പക്കാല നിലബഡി

രണ്ടു കാലത്തിലെ ഒരു വല്ലാത്ത സാമ്യം

“നാളത്തന്ന മാറിയേക്കാം. എന്ത്നാ എന്ന ഞാനിങ്ങന വെച്ച്താമസിപ്പ്ക്ക്ന്ന്…അല്ലേ…? ” അത് അവളുടെ പിന്നാക്കം പിടിക്കലിനുള്ള അവസാനത്തെ പ്രഹരമായിരുന്നു.
“ അച്ഛാ ചെറിയൊര് പ്രശനണ്ട്….” മീര ഒട്ടും തിടുക്കമില്ലാതെ പറഞ്ഞു.
“ അതെന്ത്…റെഡി റ്റു ഒക്കുപ്പയ് എന്നല്ല നീ പറഞ്ഞിര്ന്നത്…? ഞാൻ നാളത്തെ പകലിലേക്ക് അവടെ നിന്നു നുഴഞ്ഞുകടക്കുന്നതായി കണ്ട്ംകഴിഞ്ഞു….”
“ ഉവ്വ്.. ഉവ്വ്…അതിനൊന്നും കൊഴപ്പ്ല്ല…” മീര എന്തോ മറച്ചുപിടിക്കാൻ നോക്കുന്നുണ്ട്…
“ പിന്നെന്നതാണ്…?”
“ വട്ടത്തൊടി മേലൂട്ട് പ്രഭാകരൻ എന്ന വി.എം. പ്രഭാകരൻ അവിടെ നാലരക്കൊല്ലം മുമ്പു തന്നെ താമസിക്കുന്നുണ്ട്. ഇപ്പോഴും താമസിച്ചുവരികയാണ്….റെസ്ക്യു എൻകൗണ്ട൪ സ്പെഷലിസ്റ്റ് വി. എം. പ്രഭാകരൻ തന്നെ..”
“ അതായത് ഈ ഞാൻ തന്നെ…” ഞാൻ ഒട്ടും തിടുക്കമില്ലാതെ പറഞ്ഞു. എന്റെ മുഖത്ത് മനസിനകത്തെ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്നു തിരക്കുകയായിരുന്നു മീര അപ്പോൾ.
“ എന്നു പറഞ്ഞാൽ എങ്ങനെയാണ്….ഈ റെസ്ക്യു എൻകൗണ്ട൪ സ്പെഷലിസ്റ്റ് വി. എം. പ്രഭാകരൻ എന്റെ അച്ഛനാണ്…അദ്ദേഹം ഇപ്പോഴും എന്റെ കൂടെ വീട്ടിൽത്തന്നെയാണ്….നാലരവ൪ഷം മുമ്പ് അഡ്മിഷൻ എടുത്തെങ്കിലും ചേരാനായില്ല…എന്നുവന്നാലും അപ്പോൾ കേറിത്താമസിക്കാം എന്ന് അന്ന് ഇതിന്റെ ആൾക്കാ൪ പറഞ്ഞതായിരുന്നല്ലോ….” മീര ‘ ന്യൂ ബ്രോ ബോയ്സ് ഹോമി’ലെ കെയ൪ അറ്റാഷെയോടു കയ൪ത്തു.
“ ശരി, മേം. അങ്ങനെത്തന്നെയാണ് നിയമം ഇപ്പോഴും. ഇവിടെ പക്ഷേ റെസ്ക്യു എൻകൗണ്ട൪ സ്പെഷലിസ്റ്റ് വി. എം. പ്രഭാകരൻ കഴിഞ്ഞ നാലരക്കൊല്ലമായി ഇവിടെ താമസിക്കുന്നുണ്ട്. അന്നു കെട്ടിവച്ച പണത്തിൽ നിന്നാണ് അയാളുടെ ജീവിതത്തിനു വേണ്ടി ഞങ്ങൾ ചെലവാക്കിവരുന്നത്….”
“ അപ്പോൾ എന്റെ അച്ഛൻ വി. എം. പ്രഭാകരൻ…?”
“ അതേ അദ്ദേഹം തന്നെയാണ്…..”
“ എന്നാൽ ആ ദേഹത്തെ ഒന്നു കേറിക്കാണണമല്ലോ…?”
“ സോറി മേം. അതു മാനേജ്മെന്റിന് ഏകപക്ഷീയമായി അനുവദിക്കാൻ പറ്റില്ല… വി. എം. പ്രഭാകരൻ അനുവദിച്ചാൽ മാത്രം. ഇവിടെ സന്ദ൪ശക൪ അങ്ങോട്ടല്ല, സന്ദ൪ശകരെ ഇങ്ങോട്ടാണു കാണാൻ സാധിക്കുന്നത്..” അറ്റാഷെ വിനയം കൊണ്ടു വളഞ്ഞു.
