മാര്‍ക്‌സിസത്തിന്റെ സ്വപ്‌ന വ്യാപാരി
സിബിഎസ്‌സി പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക് വാങ്ങിയ ഒരാള്‍ക്ക് എഞ്ചിനീയറോ, ഡോക്ടറോ, ജഡ്ജിയോ, കളക്ടറോ, അംബാസിഡറോ ആകാന്‍ എളുപ്പമാണ്. ഈ എളുപ്പ സാദ്ധ്യതകളെ മറി കടന്ന് അസാധാരണമായ സാമൂഹ്യപുനര്‍സൃഷ്ടാവായി മാറാനാണ് സീതാറാം യെച്ചൂരിയിലെ സഖാവ് ആഗ്രഹിച്ചത്. അധികാര വഴികളാണ് അന്വേഷിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് അതും എളുപ്പം കരഗതമാക്കാമായിരുന്നു. പക്ഷെ യെച്ചൂരി എളുപ്പവഴികളില്‍ ആഹ്ളാദം കണ്ടെത്തിയില്ല. കോടിക്കണക്കിന് മനുഷ്യര്‍ പട്ടിണി കിടക്കുന്ന ഇന്ത്യയില്‍ അവരുടെ പട്ടിണി മാറ്റാന്‍ വഴിയെന്ത്? ആ ചോദ്യം യെച്ചൂരിയെ മാര്‍ക്‌സിസ്റ്റാക്കി.
വിപ്ലവം ഒരു ആഗ്രഹവും സ്വപ്‌നവുമാണ്. അത് സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലോകത്തെ തന്നെ മാറ്റാന്‍ ആഗ്രഹിക്കുന്നവരാണ്. എല്ലാ തത്വജ്ഞാനികളും ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ വിപ്ലവകാരികള്‍ അതിനെ മാറ്റിപ്പണിയാന്‍ ശ്രമിച്ചു. നിങ്ങള്‍ക്ക് സമൂഹത്തിലെ ഉന്നതമായ പ്രൊഫഷനുകളില്‍ എത്താന്‍ ബുദ്ധിശക്തിയും കഠിനപ്രയത്‌നവും ആവശ്യമാണ്. അതേ സമയം നിങ്ങള്‍ക്ക് വിപ്ലവകാരിയാകണമെങ്കില്‍ അതിനു മുകളില്‍ ഒന്നുകൂടി വേണം. അത് പുതിയ മനുഷ്യനെക്കുറിച്ചുള്ള സ്വപ്‌നമാണ്.
സിബിഎസ്‌സി പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക് വാങ്ങിയ ഒരാള്‍ക്ക് എഞ്ചിനീയറോ, ഡോക്ടറോ, ജഡ്ജിയോ, കളക്ടറോ, അംബാസിഡറോ ആകാന്‍ എളുപ്പമാണ്. ഈ എളുപ്പ സാദ്ധ്യതകളെ മറി കടന്ന് അസാധാരണമായ സാമൂഹ്യപുനര്‍സൃഷ്ടാവായി മാറാനാണ് സീതാറാം യെച്ചൂരിയിലെ സഖാവ് ആഗ്രഹിച്ചത്. അധികാര വഴികളാണ് അന്വേഷിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് അതും എളുപ്പം കരഗതമാക്കാമായിരുന്നു. പക്ഷെ യെച്ചൂരി എളുപ്പവഴികളില്‍ ആഹ്ളാദം കണ്ടെത്തിയില്ല.
കോടിക്കണക്കിന് മനുഷ്യര്‍ പട്ടിണി കിടക്കുന്ന ഇന്ത്യയില്‍ അവരുടെ പട്ടിണി മാറ്റാന്‍ വഴിയെന്ത്? ആ ചോദ്യം യെച്ചൂരിയെ മാര്‍ക്‌സിസ്റ്റാക്കി. ഓരോരുത്തരും ഓരോരുത്തരുടെ കഴിവനുസരിച്ച് പ്രവര്‍ത്തിക്കുകയും ഓരോരുത്തര്‍ക്കും ഓരോരുത്തരുടെ ആവശ്യമനുസരിച്ച് ലഭിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് യെച്ചൂരി സ്വപ്‌നം കണ്ടത്. നീതിയുടെയും ധര്‍മ്മത്തിന്റെയും ലോകം. ചരിത്രത്തിന്റെ നിയമങ്ങള്‍ നിയന്ത്രിക്കുന്ന യുക്തിയുടെ വ്യവസ്ഥ. ഏത് മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും കേന്ദ്രബിന്ദുവാണ് ഈ ആശയം. ഇതൊരു സ്വപ്‌നമാണ്. ഇത് സാക്ഷാത്കരിക്കാന്‍ ആഗ്രഹിച്ചവരും പ്രവര്‍ത്തിച്ചവരും സംസാരിച്ചവരും സ്വപ്‌ന വ്യാപാരികളായിരുന്നു. കമ്യൂണിസ്റ്റ് പൈതൃകം തന്നെ ഒരു പ്രൊമത്തിയന്‍ സ്വപ്‌നമാണ്.
