അശോക കേരളവും തൊട്ടുകൂടാത്തവരും
ഗാന്ധിയും ഗുരുവും സഹോദരനുമെല്ലാമായി നടന്ന വൈക്കം പോരാട്ടവേളയിലെ 1925 വര്‍ക്കല സംവാദം കേരളം ഇത്തരുണത്തില്‍ പാഠപുസ്തകങ്ങളിലാക്കേണ്ടതാണ്. ശാരദാമഠത്തിലെ തേന്‍മാവിനിലകള്‍ കാട്ടിഗുരുവിശദീകരിച്ചുകൊടുത്തു ഇലകള്‍ പല രൂപത്തിലാണെങ്കിലും അവയുടെ സത്തയൊന്നാണ്,ബഹുജനഭിന്നരായാലും മനുഷ്യത്തമാണ് മനുഷ്യരുടെ ജാതിയെന്നത്. ഗാന്ധിക്കതു വ്യക്തമായില്ല.
മൈത്രിയും അനാത്മവാദവും
സമുദയവാദവും അദ്വയവാദവും
മനുഷ്യചിന്താചരിത്രത്തിലെ യഥാര്‍ത്ഥ ആദിമ അദ്വയവാദി, ക്രിസ്തുവിന് അറുനൂറുവര്ഷത്തോളം മുമ്പുജീവിച്ച ബുദ്ധന്റെ ചിന്തയുടെ കാതല്‍ പ്രപഞ്ചസാഹോദര്യമായ മൈത്രിയാണ് . ശങ്കരന് ജനിക്കുന്നതിന് ഏതാണ്ട് അഞ്ച് നൂറ്റാണ്ടു മുമ്പ് സി.ഇ അഞ്ചാം ശതകത്തില്‍ സിംഹളബുദ്ധഭിക്കുവായ അമരസിംഹന്‍ നിര്‍മിച്ച അമരകോശത്തില്‍ അദ്വയവാദി, വിനായക എന്നീപദങ്ങള്‍ ബുദ്ധപര്യായമാണ്. 1918ല്‍ ആദ്യ ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ തന്നെ ഗുരു പ്രഖ്യാപിച്ചു നമ്മുടേതും ബുദ്ധമതം തന്നെയെന്ന്. അതിനു പ്രമാണമായി ഗുരു അമരമുദ്ധരിക്കുകയുമായിരുന്നു. യഥാര്‍ഥ അദ്വയവാദിയായ ഗോതമബുദ്ധരെന്ന വിനായകന്റെ അദ്വയചിന്തയാണദ്ദേഹം തന്റെ തത്വചിന്തയുടെ ആധാരമാക്കി 1918ല്‍ വിശദീകരിച്ചത്. 1926 ല്‍ രണ്ടാമതു ലങ്കയിലേക്കു പോയപ്പോള്‍ താനിനി മലയാളത്തിലേക്കില്ല എന്നായിരുന്നു മലയാളിശൂദ്രരുടെ ബ്രാഹ്മണീയതയില് മനംനൊന്തുഗുരു പറഞ്ഞത്. ശിഷ്യര്‍ വളരെ പണിപ്പെട്ടാണു തിരികെയെത്തിച്ചത്. രണ്ടുവര്‍ഷത്തിനുള്ളില്‍ 1928ല്‍ അദ്ദേഹം സമാധിയടഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസപാഠപുസ്തകങ്ങളില് ഒമ്പതാം നൂറ്റാണ്ടില്‍ ശങ്കരനോടുകൂടിമാത്രമാണ് തികഞ്ഞ ബ്രാഹ്മണികവും ക്ഷുദ്രവുമായ ഹിന്ദുചരിത്രവും സാഹിത്യവുമെല്ലാമാരംഭിക്കുന്നത്. കേരളത്തെ കുറിച്ചുള്ള ആദ്യ ലിഖിത ചരിത്രപുരാവസ്തു പ്രസ്താവന ബി. സി. ഇ. മൂന്നാം നൂറ്റാണ്ടിലെ അശോക മൗര്യചക്രവര്ത്തിയുടെ രണ്ടും പതിമൂന്നും ശിലാലിഖിതങ്ങളാണ്. അതേകാലത്താണ് തെന്നിന്ത്യയില്‍ തമിളകത്ത് അരിത്തപ്പട്ടി, അളകര്മലൈ, യാനമലൈ, കീളവളവ് ശിലാലിഖിതങ്ങളില്‍ അശോകന് ബ്രാഹ്മിയെന്ന ധർമ്മലിപിയുടെ തെക്കന്വഴക്കമായ തമിഴ്ബ്രാഹ്മിയില് ആതന്‍, ഈഴം തുടങ്ങിയ ബുദ്ധസംഘവുമായി ബന്ധമുള്ള പദങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തെന്നിന്ത്യയുടെ സംഘസംസ്കാരസാഹിത്യങ്ങളും തമിളകചരിത്രങ്ങളും പുരാവസ്തുക്കളും കീഴടിപോലെ പട്ടണത്തും ധർമ്മലിപിയടക്കം കിട്ടി. അതോടെ മലയാളികുലീനരുടെ ചരിത്രാധീശലോബി പട്ടണത്തെ പൂട്ടിക്കളഞ്ഞു.
