വഖഫ്:മുനമ്പത്തെ കണ്ണീരിന് വിലയില്ലേ….
കേന്ദ്രസർക്കാരിന്റെ വഖഫ് നിയമഭേദഗതി നീക്കം രാജ്യമാകെ പലരീതിയിലുമുള്ള ചർച്ചകൾക്ക് കാരണമാകുമ്പോൾ ഈ മലയാള മണ്ണിൽ വഖഫ് നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് മന:സമാധാനം നഷ്ടപ്പെട്ട 614 കുടുംബങ്ങളുടെ ദുരിതജീവിതം മതേതരമൂല്യങ്ങളെയും ഭരണഘടനയിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതാണ്. നൂറ്റാണ്ടുകളായി പല തലമുറകൾ ജീവിച്ചവരുടെ ഭൂമിയാണിത്. സ്വന്തം മണ്ണ് ഒരു സുപ്രഭാതത്തിൽ അന്യമായ ഈ കുടുംബങ്ങളിലെ നാലായിരത്തോളം മനുഷ്യർ അനുഭവിക്കുന്ന ദു:ഖം കേരളത്തിന്റെ കണ്ണീരായി മാറാത്തതെന്താണെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ന്യൂനപക്ഷ വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താൻ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾ തന്നെ. മുനമ്പത്തെ ഇരകളിൽ നല്ലൊരു ഭാഗവും ന്യൂനപക്ഷ ലത്തീൻ ക്രിസ്ത്യൻ വിഭാഗങ്ങളായതിനാലാണ് കുറച്ചെങ്കിലും ഈ പ്രശ്നം ചർച്ചയാകുന്നത്. സഭാ നേതൃത്വവും വൈദികരും സമരപാതയിലെത്തിയിട്ടും മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ പ്രശ്നത്തെ തമസ്കരിക്കുകയാണ്.
ഇസ്ളാമിക നിയമപ്രകാരം വിശ്വാസി ദൈവത്തിന് സമർപ്പിക്കുന്ന സ്വത്താണ് വഖഫ്. രേഖാമൂലമോ വാക്കാലോ വഖഫ് ചെയ്യപ്പെട്ടാൽ പിന്നെ അത് വഖഫ് ബോർഡിന്റെ കീഴിലാകും. ഇത്തരം സ്വത്തുക്കളുടെ കൈകാര്യത്തിനായുള്ള വഖഫ് ബോർഡിന് അതിരുകളില്ലാത്ത അധികാരങ്ങളുണ്ട്. കേന്ദ്ര വഖഫ് നിയമത്തിൽ 1995ൽ സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രശ്നങ്ങൾ സങ്കീർണമാക്കി. ഇതുപ്രകാരം ഇസ്ളാം വിശ്വാസി തനിക്ക് സമ്പൂർണാവകാശം ഉള്ളതോ ഇല്ലാത്തതോ ആയവ വഖഫ് ചെയ്താൽ വഖഫ് ബോർഡിന് ആ സ്വത്ത് നോട്ടീസ് പോലും നൽകാതെ സ്വന്തമാക്കാം. ഇതിനെചോദ്യം ചെയ്ത് കോടതികളെ സമീപിക്കാനാവില്ല. വഖഫ് കൗൺസിലിന് പരാതി നൽകാമെന്നുമാത്രം. മുസ്ളീം അംഗങ്ങൾ മാത്രമുള്ള കൗൺസിൽ തീരുമാനം അന്തിമമാണ്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളിയിൽ1500 വർഷം പഴക്കമുള്ള സുന്ദരേശ്വരാർ ക്ഷേത്രമുൾപ്പടെയുള്ള തിരുച്ചെന്തുറൈ ഗ്രാമം അങ്ങിനെ അപ്പാടെ വഖഫ് സ്വത്തായി. തിരുച്ചെന്തുറൈയും മുനമ്പവും ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇങ്ങിനെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഉടമകളിൽ ഒന്നായി വഖഫ് ബോർഡ് മാറിയത്. ഇന്ത്യൻ റെയിൽവേയും സൈന്യവും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ഭൂമിയുള്ളത് വഖഫ് ബോർഡിനാണ്. 87 ലക്ഷം വസ്തുക്കളിലായി 9.4 ലക്ഷം ഏക്കർ. ലോകത്ത് ഏറ്റവുമധികം വഖഫ് ഭൂമിയുള്ള രാജ്യവും ഇന്ത്യയത്രെ. ആർക്കിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യയുടെ പക്കലുള്ള ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹൽ പോലും ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിന്റെ കണക്കനുസരിച്ച് അവരുടേതാണ്. ഈ പ്രശ്നം ഇപ്പോൾ സുപ്രീം കോടതിക്ക് മുന്നിലാണ്.
