ബഹുജന വഞ്ചനയുടെ ചരിത്രം:അവസാനിക്കാത്ത ജനായത്ത പോരാട്ടങ്ങള്‍
പ്രവേശനം വിലക്കുന്നിടത്തെല്ലാം കടന്നു കയറണം… വേലികെട്ടിയാല്‍ അതിനുമീതേകൂടിക്കയറണം… മൂടിവച്ച പാല്‍പ്പായസം കോരിക്കുടിക്കണം, പന്തിയില്‍ കടന്നിരിക്കണം… വെടിവെക്കും പറന്നു പോകരുത്… നമുക്ക് ഒരു വടിവേണം, നമ്മെ തല്ലാനെത്തുന്നവര്‍ വടിതേടി കഷ്ടപ്പെടരുതല്ലോ…
(ശ്രീനാരായണഗുരു 1924 (ശ്രീനാരായണഗുരു വൈഖരി, ഡോ. ടി. ഭാസ്‌കരന്‍)

1924ല്‍ ഗുരു നടത്തിയ പ്രവേശനത്തിനും പ്രാതിനിധ്യത്തിനുമായുള്ള സന്ദേശമാണ് ഇന്ന് ജനായത്ത ഭരണഘടനാ അട്ടിമറികളുടെ കാലത്ത് ഏറെ പ്രസക്തം. ഒളിഗാര്‍ക്കി അമിതപ്രാതിനിധ്യക്കുത്തക പെരുപ്പിക്കുമ്പോള്‍ പ്രാതിനിധ്യ ജനായത്തസമരങ്ങള്‍ ഊര്‍ജിതമാകണം. മനുഷ്യരെന്ന നിലയില്‍ എവിടെ പ്രവേശനവും പ്രാതിനിധ്യവും വിലക്കപ്പെടുന്നോ അവിടെ മനുഷ്യരായി സാഹോദര്യത്തോടെ കടന്നുകയറി പ്രാതിനിധ്യാവകാശം സമാധാനപരമായും ജനായത്തപരമായും സ്ഥാപിക്കണം.
തല്ലുകിട്ടിയാല്‍ കൊള്ളണം, തിരിച്ചുതല്ലരുത്. പ്രാതിനിധ്യത്തിനായി ചാകാനും മടിക്കരുതെന്നായിരുന്നു 1924ലെ ഗുരുവരുള്‍
1924 മാര്‍ച്ച് 30 നു തുടങ്ങിയ വൈക്കം സത്യഗ്രഹസമരം 603 ദിവസങ്ങള്‍ പിന്നിട്ട് 1925 നവംബര്‍ 23 നാണ് അവസാനിച്ചത്. ഏറെ വഞ്ചനകളും ചതികളും സഞ്ചാരസ്വാതന്ത്ര്യത്തിനായി പൊതുവിട പൗരാവകാശപ്രക്ഷോഭങ്ങളിലിറങ്ങിയ അവര്‍ണരായ ബഹുജനങ്ങള്‍ നേരിട്ടു. നടവഴിപോലും മാറ്റിവെട്ടേണ്ടിവന്നു. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടില്ല. എന്നാലും ലോകശ്രദ്ധയെ വൈക്കത്തേക്കും ജാതിത്തീണ്ടലിലേക്കും അതടിച്ചേല്‍പ്പിക്കുന്ന സനാതനവൈദികവര്‍ണാശ്രമ ധര്‍മ്മത്തിലാധാരമായ ഹിന്ദുമതത്തിലേക്കും കൊണ്ടുവരുവാന്‍ സത്യഗ്രഹസമരത്തിനു കഴിഞ്ഞു.

മാറ്റത്തിന് വഴിമരുന്നാകാന്‍ ത്യാഗികളായ സാധാരണ അവര്‍ണബഹുജനങ്ങളുടെ സഹനസമരത്തിനായി. ഗാന്ധിയേയും പെരിയോറേയും വൈക്കത്തുകൊണ്ടുവരാനും, ഇണ്ടന്‍തുരുത്തിയുമായി ചര്‍ച്ചനടത്തിയതെല്ലാം രേഖപ്പെടുത്താനും ടി. കെ. മാധവനടക്കമുള്ള ഗുരുശിഷ്യര്‍ക്കായി. അവസാനം ബാക്കിയായ ബാരിക്കേഡിന്റെ മുറിവേലിപ്പത്തലുകള്‍ (മൂലൂരിന്റെ സാഹോദര്യമെന്ന കവിതയിലെ പ്രയോഗം) ടി. കെ. മാധവന്‍ തന്നെ പൊളിക്കേണ്ടതായി വന്നു. അതിനിടെ കെ. കേളപ്പനെപ്പോലുള്ള സവര്‍ണകോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു നവനായകന്മാരായി പ്രഖ്യാപനം നടത്തി. സവര്‍ണജാഥയെന്ന തികഞ്ഞ ജാതിഹിന്ദുതന്ത്രപഥസഞ്ചലനത്തിലൂടെ മന്നംപിള്ളയെ പോലുള്ള നായന്മാരുടെ ഭൃത്യജനസമാജനേതാക്കള്‍ നവോത്ഥാനനായകന്മാരായി രംഗത്തുവന്നു. പിന്നീട് അവര്‍ണരുടെ സഞ്ചാരസ്വാതന്ത്ര്യം റദ്ദാക്കണമെന്നും ഈഴവര്‍ പന്നിപെറ്റുപെരുകിയ മന്ദബുദ്ധികളാണെന്നും ചാത്തന്‍പുലയന്‍ മന്ത്രിയായിരിക്കുന്നനാട്ടില്‍ നായന്മാര്‍ക്കു ജീവിക്കാനാവില്ല എന്നെല്ലാം 1950കളില്‍തരാതരംപോലെ കവലപ്രസംഗംനടത്തിയ ഈ വിമോചനസമരനായകനെയാണ് ഇന്ന് ഇടതുപക്ഷത്തിലൂടെ നവോത്ഥാനനായകനാക്കി ബഹുജനങ്ങളുടെ ചിലവില്‍ ഭരണഘടനയെ തൃണവല്‍ഗണിച്ച് പൊതുഅവധിയും കൊടുത്തിരിക്കുന്നത്.
