ഒരു നൂറ്റാണ്ടിന്റെ സമരജീവിതം

കിടപ്പാടം പോലും സ്വന്തമല്ലാത്ത, ഉടുതുണിയ്ക്കു മറുതുണിയില്ലാത്ത, സ്വന്തം ശരീരത്തില്‍ പോലും അധികാരമില്ലാത്ത, അക്ഷരങ്ങളെഴുതാനോ വായിക്കാനോ അറിയാത്ത, നാമമാത്രമായ വസ്ത്രത്താല്‍ നാണം മറച്ച് അരവയര്‍ പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുന്ന അര്‍ദ്ധ അടിമകളായ മനുഷ്യരെ ‘തൊഴിലാളി’ എന്ന വര്‍ഗബോധത്തിലേക്ക് നയിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു ആദ്യതലമുറയിലെ കമ്യൂണിസ്റ്റുകള്‍ക്ക് പ്രാഥമികമായി പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത്. ഫാക്ടറി തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിതരാക്കാന്‍ വേണ്ടി ധാരാളം മനുഷ്യര്‍ ജീവിതം മാറ്റിവച്ചു. അവരിലൊരാളായാണ് വി.എസ്. അച്യുതാനന്ദന്‍ എന്ന കൗമാരം വിട്ടുമാറാത്ത കുട്ടി, രാഷ്ട്രീയവഴിയില്‍ നടത്തമാരംഭിക്കുന്നത്.

‘പുന്നപ്രയും വയലാറും തിരുവിതാംകൂറിലെ രണ്ടനശ്വര ഗ്രാമങ്ങളായിത്തീരും. രണ്ടുപുണ്യസ്ഥലങ്ങളായിത്തീരും. കാരണം സ്വേച്ഛാപ്രമത്തതയുടെ മുമ്പില്‍ തിരുവിതാംകൂര്‍ ജനത മുട്ടുകുത്താന്‍ ഭാവമില്ലെന്ന് കാണിച്ചുകൊടുത്തത് ഈ സ്ഥലങ്ങളാണ്. ഇന്ത്യന്‍ സ്വേച്ഛാധിപതികള്‍ അവരുടെ ബ്രിട്ടീഷ് മേലാളന്‍ന്മാരെപ്പോലെതന്നെ സംഘടിത തൊഴിലാളിവര്‍ഗത്തേയും കര്‍ഷകപ്രസ്ഥാനത്തേയും ഒന്നാമത്തെ ശത്രുവായി കാണുന്നതെന്തുകൊണ്ടാണെന്ന് കാണിച്ചുതരുന്നതും ഈ സ്ഥലങ്ങളാണ്’ -കമ്യൂണിസ്റ്റ് നേതാവായ പി.സി. ജോഷി പുന്നപ്രവയലാര്‍ സമരത്തെക്കുറിച്ചു പറഞ്ഞു.