പണ്ട് ഭൂമിയില്‍ വെളിച്ചമുണ്ടായിരുന്നില്ല. ഭൂമിയില്‍ അഗ്നിയുണ്ടായിരുന്നില്ല. അതെല്ലാം ദൈവലോകത്തു മാത്രമുള്ള അത്ഭുത സംവിധാനങ്ങളായിരുന്നു. സ്വര്‍ഗ്ഗലോകത്തു നിന്ന് പ്രൊമത്യൂസ് അഗ്നി മോഷ്ടിച്ച് ഭൂമിയിലെത്തിച്ചു. പ്രൊമത്യൂസ് മനുഷ്യന് അഗ്നിയും വെളിച്ചവും നല്‍കി. പക്ഷെ സിയൂസ് ദൈവം കോപിച്ചു. മനുഷ്യനെ വിമോചിപ്പിച്ച പ്രൊമത്യൂസിനെ ശിക്ഷിക്കാന്‍ ദൈവങ്ങളുടെ ദൈവമായ സിയൂസ് തീരുമാനിച്ചു. ദൈവം കാക്കസസ് പര്‍വ്വതത്തില്‍ പാറയുടെ മുകളില്‍ പ്രൊമത്യൂസിനെ ചങ്ങലയില്‍ ബന്ധിച്ചു. പാറപ്പുറത്തു കിടന്ന പ്രൊമത്യൂസിന്റെ കരള്‍ കഴുകന്മാര്‍ കൊത്തിത്തിന്നു. നിലവിലുള്ള കരള്‍ തിന്നു തീരുമ്പോള്‍ കരള്‍ വീണ്ടും വളര്‍ന്ന് വലുതാകും. അടുത്ത ദിവസം കഴുകന്മാര്‍ അത് തിന്നുതീര്‍ക്കും. ഇതൊരു തുടര്‍ക്കഥയായി. വേദനയുടെ അനശ്വരഗാഥയായി പ്രൊമത്യൂസ് മാറി. ഇത് ഗ്രീക്ക് മിത്തോളജിയിലെ കഥയാണ്.
ദൈവം പ്രൊമത്യൂസിനോട് പറഞ്ഞു. ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് വിധേയനായാല്‍ സ്വതന്ത്രനാക്കാമെന്ന്. പ്രൊമത്യൂസ് കീഴടങ്ങിയില്ല. പ്രൊമത്യൂസ് പറഞ്ഞു. ”സത്യത്തില്‍ ഞാന്‍ എല്ലാ ദൈവങ്ങളെയും വെറുക്കുന്നു. ചങ്ങലകള്‍ക്ക് പകരം എനിക്ക് അടിമത്തം വേണ്ട. സിയൂസിന്റെ അടിമയാകുന്നതിനെക്കാള്‍ എനിക്കിഷ്ടം പാറപ്പുറത്ത് ചങ്ങലയില്‍ കഴിയുന്നതാണ്”. പ്രൊമത്യൂസിന്റെ ഈ വരികള്‍ കാറള്‍മാര്‍ക്‌സ് തന്റെ ഗവേഷണപ്രബന്ധത്തിന്റെ ആമുഖത്തില്‍ ഉദ്ധരിച്ചു. മനുഷ്യരാശിയെ വിമോചിപ്പിക്കാനുള്ള ആഗ്രഹത്തില്‍ നിന്ന് പ്രൊമത്യൂസ് പിന്തിരിഞ്ഞില്ല. വിപ്ലവം ഒരു ആഗ്രഹമാണ് എന്ന് പ്രൊമത്യൂസ് പ്രഖ്യാപിക്കുകയായിരുന്നു. പ്രൊമത്തീയന്‍ മെറ്റഫര്‍ ഏറ്റവും മനോഹരമായ / സ്വാംശീകരിച്ച മനുഷ്യന്‍ കാറല്‍ മാര്‍ക്‌സായിരുന്നു. ദാര്‍ശനിക ലോകത്തെ ശ്രേഷ്ഠനായ പുണ്യാളനും രക്തസാക്ഷിയുമായിരുന്നു മാര്‍ക്‌സിന് പ്രൊമത്യൂസ്. യുക്തിയിലും സ്വാതന്ത്ര്യത്തിലും കലാപാഭിമുഖ്യത്തിലും പ്രൊമത്യൂസിനുള്ള വിശ്വസത്തെ മാര്‍ക്‌സ് സ്വാംശീകരിച്ചതാണ് മാര്‍ക്‌സിസം. പ്രൊമത്യൂസിന്റെ തുടര്‍ച്ചയാണ് സീതാറാംയെച്ചൂരി. ആധുനിക ഇന്ത്യയിലെ സ്വപ്‌ന വ്യാപാരി.
ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ അഭിമാനം. ഭരണാധികാരികളായ സി.പി.എം. നേതാക്കളില്‍ പലരും അഴിമതിയുടെ ചെളിപുരണ്ട് കളങ്കിതരായി നില്‍ക്കുമ്പോള്‍ സി.പി.എംന്റെ പരിശുദ്ധനായ പുണ്യാളനായി യെച്ചൂരി നില്‍ക്കുന്നു. അതുകൊണ്ടാണ് ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതിമുര്‍മു വേറിട്ടതും സ്വാധീനമുള്ളതുമായ ശബ്ദമായി യെച്ചൂരിയെ സ്വീകരിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥി നേതാവായും രാഷ്ട്രീയ പ്രമുഖനായും പാര്‍ലമെന്റേറിയനായും വ്യത്യസ്തമായ വ്യക്തിത്വമാണ് യെച്ചൂരി കാഴ്ചവെച്ചതെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി യെച്ചൂരിയെ വിശേഷിപ്പിച്ചത് ഇടതുപക്ഷത്തിന്റെ പ്രകാശ ഗോപുരമെന്നായിരുന്നു. മതേതര മൂല്യത്തിന്റെ രാഷ്ട്രീയ മുഖമായിട്ടാണ് സോണിയഗാന്ധി യെച്ചൂരിയെ കണ്ടത്. രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും സുഹൃത്തായിരുന്നു. പുരോഗമനവാദികളുടെ മന:സാക്ഷിയായി യെച്ചൂരിയെ കാണുകയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചെയ്തത്. സ്‌നേഹത്തിന്റെ മസൃണമായ നൂലുകളില്‍ രാഷ്ട്രീയം കെട്ടിപ്പടുത്ത യെച്ചൂരി സര്‍വസ്വീകാര്യതയുടെ പ്രതീകമായി മാറി. രാഷ്ട്രീയ നേതാവ് എങ്ങിനെയാകണം എന്നതിന്റെ മാതൃകയായി അദ്ദേഹം മാറി.
ജെഎന്‍യുവിന്റെ
ധീരപോരാളി
യെച്ചൂരിയുടെ രാഷ്ട്രീയ ഭാവി എഴുതിയത് ജെഎന്‍യുവിലായിരുന്നു. ജെഎന്‍യുവിലെ എം.എ. ഇക്കണോമിക്‌സ് ആദ്യബാച്ച് വിദ്യാര്‍ത്ഥി. അന്ന് അവിടെ എസ്.എഫ്.ഐ.യുടെ നേതാവായിരുന്നു പ്രകാശ് കാരാട്ട്. സര്‍വകലാശാല ക്യാമ്പസിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രകാശിന് വേണ്ടി പ്രവര്‍ത്തിക്കുകയും പ്രകാശിനെ യൂണിയന്‍ ചെയര്‍മാന്‍ ആക്കുകയും ചെയ്തതിനു ശേഷമാണ് യെച്ചൂരി എസ്.എഫ്.ഐയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നത്. അത് മാര്‍ക്‌സിസത്തിലേക്കുള്ള അസാധാരണമായ പ്രവേശമായി മാറി. അതിന് മുന്നേ തന്നെ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സിലെ സാമ്പത്തിക വിദഗ്ദ്ധന്‍ യെച്ചൂരിയില്‍ മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ ഹരിശ്രീ കുറിച്ചിരുന്നു. യെച്ചൂരിയില്‍ മാര്‍ക്‌സിയന്‍ വഴി തുറന്നത് പ്രൊഫ. പങ്കജ് ഗാംഗുലിയായിരുന്നു. തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതില്‍ അപാരമായ കമ്യൂണിക്കേഷന്‍ സ്‌കില്‍ യെച്ചൂരിക്കുണ്ടായിരുന്നു.
