ശ്രീനാരായണ ഗുരു ജയന്തി: ചില സമകാലിക വിചാരങ്ങൾ

‘ നല്ലവരായിരുന്ന് നൻമ ചെയ്യുവിൻ’ എന്ന ഗുരുമൊഴിയാണ് മുൻഗാമികളെയും നയിച്ചിട്ടുള്ളത്. അതുതന്നെയാണ് ഈ എളിയവനായ ഞാനും പിന്തുടരുന്നത്. എട്ട് പതിറ്റാണ്ടു കാലത്തെ ജീവിതപരിചയം വച്ച് നെഞ്ചുറപ്പോടെ പറയാന്‍ കഴിയും എന്റെ കര്‍മ്മമണ്ഡലത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും യശസിനും ഞാന്‍ പൂര്‍ണ്ണമായി കടപ്പെട്ടിരിക്കുന്നത് കറകളഞ്ഞ ഗുരുഭക്തിയോടാണ്.

മനുഷ്യസമൂഹത്തെ ഏകഭാവത്തില്‍ കാണാന്‍ ശ്രമിച്ച ശ്രീനാരായണ ഗുരുവിന്റെ സ്മരണകളിൽ ദീപ്തമാകുന്ന മറ്റൊരു ചിങ്ങമാസം കൂടിയെത്തി.ഗുരുവിന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ആശ്രയിക്കുന്നവരെ കൈവിടാത്ത ഗുരു ഏത് പ്രതിസന്ധിയിലും നിഴല്‍ പോലെ നമുക്ക് ഒപ്പം നിലകൊള്ളുന്നു.നമ്മെ കൈവെളളയില്‍ കാത്ത് പരിപാലിക്കുന്നു. നരനു നരൻ അശുദ്ധവസ്തുവായിരുന്ന ഒരു കെട്ടകാലത്തിൽ നിന്നും ഗുരു നമ്മെ വിമോചിപ്പിക്കുകയും മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹാസന്ദേശം പഠിപ്പിക്കുകയും ചെയ്തു. ജാതി ഇല്ലാതാകണമെങ്കിൽ സമുദായങ്ങൾ തമ്മിലുളള ഉച്ചനീചത്വങ്ങൾ ഇല്ലാതാകണം. എല്ലാ വിഭാഗം മനുഷ്യർക്കും അവസരങ്ങളിലും വിഭവങ്ങളിലും വിദ്യാഭ്യാസത്തിലും തുല്യമായ പങ്ക് ലഭിക്കുകയും എല്ലാവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും വേണം. സുവ്യക്തമായ കാഴ്ച്ചപ്പാടും പ്രവർത്തന പദ്ധതിയും ഗുരുവിന് ഇക്കാര്യത്തിലുണ്ടായിരുന്നു. അടിസ്ഥാനപരമായി മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് മനുഷ്യന്‍ തന്നെയാണ്. ഇവിടെ മനുഷ്യന്‍ എന്ന് പറയുമ്പോള്‍ ജാതിമതവര്‍ഗവര്‍ണ്ണ വ്യത്യാസമില്ലാത്ത മനുഷ്യന്‍ എന്ന് തന്നെപറയാം.അത്തരം ചിന്താഗതിയുള്ളവര്‍ക്ക് മാത്രമേ ഈ ലോകത്തെ മാറ്റി മറിക്കാന്‍ കഴിയൂ. ലോകജീവിതം സമാധാനപൂര്‍ണ്ണമാക്കാനും കഴിയൂ.

