വൈക്കം പോരാട്ടം പ്രാതിനിധ്യത്തിനും പൊതുവിടപ്രവേശനത്തിനും
ദളവാക്കുളം പുനര്നാമകരണവാദം തികച്ചും സവര്‍ണമായ ഗൂഢാലോചനയാണ്. കാലടികളില്‍ തദ്ദേശീയരായ സത്യനീതിബോധമുള്ള പ്രബുദ്ധരായ അവര്‍ണ ഈഴവയുവാക്കളെ മനുഷ്യത്തമില്ലാതെ വാളാല്വെട്ടിയരിഞ്ഞ് ചവിട്ടിക്കൂട്ടി പാതിജീവനോടെ വാമനനെപ്പോലെ വെട്ടിമൂടിച്ചവിട്ടിത്താഴ്ത്തിയവരും തിരക്കിട്ട് ബസ്ടെര്‍മിനല്‍ പണിതവരും പിന്മുറക്കാരുമാണീവാദവുമായി കറങ്ങുന്നത്. ഇതേറ്റുപറയുന്ന ഹിന്ദുക്കളാകാന്‍ പഠിക്കുന്ന അവര്‍ണരായ ശുദ്ധഗതിക്കാര്‍ അറിയുന്നില്ല പേരുമാറ്റിയാല്‍ ദളവാ പ്രതിസ്ഥാനത്തുനിന്നൂരിപ്പോകും എന്ന വസ്തുത.
ജാതിയെ വിധിക്കുന്നു, ജാതിയെ സ്ഥാപിക്കുന്നു,
ജാതിയാല്‍ നിന്നീടുന്നു,
ജാതിതാന്‍ ഹിന്ദുമതം
–സഹോദരൻ അയ്യപ്പന്
ജാതിമര്ദ്ദനങ്ങളും ജാതിക്കൊലകളും ജാത്യാഭിമാന-ആത്മഹത്യകളും പരസ്യമായ ജാതിവംശീയതയുടെ എഴുന്നള്ളത്തുകളും എല്ലാരംഗങ്ങളിലും അമിതപ്രാതിനിധ്യമുള്ള ജാതിഹിന്ദുക്കളുടെ അമിതാധികാരക്കുത്തകയിരട്ടിക്കുന്ന സവര്ണസാമ്പത്തിക സംവരണവും നവദേശീയ വിദ്യാഭ്യാസനയപരിപാടികളും നടപ്പാക്കപ്പെടുന്ന കേരളത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ ജാതിവിരുദ്ധ ജനായത്ത പ്രാതിനിധ്യപ്പോരാട്ടമായ വൈക്കം പോരാട്ടം തുടരേണ്ടതുണ്ട്. രാഷ്ട്രശില്പിയായ അംബേ ദ് കറെ പോലും ആകര്‍ഷിച്ച പോരാട്ടമാണത്.
1924 ലെ ഗുരുവി ന്റെ പ്രവേശന, പ്രാതിനിധ്യ സന്ദേശമാണതിനെ കാലികവും ഭവിഷ്യോന്മുഖവുമായ ജനായത്തപ്പോരാട്ടമാക്കുന്നത്. മനുഷ്യരെന്ന നിലയില്‍ പ്രവേശനം നിഷേധിക്കുന്നിടത്തെല്ലാം കടന്നുകയറണമെന്നും മൂടിവച്ച പായസമെന്ന രാഷ്ട്രീയപ്രാതിനിധ്യാവകാശം എടുത്തുകുടിക്കണമെന്നുമായിരുന്നു ഗുരു പറഞ്ഞത്. ഗാന്ധിയതിനെ കലാപാഹ്വാനമായി ദുര്‍വ്യാഖ്യാനിച്ചപ്പോള്‍ ഗുരു അതിനെ സമാധാനപരമായ അഹിംസാസമരമായി തെളിച്ചുവിശദീകരിച്ചു. ജാതിവിരുദ്ധപ്രക്ഷോഭത്തില് പരിപൂര്‍ണമായ അഹിംസ പലപ്പോഴും സാധ്യമാകണമെന്നില്ലയെന്നും 1925ല്‍ തന്നെ വര്‍ക്കലക്കുന്നില്‍ വന്നുകണ്ട ഗാന്ധിയോടു ഗുരു പറഞ്ഞുകൊടുത്തു. വര്‍ണാശ്രമധര്‍മത്തേയും ഗുരു വിശദീകരിച്ചു വിമര്‍ശിച്ചു. പക്ഷേ ഗാന്ധി 1936ല്‍ വര്‍ണാശ്രമധര്‍മത്തെ സ്വധര്‍മവും സനാതനധര്‍മവുമായി വാഴ്ത്തിപുസ്തകമെഴുതിയടിച്ചുവിറ്റു.
