ആര്‍. ശങ്കര്‍ പ്രതിഭാശാലിയായ ഭരണാധികാരി

ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കും മുന്നേറ്റത്തിനും നേതൃത്വം വഹിച്ച ആർ.ശങ്കർ ധനകാര്യമന്ത്രി,മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുതിയ കാഴ്ച്ചപ്പാട് നൽകുകയും സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് തുടക്കംകുറിക്കുകയും ചെയ്ത ഭരണാധികാരിയാണ്

ആരുടേയും മുന്നില്‍ തലകുനിക്കാതെ നിവര്‍ന്നു നിന്ന് രാഷ്ട്രീയത്തിലും സമുദായരംഗത്തും പുതിയ പാത വെട്ടിത്തെളിച്ച അപൂര്‍വ വ്യക്തിത്വമായ ആര്‍. ശങ്കറിന്റെ 115-ാം ജൻമവാർഷിക ദിനമാണ്ഏപ്രില്‍ 30ന്. കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി യോഗത്തെ ശക്തമായ സമരസംഘടനയാക്കിയ മഹാനായ നേതാവുമായിരുന്നു ആര്‍. ശങ്കര്‍. രാഷ്ട്രീയനേതാവ്, ഭരണകര്‍ത്താവ് എന്നീ നിലകളില്‍ ആര്‍. ശങ്കര്‍ നാടിന് അതുല്യ സംഭാവനകള്‍ നൽകി. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അഭൂതപൂർവമായ വളർച്ചയിൽ പ്രതിഭാസമ്പന്നനും കർമ്മനിരതനുമായ ശങ്കറിന്റെ സംഭാവന അനുപമമാണ്. ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിച്ച് അതുവരെ തൊട്ടുകാണിക്കാൻ പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു സമുദായത്തെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ഭൂപടത്തിൽ അതിപ്രധാനമായ സ്ഥാനത്തെത്തിച്ചതാണ് ശങ്കറിന്റെ നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. യോഗം ജനറൽ സെക്രട്ടറിയായി അദ്ദേഹം സ്ഥാനം ഏൽക്കുമ്പോൾ സമുദായത്തിന് ഏതാനും മിഡിൽ സ്കൂളുകൾ മാത്രമാണുണ്ടായിരുന്നത്. അതേ സമയം ഇതരസമുദായങ്ങൾക്ക് ഹൈസ്കൂളുകളും കോളേജുകളും അടക്കം ഒട്ടേറെ സ്ഥാപനങ്ങളുണ്ടായിരുന്നു. ഈ പോരായ്മ തിരിച്ചറിഞ്ഞ് അദ്ദേഹം ആദ്യം കൊല്ലത്ത് എസ്.എൻ കോളേജ് യാഥാർത്ഥ്യമാക്കി. പിന്നാലെ വനിതാ കോളേജും സ്ഥാപിച്ചു.

മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനുണ്ടായിരുന്ന അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 കോളേജുകളാണ് അദ്ദേഹം സ്ഥാപിച്ചത്. ഒന്നുമില്ലാതിരുന്ന സമുദായത്തിന് 12 കോളേജുകൾ ലഭിച്ചപ്പോൾ പതിനായിരക്കണക്കിന് കുട്ടികൾക്ക് പഠിക്കാൻ അവസരം ലഭിച്ചു. അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കം നൂറുകണക്കിനു പേർക്ക് തൊഴിൽ ലഭിച്ചു. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഈഴവ സമുദായം ഉന്നതവിദ്യാഭ്യാസത്തിന്റെ പടിപോലും കാണുകയില്ലായിരുന്നു. എസ്.എൻ ട്രസ്റ്റിനു കീഴിൽ കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രി ആരംഭിച്ചതോടെ ജനമനസ്സുകളിലും അദ്ദേഹം സ്ഥാനം നേടി.

ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ സർവതോമുഖമായ പുരോഗതിക്കും മുന്നേറ്റത്തിനും നേതൃത്വം വഹിച്ച ആർ.ശങ്കർ ധനകാര്യമന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുതിയ കാഴ്ച്ചപ്പാട് നൽകുകയും സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് തുടക്കംകുറിക്കുകയും ചെയ്ത ഭരണാധികാരിയാണ്.
പൊതുസമൂഹത്തിന്റെ ശ്രദ്ധയും അനുകമ്പയും അര്‍ഹിക്കുന്നവര്‍ക്ക് താങ്ങായി സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ആദ്യമായി നടപ്പാക്കി. 1960-61 ലെ ബഡ്ജറ്റില്‍ 70 വയസ്സിന് മുകളിലുള്ള ദരിദ്രരായ വൃദ്ധജനങ്ങള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ കൊണ്ടുവന്നു. പിന്നീട് പെന്‍ഷനുള്ള പ്രായപരിധി 65 ആയി കുറച്ചു. അടുത്ത വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ ശാരീരിക വൈകല്യങ്ങള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും വിധവകള്‍ക്കും പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിച്ച് സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ് നല്‍കി. പാവപ്പെട്ടവര്‍ക്ക് വീട് എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള പദ്ധതിക്ക് ബഡ്ജറ്റില്‍ അദ്ദേഹം തുക വകയിരുത്തി.

വിദ്യാഭ്യാസം അപ്രാപ്യമായ ഗ്രാമീണജനതയ്ക്ക് വേണ്ടിയാണ് ജൂനിയര്‍ കോളേജുകള്‍ ആരംഭിച്ചത്. ഈ ജൂനിയര്‍ കോളേജുകളെല്ലാം പിന്നീട് ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളായി മാറി. സാമൂഹ്യസുരക്ഷയ്ക്ക് പുറമേ വ്യവസായവത്കരണം, വിജ്ഞാനരംഗത്തെ വികസനം, ഊര്‍ജ്ജിത കാര്‍ഷികോത്പാദനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയ ഭരണകര്‍ത്താവായിരുന്നു അദ്ദേഹം. സങ്കുചിത രാഷ്ട്രീയ നിലപാടുകള്‍ പുരോഗതിക്ക് തടസമാകുമെന്ന തന്റെ കാഴ്ച്ചപ്പാട് അദ്ദേഹം തുറന്ന് പറയുമായിരുന്നു. പുത്തൂരിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ആര്‍. ശങ്കര്‍ കേരളത്തിന്റെ മുഖ്യമന്ത്രിവരെയായത് സ്വപ്രയത്‌നത്താലാണ്.
സര്‍ സിപി സ്റ്റേറ്റ് കോണ്‍ഗ്രസിനെ നിരോധിച്ചപ്പോള്‍ പൂജപ്പുര ജയിലിലായ അദ്ദേഹം 18 മാസങ്ങള്‍ക്ക് ശേഷമാണ് മോചിതനായത്. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ വീണ്ടും ജയിലിലായി. ജയില്‍ മോചിതനായ ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമായ ആര്‍. ശങ്കര്‍ പാര്‍ട്ടിയെ മുന്നിലെത്തിച്ചെങ്കിലും അദ്ദേഹത്തെ അംഗീകരിക്കാന്‍ പാര്‍ട്ടിയിലെ സവര്‍ണലോബി തയ്യാറായിരുന്നില്ല.1962 സെപ്തംബർ 26 മുതൽ 1964 സെപ്തംബർ 10 വരെ മാത്രമേ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത്തുടരാനായുള്ളു. കോൺഗ്രസിലെ തമ്മിലടി കാരണം ആ മന്ത്രിസഭ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുകയും ശങ്കറിന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
മന്ത്രിസഭാ പതനത്തിനു ശേഷം സജീവരാഷ്ട്രീയം വിട്ട ആര്‍. ശങ്കര്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെയാണ് സാക്ഷരതയിലും സാമൂഹികമായും പിന്നാക്കം നിന്നിരുന്ന ഈഴവ സമുദായം പുരോഗതിയുടെ പടവുകള്‍ ചവിട്ടി തുടങ്ങിയത്.

