കാൽ നൂറ്റാണ്ട്കടന്ന് പോകുമ്പോൾ

കഴിഞ്ഞ കാൽനൂറ്റാണ്ട് കാലയളവിനിടയിൽ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ സംഭവവികാസങ്ങളെ വിലയിരുത്തുന്നു വിവിധ രംഗങ്ങളിലെ പ്രമുഖർ
ഏകോപനം:- രജനി മേനോൻ

മലയാള സിനിമയിലെ
ഇരുപത്തിയഞ്ച് വർഷത്തെ
സ്ത്രീ സാന്നിദ്ധ്യം !

 ഷീല ( അഭിനേത്രി )

പി.കെ. റോസിയിൽ നിന്ന് ആരംഭിച്ച നായികാവേഷത്തിൽ നിന്ന് ഒരുപാട് ദൂരം മുന്നോട്ടു പോകാൻ മലയാളസിനിമയ്ക്കായിട്ടുണ്ട്. പക്ഷെ പി.കെ. റോസിക്കു നേരിടേണ്ടി വന്നതിന് സമാനമായ ചില പ്രതിസന്ധികൾ വേറേ ചില രൂപങ്ങളിൽ ഇന്നും ഇവിടെ നിലനിൽക്കുകയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടക്ക് മലയാളസിനിമയിൽ പക്ഷെ എത്ര നായികാഭിമുഖ്യ സിനിമകൾ ഉണ്ടായി എന്നത് ഉന്നയിക്കപ്പെടേണ്ട ചോദ്യമാണ്. കേരളത്തിന്റെ സാംസ്കാരിക വകുപ്പ് സിനിമാവ്യവസായത്തിന്റെ ഉന്നതിക്കായി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ വുമൺ കളക്റ്റീവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് എത്രത്തോളം വിജയകരമായി പ്രതിവിധി കണ്ടെത്തിയെന്നത് പുനരാലോചിക്കേണ്ടിയിരിക്കുന്നു. മലയാളസിനിമയിലെ അഭിനേത്രികൾക്ക് ദീർഘകാലം ഇൻഡസ്‌ട്രിയിൽ തുടരാനാവാതെ വരുന്നതിന്റെ കാരണങ്ങൾ അന്വേഷിച്ച് പരിഹരിക്കേണ്ടതുണ്ട്. നായികാവേഷത്തിൽ മാത്രമേ അഭിനയിക്കൂ എന്ന നിർബന്ധം കൊണ്ടുനടക്കുന്നവർ ഇന്നും മലയാളസിനിമയിലുണ്ട്. കഥാപാത്രത്തിന് പ്രാധാന്യം നൽകുന്നതിനു പകരം നായകന്റെ പെയറായി അഭിനയിക്കുന്ന രീതിയൊക്കെ മലയാള സിനിമ ഇതിനകം വിട്ടുപേക്ഷിച്ചുവെന്നത് ഒരു ചെറിയ കാര്യമല്ല. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മലയാള സിനിമ സമൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിരവധി സംവിധായികമാർ വന്നു. വുമൺ പ്രൊഡ്യൂസേഴ്സ് ഉണ്ടായി. സ്ത്രീകൾ തന്നെ ക്യാമറയും കോസ്റ്റ്യൂമും ചെയ്യാൻ മുന്നോട്ടു വന്നു. സിനിമയുടെ സമസ്തമേഖലകളിലും സ്ത്രീ സാന്നിധ്യം വേരുറപ്പിച്ചത് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങൾക്കിടയിലാണ്.

സ്ത്രീകളുടെ ശക്തമായ മുന്നേറ്റം

കുരീപ്പുഴ ശ്രീകുമാർ
2000–2025 കാലയളവിൽ മലയാള കവിതയിൽ സമീപ ഭൂതകാലത്തിൽ അല്ലെങ്കിൽ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലയളവിനിടയിൽ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ പ്രധാനപ്പെട്ട നാല് നിർണായക മുന്നേറ്റങ്ങളാണുണ്ടായിട്ടുള്ളത്‌. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ത്രീകളുടെ ശക്തമായ മുന്നേറ്റമാണ്; ശാസ്ത്രത്തിന്റെ പുരോഗതിയും മൊബൈൽ സാങ്കേതികവിദ്യയും സ്ത്രീകൾക്ക് എഴുതാനുള്ള പുതിയ ഇടങ്ങൾ തുറന്നുകൊടുത്തു.വീട്ടിലും സാമൂഹിക നിയന്ത്രണങ്ങളിലുമൊതുങ്ങിപ്പോയിരുന്ന സ്ത്രീ ശബ്ദങ്ങൾ സോഷ്യൽ മീഡിയയിലൂടെ സ്വതന്ത്രമായി കവിതയായി ഉയർന്നു.
രണ്ടാമത്തെ വലിയ മാറ്റം ദളിത്–ഗോത്ര കവികളുടെ ശ്രദ്ധേയമായ സാന്നിധ്യമാണ്; വർണ്ണവിവേചനമില്ലാതെ മനുഷ്യനെ കേന്ദ്രീകരിച്ച കവിതകൾ ഇന്ന് ശക്തമായി ഉയർന്നു. ലിപിയില്ലാത്ത ജീവിതാനുഭവങ്ങൾ മലയാള അക്ഷരങ്ങളിലൂടെ രേഖപ്പെടുത്താൻ കഴിയുന്ന സാഹചര്യം തന്നെ കവിതയുടെ ജനാധിപത്യവൽക്കരണമായി മാറി.

