കേരളനവോത്ഥാനവും അറിവൊളിയുടെ തുറവിയും

മനുഷ്യനെ അപശൂദ്രാധികരണത്തിലൂടെ അപമാനവീകരിച്ച് മൃഗമാക്കുകയും പിന്നെ മെരുക്കിയ വളര്‍ത്തുമൃഗമാക്കുകയും ചവിട്ടുന്ന അധീശപാദം നക്കുന്ന വളര്‍ത്തുനായയാക്കുകയും ആ പട്ടിയെ വെറും പേപ്പട്ടിയാക്കുകയും കൊല്ലാക്കൊലചെയ്യുകയും ചെയ്യുന്ന വര്‍ണാശ്രമവ്യവസ്ഥ ലോകത്തു തന്നെ അപൂര്‍വമാണ്.

സാഹോദര്യസമുദയവാദത്തിന്റെ
വേരുകളും ആഴങ്ങളും ഇഴപ്പെരുക്കങ്ങളും

ആധുനികകാലത്ത് കേരളത്തില്‍ മഹാകവി കുമാരനാശാന്റെ കാവ്യമൊഴിയില്‍ സൂചിതമാകുന്നപോലെ അനുപമകൃപാനിധിയും അഖിലബാന്ധവനുമായ കേരളാധുനികബുദ്ധനായ നാരായണഗുരുവിലൂടെ ഉദിച്ചുയര്‍ന്ന, അറിവൊളിചിതറിയ നൈതികമായ വിമര്‍ശബോധത്തെയാണ് സഹോദരനും ധര്‍മതീര്‍ഥരും പി. കെ. ബാലകൃഷ്ണനും ഇളംകുളവും ഒക്കെ പലതുറകളില്‍ തലമുറകളിലൂടെ മുന്നോട്ടു കൊണ്ടുപോയത്. ഗുരുവിന്റെ വിദ്യാഭ്യാസ, സംഘടനാ ധാര്‍മിക സന്ദേശങ്ങളാണ് മഹാത്മാ അയ്യങ്കാളിയുടേയും പൊയ്കയിലപ്പച്ചന്റേയും കുറുമ്പന്‍ ദൈവത്താന്റേയുമെല്ലാം മഹത്തായ വിമോചനപ്പോരാട്ടങ്ങളുടെ പരിവര്‍ത്തനഭൂമികയും മാറ്റത്തിന്‍ ചാലകതയും ഉരുവമാക്കിയത്. മനുഷ്യരാവുക മനുഷ്യര്‍ നന്നാവുക, മതമേതുമാവട്ടെയെന്ന സാര്‍വത്രികവിമോചന സന്ദേശമാണ് കേരളത്തിന്‍ ആധുനികതയുടെ മതേതരമാനവിക പുതുചിന്തയുടെ ആധാരം. കേരളാധുനികതയെ ലോകോത്തരവും ഭാവിയിലേക്കുള്ളതും ബഹുസ്വരവുമാക്കുന്നതും ഗുരുവിന്റെ അറിവൊളിയുടെ വഴിയും വെളിച്ചവുമാണ്.

ഗുരുവിന്റെ ലോകോത്തരവും മാനവികവും നൈതികവുമായ അനുകമ്പാപൂര്‍ണമായ ഈ വിമര്‍ശതാത്വികബോധത്തി ന്റെ വര്‍ത്തമാനമുഖമാണ് നാം ജെ. രഘുവില്‍ കാണുന്നത്. കേരളനവോത്ഥാനപഠനങ്ങളെ വിമര്‍ശാത്മകമായി വിശകലനംചെയ്തു പുനര്‍വായിച്ചു വീണ്ടെടുത്തുകൊണ്ട് ജെ. രഘു അവതരിപ്പിക്കുന്ന പുത്തനായ അറിവൊളിയുടെ വ്യവഹാരത്തിന് തെന്നിന്ത്യയിലും കേരളത്തിലും വിപുലമായ വംശാവലീചരിത്രങ്ങളുമുണ്ട്. തത്വചിന്താപരവും വിമര്‍ശാത്മകവും നൈതികവും രാഷ്ട്രീയവുമായ വെളിച്ചപ്പെടുത്തല്‍ അഥവാ ഇല്യൂമിനേഷന്‍ സാധ്യമാക്കുമ്പോള്‍ തന്നെ ചരിത്രപരമായ അഭാവങ്ങളും ശൂന്യതകളും നിരാസങ്ങളും അറിവൊളിയുടെ പുതുവ്യവഹാരത്തെ പ്രശ്‌നഭരിതമാക്കുന്നു. കേരളനവോത്ഥാനത്തെ കുറിച്ചുളള കാലികമായ വിമര്‍ശ പുനര്‍വിചിന്തനവും നൈതികമായ പുതുക്കലുമാണിവിടെ നടക്കുന്നത്.