തമിഴ്നാടടക്കം നാലോളം സംസ്ഥാനങ്ങള്‍ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച 2020ലെ നവദേശീയവിദ്യാഭ്യാസനയം ഭാവിയിലെ ഫണ്ടിങ്ങ് പ്രശ്നംപറഞ്ഞു ദേവസ്വം സവര്ണസാമ്പത്തികസംവരണം പോലെ രായ്ക്കുരാമാനം കരാറാക്കി നടപ്പാക്കാനുല്സാഹിച്ചതും ഇത്തരം ആസ്ഥാനചരിത്രവിദ്വാന്മാരാണ്. ഭാവിയില്‍പ്പോലും യൂണിയന്തലത്തില് ഭരണമാറ്റമുണ്ടാവില്ലെന്നിത്തരക്കാര് പരോക്ഷമായി ആഗ്രഹിക്കുകയും പ്രഖ്യാപിക്കുകയും കണ്ണടച്ചിരുട്ടാക്കി ഭാവിതലമുറയുടെ സ്വാഭിമാനത്തേയും സ്വാതന്ത്ര്യത്തേയും തീറെഴുതുകയും ചെയ്യുന്നു. ഒപ്പിട്ട കര്ണാടകപോലും കോണ്‍ഗ്രസ് വന്നപ്പോള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയ പദ്ധതിയാണിത്. ഭാവിയിന്ത്യയെ തകര്‍ക്കുന്ന ഹൈന്ദവസംസ്കൃതപദ്ധതിയാണ് എന്‍. ഇ. പി. 2020. ഓരബിന്ദോമുതല് ഗാന്ധിയുടെ അടിസ്ഥാനവിദ്യാഭ്യാസമാതൃകയും ബിബേകാനന്ദോയുടെ ഉത്തിഷ്ഠതാമാതൃകയുമാണതിന്റെ അടിസ്ഥാനം.