ഭരണഘടനയെ നോക്കുകുത്തിയാക്കി സഹോദരനയ്യപ്പന്‍, പി. കെ. ചാത്തന്‍ മാസ്റ്റര്‍, പത്രാധിപര്‍ കെ. സുകുമാരന്‍, ആര്‍. ശങ്കര്‍ എന്നിങ്ങനെയുള്ള അവര്‍ണ ജനനേതാക്കളെ പരസ്യമായി കൊലവിളിച്ച് കവലപ്രസംഗം നടത്തിയ നല്ലനായകനായിരുന്നു മന്നം. 1930ല്‍ സവര്‍ക്കറേയും 1957ല്‍ ഗോള്‍വള്‍ക്കറേയും കേരളത്തിലേക്കു ക്ഷണിച്ചാനയിച്ചു പാദപൂജചെയ്തു സ്വയംസേവകസംഘികളാണ് മലയാളി ഹിന്ദുക്കളുടെ ആശാകേന്ദ്രമെന്നു പ്രഖ്യാപിച്ചു സ്ഥാപിച്ചതും ഇന്നു പന്തളത്ത് ക്ഷേത്രപ്രതിഷ്ഠയടക്കം നേടിയെടുത്തിരിക്കുന്ന മന്നമായിരുന്നു.

കെ. രാമകൃഷ്ണപിള്ളയില്‍ തുടങ്ങിയ മൂലൂരിനും കറുപ്പനും ഇതര അവര്‍ണരായ എഴുത്തുകാര്‍ക്കുമെതിരായ ജാതിത്തെറികളും ജാതിഭള്ളും മന്നംപിള്ളയിലൂടെയാണ് മണിച്ചിപ്പിള്ളയിലേക്കും ശൂദ്രതീണ്ടാരിലഹളയിലേക്കും വിശ്വാസിലഹളയിലെ സ്വയംസേവക-ഭൃത്യജനസമാജസംബന്ധത്തിലൂടെ കടക്കുന്നത്. ഇത്തരം ചരിത്രപരമായ പിന്നോട്ടടികളും പ്രതിവിപ്ലവങ്ങളും അരങ്ങേറുന്ന കേരളത്തില്‍ വൈക്കം പോരാട്ടപരമ്പരകള്‍ അവസാനിപ്പിച്ചുകൂട, അതൊരു തുടക്കമായിക്കണ്ട് ജനായത്തപ്പോരാട്ടങ്ങള്‍ തുടരേണ്ടതാണ്. ജനായത്തരാജ്യത്തിലെ പൗരരെ പ്രജകളെന്നുവിളിക്കുന്ന രാജഭരണമാടമ്പിവിഡ്ഢികൾ ഉന്നതകൊലജാതരായിച്ചമഞ്ഞ് അടുത്തജന്മത്തിലെ ബ്രാഹ്മണ്യം സ്വപ്‌നംകണ്ടു തറ്റുടുത്തുനടക്കുന്ന നാട്ടിലിതനിവാര്യമാണ്.
പ്രാതിനിധ്യവും പ്രവേശവും സ്ഥാപിച്ച 1924 ലെ ഗുരുവരുള്‍
മാനുഷികമായ പ്രാതിനിധ്യസന്ദേശമാണ് ഗുരുവിന്റെ വൈക്കം ഇടപെടലും സന്ദേശവും. പല പിന്നോട്ടടികളും ജനായത്ത അട്ടിമറികളും അധീശ ജാതിഹിന്ദുത്തം നടത്തിയെങ്കിലും യഥാര്‍ത്ഥത്തില്‍ വൈക്കം പോരാട്ടത്തിന്റെ കാതലായ സന്ദേശം മനുഷ്യരെന്ന നിലയിലുള്ള പൊതുവിട പ്രവേശവും സഞ്ചാര, മനുഷ്യാവകാശ സ്വാതന്ത്ര്യ പ്രഖ്യാപനവുമാണ്. അടിസ്ഥാന മനുഷ്യാവകാശവും പൗരാവകാശവുമായി ഗുരു പ്രവേശപ്രാതിനിധ്യങ്ങളെ ജനായത്തപ്പോരാട്ടചരിത്രസന്ദര്‍ഭത്തില്‍ സ്ഥാപിച്ചു. 1924ല്‍ ഗുരു നടത്തിയ പ്രവേശനത്തിനും പ്രാതിനിധ്യത്തിനുമായുള്ള സന്ദേശമാണ് ഇന്ന് ജനായത്ത ഭരണഘടനാ അട്ടിമറികളുടെ കാലത്ത് ഏറെ പ്രസക്തം. ഒളിഗാര്‍ക്കി അമിതപ്രാതിനിധ്യക്കുത്തക പെരുപ്പിക്കുമ്പോള്‍ പ്രാതിനിധ്യ ജനായത്തസമരങ്ങള്‍ ഊര്‍ജിതമാകണം. മനുഷ്യരെന്ന നിലയില്‍ എവിടെ പ്രവേശനവും പ്രാതിനിധ്യവും വിലക്കപ്പെടുന്നോ അവിടെ മനുഷ്യരായി സാഹോദര്യത്തോടെ കടന്നുകയറി പ്രാതിനിധ്യാവകാശം സമാധാനപരമായും ജനായത്തപരമായും സ്ഥാപിക്കണം. തല്ലുകിട്ടിയാല്‍ കൊള്ളണം, തിരിച്ചുതല്ലരുത്. പ്രാതിനിധ്യത്തിനായി ചാകാനും മടിക്കരുതെന്നായിരുന്നു 1924ലെ ഗുരുവരുള്‍.