“ എന്നാൽ അതിനുള്ള അനുമതി എടുത്തുതരൂ….” മീര എന്തിനോ വേണ്ടി തിടുക്കപ്പെട്ടു.
“ സോറി മേം. താങ്കൾ വന്നപ്പോഴേ അതു ചെയ്തിരുന്നു. എന്നാൽ, ആരെയും കാണേണ്ടതില്ലെന്നാണു വി. എം. പ്രഭാകരൻ….”
“ എന്നു പറഞ്ഞാലെങ്ങനെയാണ്….?”
“ ഞങ്ങളെ വിഷമത്തിലാക്കരുത്….കാണിച്ച കടലാസുകൾ പ്രകാരം നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. എന്നാൽ, വി. എം. പ്രഭാകരൻ ഇവിടെ കഴിഞ്ഞ നാലരക്കൊല്ലമായി…..”

“ എന്നു പറഞ്ഞാലെങ്ങനെയാണ്..? വി. എം. പ്രഭാകരൻ ഇപ്പോൾ റേസ്ക്രോസ് റോഡിനടുത്തുള്ള എന്റെ വീട്ടിലാണുള്ളത്. ഞാനിപ്പോൾ അവിടെ നിന്നാണു വരുന്നത്. അപ്പോൾ വി. എം. പ്രഭാകരൻ എന്ന എന്റെ അച്ഛൻ വീട്ടിലുണ്ട്. ഏതു നിമിഷവും ഇവിടെ അഡ്മിഷൻ എടുക്കാൻ എല്ലാം കെട്ടിപ്പെറുക്കി തയാറായി ഇരിക്കുകയാണ്.”
“ എന്നാൽ, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ വി. എം. പ്രഭാകരൻ ഇപ്പോൾ ബോയ്സ് ഹോമിലെ രണ്ടാം നിലയിൽ അദ്ദേഹത്തിന് അനുവദിക്കപ്പെട്ടിരിക്കുന്ന മുറിയിൽ, കഴിഞ്ഞ നാലരക്കൊല്ലമായി താമസിച്ചുവരികയാണ്. അല്ലാതെന്ത്…?”
“ അതിലെന്തോ ദുരൂഹതയുണ്ടെന്നു വിചാരിക്കണമല്ലോ, അപ്പോൾ..?”
“ ഒരു ദുരൂഹതയുമില്ല, മേം.. എല്ലാം നേരത്തേ നിശ്ചയിക്കപ്പെട്ട പോലെത്തന്നെ..”
“ അപ്പോൾ എന്റെ വീട്ടിലിരിക്കുന്ന എന്റെ അച്ഛൻ വി. എം. പ്രഭാകരനോ…?”
“ അദ്ദേഹം തന്നെയാണല്ലോ ഇവിടെ…”
“ അതെങ്ങനെ…അദ്ദേഹം അവിടെയാണല്ലോ…”
“ അല്ല, മേം ഇവിടെ…”
“ നിങ്ങൾക്കു സംശയമുണ്ടെങ്കിൽ എന്റെ കൂടെ വന്നാൽ നേരിൽ കാണിക്കാം…”
“ ഇവിടത്തെ വി. എം. പ്രഭാകരൻ അനുവദിക്കുകയാണെങ്കിൽ എനിക്കു മേമിനെയും നേരിൽ കാണിക്കാൻ കഴിയും. ഏതായാലും ഒരു കാര്യം ചെയ്യാം. അദ്ദേഹത്തിൽ നിന്ന് അതിനുള്ള അനുവാദം ഇടയ്ക്കിടെ അഭ്യ൪ത്ഥിച്ചുകൊണ്ടിരിക്കാം. ഒരു റിക്വസ്റ്റ് ഒരാൾക്ക് എത്ര കാലം ഒഴിവാക്കാനാവും. അദ്ദേഹത്തിൽ നിന്ന് അനുമതി കിട്ടുന്ന അതേ നിമിഷം താങ്കളെ അറിയിക്കാം എന്നു പറയുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷമേയുള്ളൂ.”
“ അതെങ്ങനെ ശരിയാവും. തോന്നുന്ന നിമിഷത്തിൽ കേറിത്താമസിക്കാൻ പറ്റുന്നതുപോലെ നാലരക്കൊല്ലം മുമ്പേ അഡ്മിഷൻ വാങ്ങിച്ചുവച്ച വി. എം. പ്രഭാകരൻ അതിനു പറ്റാതെയിരിക്കുമ്പോൾ.”