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് വൈപ്പിൻകരയിൽ കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിലാണ് കേരളം കണ്ടില്ലെന്ന് നടിക്കുന്ന 104 ഏക്കർ ഭൂമിയിലെ 614 കുടുംബങ്ങൾ വഖഫിന്റെ പേരിൽ അനുഭവിക്കുന്ന ദുരിതം. സാധാരണക്കാരിൽ സാധാരണക്കാരായ മത്സ്യതൊഴിലാളികളാണ് ഇവരിൽ ഏറിയ പങ്കും. ക്രൈസ്തവരിലെ പിന്നാക്കക്കാരായ ലത്തീൻ സഭക്കാർക്കാണ് അംഗബലം. 200ഓളം പേർ ഈഴവ, ധീവര, കുടുംബി, പട്ടികജാതി കുടുംബങ്ങളാണ്. വഖഫ് രേഖാപരമായി സ്വന്തമാക്കിയ ഈ ഭൂമിയിൽ ഒരു മുസ്ളീം മതവിശ്വാസി മാത്രമാണ് താമസം. ഏതാനും ചിലർക്ക് ഭൂസ്വത്തുണ്ടെന്നുമാത്രം. 2022 മുതൽ ഇവിടെ ഭൂഉടമകൾക്ക് കരമടക്കാനാവില്ല. അതുകൊണ്ടുതന്നെ ഭൂപണയ വായ്പകൾ ലഭിക്കില്ല. വിവാഹ, വിദ്യാഭ്യാസ, ചികിത്സാ ആവശ്യങ്ങൾ മുടങ്ങി കണ്ണീരിലായവർ നിരവധി. പുതിയ വീടുവയ്ക്കാൻ അനുമതിയില്ല. വിലകൊടുത്തു വാങ്ങിയ ഭൂമിയിലെ കിടപ്പാടം വിട്ടുകൊടുത്ത്, വെറുംകൈയ്യുമായി റോഡിലേക്ക്ഇറങ്ങേണ്ടി വരുമോയെന്ന ഭയത്തിലാണ് പ്രദേശവാസികൾ. ക്രിസ്ത്യൻ പള്ളിയും വൈദികമഠവും കോൺവെന്റും സെമിത്തേരിയും അമ്പലവും ഇവിടെയുണ്ട്. പള്ളിപ്പുറം പഞ്ചായത്ത് വക രണ്ട് ടാർ റോഡുകളും പാലങ്ങളും പണിതിട്ടുണ്ട്. രണ്ട് ബാർ ഹോട്ടലുകളും 20ഓളം റിസോർട്ടുകളും ഹോസ്റ്റേകളും പ്രവർത്തിക്കുന്നു.
ഗുജറാത്തിൽ നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ അബ്ദുൽ സത്താർ മൂസ ഹാജി സേട്ടിന് 1902ൽ തിരുവിതാംകൂർ മഹാരാജാവ് കൃഷിക്കായി പാട്ടത്തിന് നൽകിയ 464 ഏക്കർ ഭൂമിയിൽ കടലെടുത്തതിന്റെ ബാക്കിയാണ് ഇപ്പോഴുള്ള 104 ഏക്കർ കരഭൂമിയും 60 ഏക്കർ വെള്ളക്കെട്ടും. 1948ൽ ഭൂമി അദ്ദേഹത്തിന്റെ പിൻഗാമി സിദ്ദിഖ് സേട്ടിന്റെ പേരിലായി. 1950ൽ സേട്ട് കോഴിക്കോട്ടെ ഫാറൂഖ് കോളേജിന്റെ ആവശ്യങ്ങൾക്കായി ക്രയവിക്രയാധികാരങ്ങളോടെ ദാനം നൽകി. കോളേജ് ഇല്ലാതായാൽ കുടുംബത്തിന് മടക്കിനൽകണമെന്നും വ്യവസ്ഥയുണ്ട്. പിന്നീട് ഭൂമിയെ ചൊല്ലി കോളേജുമായി ഭൂമിയിലെ കുടികിടപ്പുകാർ വ്യവഹാരങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.
34 വർഷത്തെ നിയമയുദ്ധത്തിന് ശേഷം ഫാറൂഖ് കോളേജ് മാനേജ്‌മെന്റിൽ നിന്ന് കുടികിടപ്പുകാർ വിലകൊടുത്ത് ഭൂമി വാങ്ങി. 1989 മുതൽ 1993 വരെ കോളേജിന്‍റെ മാനേജിംഗ് കൗൺസിൽ സെക്രട്ടറി ഹസൻകുട്ടി സാഹിബ് ഒപ്പിട്ട 280ഓളം ആധാരങ്ങൾ ഈ ഭൂമിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ടു. അതിന് ശേഷം വിറ്റതും അനന്തരാവകാശികൾക്ക് കൈമാറിയതുമായ ആയിരത്തോളം രജിസ്ട്രേഷനും നടന്നിട്ടുണ്ട്.