പുന്നപ്രയില്‍ നിന്നും ജീവിതമാരംഭിച്ച വി. എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയത്തിന് അടിത്തറയായി വര്‍ത്തിച്ച രണ്ട് എതിരിടങ്ങളെ നമുക്ക് ഈ വാക്യത്തില്‍ കണ്ടെത്താം. സാമ്രാജ്യത്വത്തോടും ഇന്ത്യന്‍ ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തോടും ഒരേ സമയം പടവെട്ടുക എന്ന ഇരട്ട ദൗത്യമേറ്റെടുത്തതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇതര ദേശീയ പ്രസ്ഥാനങ്ങളില്‍ നിന്നും വേറിട്ട ഒന്നായി പ്രതീക്ഷയോടെ കാണാന്‍ കേരളത്തിലെ അടിസ്ഥാന വര്‍ഗത്തെ പ്രേരിപ്പിച്ചത്. ഈ വ്യതിരിക്തത അവസാന ശ്വാസംവരെ കൈവിടാതെ നിലനിര്‍ത്തി എന്നതുകൊണ്ടാണ് വി എസ് അച്യുതാനന്ദന്‍ എന്ന തൊഴിലാളി നേതാവ് ചരിത്രത്തില്‍ നിലകൊള്ളുന്നത്. സവര്‍ണ ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂറിലെയോ കൊച്ചിയിലെയോ രാജാധികാരത്തിന്റെ മുന്‍പിലോ അതിനെ പിന്‍തുണക്കുന്ന ജന്മി- പ്രഭുത്വത്തിന്റെ മുന്‍പിലോ ഐക്യകേരളപിറവിക്കു മുന്‍പോ ശേഷമോ അദ്ദേഹം തലകുനിച്ചില്ല. തന്റെ സാമ്രാജ്യത്വ വിരുദ്ധരാഷ്ട്രീയത്തെ നവ ലിബറല്‍ കാലത്തും അദ്ദേഹം അണുവിടപോലും കൈയ്യൊഴിഞ്ഞില്ല. ഒരു ഘട്ടത്തിലും വര്‍ഗീയതയോട് സന്ധി ചെയ്തില്ല. ഇരുമ്പഴികള്‍ക്കുള്ളില്‍ തടവിലാക്കപ്പെട്ടപ്പോഴും അധികാരക്കസേരയില്‍ ഇരിപ്പുറപ്പിച്ച സമയത്തും അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ അചഞ്ചലമായി നിലകൊണ്ടു. ചൂഷകര്‍, അവരേതു വേഷമിട്ടുവന്നാലും ആ വര്‍ഗശത്രുവിനെ തിരിച്ചറിയാനും ഇങ്ങിനി മടങ്ങിവരാത്തവിധം പൊരുതിയോടിക്കാനുമുള്ള നിതാന്ത ജാഗ്രത അദ്ദേഹം ജീവിതാന്ത്യംവരെ പുലര്‍ത്തി. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ സമരനായകനായി ചെത്തിമിനുക്കിയ വാരിക്കുന്തം പോലെ അദ്ദേഹം നട്ടെല്ലു വളയാതെ നിവര്‍ന്നു നിന്നു. കേരളത്തിലെ തൊഴിലാളികള്‍ അവരുടെ വര്‍ഗശത്രുക്കള്‍ക്കുനേരെ കൂര്‍പ്പിച്ചു വച്ച കുന്തമുനയുടെ പേരായിരുന്നു സഖാവ് വി.എസ് എന്ന രണ്ടക്ഷരം.

കേരളത്തില്‍ ജാതിഅടിമത്തത്തില്‍ ആണ്ടു കിടന്നിരുന്ന ഒരു ജനത, തൊഴിലാളി എന്ന വര്‍ഗമായി പരിണമിക്കാന്‍ തുടങ്ങുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ്. ബ്രിട്ടീഷുകാര്‍ 1797 -ല്‍ അഞ്ചരക്കണ്ടിയില്‍ ഇരുന്നൂറ് ഏക്കര്‍ സ്ഥലത്ത് തേയിലത്തോട്ടം നിര്‍മ്മിച്ചതോടെ പുതിയൊരു തൊഴില്‍ ബന്ധം ഈ നാട് പരിചയപ്പെട്ടു. 1959-ല്‍ ആലപ്പുഴയില്‍ ആധുനിക രീതിയിലുളള കയര്‍ഫാക്ടറി ആരംഭിച്ചു. 1884-ല്‍ കൊല്ലത്ത് തുണിമില്ല് സ്ഥാപിക്കപ്പെട്ടു. എങ്കിലും ഈ വ്യവസായ വല്ക്കരണത്തിന്റെ വളര്‍ച്ച വളരെ പതുക്കെയാണ് നടന്നതെന്നു കാണാം. 1941-ലെ സെന്‍സസ് പ്രകാരം 6070018 ആയിരുന്നു തിരുവിതാംകൂറിലെ ജനസംഖ്യ. അക്കാലത്ത് റബര്‍, തേയില, കോട്ടന്‍, കയര്‍, കളിമണ്ണ്, കശുവണ്ടി, അച്ചടി തുടങ്ങി എല്ലാ വ്യവസായങ്ങളിലെയും സംഘടിതരും അസംഘടിതരുമായ തൊഴിലാളികളുടെ ആകെ എണ്ണം312851 മാത്രമാണ്.. ബാക്കി ഭൂരിപക്ഷം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിതം തള്ളി നീക്കി.