ഗാന്ധി അതിനെ യങ്ങിന്ത്യയില്‍ ദുര്‍വ്യാഖ്യാനം ചെയ്തു ഹിന്ദുക്ഷേത്രങ്ങളിടിച്ചുനിരത്താനുള്ള കലാപാഹ്വാനമായി വ്യാഖ്യാനിച്ചപ്പോള്‍ ഗുരുവതിനെ വീണ്ടും സാന്ദര്‍ഭികമായി വിശദീകരിച്ചത് സമാധാനപരവും അഹിംസാപരവുമായ മനുഷ്യരുടെ മൗലികമായ അവകാശസ്ഥാപനമായിട്ടാണ്. പൊതുവിട പ്രവേശവും സാമൂഹ്യ, രാഷ്ട്രീയ പ്രാതിനിധ്യവും സഞ്ചാരസ്വാതന്ത്ര്യവും മൗലിക മനുഷ്യാവകാശങ്ങളായാണ് ഗുരു വിശദീകരിക്കുന്നത്. മലയാളി ബ്രാഹ്മണനു മാത്രം പൂജാരിയും ശാന്തിപ്പണിയും തന്ത്രിത്തരവും പാചകപ്പണിയും കഴകപ്പണിയുംവരെ കൊടുക്കുന്ന കൊടിയ ജാതിവിവേചനവും ഭരണഘടനാലംഘനവും ജാതിത്താലപ്പൊലികളും ഇന്നും അനവരതം തുടരുന്നു. കേരളത്തിലും ജാതിത്തെറികളും ജാതിക്കൊലകളും ജാതിക്കളികളും പെരുകുന്നു. പോറ്റിമാരും തന്ത്രിമാരും കരയോഗമുരാരിമാരും അമ്പലംവിഴുങ്ങികളായി ബ്രാഹ്മണാര്‍ജവബുദ്ധികളായി വിരാജിക്കുന്നു. എവിടെയാണ് ബ്രാഹ്മണിസം, എവിടെയാണ് ശൂദ്രതയെന്നാണ് സവര്‍ണപണ്ഡിതര്‍ അക്കാദമികളിലും മാധ്യമങ്ങളിലും വിളിച്ചുചോദിക്കുന്നത്. ദേവസ്വം ബോര്‍ഡു പോലെ പഞ്ചായത്തും നിയമസഭകളും പാര്‍ലമെന്റും ഒറ്റജാതിയുടെ കുത്തകയായ ഒളിഗാര്‍ക്കിയാണു ഭരിക്കുന്നത്. ബഹുജനജനായത്ത പ്രാതിനിധ്യം മുന്നാക്കക്കാരെന്ന അമിതപ്രാതിനിധ്യക്കാര്‍ക്കുമാത്രമുള്ള സാമ്പത്തികസംവരണത്തിലൂടെ ആവിയാക്കി ഇന്ത്യന്‍ഭരണഘടയുടെ ആധാരത്തെ തകര്‍ത്തിരിക്കുന്നു.

രക്തസാക്ഷി സ്മാരകവും അനിവാര്യം
വൈക്കത്തെ ജനായത്തപ്പോരാട്ടം ജാതിഹിന്ദുത്തവും തീണ്ടലും സ്ഥാപിതമായ മധ്യകാലത്തു തുടങ്ങിയതാണ്. പതിനാറാം നൂറ്റാണ്ടുവരെ പ്രബുദ്ധമായിരുന്നു വൈക്കം. 1539ലാണ് ബുദ്ധവിഹാരമായിരുന്ന വൈക്കം പെരുമ്പള്ളിയെ ബ്രാഹ്മണികശൈവക്ഷേത്രമാക്കി മാറ്റിയതെന്നതിനെ കുറിച്ചു പഠിച്ച സ്റ്റെല്ലാ ക്രാംറീചും ദലിത്ബന്ധു എന്‍. കെ. ജോസുമെല്ലാം എഴുതുന്നു. അന്നുമുതല്‍ അശോകന്‍ പ്രബുദ്ധതയുള്ള അടിസ്ഥാന അവര്‍ണജനത, പ്രത്യേകിച്ചും സംഘത്തിന്റെ അഥവാ ഈഴത്തിന്റെ സ്വന്തം ജനതയായ ഈഴവര്‍ അവിടെ സഞ്ചാര സ്വാതന്ത്ര്യസമരപരമ്പരകള്‍ നടത്തിപ്പോന്നു. ആധുനികകാലത്ത് വൈക്കത്തു നടന്ന ജാതിവിരുദ്ധ ജനായത്തപ്പോരാട്ടമായിരുന്നു ദളവാക്കുളം പോരാട്ടം. 200 ലധികം ഈഴവയുവാക്കളെ ദളവായുടെ കിങ്കരന്മാര്‍ വെട്ടിച്ചവിട്ടിച്ചെളിക്കുളത്തിലാഴ്ത്തി.
