ഓര്‍മ്മച്ചിന്ത്

ജോസഫ് സാറിന്റെയും സോഫി ടീച്ചറിന്റെയും മകള്‍ ജോസ്‌നയുടെ വിവാഹത്തലേന്ന് അവരുടെ വീട്ടില്‍ നടത്തിയ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ അവിടെ പോയത്. ജോസഫ് സാര്‍ ഓടി വന്ന് കൈകള്‍ കൂപ്പി ”സോഫി.. സോഫി ദെ മാലതി ടീച്ചറും സോമന്‍സാറും, ഞാന്‍ ഇപ്പോളോര്‍ത്തതേയുള്ളു നിങ്ങളെ കണ്ടില്ലല്ലോയെന്ന്” വിടര്‍ന്ന ചിരിയുമായി സോഫി ടീച്ചര്‍ അടുത്തു വന്ന് കൈ പിടിച്ചു. ”എന്നാല്‍ നമുക്ക് പന്തിയിലോട്ടിരിക്കാം” ജോസഫ് സാര്‍.

കുങ്കുമരേഖ അലുക്കിട്ട അസ്തമയ സൂര്യനെ മറച്ചുകൊണ്ട് ആകാശത്തിനു മേലാപ്പുകെട്ടി വെണ്‍മേഖച്ചേല വിരിച്ച പന്തല്‍. നാലുപുറവും ഊഞ്ഞാല്‍ ആടുന്ന ചുവപ്പും മഞ്ഞയും പുഷ്പമാല്യങ്ങള്‍ കൊണ്ടലങ്കരിച്ച വേദി.
മകരസന്ധ്യക്കുളിരിന് ചേരുന്ന നേരിയ ചന്ദനസുഗന്ധം. വൈദ്യുതി പ്രകാശത്തിന്റെ സ്വര്‍ണ്ണവര്‍ണ്ണ വെളിച്ചത്തിലൂടെ കടന്നുവന്ന മണവാട്ടിപ്പെണ്ണിന്റെ നേര്‍ക്കു നോക്കിയത് സൗഹൃദക്കൂട്ടായ്മക്കു നടുവില്‍ എല്ലാ മിഴിവിളക്കുകളും ഒരു ബിന്ദുവിലേക്ക് തന്നെ വെളിച്ചം തെളിച്ചപ്പോള്‍ മകരനിലാവ് മാനത്തു നിന്ന് ഇറങ്ങി വന്ന പോലുള്ള പുതുപ്പെണ്ണിന്റെ ദര്‍ശനത്തില്‍ എന്റെ നെഞ്ചടുക്കുകളില്‍ നിലാവ് തെളിഞ്ഞു. മനസ്സു തുളുമ്പി.
എവിടെ? ജോസ്‌ന എവിടെ?