മൂന്നാമതായി, ദീർഘകാവ്യങ്ങളോടുള്ള വായനക്കാരുടെ ആസ്വാദനം കുറഞ്ഞു; ഹ്രസ്വകവിതകൾക്ക് വലിയ സ്വീകരണം ലഭിച്ചു. ഒരു കടുകിനുള്ളിൽ ഒരു കടൽ ഒളിപ്പിക്കുന്ന ഭാഷാസങ്കേതം contemporary കവിതയുടെ മുഖ്യസ്വഭാവമായി. നാലാമത്തെ മാറ്റമായി ദൈവകേന്ദ്രിതമായ മൂഢവിശ്വാസങ്ങൾ കവിതയിൽ നിന്ന് പിന്മാറി; മനുഷ്യനും യാഥാർത്ഥ്യവും കവിതയുടെ കേന്ദ്രമായി. കവികൾ വിശ്വാസികളായാലും ദൈവത്തെ രക്ഷകനായി ചിത്രീകരിക്കുന്ന സമീപനം ഇന്ന് കവിതയിൽ കാണുന്നില്ല. ഇതോടൊപ്പം ചിഹ്നങ്ങളുടെ ഉപയോഗം കുറഞ്ഞു, ഭാഷ കൂടുതൽ നേരായതും സുതാര്യവുമായിത്തീർന്നു.പക്ഷെ കാലതീതമായി എത്ര മാറ്റങ്ങൾ ഉണ്ടായാലും പ്രണയകവിതകൾക്കു മാത്രം ഈ കാലയളവിലും മാറ്റമില്ലാതെ നിലനിൽക്കാൻ ആയിട്ടുണ്ട്‌ എന്നും തോന്നിയിട്ടുണ്ട്.

ഇതി വാർത്താ: ശ്രുയന്താം

ഗ്രേസി

കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ ലോകത്തെവിടെയുമില്ലാത്ത ഒരു മഹാത്ഭുതം മലയാളത്തിൽ സംഭവിച്ചു. മലയാളികൾ ഒന്നടങ്കം എഴുത്തുകാരായി. കൂടുതൽ വായിക്കുകയും കുറച്ച് എഴുതുകയും ചെയ്യുന്ന കാലാവസ്ഥയ്ക്ക് വ്യതിയാനമുണ്ടായി. കൂടുതൽ എഴുതുകയും കുറച്ചു വായിക്കുകയും ചെയ്യുന്ന അവസ്ഥാന്തരത്തിലേക്ക് മാറിമറിഞ്ഞു. അവയുടെ രചയിതാക്കളിൽ ചിലരെങ്കിലും അസ്തപ്രജ്ഞരായിട്ടുണ്ട്. കവിതയ്ക്ക് പുഴയുടെ ഗതിയായി, കഥ അഗതിയായി. നോവൽ പ്രതാപിയായി. നോവലുകളെഴുതാത്തവർ എഴുത്തുകാർ അല്ലാതെയുമായി. ഇത് മനസ്സിലാക്കി ആവണം നമ്മുടെ മികച്ച കവികളിൽ പലരും നോവലെഴുത്തുകാരായത്.

എടുത്തു പറയേണ്ട മറ്റൊരു സവിശേഷതകൂടിയുണ്ട്. അടുക്കളപ്പുക ശ്വസിച്ചും ദാമ്പത്യത്തിന്റെ ചങ്ങലയിൽ കുരുങ്ങിയും കഴിഞ്ഞുകൂടിയ പെണ്ണുങ്ങൾ ഞെട്ടിയുണർന്ന് വിവിധ മേഖലകളിലേക്ക് പ്രവേശിച്ച് സക്രിയരായി. കഥയും കവിതയും നോവലും ഓർമ്മക്കുറിപ്പും യാത്രാപുസ്തകവും രചിച്ചു. വായനക്കാരെ അമ്പരപ്പിച്ചുകൊണ്ട് അവയിൽ പലതും മികവുറ്റതായി തീരുകയും ചെയ്തു. സഹൃദയരായ ചില നിരൂപകശിങ്കങ്ങളും നാട്ടിലിറങ്ങിയിട്ടുണ്ട്. സാഹിത്യകൃതികളിൽ മതനിന്ദയുണ്ടോ? ഉടലാകെ പൊതിയാത്ത ചിത്രങ്ങൾ വരയ്ക്കുന്നുണ്ടോ? എന്നതിനെയൊക്കെപ്പറ്റി അവർ പരിണാമസിദ്ധാന്തം തലതിരിച്ച് വിടുന്ന തിരക്കിലാണ്. പോരാഞ്ഞ് മുഖപുസ്തകത്തിൽ പച്ചയ്ക്ക് കത്തുന്ന തെറികളും അടുക്കി ദഹനം നടത്തി ഭാരതീയ സംസ്കാരത്തിന് മോക്ഷം നൽകുകയും ചെയ്യുന്നുണ്ട്.

ജീവിതപരാങ്ങ്മുഖത്വത്തിന്റെ ജൈവവഴികൾ

അനന്തപത്മനാഭൻ

2000–2009 കാലഘട്ടം മലയാള സിനിമയ്ക്ക് ഒരു മങ്ങലേറ്റ കാലമായിരുന്നു. അതിമാനുഷവും അപരാജിതവുമായ നായക സങ്കൽപ്പങ്ങൾ യാഥാർത്ഥ്യബോധമില്ലാത്ത കഥാഖ്യാനങ്ങളിലേക്ക് സിനിമയെ തള്ളിക്കളഞ്ഞു. വിനോദം മാത്രമായി, മൂല്യബോധം നഷ്ടപ്പെട്ട അവസ്ഥയിലേക്കാണ് മലയാള സിനിമ ഈ ദശകത്തിൽ എത്തിയത്.