യെച്ചൂരിയുടെ അവസാന യാത്ര ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ക്യാമ്പസില്‍ നിന്നായിരുന്നു. എയിംസിലേയ്ക്കുള്ള യാത്രയ്ക്ക് മുന്നേ ക്യാമ്പസിന്റെ റെഡ് സല്യൂട്ട് ഏറ്റുവാങ്ങുമ്പോള്‍ അരികില്‍ വൃന്ദകാരാട്ടും പ്രകാശ് കാരാട്ടും ഉണ്ടായിരുന്നു. മൂന്ന് വട്ടം യെച്ചൂരി ജെഎന്‍യു വിന്റെ യൂണിയന്‍ ചെയര്‍മാനായിരുന്നു. യെച്ചൂരി ചെയര്‍മാനായിരുന്ന കാലത്താണ് സര്‍വകലാശാല രാഷ്ട്രീയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. യാതൊരു ബാഹ്യഇടപെടലും ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന ഏക സര്‍വകലാശാല ഇന്നും ഇന്ത്യയില്‍ ജെഎന്‍യു ആണ്. അതിന് ആവശ്യമായ ഭരണഘടന രൂപപ്പെടുത്തിയത് യെച്ചൂരിയാണ്. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്തെ മാറ്റമാണ് സര്‍വകലാശാലയെ ഇതര സര്‍വകലാശാലകളില്‍ നിന്ന് വേറിട്ടതാക്കി മാറ്റിയത്.
അടിയന്തിരാവസ്ഥക്കെതിരെ പോരാട്ടം നടന്ന സമരഭൂമിയായിരുന്നു ജെഎന്‍യു. അതിന്റെ നായകനായിരുന്നു യെച്ചൂരി. രാത്രിയില്‍ ഹോസ്റ്റല്‍ വളഞ്ഞ് പോലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. പക്ഷെ യെച്ചൂരിയും സുഹൃത്തുക്കളും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒളിവ് ജീവിതത്തിന് തെരഞ്ഞെടുത്തത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുല്‍മൈതാനമായിരുന്നു. പകല്‍ രാഷ്ട്രീയപ്രവര്‍ത്തനം. രാത്രിയില്‍ എയിംസ് ആശുപത്രിയില്‍ രോഗികളുടെ ബന്ധുക്കള്‍ക്കൊപ്പം ഉറക്കം. ഈ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നേറിയെങ്കിലും അസുഖബാധിതനായ അച്ഛനെ കാണാന്‍ എത്തിയ യെച്ചൂരിയെ പോലീസ് പിടികൂടി. പക്ഷെ ജാമ്യം ലഭിക്കാവുന്ന വകുപ്പിലായിരുന്നു കേസ്. അതിനാല്‍ ജയിലില്‍ നിന്ന് പുറത്തെത്തി. വീണ്ടും തീക്ഷ്ണമായ സമരമുഖത്തേയ്ക്ക് ഇരച്ചു ചെന്നു. ജെഎന്‍യുവില്‍ അപ്പോള്‍ ക്ലാസില്‍ വരുന്ന വിദ്യാര്‍ത്ഥികളെ തടയുകയായിരുന്നു എസ്.എഫ്.ഐ. ഒരു ദിവസം തടഞ്ഞത് മേനക ഗാന്ധിയെയായിരുന്നു. അന്നവര്‍ മേനകഗാന്ധിയല്ല മേനക ആനന്ദ് ആയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എത്തിയ സംഘം യെച്ചൂരിയെ തൂക്കിയെടുത്തുകൊണ്ടുപോയി.
