ഒരേ ശബ്ദങ്ങള്‍

”ഈ പ്രപഞ്ചം മുഴുവന്‍ അന്വേഷിച്ചാലും സ്നേഹവും കാരുണ്യവും നിന്നെക്കാള്‍ അര്‍ഹിക്കുന്ന മറ്റൊരാളെ നിനക്ക് കണ്ടെത്താനാകില്ല”
അയാള്‍ അവളുടെ മുര്‍ദ്ധാവില്‍ തടവിക്കൊണ്ട് തുടര്‍ന്നു.

‘തഥാഗതന്റെ മൊഴി ഞാന്‍ ആവര്‍ത്തിച്ചെന്നേയുള്ളു. പക്ഷേ ഞാനിപ്പോള്‍ ഇത് പറയുന്നത് ഞാന്‍ നേടിയെടുത്ത അറിവില്‍ നിന്നും അല്ല എന്റെ ഹൃദയത്തില്‍ നിന്നാണ്. വായിച്ച പുസ്തകത്തില്‍ നിന്നല്ല. എന്റെ ഹൃദയത്തില്‍ നിന്നാണ്’
അവള്‍ക്ക് അപ്പോള്‍ ഒന്നും പറയാനായില്ല. കണ്ണുകള്‍ നിറഞ്ഞൊഴുകി .അവന്‍ അവ്യക്തനാകുന്നുവെങ്കിലും മനസ്സിന്റെ ഉള്‍ത്തടങ്ങളിലേക്കാണ് ആ സ്നേഹവും ഭാവവും രൂപവും ഒഴുകി പോകുന്നത് എന്ന് അവള്‍ തിരിച്ചറിഞ്ഞു.
അവളുടെ നീണ്ട കണ്‍പീലികളുടെ തുമ്പില്‍ അവശേഷിച്ച ഒരു തുള്ളി എത്രയോ നേരം കഴിഞ്ഞു തൊട്ടെടുത്തു കൊണ്ട് അവന്‍ പറഞ്ഞു.

”എനിക്കറിയാമായിരുന്നു അവസാനം ഞാന്‍ നിന്റെ അരികില്‍ എത്തും എന്ന്, നീ ലൗകിക സുഖങ്ങളില്‍ മുങ്ങിയവള്‍.. ഞാന്‍ ലോകം ഉപേക്ഷിച്ചവന്‍.. നമ്മുടെ രണ്ടുപേരുടെയും ഇടയ്ക്ക് ആണ് യഥാര്‍ത്ഥ ജീവിതം … നമ്മള്‍ ഒരുമിക്കുമ്പോള്‍ മാത്രമാണ് നേരായ വഴി തെളിയുന്നത്. അതേ ഒരു മധ്യമമാര്‍ഗ്ഗം വേണമല്ലോ.. എന്റെ ഗുരു എന്നെ പഠിപ്പിച്ചതും അത് തന്നെ.

കണ്ണീരുകൊണ്ട് കഴുകി കണ്ണ് ശുദ്ധമായപ്പോഴും അയാളുടെ ചുറ്റുമുള്ള പ്രകാശം കൊണ്ട് കണ്ണ് മഞ്ഞളിക്കുന്നതായി അവള്‍ക്ക് തോന്നി.
ഇപ്പോള്‍ അയാളുടെ സൗകുമാര്യത്തില്‍ മറ്റെന്തോ കൂടി അവള്‍ അറിയുന്നുണ്ട്.
അവള്‍ ഒരിക്കലും മനസ്സിലാക്കിയിട്ടില്ലാത്ത എന്തോ ഒന്ന്!
എത്ര പുരുഷന്മാരെ കണ്ടിരിക്കുന്നു. പക്ഷെ ഉപഗുപ്തന്റെ നോട്ടമാണ് തന്റെ ശരീരത്തെയും മനസിനെയും തളച്ചിട്ടത്… ആ ആര്‍ദ്രത നിറഞ്ഞ നോട്ടം.. ഒരു പുരുഷന് ഒരിക്കലും സാധ്യമാകാത്ത ഒരു നോട്ടം.. ഒരിക്കലല്ല എപ്പോഴും.. എന്തിനെയും…! ആ നോട്ടം ഏറ്റു ശരീരം തളര്‍ന്നു. കിടക്കയില്‍ പട്ടുമെത്തയില്‍ തളര്‍ന്നു കിടന്നു…