ഒളിഗാര്ക്കിയന്ന കുത്തകകുലീന ഭരണത്തിനെതിരായ പോരാട്ടം പ്രാതിനിധ്യത്തിലും സാമൂഹ്യനീതിയിലും ആധാരമായ ഇന്ത്യന്‍ ഭരണഘടനയ്ക്കും ഇന്ത്യയ്ക്കും വേണ്ടിയുള്ള പോരാട്ടവും കൂടിയാണ്. നരമേധങ്ങളും കൊലപാതകങ്ങളും നടത്തിയാണ് കുലീനരുടെ കുത്തകഭരണമായ ഒളിഗാര്‍ക്കി ഇവിടെ ദണ്ഡനീതിയിലൂടെ ചവിട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്നത്. കാലടിയിലും കീഴടികളിലും വെട്ടിമൂടിയിരിക്കുന്നത് ജാതിക്കും ബ്രാഹ്മണ്യത്തിനും വര്ണാശ്രമധര്മത്തിനുമെതിരേ ധീരമായി പോരാടിയ പ്രബുദ്ധരായ ബഹുജനങ്ങളെയാണ്. 1806 ലെ ഇരുനൂറോളം ഈഴവയുവാക്കളുടെ വീരമൃത്യുവില്‍ കലാശിച്ച ദളവാക്കുളം പോരാട്ടവും 1803 നങ്ങേലിയുടെ മുലക്കരത്തിനെതിരായ ധീരരക്തസാക്ഷിത്തവും ഇപ്പോഴും മൂടിവച്ചാണ് ഒളിഗാര്‍ക്കിയുടെ കുത്തകഭരണം തുടരുന്നത്.
2023 ഒക്റ്റോബറില്‍ വൈക്കം ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ നഗരസഭയ്ക്കു ഭീമനിവേദനം നല്‍കിയിട്ടും ദളവാക്കുളം സ്മാരകത്തെക്കുറിച്ച് വാഴുന്നവരേണ്യരാരും മിണ്ടുന്നില്ല. ദളവാക്കുളം രക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകം വേണം എന്ന ആവശ്യം വളരെക്കാലമായി വൈക്കത്തെ പ്രബുദ്ധരായ പൗരാവലിയും കേരളചരിത്രത്തെ വിമര്‍ശാത്മകമായി പഠിക്കുന്നവരും ആവശ്യപ്പെടുന്നതാണ്. അന്തരിച്ച വൈക്കത്തിന്റെ സ്വന്തം പ്രാദേശികചരിത്രകാരനായ ദലിത്ബന്ധു എന്‍. കെ. ജോസിന്റെ വൈക്കം, തിരുവിതാംകൂര്‍ പ്രാദേശിക ചരിത്രങ്ങളുമായിടപെടുന്ന ദളവാക്കുളവും ദളവാവേലുത്തമ്പിയും മുലച്ചിപ്പറമ്പുമായി ബന്ധപ്പെട്ട പുസ്തകങ്ങളെ തുടര്‍ന്ന് 2014 മുതല്‍ ഈ ലേഖകനും 2023 മാര്‍ച്ചു മുതല്‍ വിമര്ശചിന്തകനും