ഭിന്നതകൾ മറന്ന്,ഒന്നായി മുന്നോട്ട് പോകാം

കോടതി നടപടികളിലും റിസീവർ ഭരണത്തിലും കുടുങ്ങി ശ്രീനാരായണ ട്രസ്റ്റിന്റെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായ ഒരു നിർണായക ഘട്ടത്തിലാണ് ട്രസ്റ്റ് നേതൃസ്ഥാനത്തേക്ക് ഒരു സമവായ സ്ഥാനാർത്ഥിയെന്ന നിലയിൽ ഞാൻ കടന്നുവന്നത്. 27 വർഷങ്ങൾക്ക് മുമ്പ് ട്രസ്റ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമ്പോൾ ഒരിയ്ക്കൽപോലും ചിന്തിച്ചിരുന്നില്ല, ഇത്രയും നീണ്ട കാലം ആ മഹത്പ്രസ്ഥാനത്തെ വിജയപാതയിലൂടെ നയിക്കാൻ കഴിയുമെന്ന്.

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും പിന്നെ സമുദായ സ്നേഹികളുടെ പിന്തുണയും ചേർന്നപ്പോൾ എന്നിൽ അർപ്പിതമായ ആ വലിയദൗത്യം വൻ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞുവെന്നതിൽ അഭിമാനവും ഏറെ സംതൃപ്തിയുമാണുള്ളത്. ‘സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് സ്വതന്ത്രരാകുക’ എന്ന ശ്രീനാരായണ സന്ദേശം ഉൾക്കൊണ്ട് മഹാനായ ആർ.ശങ്കർ സ്ഥാപിച്ച ശ്രീനാരായണ ട്രസ്റ്റിന്റെ സാരഥ്യം ഏറ്റെടുത്തതിന്റെ 28-ാം വർഷത്തിലേക്ക് കടക്കുന്ന ഈ ഘട്ടത്തിൽ ട്രസ്റ്റിന്റെ പ്രവർത്തനത്തിലും സമുദായത്തിന്റെ പുരോഗതിക്കായി മുന്നോട്ടുള്ള പ്രയാണത്തിലും എല്ലാവരും ഭിന്നതകൾ മറന്ന് ഒന്നിച്ചു നിൽക്കണമെന്ന അഭ്യർത്ഥനയാണ് പങ്കുവയ്ക്കാനുള്ളത്. ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായ പത്താം തവണയും സേവനം നടത്താനുള്ള അവസരം ലഭിച്ചത് ഗുരുവിന്റെ അനുഗ്രഹമായി കാണുന്നു. ഇതിനായി സ‌ർവ്വാത്മനാ ഒപ്പം നിന്ന സമുദായസ്നേഹികളായ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. എസ്.എൻ ട്രസ്റ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 മേഖലകളിലും വമ്പിച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ച എല്ലാവരെയും ഹൃദയപൂർവം അഭിനന്ദിക്കുകയും നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു. തികച്ചും ജനാധിപത്യ രീതിയിൽ എതിർപ്പുകളെ പരാജയപ്പെടുത്തി നേടിയ വമ്പിച്ച വിജയത്തിൽ ആഹ്ളാദം കൊള്ളാനോ, ആരോടെങ്കിലും വിദ്വേഷം പ്രകടിപ്പിക്കാനോ അല്ല, വിനയത്തോടെ എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നതാണ് ആഗ്രഹം.

1996 ൽ അപ്രതീക്ഷിതമായി ഈ ചുമതല ഏറ്റെടുക്കുമ്പോൾ 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ട്രസ്റ്റിനുണ്ടായിരുന്നത്. ഇന്ന് 16 എയ്ഡഡ് കോളേജുകൾ, 13 സ്വാശ്രയ കോളേജുകൾ, 17 ഹയർ സെക്കൻഡറി സ്കൂളുകൾ, ലാ കോളേജ്, നഴ്സിംഗ് കോളേജ്, പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ശങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (സിംസ്) എന്നിവയടക്കം 143 സ്ഥാപനങ്ങളുണ്ട്. ട്രസ്റ്റിനൊപ്പം എസ്.എൻ.ഡി.പി യോഗത്തിന്റെയും സാരഥ്യം വഹിക്കാൻ തുടങ്ങിയിട്ട് 27 വർഷമായെന്നതിനാൽ ഒരു ഡബിൾ എഞ്ചിൻ പോലെ ഇരുപ്രസ്ഥാനങ്ങളെയും നയിക്കാനുള്ള അവസരമാണ് കൈവന്നത്. യോഗത്തിന്റെ നിയന്ത്രണത്തിൽ ഏഴ് പുതിയ കോളേജുകളും 11 ഹയർ സെക്കൻഡറി സ്കൂളുകളുമുണ്ട്.

