വായ്പ എടുക്കുമ്പോൾ സംരംഭകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
വായ്പ എടുക്കുന്നത് ഇഷ്ടമാണ് തിരിച്ചടയ്ക്കുന്നത് തീരെ ഇഷ്ടമല്ല. ഈ സമീപനമാണ് മാറേണ്ടത്. കൃത്യമായി തിരിച്ചടക്കാന്‍ ശ്രദ്ധിക്കണം. മൂന്നുമാസം തിരിച്ചടവ് മുടങ്ങിയാല്‍ പോലും കണക്ക് എന്‍ പി എ ആയി മാറുന്നു. സിബില്‍ സ്‌കോര്‍ താഴാന്‍ കാരണമാകുന്നു. അങ്ങനെ വന്നാല്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പിന്നീട് വായ്പ ലഭിക്കുകയില്ല
സംരംഭം തുടങ്ങാന്‍ പലരീതിയിലും പണം സംഘടിപ്പിക്കാം. സ്വന്തം സമ്പാദ്യം, പങ്കാളിയുടെ ഷെയര്‍ , പൊതുജനങ്ങളില്‍ നിന്നും ഉള്ള ഷെയര്‍ , സ്‌നേഹിതരുടെയും കുടുംബാംഗങ്ങളുടെയും സമ്പാദ്യം, ഇവയ്ക്ക് പുറമേ ബാങ്ക് വായ്പയാണ് പ്രധാനമായും സംരംഭകര്‍ ആശ്രയിച്ചു വരുന്നത്. ബാങ്ക് വായ്പകള്‍ ബാധ്യതയാകാതിരിക്കാന്‍ ഏതാനും കാര്യങ്ങള്‍ മുന്‍കൂട്ടി പഠിച്ചു വയ്ക്കുന്നത് നല്ലതാണ്.
1 വായ്പ അത്യാവശ്യത്തിന് മാത്രം എടുക്കുക
വായ്പ ആവശ്യത്തിന് മാത്രം എന്നുള്ളതല്ല അത്യാവശ്യത്തിന് മാത്രം എന്നുള്ളതാണ്. വായ്പക്ക് കൊടുക്കേണ്ടി വരുന്ന പലിശ, എടുക്കുന്നതിന് വേണ്ടിവരുന്ന ചിലവ് കൊലാറ്ററല്‍ എന്നിവ പരിഗണിക്കുമ്പോള്‍ സ്വന്തം സമ്പാദ്യം / കുടുംബ സമ്പാദ്യം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് ഉത്തമം. ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന സ്ഥിര നിക്ഷേപ പലിശ 7% താഴെയാണ് എന്നുകൂടി ഓര്‍ക്കുക.( ഒരു വര്‍ഷം).
2 കൊലാറ്ററല്‍ ഫ്രീ വായ്പ നല്ലതാണോ?
10 ലക്ഷം രൂപ വരെയുള്ള സംരംഭം വായ്പകള്‍ മറ്റ് കൊലാറ്ററല്‍ സെക്യൂരിറ്റികള്‍ വാങ്ങാതെ മാത്രമേ നല്‍കാവൂ എന്നാണ് ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. എന്നാല്‍ അഞ്ച് കോടി രൂപ വരെ ഇങ്ങനെ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ട്. ഇങ്ങനെ വായ്പ എടുക്കുമ്പോള്‍ സംരംഭകര്‍ ഒരു ഫീസ് അധികമായി നല്‍കേണ്ടി വരും. ഏകദേശം 0.35% മുതല്‍ 1.35 വരെ തുക ഗ്യാരണ്ടി ഫീസ് നല്‍കണം. കൂടാതെ വര്‍ഷം തോറും ഇത് നല്‍കണം. ഓരോ വര്‍ഷവും ബാക്കി നില്‍ക്കുന്ന തുകയ്ക്ക് ഇത് നല്‍കുകയും വേണം.2022 മാര്‍ച്ച് മുതല്‍ ഗ്യാരണ്ടി ഫീസില്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഇതൊരു അധിക ബാധ്യതയാണ്. ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫണ്ടിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിനാണ് ഇങ്ങനെ നല്‍കേണ്ടി വരുന്നത്. തന്റെ സംരംഭത്തിന് ഗുണകരമാണോ എന്ന് ചിന്തിച്ചു മാത്രമേ ഗ്യാരണ്ടി നല്‍കാതെയുള്ള വായ്പകള്‍ എടുക്കാവൂ.
3 സബ്‌സിഡി വായ്പകള്‍ക്ക് മുന്‍ഗണന നല്‍കണം.