തൂവെള്ളച്ചട്ട ഞൊറിവെച്ചുടുത്ത മുണ്ട്. പുറമെ കസവു കവണി. തോളില്‍ ഒരു ബ്രൂച്ച്. കുനിഞ്ഞു കുമ്പിടുന്ന മേക്കാതില്‍ വളഞ്ഞുകിടക്കുന്ന പൊന്നിന്‍ കുണുക്ക്. കൈത്തണ്ടകളില്‍ ഓരോ തടവള. വലം കയ്യിലെ അണിവിരലില്‍ ഒരു ചുറ്റുമോതിരം. എന്റെ കണ്ണുകളെ വിശ്വസിക്കാമോ? പളപളാ മിന്നുന്ന കസവിന്റെ അലുക്കുകളും മുത്തും കല്ലും കോര്‍ത്തിണക്കിയ ഞൊറികള്‍ തുന്നിപ്പിടിപ്പിച്ച രണ്ടുമീറ്റര്‍ ചുറ്റളവില്‍ നിലംതുടച്ചു നീങ്ങുന്ന വില കൂടിയ പട്ടിന്റെ പാവാടയോ ലാച്ചയോ അണിഞ്ഞ കവിളില്‍ കുമ്മായവും ചുണ്ടില്‍ ചെഞ്ചായവും കണ്ണുകളില്‍ കൃത്രിമപ്പീലികളുമുള്ള സര്‍വാഭരണ വിഭൂഷിതയായി അടിവെച്ചടിവെച്ചു നീങ്ങുന്ന ദേവതാ ദര്‍ശനത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷെ കര്‍ത്താവ് കനിഞ്ഞ് എല്ലാ സൗന്ദര്യവും വാരിക്കോരി കൊടുത്ത ജോസ്‌ന ആകാശം പിളര്‍ന്ന് താഴേക്ക് ഇറങ്ങി വന്ന മാലാഖയായി എന്റെ മുമ്പില്‍!
അപ്പോള്‍ ആ നിമിഷത്തിലാണ് മറവിയുടെ മറ നീക്കി അമ്മിണി സാര്‍ എന്റെ മുമ്പിലേക്ക് കടന്നു വന്നത്. അമ്മിണി സാര്‍, എന്റെ അനുജന്‍ പ്രസന്നന്റെ ക്ലാസ് ടീച്ചര്‍. ഇടവപ്പാതി ഇടതൂര്‍ന്ന് പെയ്യാന്‍ ഇടംതേടി നടക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിലെ എല്‍. പി. സ്‌കൂളിൽ ആദ്യനിയമനം കിട്ടിവന്നതായിരുന്നു അമ്മിണി സാര്‍.

അന്ന് പള്ളിക്കൂടത്തില്‍ പഠിപ്പിക്കുന്ന എല്ലാവരും സാറാന്മാരാണ്. ലിംഗഭേദമില്ല. ദാമോദരന്‍സാറ്, ചാക്കോ സാര്‍. ദേവകി സാര്‍, ഏലിയാമ്മ സാര്‍, കുഞ്ഞമ്മസാര്‍ എന്നിങ്ങനെ ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ അവിടുത്തെ ലില്ലിക്കുട്ടി സാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞങ്ങള്‍ പെണ്‍സാറന്മാരെ ടീച്ചര്‍ എന്നു വിളിക്കാന്‍ തുടങ്ങിയത്. അമ്മിണി സാര്‍ ആദ്യം വരുമ്പോള്‍ അവിടെ പഠിച്ചിരുന്നവരില്‍ പലരും ഇന്ന് സപ്തതി ആഘോഷവും കഴിഞ്ഞ് വിശ്രമജീവിതത്തിലായിരിക്കും. വിശ്രമജീവിതം എന്ന് ഉറപ്പിച്ചു പറയാന്‍ എനിക്ക് ധൈര്യമില്ല. വിശ്രമത്തിലെ ‘വി’ക്ക് വിശ്രമം നല്‍കി ശ്രമകരമായ കൊച്ചുമക്കളെ വളര്‍ത്തലാണല്ലോ ഇന്നത്തെ ഗ്രാന്‍ഡ് പേരന്റ്‌സിന്റെ പ്രധാനജോലി. കൊച്ചുമക്കളുടെ അച്ഛനമ്മമാര്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ പേരിക്കിടാങ്ങളുടെ എല്ലാക്കാര്യവും നോക്കി നടത്താന്‍ ബാദ്ധ്യതപ്പെട്ടവര്‍ അപ്പൂപ്പനും അമ്മൂമ്മയുമാണല്ലോ. അങ്ങനെ അവരുടെ വിശ്രമജീവിതം ശ്രമ ജീവിതത്തിലേക്ക് നീങ്ങുന്നു.

