കാനം:നിലപാടുകളിൽ വെള്ളം ചേർക്കാത്ത വ്യക്തിത്വം
ആരോടും ദേഷ്യപ്പെടുകയോ, മുഖം കറുത്ത് സംസാരിക്കുകയോ ചെയ്യാത്ത ആളാണ് കാനം. എന്നാല്‍ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കിയിരിക്കും. വ്യക്തികളെ സൂക്ഷ്മമായി മനസ്സിലാക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ആശയപരമായ അവ്യക്തത ഒരിക്കലുമുണ്ടായിരുന്നില്ല കാനം രാജേന്ദ്രന്.
വലിയ ത്യാഗങ്ങളും കൊടിയ മര്‍ദ്ദനവും നീണ്ട ജയില്‍വാസവും അനുഭവിച്ചവരാണ് കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ പഴയ തലമുറ. ഇ.എം.എസ്, എ.കെ.ജി., പി .കൃഷ്ണപിള്ള, ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍നായര്‍, വി.എസ്. അച്യുതാനന്ദന്‍, പി.കെ. ചന്ദ്രാനന്ദന്‍, കെ.സി.ജോര്‍ജ്ജ്, ആര്‍.സുഗതന്‍, പി.കെ. വാസുദേവന്‍നായര്‍, വെളിയം ഭാര്‍ഗവന്‍ എന്നിവരൊക്കെ സ്വാതന്ത്ര്യത്തിന് മുമ്പുള്ള തലമുറയില്‍പ്പെട്ടവരും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ദിവാന്‍ ഭരണത്തിനുമെതിരെ സമരം ചെയ്തവരുമാണ്.
അതിന് ശേഷമുള്ള തലമുറയില്‍പ്പെട്ടവരാണ് സി.കെ.ചന്ദ്രപ്പന്‍, ഇ.ചന്ദ്രശേഖരന്‍നായര്‍ തുടങ്ങിയ നേതാക്കള്‍. വലിയ ത്യാഗങ്ങളുടേയും നീണ്ട ജയില്‍വാസത്തിന്റേയും ചരിത്രം ഇവര്‍ക്ക് പറയാനില്ല. ഈ തലമുറയില്‍പ്പെട്ട പ്രമുഖ കമ്യൂണിസ്റ്റുകാരനാണ് കാനം രാജേന്ദ്രന്‍. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ആളായിരുന്നില്ല അദ്ദേഹം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാജേന്ദ്രന്‍ വരുന്നത് .കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ നേതൃസ്ഥാനത്തും യുവജനഫെഡറേഷനിലും കാനം പ്രവര്‍ത്തിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി.യുവാവായിരിക്കെ നിയമസഭാംഗമാകാനും കഴിഞ്ഞു.
കോട്ടയം ജില്ല കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ പ്രാമുഖ്യമില്ലാത്ത സ്ഥലമാണ്. പ്രത്യേകിച്ച് അതിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍. വാഴൂര്‍ മണ്ഡലം ഏതു കാലത്തും കേരള കോണ്‍ഗ്രസ്സിന്റെ കോട്ടയാണ്. 1982ല്‍ കെ. നാരായണക്കുറുപ്പ്, കേരളാ കോണ്‍ഗ്രസില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്ന ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് കാനം ആ സീറ്റില്‍ മത്സരിക്കുന്നത്. ഒരു അട്ടിമറി ജയം തന്നെ കാനംരാജേന്ദ്രന്‍ നേടി.1987 ൽ പി. സി തോമസിനെ തകർത്ത് വീണ്ടും നിയമസഭയിലേക്ക്. പി.ടി. ചാക്കോയുടെ മകന്‍ എന്ന ഗ്ലാമറിലാണ് പി.സി. തോമസ് മത്സരിച്ചത്. പി.ടി. ചാക്കോയുടെ ജന്മസ്ഥലവും പ്രവര്‍ത്തന കേന്ദ്രവുമായിരുന്നു വാഴൂര്‍. പി.ടി. ചാക്കോയെ അടക്കിയിട്ടുള്ളതും ഇവിടെ തന്നെ. പത്തുകൊല്ലം നിയമസഭാംഗമായിരുന്നകാനം സഭയിൽ ശ്രദ്ധിക്കപ്പെട്ട യുവഅംഗമായി. രാഷ്ട്രീയത്തിന് അതീതമായി വലിയ സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കാനത്തിന് കഴിഞ്ഞു.