2010ന് ശേഷമാണ് യഥാർത്ഥ ഗുണപരമായ മാറ്റങ്ങൾ സംഭവിക്കുന്നത്. അതിനു മുമ്പേ തന്നെ ചില ധീരപരീക്ഷണങ്ങൾ നടന്നു. 2011ലെ ട്രാഫിക്, 2012ലെ ഉസ്താദ് ഹോട്ടൽ, 2013ലെ ദൃശ്യം, 2015ലെ പ്രേമം, 2016ലെ മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങൾ ഈ മാറ്റത്തിന്റെ നാൾവഴികളായി. പ്രത്യേകിച്ച് മഹേഷിന്റെ പ്രതികാരം മലയാള സിനിമയിലെ ഒരു വലിയ ചുവടുമാറ്റമായിരുന്നു. ഈ മാറ്റങ്ങൾക്ക് വഴിതുറന്ന പ്രധാന പരീക്ഷണങ്ങളിൽ ഒന്നാണ് ശ്യാമപ്രസാദിന്റെ ഋതു. പുതുതലമുറയുടെ കാമനകളും മനോഭാവങ്ങളും നവീനമായ ആഖ്യാനശൈലിയിൽ അവതരിപ്പിച്ച ഈ ചിത്രം, പുതുമുഖ അഭിനേതാക്കളെ പരിചയപ്പെടുത്തി. പഴയ തലമുറയ്ക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നെങ്കിലും, കഥാഖ്യാനത്തിലെ ധൈര്യവും ഒഴുക്കും കൊണ്ട് ഋതു മലയാള സിനിമയുടെ ഗുണപരമായ മുന്നേറ്റത്തിന് ഊർജം നൽകി.2010–2019 കാലയളവിലെ മറ്റൊരു വലിയ മാറ്റം, സൂപ്പർതാരകേന്ദ്രിത വിജയങ്ങളിൽ നിന്ന് മാറി പുതുമുഖങ്ങൾക്കും ചെറുപ്പക്കാർക്കും പ്രേക്ഷകർ സ്വീകരണമൊരുക്കിയതാണ്. 2019ലെ കുമ്പളങ്ങി നൈറ്റ്‌സ്, ഈ.മ.യൗ തുടങ്ങിയ ചിത്രങ്ങൾ പുതിയ ആഖ്യാന വഴികൾ തേടിയുള്ള ശക്തമായ ഉദാഹരണങ്ങളായി. ഇതോടെ സ്റ്റാർഡം നിന്നു ക്രാഫ്റ്റിലേക്കുള്ള ഒരു വ്യക്തമായ താൽപര്യമാറ്റം പ്രേക്ഷകരിൽ സംഭവിച്ചു. 2019 ന് ശേഷം 2025 വരെയുള്ള കാലയളവിൽ സംഭവിച്ച പ്രധാന മാറ്റം കോവിഡ് വരികയും ലോകം മൊത്തം അടഞ്ഞു പോവുകയും ചെയ്തതോടുകൂടി നമ്മുടെ ദൃശ്യ ആസ്വാദനത്തിന്റെ തലങ്ങൾ മാറുകയുണ്ടായി കാരണം അപ്പോഴാണ് ഒ ടി ടി പ്ലാറ്റ്ഫോം എന്ന സങ്കല്പം വരികയും പുതിയ ചലച്ചിത്ര ചിന്തകളും പരീക്ഷണങ്ങളും ഉണ്ടാവുകയും ചെയ്തത്. ഹോട്ട് സ്റ്റാർ ന്റെ സീരീസ് നോക്കുന്ന ഒരാൾ എന്ന രീതിയിൽ എനിക്ക് ഇത് പറയാൻ സാധിക്കും കാരണം ഞങ്ങൾ നോക്കുന്നത് ഒരു പഴയ രീതിയിലുള്ള കഥപറച്ചിൽ അല്ല കഥ പറച്ചിലിനെക്കാളും സംഭവഗതികളുടെ നിരന്തരമായ ചടുലത അതാണ് ശ്രദ്ധിക്കേണ്ടത്.  കോവിഡ് കാലവും ഒടിടി പ്ലാറ്റ്ഫോമുകളും ദൃശ്യ ആസ്വാദനത്തിന്റെ സ്വഭാവം തന്നെ മാറ്റി. സംഭവഗതികളുടെ നിരന്തരമായ ഒഴുക്കും വർത്തമാനകാലത്ത് നിന്നുള്ള കഥപറച്ചിലും പ്രാധാന്യം നേടിയതിനൊപ്പം താരപ്രാധാന്യം പിന്നിലായി. അങ്ങനെ, 2010ന് ശേഷമുള്ള ഹൈപ്പർ റിയാലിറ്റിയിലേക്കുള്ള ഈ വൻചുവട് മാറ്റം മലയാള സിനിമയിലെ ഏറ്റവും ഗുണപരമായ പരിവർത്തനമായി നിലകൊള്ളുന്നു.
സൂപ്പർതാരങ്ങളുടെ വൻ വിജയങ്ങൾ നടക്കുമ്പോൾ തന്നെ അതിൽ നിന്നും മാറി ചിന്തിച്ചു കൊണ്ട് മമ്മൂട്ടി അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയിലൂടെ നിർമ്മിച്ച കാതൽ, ഭ്രമയുഗം പോലുള്ള പരീക്ഷണ ചിത്രങ്ങൾ അവതരിപ്പിക്കുകയും അവ സ്വീകരിക്കപ്പെടുകയും ചെയ്തത് മലയാളിയുടെ ഭാവുകത്വപരിണാമത്തിന്റെ തെളിവാണ്.
ഇന്ന് മലയാള സിനിമ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും പുതുമകളും നടക്കുന്ന ഒരു ശക്തമായ വേദിയായി മാറിയിരിക്കുന്നു. സിനിമകളും സീരീസുകളും അന്യഭാഷകളിലും അംഗീകാരം നേടുന്നു. സർവ്വം മായ പോലുള്ള പുതിയ ചിത്രങ്ങൾ മനുഷ്യസ്വഭാവങ്ങളുടെ ആഴത്തിലുള്ള പഠനങ്ങളിലൂടെ ജീവിതത്തിന്റെ നേർപകർച്ചകളായി മാറുന്നു.
അജയ്യരുടെയും, അപരാജിതരുടെയും,  അതിമാനുഷരുടെയും നായകാരൂഢസ്ഥാനത്ത്, ജീവിതത്തിന്റെ പരാജയങ്ങളും കൈയ്പ്പും നിരന്തരമായ തിരസ്കാരങ്ങളും ഏറ്റുവാങ്ങുന്ന സാധാരണക്കാരായ നായകന്മാർ കൂസലന്യേ കടന്നിരുന്നു.
.അടുത്തകാലത്തിറങ്ങിയ ‘എക്കോ’ എന്ന ചിത്രം ഇതിന് വലിയൊരു ഉദാഹരണമാണ്. വളരെ ദുർബലനെന്ന് തോന്നിക്കുമെങ്കിലും പതിഞ്ഞിരുന്ന് തിരിച്ചടിക്കുന്ന ഒരു നായകനെയാണ് അതിൽ നാം കണ്ടത്.  ‘മഹേഷിന്റെ പ്രതികാരത്തിൽ’ സ്വന്തം ഗ്രാമത്തിന് മുന്നിൽ മാനം കെട്ടുപോയ ഒരാളുടെ ആത്മാഭിമാനം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് നാം കണ്ടതെങ്കിൽ, ‘മഞ്ഞുമ്മൽ ബോയ്സിൽ’ ഒരു സാധാരണക്കാരൻ്റെ അതിജീവന ധീര കഥയാണ് പ്രതിപാദ്യം.
​ഇത്തരത്തിൽ ആഢ്യ മാടമ്പിത്തത്തിന്റെയോ, അമാനുഷ തന്റേടിത്വത്തിന്റെയോ ഊതിപ്പെരുപ്പിച്ച ധാർഷ്ട്യങ്ങളിൽ നിന്നും ഇറങ്ങി വന്ന  നായകർ, ജീവിതത്തിൻ്റെ പുറമ്പോക്കുകളിൽ തല്ലു കൊണ്ടും, നിന്ദകൊണ്ടും,  തകരാത്ത, തനിമ ചോരാത്ത സ്വത്വങ്ങളായി ഉയർത്തെഴുന്നേറ്റ് നമ്മുടെ ഹൃദയം കവരുന്നു. അവരുടെ ശക്തിദൗർബ്ബല്യങ്ങളിൽ നിന്നും തനി വാഴ് വിൻ്റെ  ഗന്ധമാദനക്കാറ്റ് അരിച്ചെത്തുന്നു.

