പ്രഹേളിക
സുഖമാം മരീചിക തേടുന്നു , കസ്തൂരി
മൃഗതുല്യം നാമീ വനാന്തരത്തില്‍
എത്ര പരമാര്‍ഥമാണീ വരികള്‍ തന്‍
ഉണ്മയെ പേര്‍ത്തു ,മപഗ്രഥിച്ചാല്‍
പണ്ട,ജ്ഞരാകും ജനങ്ങള്‍ തന്‍ ചിത്തത്തില്‍
പൂന്തേനൊഴുക്കിയ ജ്ഞാനിയാം പൂന്താനം
പാടിയോരീരടിയോര്‍ക്കാ –
മൊരു മാത്ര
പാമരര്‍ക്കേശുമോയെന്നറിയില്ല
‘ കുങ്കുമത്തിന്റെ വാസമറിയാതെ
കുങ്കുമം ചുമക്കും പോലെ ഗര്‍ഭദം’
കൊച്ചു കൂടിലാം തന്‍
വൃന്ദാവനത്തിലെ
സ്വച്ഛത കിട്ടുമോയന്യര്‍തന്‍ മേടയില്‍
ബന്ധുര കാഞ്ചനക്കൂടാണതെങ്കിലും
ബന്ധനം തന്നെയെന്നോര്‍ത്തു മനുജരേ
ബന്ധങ്ങള്‍ തന്‍ സുഖ ശീതളഛായയില്‍
ബന്ധിതരാകുന്നതാണേറ്റ മുത്തമം
ഇല്ലാസുഖങ്ങള്‍ തന്‍ പിന്നാലെ പോവുകില്‍
വല്ലായ്മ തന്‍ കയ്പു മോന്തേണ്ടതായ് വരും
ഉള്ളില്‍ത്തിളങ്ങും വെളിച്ചം മറയ്ക്കാതെ
മണ്ണില്‍ വിളങ്ങുന്ന കര്‍മങ്ങള്‍ ചെയ്ക നാം
ആരും മഹാന്മാരായിട്ടല്ല-
യീയൂഴിയില്‍
ഭൂജാതരാകുന്നതെന്നതറിയേണം
കര്‍മഫലത്തിന്‍ പ്രതിഫലനത്തിനായ്
തിന്‍മ തന്‍ വല്‌മീക – മൊന്നായ്‌ത്തകര്‍ക്ക നാം