ബൈനയിലെ വ്യാപാരങ്ങൾ
പഴയകാലത്ത് ഗോവയിലെ ഗ്രാമങ്ങളിലെ ചില ക്ഷേത്രങ്ങള്‍ കേന്ദ്രമാക്കി വളര്‍ന്നുവന്ന ദേവദാസി സമ്പ്രദായങ്ങളില്‍ ജീവിച്ചവര്‍, അവിടങ്ങളിലൊക്കെ അത് അന്യം നിന്നതോടെ ബൈനയിലേക്ക് താവളം മാറ്റി. ദേവദാസി ഗ്രാമങ്ങളില്‍ അക്കാലത്ത് പെണ്‍കുട്ടികളെ ദേവദാസികളാക്കുന്ന ‘സെസ’ എന്ന വിവാഹചടങ്ങുകള്‍ കൊണ്ടാടിയിരുന്നു. മുതിര്‍ന്ന ദേവദാസി പുരുഷവേഷമണിഞ്ഞ് താലികെട്ടും. പാട്ടും നൃത്തവും അഭ്യസിക്കുന്ന അവള് ദേവദാസിയാകും. ദേവദാസികള്‍ ദേവനുള്ളവരായിരുന്നു. ഉപദേവദാസികള് മനുഷ്യര്‍ക്കും. പ്രഭുക്കന്മാരും രാജാക്കന്മാരുമൊക്കെ ദേവദാസികളെത്തന്നെ സ്വന്തമാക്കി. ഈ കിരാതമായ വിവാഹസമ്പ്രദായം നിരോധിച്ചതോടെ ഇത്തരം ആചാരങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും പൂട്ടുവീണു.

പനാജിയില്‍നിന്നും 30 കിലോമീറ്റര്‍ അകലെ മര്‍മഗോവ തുറമുഖത്തിലേക്കുള്ള ഉപദ്വീപില്‍ വ്യാപിച്ചു കിടക്കുന്ന പട്ടണമാണ് വാസ്കോ ഡ ഗാമ. ഇന്ത്യയിലെ എണ്ണപ്പെട്ട തുറമുഖങ്ങളിലൊന്നായി പേരെടുത്ത പട്ടണം. ജനസംഖ്യാടിസ്ഥാനത്തില്‍ ഗോവയിലെ വലിയ പട്ടണമാണ് നേരത്തെ സാംബാജി നഗര്‍ എന്ന് അറിയപ്പെട്ടിരുന്ന വാസ്കോ, ഗോവയിലെ നീളം കൂടിയ നദിയായ സുവാരിനദിയുടെ ഓരത്താണ് വാസ്കോപട്ടണം. പോര്‍ച്ചുഗീസുകാര്‍ക്ക് അധിനിവേശകാലത്ത് ഗോവയിലേക്കും തിരിച്ചും സുഗന്ധവ്യഞ്ജനങ്ങളും വ്യാപാരസാധനങ്ങളും എത്തിക്കാന്‍ സുവാരി നദി സഹായകമായിരുന്നു.
ആഫ്രിക്കയുടെ തെക്കേ അറ്റത്തെ ഗുഡ്ഹോപ്പു മുനമ്പു ചുറ്റി യൂറോപ്പില്‍നിന്നും ആദ്യമായി കടല്‍മാര്‍ഗ്ഗം ഇന്ത്യയിലെത്തി ഗോവയില്‍ കൊളോണിയല്‍ അധിനിവേശത്തിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ച വീരനാവികനായ വാസ്കോ ഡ ഗാമയുടെ പേര് ആണ് സാംബാജി നഗറെന്ന പട്ടണത്തിന് നല്‍കിയിരിക്കുന്നത്. 1866 ല്‍ ഗോവയില്‍ പോര്‍ച്ചുഗീസ് ഗവര്‍ണറായ ഫെരേര ഡി അമരയാണ് ഈ തുറമുഖപട്ടണത്തിന് ഗാമയുടെ പേരു നല്‍കിയത്.
