കുമാരകവിയോട്
(മരം കോച്ചുന്ന മകര മാസത്തില്‍ മലയാളത്തെ കരയിച്ചു മറഞ്ഞുപോയ മഹാകവി കുമാരനാശാന്റെ മഹിത സ്മരണ)
ഹേ മഹാകവേ തവ
ദുരന്തസ്മരണയില്‍
ഈ മലയാളമിന്നും
കണ്ണുകള്‍ തുടയ്ക്കുന്നു
റഡീമര്‍ എന്നു നണ്ണി
ശുദ്ധാത്മന്‍ നീയാനീച
‘ജഡുലന്‍’ മൃത്യുവിനു
ജീവഭിക്ഷയുമേകി!
പെട്ടെന്നു വേഷം മാറി
ആ മഹാദുഷ്ടന്‍ നിന്നെ
തട്ടിക്കൊണ്ടുപോയേതോ
ഇരുളിന്‍ പൂരം പൂകി.
കണ്ണീരുമായി ഞങ്ങള്‍
അലയുന്നിവിടെന്നും
പിന്നെയുമൊന്നു നിന്നെ
കാണുവാന്‍ കഴിഞ്ഞെങ്കില്‍!
വീണ പൂവിനെപ്പറ്റി
പാടിയ ഗന്ധര്‍വ്വനെ
കാണുമോയിനിയെങ്ങാ
നാ നീല ഗഗനത്തില്‍?!
‘ഉത്തരമഥുര’തന്‍
അരയല്‍ച്ചുവട്ടിലോ
ഉത്തുംഗ ഹിമാലയ
താഴ്‌വരത്തടത്തിലോ
‘ഉദയപുര’ത്തിലോ
സ്‌നേഹത്തിന്‍ ഗാഥ ചൊല്ലി
നീയലയുന്നു മെയ്യില്‍
കാഷായവസ്ത്രം ചാര്‍ത്തി?
ധ്യാന ശീലനാം ഭവാന്‍
സാന്ധ്യ ചക്രവാളമാം
കാനകാദ്രിതന്‍ മുകളേറി
യീ ‘മദ്ധ്യോര്‍വി’യെ
വാനില്‍ നിന്നൊരു ‘ഖഗയുവാവു’
തന്‍ നീഡത്തിന്‍
സ്ഥാനമാം കാനനത്തെ
നോക്കുംപോല്‍ നോക്കാറുണ്ടോ ?
‘ആപ്തസത്യനാം’ഭവല്‍
സൂക്തികളാലെയിന്നും
‘ദീപ്തമാം ദീപശിഖ’
പോലെ ഞാനെണീയ്ക്കുന്നു….
നിര്‍വ്വാണ നിമഗ്നനാമവിടുന്ന
ന്നിനിമേല്‍
ഉര്‍വ്വിയില്‍ വീണ്ടും
കാവ്യലോലനായ് വരില്ലയോ?
കാത്തിരിക്കുന്നു ഞങ്ങള്‍
കാതോര്‍ത്തു കണ്‍പൂട്ടാതെ
ആത്ത ദുഖിതയാമീ
കൈരളീമാതിന്നൊപ്പം…
9400951774
……………………………………………………..
റഡീമര്‍: ആശാനെ മൃത്യുവിലാഴ്ത്തിയ ബോട്ട് രക്ഷകന്‍ എന്നാണ് ആ വാക്കിനര്‍ത്ഥമെന്നത് വിചിത്രം സീതയെ കവര്‍ന്ന രാവണനെ ഓര്‍മിപ്പിക്കുന്നു അത്.
ജഡുലന്‍ : ദേഹത്ത് കറുത്ത പുള്ളി ഉള്ളവന്‍.