ക്രിസ്തീയ നവവധുവിനെ കണ്ട നിമിഷം ജോസ്‌ന എന്റെ മുന്നില്‍ നിന്ന് ഇറങ്ങി നടന്നു. അമ്മിണി സാറിനെ മാത്രമെ പിന്നീടവിടെ കാണാനായുള്ളു. പൂര്‍വാപരക്രമമില്ലാതെ ഓര്‍മ്മകളും ഓര്‍മ്മത്തെറ്റുകളും ബോധാബോധങ്ങള്‍ക്കിടയില്‍ കലങ്ങിത്തെളിഞ്ഞു.
ഞാനും എന്റെ കുഞ്ഞനിയന്‍ പ്രസന്നനും എത്ര സന്തോഷത്തോടെ ഒന്നിച്ച് കളിച്ച നാളുകള്‍! ഞങ്ങള്‍ ഒന്നിച്ച് അടുക്കി വെച്ച വെട്ടുകല്ലിന്‍ കൂമ്പാരത്തില്‍ കയറിയിറങ്ങി, കിളിപ്പാട്ടുകേട്ടു കഥ പറഞ്ഞു, കാട്ടുപൂക്കള്‍ ഇറുത്തു, തൊട്ടാവാടിയുടെ പല്ലു കോര്‍ക്കലില്‍ ചോര പൊടിഞ്ഞ കാല്പാദങ്ങളില്‍ വേനപ്പച്ചയില തിരുമ്മിപ്പിടിച്ചു. കല്ലുകളില്‍ കാല്‍ തട്ടി വീണു. ചാറ്റല്‍മഴ നനഞ്ഞു. അമ്മയുടെ ഈര്‍ക്കില്‍ പ്രഹരങ്ങള്‍ ഏറ്റുവാങ്ങി പരസ്പരം താങ്ങായും തണലായും കരുത്തായും കരുതലായും വളരുമെന്ന് ചിന്തിക്കാനെന്നും അന്ന് കഴിഞ്ഞിരുന്നില്ല. എങ്കിലും ഞങ്ങള്‍ ഒപ്പം ഒരുമിച്ചു തന്നെ നീങ്ങി. ഒടുവില്‍…. ഒടുവില്‍ നിസ്സഹായയായി ഞാന്‍ കലങ്ങിയ കണ്ണും ഒഴിഞ്ഞ കയ്യുമായി ജീവിതത്തിന്റെ നിര്‍വചനങ്ങള്‍ തേടുന്നു!
വയസ്സ് അഞ്ചാകുന്നു. ഇനിയിവനെ സ്‌കൂളില്‍ ചേര്‍ക്കണം അമ്മ പറഞ്ഞു. അകലെയുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപകനായ അച്ഛന്‍ വെള്ളിയാഴ്ച ദിവസം വൈകിട്ടേ വീട്ടില്‍ വരാറുള്ളു തിങ്കളാഴ്ച അതിരാവിലെ മടങ്ങി പോകുകയും ചെയ്യും. ആ തിങ്കളാഴ്ച അച്ഛന്‍ അവധി എടുത്തു. അമ്മ രാവിലെ തന്നെ ചെമ്പുകലത്തില്‍ വെള്ളം ചൂടാക്കി പ്രസന്നനെ കുളിപ്പിച്ചു. മിച്ചം വന്ന ചൂടുവെള്ളം എനിക്കും കുളിക്കാന്‍ തന്നു. ഏതു മഞ്ഞുകാലത്തും പച്ചവെള്ളത്തില്‍ മാത്രം കുളിച്ചു ശീലിച്ച എനിക്ക് അടക്കാനാവാത്ത സന്തോഷം. പുത്തനുടുപ്പും നിക്കറും ഇട്ട പ്രസന്നന്‍ സ്ലേറ്റും പെന്‍സിലും നെഞ്ചോടു ചേര്‍ത്ത് അച്ഛന്റെ കൈ പിടിച്ചു നടന്നു. ഒട്ടിച്ചേര്‍ന്ന് ആഹ്ളാദത്തോടെ ഞാനും അക്ഷര ഗോപുരനടയിലേക്ക്.

