അമ്മ വരച്ച വരയിലെ തെറ്റ്
അവധി വരുമ്പോള്‍ ക്വാട്ട കൂടാതെയും മദ്യം വാങ്ങും.നാട്ടിലുള്ള കൂട്ടുകാരാണ് അപ്പോള്‍ മുന്നില്‍. ഓരോ അവധി കഴിഞ്ഞ് പോകുമ്പോഴും അവര്‍ പറയും ഇനി എന്നാണ് ഇങ്ങനെയൊരു ആഘോഷം.അത് ചുമ്മാതെ. ഇടയ്ക്കിടെ അവര്‍ കൂടാറുണ്ട്. അവര്‍ക്കിടയില്‍ ആകെയുള്ളൊരു പട്ടാളക്കാരനാണ് ഞാന്‍.ബാക്കിയുള്ള പട്ടാളക്കാരൊക്കെ പെന്‍ഷനായവരും.സിക്കിമില്‍ സര്‍വ്വീസ് ചെയ്യുന്ന കാലത്താ യിരുന്നു അവര്‍ക്ക് ഉത്സവം. അഞ്ചിന്റെയും മൂന്നിന്റെയും ലിറ്റര്‍ മദ്യ ക്യാനുകള്‍ അവിടെ കിട്ടും. അതും വാങ്ങിയാണ് വരവ്. മദ്യം അവിടെ സുലഭമായതുകൊണ്ട് പട്ടാള ക്യാന്റീനില്‍ നിന്നും വാങ്ങണമെന്നില്ല.ആദ്യമായി ക്യാന്‍ കൊണ്ട് വന്ന് അവര്‍ക്ക് മുന്നില്‍ വെച്ചപ്പോള്‍ എന്തായിരുന്നു ആരവം.
രാജന്‍ ചേട്ടന്റെ വീടിന്റെ ടെറസിനുമേലാണ് ഇത്തരം കൂടലുകള്‍.
വൈകുന്നേരം ഏഴ് മണിയോടടുപ്പിച്ച് തുടങ്ങും. രാത്രി പന്ത്രണ്ട് മണിയോളം നീളും.അങ്ങനെ വൈകി ചെല്ലുന്ന ദിവസങ്ങളില്‍ അച്ഛന്റെ മുറുമുറുപ്പുണ്ടാകും. ആ മുറുമുറുപ്പില്‍ അല്പം എരിവ് കൂടി ചേര്‍ത്ത് രാവിലെ അമ്മ എനിക്ക് മുന്നില്‍ വിളമ്പും. ചിരിയിലൊതുക്കുന്നതു കൊണ്ട് വിഷയം ഗുരുതരമാകില്ല.
രാജന്‍ ചേട്ടന്റെ ഭാര്യ ഒന്നാന്തരം ഭക്ഷണമൊരുക്കും.അവിടെ കൂടുന്നതിന്റെ കാരണവും അതു തന്നെ.പോത്തും ചിക്കനും ചീനിയും പൊറോട്ടയുമാണ് താരങ്ങള്‍. എന്തൊക്കെയുണ്ടെങ്കിലും പോത്ത് കറിയാണ് ഉഷാറ്. നല്ല ഒന്നാന്തരം പോത്ത് അവിടെ കിട്ടും. നാട്ടില്‍ വരുമ്പോള്‍ മാത്രം കിട്ടുന്ന പോത്തും ചീനിയിലുമാണ് എന്റെ കണ്ണ്. എല്ലാ അവധിയിലും രണ്ട് വട്ടം അങ്ങനെ കൂടാറുണ്ട്.ഒന്ന് വന്നതിന്റെ സന്തോഷം. മറ്റൊന്ന് പോകുമ്പോഴുള്ള സങ്കടത്തിന്റെ ആഘോഷം.എന്തെങ്കിലും കാരണം വേണമെന്ന് മാത്രം.പുതിയ ട്രെന്റ് മരണമാണ്.നാട്ടില്‍ ആര് മരിച്ചാലും രണ്ടെണ്ണമടിച്ച് മരിച്ചതിന്റെ സങ്കടം തീര്‍ക്കും.