വായ്പക്ക് വേണ്ടിയുള്ള പരക്കം പാച്ചിലില്‍ സര്‍ക്കാര്‍ സബ്‌സിഡിക്ക് വേണ്ടത്ര പരിഗണന പലപ്പോഴും നല്‍കാറില്ല. അജ്ഞതയും ഒരു കാരണമാകാറുണ്ട്. തുടക്കത്തിലെ ലഭിക്കുന്ന സബ്‌സിഡിയും പിന്നീട് ലഭിക്കാവുന്ന സബ്‌സിഡിയും ഉണ്ട്. തുടക്കത്തിലെ ആറുമാസത്തെ വായ്പ തിരിച്ചടവ് സബ്‌സിഡി മൂലം നടക്കുമെങ്കില്‍ അത് സംരംഭകര്‍ക്ക് വലിയ ആശ്വാസമായിരിക്കും.
- പലിശ തട്ടിച്ചു നോക്കണം
ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ എങ്ങനെ വായ്പ സംഘടിപ്പിക്കാം എന്ന ചിന്തയോടെ വേണം വായ്പയ്ക്കായി സമീപിക്കാന്‍ . പലിശ നിരക്കുകള്‍ പല സ്ഥാപനങ്ങളിലും വ്യത്യാസമുണ്ട്. 10 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ദേശസാല്‍കൃത ബാങ്കുകള്‍ ഈടാക്കി വരുന്നത് ഏകദേശം 10.5% പലിശയാണ്.എന്നാല്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ 11.5% നു് മുകളില്‍ വരുന്നുണ്ട്. കുറഞ്ഞ പലിശയ്ക്ക് വിവിധ ക്ഷേമ കോര്‍പ്പറേഷനുകള്‍ സംരംഭ വായ്പകള്‍ നല്‍കി വരുന്നുണ്ട്. കൃത്യമായ താരതമ്യ പഠനം നടത്തി വേണം വായ്പ എടുക്കുവാന്‍ .കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഇപ്പോള്‍ അഞ്ച് ശതമാനം പലിശക്ക് രണ്ട് കോടി രൂപ വരെ സംരംഭ വായ്പകള്‍ അനുവദിക്കുന്നുണ്ട്.
5.ആറുമാസത്തിനുള്ളില്‍ തുടങ്ങണം.
വായ്പ എടുക്കുന്ന സമയവും സംരംഭം ആരംഭിക്കുന്ന സമയവും തമ്മിലുള്ള ദൈര്‍ഘ്യം ആറുമാസത്തില്‍ അധികരിക്കാതെ ശ്രദ്ധിക്കണം. 50 ലക്ഷം രൂപ വരെയുള്ള പദ്ധതികളുടെ കാര്യത്തില്‍ ഇക്കാര്യം കൃത്യമായി ഉറപ്പുവരുത്തണം. ഇതിനായി നിര്‍വഹണ കലണ്ടര്‍ മുന്‍കൂട്ടി തയ്യാറാക്കണം. പുതു സംരംഭകര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
- കെട്ടിട നിര്‍മ്മാണത്തിന് വായ്പ പരമാവധി ഒഴിവാക്കണം.
കെട്ടിടം നിര്‍മ്മിക്കാന്‍ വായ്പ കൈപ്പറ്റി നിര്‍മ്മാണം കുറെ നീണ്ടു പോയാല്‍ തുടക്കത്തിലെ പ്രതിസന്ധിയിലാകും.സ്വന്തം നിലയില്‍ കെട്ടിടം നിര്‍മ്മിക്കുകയും തദ്ദേശസ്ഥാപനത്തിന്റെ നമ്പര്‍ സമ്പാദിക്കുകയും ചെയ്തതിനു ശേഷം മെഷിനറി, ഉപകരണങ്ങള്‍, പ്രവര്‍ത്തന മൂലധനം എന്നിവയ്ക്ക് പരമാവധി വായ്പ എടുക്കുന്നതായിരിക്കും സംരംഭത്തിന് നല്ലത്. - ആവശ്യത്തിനു തന്നെ ഉപയോഗിക്കണം.
കൃത്യമായ ആവശ്യം പറഞ്ഞുവേണം വായ്പക്ക് അപേക്ഷിക്കുവാന്‍ . കെട്ടിടം, മെഷിനറി, ഉപകരണങ്ങള്‍, പ്രവര്‍ത്തന മൂലധനം അങ്ങനെയുള്ള എന്താവശ്യത്തിനും വായ്പ ലഭിക്കും. ഏത് ആവശ്യത്തിനാണോ വായ്പ അനുവദിച്ചത് പ്രസ്തുത ആവശ്യത്തിന് തന്നെ അത് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. വ്യക്തിപരമായ ബാധ്യതകള്‍ തീര്‍ക്കാന്‍ സംരംഭ വായ്പകള്‍ ഉപയോഗിക്കരുത്.