ജീവകാരുണ്യമാര്‍ന്ന അപരോന്മുഖമായ നൈതികതയാണ് തത്വചിന്തയേയും വിമര്‍ശാവബോധത്തേയും ബഹുജനോന്മുഖമായ എഴുത്തിനേയും രാഷ്ട്രീയത്തേയും സമൂഹത്തേയും സാധ്യമാക്കുന്നത്. ബഹുജന ജനായത്തഭാവികളിലേക്കുള്ള ജ്ഞാനനിക്ഷേപവും പ്രതിനിധാനപ്രതീക്ഷയുമാണത്. ജാതിലിംഗവംശീയമതമാത്സര്യങ്ങളുടെ, വൈദികവര്‍ണാശ്രമങ്ങളുടെ, ബ്രാഹ്മണികയാണ്‍കോയ്മയുടെ, അമിതാധികാര, അമിതപ്രാതിനിധ്യ അസമത്തയ നീതികളുടെ സങ്കടദുരിതങ്ങളെ അവസാനിപ്പിച്ച് എല്ലാവരുമാത്മ സഹോദരരായി സമതുലിതമായ പ്രാതിനിധ്യപ്രതിനിധാനങ്ങളോടെ വാഴണം വാഴണം സുഖമെന്ന കരുണാമയമായ സാമൂഹ്യജനായത്തചിന്തയാണിത്.
കൊല്ലുന്നവന്‍ ദൈവംപോയിട്ട് മനുഷ്യന്‍പോലുമാകുന്നില്ല എന്ന നീതിബോധമാണത്. നീതിയിലും ജനായത്തത്തിലും സാമൂഹ്യപ്രാതിനിധ്യത്തിലും സാഹോദര്യത്തിലും മൈത്രിയിലും അടിയുറച്ച പുതുസമൂഹനിര്‍മിതിയും ഭാവിയുടെ ബഹുസ്വര വിമോചനജനായത്തസാധ്യതകളും ഈ മാനവികവിമര്‍ശചിന്തയുടെ സാധ്യതകളാകുന്നു. അറിവൊളിയുടെ ആഴങ്ങളും പരപ്പുകളും തമിളകകേരളമണ്ണിലാണ്ടുകിടക്കുന്നു.

സഹോദരൻ അയ്യപ്പൻ

ഹിന്ദുത്വഫാഷിസത്തേയും ഹിന്ദുകൊളോണിയലിസത്തേയും നാരായണഗുരുവിന്റെ ജാതിവിരുദ്ധചിന്തയേയും സാമൂഹ്യപ്രയോഗങ്ങളേയും കുറിച്ചെല്ലാം നിരവധി തത്വചിന്താപരവും രാഷ്ട്രീയജാഗ്രവും ഭാവിയെക്കരുതുന്നതും വിമര്‍ശാത്മകവുമായ പഠനങ്ങളും പുസ്തകങ്ങളും എഴുതിയ ജെ. രഘു 2024 ജൂണില്‍ എഴുതിയ ഗുരുവിന്റെ ജാതിക്കെതിരായ പോരാട്ടവഴികളെ കുറിച്ചുള്ള ”നാരായണഗുരുവും കേരള അറിവൊളിപ്രസ്ഥാനവും” എന്ന പുതുപഠനം കാലികവും നിര്‍ണായകവും പുത്തന്‍ സംവാദസാധ്യതകളെ തുറക്കുന്നതുമാണ്. കേരളത്തിനകത്തും പുറത്തും ചര്‍ച്ചചെയ്യേണ്ട പുതിയ താത്വികരാഷ്ട്രീയനോക്കുപാടുകളും ജ്ഞാനസങ്കേതങ്ങളും വിമര്‍ശവൈജ്ഞാനിക വിമോചനസംജ്ഞകളുമാണ് രഘു തികഞ്ഞ യുക്തിയുക്തമായ വിമര്‍ശബോധത്തോടെ വെളിവാക്കുന്നത്.അധീശ സംസ്‌കൃതപദാഭിരതിയെ അപനിര്‍മിച്ചും ജ്ഞാനിമതലത്തില്‍ വിഛേദിച്ചും തമിളവും തെക്കനുമായ മൊഴിവഴക്കങ്ങളും ഉലകങ്ങളും കലാചാരങ്ങളുമാണ് രഘു പുത്തനെഴുത്തിലേക്കു കടത്തിവിടുന്നത്.