പാതിയടര്‍ന്ന നടക്കല്ലുകള്‍ കയറുമ്പോഴേ ആള്‍ത്തിരക്കും അക്ഷരാന്വേഷികളുടെ നിലവിളിയും ബഹളവുമെതിരേല്‍പ്പു നല്‍കി. കൈയ്യിലെ പിടുത്തം വിടുവിക്കാനോങ്ങി മകന്‍. പിടിമുറുക്കി അച്ഛന്‍. വലിയ മേശക്കു പിന്നില്‍ സിംഹാസനത്തില്‍ ഇരിക്കുന്ന സ്‌കൂളിന്റെ സര്‍വാധികാരി! വലിയ സാര്‍ എന്ന് എല്ലാവരും വിളിക്കുന്ന ഹെഡ് മാസ്റ്റര്‍. കറുപ്പുനിറം. വെളുത്ത മുണ്ടും ഷര്‍ട്ടും. തിരികയുടെ മുകളില്‍ കറുത്ത കറിച്ചട്ടി കമഴ്ത്തിയതു പോലെ കഷണ്ടിത്തല. മുഖത്തെ ഗൗരവം ഒന്നുകൂടി കടുപ്പിക്കുന്ന തുറിച്ചു നോട്ടത്തെ മറയ്ക്കുന്ന കറുത്ത ഫ്രെയിമുള്ള കണ്ണട. മേശപ്പുറത്തെ കട്ടിയുള്ള രജിസ്റ്റര്‍ ബുക്കുകള്‍ക്ക് കാവല്‍ എന്നോണം നീളത്തില്‍ ഒരു ചൂരല്‍വടി…ചെറുതായി വിങ്ങി നിന്നിരുന്ന പ്രസന്നന്‍ വലിയ വായില്‍ അലറി വിളിച്ചു വെളിയിലേക്ക് ഓടി. ഞാനും അച്ഛനും പിന്നാലെ. തിരിച്ചു പിടിച്ചുകൊണ്ടുവന്ന് രജിസ്റ്ററില്‍ പേരു ചേര്‍ത്ത് ഗ്രാമത്തിലെ പ്രഥമവിദ്യാലയത്തിന് ഒരു അവകാശിയെക്കൂടി സൃഷ്ടിച്ചു. അടുത്ത ദിവസവും അതിനടുത്ത ദിവസവും പള്ളിക്കൂടത്തില്‍ പോകാന്‍ പ്രസന്നന്‍ കൂട്ടാക്കിയില്ല. രാവിലെ എഴുന്നേല്‍ക്കില്ല. കുളിക്കില്ല. ആഹാരം കഴിക്കില്ല. കരച്ചിലോടു കരച്ചില്‍ മൂന്നാംദിവസം അമ്മ സ്‌കൂളില്‍ വന്നു. അങ്ങനെ ഒരു ദിവസം കൂടി അവന്‍ പള്ളിക്കൂടപ്പടിവാതില്‍ കണ്ടു. എങ്കിലും കരഞ്ഞുവിളിച്ച് അമ്മയോടൊപ്പം തന്നെ മടങ്ങി പോന്നു. ഇത് ആവര്‍ത്തിച്ചപ്പോള്‍ വലിയ സാര്‍ ചൂരല്‍ ചുഴറ്റി. ‘ പോയി ക്ലാസിലിരിക്കെടാ’
പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ സ്‌കൂള്‍മുറ്റം കണ്ടതേയില്ല. ഒരു വൈകുന്നേരം അമ്മിണി സാര്‍ എന്നോട് ചോദിച്ചു. പ്രസന്നകുമാര്‍ മാലതിയുടെ അനുജനല്ലേ? ഞാനും കൂടി ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്. പനിനീര്‍പ്പൂ വിരിഞ്ഞ ആത്മാഭിമാനത്തോടെ ഞാന്‍ അമ്മിണിസാറിന്റെ പിന്നാലെ ചുവടു വെച്ചു. ഞൊറി വെച്ച വിശറി വാലുള്ള വെള്ളമുണ്ടും ചട്ടയും നേരിയ കസവു കരയുള്ള കവണിയും അമ്മിണി സാറിനെ ഞാന്‍ ആദ്യം കാണുന്നതുപോലെ നോക്കി. വീടിനോടടുത്തായപ്പോള്‍ ഞാന്‍ മുമ്പില്‍ കയറി ഓടി. ”അമ്മേ.. അമ്മേ…” കിതച്ചുകൊണ്ടാണ് വിളിച്ചത്.