തേരവാദത്തിലെ അര്ഹതനാണ് തമിഴകത്തെ ആതന്‍. അര്‍ഹതനും സിദ്ധനുമായ അരത്തനും ചിത്തനുമെന്ന മയ്യനാട്ടെ ഈഴവരുടെ ഉപാസനാമൂര്‍ത്തികളെ കുറിച്ച് സി. വി. കുഞ്ഞുരാമനെഴുതുന്നു. ആദിചേരമൂപ്പന്മാര് പലരും അസോകരെപ്പോലെ അര്ഹതപദാര്ഥികളായ ആതന്മാരായിരുന്നു. അംഗുലീമാലനുപോലുമര്ഹതപദംകൊടുത്ത തുംഗമാം കരുണയുടെ മനുഷ്യരൂപമായ പുത്തരുടെ പാദംതഴുകിയ കരംകൊണ്ട് വാസവദത്തയുടെ കണ്ണീര്തുടയ്ക്കുന്ന ഉപഗുപ്തനെന്ന സ്വന്തം ഗുരുവായ നാണുവാശാനെ കുറിച്ച് ചിന്നസാമിയും കൂടിയായ ആശാന് കുരുണയുടെ കാവ്യാഖ്യാനക്കൊടുമുടിയിലെഴുതുന്നു. ഇഴചേര്‍ന്ന് സംഘടിതമായതാണ് ഈഴം. തമിഴകത്ത് സംസ്കൃത, പ്രാകൃതങ്ങളിലെ സംഘത്തിനു തുല്യമായ വാക്കാണീഴം. ഈഴവര്‍ എന്നാല്‍ സംഘക്കാര്‍ എന്നാണര്‍ത്ഥം. അസോകമകളായ (ധമ്മലിപിയില് ശകാരമില്ല, രായാ അസോകയെന്നു സന്നതിസ്തൂപലിഖിതം) സംഘമിത്തയുടെ കാലം മുതല്‍ ശ്രീലങ്ക സംഘത്തിന് സ്വന്തം നാടായിരുന്നു. ഈഴമെന്ന സംഘത്തിന് സ്വന്തരാജ്യം എന്നനിലയിലാണ് തമിളകത്ത് ലങ്കയെ ഈഴമെന്നു വിളിച്ചു തുടങ്ങിയത്. പാലിപ്രാകൃതമൂലമായ ലങ്കയിലെ സിംഹളഭാഷയില്‍ സംഘം എന്നാണുപറയുന്നത്.
പില്ക്കാലത്ത് മധ്യകാലത്തോടെ ഇന്ത്യയിലെ സംഘങ്ങള്‍ അഥവാ ഈഴങ്ങള്‍ ബ്രാഹ്മണീയവും ശൂദ്രവുമായ വംശഹത്യാഹിംസകളിലൂടെ ഇല്ലാതായപ്പോള്‍ ഈഴമെന്ന വാക്കിനെത്തന്നെ അപരവല്ക്കരിച്ചും മാറ്റിമറിച്ചും തെന്നിന്ത്യയുടെ ചരിത്രം ബ്രാഹ്മണികഹിന്ദുത്തം മാറ്റിയെഴുതി. ഊരുപേരുകളിലെ ഊരും ചേരിയും പള്ളിയും പോലെ തായ് മൂലമായ ഈഴം അഥവാ ഈളത്തെ ഏഴമെന്നും ഇളമെന്നും ഏലമെന്നും ഇലവെന്നുമെല്ലാംമാറ്റിമറിച്ചു ചരിത്രത്തെമായിക്കാന് സവര്‍ണത. പള്ളിപ്പേരുകളെ പിള്ളിയും പുള്ളിയും വള്ളിയും ഉള്ളിയും മുള്ളിയുമെല്ലാമാക്കി ചരിത്രത്തെ മറയ്ക്കാന്‍ പാടുപെടുന്നപോലെ. ജെ. രഘു വിശദീകരിക്കുന്ന ഹിസ്റ്റോറിസൈഡെന്ന ചരിത്രഹത്യയും ഓര്മക്കൊലയായ നിമോണിസൈഡെന്ന നിനവുകൊലയും പോലെയാണ് ഊരുപേരുകളിലെ വെട്ടലുംതിരുത്തലുകളുംകൊണ്ട് ചരിത്രത്തിലെ അറിവൊളിയുടെ അടയാളങ്ങളെ മറയ്ക്കാനും മായിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പള്ളിപ്പേരുകളുള്ള ഊരുകളുടെ പിള്ളിവല്ക്കരണം കേരളത്തില്‍ കൊടുമ്പിരിക്കൊള്ളുകയാണ്.