ട്രസ്റ്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ സ്വന്തം സമുദായത്തിലുള്ളവർ തന്നെയാണ് വിവിധ കോടതികളിൽ കേസുകൾ നൽകി പലതവണ ട്രസ്റ്റിനെ റിസീവർ ഭരണത്തിലെത്തിച്ചതെന്ന് കാണാം. ആദ്യം ആർ. ശങ്കറിന്റെ കാലത്ത് നല്ലനിലയിൽ മുന്നോട്ട് പോയപ്പോഴാണ് അത്തരക്കാർ കോടതിയിൽ പോയി ട്രസ്റ്റിനെ റിസീവർ ഭരണത്തിലാക്കിയത്. പിന്നീട് രാഘവൻ വക്കീലിന്റെ കാലത്തും ഇതാവർത്തിച്ചു. ഇവർ രണ്ടുപേരുടെ കാലത്തും ഏറെക്കാലം റിസീവർ ഭരണത്തിലായപ്പോൾ ട്രസ്റ്റിന്റെ വളർച്ചയെ ഇക്കൂട്ടർ തകർത്ത് തരിപ്പണമാക്കി. നാനാമുഖമായ വളർച്ചയെയും വികസനത്തെയും അത് സാരമായി ബാധിച്ചപ്പോൾ അവർ അത് കണ്ടാസ്വദിക്കുകയായിരുന്നു. അതിന്റെ തുടർച്ചയായി ഇന്നും ചിലർ അത്തരത്തിൽ കേസുകൾ കൊടുത്ത് നേതൃത്വത്തെ തളർത്താമെന്ന് വ്യാമോഹിക്കുകയാണ്. മുമ്പ് ട്രസ്റ്റിനെ തകർക്കാൻ ശ്രമിച്ച ശക്തികളുടെ പ്രേതങ്ങളാണ് ഇന്നും ഈ തൊഴിലുമായി നടക്കുന്നത്. ട്രസ്റ്റിനെ വീണ്ടും റിസീവർ ഭരണത്തിലാക്കാമെന്ന ചിലരുടെ വ്യാമോഹം കോടതിയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് നടക്കാതെ പോയത്.

