മൃഗം
വെളിച്ചം
ഉടഞ്ഞുവീണ സ്ഫടികപാത്രം
ഇരുട്ട്
നിഗൂഢമായ മൗനം
നിദ്രയില്‍
നിശ്വാസത്തിന്റെ കാറ്റ്
തൊടുന്നു വിരല്‍ത്തുമ്പിൽ
മൃഗഗന്ധം പരക്കുന്നു
കാട്ടിരുള്‍കാറ്റ് വീശുന്നു ചുറ്റിനും
നിശബ്ദം എത്തിനോക്കുന്നു
കാടിനെ ചുമക്കുന്ന
കാട്ടുപോത്ത്
നിശാപുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്നു
ഉന്മാദഗന്ധം പരക്കുന്നു
കണ്ണില്‍ കനിവിന്റെ ജലാശയം
നഗരം വെളിച്ചം പെയ്യുന്ന രാത്രി.
സ്വപ്‌നം,
ഭൂതകാലത്തിന്‍ കാല്‍പ്പാടുകള്‍
മായാത്തമുദ്ര
പിന്‍തുടര്‍ന്നെത്തുന്നു
ആദിജൈവബന്ധങ്ങള്‍.
നീയെവിടെയെന്ന്
എത്ര ദൂരേയെന്ന്
ചോദിക്കുന്നു
ചുരമിറങ്ങുന്ന ഓര്‍മ്മകള്‍.
നഗരത്തിലൊരാള്‍
കാടിനെ വരയ്ക്കുന്നു.
കനലെരിയുന്ന കാട്ടുപോത്തുകള്‍
ഇരുള്‍ചോലയില്‍
നിശബ്ദം നിദ്രയുടെ വഴിതേടുന്നു.
വന്‍മരങ്ങള്‍ നിശാപുഷ്പങ്ങളുടെ
പ്രണയഗീതം കേള്‍ക്കുന്നു.
അകലേയ്ക്കകന്നകന്നു പോകുന്നു ഇരുള്‍ കീറി
കിളിയൊച്ചകള്‍.
അരികിലേയ്‌ക്കെത്തുന്നു
ഭയം എന്ന നിശാശലഭം.
വള്ളി ചുരുള്‍മുടി അഴിഞ്ഞാടുന്നു.
ആഴത്തില്‍ ആഴ്ന്നിറങ്ങുന്നു.
എങ്ങോ മാഞ്ഞു പോയ ഇരയുടെ നിലയ്ക്കാത്ത നിലവിളികള്‍
വേട്ടക്കാരന്‍ നിഴല്‍ പോലെയുണ്ട്.
കാട് മരണത്തിന്റെ ജൈവവീഥികള്‍
ഒറ്റയടിപാതകള്‍, ഒച്ചയില്ലാതെ കടന്നു പോകണം.
മൃഗം ഒരു നിശാസഞ്ചാരി
കൊടുങ്കാറ്റിനെ ഉള്ളില്‍ നിശ്ചലമാക്കിയവന്‍
കാട്, പൊക്കിള്‍കൊടിയില്‍ അറ്റുപോകാത്ത
ഓര്‍മ്മയുടെ നോവ്.
ആദിമന്‍ വരച്ചിട്ട ഗുഹാചിത്രങ്ങള്‍
ഭൂതകാലത്തിന്റെ ജൈവസ്മൃതികള്‍
മൃഗം. മനുഷ്യയാത്രയുടെ ഭൂപടത്തില്‍
അറ്റുപോകാത്ത ജൈവരൂപം.
നഗരത്തിലൊരാള്‍ വരപുസ്തകത്തില്‍
കോറിയിടുന്ന മൃഗരൂപങ്ങള്‍
കാറ്റ് കുന്ന് നിലാവ് ശിലകള്‍
ഗന്ധം ചുരത്തുന്ന വന്‍മരങ്ങള്‍
ചുമലിലേറ്റുന്നു കാട്ടുപോത്തുകള്‍.
ഇളംവെയില്‍ കുടിക്കുന്നു കുന്നിന്‍ചരുവിലൊരാള്‍
ഞാനും നീയും ഭൂതകാല സ്മൃതിയായ് തീരുന്ന
രണ്ടുപേര്‍,
മൃഗവും മനുഷ്യനും
അകലുംതോറും കലകൊണ്ടു മാത്രം
അടയാളമായ് തീരുന്നവര്‍
നിദ്രയില്‍,
അതിപുരാതനഗന്ധം
അകലേയ്ക്കകലുന്ന ഒച്ചകള്‍
നിലംപതിക്കുന്ന ചില്ലകള്‍
കെട്ടുപോകുന്ന നക്ഷത്രങ്ങള്‍
ആഴങ്ങളില്‍ മുറിഞ്ഞു പോയ നേര്‍ത്ത നിലവിളികള്‍
കാട്ടുയുദ്ധങ്ങളുടെ നിഴല്‍പാടുകള്‍
തീയില്‍ വേകുന്ന വിശപ്പ്
ലക്ഷ്യമില്ലാതകലുന്ന കാറ്റ്
വിത്തുകള്‍ പൊട്ടി മുളയ്ക്കുന്ന സ്ഥലികള്‍
കാട്ടുവഴികള്‍ താണ്ടി കുന്നിറങ്ങുന്ന മനുഷ്യര്‍.
നദിയുടെ കാലൊച്ച – അരികിലേയ്‌ക്കെത്തുന്നു
വരയ്ക്കുമ്പോള്‍
ഒരു കാട്ടുപോത്ത്, കണ്ണില്‍ നിസംഗത
നമുക്കിടയില്‍ മൗനം ഒഴുകിയെത്തുന്നു.
വര പുസ്തകം ജീവന്റെ ഭൂപടം.