1806ലെ ദളവാക്കുളം കൂട്ടക്കൊലയുടെ മുഖ്യകാര്യവാഹിയായിരുന്ന ദളവാ വേലുത്തമ്പിയുടെ വിനീതവിശ്വസ്ഥന്‍ വൈക്കം പപ്പനാവപിള്ളയെന്ന ബഹുജനവംശഹത്യയ്ക്കു സൈനികകാര്‍മികത്തം വഹിച്ച നരാധമനായ കൊത്തുവാളന്റെ പ്രതിമയും വൈക്കത്തെ ഒരു സ്വകാര്യ മ്യൂസിയത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. വൈക്കം സത്യഗ്രഹത്തില്‍ നിന്നും ന്യൂനപക്ഷങ്ങളെയാകെ ബഹിഷ്‌കരിച്ച ഗാന്ധിയുടേയും മറ്റും ശില്പം സ്ഥാപിച്ചു തുടങ്ങിയ ഒരു ക്ഷുദ്രചങ്ങാത്തമാണിതിനു പിന്നില്‍. നായന്മാരുടെ സേവന സമാജവും അതിനായി പ്രമേയങ്ങള്‍ പാസാക്കുന്നു. കുഞ്ചിക്കുട്ടിപ്പിളള എന്ന സര്‍വാധികാര്യക്കാരന്റ പേരിലൊരു മ്യൂസിയവും കൂടിയായാല്‍ നായ-നസ്രാണി ഒളിഗാര്‍ക്കിയുടെ അജണ്ട പൂര്‍ത്തിയാകും. ഇണ്ടം തുരുത്തിയുടെ പടം ജനങ്ങളുടെ ചെലവില്‍ സത്യഗ്രഹ സ്മാരകഹാളില്‍ സ്ഥാപിച്ചിരിക്കുന്നത് കണ്ട് വൈക്കംപോരാട്ടമെഴുതിയ പഴ അതിയമാന്‍ ഈ ലേഖകനോടു തന്റെ നടുക്കം വ്യക്തമാക്കിയിരുന്നു. ലേഖകനുമായുള്ള പല ഭാഗങ്ങളായുള്ള സംഭാഷണം യൂട്യൂബില്‍ കാണാം.
2023 മാര്‍ച്ച് 30 ന് സ്റ്റാലിനൊപ്പം വൈക്കത്തു വന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച വൈക്കം പോരാട്ടസ്മാരകം ഇനിയും സാധ്യമായിട്ടില്ല. അതു കിഴക്കേനടയില്‍ ദളവാക്കുളത്തിനടുത്തു തന്നെ ദളവാക്കുളം രക്തസാക്ഷി സ്മാരകവും വൈക്കം പോരാട്ടപരമ്പരകളുടെ ലോകാത്തര മ്യൂസിയവുമായി ഉയരേണ്ടത് ജനതയുടേയും കേരളത്തിന്റെയും കൂടി ആവശ്യമാണ്. വൈക്കത്തെ ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനങ്ങള്‍ നഗരസഭയ്ക്ക് 2023 അവസാനം തന്നെ ഇതിനായി നിവേദനം കൊടുത്തു കാത്തുനില്‍ക്കുകയാണ്. വമ്പിച്ച ബഹുജനപ്പോരാട്ടം ഇതിനായി വേണ്ടിവരും. നഗരസഭ പരോക്ഷമായി നിയന്ത്രിക്കുന്ന ക്ഷുദ്ര ഒളിഗാര്‍ക്കിയാണിതിനു പിന്നില്‍.
ഗുരുവിന്റെ ധമ്മസംഘത്തിനേറ്റ അവഹേളനവും ജാതിവാലില്‍ക്കുത്തിയുള്ള ചാട്ടവും മാത്രമല്ല, ജാതിവിരുദ്ധ മതേതര മാനവിക സാഹോദര്യ സന്ദേശം പരത്താന്‍ ജനായത്തപരമായും ഭരണഘടനാപരമായും ശ്രമിക്കുന്നവരെ അപമാനിക്കുകയും ഹിംസിക്കാനായുകയുമാണ് മലയാളികുലീനരും ബ്രാഹ്മണിക്ഷുദ്രശക്തികളും. യുക്തിവാദികളും ജനായത്ത പൗരസമൂഹവും മാത്രമല്ല ധര്‍മചാരികളും ഭിക്ഷുസംഘങ്ങളും വൈക്കത്ത് ആട്ടുംതുപ്പുമേല്‍ക്കേണ്ടി വരുന്നു. ഗുരുവിന്റെ വൈക്കം സത്യഗ്രഹ ഇടപെടലില്‍ ശതാബ്ദിയുടെ ഭാഗമായി അദ്ദേഹത്തിന്റെ ധര്‍മസംഘത്തിലെ വര്‍ക്കല മഠത്തിലെ ഭിക്ഷുക്കളുംസ്വാമിമാരും 2023 മാര്‍ച്ച് 29 ന് വൈക്കത്ത് വമ്പിച്ച ബഹുജനറാലിയും സമാധാന സംഗമവും നടത്തുകയും അതിന്റെ ഭാഗമായി വൈക്കം കവലയിലെ ടി. കെ. മാധവന്റേയും (1991ല്‍ അനാഛാദനം) പെരിയോറിന്റെയും (1994) ശില്പങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തുകയും തുടര്‍ന്ന് അടുത്തകാലത്ത് (1998) നായര്‍ സര്‍വീസ് സൊസൈറ്റി അവിടെ പ്രതിഷ്ഠിച്ച മന്നത്ത് പദ് മനാഭപിള്ളയുടെ പ്രതിമയില്‍ കൂടി പുഷ്പാര്‍ച്ചന ചെയ്യാനെത്തിയപ്പോള്‍ ചെമ്പഴന്തി ഗുരുകുലാധ്യക്ഷനും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ സ്വാമി ശുഭാംഗാനന്ദ അടങ്ങുന്ന സംഘത്തെ മന്നം പ്രതിമയുടെ കാവലാളുകള്‍ തടയുകയും അനുമതി നിഷേധിക്കുകയും ചെയ്തു (ശുഭാംഗാനന്ദ 2023).