പട്ടാളബാരക്കിലെ അസ്വാതന്ത്ര്യത്തില്‍ നിന്നെത്തുന്ന എനിക്ക് അത്തരത്തിലുള്ള ആഘോഷങ്ങള്‍ ആനന്ദകരമാണ്.ഇത് ഇപ്പോള്‍ നിവേദിന്റെ കല്ല്യാണം.ക്യാമ്പിലേക്ക് അയച്ച കല്ല്യാണ കുറിക്കൊപ്പം അവന്റെ കത്തുകൂടിയുണ്ടായിരുന്നു.’കല്ല്യാണമാണെന്ന് ഓര്‍മ്മയുണ്ടാകണം’ ആ വരിയിലെ ധ്വനി മനസ്സിലാക്കി ഞാന്‍ ചിരിച്ചു.എന്തു കൊടുത്താലും കിട്ടാത്തൊരു സ്‌നേഹമാണ് മദ്യത്തിനുള്ളത്.സ്‌നേഹമെന്ന് പറഞ്ഞാല്‍ ഒന്നൊന്നര സ്‌നേഹം.
കല്ല്യാണ തലേദിവസത്തെ തിരക്കൊഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ ടെറസിന്‍ മേലെത്തിയത്. വൈകുന്നേരം അയല്‍ക്കാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊക്കെ കഴിക്കാന്‍ ബേക്കറി പലഹാരങ്ങളുണ്ടായിരുന്നു.രണ്ടാമത്തവന്റെ കല്ല്യാണമായതു കൊണ്ട് തലേ ദിവസം വലിയ ആര്‍ഭാടങ്ങളൊന്നുമുണ്ടായിരുന്നില്ല.കുടിക്കാന്‍ ചായയും രസ്‌ന കലക്കിയതും. എല്ലാം ഉഷാറായി തന്നെ നടന്നു.ബേക്കറി പലഹാരങ്ങളില്‍ നിന്ന് കുറച്ച് ടെറസിലുമെത്തി. രാവിലെ കുപ്പിയെത്തിച്ച് ഞാന്‍ വാക്ക് പാലിച്ചു.രഹസ്യമായി അത് ടെറസിലുമെത്തി. ഗ്ലാസ്സും മദ്യകുപ്പിയും പലഹാരവും നിരന്നു. പലഹാരത്തിലേക്കും നിവേദിന്റെ മുഖത്തേക്കും രാജന്‍ ചേട്ടന്‍ മാറി മാറി നോക്കി.ആ നോട്ടം കണ്ട് ഞങ്ങള്‍ ചിരിച്ചു.
‘ഇത് എന്തരടെ.കല്ല്യാണ പാര്‍ട്ടിയോ ടീ പാര്‍ട്ടിയോ. ഇതാണോടാ ടെച്ചിംഗ്‌സ്.ഇതൊന്നുമായിരുന്നില്ലല്ലോ കോപ്പേ വീരവാദം’
രാജന്‍ ചേട്ടന്‍ പറഞ്ഞത് കേട്ട് ഞങ്ങളുടെ ചിരിയ്ക്ക് ഒച്ച കൂടി.ജാള്യത്തില്‍പ്പെട്ട നിവേദ് ദേ, ഇപ്പോ കാണിച്ച് തരാമെന്നവിധം പൊടുന്നനെ താഴേയ്ക്ക് ഇറങ്ങി ബൈക്കുമെടുത്ത് സുനിലിനെയും കൂട്ടി കവലയിലുള്ള വിക്രമണ്ണന്റെ ഹോട്ടലിലേക്ക് വിട്ടു.ആ പോക്ക് കണ്ട് രാജന്‍ ചേട്ടന്‍ ഉച്ചത്തില്‍ ചിരിച്ച് നിരന്ന ഗ്ലാസ്സുകളിലേക്ക് മദ്യം പകര്‍ന്നു.വണ്ടിയെടുക്കുന്നത് കണ്ട് ‘നീ ഇത് എവിടേക്കാടാ രാത്രിയിലെന്ന്’ ചോദിച്ചുകൊണ്ട് നിവേദിന്റെ അമ്മ ദേവിക ഇറങ്ങി വന്നെങ്കിലും തിരിഞ്ഞു നോക്കാതെ അവന്‍ വിട്ടു.പറഞ്ഞാല്‍ അപ്പോള്‍ വിലക്കും.അവന്റെ ആ പോക്ക് കണ്ട് ഗേറ്റിലേക്ക് നടന്ന ദേവികയെ തടഞ്ഞുകൊണ്ട് ടെറസില്‍ നിന്ന് നിഖില്‍ വിളിച്ചു പറഞ്ഞു. ‘പൂക്കടയിലേക്ക് പോയതാണമ്മേ’ കൈവരിയില്‍ പിടിച്ചു നില്‍ക്കുന്ന നിഖിലിനെ നോക്കി നേരത്തെ പോകാമായിരുന്നില്ലേയെന്ന് ചോദിച്ച് അരിശത്തില്‍ കയറിപോയി.അടുത്ത ബന്ധുക്കളായ പെണ്ണുങ്ങള്‍ക്ക് മുടിയില്‍ ചൂടാന്‍ മുല്ലപ്പൂ വേണമെന്ന് ദേവിക നേരത്തെ പറഞ്ഞതാണ് നിഖില്‍ അന്നേരമെടുത്ത് പ്രയോഗിച്ചത്. ഈ കൂടല്‍ കഴിഞ്ഞിട്ട് വേണം പൂക്കടയില്‍ പോകാന്‍.
