വായനക്കാരന്റെ മരണം
ജീവിതമെന്ന യാഥാർത്ഥ്യത്തിന്റെ വർണ്ണവൈചിത്ര്യങ്ങളെ വെളിപ്പെടുത്താൻ നമ്മുടെ കവിതകൾ പരാജയപ്പെടുകയാണ്. മലയാളകവിത മായയും പോഴത്തരവുമായി മാറിയിട്ട് കാലം കുറെയേറെയായി. പുതിയ കവിതയ്ക്ക് പാരായണക്കാരെ ആവശ്യമില്ല. അത് തിരയുന്നത് കണ്ണോട്ടക്കാരെയാണ്. അത് അച്ചടിമഷി പുരണ്ടാൽ ഉടൻ ഫേസ്ബുക്കിൽ കൊണ്ടു തൂക്കുകയാണ്. അങ്ങനെ വാക്കുകളുടെ മങ്ങിയ നിറത്തെ സ്ക്രീൻ വെട്ടത്തിലേക്ക് പൊക്കിപ്പിടിച്ച് എന്റെ കവിത അച്ചടിച്ചു വന്നിട്ടുണ്ട് എന്ന് കൂകി വിളിച്ചു പറയുകയാണ്. അതിനു മറുപടിയായി ‘ഞാൻ കണ്ടേ’ എന്ന് സൂചക ഇമോജികൾ നൽകപ്പെടുന്നുണ്ട്.പക്ഷേ പാരായണം സംഭവിക്കുന്നില്ല.’വായിച്ചു’ എന്ന പദത്തേക്കാൾ ‘കണ്ടു’ എന്ന് പദം കയ്യടി നേടുന്നു.
വായന ഒരു അതിഭക്തിയായി വളരാൻ വിസമ്മതിക്കുന്ന കാലമാണിത്. ദൃശ്യ ഇലാസ്തികതയുടെ( visual elasticism) കാലത്തിലെ വായനയ്ക്ക് പുതിയ ലോകത്തിന്റെ വക്കിലൂടെ മാത്രമേ സഞ്ചരിക്കാൻ ആകൂ. ദൃശ്യങ്ങളുടെ വേഗസഞ്ചാരം കലാകാരന്മാരായ വായനക്കാരെ ഉത്പാദിപ്പിക്കാൻ തടസ്സം നിൽക്കുന്നു. പുതിയ വായനക്കാരന് എഴുത്തുകാരോട് ബൗദ്ധികമായ തീരാപ്പകയുണ്ട്. നമ്മുടെ പല എഴുത്തുകാരും ബൗദ്ധികതയുടെ കൊലപാതകരാണ്. ബൗദ്ധികമായ അടിമത്വം വശമുള്ള എഴുത്തുകാർ രാഷ്ട്രീയകക്ഷികളുടെ നാവായി മാറുകയും ഇല്ലോജിക്കലായ സർഗാത്മക ഉൽപ്പന്നങ്ങൾക്ക് രൂപം നൽകുകയും ചെയ്യുന്നു. പുസ്തകത്തെ കളിമട്ടിൽ കാണുന്നവരാണ് പുതിയ വായനക്കാർ. കാരണം ജനപ്രിയ പുസ്തകങ്ങളുടെ പല പതിപ്പുകൾ മാത്രമേ നാം നമ്മുടെ വായനാസമാജങ്ങളിൽ കണ്ടെടുക്കുകയുള്ളൂ. വായനശാല എന്നത് ഒരു കൃത്രിമത്വമാണ്. ഇന്നുള്ളത് ചില എഴുത്തുകാരുടെ വായനാസമാജങ്ങൾ മാത്രമാണ്. നല്ല വായനക്കാരന് ചീത്തപ്പേരുണ്ടാക്കുന്ന പുസ്തകങ്ങളുടെ പിറവിക്കാലം സൃഷ്ടിച്ചത് ലിംഗ്വിസ്റ്റിക് ഇലാസ്റ്റിസിസമാണ്. ഇനി പുസ്തകങ്ങളെ കാത്തിരിക്കുന്നത് ട്രാജഡികളാണ്. വിമർശകന്റെ അതിനിശ്ചയങ്ങളെ കുറ്റകൃത്യമായി കാണുന്ന എഴുത്തുകാർ ബൗദ്ധികനായ വായനക്കാരന് ദുർമാതൃകകളാണ് കൈമാറുന്നത്. ഇതൊരു സാംസ്കാരിക രോഗമാണ്.