സാഹിത്യത്തിൽ
വിപണിയുടെ സ്വാധീനം

മനോജ് ജാതവേദര്

സാഹിത്യത്തിൽ വിപണിയുടെ സ്വാധീനം പ്രകടമായി എന്നതാണ് ഈ നൂറ്റാണ്ടിലെ ആദ്യത്തെ ഇരുപത്തിയഞ്ച് വർഷങ്ങളിലെ പ്രവണത. ഹാൻ കാങ്ങിന്റെ ‘വെജിറ്റേറിയൻ’ നോബൽ സമ്മാനാർഹമായതിന്റെ പശ്ചാത്തലമെന്നത്, സംസ്കാരത്തെ ഒരു വിപണന വസ്തുവായി പ്രമോട്ട് ചെയ്യാനുള്ള കൊറിയൻ സർക്കാരിന്റെ തീരുമാനം കൂടിയാണെന്ന് ഇന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പുസ്തകം അഥവാ സാഹിത്യ സൃഷ്ടി എന്നത് ആർട്ട് എന്നതിനോടൊപ്പം ഒരു വ്യാവസായിക ഉല്പന്നം കൂടിയാണെന്ന ചിന്ത ഇന്ന് മലയാളത്തിലും വേരു പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങൾ വിവര സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റം ദേശങ്ങളുടെ അതിർത്തികളെ അപ്രസക്തമാക്കിയതിന്റെ പ്രതിഫലനം, കേരളത്തിന്റെ പരിമിത ഭൂപ്രദേശങ്ങൾക്കപ്പുറത്തേക്ക് പാൻ ഇന്ത്യൻ, ഒരുപക്ഷെ ഗ്ലോബൽ എന്ന രീതിയിലേക്കു പോലും, മലയാളത്തിന്റെ എഴുത്തുലോകം വികസിച്ചു എന്നതാണ്. ലോക രാഷ്ട്രീയത്തിലെ ആഗോളവൽക്കരണം അങ്ങനെ മലയാളത്തിലും ഇന്നൊരു യാഥാർത്ഥ്യമാണ്. ദേശങ്ങൾക്കപ്പുറത്തേക്കുള്ള കുടിയേറ്റവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഏതൊരു ദേശത്തെയും എഴുത്ത് വശഗതമാകുന്നതിലെ എളുപ്പവും വിനോദസഞ്ചാരം ഒരു സംസ്കാരവും ശീലവുമായി വികസിച്ചതുമായ ഒട്ടേറെ കാരണങ്ങൾ ഇതിനുപിന്നിലുണ്ട്.