“ വി. എം. പ്രഭാകരൻ ഇവിടെ നാലരക്കൊല്ലം മുമ്പേ താമസം തുടങ്ങിക്കഴിഞ്ഞതാണല്ലോ. പിന്നെങ്ങനെയാണ്….?”
“ ഏതു വി. എം. പ്രഭാകരനെക്കുറിച്ചാണു നിങ്ങൾ അങ്ങനെ അവകാശപ്പെടുന്നത്..?” അയാളോടു കൂടുതൽ സംസാരിച്ചിട്ടു ഫലമൊന്നുമില്ലെന്നു മനസിലായ മട്ടിൽ മീര അവസാനം പറഞ്ഞു.
“ അതു വളരെ സിംപിൾ…നോക്കിപ്പറയാവുന്നതേയുള്ളൂ…” കെയ൪ അറ്റാഷെ മുന്നിലിരിക്കുന്ന ലാപ്ടോപ്പിലെ സ്ക്രീനിൽ ഏതൊക്കെയോ വിശദാംശങ്ങൾ തിരയുന്നതു പോലെ മീരയ്ക്കു തോന്നി. അതോ, അയാൾ അങ്ങനെ അഭിനയിക്കുകയാണോ എന്നും ഒരുവേള തോന്നിപ്പിച്ചു. പിന്നെ, അയാൾ ലഡ്ജറിലും പല രജിസ്റ്ററുകളിലും തിരഞ്ഞു. അയാൾ തിരയുന്നതിന്റെ പക൪പ്പു തന്റെ കൈവശം ഉണ്ടെങ്കിലും അപ്പോൾ അതു കാണിക്കാൻ മീരയ്ക്ക് എന്തുകൊണ്ടോ തോന്നിയില്ല. ഒരു രഹസ്യം പോലെ അവൾ അതു മറച്ചുപിടിച്ചു.
“ ഇനി ആ രേഖകളിൽ നിന്നും അവയെ കണ്ടെത്താൻ അനുവാദം വേണ്ടിവരുമായിരിക്കുമോ…?” കുറെക്കഴിഞ്ഞപ്പോൾ അങ്ങനെ ചോദിക്കാനാണു മീരയ്ക്കു തോന്നിയത്. അങ്ങനെ ചോദിച്ചത് അയാളിൽ അൽപ്പം ജാള്യം ഉണ്ടാക്കിയതുപോലെ തോന്നിച്ചു.
“ വേണ്ട, മേം…മനുഷ്യരിൽ നിന്നേ അത്തരം അനുവാദം വേണ്ടതുള്ളൂ. വി. എം. പ്രഭാകരൻ ഒരു മനുഷ്യനായതുകൊണ്ടാണ്. അല്ലായിരുന്നെങ്കിൽ, വാതിൽ ഇടിച്ചുതുറന്നു നമ്മൾക്കു നോക്കാവുന്നതേയുള്ളൂ..” അയാൾ വീണ്ടും രേഖകളിൽ തലപൂഴ്ത്തി. അയാൾ പരതുന്ന രേഖകൾ ഒരിക്കലും കിട്ടാൻ പോകുന്നില്ലെന്നു മീരയ്ക്കു തോന്നി. എന്നാൽ, തൊട്ടടുത്ത ഒരു കടലാസിനപ്പുറത്തു താൻ തേടുന്ന രേഖയുണ്ട് എന്നയാൾ വിശ്വസിക്കുന്നതു പോലെ ഉണ്ടായിരുന്നു. അയാൾ ആവോളം സമയമെടുത്തോട്ടെ എന്നു മീര വിചാരിച്ചു. വീട്ടിൽ തന്നെയും കാത്തിരിക്കുന്ന വി. എം. പ്രഭാകരൻ എന്തു ചെയ്യുകയായിരിക്കും എന്ന ആലോചന ഇടയ്ക്ക് അവളെ അലട്ടി.
എന്നാൽ, അത് അധികം അലട്ടാൻ രേഖകൾ തപ്പിക്കൊണ്ടിരുന്ന അറ്റാഷെ സമ്മതിച്ചില്ല. അയാൾ ഓരോ ചോദ്യവുമായി അവളെ അലട്ടാൻ തുടങ്ങിയിരുന്നു.
“ വി. എം. പ്രഭാകരൻ നേരിട്ടുവന്നായിരിക്കുമോ അന്ന് അഡ്മിഷൻ ഉറപ്പാക്കിയത്…” പല രേഖകൾക്കിടയിൽ നിന്ന് അയാൾ വിളിച്ചുചോദിച്ചു.
“ അല്ല. ഞാൻ നേരിട്ടുവന്നാണ് അന്ന് അച്ഛനെ ചേ൪പ്പിച്ചത്…” മീര പറഞ്ഞു.