ഇടക്കാലത്ത് ഗോവയിലെ സര്‍ക്കാര്‍ ഈ പട്ടണത്തിന്റെ പേര് പഴയ മറാത്താ രാജാവിന്റെ പേരിലുള്ള സാംബാജിനഗര്‍ എന്നു മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. കിലോമീറ്ററുകള്‍ നീളുന്ന വാസ്കോപട്ടണത്തിന്റെ സമുദ്രതീരങ്ങളും പ്രധാന തുറമുഖമായ മര്മഗോവയുടെ സാന്നിദ്ധ്യവും നാവികര്‍ക്കും സഞ്ചാരികള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പട്ടണമായി വാസ്കോയെ വളര്‍ത്തി. വാസ്കോയുടെ തീരത്തെ വിസ്തൃതമായ ബൈനാബീച്ച് അതിന്റെ സൗന്ദര്യം കൊണ്ട് സഞ്ചാരികളെ മോഹിപ്പിച്ചു. അന്യദേശങ്ങളില്‍നിന്നും കച്ചവടത്തിനായി കടല്‍മാര്‍ഗം എത്തിയവര്‍ മദ്യവും മദിരാശിയും വാഴുന്ന പ്രദേശമാക്കി വാസ്കോയിലെ ബൈനാബീച്ചിനെ മാറ്റി. ത്രസിപ്പിക്കുന്ന പാശ്ചാത്യസംഗീതവും വേശ്യാവൃത്തിയും ഒരു കാലത്ത് വാസ്കോപട്ടണത്തിലെ ബൈനാബീച്ചിന്റെ മുഖമുദ്രയായിരുന്നു.
പഴയകാലത്ത് ഗോവയിലെ ഗ്രാമങ്ങളിലെ ചില ക്ഷേത്രങ്ങള്‍ കേന്ദ്രമാക്കി വളര്‍ന്നുവന്ന ദേവദാസി സമ്പ്രദായങ്ങളില്‍ ജീവിച്ചവര്‍, അവിടങ്ങളിലൊക്കെ അത് അന്യം നിന്നതോടെ ബൈനയിലേക്ക് താവളം മാറ്റി. ദേവദാസി ഗ്രാമങ്ങളില്‍ അക്കാലത്ത് പെണ്‍കുട്ടികളെ ദേവദാസികളാക്കുന്ന ‘സെസ’ എന്ന വിവാഹചടങ്ങുകള്‍ കൊണ്ടാടിയിരുന്നു. മുതിര്‍ന്ന ദേവദാസി പുരുഷവേഷമണിഞ്ഞ് താലികെട്ടും. പാട്ടും നൃത്തവും അഭ്യസിക്കുന്ന അവള് ദേവദാസിയാകും. ദേവദാസികള്‍ ദേവനുള്ളവരായിരുന്നു. ഉപദേവദാസികള് മനുഷ്യര്‍ക്കും. പ്രഭുക്കന്മാരും രാജാക്കന്മാരുമൊക്കെ ദേവദാസികളെത്തന്നെ സ്വന്തമാക്കി. ഈ കിരാതമായ വിവാഹസമ്പ്രദായം നിരോധിച്ചതോടെ ഇത്തരം ആചാരങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും പൂട്ടുവീണു. പതിയെ ദേവദാസി സമ്പ്രദായങ്ങള്‍ തന്നെ അവസാനിച്ചു. ശേഷിക്കുന്നവര്‍ ബൈനപോലെയുള്ള കേന്ദ്രങ്ങളിലേക്ക് കൂടുമാറി. ബൈനയിലെ കടല്‍ത്തീരങ്ങള്‍ കേന്ദ്രമാക്കി വ്യഭിചാരശാലകളും ചൂതാട്ടകേന്ദ്രങ്ങളും വളര്‍ന്നു. പുരുഷന്മാര് ആസക്തി തീര്‍ക്കാന്‍ ബൈനയിലെ ഭോഗശാലകളിലേക്കെത്തി.