അടിയന്തിരാവസ്ഥയ്ക്കു ശേഷം ജെഎന്‍യു വില്‍ സമരം തുടര്‍ന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇന്ദിരാഗാന്ധി അപ്പോള്‍ ജെഎന്‍യുവിന്റെ ചാന്‍സലര്‍ ആയിരുന്നു. അടിയന്തിരാവസ്ഥ കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഇന്ദിരാഗാന്ധിയുടെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. 1977 സെപ്തംബര്‍ 5ന് നടന്ന മാര്‍ച്ചിന്റെ മുന്നില്‍ ഇന്ദിര വന്നു. പോലീസിനെയും ഇന്ദിരാഗാന്ധിയെയും സാക്ഷിനിറുത്തി യെച്ചൂരി ഇന്ദിരാഗാന്ധിക്കെതിരെ പ്രതീകാത്മക കുറ്റപത്രം വായിച്ചു. ഇന്ദിരാഗാന്ധി ജെഎന്‍യു ചാന്‍സലര്‍ പദവി രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടന്ന കുറ്റപത്രവായന പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. ജെഎന്‍യു കാലത്തെ ആ ചരിത്രം യെച്ചൂരിയുടെ പ്രതിഭയുടെ പ്രതീകം കൂടിയായിരുന്നു.
യെച്ചൂരിയുടെ
വഴികാട്ടികള്‍
യെച്ചൂരിയെ കമ്യൂണിസ്റ്റാക്കിയത് തെലുങ്കാനയുടെ സായുധ പോരാളി പി. സുന്ദരയ്യയായിരുന്നു. അവര്‍ കുടുംബസുഹൃത്തുക്കള്‍ കൂടിയായിരുന്നു. സുന്ദരയ്യയുടെ ലളിത ജീവിതം യെച്ചൂരിക്ക് പാഠപുസ്തകമായി. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തോട് സുന്ദരയ്യ പുലര്‍ത്തിയ കൂറും വിശ്വാസവും യെച്ചൂരിയെ അത്ഭുതപ്പെടുത്തി. യെച്ചൂരിയുടെ മുത്തശ്ശി സുന്ദരയ്യയുമായി കലഹിച്ചിരുന്നു. അവര്‍ സുന്ദരയ്യയോടു ചോദിച്ചു. ”നിങ്ങളെന്തിനാണ് എന്റെ കൊച്ചുമോനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെടുത്തത്? എന്തിനാണ് അവന്റെ ജീവിതം നശിപ്പിക്കുന്നത്?” ഈ ചോദ്യത്തിനോടുള്ള സുന്ദരയ്യയുടെ മറുപടി ചെറുചിരിയായിരുന്നു. യെച്ചൂരിയുടെ കഴിവില്‍ സുന്ദരയ്യയ്ക്ക് ഉറപ്പുണ്ടായിരുന്നു. അത് തെറ്റിയില്ല. സുന്ദരയ്യയുടെ ലളിത ജീവിതം അവസാനം വരെ യെച്ചൂരി തെറ്റാതെ തുടര്‍ന്നു.
ഇ.എം.എസും ബസവപുന്നയ്യയുമായിരുന്നു യെച്ചൂരിയുടെ പ്രത്യയശാസ്ത്ര വഴികാട്ടികള്‍. പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും ഇഎംഎസും ബസവ പുന്നയ്യയും കൈപിടിച്ച് കൊണ്ടുനടക്കുകയായിരുന്നു. അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും ദേശീയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഒപ്പം കൊണ്ടുനടന്നാണ് മുതിര്‍ന്ന നേതാക്കള്‍ പ്രകാശിനെയും യെച്ചൂരിയെയും വളര്‍ത്തിയത്. ഈ ഭാഗ്യം പക്ഷെ സിപിഎംല്‍ മറ്റ് നേതാക്കള്‍ക്ക് ലഭിച്ചില്ല.
1987ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേക കോണ്‍ഗ്രസില്‍ ഇഎംഎസ് യെച്ചൂരിയെ കൂടെ കൊണ്ടുപോയി. മിഖായേല്‍ ഗോര്‍ബെച്ചോവ് നടത്തിയ പ്രസംഗത്തിന്റെ കോപ്പി ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ലഭിച്ചപ്പോള്‍ അത് വായിച്ച ഇഎംഎസ് യെച്ചൂരിയോട് ചോദിച്ചു. ‘ഗോര്‍ബെച്ചോവിന്റെ തീസിസില്‍ കാര്യമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ’. യെച്ചൂരിക്കും അത് തോന്നിയിരുന്നു. ഇഎംഎസിനും യെച്ചൂരിക്കും തോന്നിയ സംശയം വ്യക്തിപരമായിരുന്നില്ല. അത് പാര്‍ട്ടിയുടെ സംശയമായിരുന്നു. അതിനാല്‍ അവര്‍ ഇന്ത്യയിലെ നേതാക്കളുമായി ചര്‍ച്ച ചെയ്തു. സുര്‍ജിത്തുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടിക്കുള്ള വിയോജിപ്പ് രേഖപ്പെടുത്താന്‍ തീരുമാനമായി. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അഭിപ്രായവ്യത്യാസം, ഗോര്‍ബെച്ചോവിന്റെ തീസിസിലുള്ള സി.പി.എം എതിര്‍പ്പ് അങ്ങിനെ യെച്ചൂരിയെക്കൊണ്ട് പാര്‍ട്ടി രേഖപ്പെടുത്തിച്ചു. പിന്നീട് ആ വിഷയത്തില്‍ രണ്ട് പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പ്രത്യേക തീരുമാനങ്ങള്‍ ഒന്നും ഉണ്ടായില്ല. സോവിയറ്റ് പാര്‍ട്ടി അവരുടെ നിലപാടുമായി മുന്നോട്ടു പോയി. അത് തകര്‍ച്ചയിലേയ്ക്ക് പതിച്ചു.
