കോവിഡ് വാക്‌സിനെ എന്തിന് ഭയക്കണം?

കോവിഡിനെ നാം വരുതിയിലാക്കിയെന്ന മേനി നടിച്ചിലില്‍ വെറും രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കോവിഡ് വാക്‌സിനുകള്‍ക്ക് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് അതെ കമ്പനിതന്നെ സ്ഥിരീകരിക്കുമ്പോള്‍ ശാസ്ത്രലോകത്തുള്ള നമ്മുടെ വാക്‌സിന്‍ സങ്കല്പങ്ങളെത്തന്നെയാണ് അത് മാറ്റിമറിക്കുന്നത്. എന്നാല്‍ അതിനുപിന്നിലെ സത്യമെന്താണ്? നാം ഭയക്കേണ്ട സാഹചര്യം ഇപ്പോള്‍ ഉണ്ടോ?

കോവാക്‌സിന്റെ കാര്യമെടുത്താല്‍ മൂന്നില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നതായാണ് കണ്ടെത്തല്‍. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ 926 പേരില്‍ നടത്തിയ സര്‍വ്വേയില്‍ അതിന്റെ മൂന്നില്‍ ഒന്ന് ആളുകളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്ന് കണ്ടെത്തി.
അഡ്വെഴ്‌സ് ഈവന്റ്‌സ് ഓഫ് സ്‌പെഷ്യല്‍ ഇന്റെരെസ്റ്റ് (AESI) എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ചിലരില്‍ AESI മൂലം സ്‌ട്രോക്ക്, കാലുകളിലെയും കൈകളിലെയും നാഡികള്‍ക്ക് തളര്‍ച്ചയായുണ്ടാക്കുന്ന ഗുള്ളന്‍ ബാര്‍ സിന്‍ഡ്രോം (Guillain-Barre syndrome), കൂടാതെ ത്വക്കുരോഗങ്ങള്‍ (10%), നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ (4.7%) എന്നിവയും ഉണ്ടാവുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ സ്ത്രീകളില്‍ 4.6% പേരില്‍ ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഈ പഠനം അശാസ്ത്രീയമാണെന്നാണ് ഐ.സി.എം.ആര്‍ പ്രതികരിച്ചിരിക്കുന്നത്. ഗവേഷണത്തിന് സാമ്പത്തികമായോ, സാങ്കേതികമായോ പിന്തുണ നല്‍കിയിട്ടില്ലെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ഡോ.രാജീവ് ബഹല്‍ പറഞ്ഞുകഴിഞ്ഞു. വാക്‌സിനേഷന്‍ കഴിഞ്ഞു ഒരു വര്‍ഷത്തിനുശേഷം ആളുകളെ ഫോണിലൂടെ ബന്ധപ്പെട്ടു നടത്തിയ വിവരശേഖരണത്തിന് പക്ഷപാതപരമായ സമീപനത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആരോഗ്യപ്രശ്‌നങ്ങള്‍ വാക്‌സിനുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്നും ഐ.സി.എം.ആര്‍ പ്രതികരിച്ചു. പ്രത്യക്ഷത്തില്‍ ആധികാരികമായ പഠനം അല്ലായെന്നു തോന്നിപ്പിക്കുന്ന ബി.എച്ച്.യുവിന്റെ പഠനം ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ ഗവേഷണങ്ങളുടെ കൂടി ആധികാരികതയെ ആണ് ഇത് ചോദ്യം ചെയ്യുന്നത്.