ഇരുവശവും കുന്നുകളുള്ള ബൈനയിലെ കടല്‍ത്തീരം ഇത്തരക്കാര്‍ക്ക് സുരക്ഷിതസ്ഥാനമായിരുന്നു. ആഴക്കുറവും പ്രശാന്തതയും ബൈനബീച്ചിനെ ആകര്‍ഷകമാക്കുന്നു. കുപ്രസിദ്ധമായ റെഡ്ലൈറ്റ് ഏരിയ എന്നു പേരെടുത്ത പ്രദേശത്ത് വേശ്യാവൃത്തി വ്യാപകമായി. 2004 ല്‍ സര്‍ക്കാര്‍ ഇവിടെനിന്നും വേശ്യാലയങ്ങളേയും ലൈംഗികത്തൊഴിലാളികളേയും കുടിയൊഴിപ്പിച്ചു. മദ്യവും മയക്കുമരുന്നുമൊക്കെ ദ്രുതതാളത്തില്‍ ഒഴുകിപ്പരന്നിരുന്ന വാസ്കോയുടെ തീരങ്ങള്‍ ഇന്ന് ശാന്തമാണ്. പുകയൂതി വെളിവില്ലാതെ നടക്കുന്ന പുരുഷന്മാരും, ഈ ലോകത്തെത്തന്നെ തങ്ങളുടെ അടുത്തേക്ക് മാടിവിളിക്കുന്ന ലൈംഗികത്തൊഴിലാളികളുമൊക്കെ ബൈനയുടെ ഭൂതകാലസ്മരണകളാണ്. ബൈനയെ ഒരു നവലോകമാക്കുന്നതില് ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍പരീക്കറിന്റെ ഇടപെടലുകള്‍ നിര്‍ണയകമായി. പരീക്കറും പഴയബൈനയും ഇപ്പോഴില്ല.
പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ബൈനാബീച്ചിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവാദമായി. ഒഴിപ്പിക്കപ്പെടുന്നവരില്‍ വലിയൊരു വിഭാഗം കര്‍ണാടക സംസ്ഥാനത്തില്‍ നിന്നുള്ളവരായിരുന്നു. പ്രാദേശികഭരണകൂടം, ഇവരെ കുടിയൊഴിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ക്രമേണ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി വളര്‍ന്നു.
മണ്ഡോവിയിലെ പാല്ക്കടല്
മണ്ഡോവിനദിയിലെ പ്രശസ്തമായ വെള്ളച്ചാട്ടമായ ദൂധ്സാഗര്‍ ഗോവയിലാണ്. വാസ്കോ വഴി ദൂധ്സാഗറിലേക്ക് ട്രെയിനുകളുണ്ട്. എഴുപത് കിലോമീറ്റര്‍ അകലെയുള്ള കുലേം സ്റ്റേഷനിലിറങ്ങി വെള്ളച്ചാട്ടത്തിലേക്കു പോകാവുന്നതാണ്.
ദൂധ്സാഗറിനെക്കുറിച്ചോര്ക്കുമ്പോള് വെള്ളച്ചാട്ടത്തിനെ ഭേദിച്ച് മലഞ്ചെരുവിലൂടെ പോകുന്ന തീവണ്ടിയുടെ ചിത്രമാണ് മനസിലെത്തുക. മഡ്ഗോണില്നിന്ന് കര്‍ണാടകത്തിലെ ബെല്‍ഗാവിലേക്ക് പോകുന്ന റെയില്‍പാതയാണിത്. (കൊങ്കണ്‍ പാതയല്ല). കുലേം ചെറിയൊരു സ്റ്റേഷനാണ്. ഇവിടെനിന്നും ബൊലേറോ പോലുള്ള ഷെയര്‍ ടാക്സികളില്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകാം. കുലേമില്നിന്ന് ഏതാണ്ട് ഒരു മണിക്കൂര്‍ കാനനയാത്ര. കാട്ടുവഴിയില് ഒരു ചെറുപുഴ മറികടക്കണം. ജീപ്പു നില്‍ക്കുന്നിടത്തുനിന്നും അരകിലോമീറ്റര്‍ കാട്ടിലേക്ക് കയറിയാല്‍ വെള്ളച്ചാട്ടം ദൃശ്യമാകും.
ഗോവയില്‍, കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് മണ്ഡോവി നദിയിലെ 1017 അടി ഉയരത്തില്‍ ഭഗവാന് മഹാവീര്‍ വന്യജീവി സങ്കേതത്തിലെ ഈ വെള്ളച്ചാട്ടം. കര്‍ണാടകയ്ക്കും ഗോവയ്ക്കുമിടയിലെ അതിര്‍ത്തിയായി ഈ വെള്ളച്ചാട്ടം മാറുന്നു. സ്വാഭാവിക വനത്തിന്റെ സൗന്ദര്യം ആസ്വദിച്ച് നീരൊഴുക്കിന്റെ ശാന്തമായ തടത്തില്‍ കണ്ണീരുപോലെ തെളിഞ്ഞ വെള്ളത്തില്‍ ഉല്ലസിക്കാം.