രാജീവ്ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് സഹതാപതരംഗം ആഞ്ഞടിച്ച 1992ലെ തിരഞ്ഞെടുപ്പില്‍ കാനം തോറ്റു. മണ്ഡലത്തില്‍ ജനസ്വാധീനമുള്ള കെ. നാരായണക്കുറുപ്പാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. എന്‍.എസ്.എസിന്റെ വലിയ പിന്തുണ അന്ന് നാരായണക്കുറുപ്പിന് ലഭിച്ചിരുന്നു. കാനം പിന്നീട് നിയമസഭാ രംഗത്ത് വന്നില്ല.
ട്രേഡ് യൂണിയന്‍ രംഗത്തായിരുന്നു പിന്നെ കാനം ശ്രദ്ധ ചെലുത്തിയത്. എ.ഐ.ടി.യു.സി കര്‍മ്മമണ്ഡലമായി. അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ആദ്യയൂണിയന്‍ ഉണ്ടാക്കി. ഹിന്ദിയിലും ബംഗാളിലുമൊക്കെ പോസ്റ്റര്‍ തയ്യാറാക്കിയായിരുന്നു പ്രവര്‍ത്തനം.
സിനിമ മേഖലയിലെ ഛായാഗ്രാഹകര്‍,സംവിധായകര്‍ തുടങ്ങിയവരുടെ അരാഷ്ട്രീയ സംഘടനകളെ എ.ഐ.ടി.യു.സി.യുടെ കുടക്കീഴിലേക്ക് കൊണ്ടുവരാന്‍ കാനത്തിന് കഴിഞ്ഞു. താര രാജാക്കന്മാരുടെ കൈപ്പിടിയിലായിരുന്നു അക്കാലത്ത് മലയാളസിനിമ .താരാധിപത്യത്തെ വെല്ലുവിളിച്ച സംവിധായകനായിരുന്നു വിനയന്‍.നടൻ തിലകന് മാത്രമല്ല വിനയന്റെ കൂടെ നിന്ന ക്യാപ്റ്റന്‍രാജു, മാള അരവിന്ദന്‍ എന്നിവര്‍ക്കൊ ക്കെ ഊരുവിലക്ക് വന്നു. ഇവരുടെ കൂടെ നിന്നയാളാണ് കാനം.
ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ തന്നെ താരങ്ങളോട് ചായ്‌വുള്ളവരാണു കൂടുതലും. വേറെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തൊഴിലാളി പ്രസ്ഥാനവും താരങ്ങളെ തള്ളിപ്പറയാനോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതോ തിരസ്‌കരിക്കപ്പെട്ടതോ ആയ ആളുകളുടെ കൂടെ നില്‍ക്കാനോ തയ്യാറായിരുന്നില്ല. അന്ന് ഈ വിഭാഗത്തിന്റെ കൂടെ നിന്ന് താരാധിപത്യത്തിനെതിരെ പൊരുതിയ ആളാണ് കാനംരാജേന്ദ്രന്‍.
അക്കാലത്ത് രാജ്യസഭയിലേക്ക് ഒഴിവ് വന്നപ്പോള്‍ കാനത്തിന്റെ പേര്കാര്യമായി പരിഗണിക്കപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയിലെ ചില സമവാക്യങ്ങള്‍ കാനത്തിന് എതിരായി പ്രവര്‍ത്തിച്ചു. അത്രതന്നെ അറിയപ്പെടാത്ത ഒരാള്‍ രാജ്യസഭയിലേക്ക് പോയി.പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളൊക്കെ നന്നായി അറിയുന്ന ആളെന്ന നിലക്ക് രാജ്യസഭയില്‍ ശോഭിക്കാന്‍ കാനത്തിന് കഴിയുമായിരുന്നുവെന്നതാണ് സത്യം.
പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായ 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം വെളിയം ഭാര്‍ഗവന്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. സി.കെ ചന്ദ്രപ്പന്‍ സെക്രട്ടറിയായി. ചന്ദ്രപ്പന്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് കേന്ദ്രനേതൃത്വം സെക്രട്ടറി സ്ഥാനത്തേക്ക് സി. ദിവാകരനെയാണ് നിർദേശിച്ചത്. പക്ഷെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അത് അംഗീകരിച്ചില്ല. സംസ്ഥാന കമ്മറ്റി കാനം രാജേന്ദ്രനെ നിര്‍ദ്ദേശിച്ചു. അത് കേന്ദ്രനേതൃത്വം തള്ളി. നാലു തവണ സംസ്ഥാന കമ്മറ്റിയില്‍ വോട്ടിംഗ് വന്നുവെങ്കിലും നാലുതവണയും കാനംരാജേന്ദ്രന്റെ പേര് തന്നെ സംസ്ഥാന കമ്മറ്റിനിര്‍ദ്ദേശിച്ചു. അവസാനം ഒത്തുതീര്‍പ്പ് എന്ന നിലയില്‍ പന്ന്യന്‍ രവീന്ദ്രന്റെ പേര് വന്നു. പന്ന്യന്‍ സ്ഥാനമാനങ്ങളോട് മോഹമുള്ളയാളല്ല. പക്ഷേ പദവി ഏറ്റെടുക്കാന്‍ പന്ന്യന്‍ നിര്‍ബന്ധിതനായി.