എഴുത്തുകാരനുമായ ജെ. രഘുവും ദളവാക്കുളം രക്തസാക്ഷി സ്മാരകവാദങ്ങളുയര്ത്തിപ്പോന്നു. നങ്ങേലി സ്മാരകത്തേകുറിച്ച് 2016 മുതല്‍ ജെ. രഘുവും ഈ ലേഖനും എഴുത്തിലും ഭാഷണത്തിലും നിരന്തരം ആവശ്യപ്പെട്ടുപോരുന്നു. നങ്ങേലിയുടെ അനന്തര തലമുറ ഇപ്പോഴും ചേര്‍ത്തല നഗരത്തിനരികുകളില് ജീവിക്കുന്നു. നങ്ങേലിയുടെ കൊച്ചുമകളുമായി ലേഖകന്‍ നടത്തിയ സംഭാഷണം നങ്ങേലിയും മുലക്കരവും എന്ന പേരില്‍ ദീര്‍ഘമായ വീഡിയോയില്‍ യൂട്യൂബില്‍ ലഭ്യമാണ്. ദളവാക്കുളത്തേക്കുറിച്ചുള്ള വീഡിയോയും യൂട്യൂബില്‍ കാണാം. ജീവനുള്ള മനുഷ്യര്‍ പറയുന്ന അനുഭവങ്ങളേയും ഓര്‍മകളേയും പോലും നിഷേധിച്ചുകൊണ്ടാണ് ഒളിഗാര്‍ക്കിയുടെ കുത്തകഭരണം കേരളത്തെ ഇല്ലാതാക്കുന്നത്. സമഗ്രമായ സാമൂഹ്യ സാംസ്കാരിക രാഷട്രീയ നിയമപാലനവും കുത്തകയുമാണ് സമഗ്രാധിപത്യത്തിലേക്കു കൂപ്പുകുത്തുന്നത്.
വൈക്കം പോരാട്ട
മ്യൂസിയസമുച്ചയങ്ങള്
വൈക്കം പ്രബുദ്ധതയെ അരനൂറ്റാണ്ടായി എഴുത്തിലും പുസ്തകങ്ങളിലും അടയാളപ്പെടുത്തിയ ദലിത്ബന്ധു എന്‍. കെ. ജോസിന്റെ രചനകളും പുസ്തകങ്ങളും കുറിപ്പുകളും ചിത്രങ്ങളും ഈ പ്രാദേശിക ലോകമ്യൂസിയത്തിലുണ്ടാകണം. അദ്ദേഹത്തിനു ദളവാക്കുളം പോരാട്ട ചരിത്രത്തെക്കുറിച്ചു സൂചനകൊടുത്ത എഴുത്തുകള്‍ എഴുതിരേഖപ്പെടുത്തിയ അടിയം ജാതിവിരുദ്ധപ്പോരാട്ടനായകനായ നിയമസഭാംഗവും വാഗ്മിയും എസ്.എൻ.ഡി. പി. യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ. ആര്. നാരായണന്റെ പേരിലുള്ള ഗ്യാലറിയും ശേഖരവും വൈക്കം ചരിത്രമ്യൂസിയത്തിലുണ്ടാകണം. ഉപസ്മാരകങ്ങൾഅഥവാ കൂട്ടോര്മയിടങ്ങള് അടിയത്തും വടയാറും വല്ലൂരും കാലാക്കലും കുന്നേല്ചേന്നിയുടെ ഭവനത്തിലുമൊക്കെ സാധ്യമാണ്.
