പരമാണുവിലും പൗർണമി

ലോകത്തെ ഏറ്റവും തിളക്കമാർന്ന ഗുരുകുലം സൂര്യനാണ്. അവിടെനിന്ന് കോടാനുകോടി ഗുരുക്കന്മാർ ഉദിച്ചുയരുന്നു. ഓരോ കിരണത്തിലുമുണ്ട് മഹാഗുരു സാന്നിദ്ധ്യം.

പ്രാണൻ മടങ്ങുന്നതോടെ ഉടൽ ജഡമായും ഇരുട്ടായും മാറുന്നു. അതു ഭീകരതശൂന്യതയിലേക്കും വിസ്‌മൃതിയിലേക്കും പതിക്കുന്നു. പിന്നെ വ്യക്തി ഓർക്കപ്പെടുന്നത് അറിവിന്റെ രൂപത്തിൽ മാത്രം. പരേതന്റെ പേരും സ്നേഹവും വാത്സല്യവും കർമ്മങ്ങളും വാക്കുകളും അറിവിന്റെ പൊൻതരികളായി ഇടയ്ക്കിടെ ഓർമ്മകളിൽ തിളങ്ങുന്നു.
ലോകമാകെ പരതിയാൽ അറിവിനെപ്പറ്റി സുന്ദരമായ കവിതയെഴുതിയ ഋഷിവര്യൻ ശ്രീനാരായണ ഗുരുവാണെന്ന് ബോദ്ധ്യമാകും. അതിന്റെ തുടർച്ചയെന്നോണം നാം ശരീരമല്ല അറിവാണെന്നും അദ്ദേഹം അരുളിയിട്ടുണ്ട്. അരുവിപ്പുറത്ത് ശിവശിലയായി അദ്ദേഹം പ്രതിഷ്ഠിച്ചത് അറിവിനെയാണ്. ആ അറിവ് ഇതളിട്ട് ലോകമാകെ ‘ജാതിഭേദം മതദ്വേഷം എതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന മഹാസന്ദേശ സുഗന്ധം പരത്തി. ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന തിരുവചനം കഴിഞ്ഞ സഹസ്രാബ്ദം ജന്മം നൽകിയ ഏറ്റവും സുന്ദരമായ അറിവും ഓർമ്മപ്പെടുത്തലുമല്ലേ. നമ്മുടെ വേദങ്ങളും വേദാന്തങ്ങളും ബൈബിളും ഖുറാനും കടഞ്ഞെടുത്ത അമൃതകണങ്ങളല്ലേ അവ.

അഖണ്ഡ ഭാഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ഗുരുവിന്റെ ജീവിതവും കർമ്മകാണ്ഡവും കൃതികളും എക്കാലവും മൂലധനമായിരിക്കും. പക്ഷെ പ്രകാശത്തെക്കാൾ സുതാര്യമായ ലാളിത്യമാർന്ന ആ ദർശനം നമ്മുടെ ചിന്തകൾക്കും ബുദ്ധിക്കും സുദർശനമാകുന്നു. പരനും അപരനും ഈശ്വരനും ഒന്നാണെന്ന പരമമായ അറിവിലേക്ക് അതു നമ്മെ നയിക്കുന്നു. പരമാണുവും പരബ്രഹ്മവും അറിവിന്റെ പൗർണമിയിൽ വിളങ്ങുന്നു.
പ്രപഞ്ച രഹസ്യങ്ങളും ജ്ഞാനവും ബോധമുള്ള എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ഗുരു നമ്മെ പഠിപ്പിച്ചു. ദേവാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കുമുള്ള വഴി ഗുരു വെട്ടിത്തെളിച്ചു. മനുഷ്യമോചന വിളംബരങ്ങളായിരുന്നു അവ.
അറിവിന്റെ ദേവത ശ്രീകോവിലിനുള്ളിലല്ല വിശുദ്ധമായ ബോധതലങ്ങളിലാണ് വാഴുന്നതെന്നും ഗുരു ഓർമ്മിപ്പിച്ചു.

പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ –
ക്കൊരു പതിനായിരമാണ്ടൊരല്പനേരം
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.

ആത്മോപദേശ ശതകത്തിലെ ഈ ശ്ളോകാർത്ഥം ഗ്രഹിച്ചാൽ മതി കാലദൈർഘ്യത്തിന്റെയും സുഖദുഃഖങ്ങളുടെ ഉൾപ്പൊരുളും പിടികിട്ടും. ആ പൊരുളറിഞ്ഞാൽ സ്വർഗ നരക ഭേദചിന്തയുടെ മറുവശം കാണാനാകും. ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലെല്ലാം അറിവിന്റെ പ്രതിഷ്ഠകളാണ്. ആ പ്രതിഷ്ഠകളുടെയെല്ലാം മഹാതിലകമാണ് കണ്ണാടി പ്രതിഷ്ഠ. അതിനെക്കാൾ മഹത്തായൊരു സന്ദേശമുണ്ടോ മഹാകാവ്യമുണ്ടോ?
വിശാലതയില്ലാത്ത പല പ്രസ്ഥാനങ്ങളും ഗുരുവിനെ അറിയാതെ മുൾക്കിരീടം ചാർത്തുകയും കടലാസുപൂകിരീടം അണിയിക്കുകയും ചെയ്തു. സർവമതസാരങ്ങളും നദികളായി സംഗമിക്കുന്ന ഗുരുദർശന സാഗരത്തിനടുത്തെത്താൻ കേരളവും ഭാരതവും ഇനിയുമേറെ നടക്കേണ്ടിയിരിക്കുന്നു. കൗമുദി ചാനലിനുവേണ്ടി നൂറ് എപ്പിസോഡുള്ള മഹാഗുരുവിന്റെ രചനയ്ക്കിടയിൽ ഗുരുവിനെ അറിയാൻ ശ്രമിച്ചു. ആശ്രമം കവിതയിലേക്കുള്ള തീർത്ഥാടനത്തിനും ഉപകരിച്ചു. ജലാഗ്നിരൂപൻ എന്ന മഹാകവി കുമാരനാശാനെപ്പറ്റിയുള്ള പുതിയ കാവ്യായനത്തിനും അതു സഹായകമായി. എന്നെ സംബന്ധിച്ച് ആദിയുഷസു തന്നെ ആദികാവ്യമാണ്. ലോകത്തെ എന്നും വിസ്മയിപ്പിക്കുന്ന ശ്രീനാരായണ ഗുരു എഴുതി പൂർത്തിയാക്കാനാവാത്ത പ്രകാശത്തിന്റെ മഹാകാവ്യവും.
ലോകത്തെ ഏറ്റവും തിളക്കമാർന്ന ഗുരുകുലം സൂര്യനാണ്. അവിടെനിന്ന് കോടാനുകോടി ഗുരുക്കന്മാർ ഉദിച്ചുയരുന്നു. ഓരോ കിരണത്തിലുമുണ്ട് മഹാഗുരു സാന്നിദ്ധ്യം.

Author

Scroll to top
Close
Browse Categories