ഇനി എന്നുവരും ബി.എസ്.എൻ.എൽ. 4ജി ?

ബി.എസ്.എൻ.എൽ. സേവനം കേരളത്തിൽ പൂർണ മായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മറ്റ് സ്വകാര്യ മൊബൈൽ, ഇന്റർനെറ്റ്സർവീസ് പ്രൊവൈഡർമാരെല്ലാം അതിവേഗ സർവീസുകളുമായി ബഹുദൂരം പിന്നിടുമ്പോഴാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ. 2ജിയും 3ജിയുമായി മുട്ടിയും മുടന്തിയും പോകുന്നത്. മലപ്പുറം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കുറച്ചു ടവറുകളിൽ മാത്രമേ 4ജി സർവീസ് നൽകാൻ ബി.എസ്.എൻ.എല്ലിന് കഴിഞ്ഞിരുന്നുള്ളൂ. 5ജി ബി.എസ്.എൻ.എല്ലിന്റെ വിദൂര സ്വപ്നങ്ങളിൽപോലും നേരത്തേ ഉണ്ടായിരുന്നില്ല. 4ജി എങ്കിലും മര്യാദയ്ക്ക് ലഭിച്ചാൽ മതിയായിരുന്നു എന്ന ആഗ്രഹത്തിലാണ് കേരളത്തിലെ ദശലക്ഷക്കണക്കിന് ബി.എസ്.എൻ.എൽ. ഉപഭോക്താക്കൾ. 3ജി സിമ്മുകൾ മാറ്റി 4ജി സിമ്മുകൾ കമ്പനി വിതരണം ചെയ്തുതുടങ്ങിയിട്ട് മാസങ്ങളായി. പക്ഷേ, 4ജി സേവനം എല്ലായിടത്തും എത്തുന്നില്ലെന്നതാണ് അവരെ നിരാശരാക്കുന്നത്.

സ്വകാര്യ ടെലികോം കമ്പനികളായ എയർടെൽ, ജിയോ, വി ഐ എന്നിവ 4ജി സർവീസുകൾ നാലുവർഷം മുമ്പ് രാജ്യത്ത് ആരംഭിച്ചപ്പോൾ ബി.എസ്.എൻ.എൽ കാഴ്ചക്കാരായി നോക്കിനിന്നു. ഇന്ത്യൻ സാങ്കേതികവിദ്യ തന്നെ വേണമെന്ന കേന്ദ്രസർക്കാർ നിലപാടായിരുന്നു കാരണം. രാജ്യത്തെ തിരഞ്ഞെടുത്ത ടെലികോം സർക്കിളുകളിൽ മാത്രമാണ് ബി.എസ്.എൻ.എൽ. ഇപ്പോൾ 4ജി സേവനങ്ങൾ നൽകുന്നത്. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ പദ്ധതി പ്രകാരം പൂർണമായും ഇന്ത്യൻ നിർമ്മിതമാണ് ഇപ്പോൾ ബി.എസ്.എൻ.എൽ 4ജി, 5ജി സംവിധാനം. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് (ടി.സി.എസ്) സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് ടെലിമാറ്റിക്സും സഹകരിച്ചു. ആന്റിന, റേഡിയോ സംവിധാനങ്ങൾ സ്വകാര്യ കമ്പനിയായ തേജസ് നിർമ്മിച്ചു. സാംസംഗ് (കൊറിയ), നോക്കിയ (ഫിൻലൻഡ്), എറിക്സൺ (സ്വീഡൻ), ഹുവാവേ, ഇസഡ്.ടി.ഇ (ചൈന) എന്നീ കമ്പനികൾക്ക് മാത്രമേ 4ജി, 5ജി ടെക്‌നോളജിയുള്ളൂ. ബി.എസ്.എൻ.എൽ പരീക്ഷണം വിജയിച്ചാൽ ടി.സി.എസും ഈ ക്ളബ്ബിലെത്തും. അത് രാജ്യത്തിന്അഭിമാനകരമായ ഒരു നേട്ടം തന്നെയയാണ്. 4ജി നിലവിൽ വന്നാൽ അതേ സംവിധാനങ്ങളിലൂടെ തന്നെ സോഫ്റ്റ്‌വെയർ അപ്ഡേറ്റിലൂടെ ബി.എസ്.എൻ.എല്ലിന് 5ജിയിലേക്ക് അതിവേഗം മാറാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും മത്സരാധിഷ്ഠിതമായ സാങ്കേതികവിദ്യാരംഗത്ത് ഒരു ദിവസം പോലും വിലപ്പെട്ടതാണ്.

ഇന്റർനെറ്റിന് പ്രകാശവേഗം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ജനങ്ങൾ. ഇന്ത്യയുടെ ഡിജിറ്റൽ പുരോഗതി ലോകത്തെ തന്നെ ആശ്ചര്യപ്പെടുത്തുന്ന കാലത്ത്, കുഞ്ഞുകുട്ടികൾ മുതൽ വഴിയോരക്കച്ചവടക്കാർ വരെ ഇന്റർനെറ്റ് ഉപയോഗവും ഡിജിറ്റൽ പേമെന്റും നടത്തുന്ന രാജ്യത്ത് സർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ. 4ജി, 5ജി സേവനങ്ങൾ ഇനിയും വൈകിപ്പിക്കുന്നത് ശരിയല്ല. കാലതാമസം മൂലം ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് മാസം തോറും ബി.എസ്.എൻ.എൽ. ഉപേക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 1.8 കോടി പേർ ബി. എസ്.എൻ.എൽ.വിട്ട് സ്വകാര്യ സർവ്വീസുകളിലേക്ക് മാറിയെന്നാണ് കണക്ക്. ഉപഭോക്താക്കളുടെ വിഹിതം 7.46 ശതമാനമായി കുറയുകയും ചെയ്തു. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെയും മുന്നിൽ നിന്ന ബി.എസ്.എൻ.എൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.

