ഉടമ്പടികൾ

ഈയിടെയായി
ഒരു സമാധാനവുമില്ല.
കാഴ്ചകളെല്ലാം
കീഴ്മേൽമറിഞ്ഞ്
അകമേ കലങ്ങി ചുവക്കുന്നു.
കേൾവികളെപ്പോഴും
നിലവിളികൾ മാത്രം പെരുക്കുന്നു.
പുലർനടത്തങ്ങൾ
ഒരു പാട്ട് ദൂരത്തിലൊതുങ്ങുന്നു..
മടക്കയാത്രകളിൽ
കുട മറന്നുപോകുന്നു.
വീടെന്ന് കരുതി
അയൽക്കാരന്റെ ഗെയ്റ്റിൽ മുട്ടുന്നു!
മരുന്ന് കുറിപ്പടികൾ
അനാദികടക്കാരന് നൽകി സഞ്ചി നീട്ടുന്നു.
പ്രഷറിന്റെ ഗുളിക
സുഗറിനു പകരമായ് കുടിക്കുന്നു.
ഈയിടെയായി
ഒരു സമാധാനവുമില്ല.
ഇന്നലെ ഉച്ചയ്ക്ക്
അടുത്ത ചങ്ങാതിയോട്
വെറുതെ തട്ടിക്കയറി.
നഴ്സറിയിൽ പഠിക്കുന്ന
പേരക്കുട്ടിയെന്ന് നിനച്ച്
മറ്റൊരുവന്റെ കുട്ടിയെ ഉമ്മ വെച്ചു
മരണ വീട്ടിലേക്കുള്ള യാത്ര
കല്യാണ വീട്ടീൽചെന്ന് കിതപ്പടക്കി.
കുളിക്കേണ്ട നേരം മറന്നു ;
കഴിക്കേണ്ട ഭക്ഷണവും…
മുടിയൊന്നു വെട്ടണം
താടിയൊന്നു മിനുക്കണം
എന്നൊക്കെ വിചാരിച്ചിറങ്ങിയതായിരുന്നു.
ചെന്നു കയറിയത്,
കുടുംബ ഡോക്ടറുടെ മുറിയിൽ.
താടിയുഴിഞ്ഞ് തല നീട്ടി
ഡോക്ടറോട് മൊഴിഞ്ഞു:
നന്നായി വെട്ടിക്കോളൂ
മുടിഭാരത്തേക്കാൾ വലിയ
മറ്റൊരു ഭാരമില്ല.
9846323768