വാക്‌സിന്‍
വിരുദ്ധത

പാശ്ചാത്യ രാജ്യങ്ങളിലാണ് വാക്‌സിന്‍ വിരുദ്ധത കൂടുതല്‍ ആള്‍ക്കാരില്‍ കാണാറുള്ളത്. നമ്മുടെ കേരളത്തിലും അത്തരക്കാര്‍ കുറവല്ല. വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങള്‍, നമ്മെ സ്വാധീനിച്ച ഒറ്റപ്പെട്ട സംഭവങ്ങള്‍, നമ്മുടെ കണ്‍മുന്നില്‍ ചുരുങ്ങിയ കാലം കൊണ്ട് വികസിപ്പിച്ച വാക്‌സിന്റെ ആധികാരികതയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഇത്തരം വാക്‌സിന്‍ വിരുദ്ധത ഉണ്ടാവാം. ഒറ്റപ്പെട്ട സംഭവങ്ങള്‍ മൂലം ആരോഗ്യമേഖലയാകെ പുഴുക്കുത്തുകള്‍ ആണെന്ന് സ്ഥാപിക്കുന്നവരാണ് നമ്മില്‍ പലരും. ആ മാനസികാവസ്ഥയില്‍ ഈ വിരുദ്ധതയ്ക്ക് പ്രാധാന്യം നല്‍കുന്നതും, വാക്‌സിനെതിരായി ഒരു ശക്തമായ ചിന്ത ഉയര്‍ന്നുവരുന്നതിലും നമുക്ക് തെറ്റുപറയാനാവില്ല. കൂടാതെ അമിതമായ വിശ്വാസത്തിനുകീഴില്‍ ജീവിക്കുന്നവര്‍, മുതലാളിത്തത്തോട് എതിര്‍പ്പുള്ളവര്‍, പ്രകൃതി ചികിത്സകര്‍ എന്നിങ്ങനെ വലിയൊരുശതമാനം ആള്‍ക്കാര്‍ക്കും വാക്‌സിനോട് എതിര്‍പ്പുണ്ടാകുന്നതിനാലും ഇപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ സ്വാഭാവികമാണെന്നേ നമുക്ക് കരുതാനാകൂ.

എന്താണ് വാക്സിന്‍?
രോഗകാരികളായ സൂക്ഷ്മജീവികള്‍ക്കെതിരെ നാം നമ്മുടെ ശരീരത്തില്‍ പ്രയോഗിക്കുന്ന ലളിതവും, ഫലപ്രദവും, സുരക്ഷിതവുമായ പ്രതിരോധമാണ് വാക്സിന്‍. നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ സംവിധാനത്തെ ത്വരിതപ്പെടുത്തിക്കൊണ്ട് ചില പ്രത്യേക രോഗകാരികള്‍ക്കെതിരെ നമ്മുടെ ശരീരത്തെ കൂടുതല്‍ ശക്തമാക്കുക എന്ന ധര്‍മ്മമാണ് വാക്സിനുകള്‍ നിര്‍വ്വഹിക്കുന്നത്. ഒരു രോഗകാരി ശരീരത്തില്‍ കടക്കുമ്പോള്‍ അതിനെതിരെയുള്ള ആന്റിബോഡികളെ നിര്‍മ്മിക്കാന്‍ വാക്സിന്‍ ശരീരത്തെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.

ഒരു വാക്സിന്‍ വികസിപ്പിച്ച് പുറത്തിറക്കണമെങ്കില്‍ പ്രധാനമായും ഗവേഷണം, പരീക്ഷണം, ഉല്‍പ്പാദനം എന്നീ മൂന്ന് കാര്യങ്ങള്‍ ആവശ്യമാണ്. ഓരോന്നും പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരാറുണ്ട്. ഒരു രോഗകാരിയായ സൂക്ഷ്മജീവിയുടെ നിര്‍ജ്ജീവമാക്കിയ ശരീരം തന്നെയാണ് വാക്സിനുകള്‍ ആയി ഉപയോഗിക്കുന്നത്. വാക്‌സിനില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഇവയാണ്.

ആന്റിജന്‍ : നിര്‍ജ്ജീവമാക്കിയ ബാക്ടീരിയ, വൈറസ് എന്നിവയാണ് ആന്റിജന്‍ ആയി പ്രവര്‍ത്തിക്കുന്നത്. ഇവ ഭാവിയില്‍ നമ്മെ ആക്രമിച്ചേക്കാവുന്ന രോഗം പരത്തുന്ന സൂക്ഷ്മജീവികള്‍ക്കെതിരെ ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുക വഴി ഭാവിയില്‍ ഈ ജീവികള്‍ ശരീരത്തില്‍ കടന്നാല്‍ അവയെ നശിപ്പിക്കുവാനും കഴിയുന്നു.