ആധാരത്തിൽ വഖഫ് എന്ന വാക്കുണ്ടെന്നതിന്റെ പേരിൽ എറണാകുളത്തെ വഖഫ് സംരക്ഷണ സമിതി എന്ന സംഘടനയാണ് ഭൂമി വഖഫ് സ്വത്ത് ആക്കാൻ നിയമയുദ്ധം നടത്തുന്നത്. വഖഫ് ചെയ്യപ്പെട്ട വസ്തുവിന് ക്രയവിക്രയാധികാരങ്ങളില്ല. ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്നത് 2019ലാണ്. ബോർഡ് റവന്യൂ വകുപ്പിന് കത്ത് നൽകിയതിനെ തുടർന്ന് 2022 മുതൽ ഉടമകൾക്ക് കരം അടയ്ക്കാൻ കഴിയുന്നില്ല. ഹൈക്കോടതി സിംഗിൾബഞ്ച് കരം സ്വീകരിക്കാൻ വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആറ് കേസുകൾ ഹൈക്കോടതി മുമ്പാകെയുണ്ട്. ഇറക്കിവിടാൻ അനുവദിക്കില്ലെന്ന് സി.പി.എമ്മുകാരനായ സ്ഥലം എം.എൽ.എയും കോൺഗ്രസുകാരനായ എം.പിയും ഇവർക്ക് ഉറപ്പു നൽകുന്നുണ്ടെങ്കിലും വഖഫ് നിയമത്തിൽ ഭേദഗതി വരുത്താതെ ഭൂമിയുടെ ഉടമസ്ഥതാവകാശം തിരികെ ലഭിക്കുക അസാദ്ധ്യമെന്നുതന്നെ പറയണം. ഇത്തരം അന്യായമായവും ഭരണഘടനാവിരുദ്ധവുമായ വ്യവസ്ഥകൾ ഒഴിവാക്കുന്നതുൾപ്പടെയാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി ബിൽ. ഇതിനെതിരെ കേരള നിയമസഭയിൽ ഭരണപക്ഷം കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനയാണ് പാസാക്കിയത്. മുനമ്പം വിഷയത്തെ ബാധിക്കുന്ന കാര്യത്തിൽ നിർദേശങ്ങളൊന്നുമുണ്ടായതുമില്ല. മുസ്ളീങ്ങളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്ന എന്തെങ്കിലും നിർദേശങ്ങൾ വഖഫ് ഭേദഗതി ബില്ലിൽ ഉണ്ടെങ്കിൽ അതിനെ എതിർക്കുക തന്നെ വേണം. അതുപോലെതന്നെ മറ്റു മതസ്ഥരുടെയും പൗരന്മാരുടെയും അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമങ്ങളെയും ചോദ്യം ചെയ്യണം. അതിനുള്ള ധൈര്യം കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികളിൽ ആർക്കുമുണ്ടായില്ല. മുസ്ളീം വോട്ടുബാങ്കിനെ ഭയന്ന് അവർ മുട്ടിലിഴഞ്ഞു.
വഖഫ് ചെയ്യപ്പെട്ട വസ്തുവിൽ മറ്റാർക്കെങ്കിലും എന്തെങ്കിലും രീതിയിലുള്ള അവകാശം നിലനിൽക്കുന്നുണ്ടോ എന്നു പരിശോധിക്കാതെ, നിയമപരിഹാര സാദ്ധ്യതകൾ നിഷേധിച്ച് മതസ്വത്താക്കുന്ന സംവിധാനം ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. നീതിന്യായ വ്യവസ്ഥയിൽ സാമാന്യജനങ്ങൾക്ക് വിശ്വാസം വരണമെങ്കിൽ ഏതൊരു തീരുമാനവും, ശരിയാണെങ്കിലും തെറ്റാണെങ്കിലും നിയമത്തിന് മുന്നിൽ ചോദ്യം ചെയ്യാനുള്ള അവകാശം പൗരന് ലഭ്യമാകണം. ആ അവകാശം നിഷേധിക്കുന്ന നിയമവ്യവസ്ഥയെ ജനാധിപത്യവിശ്വാസികൾക്ക് അംഗീകരിക്കാനാവില്ല. ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥിതിയ്ക്കും മുകളിൽ മതത്തെ പ്രതിഷ്ഠിക്കുന്നത് മതേതരത്വത്തിനും ജനാധിപത്യത്തിനും യോജിച്ചതല്ല.