ആകാംക്ഷയോടെ ഇറങ്ങി വന്ന അമ്മയോടൊപ്പം പ്രസന്നന്‍. സാറിനെ കണ്ടപ്പോള്‍ അവന്‍ അമ്മയുടെ പിന്നില്‍ ഒളിച്ചു.
”ഞാന്‍ അമ്മയെ ഒന്നു കാണാന്‍ വന്നതാ” മന്ദാരപ്പൂ വിരിഞ്ഞതുപോലെ അമ്മിണി സാറിന്റെ ചിരിവദനം.
”മോനെന്താ സ്‌കൂളില്‍ വരാത്തത്? മോന്റച്ഛനും ഒരു സാറു തന്നല്ലേ? പ്രസന്നാ… മോന്‍ നാളെ മുതല്‍ പള്ളിക്കൂടത്തില്‍ വരണം കേട്ടോ.. ഞാനാണ് മോനെ പഠിപ്പിക്കുന്നത്. നാളെ രാവിലെ ഞാന്‍ ഇവിടെ വരും. അപ്പോള്‍ പ്രസന്നന്‍ തയ്യാറായി നിന്നോണം. നമുക്ക് ഒരുമിച്ചു വേണം പോകാന്‍. അവിടെ ഒരുപാട് കൂട്ടുകാരൊക്കെയുണ്ട് കേട്ടോ. നമുക്കെല്ലാവര്‍ക്കും കൂടെ ഒരുമിച്ചു കളിക്കാം, കഥ പറയാം, പാട്ടുപാടാം. എഴുതാനും, വായിക്കാനും പഠിക്കാം. തമാശ പറയാം. എന്തുരസമാണെന്നോ, അവനെ ചേര്‍ത്തു നിര്‍ത്തി ടീച്ചര്‍ അവന്റെ കവിളില്‍ ഒരു മുത്തം കൊടുത്തു. നാളെ രാവിലെ നമ്മള്‍ രണ്ടുപേരും കൂടി പള്ളിക്കൂടത്തില്‍ പോകുമേ…”

അമ്മയുമായുള്ള കുശലപ്രശ്‌നങ്ങളില്‍ നിന്നാണ് അമ്മിണി സാറിനെ ഞാന്‍ അറിയുന്നത്. കോട്ടയം കാരി ആണ്. ഞങ്ങളുടെ വീട്ടില്‍ നിന്നും ഒരു മൈല്‍ അകലെയുള്ള കോണ്‍വെന്റിലാണ് സാര്‍ താമസിക്കുന്നത്. കോട്ടയത്തു നിന്നും പോയി വരാന്‍ വാഹനസൗകര്യങ്ങള്‍ ഒന്നും അന്നില്ലല്ലോ. കോണ്‍വെന്റില്‍ കന്യാസ്ത്രീകളെ കൂടാതെ താലൂക്ക് ഓഫീസില്‍ ജോലിയുള്ള ത്രേസ്യാമ്മ മാത്രമെ സഹവാസി ആയി ഉള്ളൂ. അമ്മിണി സാറിന്റെ വീട്ടില്‍ അപ്പനും അമ്മയും ഒരു ചേച്ചിയുമുണ്ട്. ചേച്ചിയുടെ ഭര്‍ത്താവ് പട്ടാളത്തില്‍ ആയതിനാല്‍ ചേച്ചി സ്വന്തം വീട്ടില്‍ ഉണ്ട്.

