കർഷകഗ്രാമമായ കുപ്പായം

വയലിൽ
പണി ചെയ്യുന്ന കർഷകർ
തിങ്ങിപ്പാർക്കുന്ന ഗ്രാമമാണ് കുപ്പായം

ചിലത്
പലതരം പൂക്കൾ തുന്നിയത്
പുഞ്ചവയലിലെ
നെൽക്കതിരുകൾ കാറ്റത്ത്
ചിരിച്ച് ഇളകിയാടുന്നതാണ്
അവയൊക്കെയും.
അവിടെനിന്നും
ഒരു കൊയ്ത്തുപാട്ട്
ഉയർന്നു കേൾക്കാം
വയൽക്കിളികളുടെ
കരച്ചിൽ തരിവളകളുടെ
കിലുക്കം കേൾക്കാം

നമ്മുടെ ദേഹമാകെ ഒട്ടിച്ചേർന്ന
വേർപ്പുതുള്ളികൾ
അവരുടെ അധ്വാനത്തിന്റെ
തേൻ തുള്ളികൾ അത്രേ..

തുണിയിലാകെ പറ്റിയ
ചെളിയെ കഴുകി
അയയിൽ വിരിച്ചേക്കരുത്
എല്ലുമുറിയേ പണി ചെയ്ത
അടയാളങ്ങൾ
ചരിത്രത്തിന്റെ ഏണിപ്പടികൾ
കയറുവാനുള്ളതാണ്.

കോളറിന്റെ പൂവരമ്പിൽ
വന്നിരുന്നാണ്
അവരുടെ ഇടയ്ക്കുള്ള വിശ്രമവും
വൈകിട്ടത്തെ കൂലി വാങ്ങലും

തയ്യൽമെഷീനിൽ
വിത്തെറിഞ്ഞ്
മുള പൊട്ടി കിളിർക്കുന്ന
കുപ്പായ ഗ്രാമം
ഒരു ജീവിതം പഠിപ്പിക്കുന്നു
മഴയിൽ കൃഷി നശിച്ച്
തുടങ്ങിയ നാൾ മുതലാണ്
അതിന്റെ നിറം
മങ്ങിത്തുടങ്ങുന്നത്
നൂഴിലകൾ വേർപെട്ടു പോയത്
വേർപ്പുതുള്ളികൾ കണ്ണീരായതും..

ജീവിതം
ഒരു കര പറ്റിക്കാൻ
കാർഷിക വായ്പ എടുത്ത്
തിരിച്ചടയ്ക്കാൻ കഴിയാതെ
വന്നപ്പോഴാണ്,
അഞ്ചാറ് കർഷക ബട്ടണുകൾ
കുപ്പായ ദ്വാരത്തിൽ ആത്മഹത്യ ചെയ്തത്.

കീശയിൽ നിന്നും
കണ്ടെടുത്ത
കടലാസ് തുണ്ടുകളാകട്ടെ,
ആത്മഹത്യ കുറിപ്പുകളും

തുണിയുടെ ഭംഗിയെ കുറിച്ച് അല്ല
ആരും ഇപ്പോൾ പരസ്പരം പറയുന്നത്;
നെഞ്ചുലയ്ക്കുന്ന നിലവിളികളുടെ
ചിറകടികളെ കുറിച്ചാണ്

രണ്ടു ചിറകും നഷ്ടപ്പെട്ട
ജീവിതത്തിന്റെ
നിസ്സഹായതയെ കുറിച്ചാണ്.
9947725907

Author

Scroll to top
Close
Browse Categories