1922ലെ അടിയം ജാതിവിരുദ്ധ പോരാട്ടത്തിനുശേഷം ഗുരു അടിയത്തു വന്നു പറഞ്ഞത് അടിയമാണിനി ഉയരുക എന്നാണെന്ന് ഇന്നും സ്ത്രീകളടക്കമുള്ള ബഹുജനങ്ങളോര്ക്കുന്നു. ശ്രീ എ. വി. അശോകന്റെ പത്നിയാണിതു പറഞ്ഞത്. കെ. ആറിന് മകളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ജിയോഫിസിക്സ് പ്രൊഫസറായി വിരമിച്ച ഡോ. കുശല രാജേന്ദ്രനും അടിയംപുഴയോരത്തെ ജീവിതത്തെക്കുറിച്ചു ലേഖകനോടു പറഞ്ഞു. 1922ല്‍ സഞ്ചാരസ്വാതന്ത്ര്യത്തിനും മനുഷ്യതുല്യതയ്ക്കുമായി ആശാന്റെ സിംഹനാദം പാടിയാടിനടന്ന അടിയത്തും 1923ല്‍ ആശാന് നേരിട്ടുവന്നു ദളവാക്കുളം ധീരരക്തസാക്ഷികളെ കുറിച്ചു പ്രസംഗിച്ച വടയാറും ഉചിതമായ ചെറു പഗോഡകള്‍ വടയാര്‍ ആറ്റുവേലയെന്ന തികച്ചും ബൗദ്ധമായ കെട്ടുകാഴ്ച്ചയുടെ മാതൃകയില്‍ നിര്‍മിക്കേണ്ടതാണ്.
ദളവാക്കുളം രക്തസാക്ഷി സ്മാരക
പ്രമേയവും പ്രക്ഷോഭവും
2023 സെപ്തംബര്‍ 27 ന് വൈക്കത്തുനടന്ന ഗുരുവിന്റെ വൈക്കം ഇടപെടലിന്റെ നൂറ്റാണ്ടുപിറപ്പ് ആഘോഷിച്ച ശ്രീനാരായണമാനവധര്മം ഏകദിന മുഴുനീള കോണ്‍ഫറന്‍സില്‍ ദളവാക്കുളം രക്തസാക്ഷി സ്മാരകം കിഴക്കേനടയില്‍ തന്നെ സര്‍ക്കാര്‍ നിര്‍മിക്കണമെന്ന പ്രമേയം ഈ ലേഖകന്‍ അവതരിപ്പിക്കുകയും അവിടെക്കൂടിയ ഏവരാലും മറുവാദമില്ലാതെ അതു കയ്യടിച്ചു പാസാക്കപ്പെടുകയും ചെയ്തു. നഗരസഭയുടേയും ജനായത്ത സര്‍ക്കാരിന്റേയും സത്വരനടപടികള്‍ അതിലേക്കു ക്ഷണിക്കുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളും ജനായത്തവാദികളും സത്യനീതികളുടെ പക്ഷംചേരുന്ന എല്ലാബഹുജനങ്ങളും ഇതിനായിറങ്ങണം.
ദളവാക്കുളം പുനര്നാമകരണവാദം തികച്ചും സവര്‍ണമായ ഗൂഢോലോചനയാണ്. കാലടികളില്‍ തദ്ദേശീയരായ സത്യനീതിബോധമുള്ള പ്രബുദ്ധരായ അവര്‍ണ ഈഴവയുവാക്കളെ മനുഷ്യത്തമില്ലാതെ വാളാല്വെട്ടിയരിഞ്ഞ് ചവിട്ടിക്കൂട്ടി പാതിജീവനോടെ വാമനനെപ്പോലെ വെട്ടിമൂടിച്ചവിട്ടിത്താഴ്ത്തിയവരും തിരക്കിട്ട് ബസ്ടെര്‍മിനല്‍ പണിതവരും പിന്മുറക്കാരുമാണീവാദവുമായി കറങ്ങുന്നത്. ഇതേറ്റുപറയുന്ന ഹിന്ദുക്കളാകാന്‍ പഠിക്കുന്ന അവര്‍ണരായ ശുദ്ധഗതിക്കാര്‍ അറിയുന്നില്ല പേരുമാറ്റിയാല്‍ ദളവാ പ്രതിസ്ഥാനത്തുനിന്നൂരിപ്പോകും എന്ന വസ്തുത.