പിറ്റേന്ന് ഒന്‍പത് മണിക്കു മുമ്പേ അമ്മിണി സാര്‍ എത്തി. അമ്മ പ്രസന്നനെ കുളിപ്പിച്ച് ഒരുക്കി റെഡിയാക്കി നിര്‍ത്തിയിരുന്നു. ഉണര്‍ത്തു പാട്ടെന്ന് ഞങ്ങള്‍ വിശേഷിപ്പിക്കുന്ന പ്രസന്ന രോദനം അന്നത്തെ പ്രഭാതത്തില്‍ വീട്ടില്‍ സംഗീത മഴ പൊഴിച്ചില്ല. സന്തോഷത്തോടെ അല്ലെങ്കിലും അവന്‍ മടികൂടാതെ മുറ്റത്തേക്കിറങ്ങി. അമ്മിണി സാര്‍ അവനെ പൊക്കി എടുത്ത് റോഡിലേക്കുള്ള പടികള്‍ ഇറക്കി എന്റെ കണ്ണുകള്‍ കൗതുകവും അഭിമാനവും കൊണ്ട് പുഷ്പവാടി ഒരുക്കി. അതിനടുത്ത ദിവസങ്ങളിലും ഇതു തന്നെ ആവര്‍ത്തിച്ചു.
അമ്മ സാറിനോട് പറഞ്ഞു ‘ഇനി മാലതി ഇവനെ കൊണ്ടുവന്നാക്കട്ടെ’ അതുവേണ്ട എനിക്കിതില്‍ സന്തോഷമേയുള്ളു അവനെ ഞാന്‍ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യാം. സ്‌കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നതുകൊണ്ട് രാവിലെ ഒന്നാം ക്ലാസിലും ഉച്ച കഴിഞ്ഞ് മൂന്നാംക്ലാസിലും അമ്മിണി സാര്‍ ആയിരുന്നു ക്ലാസ് ടീച്ചര്‍. ഒന്നാം ക്ലാസ് വിട്ടുകഴിയുമ്പോള്‍ ടീച്ചര്‍ അവനെ ഒപ്പമിരുത്തി ചോറുവാരികൊടുക്കും. അതുകഴിഞ്ഞു മൂന്നാം ക്ലാസില്‍ ഇരുത്തും. അങ്ങനെ അറ്റന്‍ഡന്‍സില്‍ പേരില്ലെങ്കിലും പ്രസന്നന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി .അമ്മിണി സാറിന്റെ വിരലില്‍ തൂങ്ങിയാണ് അവന്റെ വരവും പോക്കും വന്നു കഴിഞ്ഞാലോ അമ്മിണിസാറിന്റെ വിശേഷങ്ങള്‍ എന്നെയും അമ്മയേയും പറഞ്ഞു കേള്‍പ്പിക്കും ഉറങ്ങുവോളം അമ്മിണി. സാറില്ലാതെ പ്രസന്നന്‍ ഇല്ല. പ്രസന്നനില്ലാതെ അമ്മിണി സാറില്ല എന്ന നിലയില്‍ ആയി അവരുടെ ബന്ധം.

ഒരു ആഴ്ചയറുതിയില്‍ വീട്ടില്‍ പോയ സാര്‍ തിങ്കളാഴ്ച വന്നില്ല. അമ്മിണി സാറു വരാത്തോണ്ടു ഞാനിന്നു പോവൂല്ല. അവന്‍ വാശിപിടിച്ചു. ഞാനും അമ്മയും ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും അവന്‍ പോയില്ല.
പിന്നീട് ഒരു ദിവസം ഇതേപോലെ അമ്മിണി സാര്‍ വരാത്തതിനാല്‍ പ്രസന്നന്‍ പോകാതിരുന്നു. ഇതൊക്കെയറിഞ്ഞ അമ്മിണി സാറിന് വലിയ സങ്കടമായി. ലീവ് എടുക്കാതിരിക്കാന്‍ പിന്നീട് സാറും ശ്രദ്ധിച്ചിരുന്നു.
ഒരു തിങ്കളാഴ്ച പതിവ് വേഷം മാറ്റി സാരി ഉടുത്താണ് അമ്മിണി സാര്‍ എത്തിയത്. ”ഇന്നെന്താ സാറേ വേഷത്തിനൊരു വ്യത്യാസം?’ അമ്മ ചോദിച്ചു. തല അല്‍പ്പം താഴ്ത്തി ലജ്ജയോടെ മറുമൊഴി. ‘ഇന്നലെ ഒരു കൂട്ടരു കാണാന്‍ വന്നു. അതിനുമേടിച്ച സാരിയാ’ നാട്ടിന്‍പുറങ്ങളില്‍ പെണ്ണുങ്ങള്‍ സാരി ഉടുക്കുന്ന പതിവ് അന്നില്ല. ക്രിസ്ത്യാനികള്‍ ചട്ടയും മുണ്ടും കവണിയും. മറ്റുള്ളവര്‍ ബ്ലൗസും മുണ്ടും നേര്യതും. എന്തൊക്കെ ആയാലും പിന്‍ഭാഗം മറക്കുന്ന വിശറി തൂക്കിയുള്ള ആ വേഷം എനിക്ക് അന്നും ഇന്നും വളരെ ഇഷ്ടമാണ്. ”എന്നിട്ട് എന്തായി സാറേ നടക്കുമോ?” ”ഇല്ല, അവരങ്ങു മലബാറിലാ. ഞാനീ ജോലി രാജിവെക്കണമെന്നാ അവരു പറേന്നേ. അതുമാത്രം ഞാന്‍ സമ്മതിക്കത്തില്ല. ഈ ജോലി കളഞ്ഞു വേറെ എങ്ങോട്ടും ഞാനില്ല. അല്ലേ മോനേ. ഞാന്‍ പോയാപ്പിന്നെ പ്രസന്നന്റെ പഠിത്തം പോവില്ലേ? അല്ലേ കുട്ടാ”.