ഭൂവുടമസ്ഥത ഏതാനും ജന്മി കുടുംബങ്ങളില്‍ മാത്രം നിലകൊണ്ടു. അവരുടെ ഭൂമിയില്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ട നിസ്വ ജനതയായിരുന്നു യഥാര്‍ത്ഥത്തില്‍ കൃഷിയിറക്കിയിരുന്നത് എങ്കിലും അവര്‍ക്ക് ഭൂമിയിലോ, വിളവില്‍ പോലുമോ പറയത്തക്ക അവകാശങ്ങളില്ലായിരുന്നു. കിടപ്പാടം പോലും സ്വന്തമല്ലാത്ത, ഉടുതുണിയ്ക്കു മറുതുണിയില്ലാത്ത, സ്വന്തം ശരീരത്തില്‍ പോലും അധികാരമില്ലാത്ത, അക്ഷരങ്ങളെഴുതാനോ വായിക്കാനോ അറിയാത്ത, നാമമാത്രമായ വസ്ത്രത്താല്‍ നാണം മറച്ച് അരവയര്‍ പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുന്ന അര്‍ദ്ധ അടിമകളായ മനുഷ്യരെ ‘തൊഴിലാളി’ എന്ന വര്‍ഗബോധത്തിലേക്ക് നയിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു ആദ്യതലമുറയിലെ കമ്യൂണിസ്റ്റുകള്‍ക്ക് പ്രാഥമികമായി പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത്. ഫാക്ടറി തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിതരാക്കാന്‍ വേണ്ടി ധാരാളം മനുഷ്യര്‍ ജീവിതം മാറ്റിവച്ചു. അവരിലൊരാളായാണ് വി.എസ്. അച്യുതാനന്ദന്‍ എന്ന കൗമാരം വിട്ടുമാറാത്ത കുട്ടി, രാഷ്ട്രീയവഴിയില്‍ നടത്തമാരംഭിക്കുന്നത്.

കര്‍ഷകതൊഴിലാളികളുടെ
നേതാവ്.