സോഷ്യലിസത്തിന് സോവിയറ്റ് യൂണിയനിലുണ്ടായ തകര്‍ച്ചയുടെ കാരണങ്ങള്‍ സിപിഎം 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട പ്രത്യയശാസ്ത്ര പ്രമേയം തയ്യാറാക്കാന്‍ ബസവ പുന്നയ്യ ചുമതലപ്പെടുത്തിയത് യെച്ചൂരിയെയായിരുന്നു. അദ്ദേഹം തയ്യാറാക്കിയ പ്രത്യയശാസ്ത്ര കരടു പ്രമേയത്തില്‍ പതിമൂന്ന് തിരുത്തലുകള്‍ നടത്തി. പ്രത്യയശാസ്ത്ര പ്രമേയം ബാസവ പുന്നയ്യയാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം ആ ചുമതല യെച്ചൂരിയെ തന്നെ ഏല്പിച്ചു. അങ്ങിനെ ഇ.എം.എസും. ബസവപുന്നയ്യയും ജീവിച്ചിരിക്കേ തന്നെ യെച്ചൂരിയെ പാര്‍ട്ടിയുടെ പ്രധാനചുമതല ഏല്പിച്ചുകൊണ്ട് പാര്‍ട്ടിയുടെ നായകനാക്കി മാറ്റി.
സീമ ചിഷ്ത്തി
സീതാറാമിന്റെ ആദ്യഭാര്യ പ്രശസ്ത ഇടതുപക്ഷ ആക്ടിവിസ്റ്റായ വീണാ മജുംദാറിന്റെ മകളായിരുന്നു. ഇന്ദ്രാണി മജുംദാര്‍. പിന്നീട് അദ്ദേഹം വിവാഹം കഴിച്ചത് സീനിയര്‍ ജേര്‍ണലിസ്റ്റായ സീമ ചിഷ്ത്തിയെയാണ്. ‘ദി വയര്‍’ എന്ന പത്രത്തിന്റെ എഡിറ്ററാണ് സീമ. മുമ്പ് അവര്‍ ബിബിസിയുടെ ഡല്‍ഹി എഡിറ്ററായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡല്‍ഹി റസിഡന്റ് എഡിറ്ററുമായിരുന്നു. സീമയുടെ ശമ്പളമായിരുന്നു യെച്ചൂരിയുടെ അവസാന നാളുകളിലെ സാമ്പത്തിക ബലം എന്ന് യെച്ചൂരി പറയുമായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ അഖില യെച്ചൂരി പ്രമുഖ ചരിത്രകാരിയും എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമാണ്. അദ്ദേഹത്തിന്റെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു. പത്രപ്രവര്‍ത്തകനും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറുമായിരുന്ന ആശിഷിന്റെ മരണം യെച്ചൂരിയെ മാനസികമായി തളര്‍ത്തിയിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്ന് അദ്ദേഹത്തിന് മുക്തനാകാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം വര്‍ഗീയതയാണെന്ന് തിരിച്ചറിഞ്ഞ നേതാവായിരുന്നു യെച്ചൂരി. വര്‍ഗീയത, തല്‍ഫലമായി ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍, സംഘട്ടനങ്ങള്‍ എന്നിവ ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ ഘടനയുടെ ഭാഗമായി മാറിയെന്ന് അദ്ദേഹം എഴുതി. നമ്മുടെ ഭരണഘടനയ്ക്ക് നാല് അടിസ്ഥാനപരമായ തത്വങ്ങളാണ് ഉള്ളത്. മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, ഫെഡറലിസം. ഇവയിലോരോന്നും കടുത്ത ആക്രമണം നേരിടുന്ന കാലത്താണ് നാം ജിവിക്കുന്നത്. ഹിന്ദു ആയിരിക്കുക എന്നത് സെക്യുലര്‍ ആയിരിക്കുക എന്നതിന് തുല്യമായി മാറുന്നു. ”അതായത് നിങ്ങളൊരു മുസ്ലീമോ ക്രിസ്ത്യാനിയോ എന്നെപ്പോലൊരു നിരീശ്വരവാദിയോ ആണെങ്കില്‍ നിങ്ങളൊരു മതേതരവാദിയല്ല”