സമത്വസുന്ദരമായ ഒരു ലോകമാണ് ഗുരുവിഭാവനം ചെയ്തത്.’ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’, ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ‘എന്ന ഗുരു വചനം കേരളീയരെ മാത്രമല്ല, ഗുരുവിനെ അറിയുന്ന മനുഷ്യരെയെല്ലാം സ്വാധീനിച്ചു. ഏത് ഗുരുവചനം പരിശോധിച്ചാലും എല്ലാത്തരം വിഭാഗിയതകള്‍ക്കപ്പുറമുള്ള മനുഷ്യനന്മയും സമഭാവനയോടുള്ള ജീവിതവും അഭിലഷിക്കുന്ന ഗുരുവിനെ കാണാം.ഗുരു ഇങ്ങനെയും പറഞ്ഞിട്ടുണ്ട് – ‘കൃഷി ചെയ്യണം , കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല് ‘ . എല്ലാ കാലത്തിലേക്കുമായുളള ഇത്തരം പാഠങ്ങൾ ഗുരു നമുക്ക് പകർന്നു നൽകി. എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണതയോട് അടുത്തു നിന്ന, നന്മയുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു ശ്രീനാരായണഗുരു .

നാം ജീവിക്കുന്ന ഈ കാലം പരിസ്ഥിതി നാശങ്ങളുടേതാണ്. രണ്ട് തവണ മഹാപ്രളയം പോലുള്ള പ്രകൃതിക്ഷോഭങ്ങളെ നേരിട്ടവരാണ് നമ്മള്‍. ആ സന്ദര്‍ഭങ്ങളിലൊക്കെ എല്ലാത്തരം വിഭാഗീയതകളും മറന്ന് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് കെടുതികളെ അതിജീവിക്കാന്‍ നമുക്ക് സാധിച്ചത്. പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും സങ്കടങ്ങളിലും താങ്ങും തുണയുമായി നില്‍ക്കുന്ന മനുഷ്യരാശിയാണ് വരും കാലങ്ങളില്‍ നമ്മുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം. ആ ബോധം ഉള്‍ക്കൊളളുന്നവര്‍ ഗുരുവചനം മുറുകെപ്പിടിച്ച് പൊതുസമൂഹത്തിന്റെ നന്മക്കായി നിലകൊളളണം. സങ്കുചിതമായ ചിന്തകളും വേര്‍തിരിവുകളും അവരെ സ്പര്‍ശിക്കുക പോലുമില്ല.
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവഅപരന്നു സുഖത്തിനായി വരണം
എന്ന ഗുരുവചനത്തില്‍ ഗുരുവിന്റെ കാഴ്ചപ്പാടുകളുടെ സാരസര്‍വസ്വവുമുണ്ട്.
ശ്രീനാരായണപ്രസ്ഥാനത്തിനു വേണ്ടി ഞാൻ ഓടി തുടങ്ങിയിട്ട് വർഷങ്ങൾ കുറേയായി. ഓടുന്നതിനിടയിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും തളർന്നു പിൻവാങ്ങാതിരിക്കുന്നത് ഗുരുദർശനം മനസിലുള്ളത് കൊണ്ടാണ്. എപ്പോഴും എന്റെ മനസ്സിലുള്ളത് ആ ഗുരുവചനമാണ് – “സഹായിച്ചവരെ ഒരിക്കലും മറക്കരുത്.ചതിച്ചവരോട് പ്രതികാരവുമരുത്.” സമുദായത്തിന്റെ വളർച്ചയ്ക്കായി ഇത്രയധികം സഞ്ചരിക്കാനും എല്ലാ ശാഖകളിലേക്കും എത്താനും എനിക്ക് പ്രചോദനമാകുന്നത് ഗുരു ദർശനമാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുദേവ വചനത്തിന്റെ ധന്യതയിലാണ് അന്നുമിന്നും യോഗം പ്രവർത്തിക്കുന്നത്. ജാതി ഉന്മൂലനം ആത്യന്തിക ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയും ഇന്നും കേരളത്തിലില്ല. കേരളത്തിലെ നിലവിലെ സാമൂഹിക പശ്ചാത്തലത്തിൽ യോഗത്തിനും ഗുരു ദർശനത്തിനും പ്രാധാന്യം കൂടി വരികയാണുതാനും.
‘ നല്ലവരായിരുന്ന് നൻമ ചെയ്യുവിൻ’ എന്ന ഗുരുമൊഴിയാണ് മുൻഗാമികളെയും നയിച്ചിട്ടുള്ളത്. അതുതന്നെയാണ് ഈ എളിയവനായ ഞാനും പിന്തുടരുന്നത്. എട്ട് പതിറ്റാണ്ടു കാലത്തെ ജീവിതപരിചയം വച്ച് നെഞ്ചുറപ്പോടെ പറയാന്‍ കഴിയും എന്റെ കര്‍മ്മമണ്ഡലത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും യശസിനും ഞാന്‍ പൂര്‍ണ്ണമായി കടപ്പെട്ടിരിക്കുന്നത് കറകളഞ്ഞ ഗുരുഭക്തിയോടാണ്.
ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ അറിവ് ആയുധമാക്കാൻ ഉപദേശിച്ച ഗുരുവിന്റെ സമകാലിക പ്രസക്തി നാം തിരിച്ചറിയാതെ പോകരുത്.ഗുരുജയന്തിയ്ക്കും സമാധിക്കും മാത്രമല്ല ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പരമകാരുണികനായ ഗുരുവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് നമുക്ക് ജീവിതത്തിൽ മുന്നോട്ടുപോകാം.
ഗുരു സന്ദേശങ്ങളുടെ ധന്യതയിലേക്ക് ലോകത്തിലെ മുഴുവൻ മനുഷ്യരേയും നയിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഗുരു സ്മൃതികളെ തൊഴു കൈകളോടെ നമുക്ക് സ്മരിക്കാം.