ടിം പാർക്സിന്റെ ‘ where I am reading from ‘ എന്നൊരു പുസ്തകമുണ്ട്. ഇത് വായനക്കാരനുള്ള ഒരു ടിപ്പാണ്. ഇതിൽ ഒരു അധ്യായത്തിന്റെ ശീർഷകം ഇങ്ങനെയാണ് ; – ” എന്തിനാണ് പുസ്തകങ്ങൾ അവസാനിപ്പിക്കുന്നത്? ” കാഫ്കയുടെ ‘അമേരിക്ക’ എന്ന കൃതി അപൂർണ്ണമാണല്ലോ. എല്ലാ രചനകളും പൂർണമാകാതിരിക്കട്ടെ. അവ വായനക്കാരൻ പൂരിപ്പിക്കട്ടെ എന്നൊക്കെയാണ് പാർക് സ് വാദിക്കുന്നത്. ഒരു കൃതി പൂർത്തിയാകുമ്പോൾ തനിക്ക് ആവശ്യമുള്ളത് കിട്ടി എന്ന നിഗമനത്തിലേക്ക് വായനക്കാരൻ എത്തുന്നതിനെയാണ് പാർക് സ് എതിർക്കുന്നത്. അവിരാമമായ കൃതികൾ ദൈർഘ്യമേറിയ സ്വപ്നങ്ങളിലേക്കും ചിന്തകളിലേക്കും വായനക്കാരനെ കൊണ്ടെത്തിക്കുമെന്ന് പാർക്സ് വിശ്വസിക്കുന്നു. താൻ ഇ – ബുക്കുകളുടെ വായനക്കാരനാണെന്ന് ഒരാൾ പറയുന്നത് ശരിക്കും ഒരു രക്ഷപ്പെടലിനുള്ള മുടന്തൻ ന്യായമാണെന്നും ടിം പാർക്സ് നിരീക്ഷിക്കുന്നുണ്ട്.
അമേരിക്കൻ നോവലിസ്റ്റും വിമർശകയുമായ ഫ്രാൻസിൻ പ്രോസിന്റെ ഒരു കൃതിയാണ് ‘ Reading like a writer’ എന്നത്. അതിൽ പ്രോസ് ഇങ്ങനെ കുറിക്കുന്നു – എത്ര കൂടുതൽ നാം വായിക്കുന്നുവോ അത്രമേൽ വേഗത്തിൽ അക്ഷരങ്ങൾ അർത്ഥമുള്ള വാക്കുകളായി രൂപാന്തരപ്പെടുന്നതിന്റെ മാജിക് നാം അറിയും. വാക്ക്, വാക്യങ്ങൾ, പാരഗ്രാഫുകൾ, കഥാപാത്രങ്ങൾ,സംഭാഷണം,ഡീറ്റെയിൽസ്, രൂപങ്ങൾ എന്നിങ്ങനെയാണ് അധ്യായങ്ങളുടെ ഘടന. മലയാളിക്ക് വായനയുടെ സൗന്ദര്യശാസ്ത്രം ഇനിയും ലഭ്യമായിട്ടില്ല. ഇവിടുത്തെ സാഹിത്യ നായിക – നായകത്വങ്ങളെ നിരന്തരം വായിക്കുക എന്ന ദുരന്തവിധിക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുകയാണ് നമ്മുടെ വായനക്കാർ. അക്ഷര ലോകത്തിലെ പ്രമാണികൾ അല്ലാത്ത ആനന്ദിനെയും മേതിൽ രാധാകൃഷ്ണനെയും ഒക്കെ വായിക്കാൻ ടൂളുകൾ കൈവശമുള്ളവരാണ് മരിക്കാത്ത വായനയുടെ യഥാർത്ഥ സംരക്ഷകർ.