“ അപ്പോൾ, അച്ഛനെ കൂടെക്കൊണ്ടുവന്നിട്ടുണ്ടായിരുന്നില്ല….?”
“ ഇല്ല…”
“ അതിന്റെ കാരണം ചോദിക്കേണ്ടുന്ന ആവശ്യമില്ല. എന്നാലും…?”
“ അച്ഛന് ഒരു സ൪പ്രൈസ് കൊടുക്കാമെന്നുണ്ടായിരുന്നു. മാത്രമല്ല, അച്ഛന്റെ തോന്നലുകൾ എന്നും സ്പൊണ്ടേനിയസ് ആയിരുന്നു. ഓരോ വിചാരങ്ങൾ എപ്പോൾ വരുമെന്നു പറയാൻ സാധിക്കില്ല. പെട്ടെന്നാണ് അത് സംഭവിക്കുക…”
“ അപ്പോൾ, അച്ഛൻ തന്നെ സ്പൊണ്ടേനിയസ് ആയി വന്നു നാലരക്കൊല്ലം മുമ്പേ ഇവിടെ താമസം തുടങ്ങിയതായിരിക്കുമോ..? അതേക്കുറിച്ചു പിന്നീടു സ്പൊണ്ടേനിയസായി പറയാമെന്നോ മറ്റോ വിചാരിച്ചുകൊണ്ട്.”
“ താങ്കൾ അസംബന്ധം ആവ൪ത്തിക്കണമെന്നില്ല.” മീര കുറേശ്ശ മുഷിഞ്ഞുതുടങ്ങിയിരുന്നു. എന്നാൽ അത് അധികം നേരം നീണ്ടുനിന്നില്ല. അപ്പോഴേക്കും അയാൾ ഏതോ രജിസ്റ്ററിൽ നിന്ന് എന്തോ കണ്ടെത്തിക്കഴിഞ്ഞിരുന്നു.
“ പഴയ രേഖകളൊന്നും കംപ്യൂട്ടറൈസ് ചെയ്യാൻ പെൻഡിങ് ആയതുകൊണ്ടാണ് മേം. അല്ലെങ്കിൽ നിഷ്പ്രയാസം സാധിച്ചേനെ…ഉവ്വ്. ഇതുതന്നെ…” അയാൾ അതു സംബന്ധിച്ച ചില കടലാസുകൾ അവൾക്കു നേരേ നീട്ടി. “ അതേ, വി. എം. പ്രഭാകരൻ തന്നെ… ഇതാ അദ്ദേഹം താമസിച്ചുതുടങ്ങിയതിന്റെ കടലാസ്..”
മീര അത്രയും പറഞ്ഞതു ശ്രദ്ധിച്ചുകേൾക്കുകയായിരുന്നു ഞാൻ. അതിലൊന്നും ഒരു അസ്വാഭാവികതയും കണ്ടുപിടിക്കാനുണ്ടായിരുന്നില്ല. ‘ന്യൂ ബ്രോ ബോയ്സ് ഹോമി’ലെ കെയ൪ അറ്റാഷെ പറഞ്ഞതു ശരിവയ്ക്കുന്ന കടലാസുകളുടെ പക൪പ്പുകൾ കൊണ്ടുവന്നതു മീര ശരിക്കും വായിച്ചുനോക്കിയിരുന്നു. ഓരോ വാക്കു വാക്കായി..
“ ഞാനിനി അവ൪ പറയുന്നതുപോലെ കഴിഞ്ഞ നാലരക്കൊല്ലമായി അവിടെ താമസിച്ചുവരികയായിരുന്നിരിക്കുമോ…?” ആ പറഞ്ഞത് ഇഷ്ടമായില്ലെന്നു മീരയുടെ മുഖം ചുളിഞ്ഞു. അവൾ തിടുക്കപ്പെട്ട് ഉൾമുറിയിലേക്കു കയറിപ്പോയി. ഞാൻ അവളെ കളിയാക്കാൻ പറഞ്ഞതൊന്നുമല്ല. അവളുടെ ടെൻഷൻ ഒന്നു കുറയ്ക്കാമല്ലോ എന്നു കരുതി. ഇനി ഞാൻ കഴിഞ്ഞ നാലരക്കൊല്ലമായി ആ ബോയ്സ് ഹോമിൽ താമസിക്കുകയായിരുന്നിരിക്കുമോ എന്നവൾക്കും സംശയമായോ..ഈ കഴിഞ്ഞ നാലരക്കൊല്ലം അവളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കാതെ പോയ കാലഘട്ടമായിരുന്നുവല്ലോ. അവൾ അജയനെ വല്ലപ്പോഴും ഓ൪ത്തു എന്നതല്ലാതെ. അജയന്റെ സ്ഥാനത്തു മറ്റൊരാളെ സങ്കൽപ്പിച്ചുനോക്കിപ്പോലും കാണില്ല. ഈ നാലരക്കൊല്ലവും ഞാൻ അവളെ ആ മറ്റൊരാളെ ചൊല്ലി എന്തെങ്കിലും സംസാരിക്കുകയുണ്ടായിരുന്നില്ല. അവൾ സ്വതന്ത്രമായി ജീവിക്കുന്നു എന്ന് ഉറപ്പു വരുത്തിക്കൊണ്ടായിരുന്നു ഓരോ ദിവസവും.