ഈ കണ്ണുകള്‍ ഞാനെന്തിന് കണ്ടു? ഈ നോട്ടം എന്തിനെന്നില്‍ ഏറ്റു? അവള്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും വിറയ്ക്കുന്നുണ്ടായിരുന്നു.
ജീവിതം മനസ്സിനും ശരീരത്തിനും നല്‍കിയ മുറിവുകളില്‍ നിന്ന് രക്തം ധാരധാരയായി അപ്പോഴും അവളില്‍ നിന്ന് ഒഴുകിക്കൊണ്ടിരുന്നു.
അവള്‍ ഏകാകിയായിരുന്നു. അതികഠിനമായ ജീവിത പരീക്ഷണങ്ങളാല്‍ അവളെ ലോകം പുറത്തേക്കു തള്ളുമ്പോള്‍ സന്തതസഹചാരിയായ ഒരു കൂട്ടുകാരി മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്.
അവളും അയാളെ കണ്ടപ്പോള്‍ എങ്ങോട്ടോ മാറി പോയി.
തന്റെ മനസ്സ് അറിയുന്ന അവള്‍ പ്രിയ കൂട്ടുകാരിക്ക് സൗകര്യമൊരുക്കിയതാവും.

ജീവന്‍ ചോര്‍ന്നു പോകുന്ന ഒരു മാനസിക അവസ്ഥയിലായിരുന്നു അവള്‍…
അയാളെ കണ്ടപ്പോള്‍ അവളില്‍ ജീവചൈതന്യം വീണ്ടും തുടിച്ചു തുടങ്ങി.
അവള്‍ അയാളെ സാകൂതം നോക്കിക്കൊണ്ടിരുന്നു.
അതെ അവള്‍ക്ക് അപ്പോള്‍ അത് മാത്രമേ സാദ്ധ്യം ആകുമായിരുന്നുള്ളു. മനസ്സിന് നിറവാകുമായിരുന്നുള്ളു.

ഒരിക്കലും ഒരിക്കലും കാണാത്തതുപോലെ കണ്ടിട്ടും കണ്ടിട്ടും കൊതിമാറാത്ത പോലെ, എന്നും എന്നും കാണാനുള്ളതുപോലെ അവള്‍ അവനെ നോക്കിക്കൊണ്ടേയിരുന്നു.
ഇതുവരെ മരിച്ചു പോകാത്തത് ഈ കാഴ്ചയ്ക്ക് വേണ്ടി മാത്രമാണ് എന്ന് മനസ്സിലായി. അവള്‍ അറിയാതെ അവളില്‍ ഒരു പരമാനന്ദഭാവം നിറയുന്നുണ്ടായിരുന്നു.
അതവളെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാക്കി പരിവര്‍ത്തനം ചെയ്തു. നാശത്തില്‍ നിന്നുള്ള പുനര്‍ജനനം ജീവനമുക്തി, ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് മാറുന്ന അസുലഭ മുഹൂര്‍ത്തം! അത് അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമാണ്.

വാസവദത്തയ്ക്ക് അന്ന് എത്ര ഒരുങ്ങിയിട്ടും മതിയായില്ല. കസവുമുണ്ട് പലവട്ടം കുടഞ്ഞുടുത്തു. കസവും മുഴുവന്‍ നേര്‍വരയായി പുറത്തു കാണണം. അതും അര മുതല്‍ പാദം വരെ നീളത്തില്‍ മദ്ധ്യത്തില്‍.
മുലക്കച്ചയിലെ പട്ടുതോങ്ങലുകള്‍ അല്പം ചെരിഞ്ഞു കിടന്നോട്ടെ! ചെവിയുടെ പുറകില്‍ അല്‍പ്പം മുല്ലമാല ആടി കിടക്കട്ടെ. ബാക്കി മതി പുറകോട്ട്.
സാധാരണ ഇങ്ങനെ പഴഞ്ചന്‍ രീതിയില്‍ അവളൊരുങ്ങാറില്ല.
ജീന്‍സും കുര്‍ത്തയും ആണ് ഇഷ്ടവേഷം. പിന്നെ പതിവ് ദിവസങ്ങളില്‍ ഇഷ്ടപ്രകാരം വേഷം പലതും മാറി മാറി ഉപയോഗിക്കാറുണ്ട്.
പഴഞ്ചന്‍ രീതിയിലെ വസ്ത്രധാരണം ആര്‍ക്കും ഇപ്പോള്‍ ഇഷ്ടമല്ല.
പക്ഷെ ഇന്ന് ഉപഗുപ്തന്‍ വന്നാല്‍ അയാള്‍ക്ക് ഇഷ്ടം ഈ വേഷം ആവും എന്ന് അവള്‍ക്ക് തോന്നി.