വായനയുടെ മരണവും
ഫിക്ഷനും
എഴുത്തുകാരന്റെ പുതിയ ഭാവനയുടെ ഭരണകൂട പദവി പേടിക്കുന്ന വായനക്കാരെ സൃഷ്ടിച്ചതാരാണ് എന്ന ചോദ്യത്തിൽ നിന്ന് വേണം വായനയുടെ മരണത്തെയും ഫിക്ഷന്റെ നവീന കാലത്തെയും കുറിച്ചുള്ള ആലോചനകൾ സമാരംഭിക്കാൻ. മലയാളത്തിൽ നിരവധി പതിപ്പുകൾ ഉണ്ടായിട്ടുള്ള പല കഥാസമാഹാരങ്ങളും നോവലുകളും നന്നായി വാങ്ങിക്കപ്പെട്ടിട്ടുണ്ടായിരിക്കാം, പക്ഷേ വായിക്കപ്പെട്ടിട്ടുണ്ടാവില്ല. പെരുമ്പടവം ശ്രീധരൻ, ബന്യാമിൻ, കെ ആർ മീര തുടങ്ങിയവരൊക്കെ നന്നായി ‘വാങ്ങി’ക്കപ്പെടുന്നവരാണ്.ഇവരുടെ എഴുത്തിന്റെ പിന്നിലെ ദുർബലതയുടെ യാഥാർത്ഥ്യം വായനാപൗരസമൂഹം മനസ്സിലാക്കിക്കഴിഞ്ഞു.ഇവർ സൂത്രശാലികളായ ആശയ പ്രചാരകരായി മാറുകയും കമ്പോള മാനവികതയുടെ സ്വാദ് കലർത്തി സാഹിത്യം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവരെ ഒരു നാണവുമില്ലാതെ ന്യായീകരിക്കാനും ഇവർക്ക് വേണ്ടി സ്തുതിഗായക വായാടികളായി നിൽക്കാനുമാണ് നമ്മുടെ നിരൂപകന്മാർ ശ്രദ്ധ വയ്ക്കുന്നത്.
നമ്മുടെ വായനയുടെ ശ്രദ്ധ ആനന്ദിലേക്കും മേതിൽ രാധാകൃഷ്ണനിലേക്കും കെ പി നിർമ്മൽ കുമാറിലേക്കുമൊക്കെ തിരിച്ചുവിട്ടാൽ മുകളിൽ വിവരിച്ചവരുടെ കൃതികൾക്ക് മേലുള്ള അടയിരിപ്പിന് കുറച്ച് അയവ് സംഭവിച്ചേക്കും. ആനന്ദിന്റെ ‘ആറാമത്തെ വിരൽ’ എന്നൊരു കഥയുണ്ട്. ഈ കഥയുടെ പ്രമേയം ഒരു ചരിത്രഖണ്ഡമാണ്. പക്ഷേ ഈ കഥയുടെ ആഖ്യാന വഴികൾ ബൗദ്ധികനായ ഒരു വായനക്കാരനെ മുന്നിൽ പ്രതിഷ്ഠിക്കുകയോ കൊണ്ടു നിർത്തുകയോ ചെയ്യുന്നു. ആനന്ദ് ചരിത്രഭാഷയുടെ സ്പഷ്ടതയിൽ പോലും കുത്തിനിർത്തുന്നത് ഒരുതരം വൈകാരിക ബോധ്യമാണ്. ഹുമയൂൺ ചക്രവർത്തി തന്റെ ശത്രുവായ സഹോദരൻ കാമ്റാനിനു ശിക്ഷ വിധിക്കുന്നതിന്റെ അതികഠിനമായ മുറകളെയാണ് ആനന്ദ് വിവരിക്കുന്നത്. ഇതിൽ അലി ദോസ്ത് എന്ന അഫ്ഘാൻ കാമ്റാനെ അന്ധനാക്കുന്നുണ്ട്. ഈ വിധം നീളുന്ന ഒരു ചരിത്രാഖ്യായികയെ ഫിക്ഷന്റെ കലയായി കണ്ടു പരിചരിക്കാൻ നമ്മുടെ പൈങ്കിളി മലയാളം അനുവദിക്കാത്ത ഒരു കാലത്തിലാണ് നാം ഉള്ളത്. അവിടെ അപ്പോൾ ബൗദ്ധിക വായനയുടെ മരണമാണ് സംഭവിക്കുന്നത്. ചരിത്രം മൗനം പാലിക്കുന്ന സംഗതികളെയാണ് ആനന്ദ് തെരഞ്ഞു പോകുന്നതും കണ്ടെത്തുന്നതും. അതൊന്നും സാധാരണ വായനക്കാരന് ദഹിക്കുന്നവയാകാൻ തരമില്ല. . മേതിൽ രാധാകൃഷ്ണന്റെ ‘തൂങ്ങിക്കിടക്കുന്ന റിസീവർ ‘ എന്നൊരു കഥ വായിക്കാൻ ദൃശ്യ ഇലാസ്തികതയുടെ കാലത്തിലെ ടൂളുകൾ ആവശ്യമാണ്. കാരണം ഈ കഥ അഡ്വാൻസ് ഡായി ഒരു കാലത്തെക്കുറിച്ചുള്ള പ്രവചനമായിരുന്നു. അതിൽ ഒരു ടെക്നോ വേൾഡ് ഉണ്ടായിരുന്നു. ആനന്ദിനെയും മേതിലിനെയുമൊക്കെ അർഹമായ ടൂളുകൾ ഉപയോഗിച്ച് വായിച്ചില്ലെങ്കിൽ വായനാ ഞരമ്പുകളുടെ ട്രാക്കുകൾക്കു ചുറ്റും രക്തസമ്മർദ്ദത്തിന്റെ തിരയുയരും. ചില പൈങ്കിളി കൃതികളെ മലയാളി മഹത്തരമായി ചിത്രീകരിക്കുന്നത് വായനയുടെ മരണത്തെ വിളംബരപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.ഇന്ന് പുസ്തകങ്ങളെ മൃതദേഹങ്ങൾ ആക്കുന്നത് നമ്മുടെ പൈങ്കിളി നിരൂപകരാണ്.
വായനയുടെ മരണവും
കവിതയും
ജീവിതമെന്ന യാഥാർത്ഥ്യത്തിന്റെ വർണ്ണവൈചിത്ര്യങ്ങളെ വെളിപ്പെടുത്താൻ നമ്മുടെ കവിതകൾ പരാജയപ്പെടുകയാണ്. മലയാളകവിത മായയും പോഴത്തരവുമായി മാറിയിട്ട് കാലം കുറെയേറെയായി. പുതിയ കവിതയ്ക്ക് പാരായണക്കാരെ ആവശ്യമില്ല. അത് തിരയുന്നത് കണ്ണോട്ടക്കാരെയാണ്. അത് അച്ചടിമഷി പുരണ്ടാൽ ഉടൻ ഫേസ്ബുക്കിൽ കൊണ്ടു തൂക്കുകയാണ്. അങ്ങനെ വാക്കുകളുടെ മങ്ങിയ നിറത്തെ സ്ക്രീൻ വെട്ടത്തിലേക്ക് പൊക്കിപ്പിടിച്ച് എന്റെ കവിത അച്ചടിച്ചു വന്നിട്ടുണ്ട് എന്ന് കൂകി വിളിച്ചു പറയുകയാണ്. അതിനു മറുപടിയായി ‘ഞാൻ കണ്ടേ’ എന്ന് സൂചക ഇമോജികൾ നൽകപ്പെടുന്നുണ്ട്.പക്ഷേ പാരായണം സംഭവിക്കുന്നില്ല.’വായിച്ചു’ എന്ന പദത്തേക്കാൾ ‘കണ്ടു’ എന്ന് പദം കയ്യടി നേടുന്നു. പുതുകാഴ്ചവട്ടങ്ങളുടെ ഇരുണ്ട മൂലകൾ തേടി ചെല്ലാനുള്ള എല്ലാ വാതിലുകളെയും പൂട്ടുന്ന ഒരു പ്രവണതയെ നവകവിത വച്ചുപൊറുപ്പിക്കുകയാണ്. വാക്കുകളെ വെട്ടിത്തിരിക്കുകയും നിഴലുകൾക്ക് അനക്കം വയ്പ്പിക്കുകയും ചെയ്യുന്ന ഒരു യാന്ത്രിക വായനയുടെ കാലത്തിൽ കവിതയുടെ മൂല്യ രഹിത നിർമ്മിതിയും വായനയും എത്തപ്പെട്ടു. ഇന്ന് എല്ലാ കവിതകൾക്കും ഒരേ വികാരമാണുള്ളത്.ഒരേ സംരചനാശൈലിയാണുള്ളത്. ഇതിനിടയിൽ ഉള്ളിലിട്ട് ഉരച്ചിരുന്ന അസംതൃപ്തികളെ പതിയെപ്പതിയെ അലിയിച്ചെടുക്കാൻ ശേഷിയുള്ള ചില കവിതകൾ ഉണ്ടാകുന്നുണ്ട്.അവയിൽ ചിലത് ചൂണ്ടിക്കാട്ടാം ;
ഗോവിന്ദേട്ടന്റെ ചായപ്പീടികയുടെ
വരാന്തയിലും ചായ്പ്പിലുമായിരുന്നു
പണ്ടൊക്കെ അവർ.