അമ്മിണി സാര്‍ അവന്റെ കവളില്‍ തലോടി. അടുപ്പം എന്നത് വെറും ചര്‍മ്മസ്പര്‍ശം അല്ല ഹൃദയസ്പര്‍ശം ആണെന്നത് ഞാനറിഞ്ഞത് അപ്പോളാണ്.
കാലത്തിന്റെ കണക്കും നമ്മുടെ കണക്കുകൂട്ടലും ഒത്തുപോകണമെന്നില്ല. വല്യമ്മാവന് തീരെ സുഖമില്ല. എന്ന് അനിയത്തിയുടെ കത്ത് കിട്ടിയതോടെ വല്യേട്ടനെ ഒന്ന് കാണണമെന്ന് അമ്മയ്ക്ക് ഒരാഗ്രഹം. ആ ശനിയാഴ്ച രാവിലെ അമ്മ സ്വന്തം വീടായ ആലപ്പുഴയിലേക്ക് പുറപ്പെട്ടു. പ്രസന്നനെ മാത്രമേ കൂടെ കൂട്ടിയുള്ളു. ഞാനും ജോലിക്കാരി പാപ്പിചേച്ചിയും അച്ഛനും മാത്രം വീട്ടില്‍. തിങ്കളാഴ്ച രാവിലെ വരാമെന്നാണ് അമ്മ പറഞ്ഞത്. എന്നാല്‍ താമസിച്ചാല്‍ എന്റെ ക്ലാസ് നഷ്ടമായാലോ എന്നു കരുതി. എന്നെ കൂട്ടിയില്ല. തിങ്കളാഴ്ച അതിരാവിലെ തന്നെ അച്ഛന്‍ പോയി. ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് ആയതുകൊണ്ട് ഞാനും പാപ്പിചേച്ചിയും വീട്ടില്‍.