നമ്മളെയും നമ്മുടെ തമ്പ്രാനെയും തമ്മില്‍ തെറ്റിക്കാന്‍ വരുന്നയാളുകള്‍ എന്ന നിലയിലാണ് കര്‍ഷക തൊഴിലാളികളില്‍ പലരും ആദ്യം തങ്ങളെ കണ്ടിരുന്നത് എന്ന് വി എസ് പിന്നീട് ഓര്‍ത്തെടുക്കുന്നുണ്ട്. മുന്‍ ജന്മ പാപത്തിന്റെ ഫലമായിക്കിട്ടിയ ദുരിത ജീവിതം വിധിപോലെ ജീവിച്ചുതീര്‍ക്കുക എന്നതില്‍ കവിഞ്ഞൊന്നും തങ്ങള്‍ക്കീ ജന്‍മംചെയ്യാനാവില്ല എന്ന് ഓരോ തൊഴിലാളിയും കരുതിയിരുന്നു. തങ്ങളുടെ അധ്വാനശക്തിയിലാണ് ഈ ലോകം മുന്നോട്ടു കുതിക്കുന്നതെന്നോ തങ്ങളുടെ സംഘടിത ശക്തിക്കു മുന്നില്‍ ഏതൊരു ദുഷ്‌പ്രഭുത്വവും തകര്‍ന്നുതരിപ്പണമാകുമെന്നോ ചിന്തിക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. വിമോചനത്തിന്റെ വിദൂര സാധ്യത സ്വപ്‌നങ്ങളില്‍ പോലും വന്നെത്താത്ത മനുഷ്യരുടെ ഇടയിലേക്കാണ് ആദ്യകാല തൊഴിലാളി വര്‍ഗ നേതാക്കള്‍ നടന്നു ചെന്നത്. കൂലി ചോദിക്കാനുള്ള ധൈര്യം പോലും അന്ന് തൊഴിലെടുക്കുന്നവര്‍ക്കുണ്ടായിരുന്നില്ല. അക്കാലത്ത് ഫാക്ടറി ജോലിയും സംഘടനാ പ്രവര്‍ത്തനവും വിട്ട് കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനായി കൃഷ്ണപിള്ള വി എസ് ഉള്‍പ്പെടെയുള്ള ഏതാനും പേരെ നിയോഗിച്ചു. അസംബ്ലി പ്രഭാകരന്‍ എന്ന കമ്യൂണിസ്റ്റു നേതാവിന്റെ അമ്മ കാളിക്കുട്ടിയുടെ സഹായത്തോടെ ഏതാനും കര്‍ഷകത്തൊഴിലാളി സ്ത്രീകളെ സംഘടിപ്പിക്കുകയും അവരെ അവകാശ സമരത്ത് പ്രേരിപ്പിക്കുകയും ചെയ്തു. ഈ സംഭവം പി. ജയ നാഥ് എഴുതിയ വി.എസിന്റെ ആത്മരേഖയില്‍ ഇങ്ങനെ വായിക്കാം-