ഇനിയും സഞ്ചാരികളുടെ ആധിക്യമില്ലാതെ പ്രകൃതിയുടെ സൗന്ദര്യം ആവോളം നുകരാന്‍ കഴിയുന്ന മനോഹരമായ ഒരു കാനനപ്രദേശം. മണ്ഡോവി ആകാശത്തില്‍നിന്നും പൊട്ടിവീണപോലെ പശ്ചിമഘട്ടത്തിന്റെ മോഹിപ്പിക്കുന്ന ഹരിതാഭകള്‍ വകഞ്ഞ് ശാഖകളായി ഇരമ്പിയൊഴുകുന്നു. സമ്മോഹനമായ വിസ്മയചിത്രം. വെള്ളം പാല്‍ക്കടല്‍പോലെ പതഞ്ഞൊഴുകുന്നു. പ്രകൃതിയുടെ ഉപാസകരായ എത്രയോ ഫോട്ടോഗ്രാഫര്‍മാരെ ദൂധ്സാഗര്‍ വശീകരിച്ചിരിക്കുന്നു.
മണ്‍സൂണില്‍ മഴ കനക്കുമ്പോള്‍ വെള്ളച്ചാട്ടം കൂടുതല്‍ സുന്ദരിയാകും. കടുത്ത മഴയാകുമ്പോള്‍ ഇവിടേക്കുള്ള പ്രവേശനം നിര്‍ത്തിവയ്ക്കാറുണ്ട്. ഹോളിവുഡ് സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനുമാണ് ഗോവയുടെ ദൂധ്സാഗര്‍. ഗോവയെന്നാല്‍ ബീച്ചുകള്‍ മാത്രമാണെന്ന ധാരണ മറന്നേക്കൂ, ഇന്ത്യയില്‍ത്തന്നെ ഏറ്റവും മനോഹരമായ ഒരു വെള്ളച്ചാട്ടം ഗോവയ്ക്ക് സ്വന്തമാണ്.
ധബോളീം, വാസ്കോയ്ക്കടുത്ത്
ഗോവയുടെ അന്താരാഷ്ട്രവിമാനത്താവളം സ്ഥിതിചെയ്യുന്നത് വാസ്കോപട്ടണത്തിന്റെ പ്രാന്തപ്രദേശമായ നഗരത്തില്‍നിന്നും നാലുകിലോമീറ്റര്‍ അകലത്തിലുള്ള ധബോളിം ഗ്രാമത്തിലാണ്. 1950 ല്‍ പോര്‍ച്ചുഗീസ് ഭരണകൂടം സ്ഥാപിച്ചതാണ് ധബോളിം വിമാനത്താവളം. ‘എയറോപോര്ട്ടോ ജനറല്‍ ബെനാര്‍ഡ് ഗ്യൂഡെസ്’ എന്ന പേരായിരുന്നു ആദ്യം. ആഭ്യന്തര-അന്തര്‍ദേശീയ ഗതാഗതത്തിനു പുറമേ നേവിയുടെ എയര്‍ബേസ് ആയും ധബോളിം എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നു. 1961 ലെ ഗോവാ വിമോചനത്തിനുശേഷം ഇന്ത്യയുടെ പ്രധാന വ്യോമത്താവളങ്ങളിലൊന്നായി മാറിയ എയര്‍പോര്‍ട്ട് രാജ്യത്തിലെ തന്ത്രപ്രധാനമായ ഒരു നേവല്‍ ബേയ്സ് കൂടിയാണ്.