എന്നാൽ ആവിഷ്ക്കാരത്തിന്റെ അനന്ത സാദ്ധ്യതകൾ തേടാൻ ഇന്നും മലയാള സാഹിത്യം മടിക്കുന്നില്ലേ എന്നൊരു ഉത്കണ്ഠയും ഇല്ലാതില്ല. ഒരു വാചകത്തിന്റെ എഴുത്തിനായി നാന്നൂറോ അഞ്ഞൂറോ പുറങ്ങൾ തേടുന്ന ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്‌ന ഹോർക്കായ് പോലുള്ളവരുടെ പരീക്ഷണാത്മക എഴുത്തിലേക്ക് മലയാളത്തിന്റെ എഴുത്ത് ഇനിയും വളരാത്തതിന്റെ കാരണവും വിപണിയുടെ ദു:സ്വാധീനമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പോയ നൂറ്റാണ്ടിന്റെ അവസാനത്തെ അമ്പതുവർഷങ്ങളിലെ മലയാള സാഹിത്യത്തിലെ പരീക്ഷണാത്മകതയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് ആശങ്കപ്പെടുത്തുന്നതാണ്.

തലമുറയെ നിർവചിക്കാവുന്ന ദിശാമാറ്റമില്ല

ബാബു കുഴിമറ്റം

2000–2025 കാലഘട്ടത്തിലെ മലയാള സാഹിത്യത്തിന്റെ അവസ്ഥയെ കുറിച്ച് പറയുകയാണെങ്കിൽ ഗൗരവമുള്ള കുറേ കാര്യങ്ങളിലൂടെ സഞ്ചരിക്കേണ്ടതായി വരും. വിമർശനങ്ങളാണ് പറയുന്നതെന്ന് തോന്നാമെങ്കിലും സത്യങ്ങൾ സധൈര്യം വിളിച്ചു പറയാൻ ആകുമ്പോൾ മാത്രമാണ് ഒരു സാഹിത്യകാരൻ നല്ലൊരു എഴുത്തുകാരൻ ആകുന്നത്.കഥയായാലും കവിതയായാലും കാലോചിതമായി ഭാവുകത്വം മാറുമ്പോഴാണ് അത് ശ്രദ്ധേയമാകുന്നതെന്ന് എന്നതാണ് എന്റെ അഭിപ്രായം.എന്നാൽ 70–80 കാലഘട്ടങ്ങൾക്ക് ശേഷം മലയാള സാഹിത്യത്തിൽ ഒരു തലമുറയെ നിർവചിക്കാവുന്ന ശക്തമായ ദിശാമാറ്റം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തേണ്ടതായി വരും.

നല്ല രചനകൾ ഉണ്ടായിട്ടുണ്ടെങ്കിലും പലതും അപൂർണ്ണമായിത്തീരുകയും കാലഘട്ടത്തിന്റെ അടയാളമായി മാറാൻ കഴിയാതിരിക്കുകയും ചെയ്തു.ഇത് കാലത്തിന്റെ കുറ്റമല്ല, എഴുത്തുകാരുടെ തന്നെ ഉത്തരവാദിത്വക്കുറവാണ് എന്ന് ഞാൻ തുറന്നുപറയുന്നു.ഇന്നത്തെ എഴുത്തുസമൂഹം ഒഴുക്കിനൊപ്പം ഒഴുകുന്ന, അധികാരത്തെ ഭയപ്പെടുന്ന ഒരു കൂട്ടമായിത്തീർന്നുവെന്നതാണ് ഏറ്റവും വലിയ അധാർമികതയെന്നു ഞാൻ മനസിലാക്കുന്നു. അധികാരത്തെയും അധികാരികളെയും ചോദ്യം ചെയ്യാതെ വാഴ്ത്തിപ്പാടുന്ന പ്രവണത സാഹിത്യത്തെ ആഴത്തിൽ ക്ഷയിപ്പിച്ചു.രാഷ്ട്രീയ അധികാരികൾ മാത്രമല്ല, മാധ്യമ ഉടമകളും പ്രശസ്ത എഴുത്തുകാരും വരെ ഇന്ന് അധികാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.ഇത്തരം അധികാര അധിനിവേശം സാഹിത്യത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കി. സ്വാധീനശക്തിയില്ലാത്തവർക്കും പ്രത്യക്ഷ പിന്തുണകളില്ലാത്തവർക്കും എഴുത്തുകാരനായി ഉയരാനുള്ള സാഹചര്യം ഇന്ന് വളരെ പരിമിതമാണ്. ഈ യാഥാർത്ഥ്യത്തിനെതിരെ ശക്തമായ എഴുത്തുകാരുടെ മുന്നേറ്റമോ പ്രസ്ഥാനമോ ഉണ്ടായിട്ടില്ല എന്നതും ഒരു ന്യൂനതയാണ്.
മുൻകാലങ്ങളിൽ കാലത്തിന്റെ ഊർജ്ജം കൈമാറിയ മാറ്റങ്ങൾ എഴുത്തുകാരിൽ നിന്നായിരുന്നു ഉദിച്ചത്.