2023 മാര്‍ച്ച് 30 ലെ കേരളകൗമുദി അതു റിപ്പോട്ടു ചെയ്തു. മനുഷ്യരും തുല്യരുമെന്ന തലത്തില്‍ ക്ഷമയോടെ അര്‍ഹിക്കാത്ത ആദരവും സാഹോദര്യവും സമഭാവനയോടെ സഹജീവികളോടു കാണിക്കാന്‍ ശ്രമിച്ച നാരായണഗുരുവിന്റെ പ്രതിപുരുഷരെയാണ് ജാതിക്ഷുദ്രത അപമാനിച്ചത്. കേരളനവോത്ഥാന ജനായത്ത സംസ്‌കാരത്തിന്റെ തലയിലേറ്റ ചവിട്ടാണിത്. വാമനന്‍ മാബലിയോടു ചെയ്തതാണീ വഞ്ചകര്‍ അനുകമ്പകാട്ടിയഗുരുപരമ്പരയോട് കാലുയര്‍ത്തിക്കാട്ടിയത്. ബ്രാഹ്മണരേക്കാള്‍ വലിയ ഹിന്ദുക്കളും സവര്‍ണരുമായി അതിന്റെ ചരിത്രമാലിന്യമായ ക്ഷുദ്രതയും ശൂദ്രരും 2018 ലെ ശബരിമല ശൂദ്രലഹളയെ തുടര്‍ന്ന് ചമഞ്ഞുവശായിരിക്കുന്നു. അത്യന്തം അപലപനീയവും കേരളചരിത്രത്തില്‍ തീണ്ടല്‍പലകകളുടെ ചരിത്രം പോലെ രേഖപ്പെടുത്തേണ്ടതുമായ സംഭവമാണിത്. മൂലൂര്‍ എഴുതിയ കവിതയായ ”തിരുനക്കരയിലെ എട്ടുബോഡിന്‍ ചരമഗീതം” വീണ്ടും മുഴങ്ങുന്നു. മൂലൂരിന്റെ 1924 ലെ ”സാഹോദര്യം” എന്ന കവിത ഗുരുവിന്റെ വണ്ടി വൈക്കത്തു തടഞ്ഞതിനെ അപലപിക്കുന്നതാണ്.”ചിദംബരംപിള്ളയുടെ കത്തും അതിനുള്ള മറുപടിയും” എന്ന കവിതയിലും അതു മൂലൂര്‍ വിശദീകരിക്കുന്നു. മുഖ്യമന്ത്രിയെ ജാതിത്തെറി വിളിച്ചാണല്ലോ ശബരിമല ശൂദ്രലഹളയുടെ സമ്മര്‍ദ്ദ പശ്ചാത്തലത്തില്‍ ദേവസ്വംബോർഡിലെ സാമ്പത്തിക സംവരണം പാസാക്കിയെടുത്തത്. പ്രാതിനിധ്യരാഷ്ട്രീയമായ ജനായത്തത്തിനും ഇന്ത്യക്കും ഭരണഘടനയ്ക്കും തന്നെ ഭീഷണിയാവുകയാണ് മലയാളി കുലീനരുടെ അമിതാധികാര അമിതപ്രാതിനിധ്യവും കുലീനകുത്തകഭരണമായ ഒളിഗാര്‍ക്കിയും. തമിഴ് സംഘസാഹിത്യ പ്രസിദ്ധമായ ചവരിമലയെന്ന സവരിമലയിലെ തീവെട്ടിക്കൊള്ള നടത്തിയ മറവനായകന്മാരായ ഒതേനപ്രഭൃതികളേയും ലജ്ജിപ്പിക്കുന്നതാണ് കരയോഗമുരാരിമാരുടെ കയ്യിട്ടുവാരലും പോറ്റിമാരുടെ കീഴ്ശാന്തിപ്പണിയും.
പൂരപ്പാട്ടുകളും പടയണികളും
തീണ്ടല്‍പ്പലകകളും മണിപ്പിള്ളമാരും
മുഖ്യമന്ത്രിയെ തെരുവില്‍ ജാതിത്തെറിവിളിച്ചിട്ടും തെളിവായി വീഡിയോ ലഭ്യമായിട്ടും നിയമം നോക്കുകുത്തിയായി. അതാര്‍ക്കും വ്യക്തിപരമായി ക്ഷമിച്ചു തള്ളാവുന്ന കാര്യമല്ല. ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ കുറ്റകൃത്യമാണ്. നാഗരികതയ്ക്കും മനുഷ്യത്തത്തിനും നിരക്കാത്ത കുടിലമായ അത്യാചാരം. അതു വെറുതേ വിട്ടതിനാല്‍ ഇന്ന് ദേവസ്വം മന്ത്രിയേയും നടികര്‍തിലകം മണിയുടെ സോദരനായ നര്‍ത്തകനായ രാമകൃഷ്ണനേയുമെല്ലാം പൂജാരിമാരും ജാതിഹിന്ദുക്കളായ സത്യഭാമമാരും നിരന്തരം ജാതീയ വംശീയാധിക്ഷേപം ചൊരിയുന്നു. മണിച്ചിപ്പിള്ളയുടെ മണിപ്രവാളം തീണ്ടാരിലഹളകളുടെ കാലത്ത് നാട്ടുനടപ്പാകുന്നു.
മണിപ്രവാളവും പൂരപ്പാട്ടുകളും ജാതിത്തെറികളും ജാതിഹിന്ദു അമിതപ്രാതിനിധ്യകാലത്ത് കുത്തൊഴുക്കിലാണ്. മണിച്ചിയിസവും പുള്ളയിസവും ഭാമിസമെന്ന അസഭാമിസവും അരങ്ങുവാഴുന്നു. ഇതിനേയെല്ലാം ഉല്‍പ്പാദിപ്പിക്കുന്നത് ജാതിവാലില്‍ക്കുത്തിയുള്ള മലക്കംമറിച്ചിലായ തിലകനെന്ന മഹാനടന്‍ വിളിച്ചുപറഞ്ഞ നക്കിയ നായനിസമാണ്. തികഞ്ഞ അമിതപ്രാതിനിധ്യക്കുത്തകയുടെ ജാതിക്കളിയായ ഒളിഗാര്‍ക്കിയാണീ ക്ഷുദ്രമായ നായനിസം.