ഇഴചേര്‍ന്ന ഈഴമെന്ന സംഘടിതമായ സംഘവും സംഘക്കാരായ ഈഴവരും
കേരപുത്തോ അഥവാ കേരളമക്കളേയെന്നാണ് മഗധയിലെ മൗര്യചക്രവര്‍ത്തി തന് വിപുലമായ സാമ്രാജ്യത്തിനോരത്തുള്ള പ്രബുദ്ധരായ കേരളജനതയെ സംബോധനചെയ്യുന്നത്. ധർമ്മത്തെ ജീവിതസംസ്കാരമായി അശോകരോടൊത്തുസ്വീകരിച്ച് പ്രബുദ്ധരായ കേരളജനതയെയാണ് അശോകന്മാരെന്നു വിളിക്കുന്നത്. സഹോദരന്റെ 1934ലെ പദ്യകൃതികളിലെ ബൗദ്ധകാണ്ഡത്തിലെ കവിതകള്‍ കാലികള്ക്കുപോലും ധമ്മാശുപത്രികള് നിര്‍മിച്ച അശോകബോധകരെക്കുറിച്ചാണ്.
1806ലെ വൈക്കം അമ്പലത്തിലേക്കുള്ള ഈഴവരെന്ന സംഘക്കാരുടെ സമാധാനറാലിയെ വെട്ടിത്തള്ളിച്ചേറില് ചവിട്ടിയമര്‍ത്തിയ ദളവാക്കുളം കൂട്ടക്കൊലയും നരമേധവും ഈഴവവംശഹത്യയും 1923ലെ ടി. കെ. മാധവന്റെ ദേശാഭിമാനിയില്‍ ചിങ്ങം, കന്നി ലക്കങ്ങളിലെഴുതിയ തലയോലപ്പറമ്പിലെ എം. എല്‍. സി.യായിരുന്ന കെ. ആര്. നാരായണന് കരിപ്പണിക്കരും കുന്നേല്ചേന്നിയും മാലുത്തണ്ടാരും ചെട്ടുതറപ്പണിക്കന്മാരും നയിച്ച ശോകപ്പടയെക്കുറിച്ചു പറയുന്നു. അശോകന്മാരെയാണു ശോകന്മാരെന്നും ചോകന്മാരെന്നും ജാതിവര്ണവ്യവസ്ഥ നാട്ടുനടപ്പാക്കിയ പില്ക്കാല ഹൈന്ദവാധീശകാലത്തു വിളിച്ചതെന്നു സി. വി. കുഞ്ഞിരാമനും കെ. സുഗതനുമെല്ലാം എഴുതുന്നു. അശോകന്മാരായ പ്രബുദ്ധ ജനതയെ ചോകന്മാരും ചോവന്മാരുമാക്കി അതിനെ സംസ്കൃത്തിലെ സേവകപദത്തിന് അപഭ്രംശവായി വ്യവഹരിച്ചു.
മുഖ്യമന്ത്രിയേപ്പോലും അശോകമക്കളേയും അവരുടെ അമ്മമാരുടെ ജനനേന്ദ്രിയങ്ങളേപ്പോലും ശപിക്കുന്ന ജാതിത്തെറിയാക്കി മണിപ്പിള്ളമാരെ പോലുള്ള സവര്ണസ്ത്രീകളെക്കൊണ്ട് തെരുവില്‍ മണിപ്രവാളംപോലും ഞെട്ടുന്നപോലെ വിളിപ്പിച്ച് പിന്നണിയില്‍ സവര്‍ണരുടെ സാമ്പത്തികസംവരണമെന്ന തികഞ്ഞജാതിസംവരണം അവിഹിതമായി നേടുകയാണ് മലയാളികുലീനര്‍. തട്ടിപ്പുകഴിഞ്ഞപ്പോള് ഭരണഘടനയെക്കുറിച്ചുമിവര് ഗീര്വാണമിറക്കുന്നു. മണിപ്പിള്ളമാരും സത്യഭാമമാരും ഭരണഘടനക്കെതിരായ ജാതിക്കുറ്റകൃത്യങ്ങള്ക്കു ശിക്ഷിക്കപ്പെടുന്നില്ല. ദേവ സ്വം മന്ത്രിയെപ്പോലുളള ദലിതര്‍ പൊതുവേദിയില്‍ തന്നെ തൊട്ടുകൂടായ്മയും ജാത്യാധിക്ഷേപവും നേരിടുന്നത്നാട്ടുനടപ്പാകുന്നു.