ഒറ്റ ദിവസം പോലും അവളെ എന്തെങ്കിലും കാര്യത്തിനു വേണ്ടി നി൪ബന്ധിച്ചിരുന്നില്ല. എന്നു മാത്രമല്ല, അവളുടെ എല്ലാ ആഗ്രഹവും ഒന്നു പോലും ബാക്കിവയ്ക്കാതെ സാധിച്ചുകൊടുക്കാനും ശ്രദ്ധ വച്ചിരുന്നു. ശ്യാമളയുടെ ഭാഗത്തിൽ കിട്ടിയ ചെറിയ ഭൂമിയിൽ ഒരു പൂമ്പാറ്റത്തോട്ടം വയ്ക്കണമെന്ന ആഗ്രഹം അടക്കം. പൂമ്പാറ്റകളെ ആക൪ഷിക്കുന്ന പല മാതിരി ചെടികൾ അവിടെ നട്ടുപിടിപ്പിച്ചും പരിപാലിച്ചും. പൂമ്പാറ്റകളുടെ ഒരു വലിയ കാടു തന്നെ അവിടെ പിന്നീട് ഉണ്ടായിവന്നിരുന്നു. ഒരു കാട്ടുതീ പിടിക്കാത്ത കാട് എന്ന൪ഥത്തിൽ ഏതോ ഭാഷയിൽ നിന്ന് കടമെടുത്ത് അതിന് ഏലോ ഏയ്ലിയോ എന്നു പേരും കൊടുത്തിരുന്നു. അതൊന്നും സമീപവീട്ടുകാ൪ക്ക് ഇഷ്ടപ്പെടാതിരുന്നിട്ടുകൂടി.
അപ്പോൾ ഈ കഴിഞ്ഞ നാലരക്കൊല്ലവും ഞാനിവിടെ ഈ വീട്ടിൽ അവളോടൊപ്പം താമസിക്കുകയായിരുന്നു. മറിച്ചൊരു സംശയം പ്രകടിപ്പിച്ചതാണ് അവൾക്കു സംശയമായത്. അതിനിടെ, അവളില്ലാത്ത ഒരു നേരത്ത് അജയൻ എന്നെ കാണാൻ വന്നത് ഞാനൊരിക്കലും അവളോടു പറഞ്ഞിട്ടില്ലായിരുന്നു. അജയൻ അവളുടെ ജീവിതത്തിൽ നിന്നു മാത്രമല്ലേ പടിയിറങ്ങിപ്പോയിട്ടുള്ളൂ, എന്റെ ജീവിതത്തിൽ നിന്നുണ്ടായിട്ടില്ലല്ലോ എന്നതായിരുന്നു അതിനു ഞാൻ കണ്ടെത്തിയ ന്യായീകരണം. അങ്ങനെ അജയൻ കഴിഞ്ഞ നാലരക്കൊല്ലത്തിനിടയിൽ വന്നിട്ടുണ്ടായിരുന്നെങ്കിൽ അത് ഈ വീട്ടിലേക്കു തന്നെയായിരിക്കണം. അജയനെ ഉപേക്ഷിച്ചതിനു ശേഷമായിരിക്കുമല്ലോ എന്നെ ന്യൂ ബ്രോ ബോയ്സ് ഹോമിൽ ചേ൪ക്കാമെന്നൊരു സങ്കടം അവൾക്കുണ്ടായിവന്നിട്ടുണ്ടായിരിക്കുക. അതൊരിക്കലും അജയൻ അറിഞ്ഞിട്ടില്ല, അപ്പോൾ. അറിഞ്ഞിരുന്നെങ്കിൽ, അജയൻ ഒരിക്കലും അതിനു സമ്മതിക്കുക തന്നെയുണ്ടാവില്ല. അത്രയും കാര്യമായിരുന്നു എന്നെ. ഇടയ്ക്കു ചിലപ്പോൾ എന്നെ ബ്രോ എന്ന് ആരും കേൾക്കാതെ വിളിച്ചിരുന്നു. അങ്ങനെയെങ്കിൽ, ഞാൻ ഈ വീട്ടിൽ നിന്ന് എവിടെയും പോയിട്ടുണ്ടായിരുന്നില്ല.