പെരുകുന്ന പ്രതിമകളും
ജാതിവിലക്കുകളും
വൈക്കം പോരാട്ടത്തെ ഗാന്ധിയന്‍ സത്യഗ്രഹമാക്കി ചുരുക്കാനും ജാതിഹിന്ദുക്കളുടെ നിര്‍വാഹകത്തത്തെ സ്ഥാപിക്കാനും നടത്തിയ വലിയൊരു പൊറാട്ടുനാടകവും ചാണക്യബുദ്ധിസന്താനമായ കുടിലമായ നുണയുമായിരുന്നു സവര്‍ണജാഥ എന്ന സവര്‍ണതന്ത്രം. കേരളസ്റ്റോറിസിനിമ പോലെ അതു പടരുന്നു. തികച്ചും ജാതിഹിന്ദു കാര്യപരിപാടിയും പഥസഞ്ചലനവുമായിരുന്നു അത്. അതിന്റെ നായകന്‍ നവനവോത്ഥാന നായകനായി ഇന്ന് ഇടതുപക്ഷസര്‍ക്കാരുകള്‍ പോലും അരിയിട്ടവധികൊടുത്തു വാഴിക്കുന്ന മന്നവും. ന്യൂനപക്ഷങ്ങളെ ആട്ടിയകറ്റിയപോലെ ഗാന്ധി ഇതിനും മുഖ്യകാര്‍മികത്തം വഹിച്ചു. ഈഴവരാദിയായ പിന്നാക്കക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം കൊടുത്തത് തങ്ങളാണെന്നും അതു പുനപ്പരിശോധിക്കണമെന്നും പറഞ്ഞ നായന്മാരുടെ നേതാവാണ് മന്നം. മന്നത്തിന്റെ മനയില്‍ നിന്നോ ഇല്ലത്തുനിന്നോ ആണോ അതോ കുപ്പപ്പാട്ടില്‍ നിന്നാണോ സഞ്ചാരസ്വാതന്ത്ര്യം എടുത്തു ബഹുജനങ്ങള്‍ക്കു കൊടുത്തത് എന്നാരും ചോദിക്കുന്നില്ല. അതോ അടുത്തുണ്ടായിരുന്ന മാരണത്തു കാവിലെ മാരണമോ അത്. മാരണം തികച്ചും ബൗദ്ധവും മ്ലേഛവുമാണ്. ഗുരുപറഞ്ഞപോലെ സായിപ്പിനെ കണ്ടാല്‍ വായില്‍ വെള്ളമില്ലല്ലോ. തുപ്പാനും ഇറക്കാനും വയ്യാത്ത വയ്യാവേലിയും മാരണവും തന്നെ സവര്‍ണജാഥ.
ജാതിവിവേചനങ്ങളേയും ഭൗതിക, പ്രതിനിധാന, വാചിക ഹിംസകളേയും വഴിവിലക്കുകളേയും നിയമത്താല്‍ കുറ്റകരമാക്കുന്ന ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിനുശേഷം 1963 ലാണ് മന്നത്തിന്റെ ശാസ്തമംഗലം പ്രസംഗം നടന്നത്. ഈഴവര്‍ പന്നിപെറ്റുണ്ടാകുന്ന സന്താനങ്ങളായ മന്ദബുദ്ധികളാണെന്നും അവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും നല്‍കിയത് പുനപരിശോധിക്കണമെന്നുമായിരുന്നു നായന്മാരുടെ ആചാര്യന്‍ മൊഴിഞ്ഞത് (വാസവപ്പണിക്കര്‍ 1976: 385, ഷഹീദ് 2011).
തങ്ങളാണിതെല്ലാം നല്‍കുന്നതെന്നുകൂടിയുള്ള നടുനായക ഒളിഗാര്‍ക്കി സൂചനയുംകൂടിയതിലുണ്ട്. ആ ജാത്യാതിക്രമത്തിനു തുല്യമായ ശൂദ്രതയുടെ പ്രകടനമാണ് വൈക്കത്ത് 2023ല്‍ ആചാര്യാനുയായികളായ നായന്മാരില്‍ നിന്നുണ്ടായത്.
സഞ്ചാരസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും പൊതുവിടപ്രവേശവുമെല്ലാം കുലീനര്‍ തരുന്നതല്ല മറിച്ച് അടിസ്ഥാന മനുഷ്യാവകാശങ്ങളാണെന്നു പോലും ഇപ്പോഴും മനസ്സിലാക്കാതെ സംസാരിക്കുന്ന ജാതിഹിന്ദുക്കളേയും വരേണ്യരേയും നമുക്കുകാണാം. ഇതാണ് കേരളത്തിന്റെ പ്രശ്‌നം. അടിസ്ഥാന ജനായത്ത സാക്ഷരതയും ജനായത്തം പ്രാതിനിധ്യ രാഷ്ട്രീയമാണെന്ന പ്രാഥമിക തിരിച്ചറിവും രാഷ്ട്രീയ പ്രാതിനിധ്യത്തെയും മൗലികാവകാശങ്ങളേയും കുറിച്ചുള്ള ഭരണഘടനാ സാക്ഷരതയും എല്ലാ വിദ്യാഭ്യാസ തലങ്ങളിലും നന്നായി പഠിപ്പിക്കപ്പെടണം.
കുലീനരുടെ സിനിമയും കഥയും ഫിക്ഷനും മരക്കവിതയും പ്രകൃതിപ്രേമവും മാത്രമായാല്‍ സമൂഹത്തിന്റെ ഗതി ഇതാകും. സീനോഫോബിയ എന്ന അപരഭീതിയും അന്യസംസ്ഥാനവാദവും കുലീനകുത്തകവാദവും മണിപ്പിള്ളമാരുടെ മണിപ്രവാളം പോലെ തെരുവില്‍ പെരുകുന്നു.