എന്തുകൊണ്ടാണെന്നറിയില്ല വല്ലാത്തൊരു അടുപ്പം തോന്നി ആദ്യം മുതല്‍ അയാള്‍ക്ക് വലിയ പണമോ പ്രൗഡിയോ ഇല്ല. അധികാരവുമില്ല.
ഒരുപൊതുനിരത്തില്‍ കൂടി നടന്നു പോകുന്നതാണ് ആദ്യം കണ്ടത്….! എന്തൊരു ഭംഗി! എന്തൊരു ചൈതന്യം! നോക്കി നിന്നുപോയി വെയില്‍ കൊണ്ട് തുടുത്ത ആ മുഖം.
തന്റെ പുതിയ കാറിന്റെ ഗ്ലാസ് ഒന്ന് താണു..
ഒന്നുനോക്കുന്നതു പോലുമില്ലല്ലോ!
നിരത്തിലെ എല്ലാവരും ഈ സുന്ദരി ആരാണെന്ന ഭാവത്തോടെ തന്നെ ശ്രദ്ധിക്കുന്നുണ്ട്. വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ തന്റെ അനുഭവം ഇതാണ് എവിടെപ്പോയാലും എല്ലാവരും നിന്നു നോക്കും, തിരിഞ്ഞു നോക്കും. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും വൃദ്ധരും..
എന്നിട്ട്… ഒരു യുവാവ് കണ്ടിട്ടും കണ്ടഭാവം വെക്കാതെ വളരെ അടുത്തു കൂടെ നടന്നു നീങ്ങുന്നു. അന്ന് തീരുമാനിച്ചതാണ് ഇവനെന്റേതാണെന്ന്!
പക്ഷേ പിന്നീടാണ് ആ സത്യം മനസ്സിലായത് അവന്‍ കണ്ടഭാവം വെക്കാതെ നടന്നതല്ല. കണ്ടിരുന്നില്ല, ഒന്നും…

അയാളുടേത് മാത്രമായ മറ്റൊരു ലോകത്താണ് അയാള്‍.
ചുറ്റുമുള്ള ഒന്നിനെയും മറ്റൊന്നിനെയും കാണുന്നില്ല!
അവന്‍ ആശയങ്ങള്‍ പടര്‍ത്തുന്നുണ്ട്. പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
മനുഷ്യരെ കണ്ടാല്‍ അവരുടെ ശരീരം കാണാത്ത മനുഷ്യന്‍ ഉണ്ടാകുമോ? മുമ്പില്‍ നില്‍ക്കുന്ന മനുഷ്യന്റെ മുഖം തിരിച്ചറിയാത്ത മനുഷ്യന്‍ ഉണ്ടാകുമോ? മുഖങ്ങള്‍ക്കപ്പുറം, ശരീരങ്ങള്‍ക്കപ്പുറം മറ്റെന്തോ നോക്കുന്ന ഒരു മുഖം ആയിരുന്നു അയാള്‍ക്കുണ്ടായിരുന്നത്.