കുപ്പികള്‍ കാലിയാകാന്‍ അധിക നേരമൊന്നുമെടുത്തില്ല.തലയ്ക്ക് പിടിക്കുന്ന തനുസരിച്ച് പട്ടാള സാധനത്തെ പുകഴ്ത്തി പുകഴ്ത്തി വാനോളമെത്തിച്ചു . ബിവറേജില്‍ കിട്ടുന്നതിനെ എപ്പോഴത്തെയുംപോലെ കാടിവെള്ളമാക്കി.മദ്യം എന്റെ വകയായതുകൊണ്ട് അവര്‍ക്കിടയിലെ താരം എന്നും ഞാന്‍ തന്നെ.ആ ധൈര്യത്തിലാണ് തലയ്ക്ക് പിടിച്ചപ്പോള്‍ കുറെ കാലമായി ഉള്ളില്‍ കിടന്നൊരു വിഷയം പുറത്ത് വന്നത്.
‘എന്ത് മക്കളാടോ നിങ്ങള്‍.നിഖിലിന്റെ കല്ല്യാണത്തിനോ നിങ്ങളുടെ അച്ഛനെ വിളിച്ചില്ല.ദേ,ഇപ്പോള്‍ നിന്റെ കല്ല്യാണം. ഇപ്പോഴും അച്ഛനില്ല.എന്ത് തെറ്റാടോ ആ മനുഷ്യന്‍ നിങ്ങളോട് ചെയ്തത്.അങ്ങനെയെന്തെങ്കിലും അരുതാത്തത് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അതൊക്കെ മറക്കേണ്ട കാലം കഴിഞ്ഞില്ലേ.ജീവിച്ചിരിക്കുമ്പോഴാല്ലേ പൊറുക്കാനും മറക്കാനുമൊക്കെ കഴിയേണ്ടത്.മരിച്ച് കഴിഞ്ഞിട്ട് അവര്‍ക്ക് വേണ്ടി എന്ത് ചെയ്തിട്ടെന്ത് കാര്യം’
അവധി വരുമ്പോഴെല്ലാം നിവേദിന്റെ അച്ഛനെ കവലയിലെ ഏതെങ്കിലുമൊരു കടത്തിണ്ണയില്‍ കാണാറുണ്ട്.അവരോട് അക്കാര്യം ചോദിക്കണമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്.ധൈര്യം പോര.പക്ഷേ ഇപ്പോള്‍ മദ്യം അത് പുറത്തേക്ക് തള്ളി. അങ്ങനെ ചില ഗുണങ്ങളുണ്ട് ഈ ചുവപ്പന്.പറഞ്ഞു കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്നവരുടെ കൂര്‍ത്ത നോട്ടം കണ്ട് പറഞ്ഞത് തെറ്റായെന്ന ചിന്തയില്‍ നാവ് കടിച്ചു.ആഹ്ലാദത്തിന്റെ ശബ്ദങ്ങള്‍ മുഴങ്ങിയിടത്ത് സൂചിവീണാല്‍ കേള്‍ക്കുംവിധം നിശ്ശബ്ദത.താനെന്ത് കോപ്പാടാ ഈ നേരത്ത് എഴുന്നള്ളിയതെന്ന ചോദ്യം അവരുടെയൊക്കെ മുഖത്ത് വെറളി പിടിച്ചു നിന്നു.രാജന്‍ ചേട്ടന്റെ നോട്ടം താങ്ങാനാകാതെ ഞാന്‍ ശിരസ്സ് കുനിച്ചു.നിഖിലും നിവേദും കേള്‍ക്കാന്‍ പാടില്ലാത്തതെന്തോ കേട്ട ഞെട്ടലില്‍ തറഞ്ഞു നിന്നു. അവര്‍ കാണാറുണ്ട് അച്ഛനെ.കടത്തിണ്ണയില്‍ കൂനിക്കൂടിയിരിക്കുന്നത്.ഒരിക്കല്‍ പോലും തോന്നിയിട്ടില്ല തങ്ങള്‍ക്ക് ജന്മം തന്ന മനുഷ്യനാണ് അതെന്ന്.അച്ഛന്‍ മരിച്ചുവെന്ന വിധമാണ് ദേവിക അവരെ വളര്‍ത്തിയത്.എന്നും വെറുപ്പിന്റെ ഒരു ശബ്ദം ദേവികയുടെ വാക്കുകളില്‍ അവര്‍ രുചിച്ചു. ഒരു തെരുവ് തെണ്ടി.അതില്‍ കവിഞ്ഞൊരു പരിഗണനയും അയാള്‍ക്ക് അവര്‍ കൊടുത്തില്ല.അമ്മ ചൂണ്ടി കാണിക്കാത്തിടത്തോളം അത് തങ്ങളുടെ അച്ഛനാണെന്ന് ചിന്തിക്കാനുള്ള ഒരു കാരണവും അവര്‍ക്കുണ്ടായിരുന്നില്ല.അമ്മ പറഞ്ഞറിവില്ല.,അയാള്‍ തങ്ങളുടെ അച്ഛനാണെന്ന്.പലപ്പോഴായി മറ്റാരൊക്കെയോ പറഞ്ഞറിവ്.