സുവര്‍ണഭൂതകാലാഭിരതികളും
വരേണ്യതയും സംസ്‌കൃതവും

സുവര്‍ണഭൂതകാലത്തിന്‍ ജഡാവസ്ഥയിലേക്കു ഗുരുവിനേയും അയ്യന്‍കാളിയേയും കറുപ്പനേയും സഹോദരനേയും ഒതുക്കുന്ന സവര്‍ണതന്ത്രമാണ് ‘നവോത്ഥാന’മെന്ന വ്യാപകമായി ആവര്‍ത്തിച്ചുറപ്പിക്കുന്ന സംസ്‌കൃത പരികല്‍പ്പനയിലുള്ളടങ്ങിയിരിക്കുന്നതെന്ന രഘുവിന്റെ ആത്മവിമര്‍ശവാദം ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. പതിറ്റാണ്ടുകളുടെ വരേണ്യവും കാനോനീകരിക്കപ്പെട്ടതുമായ വാര്‍പ്പുമാതൃകയേയും വിമര്‍ശലേശമില്ലാത്ത ആവര്‍ത്തനങ്ങളേയും കീഴ്‌വഴക്കങ്ങളേയും മാറ്റിമറിക്കുന്ന ഭൂമികാമാറ്റവും ജ്ഞാനസിദ്ധാന്ത പരിവര്‍ത്തനവും ഈ പേരുമാറ്റത്തിലുള്ളടങ്ങുന്നു. ആത്മവിചിന്തനമാര്‍ന്ന അരുളാര്‍ന്ന അറിവിന്‍ വഴിയും വെളിച്ചവും തെളിയുന്നു.

അംബേദ് കർ

ആധുനികതയുമായുള്ള നേര്‍ക്കുനേരിലുരുവാര്‍ന്ന വംഗനവോത്ഥാനമെന്ന നവീനഹിന്ദുമതപുനരുത്ഥാനവാദത്തിലെന്ന പോലെ നവോത്ഥാനംപോലുള്ള നോക്കുപാടുകളും പദാവലിയും വിമര്‍ശനോട്ടത്തില്‍ ഏറെ പരിമിതവും സാമ്പ്രദായികവും സങ്കുചിതവുമാണ്. നവദേശീയവിദ്യാഭ്യാസനയത്തിനാധാരമായി (എന്‍. ഇ. പി. 2020) ഹിന്ദുദേശീയവാദഭരണകൂടമുയര്‍ത്തിക്കാട്ടുന്ന ഗാന്ധി, തിലക്, പട്ടേല്‍ ത്രയങ്ങളുടെ ദേശീയവാദസങ്കല്‍പ്പനങ്ങളും അതിനും മുമ്പുള്ള റാംമോഹനറായിയിലും ബങ്കിമചന്ദ്രചതോപാധ്യായയിലും ഓരബിന്ദോയിലും ബിബേകാനന്ദോയിലുമുള്ള ബംഗനവോത്ഥാനവിവക്ഷയും തികച്ചും ജാതിഹൈന്ദവവും ബ്രാഹ്മണികവും വേദവേദാന്തങ്ങളെ കേന്ദ്രീകരിക്കുന്നതും സ്മൃതിശ്രുതിപുരാണേതിഹാസ പാരമ്പര്യങ്ങളെപ്പേറുന്നതും വര്‍ണാശ്രമപരവുമാണ് എന്ന ചരിത്രരാഷ്ട്രീയവിമര്‍ശം തികച്ചും സാധുവും കാലികവുമാണ്. അവൈദികവും ശ്രമണവും ബൌദ്ധവുമായ ബഹുജന അറിവരുളുകളേയും അറിവൊളിയുടെ കീഴാളതദ്ദേശീയധാരകളേയും പാശ്ചാത്യമായ ജ്ഞാനോദയാധുനികതയുടെ വ്യവഹാരത്തേയും സമഭാവനയില്‍ ഉള്‍ക്കൊള്ളുന്നതോ പ്രതിനിധാനം ചെയ്യുന്നതോ അല്ല ഈ വരേണ്യ വൈദികനവോത്ഥാനസംജ്ഞയും പ്രബലവ്യവഹാരവും.