മീര ബാൽക്കണിയിൽ നിന്നു ദൂരേയ്ക്കു നോക്കിനിൽക്കുകയായിരുന്നു. അവൾക്കു നേരിയ പിണക്കം തോന്നുന്നുണ്ട് എന്നു പണ്ടും അവൾ സൂചിപ്പിച്ചിരുന്നത് ഇങ്ങനെ ദൂരക്കാഴ്ചകളിലേക്കു കണ്ണുനട്ടായിരുന്നു.
“ അതേ, മീരാ…ഞാൻ കഴിഞ്ഞ നാലരക്കൊല്ലവും ഇവിടെ നിന്റെ കൂടെത്തന്നെയായിരുന്നു. അത്രയും കാലത്തെ ഓരോ ദിവസവും ഞാൻ ഓ൪ത്തു നോക്കുകയായിരുന്നു. ഞാനിവിടെ നിന്നു നീയില്ലാതെ എവിടെയും പോയിട്ടില്ല.”
മീരയുടെ പിണക്കം അപ്പോഴേക്കും മാറിക്കഴിഞ്ഞിരൂന്നു. “ അതു തന്നെയാണ് ഞാൻ അയാളോടും പറഞ്ഞുകൊണ്ടിരുന്നത്. റെസ്ക്യു എൻകൗണ്ട൪ സ്പെഷലിസ്റ്റ് വി. എം. പ്രഭാകരൻ കഴിഞ്ഞ നാലരക്കൊല്ലമായി റേസ്ക്രോസ് റോഡിനടുത്തുള്ള എന്റെ വീട്ടിൽ താമസിച്ചുവരികയാണെന്ന്..”
“ എന്നിട്ട്….”
“ എന്നാൽ, അവിടത്തെ രേഖയനുസരിച്ച് റെസ്ക്യു എൻകൗണ്ട൪ സ്പെഷലിസ്റ്റ് വി. എം. പ്രഭാകരൻ ബോയ്സ് ഹോമിലാണു താമസിച്ചുകൊണ്ടിരിക്കുന്നതെന്ന്…” മീര വീണ്ടും ആ രേഖകളുടെ പക൪പ്പുകളിലേക്കു നോക്കിക്കൊണ്ടിരുന്നു.
“ ഏതായാലും ആ വി. എം. പ്രഭാകരന്റെ അനുവാദം വരുന്ന മുറയ്ക്കു നിനക്കു പോയി നേരിൽ കാണാലോ…?”
“ അച്ഛനും കൂടെ വരും അപ്പോൾ…”
“ ഞാൻ എന്തിനാണ് എന്നെ കാണാനായിട്ട് അവിടെ വരെ വരുന്നത്. ഒരു കണ്ണാടീ നോക്കിയാപ്പോരായോ..?”
“ വേണ്ട. അച്ഛനും ഉണ്ടാവണം… അച്ഛൻ ആദ്യമായി കണ്ണാടിയില്ലാതെ നേരിലൊന്ന് കാണ്…”
മീര സാധാരണതയിലേക്കു മടങ്ങിവന്നിരിക്കുന്നു. ഒരു ബാധ്യതയും ഇല്ലാത്ത ആളാണ്. അജയൻ എന്ന ബാധ്യത പോലും വേണ്ടെന്നുവച്ചിരിക്കുന്നു. ആ സ്ഥാനത്ത് മറ്റൊരാൾ വന്നിട്ടേയില്ല. ഇനി വന്നുകൂടായ്കയില്ല. വരാതിരിക്കാനും സാധ്യതയുണ്ട്.
“ ഇതാ നോക്ക്, അവിടെ താമസിക്കുന്ന പ്രഭാകരന്റെ വിലാസം ഇവിടെ കൊടുത്തിട്ടുണ്ട്. അതിപ്പോഴാണു കാണുന്നത്.” ഒരു വലിയ തുമ്പു കിട്ടിയ സന്തോഷത്തിലെന്ന പോലെ മീര പറഞ്ഞു.
“ വായിക്ക്…നാലരക്കൊല്ലത്തെ മേൽവിലാസം…” ഞാൻ അൽപ്പം ഗൗരവം കല൪ത്തി പറഞ്ഞു.
“ വി. എം. പ്രഭാകരൻ, വട്ടത്തൊടി മേലൂട്ട് വീട്, പടിഞ്ഞാറങ്ങാടി, പാലക്കുഴ..”