അടുത്തകാലത്ത് വൈക്കം പപ്പനാവപിള്ളയുടെ ഒരു പ്രതിമ വൈക്കത്തു തന്നെ സ്ഥാപിക്കപ്പെട്ടപോലെ, വേലുത്തമ്പിയുടെ പ്രതിമ പഴയ സെക്രട്ടേറിയേറ്റിനു മുന്നില്‍ ഉടവാളുമായി നടുനായകനില നില്ക്കുമ്പോലെ മൂലൂരിനേയും കറുപ്പനേയും അയ്യങ്കാളിയുടെ പള്ളിക്കൂടപ്പോരാട്ടത്തേയും നിര്‍ലജ്ജം കിരാതമായി അപമാനിച്ച സ്വദേശാഭിമാനിരാമകൃഷ്ണപ്പിള്ളയുടെ പേരില്‍ പുരസ്കാരാനുസ്മരണങ്ങളുയരും പോലെ നാളെ കുഞ്ചുക്കുട്ടിപ്പിള്ളയ്ക്കും പാലിയത്തച്ചനും കുതിരപ്പക്കിക്കും എല്ലാം പ്രതിമകളും വിഗ്രഹങ്ങളും സ്മാരകങ്ങളും കേരളത്തില്‍ ജനങ്ങളുടെ ചിലവില്‍ മാവാരതരാമായണപട്ടത്താനങ്ങളും ഗീതാഗിരിശിബിരങ്ങളും പോലെ ഉയര്‍ന്നുവരാം.
വൈക്കം പോരാട്ടത്തിലെ
ഗുരുവിന്റെ നിര്‍ണായകത്തം
വൈക്കം പോരാട്ടം ഗാന്ധിയില്‍ തുടങ്ങുന്നതും ഒടുങ്ങുന്നതുമല്ല. സഹോദരന് വിലയിരുത്തിയപോലെ ഗുരുവിനു തീണ്ടലുണ്ടായപ്പോള് ശിഷ്യരായ ടി. കെ. മാധവനും സംഘവും കോണ്‍ഗ്രസിനേയും ഗാന്ധിയേയും വൈക്കത്തു കൊണ്ടുവന്നു തളച്ച് ആ പോരാട്ടത്തെ ദേശീയവും രാജ്യാന്തരവുമായ ജാതിവിരുദ്ധ മനുഷ്യാവകാശപ്പോരാട്ടമാക്കി മാറ്റുകയുമാണുണ്ടായത്. ഗാന്ധിയുടെ ആശയങ്ങളായ സവര്‍ണജാഥയും ന്യൂനപക്ഷങ്ങളെ ആട്ടിയകറ്റിയതും സത്യഗ്രഹസമരാഭാസവും പട്ടിണിമര്ദ്ദനവും ക്ഷേത്രപ്രവേശനവുമെല്ലാമായി അതിനു മനുഷ്യവിരുദ്ധവും പ്രതിവിപ്ലവപരവുമായ പലതലങ്ങളുമുണ്ടുതാനും. ഗാന്ധിയന്‍ ദേശീയവാദ പദ്ധതികളായ ഹരിജനോദ്ധാരണവും രാമരാജ്യവും സത്യഗ്രഹവുമടക്കമുള്ള പദ്ധതികളെ രാജ്യാന്തരതലത്തില്‍ മേരി കിങ്ങിനെ പോലുള്ള ആഫ്രിക്കനമേരിക്കന്‍ വനിതകള്‍ പുസ്തകരൂപത്തില്‍ വിമര്ശചരിത്രണം ചെയ്തിട്ടുണ്ട് (കിങ് 2015). അത്തരം ഗാന്ധിയന്‍ ജാതിഹിന്ദുഫലങ്ങളെ വിമര്‍ശാത്മകമായി തിരസ്കരിച്ചുകൊണ്ട് ജനായത്ത പ്രാതിനിധ്യ തലങ്ങളാണിന്നു ബഹുജനങ്ങള്‍ക്കു സ്വീകാര്യമാകുന്നത്. പ്രവേശനം നിഷേധിക്കുന്നിടത്തു കടന്നുകയറണമെന്ന ഗുരുവിന്റെ 1924 ലെ പ്രാതിനിധ്യ സന്ദേശമാണേറ്റവും വര്ത്തമാനഭാവികളില് പ്രസക്തമായിരിക്കുന്നത്.