നവോത്ഥാനവും വര്‍ഗ രാഷ്‌ട്രീയവും
വി എസിന്റെ ജീവിതത്തില്‍

പാവപ്പെട്ട ജനതയുടെ സ്വപ്‌നങ്ങളിലേക്ക് വിമോചനത്തിന്റെ വെളിച്ചമായി ശ്രീനാരായണ പ്രസ്ഥാനം കടന്നുചെന്ന ഗ്രാമങ്ങളിലൊന്നിലാണ് വി എസ് ജനിച്ചത്. മാനവിതയുടെയും സമത്വത്തിന്റെയും മതനിരപേക്ഷതയുടെയും ആദ്യപാഠങ്ങള്‍ അദ്ദേഹം കേട്ടത് സ്വന്തം പിതാവില്‍ നിന്നുതന്നെയാണ്. എസ് .എന്‍. ഡി. പി യോഗത്തിന്റെ ശാഖാ പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ശങ്കരന്‍. പറവൂര്‍, പുന്നപ്ര,കളര്‍കോട് തുടങ്ങിയ ശാഖകളില്‍ അദ്ദേഹത്തിന്റെ ശബ്ദം അനിഷേധ്യമായിരുന്നു എന്ന് പറയപ്പെടുന്നു. അറവുകാട് ക്ഷേത്രം ഭരണസമിതി അധ്യക്ഷ സ്ഥാനവും ശങ്കരന്‍ വഹിച്ചിരുന്നു. സ്‌കൂളില്‍ തന്നെ ജാതിപ്പേരുചൊല്ലിപരിഹസിച്ചവരെ അരഞ്ഞാണമൂരി തല്ലിക്കൊണ്ടാണ് വി എസ് തന്റെ ജാതിവിരുദ്ധ പോരാട്ടമാരംഭിച്ചത്. ഇതില്‍ അച്ഛന്‍ ശങ്കരന്റെ പ്രേരണയും സ്വാധീനവും ചെറുതായിരുന്നില്ല എന്നു ചുരുക്കം. അച്ഛന്റെ മരണ ശേഷം ആസ്പിന്‍വാള്‍ കമ്പനിയില്‍ തൊഴിലാളിയായി വി എസ് ചെല്ലുന്നതിനു മുന്‍പേ തന്നെ തിരുവിതാംകൂറിലെ തൊഴിലാളികള്‍ സംഘടിക്കാന്‍ തുടങ്ങിയിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ അനുയായിയായിരുന്ന വാടപ്പുറം പി. കെ ബാവ 1922 മാര്‍ച്ച് 31 ന് ആലപ്പുഴ കണ്ടാകാരന്‍ കളപ്പുരയുടെ വടക്ക് ആലുംമൂട്ടില്‍ കേശവന്റെ പറമ്പില്‍ കൂടിയ പൊതുയോഗത്തില്‍ വച്ച് രൂപീകരിച്ച ‘ലേബര്‍ യൂണിയന്‍’പിന്നീട് തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷനായി മാറി.രൂപീകരണ യോഗത്തില്‍ സത്യവ്രതസ്വാമികളും പങ്കെടുത്തിരുന്നു. 1933 ല്‍ കെ. വി പത്രോസിന്റെയും പി .കെ പത്മനാഭന്റെയും അഭ്യര്‍ത്ഥന പ്രകാരം പി കേശവദേവ് സംഘടയുടെ ചുമതലയേറ്റെടുത്തു. 1937 ആയപ്പോഴേക്കും പ്രകടമായ ഇടതുപക്ഷ നിലപാടുള്ള സംഘടനയായി അതു വളര്‍ന്നു.1939-ല്‍ ട്രേഡ് യൂണിയന്‍ ആക്ട് നിലവില്‍ വന്നപ്പോള്‍ ഈ സംഘടന ട്രേഡ് യൂണിയനായി റജിസ്റ്റര്‍ ചെയ്തു. ഈ സമയത്ത് നടന്ന ഒരു മാസം നീണ്ടുനിന്ന ട്രേഡ് യൂണിയന്‍ ക്യാമ്പില്‍ പങ്കെടുത്തത് വി എസി ന്റെ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായി. അതേ സമയം 1939-ല്‍ നടന്ന പാറപ്പുറം സമ്മേളനം കേരളത്തില്‍ കമ്യൂണിസ്റ്റ് ചരിത്രത്തിലെയും നാഴികക്കല്ലായി മാറി. 1940 ല്‍ സെമണ്‍ ആശാന്‍ എന്നറിയപ്പെട്ടിരുന്ന തൊഴിലാളി നേതാവ് വി .എസ് അച്യുതാനന്ദനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാക്കി. 1942 ആയപ്പോഴേക്കും പാര്‍ട്ടി പരസ്യ പ്രവര്‍ത്തനം ശക്തമാക്കിത്തുടങ്ങി. നാല്പത്തിമൂന്നില്‍ കോഴിക്കോട് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ആലപ്പുഴയില്‍ നിന്നും പങ്കെടുത്ത നാല്പതു പ്രതിധികളിലൊരാളായി വി .എസ് അച്യുതാനന്ദനുമുണ്ടായിരുന്നു. ബാല്യത്തില്‍ ജാതി വിവേചനത്തിനെതിരെ തുടങ്ങിയ പോരാട്ടം കൗമാരം പിന്നിടുമ്പോഴേക്കും തൊഴിലാളികളുടെ അവകാശ പോരാട്ടത്തിലേക്കു കൂടി പടർന്നു. പിന്നീടത് അസംഘടിതരായ കര്‍ഷകത്തൊഴിലാളിയിലേക്ക് ആണ്ടിറങ്ങി. കുട്ടനാട്ടിലെ കൊയ്ത്തുപാടങ്ങളില്‍ വിളഞ്ഞ ഏറ്റവും മൂല്യമുള്ള പൊന്‍കതിരായി വി എസ് എന്ന നേതാവ് പതിയെ ഉരുവംകൊള്ളുകയായിരുന്നു.