എന്നാൽ 90കളോടെ ആ ഊർജ്ജം ക്ഷയിച്ചുതുടങ്ങി, 2000–2025 കാലയളവിൽ അത് കൂടുതൽ മങ്ങിപ്പോയതായി നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും.ഇന്നുണ്ടാകുന്ന പല രചനകളും മാധ്യമങ്ങളുടെ നിലനിൽപ്പിനായി നിർമ്മിക്കപ്പെടുന്നതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.വായനക്കാരന്റെ അനുഭവലോകം വിപുലീകരിക്കുന്നില്ല.
വായനാശീലം കുറയാൻ പ്രധാന കാരണങ്ങളിൽ ഒന്ന് ആവർത്തനവിരസതയാണെന്നാണ് ഞാൻ വിലയിരുത്തുന്നത്.പുസ്തകങ്ങൾ ഏറെ അച്ചടിക്കപ്പെടുകയും ലൈബ്രറികളിൽ എത്തുകയും ചെയ്യുന്നുണ്ടെങ്കിലും അവ വായിക്കപ്പെടുന്നുണ്ടോ എന്നത് ആരും പരിശോധിക്കുന്നില്ല.ഇന്ന് പല ലൈബ്രറികളും വായനയൊഴികെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന ഇടത്താവളങ്ങളായി മാറിയിരിക്കുന്നു.വായനാശീലം കുട്ടികളിൽ നിന്നാണ് വളർത്തേണ്ടതെന്നു മറന്നുപോകുന്ന സമൂഹം കതിരിൻ മേൽ വളം വയ്ക്കുന്നതുപോലെയാണ് ബാല്യത്തിൽ ശീലിപ്പിക്കാത്ത വായനയും എഴുത്തുമെല്ലാം ജീവിതപ്പകുതിയിൽ കൊണ്ടു വന്നു നിറച്ചു ഭാഷയെ വിഷലിപ്തമാക്കുന്നത്.അതിന് രക്ഷകർത്താക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും ഒരുപോലെ ഉത്തരവാദികളാണ്.

ഇന്നത്തെ കുട്ടികൾ ബൗദ്ധികമായി മുന്നിൽ നിൽക്കുമ്പോഴും അവരുടെ താൽപര്യങ്ങൾക്കൊത്ത മികച്ച ബാലസാഹിത്യം, പ്രത്യേകിച്ച് സയൻസ് ഫിക്ഷൻ, മലയാളത്തിൽ കുറവാണെന്നതും ഒരു വലിയ പോരായ്മയാണ്.
ഭാവുകത്വം നിറഞ്ഞ, കാലത്തെ നേരിടുന്ന ശക്തമായ എഴുത്തുകൾ ഉണ്ടാകാതെ പോയാൽ മലയാള സാഹിത്യം ശൂന്യതയിലേക്ക് നീങ്ങുമെന്നു നിസ്സംശയം നമുക്ക് പറയേണ്ടി വരും.

സാങ്കേതിക കുതിച്ചുചാട്ടവും ദൃശ്യപരിവർത്തനങ്ങളും

നേമം പുഷ്പരാജ്

സാങ്കേതിക കണ്ടുപിടുത്തങ്ങളുടെ അതിവേഗ കുതിച്ചുചാട്ടം ലോകമാകെ വലിയ സാമൂഹ്യ–സാംസ്കാരിക മാറ്റങ്ങൾക്കാണ് കാരണമായത്. ആഗോളീകരണത്തിന്റെ കാലഘട്ടത്തിൽ ലോകത്തിന്റെ ഏത് ഭാഗത്ത് സംഭവിക്കുന്ന മാറ്റവും, അതിന്റെ പ്രതിഫലനം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്ന അവസ്ഥയിലേക്കാണ് മനുഷ്യ സമൂഹം നീങ്ങിയത്. ഈ ആഗോള പ്രവണതകളിൽ നിന്ന് സിനിമയും ഒഴിഞ്ഞുനിന്നില്ല. ആധുനിക ചിന്താധാരകളും സാങ്കേതിക കണ്ടെത്തലുകളും സ്വീകരിക്കുന്ന കലാരൂപമെന്ന നിലയിൽ, സിനിമയ്ക്കും ഈ മാറ്റങ്ങൾ അനിവാര്യവും ബാധകവുമായി.
2000 മുതൽ 2025 വരെയുള്ള കാലയളവിൽ മലയാള സിനിമയിൽ സംഭവിച്ച മാറ്റങ്ങളെ വിശകലനം ചെയ്യുമ്പോൾ, സാങ്കേതികവിദ്യ സിനിമയുടെ എല്ലാ തലങ്ങളിലും സ്വാധീനം ചെലുത്തിയതായി കാണാം. പ്രമേയങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയിൽ, ചലച്ചിത്ര നിർമ്മാണ സമീപനത്തിൽ, താരനിർണ്ണയത്തിൽ, പശ്ചാത്തല രൂപകല്പനയിൽ, ദൃശ്യാവിഷ്കാര ശൈലിയിൽ എന്നിങ്ങനെ എല്ലാ ഘട്ടങ്ങളിലും ഈ സാങ്കേതിക മുന്നേറ്റങ്ങൾ നിർണായകമായി ഇടപെട്ടു.