അഡ്ജുവന്റസ് : ആന്റിജന്റെ പ്രവര്‍ത്തനം കൂടുതല്‍ ത്വരിതപ്പെടുത്താനായി ചേര്‍ക്കുന്ന വസ്തുക്കളാണ് അഡ്ജുവന്റ്. ഇവയുടെ സാന്നിധ്യം മൂലം വാക്സിന്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.
പ്രിസര്‍വേറ്റിവുകള്‍ : വാക്സിനുകള്‍ കൂടുതല്‍ കാലം കേടാകാതെയിരിക്കാന്‍ ചേര്‍ക്കുന്ന വസ്തുവാണ് പ്രിസര്‍വേറ്റിവുകള്‍.
സ്റ്റെബിലൈസര്‍ : സംഭരണത്തിലും, ഗതാഗതത്തിലും വാക്സിനുകള്‍ കേടാകാതെയിരിക്കാന്‍ ചേര്‍ക്കുന്ന വസ്തുക്കള്‍ ആണ് സ്റ്റെബിലൈസര്‍.

പ്രവര്‍ത്തനം
ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ സംവിധാനവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ടാണ് വാക്സിനുകള്‍ നമ്മുടെ ശരീരത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്. നാം നമ്മുടെ ശരീരത്തിലേക്ക് വാക്സിന്‍ കുത്തിവെക്കുമ്പോള്‍ നമ്മുടെ പ്രതിരോധ സംവിധാനം അതിലടങ്ങിയിരിക്കുന്ന ആന്റിജനെ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് അതിനു എതിരെയുള്ള ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ആ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം ആ ആന്റിജനെ ശരീരം കൃത്യമായി ഓര്‍ത്തിരിക്കുകയും പിന്നീട് അതേ രോഗകാരി ശരീരത്തില്‍ കടന്നാല്‍ രോഗം പരത്തുന്നതിനുമുമ്പുതന്നെ നമ്മുടെ പ്രതിരോധ സംവിധാനം അവയെ നശിപ്പിക്കുകയും ചെയ്യുന്നു.

മനുഷ്യന്റെ മനഃശാസ്ത്രം

നമ്മള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാര്‍ ആണെന്ന അവസ്ഥയില്‍ ആണെങ്കിലും നമ്മള്‍ കഴിച്ച ഏതെങ്കിലും ആഹാരത്തില്‍ വിഷം കലര്‍ന്നിട്ടുണ്ട് എന്ന് വെറുതെ ആരെങ്കിലും പറയുകയാണെങ്കില്‍ അപ്പോള്‍ നമുക്ക് വയറില്‍ വേദനയും, ആ വിഷം ഉള്ളില്‍ ചെന്നാല്‍ ഉണ്ടായേക്കാവുന്ന ശാരീരിക അവസ്ഥയും സ്വയം തോന്നാന്‍ തുടങ്ങും. രണ്ടുതവണ വാക്‌സിന്‍ എടുത്തവര്‍ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് അറിയുന്ന നിമിഷം ചിന്തിച്ചുതുടങ്ങും, ഇതിനുമുമ്പ് തനിക്കുവന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു ഉണ്ടായതായേക്കുമെന്ന് സ്വയം തീരുമാനിച്ചു ഉറപ്പിക്കുന്നു. അതിനുശേഷവും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിന്റെ പാപഭാരവും ആ വാക്‌സിനില്‍ ചാര്‍ത്തിയെന്നും വരാം. ഇപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്കുപിന്നില്‍ അത്തരം മനഃശാസ്ത്രപരമായ കാര്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കരുതേണ്ടിവരും. വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത വന്ന ആദ്യത്തെ രണ്ടുദിവസങ്ങളില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആള്‍ക്കാര്‍ തങ്ങളുടെ ആരോഗൃപ്രശ്‌നങ്ങളുടെ ആശങ്ക പങ്കുവച്ചത്. അതില്‍നിന്നും ഇതിനുപിന്നിലെ തള്ളിക്കളയാന്‍ കഴിയാത്ത മനഃശാസ്ത്രപരമായ വിഷയങ്ങളും ചര്‍ച്ചചെയ്യേണ്ടതുണ്ട്.
കോവിഡിനുശേഷം യുവാക്കളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ധിച്ചിട്ടുള്ളതായി ഐ.സി.എം.ആര്‍ പഠനം നടത്തിയിട്ടുണ്ട്. കോവിഡ് നമ്മുടെ ശരീരത്തില്‍ വരുത്തിയ പലവിധമായ മാറ്റങ്ങള്‍ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളായി വന്നിട്ടുണ്ട്. യുവാക്കളില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉണ്ടായിരിക്കുന്ന ഹാര്‍ട്ട് അറ്റാക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളുമായി ചേര്‍ത്തുവായിക്കുന്നതിലും പിശകുകള്‍ ഉണ്ട്. ഇവിടെ മനസ്സിലാക്കേണ്ടത് കോവിഡ് ആണോ, വാക്‌സിന്‍ ആണോ ഈ പ്രശ്‌നങ്ങള്‍ക്കുപിന്നില്‍ എന്നുള്ളതാണ്. ഈ വിഷയത്തില്‍ പഠിച്ച ഐ.സി.എം.ആര്‍ തന്നെ ഇത് പോസ്റ്റ് കോവിഡിന്റെ ഇഫക്റ്റ് ആണെന്നും സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നാല്‍ അവിടെയും ഇത് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ ആണെന്നതരത്തില്‍ പ്രചാരണം നടക്കുന്നതും തെറ്റായ പ്രവണതയെന്ന് കരുതാനേ കഴിയുകയുള്ളൂ. കോവിഡ് ബാധിച്ചവര്‍ കുറച്ചു വര്‍ഷത്തേക്കെങ്കിലും കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കണമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നു. അതിന്റെ ഫലമായി ഉണ്ടായ കൂടിയ ഹാര്‍ട്ട് അറ്റാക്ക് നിരക്കിനെ വാക്‌സിനുമായോ, അതിന്റെ പാര്‍ശ്വഫലങ്ങളുമായോ ഒരിക്കലും കൂട്ടിവായിക്കാന്‍ കഴിയില്ല.