“ അതു ഞാൻ തന്നെയാണല്ലോ…” ഞാൻ മീരയുടെ കണ്ണുകളിലേക്കു നേരിട്ടു നോക്കാതെ പറഞ്ഞു. വട്ടത്തൊടി മേലൂട്ട് വീട് ആയിരുന്നല്ലോ എന്റേത്. ശ്യാമളയെ കാണുന്നതു വരെ അതായിരുന്നു എന്റെ വിലാസം. പിന്നെയാണല്ലോ, ഗജേന്ദ്ര കോളണി, ഓഫ് റേസ്ക്രോസ് റോഡ് എന്നായത്.”
“ അതല്ലോ, ഇവിടത്തെ മേൽവിലാസം..?” മീര സംശയിച്ചു.
“ പിന്നല്ലാതെ..ശ്യാമളയുടെ വിലാസം…” ഞാൻ മീര പറഞ്ഞതു സ്ഥിരീകരിക്കുന്നതു പോലെ പറഞ്ഞു.
“ അപ്പഴ് വട്ടത്തൊടി മേലൂട്ട് വീട്…?”
“ അതിപ്പഴ് എവിടെയോ ഒളിച്ച് താമസിക്കുന്നുണ്ടാക്ം. പിന്നെ അങ്ങോട്ടൊക്കെ ആരും പോവാനാണ്….ലോകത്തെ രക്ഷപ്പെടുത്താനുള്ള ദിവസത്തിരക്കിനിടെ…” ഞാൻ മീരയിൽ നിന്നു വട്ടത്തൊടി മേലൂട്ട് വീടിനെ ഇരുട്ടിൽ നി൪ത്താനുള്ള ശ്രമത്തിലായിരുന്നു. വെറുതെയെന്തിനാണ് എന്റെ കുട്ടിക്ക് ഒരു ടെൻഷൻ ഉണ്ടാക്കിവയ്ക്കുന്നത്. അവൾ അതിനുള്ള സമയം കൂടി മറ്റൊരാളെ കണ്ടെത്താൻ പ്രയോജനപ്പെടുത്തട്ടെ….”
“ എന്നു പറഞ്ഞാലെങ്ങനെയാണ്….?”
“ അതൊക്കെ വലിയ കൂട്ടുകുടുംബമായിര്ന്ന്ല്ലേ മീരേ…എല്ലാം പൊട്ടിപ്പൊളിച്ചുകളഞ്ഞിട്ടുണ്ടാവില്ലേ കാലം. നമ്മൾക്ക് ഏതായാലും ബോയ്സ് ഹോമിൽ നിന്നു വിളി വരുന്നതു കാത്തിരിക്കാം. നീ തൽക്കാലം നെന്റെ പാട് നോക്ക്…” അപ്പോഴേക്കും വൈകുന്നേരത്തിലേക്ക് സന്ധ്യ ഐസ്ക്യൂബുകൾ ഇട്ടു തുടങ്ങിയിരുന്നു.
വട്ടത്തൊടി മേലൂട്ട് വീടിന്റെ പുറംവാതിലുകൾ അടഞ്ഞുകിടക്കുകായിരുന്നു. അതിനി ഏറെക്കാലമൊന്നും തുറന്നടയ്ക്കാൻ പറ്റുമെന്നു തോന്നിപ്പിച്ചില്ല. കാലം അതിനെ അത്രയും ദ്രവിപ്പിച്ചിരുന്നു. മീരയുടെ നാലോ അഞ്ചോ മുട്ടിനു ശേഷം മടിച്ചുമടിച്ചു വാതിൽ ആരോ തുറന്നു. അവളുടെ യൗവനം പതുക്കെപ്പതുക്കെ തുരുമ്പെടുത്തു തുടങ്ങിയിരുന്നു.
“ ഞാൻ മീര. സിറ്റിയിൽ നിന്നാണു വരുന്നത്…” മീര സ്വയം പരിചയപ്പെടുത്തിക്കൊണ്ടുപറഞ്ഞു.
“ ഞാനും മീര. അകത്ത്ക്ക് കയറിരിക്ക്…” വീട്ടിലെ സ്ത്രീ പറഞ്ഞതു മീരയെ അങ്ങനെ അത്ഭുതപ്പെടുത്തിയും മറ്റുമില്ല. മീര എന്ന പേര് ഒരു കാലത്ത് ഏതാണ്ടെല്ലാ വീട്ടിലും ഉണ്ടായിരുന്നതാണല്ലോ.
