കറുപ്പെന്ന സത്യം
കലാമണ്ഡലം സത്യഭാമ എന്ന നൃത്ത അദ്ധ്യാപിക പട്ടികജാതിക്കാരനും കറുത്തയാളുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെ പരോക്ഷമായി, പറയാതെ പറഞ്ഞ് നിറത്തിന്റെ പേരിൽ അപഹസിച്ചതിൽ പ്രബുദ്ധരെന്ന് നടിക്കുന്ന മലയാളികൾ ആശ്ചര്യപ്പെടേണ്ട ഒരു കാര്യവുമില്ല. സത്യഭാമ ഒരു കറുത്ത സത്യം അറിഞ്ഞോ അറിയാതെയോ പറഞ്ഞെന്നേയുള്ളൂ. കറുത്തവന് അടക്കളപ്പുറത്തെ മുറ്റത്ത് കുഴികുത്തി ചേമ്പിലയിട്ട് കഞ്ഞി വിളമ്പിയ പാരമ്പര്യമുള്ള നാടാണ് ഈ കേരളം. അതിൽ മേനി പറഞ്ഞ് നടക്കുന്നവർ ഇപ്പോഴും ഇവിടെയുണ്ട്. ഭൂപരിഷ്കരണ നിയമം നടപ്പാക്കപ്പെട്ടില്ലായിരുന്നെങ്കിൽ, ജന്മിത്വം നിലനിന്നിരുന്നെങ്കിൽ ഒരുപക്ഷേ ഈ ആചാരം ഇന്നും തുടർന്നേനെ.
നവോത്ഥാന നായകർ ജീവനും ജീവിതവും നൽകി നേടിയെടുത്ത മൂല്യങ്ങൾ അപ്രസക്തമാകുന്ന കാഴ്ചകളാണ് കേരളം കാണുന്നത്. അതിന്റെ പുതിയ ഉദാഹരണം മാത്രമാണ് സത്യഭാമയുടെ ജല്പനങ്ങൾ. സത്യഭാമയെ പ്രസവിച്ച തള്ള പോലും അവരുടെ വാക്കുകളെ അംഗീകരിക്കുമോ എന്ന് സംശയമാണ്.
കലാരംഗം എക്കാലത്തും ‘വെളുത്തവരുടെ’ കുത്തകയായിരുന്നു. പ്രത്യേകിച്ച് ക്ളാസിക്കൽ കലാമേഖല. അവിടെ സ്വന്തം മിടുക്കും അഭിനിവേശവും സമർപ്പണവും കൊണ്ടു മാത്രമാണ് കാക്കയെ പോലെയും അല്പം കുറഞ്ഞും നിറമുള്ള ചുരുക്കം ചിലർ കടന്നുകയറിയിട്ടുള്ളത്. അവർക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടുന്ന പതിവുമില്ല. കലാമണ്ഡലം ഹൈദരാലിയെന്ന യശ:ശരീരനായ വിശ്വപ്രസിദ്ധ കഥകളി സംഗീതജ്ഞൻ കലാമണ്ഡലത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിട്ട വിവേചനങ്ങൾ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. അമ്പലവാസികളല്ലാത്ത മേളക്കാരും സോപാന സംഗീതജ്ഞരും ഇന്നും കേരളത്തിലെ പ്രമുഖക്ഷേത്രങ്ങൾക്ക് പുറത്താണ് അവരുടെ കലാവൈഭവം അവതരിപ്പിക്കുന്നത്. ഈ വിവേചനങ്ങൾക്കിടെ രണ്ട് പതിറ്റാണ്ടോളം ദീർഘിച്ച കലാസപര്യയിലൂടെയാണ് രാമകൃഷ്ണൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണനായത്. മോഹിനിയാട്ടത്തിൽ തന്നെയാണ് അദ്ദേഹത്തിന് ഡോക്ടറേറ്റും. അഭിനയലോകത്തെ വിസ്മയിപ്പിച്ച കലാഭവൻ മണിയെ മലയാളത്തിന് തന്ന അനുഗ്രഹീതമായ ചാലക്കുടിയിലെ കലാകുടുംബത്തിൽ അദ്ദേഹത്തിന്റെ അനുജനായി പിറന്ന രാമകൃഷ്ണന് ഇങ്ങനെ ഒരു ദുരനുഭവം ആദ്യവുമല്ല. 2020ൽ കേരള സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാൻ രാമകൃഷ്ണന് അവസരം നിഷേധിച്ചതും വിവാദമായിരുന്നു. സത്യഭാമ വിവാദത്തെ തുടർന്നാണ് നർത്തകരുടെ സ്വപ്നവേദിയായ കേരളകലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ മോഹിനിയായി ആടാൻ രാമകൃഷ്ണന് അവസരംകിട്ടിയത്. കറുത്തവനായ കലാഭവൻ മണിയുടെ നായികയായി അഭിനയിക്കാൻ വിസമ്മതിച്ച ‘വെളുത്ത’ നടിമാരും ഇവിടെ ഉണ്ടായിരുന്നു.