ജീവിതത്തിലുടനീളം കഷ്ടപ്പാടുകള്‍ അനുഭവിച്ച ശങ്കറിന് എതിര്‍പ്പും അവഹേളനവും ഒട്ടേറെ നേരിടേണ്ടി വന്നു.ശങ്കർ ജീവിച്ചിരുന്നപ്പോൾ സവർണ്ണ വിഭാഗങ്ങൾ കൂടാതെ സ്വസമുദായത്തിലുള്ളവർ കൂടി വേട്ടയാടിയതാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നത്. കൊല്ലം എസ്.എൻ കോളേജ് സ്ഥാപിക്കാൻ കന്റോൺമെന്റ് മൈതാനത്തോട് ചേർന്ന ഭൂമി പാട്ടത്തിന് ലഭിക്കാൻ ദിവാനായിരുന്ന സർ സി.പി യെ സമീപിച്ചതിനെതിരെ ഒരു വിഭാഗം ആക്ഷേപങ്ങളുമായെത്തി. സി.പിയുടെ ചെരുപ്പ് നക്കിയെന്നായിരുന്നു ആക്ഷേപം. എതിരാളികളുടെ മുന്നില്‍ തോല്‍വി സമ്മതിക്കുകയോ പതറുകയോ ചെയ്യുന്ന ആളായിരുന്നില്ല അദ്ദേഹം. എതിര്‍പ്പുകളും ആരോപണങ്ങളും വകവയ്ക്കാതെ മുന്നില്‍ നിന്ന് പടനയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. യോഗത്തിന്റെ 51-ാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍. ശങ്കര്‍ മഹാകവി കുമാരനാശാന്റെ ആത്മസംഘർഷങ്ങളെകുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്. ”ശ്രീനാരായണഗുരുവിന്റെ ഉപദേശപ്രകാരം യോഗം ആദ്യം സംഘടിപ്പിച്ച കാലത്ത് ആ സംരംഭം ഈഴവരെ കുടുക്കിലാക്കാന്‍ ഉദ്ദേശിച്ച എലി വില്ലാണെന്നും അതില്‍ നിന്ന് ബുദ്ധിയുള്ള ഈഴവര്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും ഉപദേശിച്ച വിമര്‍ശകരുണ്ടായിരുന്നു. മഹാകവി കുമാരനാശാനെപ്പറ്റി ശത്രുക്കള്‍ നടത്തിയ ദുശ്‌പ്രചരണങ്ങള്‍ എത്ര നിര്‍ദ്ദയവും നീചവുമായ ഭാവങ്ങള്‍ കൈക്കൊണ്ടുവെന്ന് ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന കാവ്യത്തിൽ കവി വ്യക്തമാക്കിയിട്ടുണ്ട്”.

എക്കാലത്തും പുഴുക്കുത്തേറ്റവർ സംഘടനയുടെ കെട്ടുറപ്പ് തകര്‍ക്കാനും മുന്നോട്ടുള്ള കുതിപ്പ് തടയാനും ശ്രമിച്ചിട്ടുണ്ട്.എതിർപ്പുകളെയും ആക്ഷേപങ്ങളെയും മഹാനായ ആർ. ശങ്കർ എങ്ങനെയാണോ നേരിട്ടത്, അതേ മാതൃകയിൽ ഇന്നത്തെ യോഗ നേതൃത്വവും മുന്നോട്ട് പോകും.പ്രതിഭാശാലിയായ രാഷ്ട്രീയ നേതാവും സുശക്തനായ സംഘാടകനും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ സർവതോമുഖമായ പുരോഗതിക്കും മുന്നേറ്റത്തിനും നേതൃത്വം വഹിച്ച സമുന്നത വ്യക്തിത്വവുമായിരുന്ന ആർ.
ശങ്കറിന്റെ ഓർമ്മകൾക്ക് പ്രണാമം

Author

Scroll to top
Close
Browse Categories