മീരയെ കണ്ടതിൽ ആ മീരയ്ക്കും വലിയ ആത്ഭുതമോ ആകാംക്ഷയോ ഉണ്ടായി എന്നു പറയാൻ സാധിക്കുമായിരുന്നില്ല. അവ൪ക്കു വളരെ അധികമൊന്നും പറയാനുണ്ടായിരുന്നില്ല. അമ്മ ശ്യാമള നേരത്തേ പോയി. പെട്ടെന്നായിരുന്നു. ഒന്നുമില്ലായിരുന്നു. എന്നാലും പോയി..ഇപ്പോഴത്തെക്കാലത്തു പ്രത്യേകിച്ചു വല്ലതും വേണോ എന്നു മീര അത്ഭുതപ്പെട്ടു. ആ മീരയിൽ എന്നാൽ ഒരു വികാരവും ഉണ്ടായിരുന്നില്ല. ഭ൪ത്താവുണ്ട്, അജയന് എന്നാൽ മീരയോട് അങ്ങനെ വലിയ സ്നേഹപ്രകടനം ഒന്നുമില്ല. കഴിയാനുള്ളതു കൊണ്ടുവന്നുകൊടുക്കും. മീരയ്ക്കാണെങ്കിൽ ആ വലിയ വീട്ടിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
അമ്മ ശ്യാമളയെപ്പറ്റി പറഞ്ഞെങ്കിലും അച്ഛനെപ്പറ്റി മേലൂട്ട് മീര എന്താണെന്നും പറയാത്തത് എന്നു വിചാരിക്കുകയായിരുന്നു മീര. ചിലപ്പോൾ രോഗിയായി അകത്ത് ഏതെങ്കിലും മുറിയിൽ കിടക്കുകയാവും. അതു പറയാനുള്ള മടികൊണ്ടാവും. വീട്ടിനകത്തു കുട്ടികളുള്ളതിന്റെ ലക്ഷണമൊന്നും മീരയ്ക്കു കാണാൻ കഴിഞ്ഞില്ല. അതു മേലൂട്ട് മീരയ്ക്കു മനസിലായെന്നു തോന്നി. മറുപടിയായി അവൾ ദയനീയമായി തലയാട്ടി.
“ അച്ഛൻ..?” മീര പതുക്കെ എഴുന്നേറ്റുകൊണ്ടു ചോദിച്ചു. അകത്തു രോഗിയായിക്കിടക്കുന്നെങ്കിൽ ഒന്നു കണ്ടിട്ടുപോകുന്നതു മീരയ്ക്കു സന്തോഷമാകുമെന്ന് എന്തുകൊണ്ടോ അവൾക്കു തോന്നി.
“ അച്ഛൻ വട്ടത്തൊടി മേലൂട്ട് പ്രഭാകരൻ. വീട്ടിൽ അച്ഛന്റെ ഒരു ഓ൪മയും അജയൻ ബാക്കിവച്ചിട്ടില്ല. എന്തോ വൈരാഗ്യം പോലെയായിരുന്നു അച്ഛനോട്. അമ്മ പോയേപ്പിന്നെ അച്ഛനെയും കൊണ്ട് എങ്ങോട്ടോ പോയി. എവിടെക്കൊണ്ടുപോയിക്കളഞ്ഞു എന്നു ചോദിക്കാൻ കഴിഞ്ഞിട്ടില്ല. അച്ഛനെക്കുറിച്ച് മിണ്ടിയാൽ കൊള്ളേണ്ടിവരുന്ന വേദന അത്രയ്ക്കും സഹിക്കാണ്ടായി. കൊന്നാളഞ്ഞിട്ട്ണ്ടാവ്ം…” മേലൂട്ട് മീര അകത്തേക്കു വീണിടിഞ്ഞു ഗദ്ഗദം പൂണ്ടു.
“ എവ്ടേങ്കിലും ജീവിച്ചിര്പ്പ്ണ്ടാവും, മീരേ…വരാതിരിക്ക്ല്ല…”മീര പറഞ്ഞു. അച്ഛൻ എവിടെയോ ജീവിച്ചിരിപ്പുണ്ടാവുമെന്ന ആശ്വാസത്തിൽ മേലൂട്ട് മീര മനസിൽ പേടിച്ചുകണ്ട ഓരോ കിണറാഴത്തിലും അച്ഛനെ തിരഞ്ഞു.
രണ്ടു കാലത്തിലെ ഒരു വല്ലാത്ത സാമ്യം കോടമഞ്ഞായി തന്നെ പൊതിഞ്ഞുപിടിച്ചതു പോലെ തോന്നിയെന്നു വളരെപ്പിന്നീടെപ്പോഴോ ആണു മീര എന്നോടു പറഞ്ഞത്. ന്യൂ ബ്രോ ബോയ്സ് ഹോമിൽ നിന്നുള്ള ഫോൺവിളിക്കായി അവൾ ഓരോ ദിവസവും പിന്നെയും കാത്തിരുന്നു.

Author

Scroll to top
Close
Browse Categories