ഒരു കാലത്ത് സ്ഥിരം സെറ്റുകളിലും നിയന്ത്രിത ഇടങ്ങളിലുമായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണങ്ങളും. എന്നാൽ പുതിയ സാങ്കേതികവിദ്യകൾ വന്നതോടെ ഈ സമീപനം പൂർണ്ണമായും പൊളിച്ചെഴുതപ്പെട്ടു. വൻചെലവ് ആവശ്യമായ കൂറ്റൻ സെറ്റുകൾ നിർമിക്കേണ്ട സന്ദർഭങ്ങളിലും, അപകടസാധ്യതയുള്ളതോ യാഥാർത്ഥ്യത്തിൽ ചിത്രീകരിക്കാൻ പ്രയാസമുള്ളതോ ആയ ദൃശ്യങ്ങൾ സൃഷ്ടിക്കേണ്ടിവരുമ്പോഴും, ക്യാമറയിൽ പൂർണ്ണമായി പകർത്താൻ കഴിയാത്ത കാഴ്ചകൾ അവതരിപ്പിക്കേണ്ട സാഹചര്യങ്ങളിലും, കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലേക്കാണ് സിനിമ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയത്.
ഇതോടെ വിഎഫ്എക്സ് (Visual Effects) മലയാള സിനിമയുടെ ദൃശ്യഭാഷയിൽ സുപ്രധാനമായൊരു ഘടകമായി മാറി. കൽപിത ലോകങ്ങൾ സൃഷ്ടിക്കാനും, വൻകെട്ടിടങ്ങൾ തകർന്നു വീഴുന്ന ദൃശ്യങ്ങൾ അവതരിപ്പിക്കാനും, അത്ഭുത ജീവികളെയും മഹാവിസ്ഫോടനങ്ങളെയും ആവിഷ്കരിക്കാനും, ആക്ഷൻ, ഫാന്റസി, ശാസ്ത്രകഥ, ചരിത്രചിത്രങ്ങൾ എന്നിവയെ പരിമിതികളില്ലാതെ നിർമ്മിക്കാനും വിഎഫ്എക്സ് വലിയ സഹായമായി. ഒരുകാലത്ത് സാങ്കേതിക പരിമിതികൾ മൂലം അസാധ്യമായിരുന്ന ദൃശ്യങ്ങൾ പോലും, ഇന്ന് കൂടുതൽ യാഥാർത്ഥ്യത്തോടെയും ഭംഗിയോടെയും അവതരിപ്പിക്കാൻ സാധിക്കുന്ന സാഹചര്യം രൂപപ്പെട്ടു.
ഈ സാങ്കേതിക കൂട്ടിച്ചേർക്കലുകളാണ് കാലങ്ങളായി നിലനിന്നിരുന്ന പരമ്പരാഗത കലാസംവിധാന രീതികളിൽ നിന്ന് സമീപകാല കലാസംവിധാനങ്ങളെ വ്യക്തമായി വേർതിരിക്കുന്നത്. സിനിമ ഇനി വെറും കഥപറച്ചിലിന്റെ മാധ്യമമല്ല; ദൃശ്യാനുഭവങ്ങളുടെ സങ്കീർണ്ണമായ ഘടനയായി അത് മാറിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയുടെ ഇടപെടൽ സിനിമയുടെ സൗന്ദര്യബോധത്തെയും അവതരണരീതിയെയും ആഗോളതലത്തിൽ തന്നെ പുതുക്കിയെഴുതുന്ന ഘട്ടത്തിലാണ് മലയാള സിനിമയും ഇന്ന് നിലകൊള്ളുന്നത്.
അതേസമയം, ഈ സാങ്കേതിക മുന്നേറ്റങ്ങൾ സിനിമയെ കൂടുതൽ സാദ്ധ്യതകളുള്ള മാധ്യമമാക്കുമ്പോഴും, അതിന്റെ ഉപയോഗം കലയുടെ ആത്മാവിനെ ശക്തിപ്പെടുത്തുന്നതാകണമെന്ന ബോധ്യവും അതിനൊപ്പം ഉണ്ടാകേണ്ടതുണ്ട്. സാങ്കേതികവിദ്യ ഒരു ഉപാധിയായിരിക്കണം; കലയുടെ ഉള്ളടക്കത്തെ മറികടക്കുന്ന കേന്ദ്രബിന്ദുവായി അത് മാറരുത് എന്ന തിരിച്ചറിവാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയം. വരാൻ പോകുന്ന കാലം സിനിമയിൽ അത്യന്തം നല്ല മാറ്റങ്ങൾ ഇതുപോലെ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

നവസിനിമയും
മലയാളിയും !

ഇർഷാദ് അലി

മലയാള സിനിമാ ഇൻഡസ്‌ട്രിയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്. സമാന്തര നായകത്വത്തെയും സമാന്തര സിനിമാവ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. മലയാളത്തിൽ ഉണ്ടാകുന്ന ബിഗ് ബഡ്ജറ്റ് മൂവികളുടെയും മുതൽമുടക്ക് കുറഞ്ഞ സിനിമകളുടെയും ഭാഗമാകുന്ന ഒരാൾ എന്ന നിലയ്ക്ക് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ സിനിമാസംസ്കാരത്തിൻ്റെ കുതിപ്പിനെയാണ് ഞാൻ അഭിമാനപൂർവം കാണുന്നത്.
നമ്മുടേത് ഒരു ചെറിയ ഭാഷയാണ്. പക്ഷെ നമ്മുടെ സിനിമയുടെ ഭാഷ അഭ്രപാളിയിൽ എത്തുന്നത് ഈ ഭാഷാ ന്യൂനതകളെ പരിഹരിച്ചുകൊണ്ടാണ്. അതിന് മലയാളത്തിലെ സിനിമാ പ്രേമികളെയും ചലച്ചിത്ര പ്രവർത്തകരെയും ഏറെ സ്വാധീനിച്ച ഒരു പ്രധാന ഘടകം ഐ എഫ് എഫ് കെ പോലെയുള്ള രാജ്യാന്തര ചലച്ചിത്ര മേളകളും പിന്നെ ജില്ലകൾ തോറും നടന്നുവരുന്ന പ്രാദേശിക ചലച്ചിത്രോത്സവങ്ങളുമാണ്. മലയാളിയുടെ ചലച്ചിത്രബോധത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താനും പുതിയ ചലച്ചിത്ര സംവിധായകരെയും സിനിമാ പ്രവർത്തകരെയും രൂപീകരിച്ചെടുക്കാൻ ഇത്തരം മേളകൾ വലിയ തോതിൽ സഹായകമായിട്ടുണ്ട്. കേരളത്തിലെ സർക്കാർ/ സർക്കാരേതര ചലച്ചിത്ര അവാർഡുകളും പുതിയ ചലച്ചിത്ര പ്രവർത്തകരെ കണ്ടെത്താനും വളർത്താനും ഉപകരിക്കുന്നുണ്ട്.