വെട്ടിമൂടിമായിച്ചുവച്ചിരിക്കുന്ന കേരളത്തിന്റെ പ്രബുദ്ധമായ അശോകന് നാഗരീകചരിത്രങ്ങളും കേരളവിദ്യാഭ്യാസതലങ്ങളിലെല്ലാം പഠിക്കുകയും ഗവേഷണംചെയ്യുകയും മാധ്യമങ്ങളിലും പൊതുസ്ഥാപനങ്ങളിലും നിരന്തരംചര്ച്ചയാവുകയുംചെയ്താലേ പ്രബുദ്ധവും ലോകോത്തരവുമായ കേരളനാഗരീകവും സംസ്കാരസഭ്യതയും പുറത്തുവരൂ. അനാദികാലം മുതലിന്ത്യയിലെല്ലാം ഹിന്ദുവായിരുന്നു എന്നത് വ്യാജമായ അധീശസവര്‍ണ ചരിത്രമാധ്യമനിര്മിതിയാണ്. ചരിത്രപരവും സാമൂഹ്യവുമായ കപടതയ്ക്കും കള്ളത്തരത്തിനും ഹിന്ദുവെന്ന കിരാതമായ കെട്ടുകഥയ്ക്കുംമേല് പുതുസമൂഹനിര്മിതി സാധ്യമല്ലെന്ന് വൈകിയെങ്കിലും കേരളസര്‍ക്കാരും മാധ്യമങ്ങളും ബഹുജനങ്ങളും തിരിച്ചറിയണം. അമിതപ്രാതിനിധ്യക്കുത്തക സമസ്തമേഖലകളിലും ദേവസ്വം ബോർഡുപോലെ കയ്യാളുന്ന സവര്‍ണരുടെ അഥവാ പ്രാതിനിധ്യത്തില്‍ മുന്നാക്കമായവരുടെ സാമ്പത്തികസംവരണം പോലുള്ള ജനായത്തഭരണഘടനാവിരുദ്ധമായ സവര്‍ണ ജാതി സംവരണ പരിപാടികളും ദേശീയ വിദ്യാഭ്യാസനയമെന്ന പേരിലുള്ള പൊതുസര്‍വകലാശാലകളുടെ തകര്‍ക്കലും സ്വകാര്യ, വിദേശകുത്തകകളെ വളര്‍ത്തലും കേരളം തമിഴ്നാടും കര്‍ണാടകയും ചെയ്തപോലെ അടിയന്തിരമായിനിര്ത്തി, പുതുബോധനനയം ആവിഷ്കരിക്കണം. സാമുദായികപ്രാതിനിധ്യത്തിന്റെ കണക്കുപുറത്തുവരാന് സാമൂഹ്യസര്വേയായ കമ്യൂണിറ്റി സെന്‍സസ് നടപ്പാക്കാന്‍ തമിഴ്നാട്, ബീഹാര്‍ സംസ്ഥാനങ്ങളെപ്പോലെ ആവശ്യപ്പെടുകയും നിയമനിര്മാണനടപടി തുടങ്ങുകയുംവേണമെന്നാണ് ബഹുജനങ്ങള്പറയുന്നത്.