തെരുവ് നായ്ക്കള്‍ക്കൊപ്പം ഉറങ്ങുന്ന അയാളെ കണ്ടാല്‍ പറയില്ല ഒരു കാലത്ത് പ്രതാപിയായിരുന്നുവെന്ന്.അയാള്‍ക്കൊപ്പം ചെറുപ്പകാലത്ത് ഗള്‍ഫിലും സിംഗപ്പൂരിലു മൊക്കെ ജോലി തേടി പോയവരൊക്കെ ഇന്ന് സമ്പന്നരായി ജീവിക്കുന്നു. അത്തരം സ്വപ്‌നങ്ങളുമായിട്ടാണ് അയാളും മടങ്ങി വന്നത്.പക്ഷേ തെരുവായിരുന്നു അയാളെ കാത്തിരുന്നത്.ഭാര്യയെയും അവളുടെ സഹോദരങ്ങളെയും കണ്ണും പൂട്ടി വിശ്വസിച്ചതാണ് അയാള്‍ ചെയ്ത തെറ്റ്.എല്ലാം സ്വന്തമാക്കിയ അവര്‍ക്കു മുന്നില്‍ ഒരു പട്ടിയുടെ വില പോലുമില്ലെന്നറിഞ്ഞപ്പോള്‍ മിഴിച്ചു നിന്നു.സ്വന്തം കിടപ്പറപോലും അന്യമാവുകയും ഭക്ഷണമേശ പതിയെ പതിയെ അയാള്‍ക്ക് മുന്നില്‍ ശൂന്യമാവുകയും കേള്‍ക്കാന്‍ പാടില്ലാത്തതൊക്കെ കേട്ട് കാതടയുകയും ചെയ്തപ്പോള്‍ തെരുവിലേക്ക് ഇറങ്ങി.തിരിച്ചുവിളിയുണ്ടാകുമെന്ന് കരുതി പ്രതീക്ഷ നിറച്ച് ഇരുന്നിട്ട് അതിനുമേല്‍ കരിമ്പടം വീണു. കരുതിക്കൂട്ടിയായിരുന്നു അവര്‍.വിജയിക്കുകയും ചെയ്തു. അത്തര ത്തിലുള്ള നിരവധി കഥകളുണ്ട് നാട്ടുകാര്‍ക്കിടയില്‍.സത്യമെന്താണെന്ന് അമ്മയോട് ചോദിക്കാനുള്ള ധൈര്യം അവര്‍ക്കില്ല.കാരണം എല്ലാ കഥയുടെയും അവസാനം അമ്മയാണ് തെറ്റുകാരി.