പിന്നീടൊരുനാൾ
പീടിക പൊളിക്കുന്നത് കണ്ട്
സങ്കടത്തോടെ അവർ അവിടം വിട്ടു.
- കുമ്മായക്കുറി തൊട്ടൊരിടവഴിയിൽ /സത്യചന്ദ്രൻ പൊയിൽക്കാവ്
(യോഗനാദം ദ്വൈവാരിക 2025 നവംബർ 16 – 30)

ഗോതമ്പ് വയലുകളിൽ
പെൺകുട്ടിയുടെ കാൽപ്പാടുകൾ.
നിലമുഴിതപ്പോൾ കിട്ടി
അവളുടെ കാൽത്തളകൾ,
വയൽചേറിൽ പൊതിഞ്ഞ്
അവളുടെ കല്ലുമൂക്കുത്തി.
വിളവെടുപ്പിന്റെ
അവസാന ദിവസം
അവൾക്കും ഗോതമ്പിനും ഒരേ നിറം.
Five Resurrections/ നിഷ നാരായൺ
കഥയും കവിതയും 2025 നവംബർ 15 2026 നവംബർ 15)
സത്യചന്ദ്രൻ പൊയിൽകാവ് ഏതുതരം വികസനവും ആദ്യം തെറിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വപ്നങ്ങളെയും ജൈവീകതയേയും ആണെന്ന് സമർത്ഥിക്കുമ്പോൾ നിഷ സാധാരണക്കാരിയുടെ എറിഞ്ഞുടക്കപ്പെട്ട ജീവിതത്തെ വിടർത്തി കാട്ടുന്നു അപ്പോഴും വായനയുടെ മരണം എന്ന സന്ദേഹത്തിന് പുറത്തല്ല മലയാളകവിത.
ഈയാഴ്ചയിലെ പുസ്തകം
നീർമാതളത്തിന്റെ പൂവ് /
വി വിജയകുമാർ (റാറ്റ് ബുക്സ്)
പുഴുക്കളുടെ ഭക്ഷണമായി തീരുന്ന ശരീരത്തിന് ഒരർത്ഥവുമില്ലെന്ന് എഴുതിയ ഒരു കഥാകാരിയെ തെറ്റായി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തവരാണ് മലയാളികൾ. ‘പട്ടങ്ങൾ’ എന്ന കഥയിൽ സ്നേഹത്തെ അന്വേഷിക്കുന്ന ഒരു കേവല മനുഷ്യന്റെ ഒടുങ്ങാത്ത ചുവടുവയ്പ്പുകളെ കുറിച്ചുള്ള ബൗദ്ധിക ധാരണകൾ ഉണ്ട്. നമ്മൾ മലയാളികൾ മാധവിക്കുട്ടി ഡിസൈൻ ചെയ്ത സ്നേഹത്തെ പ്രണയവും കാമവുമായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. മൃഗങ്ങളിലാണ് ലൈംഗികത എന്ന ഊർജ്ജം പ്രവർത്തിക്കുന്നതെന്നും അത് മനുഷ്യരിലേക്ക് പടരുമ്പോൾ അതിനെ രതിയെന്ന് സൗന്ദര്യപ്പെടുത്തണമെന്നും എഴുതിയ ഒരാളുടെ ബൗദ്ധിക അഥവാ ധൈഷണിക ജീവിത ചരിത്രമാണ് വി വിജയകുമാറിന്റെ ‘നീർമാതളത്തിന്റെ പൂവ്” എന്ന പുസ്തകം. ഈ കൃതിയിൽ വാക്ക് തോറും വാക്യംതോറും മാധവിക്കുട്ടി എന്ന മറ്റൊരു ലോകം വിടർന്നുവരുന്നത് കാണാം. ഈ എഴുത്തുകാരിയുടെ ദൃശ്യോദയത്തിന്റെ ആരംഭമാത്രകളെ തെളിഞ്ഞുവരുന്ന ഗുപ്തരേഖകൾ കണക്കെയാണ് വിജയകുമാർ രേഖീകരിക്കുന്നത്. മാധവിക്കുട്ടി എന്ന സർഗാത്മക സ്വരൂപത്തിന്റെ യഥാർത്ഥ മാനറിസങ്ങളെ നമ്മുടെ കാഴ്ചവട്ടത്തിൽ എത്തിക്കാൻ ഈ ക്രിട്ടിക്കൽ ബയോഗ്രഫി ഏതെല്ലാം വിധം ശ്രമിക്കുന്നുവെന്ന് ചില ഉദ്ധരണികളിലൂടെ ചൂണ്ടിക്കാട്ടുക മാത്രം ചെയ്യാം. വിജയകുമാറിന്റെ വാക്കുകളെ വികാരത്തോടെ മാത്രമേ ഒപ്പിയെടുക്കാവൂ. അതും കണ്ണ് കൊണ്ടല്ല മറിച്ച് ഹൃദയംകൊണ്ട്. എഴുത്തിന്റെ കലയിൽ സ്നേഹത്തെക്കുറിച്ച് വേഗം വേഗം വേല ചെയ്ത മറ്റൊരു എഴുത്തുകാരി നമുക്കുണ്ടോ? ജ്ഞാനേന്ദ്രിയത്തിന്റെ കവാടങ്ങളെ ആവുന്നത്ര തുറന്നു വെച്ചു കൊണ്ട് വിജയകുമാറിന്റെ പുസ്തകങ്ങളെ പാരായണവിധേയമാക്കുകയാണ് വേണ്ടത്. നീർമാതളത്തിന്റെ പൂവിലെ ‘കവിതയും ജീവിതവും’ എന്ന ലേഖനത്തിൽ വിജയകുമാർ ഇങ്ങനെ കുറിക്കുന്നു – “ഏകശിലാ ശില്പമായി മാധവിക്കുട്ടിയെ കൊത്തിയെടുക്കുന്നത് അസാധ്യമാണ്. അവരെ സമീപിക്കുമ്പോഴും അവരുടെ കൃതികളിലൂടെ കടന്നുപോകുമ്പോഴും വൈരുദ്ധ്യങ്ങളുടെയും സന്ദിഗ്ദ്ധതകളുടെയും അനിശ്ചിതത്വങ്ങളുടെയും കടലിൽ നാം അകപ്പെട്ടു പോകുന്നു. യുക്തിയുടെ പരിമിതികളെ വികൃതമാക്കുന്ന അനുഭവങ്ങളിലേക്ക് നാം ആനയിക്കപ്പെടുന്നു. മാധവിക്കുട്ടി നിരൂപകരുടെയും വിമർശകരുടെയും കവിയോ കഥാകാരിയോ അല്ലെന്ന കാര്യം അടിവരയിട്ട് പറയേണ്ടതാണെന്ന് തോന്നുന്നു.” ഈ വിധം സത്യസന്ധമായ നിലയിൽ എഴുത്തിന്റെ ഭൂഭാഗത്ത് ചരിത്രത്തെ അടയാളപ്പെടുത്താത്തിടത്തോളം കാലം പുസ്തകങ്ങൾ മൃതദേഹങ്ങളായിത്തുടരും.മോശം കൃതികൾക്ക് എത്ര ശ്വാസം ഊതിക്കയറ്റിയാലും വായനയുടെ മരണം അസാധ്യമാക്കാൻ കഴിയുമോ?