2014 ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ തിരുവനന്തപുരം മണ്ഡലം സംബന്ധിച്ച വിവാദം സി.പി.ഐ.യെ പിടിച്ചുകുലുക്കി. ഡോ. ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വലിയ വിവാദമായി. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാമചന്ദ്രന്‍നായര്‍, ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ നടപടി വന്നു. രാമചന്ദ്രന്‍നായരും വെഞ്ഞാറമൂട് ശശിയും പാര്‍ട്ടി വിട്ടു.ഈ സംഭവവികാസങ്ങളിൽ അത്യധികം മാനസിക വിഷമത്തിലായ പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറി സ്ഥാനത്ത് തുടരേണ്ട എന്ന തീരുമാനമെടുത്തു. തുടര്‍ന്ന് കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ കാനംരാജേന്ദ്രന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കെ.ഇ. ഇസ്മയില്‍ കാനത്തിനെതിരെ മത്സരിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും അങ്ങനെയുണ്ടായില്ല. സംസ്ഥാന നേതൃത്വത്തില്‍ ബഹുഭൂരിപക്ഷം പേരും കാനംരാജേന്ദ്രന്‍ തന്നെ സെക്രട്ടറിയാകണമെന്ന അഭിപ്രായക്കാരായിരുന്നു.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു കാനംരാജേന്ദ്രന്‍ നേതൃത്വം ഏറ്റെടുത്തത്. തിരഞ്ഞെടുപ്പിന് കാനം പാര്‍ട്ടിയെ സജ്ജമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ചു. സി.കെ. ചന്ദ്രപ്പന്‍ സംസ്ഥാന സെക്രട്ടറിയായ കാലത്ത് തന്നെ മൂന്നുതവണ മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് കൊടുക്കരുതെന്ന ധാരണ ഉണ്ടായിരുന്നു. പി.കെ. വാസുദേവന്‍നായരും വെളിയം ഭാര്‍ഗവനും സെക്രട്ടറിയായിരുന്ന കാലത്തും ഈ ധാരണയുണ്ടായിരുന്നവെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ ഇത് ഒരിക്കലും പാലിച്ചിരുന്നില്ല. മത്സരിച്ചവര്‍ തന്നെ വീണ്ടും വീണ്ടും മത്സരിച്ചു. ആറും ഏഴും തവണ മത്സരിച്ചവരുണ്ട്. കാനംരാജേന്ദ്രന്‍ ഈ ധാരണയില്‍ ഉറച്ചു നിന്നു. മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും മത്സരിക്കാന്‍ പറ്റിയില്ല. എം.എല്‍എ. മാര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് വന്നപ്പോഴും അതുവരെയില്ലാത്ത കീഴ്‌വഴക്കം കാനം സൃഷ്ടിച്ചു. മുമ്പ് മന്ത്രിയായവര്‍ക്ക് രണ്ടാമത് മന്ത്രിസ്ഥാനം ഇല്ല. തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും സി. ദിവാകരനും മുല്ലക്കര രത്‌നാകരനും മന്ത്രിയാകാന്‍ കഴിയാതെ പോയി.
ഇടതുപക്ഷ സര്‍ക്കാര്‍അധികാരത്തിലിരിക്കുമ്പോഴും വ്യക്തമായ നിലപാടുകൾതുറന്ന് പറയാൻ അദ്ദേഹം മടിച്ചില്ല.
വയനാട്ടിലും അട്ടപ്പാടിയിലും ഏഴു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവം ന്യായീകരിക്കാനാവില്ലെന്ന ശ്രദ്ധേയമായ നിലപാട് കാനം സ്വീകരിച്ചു. മാവോയിസ്റ്റുകള്‍ വഴി തെറ്റിപോയവരാണെന്നും അവരെ വെടിവെച്ചു കൊല്ലുന്നത് ശരിയല്ലെന്നും അദ്ദേഹം വാദിച്ചു. സി.പി.എം. മാത്രമല്ല, കോണ്‍ഗ്രസ്സും ബിജെപിയും ഉള്‍പ്പെടെയുള്ള കക്ഷികള്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തെ തള്ളി പറഞ്ഞിരുന്നില്ല.