ട്രസ്റ്റിൽ ഏത് വികസനം നടന്നാലും അതിനെയെല്ലാം കണ്ണടച്ച് എതിർക്കുകയും കേസുകൾ നൽകി തടസ്സപ്പെടുത്തുകയും ചെയ്യുന്ന വികസന വിരോധികളുടെ മനോനില സമുദായാംഗങ്ങളെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുന്ന രക്തദാഹികളുടേതാണ്. സമൂഹമാധ്യമങ്ങളിലൂടെയും ചില പത്ര, ദൃശ്യമാധ്യമങ്ങളിലൂടെയും നട്ടാൽ കുരുക്കാത്ത നുണപ്രചാരണങ്ങളാണ് ട്രസ്റ്റിനെതിരെയും എനിക്കും എന്റെ കുടുംബത്തിനും എതിരെപോലും അവർ നടത്തിയത്. ട്രസ്റ്റിന്റെ വളർച്ചയ്ക്കായി ഏതെങ്കിലും കാലത്ത് എന്തെങ്കിലും സഹകരണമോ സഹായമോ ചെയ്തിട്ടുള്ളവരല്ല ഇക്കൂട്ടർ. ജനവിധിയും കോടതി വിധിയും അനുകൂലമായി മാറിയിട്ടും അതിനെയും അംഗീകരിക്കാതെ വീണ്ടും കോടതിയിലേക്ക് പോകാനുള്ള നീക്കത്തിലാണവർ. കഴിഞ്ഞ 27 വർഷക്കാലം നിസ്വാർത്ഥമായും ത്യാഗോജ്ജ്വലമായും നടത്തിയ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് തിരഞ്ഞെടുപ്പ് നടന്ന പത്ത് റീജിയണുകളിലും നൂറുശതമാനം വിജയം നേടാനായത്. ഇവിടെയെല്ലാം എതിർപക്ഷത്തിന് വട്ടപ്പൂജ്യമാണ് ലഭിച്ചത്. ജനങ്ങൾ നൽകിയ പിന്തുണയും ഗുരുവിന്റെ അനുഗ്രഹവും കോടതി വിധിയും ഒന്നിച്ച് അനുകൂലമായി മാറി. സമുദായം ഒരുപാട് വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ തമ്മിൽതല്ലാതെ എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ട് പോകുകയാണ് വേണ്ടത്. കേരളത്തിലെ ജനസംഖ്യയിൽ ഒന്നാമതാണ് ഈഴവസമുദായത്തിന്റെ സ്ഥാനം. ആനിലയ്ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഈ സമുദായത്തിന് ലഭിക്കുന്നില്ല, കേരളത്തിലെ പ്രത്യേക പരിതസ്ഥിതിയിൽ എല്ലാവരും ജാതിപറഞ്ഞാണ് തങ്ങളുടെ അവകാശങ്ങൾ പിടിച്ചുപറ്റുന്നത്. മറ്റു സമുദായങ്ങൾ ശക്തി സമാഹരണം നടത്തി ഭരണത്തിനകത്തു നിന്നായാലും പുറത്തുനിന്നായാലും അവകാശങ്ങൾ പിടിച്ചുവാങ്ങുന്നു. ചോദിക്കും മുമ്പേ കൊടുക്കാൻ തയ്യാറായി ഭരണക്കാരും നിൽക്കുന്നു. അതിനാൽ സമൂഹത്തോടും സമുദായത്തോടും സ്നേഹമുള്ളവരെല്ലാം ഒരുമിച്ച് ഒറ്റക്കെട്ടായി എസ്.എൻ.ഡി.പി യോഗത്തെയും ട്രസ്റ്റിനെയും പുരോഗതിയിലേക്ക് നയിക്കാൻ ഒരുമയോടെ മുന്നോട്ട് പോകേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ട്രസ്റ്റിനെ ഛിന്നഭിന്നമാക്കാനും റിസീവർ ഭരണത്തിലെത്തിക്കാനും കേസുകൾ നൽകിയവർ തെറ്റുതിരുത്തി മുഖ്യധാരയിലെത്തുകയാണ് ചെയ്യേണ്ടത്.
ഞങ്ങൾക്ക് നൂറിൽ നൂറു മേനി തന്ന് വിജയിപ്പിച്ച ജനങ്ങളോടും കോടതിയിൽ കേസ് കൊടുത്ത് ട്രസ്റ്റിനെ റിസീവർ ഭരണത്തിലേക്കെത്തിക്കാൻ ശ്രമിച്ചവർക്ക് ശക്തമായ താക്കീത് നൽകി ഉത്തരവ് നൽകിയ ബഹുമാനപ്പെട്ട കോടതിയോടുള്ള ആദരവും ഈ ഘട്ടത്തിൽ അറിയിക്കുന്നു.

ട്രസ്റ്റിനെ ഛിന്നഭിന്നമാക്കാൻ കഴിഞ്ഞ കുറെക്കാലമായി കേസുകളുമായി കോടതികൾ കയറിയിറങ്ങുന്നവർ ഇനിയെങ്കിലും തിരിച്ചറിവിന്റെ പാതയിലെത്തി തെറ്റു തിരുത്തി മുഖ്യധാരയിലെത്തി ട്രസ്റ്റിനെയും യോഗത്തെയും പുരോഗതിയിലേക്ക് നയിക്കാൻ ഒരുമയോടെ മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. ഈ കൂട്ടയോട്ടത്തിൽ ഭിന്നതകൾ മറന്ന് ഒന്നായി നിന്ന് നന്നായി മുന്നോട്ട് പോകാനുള്ള ഭാവനയും ചിന്തകളും, ഒപ്പം ബുദ്ധിയും ശക്തിയും നൽകി ഗുരു അനുഗ്രഹിക്കട്ടെ. അതിന് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. മാറുന്ന കാലത്തിനനുസരിച്ച് നാം മാറിയില്ലെങ്കിൽ കാലം തന്നെ മാറ്റം വരുത്തിക്കൊള്ളും. മഹാകവി കുമാരനാശാന്റെ കവിതാശകലങ്ങളാണ് ഇവിടെ പ്രസക്തമാകുന്നത്.
‘മാറ്റുവിൻ ചട്ടങ്ങളേ സ്വയം, അല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ’

Author

Scroll to top
Close
Browse Categories