2023 ഒക്റ്റോബര്‍ ആറിന് വൈക്കം ശ്രീനാരായണധര്‍മപരിപാലനയോഗം യൂണിയന് നഗരസഭയിലേക്കു മാര്‍ച്ചുനടത്തുകയും കിഴക്കേനടയിലെ ബസ് സ്റ്റാന്റാക്കിയിരിക്കുന്ന സ്ഥലത്തിനടുത്തുതന്നെ ദളവാക്കുളം രക്തസാക്ഷി സ്മാരകം ആവശ്യപ്പെടുകയും ചെയ്യുന്നു. പുനര്‍നാമകരണം എന്ന അജണ്ട ചരിത്രത്തിനു നിരക്കുന്നതല്ല. കൊലപാതകിയുടെ പേര് സ്ഥലപ്പേരില്‍ നിന്നുമായിച്ചാല് അയാള്‍ ഊരിപ്പോകും.
വേദാന്തഭാഷ്യങ്ങളും
സംസ്കൃതീകൃത വിഗ്രഹവല്ക്കരണങ്ങളും
നമുക്കുസന്യാസവും വിദ്യാഭ്യാസമനുഷ്യാവകാശങ്ങളും തന്ന നമ്മുടെ ഗുരുക്കന്മാരായാണ് ഗുരു ബ്രിട്ടീഷുകാരെ കണ്ടത് (ബാലകൃഷ്ണന് 166). ബ്രിട്ടീഷ് എന്നത് ഒരു ചരിത്ര ഭൂമിശാസ്ത്ര ആശയ സൂചകംമാത്രമാണ്. കൂടുതല്‍ സൂക്ഷ്മവും വിപുലവുമായ വിവക്ഷയില്‍ പാശ്ചാത്യ ആധുനികതയുടെ ജ്ഞാനോദയ മാനവികപാരമ്പര്യത്തെയാണ് ഗുരു 1914 ലെ ഈ ചരിത്രപ്രസ്താവത്തിലൂടെ സ്വന്തം ഗുരുക്കന്മാരായി കാണുന്നത്. ബ്രിട്ടീഷ് സ്റ്റീമറെന്ന ആവിവന്തോണിയായി ദൈവത്തെയെഴുതിയ ഗുരുവിന്റെ കാവ്യമൊഴിയും സൂചനകളും വിപുലമാണ്.
സ്തോത്രകൃതികളെഴുതിയയാളിന്നില്ല എന്നും വ്യക്തമായി പറഞ്ഞു. മാത്രമല്ല രാമാദികളുടെ കാലത്തെ ശൂദ്രാദികളുടെ ഗതിയെ ഓര്‍മിപ്പിച്ചുകൊണ്ട് രാമരാജ്യത്തേയും വര്‍ണാശ്രമത്തേയും സ്മൃതിശ്രുതിപുരാണേതിഹാസ വാഴ്ച്ചകളേയും സനാതനമെന്ന വൈദികവേദാന്തവ്യവസ്ഥയേയും അദ്ദേഹം പരിപൂര്‍ണമായി തിരസ്കരിക്കുകയും ചെയ്യുന്നു.