പാര്‍ശ്വഫലങ്ങള്‍
വാക്‌സിനുകള്‍ പൊതുവെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവയാണ്. അഥവാ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ തന്നെ പാരസെറ്റമോള്‍ പോലെയുള്ള മരുന്നുകള്‍ വഴി പരിഹരിക്കാന്‍ കഴിയുന്നവയാണ് ഏറെയും. വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് നിര്‍ജ്ജീവാവസ്ഥയിലുള്ള സൂക്ഷ്മജീവികളെ ഉപയോഗിച്ചോ, രോഗം പരത്താനുള്ള അവയുടെ കഴിവിനെ നശിപ്പിച്ചുകൊണ്ടോ ആണ്. മാത്രമല്ല വാക്‌സിന്‍ നമ്മുടെ ശരീരത്തിലെ പ്രതിരോധസംവിധാനത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുക എന്ന ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. അത്തരത്തില്‍ ശരീരത്തെ ഒരുക്കുക എന്നതിലുപരി കൂടുതല്‍ ദോഷകരമായ അവസ്ഥ അത് സൃഷ്ടിക്കുന്നുമില്ല. എന്നാല്‍ നാം ഏറെ കൊട്ടിഘോഷിച്ച, കോവിഡിനെ നാം വരുതിയിലാക്കിയെന്ന മേനി നടിച്ചിലില്‍ വെറും രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കോവിഡ് വാക്‌സിനുകള്‍ക്ക് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് അതെ കമ്പനിതന്നെ സ്ഥിരീകരിക്കുമ്പോള്‍ ശാസ്ത്രലോകത്തുള്ള നമ്മുടെ വാക്‌സിന്‍ സങ്കല്പങ്ങളെത്തന്നെയാണ് അത് മാറ്റിമറിക്കുന്നത്. എന്നാല്‍ അതിനുപിന്നിലെ സത്യമെന്താണ്? നാം ഭയക്കേണ്ട സാഹചര്യം ഇപ്പോള്‍ ഉണ്ടോ?
കോവിഷീല്‍ഡ് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വീകരിച്ചിരിക്കുന്ന വാക്‌സിന്‍. ഇതിന്റെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്ര സെനിക്ക ഈ വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. രക്തം കട്ടപിടിക്കുകയും ഒപ്പം കുറഞ്ഞ പ്‌ളേറ്റ്‌ലെറ്റിന്റെ അളവിനും കാരണമാകുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ (TTS) എന്ന അവസ്ഥയാണ് ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടാവുന്നത്. കടുത്ത തലവേദന, വയറുവേദന, കാല്‍ വീക്കം, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. ഇവയൊക്കെ ഉണ്ടാകും എന്നല്ല, പകരം വളരെ അപൂര്‍വ്വമായി ഇത് ഉണ്ടാകാം എന്ന് മാത്രമാണ് കമ്പനി പറഞ്ഞിരിക്കുന്നത്. അത്രയും മതിയല്ലോ നമ്മുടെ ഉറക്കം കളയാന്‍.