സീമചിഷ്തി സീതാറാമിന്റെ ഭാര്യ മാത്രമല്ല. അവര്‍ മതേതര മൂല്യത്തിന്റെ പ്രതീകം കൂടിയാണ്. സീതാറാം മാര്‍ക്‌സിസ്റ്റാകാന്‍ ആരംഭിച്ചപ്പോള്‍ ആദ്യം ചെയ്തത് സ്വന്തംപേരിലെ ജാതിക്കുടുമ മുറിച്ചു മാറ്റുകയായിരുന്നു. അങ്ങിനെ അദ്ദേഹം മനുഷ്യജാതിയായി മാറി. രാജ്യസഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ യെച്ചൂരി ഉയര്‍ത്തിയ പ്രധാന ചോദ്യം ജാതിയെക്കുറിച്ചായിരുന്നു. ‘ഞാന്‍ ജനിച്ചത് മദ്രാസിലാണ്, തെലുങ്ക് സംസാരിക്കുന്ന ബ്രാഹ്മണകുടുംബത്തില്‍. സ്‌കൂള്‍ പഠനം ഇസ്ലാമിക സംസ്‌കാരത്തില്‍ സമ്പന്നമായ ഹൈദ്രാബാദില്‍, ഞാന്‍ വിവാഹം ചെയ്തത് ഒരു സൂഫിയുടെ മകളെയാണ്. ഭാര്യയുടെ അമ്മ മൈസൂരു പശ്ചാത്തലമുള്ള രാജ് പുത് കുടുംബത്തില്‍ നിന്നാണ്. ഞങ്ങളുടെ മകന്‍ എങ്ങിനെ അറിയപ്പെടും? ബ്രാഹ്മണനെന്നോ ഹിന്ദുവെന്നോ മുസ്ലീമെന്നോ? ഇന്ത്യക്കാരന്‍ എന്നല്ലാതെ ഞങ്ങളുടെ മകനെ എങ്ങിനെ വിശേഷിപ്പിക്കും? ഈ ചോദ്യം മതേതര ഇന്ത്യയുടെ ചോദ്യമാണ്. സീമ ചിഷ്ത്തി ചോദിക്കുന്നതും ഇതേ ചോദ്യം തന്നെയാണ്.
ഇന്ത്യ മുന്നണിയുടെ
ശില്പി
വര്‍ഗീയത രൂക്ഷമായി വളര്‍ന്ന കാലമാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളുടേത്. 1923-ല്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ എഴുതിയ ‘ഹിന്ദുത്വ’ എന്ന ലേഖനം പിന്നീട് ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിന്റെ ജാതക കുറിപ്പായി. ഹിന്ദുത്വ എന്ന പദം കൊണ്ട് എന്താണ് സവര്‍ക്കര്‍ അര്‍ത്ഥമാക്കിയതെന്ന് യെച്ചൂരി വിശദീകരിക്കുന്നുണ്ട്. ഭാരത ഭൂമിയെ പുണ്യഭൂമിയെന്നും മാതൃഭൂമിയെന്നും വിശ്വസിക്കുന്നവര്‍ അവരുടെ വിശുദ്ധ സ്ഥലങ്ങളൊക്കെ ഇവിടെയാണെന്ന് പ്രഖ്യാപിക്കുന്നു. വിശുദ്ധ സ്ഥലങ്ങള്‍ മക്കയിലും മദീനയിലുമായ ഇസ്ലാമിനെയും വത്തിക്കാനിലും ജെറുസലേമിലുമുള്ള ക്രിസ്ത്യാനിയെയും ആ പ്രസ്താവനയിലൂടെ സവര്‍ക്കര്‍ പുറംതള്ളുന്നു. പിന്നീട് ആര്‍.എസ്.എസ് . സര്‍സംഘ് ചാലക് ഗോള്‍വാര്‍ക്കര്‍ ഇന്ത്യ ചരിത്രാതീത കാലം മുതല്‍ ഹിന്ദുരാഷ്ട്രമാണെന്നും ഹിന്ദുമതത്തെ ഉയര്‍ത്തിപ്പിടിക്കാത്തവര്‍ ദേശ വിരുദ്ധരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സവര്‍ക്കറും ഗോള്‍വാക്കറും ഉയര്‍ത്തിയ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ബിജെപി രാഷ്ട്രീയത്തിന്റേതെന്നും യെച്ചൂരി തിരിച്ചറിഞ്ഞു. അതിനെ ബാലന്‍സ് ചെയ്യാനുള്ള ബദലാണ് ഇന്ത്യാമുന്നണി എന്നദ്ദേഹം കരുതി. അതിനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നടത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ചാണക്യനായി യെച്ചൂരി അറിയപ്പെട്ടു. യെച്ചൂരിയിലെ ഈ ചാണക്യനാണ് ഇന്ത്യാമുന്നണി എന്ന ആശയത്തെ ശക്തിപ്പെടുത്തിയത്.