ഇന്ന് രണ്ടോ മൂന്നോ ചലച്ചിത്ര തൽപ്പരർ ഒരുമിച്ചിരുന്ന് മൂന്നു ദിവസം ഒരു പ്രമേയം ചർച്ച ചെയ്താൽ നാലിന്റെ അന്ന് അതിന് സിനിമാരൂപം നൽകാൻ പാകത്തിൽ കേരളത്തിലെ നിർമ്മാണ കമ്പനികളും മുന്നോട്ടു വരുന്നുണ്ട്. നായികാ / നായക കൺസപ്റ്റുകൾ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ വൻ തോതിൽ മാറിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ എല്ലാ വർഷവും ഓരോ പുതിയ സംവിധായകരെ സൃഷ്ടിക്കാൻ ചലച്ചിത്ര മേളകളും ചലച്ചിത്ര പുരസ്കാരങ്ങളും വഴിയൊരുക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ പ്രേക്ഷകർ നൽകിയ ഊർജ്ജവും ചെറുതല്ല. ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമാന്തരവും അതേ സമയം പ്രേക്ഷകർ ഏറ്റെടുക്കുന്നതുമായ ചെറിയ സിനിമകൾ പോലും വലിയ വിജയം നേടുന്നതിനെ മലയാളസിനിമയുടെ ജനപ്രിയതയും ജനകീയതയുമായി കണ്ടേ മതിയാകൂ.

സ്ട്രീമിംഗ് കാലത്തെ
മലയാളസിനിമയുടെ ആത്മനഷ്ടം

മായ വിശ്വനാഥ്

സാങ്കേതികമായ കണ്ടുപിടുത്തങ്ങളുടെ കുതിച്ചുചാട്ടം വലിയ മാറ്റങ്ങൾക്കാണ് കാരണമായിട്ടുള്ളത്. ഇത് സിനിമയിലും സംഭവിച്ചു. ആഗോളീകരണത്തിന്റെ കാലത്ത് ലോകത്തെവിടെയും ഉണ്ടാകുന്ന മാറ്റം നമ്മുടെ മാറ്റവുമായിരുന്നു. ആധുനിക പ്രവണതകളേയും കണ്ടെത്തലുകളേയും സ്വീകരിക്കുന്ന സിനിമയ്ക്കും ഇത് ബാധകമായിരുന്നു.

പ്രമേയ സ്വീകാര്യത, ചലച്ചിത്ര നിർമ്മാണ സമീപനത്തിൽ, താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ, പശ്ചാത്തലം ഒരുക്കുന്നതിൽ, എല്ലാം ഇത് സ്വാധീനിച്ചു.സ്ഥിരം സെറ്റുകളിലു ള്ള ചിത്രീകരണം പൊളിച്ചെഴുതപ്പെട്ടു .കൂറ്റൻ സെറ്റിടേണ്ട സന്ദർഭങ്ങളിലും, അപകടം നിറഞ്ഞതും യാഥാർത്ഥത്തിൽ ചിത്രീകരിക്കാൻ സാധിക്കാത്തതുമായ വേളകളിലും, വളരെയേറെ ചിലവ് വരുന്നതോ അപകടകരമോ ആയ ദൃശ്യങ്ങൾ ചിത്രീകരിക്കേണ്ടി വരുമ്പോഴും , ക്യാമറയിൽ പൂർണ്ണമായും ചിത്രീകരിക്കാനാകാത്ത കാര്യങ്ങൾ ചിത്രീകരിക്കേണ്ടി വരുമ്പോഴും കൂടുതൽ യാഥാർത്ഥ്യത്തോടെയും ഭംഗിയായും നിർമ്മിക്കാൻ കമ്പ്യൂട്ടർ സാങ്കേതികവിദ്യയെ (VFX) സമീപിക്കാൻ തുടങ്ങി.
കൽപിതമായ ലോകങ്ങളെ സൃഷ്ടിക്കുവാനും കെട്ടിടങ്ങൾ തകർന്നു വീഴുന്നത് കാണിക്കാനും അത്ഭുത ജീവികൾ, മഹാവിസ്ഫോടനങ്ങൾ, ആക്ഷൻ സിനിമകൾ ഫാന്റസി സിനിമകൾ,ശാസ്ത്രവുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങൾ ഫിക്ഷൻ സിനിമകൾ ചരിത്ര സിനിമകൾ , ഇവയുടെയെല്ലാം നിർമ്മാണത്തെ പരിമിതികളില്ലാതെ സഹായിക്കാൻ സ്പെഷ്യൽ ഇഫക്ടിനായി. (VFX) ഇത്തരം കൂട്ടിച്ചേ ർക്കലുകളാണ് കാലങ്ങളായി തുടർന്നു വന്ന സാധാരണ കലാസംവിധാനത്തിൽ നിന്ന് സമീപകാല കലാസംവിധാനത്തെ വ്യത്യസ്തമാക്കുന്നത്.

Author

48 Views
Scroll to top
Close
Browse Categories