മനുഷ്യന്റെ തൊലിനിറം ലോകത്തെവിടെയും വിവേചനത്തിനുള്ള ഉപാധികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. ജാതി, മത, വർണ്ണ, വർഗ ഭേദമില്ലാത്ത ലോകം ഒരു സങ്കല്പലോകം മാത്രമാണ്. കറുപ്പിനോടുള്ള വിരോധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ലോകാരംഭം മുതലേ ഈ വിവേചനം ഉണ്ടായിരുന്നിരിക്കണം.വെള്ളക്കാർ ആഫ്രിക്കയിലെ കറുത്തവരെ ചങ്ങലയ്ക്കിട്ടും ഇരുമ്പുകൂട്ടിലിട്ടും കൊണ്ടുവന്ന് അടിമകളാക്കി ലേലം വിളിച്ചുവിറ്റിരുന്നവരാണ്. ആഫ്രിക്കൻ വംശജനായ ബരാക്ക് ഒബാമ ഏതാനും വർഷം മുമ്പ് അമേരിക്കൻ പ്രസിഡന്റായത് കാലത്തിന്റെ കാവ്യനീതിയാകാം. എന്നിട്ടും അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും നിറം ഇപ്പോഴും ഒരു പ്രശ്നം തന്നെ. സത്യഭാമ അവിടെ ചെന്നാലും കറുത്തവളായേ അവർ കണക്കാക്കുകയുള്ളൂ. വർണ വിവേചനത്തിനെതിരെ കടുത്ത നിയമങ്ങളുണ്ടായിട്ടും ഈ രാജ്യങ്ങളിൽ അത് നിഷ്‌കാസനം ചെയ്യാനാകുന്നില്ല.
വർണ വിവേചനത്തിന്റെയും ജാതിവെറിയുടെയും കാര്യത്തിൽ മലയാളികളോളം കാപട്യമുള്ള മറ്റൊരു ജനസമൂഹമില്ല. നായരും പുലയനും ഈഴവനും ഉൾപ്പടെയുള്ള മലയാളികളെ ജാതിഭേദമെന്നും നോക്കാതെ ചങ്ങലയ്ക്കിട്ട് കൊച്ചിയിൽ നിന്ന് കപ്പൽ കയറ്റി ഡച്ചുകാർ അടിമക്കച്ചവടം നടത്തിയിരുന്നത്ചരിത്രത്തിന്റെ ഭാഗമാണ്. ആ അടിമകളുടെ പിന്മുറക്കാർ ഇപ്പോഴും നെതർലന്റിൽ ഉണ്ടാവും.അങ്ങിനെയൊരു ചരിത്രമുള്ള നമ്മളാണ് 21ാം നൂറ്റാണ്ടിൽ, കൃത്രിമബുദ്ധിയുടെ കാലത്ത് ജാതിയുടെയും നിറത്തിന്റെയും പേരിൽ തമ്മിലടിക്കുന്നത്. സംസ്ഥാനത്ത് ജാതിയുടെയും വർണത്തിന്റെയും ഏറ്റവും വലിയ ഇരകൾ തലമുറകളായി പട്ടികജാതി, പട്ടികവർഗക്കാരാണ്. ഇപ്പോഴും ആ ദുരിതത്തിൽ നിന്ന് അവർ മുക്തരായിട്ടില്ല. സംവരണവും ശതകോടികളുടെ ക്ഷേമപദ്ധതികളും നടപ്പിലാക്കിയിട്ടും സമൂഹത്തിന്റെ പുറമ്പോക്കിലാണ് ഇവരുടെ സ്ഥാനം. ജാതി പീഡനങ്ങൾക്കെതിരെ പ്രതികരിക്കാൻ അയ്യങ്കാളിപ്പട വരെ രൂപീകരിക്കേണ്ടിവന്നു.