ഇന്ത്യയിലെ ഏക നാവിക വ്യോമയാന മ്യൂസിയവും ഗോവയിലാണ്. വാസ്കോപട്ടണത്തിന് ആറുകിലോമീറ്റര്‍ അകലെ ബെഗ്മോളയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ അഭിമാന വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാടിന്റെ ഉള്‍വശംപോലെ രൂപകല്പന ചെയ്തിരിക്കുന്ന മ്യൂസിയത്തില്‍ നാവികസേനയുടെ ഉപകരണങ്ങളും, ഓപ്പണ്‍ എയര്ഗാലറിയില് നാവികസേനയുടെ ഉപയോഗിച്ച വിവിധങ്ങളായ വിമാനങ്ങളും മാതൃകകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തിന്റെ ഭാഗമായി രാജ്യത്തിനുവേണ്ടി പോരാടി ജീവന് നല്കിയ യോദ്ധാക്കള്‍ക്ക് ആദരവ് അര്‍പ്പിക്കുന്ന വലിയ ഗ്രാനൈറ്റ് ഫലകം സ്ഥാപിച്ചിട്ടുണ്ട്.
പട്ടണക്കാഴ്ചകള്‍
വൈകുന്നേരങ്ങളിലെ ബഹളങ്ങളില്‍ വാസ്കോപട്ടണം രസകരമായ ഒരനുഭവമാണ്. റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡും, തിരക്കേറിയ മാര്‍ക്കറ്റും ഒക്കെ സന്ധിക്കുന്ന നഗരഹൃദയത്തിന്, പഴയ കൊളോണിയല്‍ കാലത്തെ കെട്ടിടങ്ങളും, നിര്മ്മിതികളുമൊക്കെച്ചേര്ന്ന് ഒരു പൗരാണിക ശോഭ നല്കുന്നു. സോസേജുകളും, വിവിധഇനം കക്കകളും, ചെമ്മീനും, മീന്വിഭവങ്ങളുമടങ്ങുന്ന സമൃദ്ധമായ ലഘു ഭക്ഷണങ്ങളും, ഗോവയുടെ പോര്‍ക്ക് സോസേജുകളും ഒക്കെ വിളമ്പുന്ന വൈകുന്നേരങ്ങളില്‍ സജീവ മാകുന്ന തട്ടുകടകള്‍. സന്ധ്യയ്ക്കും തിരക്കേറിയ നഗരമദ്ധ്യത്തിലെ മീന്‍ മാര്‍ക്കറ്റ്. ഗോവന്‍ രീതിയില്‍ സാരി തറ്റുടുത്ത തടിച്ച പെണ്ണുങ്ങള് നിരയായിരുന്ന് മീനുകള്‍ വില്‍ക്കുന്നു. വിലപേശുന്നവരെ ചീത്തപറഞ്ഞും വാങ്ങാതെ പോകുന്നവരെ ശകാരിച്ചുമൊക്കെ കച്ചവടം കൊഴുക്കുന്ന ചന്ത.
ഒരിക്കല്‍ ബസ് സ്റ്റാന്‍ഡിനടുത്തെ തട്ടുകടയില്‍ വിളമ്പിയ റോസ് ഓംലറ്റ് രുചികരമായി തോന്നി. അതിലെ ചേരുവകളെക്കുറിച്ച് തട്ടുകടക്കാരനോട് ചോദിച്ചെങ്കിലും അയാള്‍ ഒഴിഞ്ഞുമാറി. പിന്നെ വാസ്കോയിലെത്തുമ്പോഴൊക്കെ റോസ് ഓംലെറ്റ് എന്നെ അവിടേക്ക് വലിച്ചടുപ്പിച്ചു.
നഗരത്തിന് പടിഞ്ഞാറുഭാഗത്തെ കടകള്‍ക്കും വീടുകള്‍ക്കും ഇടയിലൂടെയുള്ള ഒറ്റവഴികള് മിക്കതും ചെന്നെത്തുന്നത് കടല്ത്തുറകളിലേക്കാണ്. വാസ്കോയുടെ ജീവിതപ്പകര്ച്ചകള്കണ്ട് ഈ വഴികളിലൂടെ കടല്ക്കയിലെത്താം. തുറകളില്‍ കാല്‍പ്പന്തുമായി ആര്‍പ്പുവിളിക്കുന്ന ബാല്യങ്ങള്‍ പതിവു കാഴ്ചയാണ്. കാഴ്ചകളുടെ ഒരു കാലിഡോസ്കോപ്പുതന്നെയാണ് പുരാതനമായ ഈ ഗോവന്‍ നഗരം. (9387034142)