മരംപൊട്ടിമുളയ്ക്കലും വൈദികപുരുഷസൂക്തവിമര്ശവും ഗുണകര്‍മങ്ങള്‍ മാറുന്നല്ലോ വര്ണമെങ്ങനെ നിജപ്പെടുത്തുമെന്ന ഗീതാവിമര്ശവും സ്മൃതിയിലെ ശൗചവും ശ്രുതിയിലെ കാഷ്ഠിക്കലുമെല്ലാം ഗുരുവിനുമാത്രം കഴിയുന്ന വൈദികവേദാന്തവിമര്ശവും ബ്രാഹ്മണ്യത്തിന് പരമപരിഹാസവും നിരാസവുമാണ്. ജാതിമീമാംസാ പദ്യങ്ങളില്‍ തന്നെ 1913-14 കാലത്ത് ഇനി ബ്രാഹ്മണ്യം എന്നും പറഞ്ഞു തത്വംമനസ്സിലാക്കാതെ വരല്ലേയെന്നദ്ദേഹം വിപുലമായി അഭ്യര്‍ഥിക്കുന്നു. ബ്രാഹ്മണ്യവും ശൂദ്രത്തവും ഇല്ലാതായാല്‍ പിന്നെ സനാതനം ആവിയാകും. മനുഷ്യരുണ്ടാകുകയും അവര്‍ നന്നാകുകയും ചെയ്യും. ഹിന്ദുമതമെന്നൊന്നില്ലല്ലോ എന്ന് പരിപൂര്‍ണമായി വര്ണാശ്രമവൈദികധര്മത്തെ നിരാകരിച്ച മറ്റൊരു ചിന്തകനില്ല.
അദ്ദേഹത്തെ ബിംബവല്ക്കരിക്കയും വിഗ്രഹവല്ക്കരിക്കയും ദൈവവല്ക്കരിക്കയും ചെയ്യുന്നതും ജാതിഹിന്ദു അധീശ അജണ്ടയാണെന്ന് ഈഴവബഹുജനങ്ങള് തിരിച്ചറിയണം. ഗുരുവെന്ന നിതാന്ത വിമര്ശവിധ്വംസകചരിത്രബോധത്തെ ഒതുക്കാന്‍ മറ്റൊരുവഴിയില്ല. ദൈവത്തേയും ആത്മാവിനേയും നിരാകരിച്ച ബുദ്ധനെ മാതേവരും മാമന്നരുമാക്കിമാറ്റിയപോലത്തെ ഒരു വിദ്യയാണിത്. തേരവാദത്തെ പിളര്‍ത്തി മായാനമാക്കിയതിങ്ങനെയാണ്. സംഘക്കാരായ ഈഴവര്‍ ബുദ്ധന് മുതലുള്ള കഴിഞ്ഞ 2600 വര്‍ഷത്തെ സ്വന്തം ചരിത്രമെങ്കിലും അറിയുകയും ആരായുകയും വേണം. മഹായാനത്തിന് ചരിത്രം വൈക്കത്തും ഏറെ കേരളത്തിലും ഇത്തരം ഹൈന്ദവാധീശ വര്ണാശ്രമധര്മപരിസരത്ത് ഏറെ പ്രസക്തമാണ്. ഹൈന്ദവസാമിയാക്കുന്നതിലൂടെ ഗുരുവി ന്റെ സനാതന വൈദിക വര്‍ണാശ്രമ വിമര്‍ശത്തെ ഒതുക്കാനാണ് സനാതനികളുടെ പണി. ഇത്തരം കണ്ണടച്ചു പാലുകുടിക്കുന്ന സവര്ണജാഥപോലൊരു തന്ത്രമാണ് ദളവായെ കുളത്തില്‍ നിന്നു വിടുതല്‍ ചെയ്യാനായി കൊന്നവന്റെ പേരുമാറ്റമെന്ന പേരില്‍ ഇറക്കിവിട്ടിരിക്കുന്നത്.
അതിനുവേണ്ടി ഒരു തരികിട ആഖ്യാനം ഉണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ മണ്ണിടുന്നു. ലോകത്തൊരിടത്തും കൊലയാളിയുടെ പേരില്‍ സ്മാരകമില്ലത്രേ. ഹോളോകോസ്റ്റ് മ്യൂസിയങ്ങളും ഓഷ്വിറ്റ്സ് അടക്കമുള്ള പീഡനയറകളും ഇന്ന് യൂറോപ്പിലാകെ ലോകം വന്നുകണ്ടറിയുന്ന സന്ദര്‍ശന സ്മാരക ഇടങ്ങളാണ്. അമേരിക്കയുടെ ദേശീയ മ്യൂസിയങ്ങളിലും കറുത്തവരുടെ അടിമത്തവിരുദ്ധപ്പോരാട്ടങ്ങളുടെ ചരിത്രവഴികളും ഇടങ്ങളും ഭാവികള്ക്കായി അടയാളപ്പടുത്തുന്നു. വംശീയത, വര്‍ണവെറിയന്‍ ഭരണകൂടനയങ്ങള്‍, ഫാഷിസം, ആണ്‍കോയ്മ ഇങ്ങനെയുള്ള ക്രൂരമായ കിരാത തെറ്റുകള്‍ മാനവരാശിക്കിനിയും പറ്റാതിരിക്കാനും തിരുത്താനുമാണ് ആരിത് ആരോടെന്തിനു ചെയ്തു എന്നു കാര്യകാരണസഹിതമവിടെ വിശദീകരിക്കുന്നത്.