അയ്യങ്കാളി
പൊയ്കയിൽ അപ്പച്ചൻ

അധീശമായ ബ്രാഹ്മണ്യത്തെ ഉദാരമാക്കുന്ന പിതൃത്വാധികാരവും രക്ഷാകര്‍ത്താമനോനിലയും ഭാരവാഹിത്തവും പുനസ്ഥാപിക്കുന്ന സമഗ്രാധികാരവും സമഗ്രനിര്‍വാഹകത്തവും കുത്തകയാക്കുന്ന ജാതിഹിന്ദു പരിഷ്‌കരണവാദമാണത്. ബഹുജനങ്ങളുടെ ന്യായമായ പ്രതിനിധാനത്തിനും പ്രാതിനിധ്യത്തിനും നിര്‍വാഹകത്തത്തിനും ഇവിടെ മതിയായ സ്ഥാനമില്ല. അപശൂദ്രാധികരണത്തിലൂടെ അപമാനവീകരിക്കപ്പെട്ട നാലാംവര്‍ണക്കാരനായ ശൂദ്രനേയും വൈദികവര്‍ണാശ്രമത്തിലെ അദമ്യകാമനയായ ബ്രാഹ്മണ്യത്തിലേക്കുയര്‍ത്തുകയും അടുത്തജന്മത്തിലെങ്കിലും ബ്രാഹ്മണപുരോഹിതനായി ജനിക്കണമെന്ന് ശൂദ്രന്മാര്‍ക്കുല്‍ക്കടമായ ആഗ്രഹാഭിനിവേശങ്ങളുണ്ടാക്കുകയും ചെയ്യുന്നയവസ്ഥയും വ്യവസ്ഥയുമാണ് സനാതനവര്‍ണാശ്രമം. ചുരുക്കത്തില്‍ മനുഷ്യനെ അപശൂദ്രാധികരണത്തിലൂടെ അപമാനവീകരിച്ച് മൃഗമാക്കുകയും പിന്നെ മെരുക്കിയ വളര്‍ത്തുമൃഗമാക്കുകയും ചവിട്ടുന്ന അധീശപാദം നക്കുന്ന വളര്‍ത്തുനായയാക്കുകയും ആ പട്ടിയെ വെറും പേപ്പട്ടിയാക്കുകയും കൊല്ലാക്കൊലചെയ്യുകയും ചെയ്യുന്ന വര്‍ണാശ്രമവ്യവസ്ഥ ലോകത്തു തന്നെ അപൂര്‍വമാണ്.

അടുത്തിടെ മലയാളികുലീനനായ കേന്ദ്രമന്ത്രിപോലും തുറന്നുപറഞ്ഞതുപോലുള്ള, ശൂദ്രനായതാന്‍ അടുത്തജന്മമെങ്കിലും മലയാളിബ്രാഹ്മണനാകാന്‍ കൊതിക്കുന്നതായുള്ള അധീശമായ ബ്രാഹ്മണികമൂല്യമണ്ഡലമാണവിടെ ചരിത്രദുരന്താഭാസമായി പുനസ്ഥാപിക്കപ്പെടുന്നത്. ശൂദ്രരുടെ ബ്രാഹ്മണികമായ മേല്‍ഗതിയുടെ സമ്മര്‍ദ്ദവും ചവിട്ടുംകൊണ്ടു വ്യാജമായ ഹൈന്ദവീയതയിലടിപ്പെടുന്ന ചില അവര്‍ണരും 2018ലെ സുപ്രീംകോടതിയുടെ ലിംഗനീതിക്കായുള്ള വിധിക്കെതിരേ നടന്ന ശബരിമല ശൂദ്രലഹളയുടെ പശ്ചാത്തലത്തിലെന്നപോലെ ശൂദ്രരുടെ ദാസരായി ജാതിവര്‍ണങ്ങളുടെ അടിമകളായി ബ്രാഹ്മണ്യത്തെ സേവിക്കുന്ന മെരുകിയ വളര്‍ത്തുമൃഗങ്ങളാകുന്നു. വര്‍ണാശ്രമത്തിന്‍ പേപിടിച്ച പട്ടികളുടെ ഇരകളാകുന്ന തെരുവുനായകളായവര്‍ പലരും ഒടുങ്ങുകയാണ്.അധീശത്തത്തി ന്റെ ഏജന്‍സി അതിന്റ ഇരകളേറ്റെടുക്കുകയായി. ബ്രാഹ്മണരേക്കാള്‍ വലിയ ഹിന്ദുക്കളായി ശൂദ്രരും അതിശൂദ്രരും (ഫൂലേയുടെ പരികല്‍പ്പന) മാറുന്ന ദുരന്തമാണ് വര്‍ത്തമാനകേരളത്തെ, ഇന്ത്യയെ ഇരുട്ടിലാക്കുന്നത്. പിന്നണിയില്‍ ദേവസ്വം ബോർഡിലെ അമിതപ്രാതിനിധ്യമുള്ള സവര്‍ണരുടെ മാത്രമായ സാമ്പത്തികസംവരണം പാസാക്കി അധികാരക്കുത്തക പലമടങ്ങായിരട്ടിപ്പിച്ച് രാഷ്ട്രീയപ്രാതിനിധ്യത്തിലാധാരമായ ഇന്ത്യയുടെ ജനായത്ത ഭരണഘടനയെ ആവര്‍ത്തിച്ചട്ടിമറിക്കുന്നു. അന്ധമായ ജാതിയുടേയും വര്‍ണത്തിന്റേയും അധികാരക്കുത്തകയുടെ ഇരുട്ടുമൂടുന്ന കേരളത്തിലും ഇന്ത്യയിലുമാണ് അറിവൊളിയുടെ പുതുവെട്ടം വഴിയും വെളിച്ചവുമാകുന്നത്.