ഊരുപേരുകളുടെ ഉണ്മകളും
പ്രാദേശികചരിതങ്ങളും വിജ്ഞാനീയങ്ങളും
ആവര്‍ത്തിക്കുന്ന അനാദിഹൈന്ദവവ്യവഹാരവും ശാങ്കരാദ്വൈതവും ഗീതാഗിരികളും മാവാരതരാമായണപുരാണപട്ടത്താനങ്ങളും വേദോച്ചാരണവും വേദാന്തഗീര്വാണവും ഭാഗവതസപ്താഹങ്ങളും ഹൈന്ദവസംസ്കൃതകാവ്യേതിഹാസങ്ങളും പോലെ ജനായത്തവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ മറ്റൊന്നാണ് ഗാന്ധിജീപൂജയും ഗാന്ധിജിയുടെ സത്യബോധമായി പരോക്ഷമായി പുനസ്ഥാപിക്കാന്‍ മലയാളികുലീനമുന്ഷിമാര് അധരസേവനടത്തുന്ന വര്ണാശ്രമസംരക്ഷകനും ആത്മാരമണനുമായ ശ്രീരാമനും. സംഘസാഹിത്യത്തില്‍ കേള്‍വികേട്ട ചവരിമാനുകളെന്ന മ്ലാവുകള്മേഞ്ഞ ചവരിമലയെ പാതി സംസ്കൃതീകരിച്ച് ശബരിമലയാക്കി രാമായണത്തിലെ ശബരിയുമായി ബന്ധിപ്പിച്ച് രാമവല്ക്കരിച്ചു. സംഘകാലത്ത് കുറവരുടെ കുരവൈക്കൂത്തരങ്ങേറിയ കുരവൈയൂരിനെ പാതി ചമക്രിതമാക്കി ഗുരുവായൂരാക്കി. പരതപ്പുഴയെ ഒരുശബ്ദം മാറ്റി ഭാരതപ്പുഴയാക്കി. കണ്ണന്, മുരുകന്, അയ്യപ്പന് തുടങ്ങിയ മായാനവജ്രയാന ബോധിസ്വത്വരൂപങ്ങളെ വൈഷ്ണവശൈവാവതാരങ്ങളും ബിംബങ്ങളുമാക്കി. ”തക്കത്തില്‍ സംഭവിച്ചാന്‍ ഹരിഹരസുതനാമയ്യപ്പനാമപ്പനേവം” എന്ന മൂലൂരിന്റെ അയ്യപ്പസ്തോത്രപഞ്ചകം മുഴങ്ങുന്നു.
സഹോദരന് പദ്യകൃതികളില്‍ 1934ല്‍ എഴുതിയപോല ബ്രാഹ്മണികമായ ഗീര്‍വാണവും വര്‍ണനാവൈഭവവും ഭയങ്കരമാകുന്നു. ഗീതയേയും വൈദികപുരുഷസൂക്തത്തേയും സ്മൃതിശ്രുതിപുരാണങ്ങളേയും നിശിതമായി വിമര്‍ശിച്ചു തിരസ്കരിച്ച ഗുരുവിനെ, രാമാദികളുടെ കാലത്തെ ശൂദ്രാദിയായ ശംബുകനെയോര്ത്തു പാശ്ചാത്യരെ തന് ഗുരുക്കന്മാരായി പ്രഖ്യാപിച്ച ഗുരുവിനെയാണ് വൈദികവേദാന്തിയും ഹിന്ദുസന്യാസിശ്രേഷ്ഠനുമാക്കാനുള്ള സനാതനികളുടെ കരസേവ. അറിവൊളിയെ സ്മൃതിയുടെ ശൗചത്തിലേക്കും ശ്രുതിയുടെ കാഷ്ഠത്തിലേക്കും മാബലിയെ വാമനനെന്ന പോലെ ചവിട്ടിത്താഴ്ത്താനാണവരായുന്നത്. ഗുരുവിനെ വീണ്ടെടുക്കാന്‍ ബൗദ്ധവും മ്ലേഛവുമായ ബഹുജനബഹുസ്വര ബഹുസംസ്കാരവായനകളാണു ചരിത്രഗഹനമായും സമഗ്രഗാഢതയിലും വേണ്ടത്. അതിനു തെന്നിന്ത്യയുടെ സംഘസംസ്കാരവും അസോകന്‍ പ്രബുദ്ധചരിത്രവും അസ്തിവാരമാകേണ്ടതുണ്ട്. സ്തോത്രകൃതികളെഴുതിയയാളിന്നി ല്ലല്ലോ എന്നു ഗുരു. പരമ്പരാഗഹൈന്ദവശൂദ്രവിദ്യാഭ്യാസകാലത്ത് എഴുതിയതാണവ. സമഗ്രചരിത്രാവബോധമുള്ള നൈതികവിമര്ശബോധത്തിലൂടെയാകണം ഗുരുവിനേയും അദ്വൈതവേദാന്തികളില് നിന്നും വീണ്ടെടുക്കേണ്ടത്.