കോണ്‍ഗ്രസ്സുമായി സി.പി.എം ന് ബന്ധം സ്ഥാപിക്കാന്‍ പല കാരണങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടുണ്ട്. യെച്ചൂരിക്കും രാഹുല്‍ഗാന്ധിയ്ക്കും സൗഹൃദം കൂടാന്‍ എളുപ്പമാണ്. കോണ്‍ഗ്രസ് സര്‍ക്കാരുമായും അതിന്റെ നയങ്ങളുമായും എതിരിടുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഭരണനടത്തിപ്പിന് തടസ്സം വരാതിരിക്കാന്‍ ശ്രദ്ധിക്കുന്ന നയമാണ് യെച്ചൂരി സ്വീകരിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് ഉയര്‍ന്ന ഏകാധിപത്യ പ്രവണതകളുടെ പേരിലും നരസിംഹറാവുവിന്റെ കാലത്തെ ഉദാരവത്കരണത്തിന്റെ പേരിലും യെച്ചൂരി കോണ്‍ഗ്രസിനെ എതിര്‍ത്തു. എന്നാല്‍ മതനിരപേക്ഷ ചേരിയുടെ നേതൃത്വസ്ഥാനത്ത് യെച്ചൂരി കോണ്‍ഗ്രസ്സിനെ സ്ഥാപിച്ചു.
അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്ത്യാസഖ്യ രൂപീകരണത്തിലെ യെച്ചൂരിയന്‍ലൈന്‍. ഇതിന് മുമ്പ് സിപിഎം സ്വീകരിച്ചിരുന്നത് മൂന്നാം മുന്നണിയുടെ ലൈനായിരുന്നു. ഒരു വശത്ത് കോണ്‍ഗ്രസ് മറുവശത്ത് ബിജെപി രണ്ടിനുമെതിരെ ഇടതുപക്ഷ ശക്തികളുടെ മൂന്നാം നിര. ഈ ലൈന്‍ പറഞ്ഞു നടക്കാന്‍ നല്ലതാണ്. പക്ഷെ യാതൊരുവിധ രാഷ്ട്രീയ സാദ്ധ്യതയുമില്ലാത്ത കാഴ്ചപ്പാടാണ് അത് എന്ന കാര്യം യെച്ചൂരി തിരിച്ചറിഞ്ഞു. ബിജെപി തീവ്ര ഹിന്ദുത്വ രാഷ്ട്രീയവുമായി ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ച് മുന്നേറുമ്പോള്‍ പ്രതിരോധം ബിജെപി ഇതര രാഷ്ട്രീയ ശക്തികളുടെ കൂട്ടായ്മയാണെന്ന് തിരിച്ചറിയാന്‍ യെച്ചൂരിയിലെ പ്രായോഗിക രാഷ്ട്രീയ നേതാവിനു കഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവിശേഷമായ ഒരു ഇടതുമുദ്രചാര്‍ത്തിയാണ് യെച്ചൂരി വിട പറഞ്ഞത്. കാലം തീര്‍ച്ചയായും അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണമുള്ള രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് അംഗീകരിക്കും.