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
ചരിത്രത്തിൽ പലവഴിയിൽ ചിട്ടപ്പെട്ട ഒരു സംഗതിയാണ് ചിത്രകല. ആ ചിട്ടകളെപ്പറ്റി കരുതാതെ അങ്ങനെ വേറെ വിധത്തിൽ ചെയ്താൽ എന്താ എന്ന് ചിന്തിക്കുന്നവർ നന്നേ കുറവാണ്.ഒരു കലാകാരന്റെ ആലഭാരങ്ങളില്ലാതെ ഒരാൾ വര പ്രവർത്തിയിലൂടെ ജീവിക്കുന്നതിനെ സസൂക്ഷ്മം നിരീക്ഷിച്ചാൽ ചിത്രകലാവായനയുടെ മരണത്തെ തോൽപ്പിക്കാൻ വിഷ്വൽ ഇലാസ്റ്റിസിസ കാലത്തിന് കഴിയുമെന്ന ധാരണകളിലേക്ക് നാം എത്തപ്പെടും. കലാഭാഷയിൽ നിഗൂഢത വർദ്ധിപ്പിക്കുന്ന സൂക്ഷ്മവും ദാർശനികവുമായ ഉപകരണങ്ങൾ തീരെക്കുറവേ ചിലർ ഉപയോഗിക്കാറുള്ളൂ. പക്ഷേ അപ്പോഴും സഹജീവനം സംബന്ധിച്ച ആകാംക്ഷകളെ വരയിൽ കൊണ്ട് പാർപ്പിക്കാൻ ഈ അപ്രശസ്തരായ ചിത്രകാരന്മാർക്കാകുന്നു. ചിത്രകലയിലെ ഒരു ആൺപ്രജയൊന്നുമല്ല രൺജിത് രഘുപതി.പക്ഷെ ആ വരകൾക്ക് ജനപ്രിയ സാഹിത്യ ചിത്രീകരണങ്ങളേക്കാൾ മുന്തിയ സൂക്ഷ്മ വിശദീകരണങ്ങൾ നൽകാൻ കഴിയുന്നു. രൺജിത് രഘുപതി തന്റെ തന്നെ ഒരു കഥയായ “നിദ്രാ സംബന്ധിയായ ചില നിരീക്ഷണങ്ങൾ ” (കഥയും കവിതയും 2025 നവംബർ 15 -2026 നവംബർ 15)ക്കു വരച്ച ചിത്രങ്ങൾ പുരുഷന്റെ വീരേതിഹാസങ്ങളായ പുരാണ കഥകൾക്കെന്നതിനേക്കാൾ ജീവിതത്തിന്റെ ഭാരമേറിയ കല്ല് ഊറിയതിന്റെ കറകളെയാണ് ചിത്രീകരിക്കുന്നത്. ഒരു പുസ്തക മനുഷ്യന്റെ സ്വപ്നങ്ങളെയാണ് രൺജിത് നിറങ്ങളുടെ ഭാഷ്യത്തിലേക്ക് കൊണ്ടുവയ്ക്കുന്നത്. ഉറങ്ങുന്ന കഥാനായകനെ പ്രതിഷ്ഠിക്കാൻ പിൻചുമലിൽ പുസ്തകങ്ങൾ കൊണ്ടുള്ള അടയാളകിടക്ക സ്ഥാപിക്കുമ്പോൾ കഥയിലെ കേന്ദ്ര കഥാപാത്രത്തിന്റെ ബയോപിക് രേഖ മുഴുവനും അടപ്പ് തുറന്നു വയ്ക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയിൽ ലയിച്ചു കിടക്കുന്ന പെൺ സ്വരൂപത്തെ വരയ്ക്കുമ്പോഴും മുടി മെടച്ചലിന്റെ ഒരു നെഗറ്റീവ് സ്പേസും തീർക്കാതിരിക്കാൻ ചിത്രകാരൻ ശ്രദ്ധിക്കുന്നു. ഇവിടെ രൺജിത് ആൺ/ പെൺ പോർട്രെയ്റ്റുകൾ ചർമ്മത്തിന്റെ മൃദുത്വവും തിളക്കവും അല്ല ലക്ഷ്യമിടുന്നത് മറിച്ച് ചിത്രം എന്ന ഭാഷ രൂപപ്പെടുത്തുന്ന സംവാദത്തിനാണ് ഈ ചിത്രകാരൻ പ്രാധാന്യം കൽപ്പിക്കുന്നത്
ഈയാഴ്ചയിലെ
അഫോറിസം
ഭാവന മത്തുപിടിച്ച
ഒരു ആനയാണ്.
അതിന്റെ ചരിയാത്ത നിലമാണ്
എഴുത്തുകാരന്റെ സുഷുമ്ന






