ഉത്സവപ്പിറ്റേന്ന്
നമ്മൾ
നൂറ്കണക്കിന് സേമിയ കുടിച്ചിട്ടുണ്ട്
നൂറ്കണക്കിന് ഉത്സവങ്ങൾക്ക് .
സത്യൻസേമിയ
നസീർ സേമിയ
ജയൻ സേമിയ
മമ്മൂട്ടി സേമിയ
മോഹൻലാൽ സേമിയ
ഈ പ്ലാസ്റ്റിക് ഗ്ലാസ്സ് ഇരുട്ടുവാക്കിലെറിയുമ്പോൾ
അവൾ ചിരിക്കുന്നു,
കവുങ്ങിൻപാളക്കീരിടത്തിൽ
കറുപ്പടിച്ചവൾ
കൂലി തന്നിട്ടു പോടാന്ന്.
പടയണിയാടീട്ടെത്രനേരമായി,
തപ്പ്, കൈമണി, ചെണ്ടയെല്ലാം
സൈക്കളേറി പോയി..
തീച്ചൂട്ട്, പന്തം, കൊത്തി തിന്ന നീയും പോ.
ഗാനമേളയും തീർന്നല്ലേ…
നീയോ?
ഭഗവതിയോടാണോ ചോദ്യം?
മൈതാനത്തിൽ കൊഴിഞ്ഞു വീണ
ഇതളുകളുടെ സൂര്യൻ
പൈപ്പിൻ ചുവട്ടിൽ പ്രഭാതം.
ഇന്നലത്തെ കെട്ടുകാഴ്ചയുടെ ചൂര്
പിളർന്ന ക്രീം ബിസ്ക്കറ്റ് മാതിരി കയ്ക്കുന്നു.
ദീർഘദൂരമെന്ന്
നൂറ്കണക്കിന് വഴി നാലുപാടും
ചായക്കടക്കാരന്റെ നീട്ടിയടിയിൽ
രണ്ട് കപ്പിനിടയിൽ
തൂകിപ്പോകാതെ…
വീടെവിടെ
എന്ന ഒറ്റ ചോദ്യവുമായി
ബസ് വരുന്നുണ്ട്.
മക്കൾക്ക് വാങ്ങി വച്ച ബലൂണുകൾ
ഒന്നൊന്നായി വീർത്തു പൊട്ടുന്നു,
ടപ്പേ ടപ്പേന്ന്
അത്രക്ക് നി- ശ്വാസമുണ്ടായിരുന്നോ…
ബസ്സിനുള്ളിൽ
ചന്ദനത്തിരി മണം
പിന്നാലെ പോലീസ് ജീപ്പ്.
ഇന്നലെ വെട്ടേറ്റവൻ ചത്തു കാണും.
കോലം സ്വന്തം കൈയ്യിൽ
മണത്തു,
സേമിയയോ, ചോരയോ
എന്തായാലും എറുമ്പ് വരണ്ടതല്ലേ.
9446663913