”ഇപ്പോള്‍ നിങ്ങള്‍ പണിമുടക്കേണ്ട. അതിനുവേണ്ടുന്ന ആളുകള്‍ ഒരുമിച്ചു വരട്ടെ ഇപ്പോള്‍ നിങ്ങള്‍ ജോലിക്കിറങ്ങും മുമ്പേ കുറെനേരം മുദ്രാവാക്യം വിളിക്കണം. കള്ളനാഴി പിന്‍വലിക്കുക, കൂലി രണ്ടിടങ്ങഴിയാക്കുക, കള്ളനാഴിയില്‍ കൂലികൊടുക്കുന്ന ഭൂ ഉടമകളെ അറസ്റ്റു ചെയ്യുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍. പെണ്ണുങ്ങള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഒരാഴ്ച്ചകഴിഞ്ഞു. അച്യുതാനന്ദന്‍ മറ്റ് ഒന്ന് രണ്ട് പേരെയും കൂട്ടി മുതലാളിമാരോട് സംസാരിച്ചു. പ്രശ്‌നം തീര്‍ക്കണം, അവര്‍ ന്യായമായ കാര്യമാണ് പറയുന്നത്, കള്ള അളവുപാത്രം കുറ്റകരമാണ്, പൊലീസില്‍ പരാതി കൊടുക്കും, തൊഴിലാളികള്‍ പണിമുടക്കാനും തയ്യാറായി നില്‍ക്കുകയാണ്; എന്നൊക്കെയുള്ള ദീര്‍ഘ സംഭാഷണത്തിനു ഒടുവില്‍മുതലാളിമാര്‍ ഒത്തുതീര്‍പ്പിനു വഴങ്ങി. കൂലികൂട്ടാമെന്നും കള്ളനാഴിമാറ്റാമെന്നും അവരില്‍ ചിലര്‍ സമ്മതിച്ചു. ഈ വിജയം തൊഴിലാളികളില്‍ വലിയ ആത്മാഭിമാനവും, ധൈര്യവും ഉളവാക്കി ” . ഇത്തരത്തില്‍ ചെറിയ ചെറിയ പ്രതിഷേധങ്ങളിലൂടെയും യോഗങ്ങളിലൂടെയും വര്‍ഗബോധം വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഫാക്ടറി തൊഴിലാളികളുടെ മാതൃകയില്‍ കര്‍ഷകതൊഴിലാളി യൂണിയന്റെ രൂപീകരണം സാധ്യമായി. 1942 ല്‍ വര്‍ഗ്ഗീസ് വൈദ്യന്‍ പ്രസിഡന്റും കെ . എസ് ദാസ് സെക്രട്ടറിയുമായി തിരുവിതംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ രൂപീകരിക്കപ്പെടുമ്പോള്‍ അതിന്റെ വൈസ് പ്രസിഡന്റുമാരിലൊരാളായി വി എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടു.സംഘാടകന്‍, നേതാവ് എന്നീ നിലകളില്‍ വി എസിന്റെ ആദ്യ വിജയങ്ങളിലൊന്നായി ആലപ്പുഴയിലെ കര്‍ഷകത്തൊഴിലാളി സംഘടനയുടെ വളര്‍ച്ചയെ കാണാം. ഫാക്ടറി തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും കഴിഞ്ഞ് മത്സ്യ തൊഴിലാളികളുടെ ഇടയിലും ചെത്തുതൊഴിലാളികളുടെ ഇടയിലുമെല്ലാം പിന്നീട് വി എസ് പ്രവര്‍ത്തിച്ചു. 2001 വരെ അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ പ്രസിഡന്റായിരുന്നു വി എസ് എന്നറിയുമ്പോള്‍ അദ്ദേഹം എത്രത്തോളം ആത്മബന്ധം താഴെത്തട്ടിലുള്ള മനുഷ്യരുമായി കാത്തുസൂക്ഷിച്ചിരുന്നു എന്ന് വ്യക്തമാവും.

