അല്‍പ്പം വിട്ടുമാറി നില്‍ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ടയറിന്റെയും, റോഡിന്റെയും ഭൗതികമായ ബന്ധം വിഛേദിക്കുന്ന പ്രതിഭാസത്തിനാണ് ജലനാളി പ്രവര്‍ത്തനം (അക്വ പ്ലെയിനിങ്) എന്ന് പറയുന്നത്. വാഹനത്തിന്റെ വേഗത വര്‍ധിക്കുമ്പോള്‍ അക്വ പ്ലെയിനിങ് സാധ്യതയും വര്‍ധിക്കുന്നു.
തേയ്മാനം സംഭവിച്ച ടയറുകളുടെ ചാലുകളുടെ കനം കുറവായതിനാല്‍ പമ്പിങ്ങിന്റെ വേഗത കുറയുകയും, അതുവഴി വെള്ളത്തിന്റെ പാളി നിലനില്‍ക്കുകയും ചെയ്യും. ഇതും വാഹനം തെന്നിമാറാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
9946199199

Author

66 Views
Scroll to top
Close
Browse Categories