ഉച്ചയ്ക്ക് മുമ്പായിട്ടാണ് പോസ്റ്റ്മാന്‍ വന്നു ടെലഗ്രാമുണ്ടെന്ന് പറഞ്ഞത്. പാപ്പിചേച്ചി പറഞ്ഞതനുസരിച്ച് കമ്പിയില്‍ ഉണ്ടായിരുന്ന ഏക അംഗിവാക്യം അയാള്‍ വായിച്ചു. ഇന്നുരാവിലെ പ്രസന്നന്‍ കുളത്തില്‍ വീണു മരിച്ചു.
പാപ്പി ചേച്ചി അലറിക്കരഞ്ഞ് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു: ”എന്റെ … മോളെ.. നമ്മുടെ പ്രസന്നന്‍കുഞ്ഞ്… അയ്യോ മോനേ… പാപ്പി ചേച്ചിയുടെ കരച്ചിലും കെട്ടിവരിയലും കണ്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു. ഇതിനു മുമ്പും പലരും മരിച്ചത് കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണവീടുകളില്‍ എല്ലാം ആളുകള്‍ ഒച്ചയെടുത്ത് കരയുന്നത് എന്തിനാണ്. ഏതായാലും അവന്‍ വരുമ്പോള്‍ ചോദിക്കണം നീ എന്തിനാണ് കുളത്തില്‍ ഇറങ്ങിയതെന്ന്. പാപ്പിച്ചേച്ചിയുടെ വിലാപം കേട്ടിട്ടാകണം അയല്‍ക്കാരും നാട്ടുകാരും വീട്ടിലേക്ക് ഓടി എത്തിക്കൊണ്ടിരുന്നു. എല്ലാവരും അനുകമ്പയോടെ എന്നെയാണ് നോക്കുന്നത്. ഞാനെന്തു ചെയ്യാന്‍? പള്ളിക്കൂടത്തിലും പള്ളീലും പള്ളിമേടയിലും പാട്ടുപാറത്തോട്ടിലെ കുളിക്കടവിലും ഒഴുക്കുവെള്ളത്തിലും വരെ വാര്‍ത്ത പരന്നു.

അമ്മിണി സാര്‍ ഈ വാര്‍ത്ത എങ്ങനെ അംഗീകരിച്ചു എന്ന് എനിക്കറിയില്ല. പ്രായമോ ദൂരമോ അവസ്ഥയോ ഏതുമാകട്ടെ മനുഷ്യന് ഏറ്റവും കൃത്യമായി സൂക്ഷിക്കാന്‍ സാധിക്കുന്ന ഒന്ന് സ്വന്തം മനസ്സിലെ സ്‌നേഹമാണ്. തോക്കും ലാത്തിയും വാക്കത്തിയുമല്ല സ്‌നേഹത്തിന്റെ വാക്കാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇതൊക്കെ അമ്മിണി സാറിന്റെ പ്രവൃത്തിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ പില്‍ക്കാലത്ത് എന്റെ മനസ്സില്‍ ഉദിച്ച ആശയങ്ങളാണ്.
അന്ന് അമ്മിണി സാര്‍ വന്നു. അല്‍പ്പനേരം എന്നെ കെട്ടിപ്പിടിച്ച് നിന്നു. ഹൃദയം ദുഃഖത്താല്‍ നിറയുമ്പോഴുള്ള പൊട്ടിക്കരച്ചില്‍ പ്രകടിപ്പിക്കാന്‍ മടിച്ചിട്ടായിരിക്കണം എന്തോ ഓര്‍ത്തിട്ടെന്ന പോലെ പെട്ടെന്ന് പുറത്തേയ്ക്ക് ഓടിപ്പോകുന്നത് കണ്ടു. അമ്മിണി സാര്‍ പിന്നീട് ഞങ്ങളുടെ വീട്ടിലേക്ക് വന്നില്ല. അന്നു തന്നെ സ്വന്തം വീട്ടിലേക്ക് പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇഷ്ടപ്പെട്ട കുട്ടി നഷ്ടപ്പെട്ടതോര്‍ത്ത് വിഷമിച്ച അമ്മിണി സാറിന്റെ ശിഷ്ടകാലം കഷ്ടപ്പാടിന്റേത് മാത്രമായിരുന്നിരിക്കാം. അല്ലെങ്കില്‍ ആ സ്‌നേഹക്കൂമ്പാരത്തിനു വേണ്ടി ദൈവം മറ്റെന്തെങ്കിലും കരുതി വെച്ചിരുന്നിരിക്കാം. പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് പ്രസന്നന്‍ ഇല്ലാത്ത ആ വീടിനെയും പള്ളിക്കൂടത്തിനെയും പറ്റി അമ്മിണി സാറിന് ചിന്തിക്കാന് പോലും സാധിക്കുന്നില്ലത്രേ!
9446082299

Author

Scroll to top
Close
Browse Categories