വൈക്കത്തെ ജട്ടിയില്‍ ജനങ്ങളുടെ നികുതിപ്പണത്താല്‍ ഗാന്ധിയുടെ സത്യഗ്രഹത്തി ന്റെ പേരിലൊരു സ്മാരകമുണ്ടാക്കിവച്ച് അതിനകത്ത് ഇണ്ടംതുരുത്തിയുടെ വലിയ ചിത്രവും സ്ഥാപിച്ചിരിക്കുന്നത് കണ്ട് ഞെട്ടിപ്പോയെന്ന് വൈക്കം പോരാട്ടമെന്ന തമിഴ് പുസ്തകമെഴുതിയ പഴ അതിയമാന്‍ ലേഖകനോടു പറയുകയുണ്ടായി (അതിയമാന്‍ 2023). അതു മലയാളത്തിലേക്കു വന്നപ്പോള്‍ പ്രസാധകര് പോരാട്ടത്തെ സത്യഗ്രഹമാക്കി ഗാന്ധിയന്‍ ദേശീയവാദ പദാവലിയിലേക്കു മുക്കിമാറ്റിയത് ചരിത്രവിരുദ്ധവും നീതിവിരുദ്ധവുമായിപ്പോയി. ചരിത്രബോധത്തോടെ സത്യനീതിബോധങ്ങളോടെ ചിന്തിക്കുന്നവര്‍ക്ക് പോരാട്ടത്തെ സത്യഗ്രഹമാക്കി വിവര്‍ത്തനം ചെയ്യാനാവില്ല.
പേരുമാറ്റം ഇത്തരം ചരിത്രവിരുദ്ധതയുടെ, സത്യനീതികളെ അട്ടിമറിക്കാനുള്ള തികച്ചും സവര്ണവമായ കുതന്ത്രമാണ്. ദളവാക്കുളം രക്തസാക്ഷിസ്മാരകവും വൈക്കംപോരാട്ടസ്മാരകവുമാണവിടെ ഉയരേണ്ടത്. ദളവാക്കുളം എന്ന പേരുമാറിയാല്‍ കൊലയാളിയും കൊലപാതകചങ്ങാത്തങ്ങളും തടിയൂരും. കൊലയാളിഗോത്രങ്ങളാണ് ബ്രാഹ്മണ്യത്തെ തമിഴകകേരളഭൂമിയിലേക്ക് സ്വയംലൈംഗിക, സൈനികക്കോളനികളായി മാറിക്കൊണ്ടുവന്നു സ്ഥാപിച്ചതെന്ന ചരിത്രവും ഇവിടെ ഓര്‍ക്കേണ്ടതാണ്. മറഞ്ഞിരുന്നു കൊല്ലുന്ന അതിസമര്‍ഥനായ ഒരു മറവനാണു രാമന് എന്ന ഗുരുവിന്റെ പ്രസ്താവം ഓര്‍മിക്കാം. കൊല്ലുന്നവനില്ല ശരണ്യത, മൃഗത്തിനു തുല്യനവന്‍ എന്ന ജീവകാരുണ്യപഞ്ചക പ്രസ്താവവും ശാക്യസിംഹനാദം പോലെ മുഴങ്ങുന്നു
(തുടരും)