”ചാമര്‍മാരും ദളിതരും ഇന്ത്യ വിട്ടോടണം”

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍പ്പോലും വര്‍ണ്ണവെറിയും വംശീയ വിദ്വേഷവും അതുവഴിയുള്ള ഉല്‍കൃഷ്ടതാ, അപകര്‍ഷതാ ബോധ നിര്‍മ്മിതിയും ഉണ്ടാകാനുള്ള സാധ്യതകളെ മുന്‍കൂട്ടി കണ്ട ആധുനികതയുടെ പ്രവാചകനായ ശ്രീനാരായണഗുരു 1914-ല്‍ എഴുതിയ അനുകമ്പാദശകം, ജാതിലക്ഷണം, ജാതിനിര്‍ണ്ണയം എന്നീ ആഴമേറിയ കൃതികളിലൂടെ ഇവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്നതും; ജനനം കൊണ്ടു കൂടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതികള്‍ക്ക് യുക്തിയില്ല എന്നു പറയുക മാത്രമല്ല; ആ തത്വം ആരും അറിയാത്തതിനെ ‘ഹാ കഷ്ടം’ എന്നാണ് ഗുരു വിശേഷിപ്പിക്കുന്നത്.

യൂറോപ്പും ആസ്ട്രേലിയയും അടക്കമുള്ള ഭൂഖണ്ഡങ്ങളില്‍ വര്‍ണ്ണത്തിന്റെ പേരിലാണ് ആക്രമണത്തിന്റെ തേരോട്ടം നടന്നതെങ്കില്‍ ഇന്ത്യയില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ജാതി വ്യവസ്ഥയിലൂടെയാണ് നരഹത്യകള്‍ അരങ്ങേറിയത്. മൂവായിരത്തില്‍ അധികം ജാതികളും ഉപജാതികളും, നിറത്തിന്റെയും ജാതികളുടെയും അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനവും, സങ്കീര്‍ണ്ണമായ സാമൂഹ്യനിര്‍മ്മിതിയാണ് ഇന്ത്യയില്‍ സൃഷ്ടിച്ചത്.
ആര്യന്മാരുടെ അധിനിവേശത്തിനൊപ്പം വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ ആക്രമണോത്സുകമായ കടന്നുകയറ്റങ്ങളും ഇന്ത്യയുടെ സാമൂഹ്യജീവിതം, സാംസ്‌കാരിക പശ്ചാത്തലം, രാഷ്ട്രീയഘടന, തുടങ്ങിയവയെ പരിപൂര്‍ണ്ണമായും ജാതിയുടെ അടിസ്ഥാനത്തിലാക്കി. വേദങ്ങള്‍ സൃഷ്ടിച്ച വര്‍ണ്ണവ്യവസ്ഥ തൊഴില്‍പരമായ വിഭജനം മാത്രമായിരുന്നു എന്ന് ഇന്ന് വാദിക്കുന്നവര്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാല് വര്‍ണ്ണങ്ങള്‍ക്കു താഴെയുള്ളവരെ (പഞ്ചമര്‍) മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ഉറക്കം നടിക്കുന്നു. ആഫ്രിക്കയിലെ മണ്ണിന്റെ മക്കളെ വര്‍ണ്ണത്തിന്റെ പേരിലാണ് അധിനിവേശക്കാര്‍ അടിമകളാക്കിയതെങ്കില്‍ ഇന്ത്യയില്‍ അതിന് ജാതിവ്യവസ്ഥകളുടെ കൂടി പിന്‍ബലം ഉണ്ടായിരുന്നു. കച്ചവടത്തിനായി ഗുജറാത്തിലും മലബാറിലും എത്തിയ അറബികള്‍ ഇന്ത്യയില്‍ നിലനിന്ന ജാതി വ്യവസ്ഥയുടെ ഗുണഭോക്താക്കളായി ഇസ്ലാംമതം പ്രചരിപ്പിച്ചപ്പോഴും ജാതിവ്യവസ്ഥയെ കൂട്ടുപിടിച്ചിരുന്നു.
യൂറോപ്യന്മാരുടെ സഹായത്തോടെ പ്രചരിപ്പിക്കപ്പെട്ട ക്രിസ്തുമതവും ഉന്നതകുലജാതരായ ക്രിസ്ത്യാനികളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ സൃഷ്ടിച്ചു. വര്‍ണ്ണവെറി രോഗാതുരമായ അവസ്ഥയിലെത്തി സ്വബോധം നഷ്ടപ്പെട്ട തൊലി വെളുത്ത അക്രമകാരികള്‍ ആഫ്രിക്കന്‍ – അമേരിക്കന്‍ പള്ളികള്‍ ബോംബുകള്‍ വര്‍ഷിച്ച് തകര്‍ത്തതിന്റെയും പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പിടഞ്ഞ് മരിച്ചതിന്റെയും ചരിത്രരേഖകള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങളില്‍ ഇന്നും ലഭ്യമാണ്. National