അമ്മനടത്തം
അമ്മയ്‌ക്കൊപ്പം വീടുനടക്കും
കാക്കിരി പീക്കിരി പിള്ളേരും!
തണലത്തപ്പം ചുട്ടുകളിക്കും
ഇലകളരച്ചൊരു കൂട്ടാനും
കല്ലു പെറുക്കിയെറിഞ്ഞു കുളത്തില്‍
മുങ്ങിയ സൂര്യനെയോടിക്കും
നെല്ലു കൊറിക്കാന്‍ വന്ന പിടക്കോ-
ഴിക്ക് മരക്കൊഴുവെറിയുമ്പോള്‍
കാറിവിളിച്ച് പറമ്പു മുഴുക്കനെ
യോടി നടക്കും കൊക്കക്കോ
കരിയില ചിക്കിപ്പുഴുവിനെ നല്‍കും
കലിതീരാത്തൊരു കൊക്കക്കോ!
വേനല് വന്നു പുകച്ച പറമ്പില്‍
മാടം കെട്ടിയ പിള്ളേര്‍ക്ക്
വീടിനകത്ത് വിളക്കു കൊളുത്തി
രാവിലുറങ്ങാതമ്മച്ചി
കുഞ്ഞുജനല്‍വഴിയങ്ങകലെ-
യൊരു മിന്നും താരകയതുകാണും
മുറ്റമടിച്ചുതെളിച്ച മനസ്സാ-
ണക്ഷരമറിയും പൊന്നമ്മ!
അമ്മ നടക്കും വടിയും കുത്തി
ഒപ്പം വീടു,മതിന്‍ പിന്നില്‍
അപ്പറെ വീട്ടിലെയപ്പൂം ഗോപീം
പെന്‍ഷന്‍ പറ്റിയ വറുഗീതും
മക്കളുപേക്ഷിച്ചിട്ടുമറഞ്ഞ
തെക്കുമനയ്ക്കലെ ശ്രീദേവീം
അത്തറു കുപ്പി മണത്തു നടക്കും
പല്ലില്ലാത്തൊരു നല്ലുമ്മേം
എല്ലാരും ചേര്‍ന്നങ്ങനെ വീടൊരു
പുത്തന്‍ നേഴ്‌സറിയാക്കുന്നു
കൊത്താങ്കല്ല് കളിച്ച് മനസ്സിലെ
ദു:ഖം മേലോട്ടെറിയുന്നു
പിന്നെയുമേറ്റുപിടിക്കാനായും
മറ്റുള്ളോര്‍ക്ക് കൊടുക്കാതെ
വടിയും കുത്തിപ്പിള്ളേരങ്ങനെ
തമ്മില്‍ ചാഞ്ഞുനടക്കുന്നു
വൈകുന്നേരം ചങ്കു പിടയ്ക്കും
വഴിയില്‍ നോക്കിയിരിക്കുമ്പോള്‍
പൊടിയും തട്ടിപ്പോയോരെല്ലാം
ഒരുനാള്‍ വന്നു വിളിക്കില്ലേ?
9947132322