പുന്നപ്ര വയലാര്‍
1946 ഒക്ടോബര്‍ 28 ന് വി എസ് അറസ്റ്റിലായി. പിന്നീടദ്ദേഹം സ്വതന്ത്രനാകുന്നത് 1949 മാര്‍ച്ച് മാസത്തിലാണ്. ആലപ്പുഴ ആലിശ്ശേരി മൈതാനത്തില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രസംഗിച്ച കുറ്റത്തിന് 1947 ജനുവരിയില്‍ അദ്ദേഹത്തിന് ശിക്ഷ വിധിച്ചു. പുന്നപ്ര-വയലാര്‍ കേസ് പി.ഇ 7/1, പി. ഇ. 11/22 ആലപ്പുഴലഹളക്കേസ് എന്നിവയില്‍ വി എസ് പ്രതിയായിരുന്നു. ഇന്ത്യ സ്വതന്ത്രമായതിനു ശേഷവും ജയിലിലായിരുന്നു അദ്ദേഹമെന്നു ചുരുക്കം. ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ ഒരു സ്വതന്ത്രരാജ്യമായി മാറുക എന്ന തിരുവിതാംകൂര്‍ ഭരണാധികാരികളുടെ സ്വപ്‌നം തകര്‍ന്നു പോയതില്‍ പുന്നപ്ര വയലാര്‍ സമരത്തിന്റ പങ്ക് പ്രധാനമാണ്. 1947 ആഗസ്റ്റ് പതിനഞ്ചിന് സ്വതന്ത്ര തിരുവിതാംകൂര്‍ പിറന്നില്ല, സര്‍ സി പി യുടെ അമേരിക്കല്‍ മോഡല്‍ ഭരണം അറബിക്കടലില്‍ എന്ന മുദ്രാവാക്യം ലക്ഷ്യം കണ്ടു. ദിവാന്‍ ഭരണം ഇല്ലാതായി. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച കമ്യൂണിസം എന്ന ആശയം ഒരു പതിറ്റാണ്ടിനകം തിരുവനന്തപുരത്ത് ഭരണത്തിലെത്തി. ഐതിഹാസികമായി ഈ തൊഴിലാളി മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു എന്ന ഒരൊറ്റ കാരണം മാത്രം മതിയാകും വി .എസ് അച്യുതാനന്ദന്‍ എന്ന നേതാവിനെ ജനങ്ങള്‍ നെഞ്ചിലേറ്റാന്‍. വി എസ് അവിടെയും നിര്‍ത്തിയില്ല തന്റെ ഇരുപതുകളില്‍ നടത്തിയ പോരാട്ടങ്ങള്‍ ജീവിതാന്ത്യം വരെ തുടര്‍ന്നു. 1957 ല്‍ ഐക്യ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച ജില്ല ആലപ്പുഴയായിരുന്നു. അവിടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത് സഖാവ് വിഎസും. ആദ്യത്തെ കമ്മ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച യുവനേതാവ് എന്ന നിലയില്‍ വി എസ് അന്ന് പാര്‍ട്ടിക്കകത്ത് ശ്രദ്ധേയനായി. വി എസ്സിന്റെ രാഷ്ട്രീയത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നിലനിന്ന സാമ്രാജ്യത്വ വിരുദ്ധതയും ഫ്യൂഡല്‍വിരുദ്ധതയും രൂപംകൊണ്ടത് പുന്നപ്രവയലാര്‍ മണ്ണില്‍ നിന്നായിരുന്നു എന്നുകാണാം. ലക്ഷക്കണക്കിന് ജനങ്ങളുടെ അന്ത്യാഭിവാദ്യമേറ്റുവാങ്ങി വലിയ ചുടുകാട്ടിലെ ചിതയിലെരിയും വരെ അദ്ദേഹം പുന്നപ്ര വയലാര്‍ രക്തസാക്ഷികളോടുള്ള കൂറും കടമയും കൈവിടാതെ കാത്തു.
(തുടരും)
94467 22699

Author

139 Views
Scroll to top
Close
Browse Categories