നിഖിലിന്റെ വിവാഹ വാഹനം കവലയിലൂടെ കടന്ന് പോകുമ്പോള്‍ മിഴി നീരിനിടയിലൂടെ കടത്തിണ്ണയിലിരുന്ന് അയാള്‍ കണ്ടു.അന്ന് പുലര്‍ച്ചെ അയാള്‍ നേരത്തെ എഴുന്നേറ്റു.അലങ്കരിച്ച വാഹനത്തെയും പ്രതീക്ഷിച്ച് ആകാംഷയില്‍ ഇരുന്നു. കഴിഞ്ഞ ദിവസം ആരോ പറഞ്ഞറിഞ്ഞതാണ് നിഖിലിന്റെ വിവാഹത്തെ കുറിച്ച്.രാത്രി ഉറക്കം വന്നില്ല. തന്റെ മകന്റെ കല്ല്യാണം. ഉള്ള് ത്രസിച്ചു. ചുറ്റും കിടന്നുറങ്ങുന്ന നായ്ക്കളോട് മക്കളെ കുറിച്ച് പറഞ്ഞ് നേരം വെളുപ്പിച്ചു . കഥ കേട്ട് നായ്ക്കള്‍ മുഷിഞ്ഞിട്ടാകണം കാലുകള്‍ക്കിടയിലേക്ക് ചെവിയടക്കം തിരുകി ഉറങ്ങിയത്. വൈകുന്നേരത്തെ വിവാഹ സത്ക്കാരത്തില്‍ വിളിക്കാത്തൊരു അഥിതിയായി അയാള്‍ ചെന്നു.പാചകപുരയുടെ ഓരം ചേര്‍ന്ന് നിന്ന് മകനെയും വധുവിനെയും കണ്ടു.നിറഞ്ഞ കണ്ണൊന്ന് തുടക്കാനോ അവിടെ നിന്ന് പോകാനോ മനസ്സ് വന്നില്ല. ആരോ അയാളുടെ കൈയില്‍ അപ്പോള്‍ ഭക്ഷണപ്പൊതി പിടിപ്പിച്ച് കടന്നു പോകാന്‍ കല്‍പ്പിച്ചു. ഭക്ഷണപ്പൊതിയിലും തന്നെ പിടിച്ചുന്തിയ മനുഷ്യന്റെ മുഖത്തേക്കും മാറി മാറി നോക്കി.പ്രായമായെങ്കിലും ആളെ തിരിച്ചറിഞ്ഞു. ഭാര്യ സഹോദരന്‍.ഇനി അവിടെ നിന്നാല്‍ തല്ലിയോടിക്കുമെന്ന ഭീതിയില്‍ അയാള്‍ തിരിഞ്ഞു നടന്നു.
കടത്തിണ്ണയില്‍ ചെന്നിരുന്ന് പൊതിയഴിച്ച് കഴിക്കാന്‍ മുതിര്‍ന്നു.പക്ഷേ കണ്ണീരിറ്റ് ഭക്ഷണത്തില്‍ വീണു.കണ്ണുകള്‍ ഇറുകെയടച്ച് ഭിത്തിയോട് ചേര്‍ന്നിരുന്നു. പൊടുന്നനെ അയാള്‍ ചുമച്ചു.ചുമച്ച് ചുമച്ച് വായില്‍ നിന്ന് നൂലുപോലെ കഫമിറ്റ് ഭക്ഷണത്തില്‍ വീണു. കണ്ണുകള്‍ ചുവന്ന് കലങ്ങി.തളര്‍ന്ന് നിലത്ത് വിരിച്ചിരുന്ന ചാക്കില്‍ വീണു.എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല. ഭക്ഷണത്തില്‍ ഈച്ചകള്‍ പറന്നിരുന്നു.മണം പിടിച്ചെത്തിയ നായകള്‍ പൊതിയ്ക്കുമേല്‍ നോട്ടമിട്ടു. മകന്റെ വിവാഹ ഭക്ഷണം ഒരു പിടി കഴിക്കാനുള്ള മോഹത്തില്‍ നായ്ക്കളെ കല്ലെടുത്തെറിഞ്ഞ് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടു. കണ്ണീര്‍ വലയത്തിലൂടെ പട്ടികളുടെ കടിപിടി കണ്ട് കിടന്നു.
മുമ്പത്തെപ്പോലെ പാളം മുറിച്ച് കടക്കാന്‍ അയാള്‍ക്ക് ഇപ്പോള്‍ പ്രയാസ മുണ്ട്.എപ്പോഴാണ് തീവണ്ടി വരുന്നതെന്നറിയില്ല. ഏത് നേരവും തീവണ്ടിയുടെ കൂകി പാച്ചിലാണ് പാളം രണ്ടെണ്ണമായ ശേഷം. കാലുകളാണെങ്കില്‍ നിലത്ത് കുത്താനാകാത്ത അവസ്ഥ. ആണിരോഗം. നേരത്തെ ചുമച്ച് തുപ്പുന്ന കഫത്തില്‍ നേര്‍ത്ത ചുവപ്പുണ്ടായി രുന്നെങ്കില്‍ ഇപ്പോള്‍ അത് പൂര്‍ണം.സര്‍ക്കാര്‍ ആശുപത്രിയാണ് ആശ്രയം.ഇടയ്ക്ക് കൂട്ടം ചേര്‍ന്ന് ആക്രമിച്ച നായ്ക്കളുടെ കടിയേറ്റതിന്റെ മുറിവുകളിലൊന്ന് വൃണമായി. നന്ദിയില്ലാത്ത വര്‍ഗ്ഗം.ഭിക്ഷയായി കിട്ടുന്നതിലൊരു പങ്ക് അവറ്റകള്‍ക്ക് കൊടുത്തിട്ടാണ് ഈ ചെയ്ത്ത്. നാഭിച്ചുഴിയ്ക്ക് ചുറ്റും കുത്തി വയ്‌പ്പെടുത്തിട്ടും ഉണക്ക് വെച്ചില്ല.പ്രമേഹം ശരീരത്താകമാനം മധുരം നിറച്ചതുകൊണ്ടാണെന്ന് ഡോക്ടര്‍. ഓരോ ദിവസം ചെല്ലുംതോറും വൃണം കയറി കൊഴുത്തു.
അമ്മ പറയുന്നതായിരുന്നു വേദവാക്യം .പക്ഷേ അറിവായപ്പോള്‍,മറ്റുള്ളവര്‍ പറയുന്നത് കേട്ടപ്പോള്‍ അമ്മ പറയുന്നതില്‍ എന്തൊക്കെയോ പൊരുത്തക്കേടുള്ളതായി തോന്നി. ചിലപ്പോഴൊക്കെ അക്കാര്യം ചോദിച്ചെങ്കിലും മറു ചോദ്യത്തിന് അവസരം കൊടുക്കാതെ എന്തെങ്കിലും പറഞ്ഞൊഴിയും.ഇപ്പോള്‍ അച്ഛനെ കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍വെച്ചൊരു ചോദ്യമുണ്ടായപ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത.നാളെ തന്റെ കല്ല്യാണമാണെന്നുള്ള കാര്യം മറന്ന് ഗ്ലാസ്സില്‍ മദ്യം പകര്‍ന്നു.
‘നിന്റെ അമ്മയും ബന്ധുക്കളും പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കാന്‍ എന്താ കാരണം. മറിച്ചാണെങ്കിലോ. അക്കാര്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ’
വിടാന്‍ ഭാവമില്ലാത്തവിധം എന്റെ നാവൊരു വാളായി.ഉള്ളില്‍ കിടക്കുന്ന ചുവപ്പനാണ് പ്രേരിപ്പിക്കുന്നത്.നിവേദ് എന്നെ രൂക്ഷമൊയൊന്ന് നോക്കി മദ്യം
ഒറ്റ വലിക്ക് കുടിച്ചു.
‘നാളെ കല്ല്യാണമാണെന്ന വിചാരത്തില്‍ വലിച്ച് കേറ്റ്.ഇങ്ങനെ കുടിച്ചാല്‍ എന്തെങ്കിലും പരിഹാരമുണ്ടാകുമോ?’
അമര്‍ഷത്തില്‍ നിഖില്‍ ചോദിച്ചു.പൊടുന്നനെ അവന്‍ ചാടിയെഴുന്നേറ്റ് എന്റെ നേരെ തിരിഞ്ഞു.അവന്റെ കാലുകള്‍ ഇടറി.മുന്നില്‍ വന്നു നിന്ന നിവേദ് പൊടുന്നനെ എന്റെ ഷര്‍ട്ടില്‍ കുത്തിപിടിച്ച് ഉലച്ചു.
‘മുഖത്തേക്ക് നോക്കടാ തെണ്ടി’
പതറിപോയി. മറ്റുള്ളവര്‍ കണ്ണു മിഴിച്ചു.രാജന്‍ ചേട്ടന്‍ എഴുന്നേറ്റ് വന്ന് അവനെ പിടിച്ചു മാറ്റി.എന്നെ അയാള്‍ രൂക്ഷമായി നോക്കി.നല്ലൊരു ദിവസം ഇല്ലാതാക്കിയതിന്റെ കലിപ്പ് ആ മുഖത്തുണ്ട്.രാജന്‍ ചേട്ടന്റെ കൈ തട്ടിമാറ്റി അവന്‍ നിഖിലിനു മുന്നില്‍ ചെന്നു നിന്നു. ‘അവന്‍ പറഞ്ഞതിന് ചേട്ടന് വല്ല മറുപടിയുമുണ്ടോ?എന്നെക്കാള്‍ നാല് വര്‍ഷം ഓണം കൂടുതലുണ്ടതല്ലേ’
പകപ്പില്‍ നിഖില്‍ കണ്ണ് മിഴിച്ചു. അവന്‍ പറഞ്ഞതില്‍ ശരിയുണ്ട്
‘നീ എന്താ ഈ പറയുന്നത്.അമ്മ കേള്‍ക്കണ്ട’
ടെറസിന്റെ കൈവരിയില്‍ പിടിച്ച് അങ്കലാപ്പില്‍ നിഖില്‍ താഴേയ്ക്ക് നോക്കി.