ഇതൊന്നും പോരാഞ്ഞ് ഹൈന്ദവ ചമക്രിത കാവ്യേതിഹാസ പുരാണങ്ങളും പട്ടത്താനങ്ങളും ജനങ്ങളുടെ ചിലവില്‍ ആക്രാമകമായി അരങ്ങേറ്റി ബഹുജനങ്ങളെ ഹൈന്ദവീകരിക്കുകയും ചമക്രിതീകരിക്കയും ചെയ്യുകയാണ് ജാതിഹിന്ദു പണ്ഡിത മന്യര്‍. മലയാളി കുലീന മുന്‍ഷിമാരുടെ ദേഹണ്ഡമാണിതെല്ലാം. ശൂദ്രലഹളകളുടെ പശ്ചാത്തലമിതാണ്. കഴിഞ്ഞ മുപ്പതുവര്‍ഷത്തോളമായി അരങ്ങേറിയ അനവരത മാവാരത രാമായണ ഗീതാഗിരി പട്ടത്താനങ്ങളാണ് ശൂദ്ര ലഹളയിലൂടെ ഭരണഘടന അട്ടിമറിച്ചത്. മാവാരത പട്ടത്താനികളേക്കുറിച്ച് ഇളംകുളം ഏറെ എഴുതിയിട്ടുണ്ട്. ഇളംകുളം എന്ന ആധുനിക കേരളചരിത്ര വിധാതാവായ ഭാഷാചരിത്രഗുരുവിനെ ഗളഛേദം ചെയ്തു കളംപിടിച്ച ചില കൊത്തുവാളന്മാരായ ക്ഷുദ്ര ആസ്ഥാനവിദ്വാന്മാര്‍ എഴുതിവിട്ട ശൂദ്രകേന്ദ്രികൃത ചരിത്രങ്ങളാണ് ശൂദ്രലഹളകളെ അരങ്ങേറ്റുന്നത്.
സാഹിത്യലേബലില്‍ മലയാളിമുന്‍ഷിമാര്‍ അക്കാദമികളില്‍ ജനങ്ങളുടെ ചെലവില്‍ നടത്തിയ മാവാരത, രാമായണ, ഗീതാഗിരി പട്ടത്താനങ്ങളാണ് വിശ്വാസിലഹളകളുടെ ഹൈന്ദവസമവായത്തെയുണ്ടാക്കിയത്. ഗാന്ധിയുടെ സത്യബോധമായി രാമനെ കേരളത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ഥാപിക്കാന്‍ ഈ പ്രസംഗപൈംകിളിമന്യര്‍ ഇളിച്ചും ചിരിച്ചും പെടാപ്പാടുപെടുന്നു. കൊല്ലുന്നവനില്ല ശരണ്യതയെന്നും അവന്‍ മൃഗത്തിനുതുല്യനെന്നും ഗുരു 1914ല്‍ ജീവകാരുണ്യപഞ്ചകത്തിലെഴുതി. 1925ല്‍ വര്‍ക്കലവച്ച് ഗുരുസന്നിധിയില്‍ സഹോദരന്‍ നേരിട്ടു ഗാന്ധിയോടു ചോദിച്ചു മി. ഗാന്ധി താങ്കളുടെ കൃഷ്ണന്‍ ഒരു പരമ്പരക്കൊലപാതകിയല്ലേ എന്ന സത്യം. ഹിംസയില്ലാത്ത ഒരു ഹിന്ദുപാഠത്തേക്കുറിച്ചും ചോദിച്ചു. ഗാന്ധിക്ക് ഉത്തരമില്ലായിരുന്നു. 1929ല്‍ തിരുനക്കരവച്ച് ജയ്ശ്രീറാം വിളിക്കാനാഹ്വാനം ചെയ്ത, പിന്നീട് പൂനപ്പട്ടിണിയില്‍ ഗാന്ധിയുടെ ദല്ലാളായി വന്ന, മദനമോഹനമാളവ്യയോട് ജയ് രാവണ്‍ എന്നു തിരിച്ചുവിളിച്ചതും സഹോദരനാണ്. ആ കേരളത്തിലാണിന്ന് ഗാന്ധിയുടെ സത്യബോധമായി മലയാളിമുന്‍ഷിമാര്‍ രാമനെ സ്ഥാപിക്കാനായുന്നത്. ഗുരുവൈഖരിയും സഹോദരരചനകളും ബഹുജനങ്ങള്‍ നിരന്തരം വായിച്ചാലേ ഇക്കാര്യങ്ങളൊക്കെ പുറത്തുവരൂ. സവര്‍ണഹിന്ദു ബോധനശാസ്ത്രവും പാഠപുസ്തകങ്ങളും ഒരിക്കലും സത്യവും നീതിയും പറയില്ല.
(തുടരും)
- [email protected]
പുസ്തകസൂചി
അതിയമാന്‍, പഴ. വൈക്കം സത്യഗ്രഹം. ഡി. സി. ബി., 2023.
അയ്യപ്പന്‍, എ. ആയുധപ്പഴമയുംനരോല്‍പ്പത്തിയും. മാതൃഭൂമി, 2019.
അയ്യപ്പന്‍, കെ. സഹോദരനയ്യപ്പന്റെ പദ്യകൃതികള്‍. പൂയപ്പള്ളി തങ്കപ്പന്‍ എഡിറ്റഡ്. കേരള സാഹിത്യ അക്കാദമി, 2001.
അശോകന്‍, എ. വി. എഡിറ്റര്‍, കെ. ആര്‍. നാരായണന്‍, ശ്രീനാരായണധര്‍മ്മത്തിന്‍ വാഗ്ജ്വാല. തലയോലപ്പറമ്പ് കെ. ആര്‍. എന്‍. സ്മാരക എസ്. എന്‍. ഡി. പി. യൂണിയന്‍, 2018.