മാവോയിസ്റ്റുകള്‍ അടക്കം നാല്പതോളം വിഘടിത കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുണ്ടെന്നും ഇവരെല്ലാം ചേര്‍ന്ന വിശാലമായ ഇടതുപക്ഷം കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഒരു ഗ്രൂപ്പുകാര്‍ മറ്റൊരു ഗ്രൂപ്പുകാരെ വെടിവെച്ചു കൊല്ലുന്നത്ശരിയല്ല എന്ന ് അദ്ദേഹം പറഞ്ഞു.
വിശാലമായ ഇടതുപക്ഷ മുന്നണി വേണമെന്ന അഭിപ്രായക്കാരനായിരുന്നു കാനം രാജേന്ദ്രന്‍. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ജനാധിപത്യ കക്ഷികളെ ഈ മുന്നണിയുടെ കുടക്കീഴിലേക്ക് കൊണ്ടുവരണമെന്നും എല്ലാവരും ചേര്‍ന്ന ഐക്യമുന്നണിയാണ് ബി.ജെ.പി. ശക്തമായി നില്‍ക്കുന്ന സമയത്ത് വേണ്ടതെന്നും അദ്ദേഹം വിശ്വസിച്ചു.
സി.പി.എമ്മുമായി പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഇടതുമുന്നണിയുടെ ഐക്യത്തിന് ഹിതകരമല്ലാത്തതിനാല്‍ അത് ഏറ്റുമുട്ടലിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിച്ചു. വിയോജിപ്പുകള്‍ തുറന്നു പറയാന്‍ മടിച്ചിട്ടുമില്ല.
കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങള്‍ ശ്രദ്ധേയമാണ്. തോമസ് ചാണ്ടിയുടെ പേരില്‍ ഭൂമി കൈയേറ്റ ആരോപണംഏഷ്യാനെറ്റ് ന്യൂസ് ഉന്നയിച്ചു. മന്ത്രി രാജിവെക്കാന്‍ തയ്യാറായില്ല. അന്വേഷിക്കാന്‍ കളക്ടര്‍ ടി.വി. അനുപമയോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ആരോപണം ശരിവെച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. എന്നിട്ടും തോമസ് ചാണ്ടി രാജി വെച്ചില്ല. മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി. കളക്ടറുടെ റിപ്പോര്‍ട്ട് അഡ്വ.ജനറൽ സുധാകരപ്രസാദും ശരിവെച്ചു. രാജിവയ്ക്കാതെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് അതിനിശിതമായ വിമര്‍ശനത്തോടെ ഹര്‍ജി തള്ളി. എന്നിട്ടും രാജിഉണ്ടായില്ല. തോമസ് ചാണ്ടി രാജിവെക്കുന്നതാണ് നല്ലതെന്ന് കാനംരാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. തോമസ് ചാണ്ടി ഗൗനിച്ചില്ല.
അടുത്തദിവസം മന്ത്രിസഭാ യോഗമായിരുന്നു. അപ്പോഴാണ് കാനത്തിന്റെ പൂഴിക്കടകന്‍ . മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ രാവിലെ ഒരുങ്ങി പുറപ്പെട്ട സിപിഐ മന്ത്രിമാര്‍ക്ക് കാനത്തിന്റെ നിർദേശം. ഇന്ന് മന്ത്രിസഭാ യോഗത്തിന് പോകേണ്ട.തോമസ് ചാണ്ടി ക്യാബിനറ്റില്‍ ഇരിക്കുന്നിടത്തോളം കാലം സിപി.ഐ മന്ത്രിമാര്‍ പങ്കെടുക്കേണ്ടതില്ല.
സി.പി.ഐ. മന്ത്രിമാര്‍ക്ക് അതില്‍ മനപ്രയാസം ഉണ്ടായിരുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ ഒരുകാരണവശാലും പോകരുതെന്നായി കാനം. തോമസ് ചാണ്ടി യുടെ അവസാനത്തെ മന്ത്രിസഭായോഗമായിരുന്നു അന്ന് നടന്നത്. ചാണ്ടി രാജിക്കത്തെഴുതി ആലപ്പുഴയ്ക്ക് മടങ്ങി.
സ്പ്രിങ്കളര്‍ ഇടപാടായിരുന്നു കാനത്തിന്റെ കരുത്ത് തെളിയിച്ച മറ്റൊരു സംഭവം. വിവരാവകാശ മേഖലയില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പ്രഖ്യാപിത നയത്തിനെതിരായിരുന്നു സ്പ്രിങ്കളര്‍ ഇടപാട്. പ്രതിപക്ഷം ഇത് സർക്കാരിനെതിരെയുള്ള ആയുധമാക്കി രംഗത്തിറങ്ങി.
