മടക്കം
ഓരോ വഴിയും ഓരോ നിഴലും
ഓരോ വിലാപവും
എനിക്കു പിന്നാലെ.
വിദൂരതയിലലിഞ്ഞു ചേരുന്ന
മർമ്മരങ്ങൾ
ചുറ്റിലും
ശ്വാസമെടുക്കുന്ന മാറ്റൊലികൾ
എല്ലാം എനിക്കു പിന്നാലെ.
കാലുകൾക്ക് വേഗതയേറിയിരുന്ന
നിമിഷങ്ങൾ
ഇവിടെ അവസാനിക്കുന്നു…
എപ്പോഴാണ് ഇതുവഴി
കാറ്റ് കടന്നു പോയത് ?
ഉടൽ രഹിത വേരുകൾ
അനാഥമായ്
മണ്ണിലിഴയട്ടെ ….
വാക്കിൽപ്പണിത
പാട്ടിൻ്റെ നിർമ്മിതികൾ
ഇവിടെ നിൽക്കട്ടെ ….
സ്വന്തമായിരുന്ന
അപൂർവ നിമിഷങ്ങൾക്കു മേൽ
തിരശ്ശീല വീഴുന്നു….
ചിറകൊടിഞ്ഞ
പക്ഷിക്കുഞ്ഞിൻ്റെ പാട്ടിനാൽ
നിമിഷങ്ങൾ പ്രകമ്പിതം…!
വിദൂരതയിൽ നിന്നും
അരൂപികളുടെ
നിലയ്ക്കാത്ത അശരീരി….!
അത് കാതുകളെ പൊള്ളിക്കുന്നു.
ജീവകോശങ്ങളെ
വേട്ടയാടിപ്പിടിക്കുന്നു.
ഇനിയുമെനിക്കു വയ്യ
കാതുകളെ ബധിരമാക്കാൻ ….
കാറ്റ്
മലയിറങ്ങി വരുന്നുണ്ട്.
പൂമരങ്ങളുടെ
മുടിയിഴകളെ
തഴുകിയിളക്കുന്നുണ്ട്.
തളിരിലകളെ
ചുഴറ്റിയെറിയുന്നുണ്ട്….
വൃക്ഷ ശിഖരങ്ങളിൽ
ഏതോ നർത്തകരുടെ
ചിലമ്പൊലി.
തളർച്ചയറിയാതെ
ഒരു ചില്ലയിൽ നിന്ന്
മറ്റൊന്നിലേയ്ക്ക്
രാവ് നിറഞ്ഞ് കവിഞ്ഞ്
പകർന്നാടുന്നത്
ഏത് നർത്തകരാണ്….?
കാറ്റിൻ്റെ ഓളപ്പരപ്പിൽ
എന്തൊക്കെയാവും
അലഞ്ഞു മറയുക ?
എന്ത് ?
കാറ്റിന് തീപിടിക്കുന്നോ ?
ഹൃദയഹാരിയായ
അശരീരിയുടെ മാന്ത്രികതയിൽ
എന്നെ ബന്ധിച്ചിരിക്കുന്ന
ചങ്ങലകൾ അഴിഞ്ഞു വീഴുന്നു.
പൂട്ടുകൾ തുറക്കപ്പെടുന്നു.
ഞാനിതാ വരുന്നു ….
തടവറയിൽ അകപ്പെട്ടുപോയ
ഭൂമിയും
എനിക്കൊപ്പമുണ്ട്….!
9447011506