അധീശത്തവും ബലിയാടുകളും അപവാദമുഹൂര്‍ത്തവും
ബഹുജനങ്ങളെ അധീശസമ്മതസാമാന്യബോധനിര്‍മിതിയിലൂടെ വിമര്‍ശവിവേചനബോധമില്ലാത്ത പ്രാതിനിധ്യപ്രതിനിധാനങ്ങളില്ലാത്ത നിര്‍വാഹകത്തമില്ലാത്ത കീഴാള ബലിമൃഗങ്ങളാക്കി (ഹോമോസാക്കര്‍, സൂയി എന്നിങ്ങനെ ജോര്‍ജീയോ അഗമ്പന്‍) അവരുടെ വംശഹത്യാപരമായ സാമൂഹ്യരാഷ്ട്രീയപ്രതീകാത്മക ഉന്‍മൂലനം നടക്കുന്ന ഗ്രാംഷിയന്‍ അധീശത്തസന്ദര്‍ഭവും അഗമ്പീനിയന്‍അപവാദാടിയന്തര മുഹൂര്‍ത്തങ്ങളുമാണിത് (സ്റ്റെയിറ്റ് ഓഫ് ഇഗ്‌സപ്ഷന്‍). അംബേദ്കറുടേയും ഗ്രാംഷിയുടേയും ഭാഷയില്‍ ഒളിഗാര്‍ക്കിയെന്ന കുലീനകുത്തകഭരണം ജനതയുടേയും സമതയുടേയും പ്രാതിനിധ്യ ജനായത്തത്തിന്റേയും അന്ത്യമാകുന്നു. വരേണ്യമായ കുലീനമൂല്യങ്ങളും ബ്രാഹ്മണികവും ശൂദ്രവുമായ അഗമ്യകാമനകളും ഇവിടെ നൈതികവും ജനായത്തപരവും മതനിരപേക്ഷവുമായ ഭരണഘടനാമൂല്യങ്ങളേയും ധാര്‍മികതയേയും ബഹുജനങ്ങളുടെ രാഷ്ട്രീയത്തേയും കീഴടക്കുന്നു. ജനായത്തത്തിന്റെ അടിസ്ഥാനോപാധിയായ സാമൂഹ്യപ്രാതിനിധ്യം നിരന്തരം അട്ടിമറിക്കപ്പെടുന്നു. ജാതിവര്‍ണലിംഗശ്രേണികളിലെ മേലോട്ടുള്ള കയറ്റവും ബ്രാഹ്മണ്യകാമനാമൂല്യവുമേറുന്നു. തൊഴുംതോറും തൊഴിക്കുകയും തൊഴിക്കുന്തോറും തൊഴുകയും ചെയ്യുന്ന മേല്‍കീഴ്‌വ്യവവസ്ഥ വീണ്ടും സ്ഥാപിതമാകുന്നു. കീഴോട്ടിറങ്ങി അടിത്തട്ടിലുള്ള ജനങ്ങളുമായി സാഹോദര്യമുറപ്പിക്കുക, മനുഷ്യരുമാത്മസോദരരുമായി മാറുക എന്ന ഗുരുവിന്റെ നൈതികതത്വത്തിനും ജീവിതപ്രയോഗത്തിനും അറിവൊളിയുടെ ഉണ്‍മയ്ക്കും കടകവിരുദ്ധമാണീ വരേണ്യകുലീനബ്രാഹ്മണികകാമനകളും അതിനോടുള്ള ക്ഷുദ്രമായ അഭിനിവേശങ്ങളും.