‘അമ്മയാണ് ശരിയെന്ന് ചേട്ടന് തോന്നുന്നുണ്ടോ?’
ഞെട്ടലില്‍ നിഖിലിന് ശബ്ദം നഷ്ടപ്പെട്ടു. ഒരു പുച്ഛ ചിരി നല്‍കി നിവേദ് താഴേയ്ക്ക് ഇറങ്ങി.അവന്റെ ആ പോക്ക് കണ്ട് അവര്‍ പരസ്പരം നോക്കി. നിഖില്‍ പിന്നാലെ ചെന്നു.നീ എവിടെ പോകുന്നുവെന്ന ചോദ്യത്തിന് നിവേദ് കാര്‍ക്കിച്ചു തുപ്പി.രാജന്‍ ചേട്ടന്‍ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന മദ്യം ഗ്ലാസ്സിലേക്കൊഴിച്ച് വായിലേക്ക് കമഴ്ത്തി.
‘മതി നമുക്ക് പോകാം.പിന്നെ നീ പറഞ്ഞതൊക്കെ നേരാണ്.പക്ഷേ ഈ അവസരത്തില്‍ വേണ്ടിയിരുന്നില്ല.അത് എങ്ങനെയാണ്.രണ്ടെണ്ണം ഉള്ളില്‍ ചെന്നാല്‍ എന്താണ് പറയുന്നതെന്ന ബോധം വേണ്ടേ’
കോണിപ്പടിയിറങ്ങി പോകുന്ന രാജന്‍ ചേട്ടനെ നോക്കി കുറ്റബോധത്തില്‍ നിന്നു. പക്ഷേ കടത്തിണ്ണയില്‍ കിടക്കുന്ന ആ മനുഷ്യനെ കാണുമ്പോഴെല്ലാം ആവശ്യമില്ലാത്തൊരു അസ്വസ്ഥത വന്ന് പൊതിയും.ഒരു ദിവസം ഉച്ചഭക്ഷണം വാങ്ങി കൊടുത്തപ്പോള്‍ പൊതിയിലേക്കും എന്റെ മുഖത്തേക്കും ദയനീയമായി നോക്കുന്ന അയാളെ കണ്ട് തിരിഞ്ഞു നടന്നു.പിന്നീട് ഒരിക്കല്‍ കൂടി അയാള്‍ക്കു മുന്നില്‍ ചെന്നു നില്‍ക്കാനുള്ള ധൈര്യമുണ്ടായില്ല.
‘രാജന്‍ ചേട്ടനും ആ മനുഷ്യനെ കാണാറുള്ളതല്ലേ.ഈ പ്രായത്തില്‍ ഇങ്ങനെ കിടക്കേണ്ടൊരവസ്ഥ ചേട്ടനുണ്ടായാലോ?’
‘അയാള്‍ തിരിഞ്ഞു നിന്നു. അവരുടെ കുടുംബ കാര്യത്തില്‍ ഇടപെടേണ്ട കാര്യം അന്യര്‍ക്കില്ല’
ദേവിക പകച്ചു.ഇതുവരെ കേള്‍ക്കാത്ത ശബ്ദം.നാളെ കല്ല്യാണമായിട്ട് ഇവനിത് എന്ത് ഭാവിച്ചാണെന്ന ഉത്കണ്ഠയിലും വെപ്രാളത്തിലും പതറി.ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്തതോ,അങ്ങനെയൊന്ന് മക്കളില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാത്ത തുകൊണ്ടോ തിരിച്ചൊന്ന് പ്രതികരിക്കാനായില്ല.നിവേദിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഒച്ച നഷ്ടപ്പെട്ട്, കണ്ണുകള്‍ തുറിപ്പിച്ച് നിന്നു.അമ്മാവന്‍മാര്‍ വിരല്‍ ചൂണ്ടി വന്നപ്പോള്‍ ഒരിക്കലും കാണാത്ത നിവേദിന്റെ പുതിയ മുഖം കണ്ടു.പന്തികേട് മണത്ത രാജന്‍ ചേട്ടന്‍ ധൃതിയില്‍ വന്ന് അവനെ പിടിച്ചു വലിച്ച് ടെറസിലേക്ക് കൊണ്ടുപോയി.കസേരയില്‍ കൊണ്ടിരുത്തുമ്പോള്‍ നിഖില്‍ രോഷത്തില്‍ എന്നെ നോക്കി.ഒരു മരണവീടെന്നവിധം മൂകരായിരുന്നു എല്ലാവരും.