കിങ്ങ്, മേരി. ഗാന്ധിയന്‍ നോണ്‍വയലന്റ് സ്ട്രഗിള്‍സ് ആന്‍ഡ് അണ്‍റ്റച്ചബിലിറ്റി ഇന്‍ സൌത്തിന്ത്യ: വൈക്കം സത്യഗ്രഹ ആന്‍ഡ് ദ മെക്കനിസംസ് ഓഫ് ചെയിഞ്ച്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ്, 2015.
ക്രാംറിച്ച്, സ്റ്റെല്ല. ദ ഹിന്ദു റ്റെമ്പിള്‍. കൊല്‍ക്കത്ത, സൌത്തേഷ്യ ബുക്‌സ്, 1980 (1946).
—. ദ്രാവിഡ ആന്‍ഡ് കേരള, ഇന്‍ ദ ആര്‍ക്കിടെക്ചര്‍ ഓഫ് ട്രാവന്‍കോര്‍.ആര്‍ട്ടിബസ്ഏസ്യ, 1953.
ഗോപാലകൃഷ്ണന്‍. പി. കെ. കേരളത്തിന്റെ സാംസ്‌കാരികചരിത്രം. കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, 2008.
ഡാര്‍വിന്‍, ജെ. ഒരു നഷ്ടജനതയും രാജ്യവും. മൈത്രി, 2015.
ദലിത്ബന്ധു. ദളവാക്കുളവും വൈക്കത്തെ ക്രൈസ്തവരും. വൈക്കം, ഹോബി പബ്ലീഷേസ്, 2006.
—. ദളവാക്കുളം (രണ്ടാം പതിപ്പ്). വൈക്കം, ഹോബി പബ്ലീഷേസ്, 2016.
—. മുലച്ചിപ്പറമ്പ്. വൈക്കം, ഹോബി പബ്ലീഷേസ്, 2018.
—. ശൂദ്രലഹള. വൈക്കം, ഹോബി പബ്ലീഷേസ്, 2018.
നമ്പൂതിരി, ഉണ്ണികൃഷ്ണന്‍. ”ഗാന്ധിജിവന്നത് ഈ ഇല്ലത്താണ്.”യോഗക്ഷേമസഭ സ്വസ്തി ത്രൈമാസിക. 2023 ജൂലൈ 1. പുസ്തക 2, ലക്കം 3. യോഗക്ഷേമസഭ കോഴിക്കോട് ജില്ലാക്കമ്മറ്റി പ്രസിദ്ധീകരണം. 14-21.
നാരായണന്‍, കെ. ആര്‍. ”വൈക്കത്തുനടന്നിട്ടുള്ള അയിത്തോച്ചാടന ശ്രമങ്ങള്‍ ഒരു തിരിഞ്ഞുനോട്ടം.” എ. വി. അശോകന്‍. കെ. ആര്‍. നാരായണന്‍. കെ. ആര്‍. നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്. എന്‍. ഡി. പി. യൂണിയന്‍, 2018. 127-134.
ബാലകൃഷ്ണന്‍, പി. കെ. എഡിറ്റര്‍, നാരായണഗുരു. ഡി. സി. ബി. 2020.
ഭാസ്‌കരന്‍, ടി. എഡിറ്റര്‍, ശ്രീനാരായണഗുരുവൈഖരി. കുന്നത്തുനാട് ശ്രീനാധപ യൂണിയന്‍, 2010 (1994).
മാധവന്‍, ഇ. സ്വതന്ത്രസമുദായം. മൈത്രി, 2021 (1934).
മൂലൂര്‍. മൂലൂര്‍ സാഹിത്യവല്ലരി 1.ഇലവംതിട്ട സരസകവി മൂലൂര്‍ സ്മാരക കമ്മിറ്റി, 1994.
—. ധര്‍മ്മപദം. ഇലവംതിട്ട സരസകവി മൂലൂര്‍ സ്മാരക കമ്മിറ്റി, 1998.
രവീന്ദ്രന്‍. റ്റി. കെ. എയിറ്റ് ഫര്‍ലോങ്ങ്‌സ് ഓഫ് ഫ്രീഡം.ലൈറ്റ് ആന്‍ഡ് ലൈഫ്, 1980.
വാസവപ്പണിക്കര്‍, കുമ്പളംചിറ. സരസകവി മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍. ഗ്രന്ഥകര്‍ത്താ, 1976 (1944).
ശുഭാംഗാനന്ദ, സ്വാമി. ”മന്നത്തിന്റെ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്നു പറഞ്ഞു വിലക്കി, പ്രബുദ്ധ കേരളത്തിന് അപമാനം.” ഡൂള്‍ന്യൂസ്.കോം. 1.4.2023. https://www.doolnews.com/swamy-subhangananda-about-vaikom-sathyagraha-controversy-61-126.html
ശേഖര്‍, അജയ്. സഹോദരനയ്യപ്പന്‍ റ്റുവേഡ്‌സ് എ ഡിമോക്രാറ്റിക് ഫ്യൂച്ചര്‍, അതര്‍ ബുക്‌സ്, 2012.
—. ഡോ. ബി. ആര്‍. അംബേദ്കര്‍. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 2015.
—. നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതരബഹുസ്വരദര്‍ശനവും. മൈത്രി, 2016.
—. പുത്തന്‍ കേരളം കേരളസംസ്‌കാരത്തിന്റെ ബൌദ്ധ അടിത്തറ. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2018.
—. റെപ്രസന്റിങ്ങ് ദ മാര്‍ജിന്‍: കാസ്റ്റ് ആന്‍ഡ് ജെന്‍ഡര്‍ ഇന്‍ ഇന്ത്യന്‍ ഫിക്ഷന്‍. കാല്‍പാസ് ഗ്യാന്‍, 2008.
—. എഡിറ്റഡ്. ബുദ്ധിസം ആന്‍ഡ് കേരള. ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പ്രസ്, 2021