Association for the Advancement of Colonial People (NAA-CP) 2019ല്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 1990 നു ശേഷം മാത്രം ഏറ്റവും കുറഞ്ഞത് 120 ആഫ്രിക്കന്‍ അമേരിക്കന്‍ പള്ളികളാണ് വര്‍ണ്ണ,വംശീയ വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അമേരിക്കയില്‍ തകര്‍ക്കപ്പെട്ടത്. ഇന്ത്യയിലാകട്ടെ National Crime Research Bureau (NCRB) യുടെ 1991 മുതല്‍ 2021വരെയുള്ള കണക്കനുസരിച്ച് ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ 177.6% വര്‍ദ്ധനവാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവര്‍ പ്രായ, ലിംഗ ഭേദമന്യേ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയരാകുന്നതിന്റെ മാനദണ്ഡം അവരുടെ ജാതിയും, നിറവും മാത്രമാണ്. അതില്‍ സവിശേഷമായ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ് ഇന്ത്യയിലെ ബുദ്ധിജീവി വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (JNU) യുടെ ‘കാവേരി’ ഹോസ്റ്റലിന്റെ ഭിത്തികളില്‍ 2024 ജൂലൈ 24 ന് കണ്ടെത്തിയതായി പറയുന്ന മുദ്രാവാക്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍. ‘Chamer Quit India”, ‘Dalit Quit India” ”ചാമര്‍മാരും ദളിതരും ഇന്ത്യ വിട്ടോടണം”-എന്ന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ 2024ല്‍ പോസ്റ്റര്‍ എഴുതി ഒട്ടിക്കാന്‍ കഴിയുന്ന മാനസിക നില തെറ്റിയ ഒരു രാഷ്ട്രീയ സമൂഹം ഇന്ത്യയിലെ അധികാരകേന്ദ്രങ്ങളില്‍ സജീവമാണ്. ഈ പോസ്റ്റര്‍ എഴുതിയ ‘മിടുക്കരില്‍’ ചിലരെങ്കിലും സിവില്‍ സര്‍വീസിന്റെയും, ജുഡീഷ്യറിയുടെയും, നിര്‍മ്മാണസഭകളുടെയും അകത്തളങ്ങളില്‍ ഉയര്‍ന്ന പദവികളില്‍ എത്തും എന്ന കാര്യത്തില്‍ സംശയമില്ല. അവരുടെ മുന്നില്‍ എത്തുന്ന ഫയലുകളിലും കേസുകളിലും ആ ഫയലുകളുമായി എത്തുന്ന മനുഷ്യരുടെ നിറത്തിനോടും ജാതിയോടുമുള്ള സമീപനങ്ങളിലും ”ലോകാ സമസ്താ സുഖിനോ ഭവന്തുഃ” പ്രതീക്ഷിക്കുന്ന നിഷ്‌കളങ്കരായി അഭിനയിക്കാന്‍ അസാമാന്യമായ അഭിനയസിദ്ധി തന്നെ വേണം.
ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍പ്പോലും വര്‍ണ്ണവെറിയും വംശീയ വിദ്വേഷവും അതുവഴിയുള്ള ഉല്‍കൃഷ്ടതാ, അപകര്‍ഷതാ ബോധ നിര്‍മ്മിതിയും ഉണ്ടാകാനുള്ള സാധ്യതകളെ മുന്‍കൂട്ടി കണ്ട ആധുനികതയുടെ പ്രവാചകനായ ശ്രീനാരായണഗുരു 1914-ല്‍ എഴുതിയ അനുകമ്പാദശകം, ജാതിലക്ഷണം, ജാതിനിര്‍ണ്ണയം എന്നീ ആഴമേറിയ കൃതികളിലൂടെ ഇവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്നതും; ജനനം കൊണ്ടു കൂടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതികള്‍ക്ക് യുക്തിയില്ല എന്നു പറയുക മാത്രമല്ല; ആ തത്വം ആരും അറിയാത്തതിനെ ‘ഹാ കഷ്ടം’ എന്നാണ് ഗുരു വിശേഷിപ്പിക്കുന്നത്.
ആത്മോപദേശ ശതകത്തിലും അനുകമ്പാദശകത്തിലും ഗുരു ആവര്‍ത്തിച്ചു പറഞ്ഞ് ഉറപ്പിക്കുന്ന ഒന്നാണ് ഭൗതിക ശരീരത്തിന്റെ നിര്‍ത്ഥകതയും അതിനെ കുറിച്ചുള്ള അഹന്തയുടെ അര്‍ത്ഥശൂന്യതയും.

”തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാണ്‍ക!
പൊലിയുമിതന്യ പൊലിഞ്ഞു പൂര്‍ണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം”
എന്ന് ഗുരു 1897ല്‍ എഴുതിയ ആത്മോപദേശ ശതകത്തിലൂടെ മനുഷ്യസമൂഹത്തെ ബോധവല്‍ക്കരിക്കുന്നു. തൊലി, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ഏഴു മലങ്ങളെ കൊണ്ടു നിര്‍മ്മിച്ച ദുര്‍ഗന്ധം വമിക്കുന്ന ദേഹത്തെക്കുറിച്ച് ”അഹന്ത” കാണിക്കുന്ന മനുഷ്യനോടു ഗുരു അരുള്‍, അന്‍പ്, അനുകമ്പ ഇവ മൂന്നിനും പൊരുള്‍ ഒന്നാണെന്നും അതുള്ളവനാണു ജീവി എന്നും അനുകമ്പാ ദശകത്തില്‍ ഓര്‍മ്മിപ്പിക്കുന്നതിനു ശേഷം ആത്മോപദേശ ശതകത്തില്‍ എഴുതിയ ആശയം ഒന്നുകൂടി ഹ്രസ്വമായി ആവര്‍ത്തിച്ചുറപ്പിക്കുകയും കൂടുതല്‍ ശക്തിയോടെ മനുഷ്യശരീരത്തിനപ്പുറം ഒരാളിന്റെ വ്യക്തിത്വം എന്തായിരിക്കണം എന്ന് കൃത്യമായി നിര്‍വചിക്കുകയും ചെയ്യുന്നു.
”അരുളില്ലയതെങ്കിലസ്ഥി തോല്‍
സിര നാറുന്നൊരുടമ്പു താനവന്‍;
മരുവില്‍ പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം.”

അരുള്‍, അന്‍പ്, അനുകമ്പ എന്നിവയൊന്നുമില്ലാത്ത മനുഷ്യന്‍ അസ്ഥി, തോല്‍, സിര എന്നിവടങ്ങിയ നാറുന്നൊരു ഉടമ്പു മാത്രമാണെന്ന പ്രഖ്യാപനത്തേക്കാള്‍ മനുഷ്യന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള മറ്റൊരു ലളിതമായ നിര്‍വചനം നമുക്ക് കണ്ടെത്താന്‍ കഴിയുമോ? അരുള്‍ ഇല്ലാത്ത വ്യക്തി കനാല്‍ജലം പോലെയും ‘നിഷ്ഫലഗന്ധപുഷ്പം’ പോലയുമാണെന്ന ഉദ്ബോധനം മനസ്സില്‍ നിറയുന്ന ഒരു വ്യക്തിയെ തൊലിയുടെ നിറം, മാംസത്തിന്റെയും മേദസ്സിന്റെയും വലിപ്പച്ചെറുപ്പം, ശുക്ലത്തിന്റെ നായകത്വം (ആധിപത്യം) എന്നിവ പറഞ്ഞ് ഇകഴ്ത്താനോ, അപകര്‍ഷതയുടെ ‘ചളി’യിലേക്ക് ചവിട്ടിത്താഴ്ത്താനോ ആര്‍ക്കും കഴിയില്ല. ദയ, സ്നേഹം, അനുകമ്പ എന്നീ ജീവതാരകങ്ങളാണ് തന്നെ നയിക്കുന്നത് എന്ന ആത്മബോധവും ആത്മവിശ്വാസവും ഉള്ളില്‍ നിറഞ്ഞിരിക്കുന്ന വ്യക്തിയുടെ ഭൗതികശരീരം ഉപേക്ഷിക്കപ്പെടുമ്പോഴും ആ വ്യക്തി സമൂഹത്തില്‍ അവശേഷിപ്പിച്ച കരുണയാണ് അനശ്വരമായ കീര്‍ത്തിയായി സ്ഥായിയായി നില്‍ക്കുന്നത്. ഔദ്യോഗിക സ്ഥാനങ്ങളുടെ ഉത്തുംഗ ശൃംഗങ്ങളില്‍ വിരാജിക്കുന്നവര്‍ മുതല്‍ സമൂഹത്തിന്റെ ഏതു തട്ടിലും മറ്റുള്ളവര്‍ക്ക് സേവനവും അറിവും നല്‍കാന്‍ ഔദ്യോഗികമായും അനൗദ്യോഗികമായും ചുമതലപ്പെട്ടവരിലേക്ക് വരെ ഈ ചിന്തകള്‍ അതിന്റെ സൂക്ഷ്മാംശത്തില്‍ ആഴത്തില്‍ പതിയുമ്പോള്‍ ഇന്ന് കാണുന്ന ഒട്ടനവധി ‘മനുഷ്യത്വ’ രഹിതമായ വാദപ്രതിവാദങ്ങള്‍ക്കും ദയാരഹിതമായ വിവേചനങ്ങള്‍ക്കും പൂര്‍ണ്ണവിരാമം ഉണ്ടാകുമെന്നത് ഉറപ്പാണ്. (അവസാനിച്ചു)

Author

109 Views
Scroll to top
Close
Browse Categories