പട്ടികവിഭാഗക്കാരുടെ മാത്രമല്ല, ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ദുരവസ്ഥയ്ക്ക് കാരണം ഇത്തരം വിവേചനങ്ങളായിരുന്നു. രാജവാഴ്ചയും വിദേശാധിപത്യവും മാറി ജനാധിപത്യം വന്നിട്ടും ഈ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. അധികാരത്തിന്റെ ഇടനാഴികളിൽ കറുത്തവരെ മാറ്റി നിറുത്താനുള്ള തന്ത്രങ്ങൾ എത്രയോ കാലമായി തുടരുന്നു. ജാത്യഭിമാനം അലങ്കാരമായി കൊണ്ടുനടക്കുന്ന മലയാളികളുടെ എണ്ണവും നാൾക്കുനാൾ ഏറിവരികയുമാണ്. ചെറിയകുഞ്ഞുങ്ങളുടെ പേരിനൊപ്പമുള്ള ജാതിവാലുകൾ ശ്രദ്ധിച്ചാൽ മതി ഇക്കാര്യം മനസിലാകും.
സത്യഭാമയെ ഒരു പ്രതീകം മാത്രമായി കണ്ടാൽ മതി. ജാത്യഭിമാനത്തിന്റെ, തൊലിവെളുപ്പിന്റെ, ആഢ്യത്വത്തിന്റെ, സാമൂഹിക അംഗീകാരത്തിന്റെ പ്രതീകം. അവസരങ്ങളും അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും ലഭിച്ചിരുന്നെങ്കിൽ കലാരംഗത്ത് കറുത്തവരെ തോൽപ്പിക്കുക എളുപ്പമല്ല. സൗന്ദര്യം മാനദണ്ഡമായിരുന്നെങ്കിൽ തിലകനും പി.ജെ.ആന്റണിയും ഭരത് ഗോപിയും കലാഭവൻ മണിയും ശ്രീനിവാസനും മാമുക്കോയയും ഒടുവിൽ ഉണ്ണികൃഷ്ണനും നെടുമുടി വേണുവും വിനായകനും മണികണ്ഠനും മറ്റും മലയാള സിനിമയിൽ നായകപദവികൾ സ്വന്തമാക്കില്ലായിരുന്നു. പ്രതിഭ കൊണ്ടാണ് അവർ നമ്മുടെ മനസുകളിലേക്ക് രാജസിംഹാസനം വലിച്ചെടുത്തിട്ട് ഇരുന്നത്. നിറവും സൗന്ദര്യവും നോക്കി നടക്കുന്നവർ നടക്കട്ടെ…
നിറത്തിൽ ഒന്നുമില്ലെന്ന് കരുതുന്ന സത്യഭാമയെ പോലെയല്ലാത്ത ഗുരുവര്യന്മാരും ഇവിടെയുണ്ട്. ജന്മസിദ്ധമായി കിട്ടിയ കഴിവും ആത്മസമർപ്പണവും കൊണ്ട് കറുത്ത കലാകാരന്മാർ മുന്നിലേക്ക് എത്തണം. അരങ്ങുകൾ കീഴടക്കണം അതാണ് മറുപടി. മുമ്പേ കടന്നുപോയ ഒരുപാട് കറുത്ത മുത്തുകളുടെ വേദനകൾക്കും അപമാനത്തിനും കണ്ണീരിനും പകരം വീട്ടേണ്ടത് അങ്ങിനെയാണ്. കലാവേദികൾ കറുത്തവരുടേത് കൂടിയാണ്. കുഷ്ഠം ബാധിച്ച മനസുകളാണ് മനുഷ്യന്റെ വർണവും ജാതിയും പണവും തേടി നടക്കുന്നത്. ഇത്തരം മനസുകളെ നിഷ്‌പ്രഭരാക്കാനുള്ള ശക്തി ജഗദീശ്വരൻ നൽകിയിട്ടുണ്ട്. അപമാനങ്ങളും മാറ്റിനിറുത്തലുകളും ഇനിയും ഉണ്ടാകും. മനസ് തളരരുത്. ഇതും ഒരു യുദ്ധമാണ്. പിന്നാലെ വരുന്ന നിറവും സൗന്ദര്യവും കുറഞ്ഞവർക്ക് വേണ്ടിയുള്ള യുദ്ധം. അതിൽ ജയിച്ചേ തീരൂ…. കറുപ്പിനുള്ളിലെ കരുത്തും പ്രതിഭയുമാണ് വലുതെന്ന് തെളിയിക്കാൻ കറുത്തവർക്ക് കഴിയട്ടെ.