അക്കാലത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന, പില്‍ക്കാലത്ത് വിവാദപുരുഷനായ ശിവശങ്കര്‍ എം.എന്‍. സ്മാരകത്തിൽ നേരിട്ടെത്തി കാനം രാജേന്ദ്രനെ ഇതിന്റെ ഗുണഫലങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ഐ.ടി. സെക്രട്ടറി കൂടിയായിരുന്നു ശിവശങ്കര്‍. രണ്ടുമണിക്കൂറോളം കിണഞ്ഞു പരിശ്രമിച്ചെങ്കിലും കാനത്തിന് ബോധ്യപ്പെട്ടില്ല. പിന്നീട് ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടു. ഒടുവില്‍ സര്‍ക്കാരിന് സ്പ്രിങ്കളര്‍ ഇടപാടില്‍ നിന്ന് പിന്‍മാറേണ്ടി വന്നു. ശക്തമായ നിലപാടുള്ള മനുഷ്യനായിരുന്നു കാനം രാജേന്ദ്രന്‍ എന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും രണ്ട് തവണ നിയമസഭാംഗമായവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. എന്തുവന്നാലും ഒരു വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയ്യാറായിരുന്നില്ല. കോണ്‍ഗ്രസിന്റെ കുത്തക സീറ്റായ തൃശൂരില്‍ വി.എസ്. സുനില്‍കുമാര്‍ മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് ജയിക്കാനാകില്ലെന്ന വിലയിരുത്തലുകള്‍ വകവെക്കാന്‍ കാനം രാജേന്ദ്രന്‍ കൂട്ടാക്കിയില്ല. അവിടെ പി. ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കി, പി. ബാലചന്ദ്രന്‍ ജയിക്കുകയും ചെയ്തു.
75 വയസ്സ് കഴിഞ്ഞവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്ന ആശയവും കാനത്തിന്റേതായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയിലോ ഇതുവരെയുള്ള കീഴ്‌വഴക്കത്തിലോ, ലോക കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ എവിടെയെങ്കിലുമോ ഇങ്ങനെയൊരു നിബന്ധന ഉണ്ടായിരുന്നില്ല. കെ.ഇ. ഇസ്മയിലിനെയും സി. ദിവാകരനെയും ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് ആരോപിക്കപ്പെട്ടെങ്കില്‍ പോലും ആ നിബന്ധന കൊണ്ടുവരുകയും എല്ലാ ഘടകങ്ങളിലും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഓരോ കമ്മിറ്റിയിലും നിശ്ചിതശതമാനം സ്ത്രീകളായിരിക്കണമെന്നും ചെറുപ്പക്കാരായിരിക്കണമെന്നുമുള്ള പരിഷ്‌കാരം കൂടി നടപ്പാക്കാന്‍ കാനം രാജേന്ദ്രന് കഴിഞ്ഞു.
പാര്‍ട്ടിയില്‍ ഒരു തലമുറമാറ്റം കാനം നടപ്പാക്കി. ഈ മാതൃകയാണ് പിന്നീട് സി.പി.എം.വേറൊരു രീതിയിൽ പിന്തുടര്‍ന്നത്.
പരിസ്ഥിതി വിഷയങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ടായി എന്നതാണ് കാനത്തിന്റെ മറ്റൊരു നേട്ടം. നേരത്തെ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ നയമുണ്ടായിരുന്നില്ല. അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി സംബന്ധിച്ച് പാര്‍ട്ടിയില്‍ ആശയപരമായ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും പദ്ധതിക്കെതിരായി കൃത്യമായി നിലപാടെടുക്കാന്‍ കാനത്തിന് കഴിഞ്ഞു . നെല്‍വയല്‍ നിയമത്തില്‍ കലര്‍പ്പ് വരുത്താതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.ആറൻമുള വിമാനത്താവളത്തിന്റെ കാര്യത്തിലുംശക്തമായ നിലപാട് സ്വീകരിച്ചു.
ആരോടും ദേഷ്യപ്പെടുകയോ, മുഖം കറുത്ത് സംസാരിക്കുകയോ ചെയ്യാത്ത ആളാണ് കാനം. എന്നാല്‍ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കിയിരിക്കും. വ്യക്തികളെ സൂക്ഷ്മമായി മനസ്സിലാക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ആശയപരമായ അവ്യക്തത ഒരിക്കലുമുണ്ടായിരുന്നില്ല കാനം രാജേന്ദ്രന്.