അതെന്താണെന്നോ എന്തുകൊണ്ടാണെന്നോ ഒരിക്കലും അയാള്‍ പറഞ്ഞില്ല. ആരും അറിഞ്ഞില്ല. പലരുടെയും ജീവിതാന്വേഷണമായിരുന്നു അത്.
ഒന്നും ആവശ്യമില്ലാതെ, ഒരു കാറ്റുപോലെ കടന്നു പോകുന്ന മനുഷ്യര്‍ ഉണ്ടാകുമെന്നാണ് അയാളുടെ കഥ പറയുന്നത്. ജീവിതം പറയുന്നത്.
ചിലപ്പോള്‍ അയാള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഉണ്ടാകും.
ചിലപ്പോള്‍ ആരും ഇല്ലാത്തിടത്തു എന്തോ ആലോചിച്ചു കൊണ്ടിരിക്കും…!
അപൂര്‍വമായി അയാള്‍ ആള്‍ക്കൂട്ടത്തോട് സംസാരിക്കും.
പക്ഷെ എവിടെ കിളികൾ പൂ പോലെ കൊഴിഞ്ഞു വീഴുന്നുവോ അവിടേക്കൊക്കെ അയാള്‍ ഓടിയെത്തും. അതിനെ കയ്യിലെടുത്തു നെഞ്ചോടു ചേര്‍ക്കും!
അയാള്‍ എങ്ങോട്ട് പോകുന്നുവെന്നോ എവിടുന്നു വരുന്നുവെന്നോ ആര്‍ക്കുമറിയില്ല!
ഇതൊക്കെ അവള്‍ അവനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ വിവരങ്ങള്‍ ആണ്.
അയാളുടെ ആ ലോകം എന്താണെന്ന് അറിയാനുള്ള ആഗ്രഹം അവളില്‍ ഉണര്‍ന്നുവന്നു. അപ്പോള്‍ മുതല്‍ വാസവദത്ത ഉപഗുപ്തന്റേതായി! ഗോപുരങ്ങള്‍ ഉയരുന്നതിന്റെയും പൊടിഞ്ഞ് അമരുന്നതിന്റെയും ശബ്ദം ഒന്നാണെന്ന് അവള്‍ക്ക് അതോടെ ബോധ്യമായി!
ആ ശബ്ദം പ്രകൃതിയില്‍ നിറഞ്ഞത് ഇങ്ങനെയായിരുന്നു.
”ബുദ്ധന്‍ എന്നാല്‍ ഉണര്‍ന്നവന്‍.. നീ ഉണരൂ…”
ഉപഗുപ്തന് അവനും അവന്റെ ഗുരുവും ഒന്നാണ് രണ്ടല്ല…
ഒരേ ജീവിതം രണ്ടുപേരുടെയും! ഉപഗുപ്തന്‍ ബുദ്ധന്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. സിദ്ധാർത്ഥന്‍, ഗൗതമന്‍, ഉപഗുപ്തന്‍, ബുദ്ധന്‍ എല്ലാം മനുഷ്യന്റെ ചില അവസ്ഥകള്‍…
നിരന്തരം അവന്‍ മനുഷ്യരെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.
ഉപഗുപ്തന്‍ ലാപ്ടോപ്പില്‍ ഒരു കഥ തിരഞ്ഞു. തന്റെ ഗുരു പറഞ്ഞതാണ് ബുദ്ധന്റെ കഥ വായിക്കാന്‍!
രാഷ്ട്രമീമാംസ ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതാണ് ഡിഗ്രിക്ക് വിഷയമായി പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിച്ചിരുന്ന ഗൗതമന്‍ സാറാണ് തന്റെ പ്രിയപ്പെട്ട ഗുരു.
അദ്ദേഹമാണ് അന്ന് പറഞ്ഞത് ”നീ ചരിത്രം കുറെക്കൂടി പഠിക്കണം. വ്യത്യസ്ത ദര്‍ശനങ്ങള്‍ മനസ്സിലാക്കണം. കുറച്ചു രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക പ്രവര്‍ത്തനവും പാര്‍ട്ടി വിഷയവും പഠനവുമായി മാത്രം നടന്നാല്‍ പോര’ എന്ന്…
തന്റെ മനസ്സില്‍ എന്നേ തോന്നിത്തുടങ്ങിയ കാര്യം ഗുരു ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു.

ഒന്നിനും അര്‍ത്ഥമില്ലാത്ത പോലെ തോന്നി തുടങ്ങിയിട്ട് കാലം കുറച്ചായി… ചിലര്‍ പറഞ്ഞു ”നീ ഇപ്പോഴേ ഇത്ര വേദാന്തം പറയണ്ട” എന്ന് ചെറുപ്പമാണ് പോലും! ഒരു ജന്മത്തിനിടക്ക് എന്ത് ചെറുപ്പം? എന്ത് വൃദ്ധത്വം?
ഗുരുവിന്റെ വാക്ക് അവസാന വാക്കായി കാണുന്ന ഉപഗുപ്തന്‍, ഗുരുവചനം കേട്ട അന്നുമുതല്‍ തന്റെ ലക്ഷ്യമായി മറ്റെന്തോ കണ്ട് ജീവിതയാത്ര തുടങ്ങി. ആ യാത്രയില്‍ അവന്റെ പ്രധാനലക്ഷ്യം ബുദ്ധനെ മനസ്സിലാക്കുക എന്നതായിരുന്നു.
അങ്ങനെ ജീവിതം കൊണ്ട് ബുദ്ധനെ മനസ്സിലാക്കിയ ഈ ഉപഗുപ്തന്‍, തന്റെ വികാരം കൊണ്ട് ബുദ്ധനെ മനസ്സിലാക്കിയ, ഈ വിലാസവതിയായ… അതാ…. നോക്കൂ… ജീന്‍സും ഷര്‍ട്ടും ഇട്ട് സ്‌കൂട്ടറില്‍ വന്നിറങ്ങുന്ന വാസവദത്തയെ അതിജീവിക്കുമോ? അതോ മദ്ധ്യമമാര്‍ഗം അവര്‍ സ്വീകരിക്കുമോ?

Author

Scroll to top
Close
Browse Categories