സാങ്കേതിക വിദ്യ ഒഴികെ അ‌ടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ഒരു സേവനദാതാവിനും ഇല്ലാത്ത ആധിപത്യം രാജ്യത്തെമ്പാടും ബി.എസ്.എൻ.എല്ലിനുണ്ട്. ജീവനക്കാരിൽ നല്ലൊരു പങ്കും ഇപ്പോൾ സർക്കാർലൈനിലെ ചിന്താഗതി മാറ്റി സ്ഥാപനത്തെ നിലറുത്തണമെന്ന്ആഗ്രഹിക്കുന്നവരാണ്. കേന്ദ്രസർക്കാർ ഏറ്റവും വലിയ ഓഹരി ഉടമയായ രാജ്യത്തെ പ്രധാനപ്പെട്ട മൊബൈൽ സേവനദാതാവായ വൊഡാഫോൺ ഐഡിയയുടെ ടവർ ശൃംഖലയിലൂടെ തത്കാലം ബി.എസ്.എൻ.എൽ. 4 ജി. സർവ്വീസ് രാജ്യമാകെ നൽകണമെന്ന് ബി.എസ്.എൻ.എൽ. എംപ്ളോയീസ് യൂണിയൻ ആവശ്യമുന്നയിക്കുന്ന സ്ഥിതിവരെയുണ്ടായി. സർക്കാർ നടപടിക്രമങ്ങളുടെ നൂലാമാലകൾ സ്ഥാപനത്തിന്റെ മെല്ലെപ്പോക്കിന് പ്രധാനകാരണമാണ്.
രാജ്യത്തെ പാവപ്പെട്ട കോടിക്കണക്കിന് പേർ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന, 2 ജി സേവനം മാത്രം ലഭ്യമാകുന്ന കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണ്. അവരെ കൂടി പരിഗണിച്ച് 2 ജി സംവിധാനവും നിലനിറുത്താനുള്ള ശ്രമവും 4 ജി സേവനം വൈകിയതിന് പിന്നിലെ കാരണങ്ങളിൽ ഒന്നാണ്. ഇതിനായി പ്രത്യേക സംവിധാനങ്ങൾ വികസിപ്പിക്കേണ്ടി വന്നു. സർക്കാരിന്റെ സാമൂഹ്യപ്രതിബദ്ധത സ്വകാര്യ കമ്പനികളിൽ നിന്ന് പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ. അത് തിരിച്ചറിയുന്ന ജനസമൂഹവും രാജ്യത്തുണ്ട്. ഇപ്പോൾ അവരാണ് തങ്ങളെ നിലനിറുത്തുന്നതെന്ന കാര്യവും ബി.എസ്.എൻ.എൽ. ജീവനക്കാരും മാനേജ്മെന്റും ഓർക്കുകയും വേണം. മൊബൈൽ, ഇന്റർനെറ്റ് നിരക്കുകൾ പിടിച്ചു നിറുത്തുന്നതിൽ ഈ പൊതുമേഖലാ സ്ഥാപനം വഹിക്കുന്ന പങ്കും ചെറുതല്ല. ഇതൊക്കെ കൊണ്ടുതന്നെ ബി.എസ്.എൻ.എൽ. നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യം കൂടിയാണ്.

സംസ്ഥാനത്തെ ബി.എസ്.എൻ.എല്ലിന്റെ 11,200 ടവറുകളിൽ 7900 എണ്ണം അപ്ഗ്രേഡ് ചെയ്താൻ കേരളം സമ്പൂർണ 4ജി ആകുമെന്നാണ് പ്രതീക്ഷ. ഇതിൽ പകുതിയിൽ പോലും 4ജി സംവിധാനങ്ങൾ ആയിട്ടില്ല. പഴയ ടവറുകളിൽ പുതിയ ആന്റിനയും കേബിളുകളും ഘടിപ്പിക്കലാണ് പ്രധാനജോലി. ഇത് എത്രയും വേഗം പൂർത്തീകരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ കേരളത്തിലെ ബി.എസ്.എൻ.എൽ. മുൻകൈയെടുക്കണം. വയനാട്
ചൂരൽമലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ ക്ഷിപ്രവേഗത്തിൽ ബി.എസ്.എൻ.എൽ. അവിടെ 4ജി സർവ്വീസ് കൊണ്ടുവന്നത് നാം കണ്ടതാണ്. വേണമെന്ന് വെച്ചാൽ കേരളം മുഴുവൻ അതേ വേഗതയിൽ 4 ജി സേവനങ്ങൾ നൽകാൻ ബി.എസ്.എൻ.എല്ലിന് സാധിക്കും. ഭൂമിപ്രകൃതിയുൾപ്പടെ മറ്റേത് സംസ്ഥാനത്തേക്കാളും സാഹചര്യങ്ങൾ ഇവിടെ അനുകൂലമാണ്. ബി.എസ്.എൻ.എല്ലിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കൾ കേരളത്തിലുമുണ്ട്. പോരായ്മകളുണ്ടെങ്കിലും ഈ പ്രസ്ഥാനത്തെ താങ്ങി നിറുത്തുന്ന ഇവരെ ഇനിയും പറഞ്ഞു പറ്റിക്കാതെ സംസ്ഥാനത്ത് സമ്പൂർണ 4, 5 ജി സേവനങ്ങൾക്ക് തുടക്കം കുറിക്കാൻ ഒരു നിമിഷം പോലും ബി.എസ്.എൻ.എൽ. വൈകരുത്.

Author

Scroll to top
Close
Browse Categories