1925ല്‍ തന്നെവന്നുകണ്ടപ്പോള് ഗുരു ഉദാഹരണംകാട്ടി വിശദീകരിച്ചു കൊടുത്തിട്ടും അറിഞ്ഞമട്ടില്ലാതെ വര്‍ണാശ്രമധര്‍മ്മവും ഐഡിയല്ഭംഗിയുമെഴുതി ചാതുര്‍വര്‍ണ്യത്തേയും തോട്ടിപ്പണിയെന്ന ജാതിക്കുലത്തൊഴിലിനേയും ന്യായീകരിച്ച ഗാന്ധിയും ഗുരുവിന്റെ അറിവൊളിയുടെ വക്താവല്ല. ഗാന്ധിയും ഗുരുവും സഹോദരനുമെല്ലാമായി നടന്ന വൈക്കം പോരാട്ടവേളയിലെ 1925 വര്‍ക്കല സംവാദം കേരളം ഈത്തരുണത്തില്‍ പാഠപുസ്തകങ്ങളിലാക്കേണ്ടതാണ്. ശാരാദാമഠത്തിലെ തേന്‍മാവിനിലകള്‍ കാട്ടിഗുരുവിശദീകരിച്ചുകൊടുത്തു ഇലകള്‍ പല രൂപത്തിലാണെങ്കിലും അവയുടെ സത്തയൊന്നാണ്,ബഹുജനഭിന്നരായാലും മനുഷ്യത്തമാണ് മനുഷ്യരുടെ ജാതിയെന്നത്. ഗാന്ധിക്കതു വ്യക്തമായില്ല. അഥവാ ആ ലോകസത്യവും നീതിയുമംഗീകരിക്കാന് ഗാന്ധിയിലെ വര്ണാശ്രമിയായ വൈശ്യനുയാതൊരു വശവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കന്യാകുമാരിയമ്പലത്തില് അദ്ദേഹം വൈശ്യത്തമംഗീകരിച്ച് ബ്രഹ്മണാജ്ഞയും തീണ്ടലകലവും പാലിച്ചുതൊഴുതുമടങ്ങി. 1924ല്‍ യങ്ങിന്ത്യയിലെഴുതിയ ലേഖനത്തില്‍ ഗാന്ധി ഗുരുവിനെക്കുറിച്ചു പറഞ്ഞത് തീയന്മാരുടെ ആത്മീയനേതാവെന്നാണെന്നും 1937ല്‍ അയ്യങ്കാളിയെ പുലയരാജായെന്നാണ് ഇതര ദലിതസോദരങ്ങളുടെ മുന്നില്‍ വിളിച്ചതെന്നും നാം കണ്ടു.
വൈക്കം പോരാട്ടത്തില്‍ നിന്ന് ജോര്‍ജ് ജോസഫടക്കമുള്ള ന്യൂനപക്ഷപ്പോരാളികളെ പുറന്തള്ളിയതും ഗാന്ധിയും സര്ദാര്പണിക്കരുമടങ്ങുന്ന സവര്ണവൃത്തമാണ്. ഗുരുവിന്റെ വിശ്വാമിത്രനേയും വസിഷ്ഠനേയും ബ്രാഹ്മണ്യത്തേയും അടിയകലങ്ങളേയും സ്മൃതിശ്രുതിക്ഷൌര ശൗചങ്ങളേക്കുറിച്ചുമുള്ള ചരിത്രനര്മചിന്തയാണിവിടെ ഓര്‍മവരുന്നത്.
സവര്‍ണജാഥയെന്ന പിതൃത്വാധികാര ഉദ്ധാരകപഥസഞ്ചലനമെന്ന ചുളുവില്‍ നിര്വാഹകത്തമടിച്ചെടുക്കുന്ന ആശയവും സവര്ണവൃത്തങ്ങളുടെ സിന്‍ഡിക്കേറ്റിലൂടെ ഗാന്ധിയാണ് സാധൂകരിച്ചത്. ഒരുദിനം പോലും പട്ടിണിക്കുപൊരിവെയിലത്തും മഴയത്തും സമരംചെയ്യാതെ തടവിലാകാതെ ജാഥാകമാണ്ടറായി നവോത്ഥാനനായകനായി മാറി പലരും. (തുടരും)
9895797798