ഓണപ്പാട്ട്

മാവേലി നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിവുമില്ല –
എള്ളോളമില്ല പൊളിവചനം

തീണ്ടലുമില്ല തൊടീലുമില്ല –
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾവച്ചുള്ള പൂജയില്ല –
ജീവിയെക്കൊല്ലുന്നയാഗമില്ല
ദല്ലാൾവഴി ക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനികവിഭാഗമില്ല –
മൂലധനത്തിൻ ഞെരുക്കലില്ല
ആവതവരവർ ചെയ്തുനാട്ടിൽ –
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യപഠിക്കാൻ വഴിയേവർക്കും –
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനുംതുല്ല്യമായി-
വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം
കാലിക്കുകൂടി ചികിത്സ ചെയ്യാൻ –
ആലയം സ്ഥാപിച്ചിതന്നു മർത്യർ
സൗഗതരേവം പരിഷ്കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി-
ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശല മാർന്നൊരു വാമനനെ –
വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ –
ശീർഷം ചവിട്ടിയായാചകനും
അന്നുതൊട്ടിന്ത്യയധ: പതിച്ചു –
മന്നിലധർമ്മം സ്ഥലം പിടിച്ചു.
ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം
കൊല്ലുന്ന ക്രൂര മതവുമെത്തി
വർണ്ണവിഭാഗ വ്യവസ്ഥ വന്നു –
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യനശുദ്ധനാക്കും –
മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലിൽകേറി –
തന്നിൽബലിഷ്ടന്റെകാലുതാങ്ങും
സ്നേഹവും നാണവും കെട്ടരീതി-
മാനവർക്കേകമാം ധർമ്മമായി.
സാധുജനത്തിൻവിയർപ്പുഞെക്കി-
നക്കിക്കുടിച്ചു മടിയർവീർത്തു
നന്ദിയും ദീനകരുണതാനും –
തിന്നു കൊഴുത്തിവർക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ –
ഗർവ്വിഷ്ടരീ ദുഷ്ടർ നാക്കറുത്തൂ
സ്ത്രീകളിവർക്കുകളിപ്പാനുള്ള
പാവകളെന്നു വരുത്തിവെച്ചു
ആന്ധ്യമസൂയയും മൂത്തു പാരം –
സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം പുറത്തു നിന്നു –
മെത്തിയോർക്കൊക്കെയടിമപ്പെട്ടു
എത്രനൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെ ത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും.

Author

Scroll to top
Close
Browse Categories