ഭയക്കേണ്ടതില്ല
ഈ പ്രശ്‌നങ്ങളുടെയൊക്കെ മറുവശം പരിശോധിച്ചാല്‍ വാക്‌സിനുകള്‍ മൂലം ആരോഗ്യപ്ര ശ്‌നങ്ങള്‍ ഉണ്ടാവുകയും, അതിന് കേസുകൊടുക്കുകയും ചെയ്തവരില്‍ അല്ലാതെ വലിയൊരു ശതമാനം ആള്‍ക്കാരില്‍ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല എന്നതും, ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത് പൂര്‍ണ്ണമായും വാക്‌സിനുമായി ബന്ധപ്പെട്ടുതന്നെ ആണെന്നതിനും സ്ഥിരീകരണം ഉണ്ടായിട്ടില്ല എന്നതും പരിഗണിക്കേണ്ടതായുണ്ട്. ലോകാരോഗ്യസംഘടന അടക്കം വിവിധ പരിശോധനയിലൂടെ അംഗീകരിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ വ്യാപകമായി ഉണ്ടാകുന്നെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അതിനുപിന്നില്‍ മറ്റെന്തെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ കൂടെയുണ്ടോ എന്നതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ഇത്രയും കൂടുതലായി വാക്‌സിനുകള്‍ക്കെതിരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. വാക്‌സിന്‍ നല്‍കിയ സമയത്തും അത് പ്രത്യുല്‍പ്പാദനശേഷിയെ തകര്‍ക്കുമെന്നുള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നല്ലോ. അതിനൊന്നും പിന്നീടു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ദശലക്ഷക്കണക്കിന് വാക്‌സിനുകള്‍ നാം സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം അതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നു കമ്പനിക്കുതന്നെ സമ്മതിക്കേണ്ടിവരുമ്പോള്‍ അതിനുപിന്നിലെ ഗൂഢാലോചന പൂര്‍ണ്ണമായും തള്ളാനാവില്ല. എങ്കിലും പൊതുവെ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ചില പ്രശ്‌നങ്ങള്‍ മാത്രമായി ഇതിനെ ലഘൂകരിക്കുവാനും ഒരുകൂട്ടം ആള്‍ക്കാര്‍ തയ്യാറാവുന്നുണ്ട്. ശരിയേത്, തെറ്റേത് എന്ന നൂല്‍പ്പാലത്തിലൂടെ ജനലക്ഷങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഇതിനുപിന്നിലെ ആശങ്ക ഒഴിവാക്കേണ്ടത് സര്‍ക്കാരും, വാക്‌സിന്‍ കമ്പനികളുമാണ്. വാക്‌സിനുകളുമായി ബന്ധപ്പെട്ട പാര്‍ശ്വഫലങ്ങള്‍ എന്ന് പറയുമ്പോഴും ജീവിതശൈലീരോഗങ്ങള്‍ വല്ലാതെ കൂടിയിരിക്കുന്ന ഈ കാലത്തു, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെയും പാപഭാരം കോവിഡ് വാക്‌സിന്‍ ചുമക്കേണ്ടിവരുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
നമുക്ക് ശാസ്ത്രത്തില്‍ വിശ്വസിക്കാം. എന്തിനും മറുപടി നല്‍കിയിരിക്കുന്ന ശാസ്ത്രം ഈ വിഷമസന്ധിയിലും നമുക്ക് പരിഹാരം നല്‍കുമെന്ന് പ്രതീക്ഷിക്കുകതന്നെ ചെയ്യാം. മുമ്പ് സൂചിപ്പിച്ചതുപോലെ സര്‍ക്കാരിനും, വാക്‌സിന്‍ കമ്പനികള്‍ക്കും ജനങ്ങളോട് വലിയ ഉത്തരവാദിത്തം നിറവേറ്റാനുണ്ട്. ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചു ആധികാരികമായ പഠനം നടത്തി ആവശ്യമെങ്കില്‍ അത് പരിഹരിക്കുവാനുള്ള മരുന്നുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. ശാസ്ത്രത്തിന് അത് കഴിയുമെന്ന് ഉറപ്പുമാണ്. എങ്കില്‍ മാത്രമേ ജനങ്ങളുടെ ഈ ആശങ്ക അകറ്റുവാന്‍ കഴിയൂ.
9946199199

Author

Scroll to top
Close
Browse Categories