കുമ്പിട്ടിരിക്കുന്ന നിവേദിന്റെ ശിരസ്സില്‍ രാജന്‍ ചേട്ടന്‍ ആശ്വാസിപ്പിക്കുംവിധം തലോടി.ആ നിമിഷം അയാളുടെ കരം കവര്‍ന്ന് ഞങ്ങള്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റല്ലേ എന്ന് ചോദിച്ച് സങ്കടപ്പെട്ടു. നിഖിലിന് എന്ത് ചെയ്യണമെന്നൊരു ഊഹവും കിട്ടിയില്ല. മദ്യം തലയ്ക്ക് പിടിച്ച അവനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.നിഖിലിന്റെ ദേഷ്യം മുഴുവന്‍ തന്നോടാണെന്ന് അവന്റെ നോട്ടം കണ്ടപ്പോള്‍ തോന്നി. ഞാനും കരുതിയില്ല നിവേദ് ഇങ്ങനെ ബേജാറാകുമെന്ന്.ചിലപ്പോള്‍ കെട്ട് ഇറങ്ങുമ്പോള്‍ മാറും.രാജന്‍ ചേട്ടന്‍ സമാധനവാക്കുകള്‍ കൊണ്ട് പൊതിഞ്ഞിട്ടും അവന്‍ അടങ്ങിയില്ല. അവരെ അവഗണിച്ച് വീണ്ടും അവന്‍ ധൃതിയില്‍ താഴേയ്ക്ക് ഇറങ്ങി. ഞങ്ങള്‍ പിറകെ ചെന്നു. ബൈക്കെടുത്ത് ഇരമ്പിച്ച് പോകുന്ന അവന്‍ സുബോധത്തിലല്ലെ ന്നറിയാമായിരുന്ന ഞങ്ങള്‍ അവനു പിന്നാലെ വെച്ചു പിടിച്ചു.ഇരുളില്‍ മറഞ്ഞ മക്കളെ നോക്കി ദേവിക വാതില്‍ക്കല്‍ അന്ധാളിപ്പില്‍ നിന്നു.അവള്‍ക്ക് പിന്നില്‍ കുശുകുശുപ്പുമായി ബന്ധുക്കളും.
കുറ്റബോധമെന്നത് ദേവികയുടെ നിഘണ്ടുവിലുണ്ടായിരുന്നില്ല.പക്ഷേ നിവേദ് ചോദിച്ച ചോദ്യങ്ങള്‍ അവളെ കുത്തി നോവിച്ചു.ഉള്ളില്‍ കിടന്ന ദുര്‍ഗ്ഗന്ധം ആ കുത്തലില്‍ ഇളകി മറിഞ്ഞു.അവസരങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്.പക്ഷേ പുകഞ്ഞകൊള്ളി പുറത്ത് എന്ന് അഹങ്കാരത്തിന്റെ വിഷം ചാര്‍ത്തി പുച്ഛിച്ചു. തന്റെടത്തിന്റെ കവചം സ്വയമണിഞ്ഞ് നിന്ന ദേവിക മക്കള്‍ മറഞ്ഞ ഇരുളിലേക്ക് നോക്കി എല്ലാം നഷ്ടപ്പെട്ടതുപോലെ പകച്ചു നിന്നു.
ടോര്‍ച്ച് വെട്ടത്തില്‍ കണ്ടു.കീറി പറിഞ്ഞ ചണ ചാക്കില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന അസ്ഥികൂടം.നിവേദിന്റെ ഉള്ള് പിടച്ചു.അയാള്‍ക്ക് ചുറ്റും കിടന്ന നായകള്‍ ആളുകളെ കണ്ട് കുരച്ചെഴുന്നേറ്റു. എല്ലാവരും ഉണ്ടായിട്ടും സമ്പന്നനായിരുന്നിട്ടും തെരുവിലുറങ്ങുന്ന ജീവിതം.നിവേദ് അരികിലിരുന്ന് അയാളെ തൊട്ട് വിളിച്ചു.ആ നിമിഷം അവന്‍ കൈ പിന്‍വലിച്ചു. ഭീതിപ്പെടുത്തുന്ന തണുപ്പ് അവന്റെ സിരകളെ വിറകൊള്ളിച്ചു.ഉള്‍ക്കിടിലത്തില്‍ പിന്നില്‍ ആകാംഷയോടെ നിന്ന ഞങ്ങളെ നോക്കി.ആ നോട്ടത്തിലെ പന്തികേട് തിരിച്ചറിഞ്ഞ രാജന്‍ ചേട്ടന്‍ അവനെ പിടിച്ചു മാറ്റി അയാളെ തൊട്ടു.
‘കഴിഞ്ഞു’