ഉച്ചനീചത്തത്തെ സാധാരണവും സഹജവുമാക്കി ചിട്ടപ്പെടുത്തുന്ന ഉദ്ധാരകഭാവത്തിലുള്ള രാമരാജ്യത്തിലെ ‘ഹരിജന’ങ്ങളെ ഉദ്ധരിക്കാനായി ദേശീയവാദസന്ദര്‍ഭത്തില്‍ ഗാന്ധിനടത്തിയപോലുളള ഹൈന്ദവ ജാതിപരിഷ്‌കരണമായി ഗുരുവിന്റെസമഗ്രപരിവര്‍ത്തനശേഷിയുള്ള ധാര്‍മികധീരമായ അറിവൊളിയെ നവോത്ഥാനമെന്ന പരമ്പരാഗത സംജ്ഞയിലൂടെ ചുരുക്കി കാണുന്നതും നീതിയല്ല. പരിപൂര്‍ണമായ അഭിപ്രായസ്വാതന്ത്ര്യത്തേയും മതസ്വാതന്ത്ര്യത്തേയും അറിഞ്ഞംഗീകരിക്കുകയും ഗാന്ധി പൂനാപ്പട്ടിണി(സഹോദരന്റെ 1932ലെ പ്രയോഗം) നടത്തി സംരക്ഷിച്ച വര്‍ണാശ്രമ ഹിന്ദുമതത്തെ 1925ല്‍ തന്നെ അങ്ങനെയൊരുമതംതന്നെയില്ലല്ലോ എന്നുപ്രഖ്യാപിച്ചു നിഷേധിച്ചയാളുമാണ് ഗുരു. അതും 1925ല്‍ സ്വയംസേവകസംഘത്തിന്റെ പിറപ്പില്‍ത്തന്നെ. 1914 കാലത്തുതന്നെ രാമാദികളുടെ കാലത്തെ ശൂദ്രാദികളുടെ ഗതിയോര്‍ത്ത് ബ്രിട്ടീഷുകാരാണ് നമുക്കുസന്യാസംതന്ന നമ്മുടെ ഗുരുക്കന്മാര്‍ എന്നുറക്കെ പ്രഖ്യാപിച്ച ഗുരുവാണ് കേരള അറിവൊളിയുടെ വിശ്വദാര്‍ശനീകന്‍. 1940ല്‍ സവര്‍ക്കറെ കേരളത്തിലേക്കാനയിച്ചുകൊണ്ടുവന്നതും 1950കളില്‍ ഗോള്‍വള്‍ക്കറെയും സ്വയംസേവകസംഘികളേയും കേരളത്തിലെ ജാതിഹിന്ദുക്കളുടെ ഗുരുജിയും ആശാകേന്ദ്രവുമാക്കിയതുമാരാണെന്നും എന്തിനാണെന്നും ആരായേണ്ടതുണ്ട്. ചരിത്രപരമായ ഈ വങ്കത്തവും മൂഢത്തവും രാഷ്ട്രീയ അതിക്രമവും കാട്ടിയവരിവിടെയിന്ന് വിശ്വാസിലഹളകളുടേയും നാമജപ, തീണ്ടാരിഘോഷയാത്രകളുടേയും മലയാളിമൂഢസ്വര്‍ഗത്തിലെ വര്‍ണാന്ധതയുടെ നവനവോത്ഥാനനായകന്മാരായി വാഴ്ത്തപ്പെടുകയും പൊതുവവധി കരസ്ഥമാക്കുകയും ക്ഷേത്രപ്രതിഷ്ഠകളാവുകയും ചെയ്യുന്ന വര്‍ത്തമാനസന്ദര്‍ഭത്തില്‍ ഗുരുവിന്റേയും അയ്യങ്കാളിയുടേയും സഹോദരന്റേയും അപ്പച്ചന്റേയുമെല്ലാം സാഹോദര്യസമുദയവാദത്തിന്റെ അറിവൊളിയുടെ വിമോചന വ്യതിരിക്തതകള്‍ ആരായേണ്ടതും ആവര്‍ത്തിച്ച് അടയാളപ്പെടുത്തേണ്ടതും അവശ്യമാണ്.
(തുടരും)
9895797798

Author

Scroll to top
Close
Browse Categories