- അക്കൗണ്ട് ഉള്ള ബാങ്കിനെ സമീപിക്കണം
പൊതുവേ സംരംഭകര്‍ക്കുള്ള സംശയമാണ് വായ്പയ്ക്ക് ഏത് ബാങ്കിനെയാണ് കാണേണ്ടത് ?
ബാങ്കുകളുടെ സര്‍വ്വീസ് ഏരിയക്ക് ഇപ്പോള്‍ പ്രസക്തിയില്ല.അക്കൗണ്ട് ഉള്ള ബാങ്കിനെയാണ് ആദ്യം സമീപിക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ പ്രമാണങ്ങളും മറ്റും ഏതു ബാങ്കിലാണോ പ്രസ്തുത ബാങ്കിനേയോ, കൂടുതല്‍ ഇടപാടുകള്‍ ഉള്ള ബാങ്കിനെയോ സമീപിക്കണം. ബാങ്കുമായി നിരന്തരമായ ബന്ധം ഉണ്ടാക്കിയെടുക്കുന്നത് കൂടുതല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും. - ഇ.എം.ഐ സിസ്റ്റം നല്ലതാണ്.
സംരംഭം വായ്പകള്‍ ഇപ്പോള്‍ ഇ.എം.ഐ സമ്പ്രദായത്തിലാണ് മിക്കവാറും നല്‍കി വരുന്നത്. ഇത് സംരംഭകര്‍ക്ക് ഏറെ ഗുണകരമാണ്. ആദ്യവര്‍ഷങ്ങളില്‍ സ്ഥാപനത്തിന്റെ വിറ്റു വരവ് കുറവായിരിക്കും എന്നതിനാല്‍ ഡിമിനിഷിംഗ് ഇന്ററസ്റ്റ് എന്ന രീതിയില്‍ വായ്പ എടുത്താല്‍ തിരിച്ചടവ് പ്രശ്‌നമാണ്. തുടക്കം മുതലേ വായ്പ കണക്ക് എന്‍പിഎ ആവാന്‍ സാധ്യതയുണ്ട്. മാത്രമല്ല പ്രതിമാസം അടയ്‌ക്കേണ്ടി വരുന്ന തുക എത്രയെന്ന് മുന്‍കൂട്ടി കൃത്യമായി അറിയുക വഴി നന്നായി ഈ കാര്യം പ്ലാന്‍ ചെയ്യാന്‍ കഴിയും. - കൃത്യമായി തിരിച്ചടയ്ക്കണം
വായ്പ എടുക്കുന്നത് ഇഷ്ടമാണ് തിരിച്ചടയ്ക്കുന്നത് തീരെ ഇഷ്ടമല്ല. ഈ സമീപനമാണ് മാറേണ്ടത്. കൃത്യമായി തിരിച്ചടക്കാന്‍ ശ്രദ്ധിക്കണം. മൂന്നുമാസം തിരിച്ചടവ് മുടങ്ങിയാല്‍ പോലും കണക്ക് എന്‍ പി എ ആയി മാറുന്നു. സിബില്‍ സ്‌കോര്‍ താഴാന്‍ കാരണമാകുന്നു. അങ്ങനെ വന്നാല്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പിന്നീട് വായ്പ ലഭിക്കുകയില്ല. തിരിച്ചടവിനുള്ള തുക കുറവാണെങ്കിലും അതതുമാസം ബാങ്കുമായി ബന്ധപ്പെട്ട് ഉള്ള തുക അടയ്ക്കാന്‍ ശ്രമിച്ചാല്‍ സംരംഭകരുടെ സ്‌കോര്‍ ഉയരും. കരുതലോടെ വായ്പ എടുത്ത് , പ്രസ്തുത ആവശ്യത്തിന് തന്നെ സമയബന്ധിതമായി ഉപയോഗിച്ച് , ധനകാര്യ സ്ഥാപനവുമായി നല്ല ബന്ധം ഉണ്ടാക്കിയെടുത്ത് , കൃത്യമായി തിരിച്ചടച്ച് മുന്നോട്ടുപോകുവാനാണ് സംരംഭകര്‍ ശ്രദ്ധിക്കേണ്ടത്.