ഡോ. പല്‍പ്പു എന്നും മാർഗദീപം
ഡോ.പല്‍പ്പു സാമൂഹിക അസമത്വത്തിനെതിരെ പോരാടിയ കാലത്ത് തിരുവിതാംകൂറില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഈഴവസമുദായത്തില്‍ പെട്ട ഒരാളുടെ പോലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. നായന്‍മാര്‍ 800 പേര്‍ ഉളളപ്പോള്‍ 13000 ത്തോളം പരദേശി ബ്രാഹ്മണര്‍ സര്‍വീസിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.പല്‍പ്പു മൂന്നാമത്തെ പേരുകാരനും ഒപ്പുകാരനുമായി സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍ എന്ന നിവേദന സമരം കൊണ്ട് ഫലത്തില്‍ പ്രയോജനം സിദ്ധിച്ചത് നായര്‍ വിഭാഗത്തിന് മാത്രമായിരുന്നു
അടിമച്ചമര്‍ത്തപ്പെട്ട ഒരു ജന വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് ജീവിതം മുഴുവൻ പോരാടിയ ഡോ.പി. പല്‍പ്പു നമുക്ക് എന്നും മാര്‍ഗദീപമാണ്. ബുദ്ധിയും തൊഴില്‍ നൈപുണ്യവുംകര്‍മ്മശേഷിയും ഉണ്ടായിരുന്നിട്ടും അടിച്ചമര്‍ത്തലുകള്‍ മൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ ധീരനാണ് ഡോ.പല്‍പ്പു . ഫലപ്രദമായ ഇടപെടലുകളിലൂടെ ഭയാനകമായ വ്യവസ്ഥിതിയെ മാറ്റി മറിക്കാനും അധ:സ്ഥിത വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനും തൊഴില്‍ ലഭിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും വേണ്ടി ഡോ.പല്‍പ്പു നയിച്ച വിപ്ളവം കേരളചരിത്രത്തിലെ വജ്രശോഭയുളള ഒരു ഏടാണ്. ഡോ.പല്‍പ്പുവിന്റെ സമരമാര്‍ഗം ഒരിക്കലും കയ്യൂക്കിന്റെയോ കായികമായ പേരാട്ടങ്ങളുടെയോ ആയിരുന്നില്ല. ഡോ. പല്‍പ്പു അവകാശ ലബ്ധിക്ക് വേണ്ടി അധികാരികള്‍ക്ക് നിരന്തരം കത്തുകള്‍ എഴുതി. നിവേദനങ്ങള്‍ നേരിട്ട് സമര്‍പ്പിച്ചു. മറുപടി ലഭിക്കാതെ വന്ന സന്ദര്‍ഭങ്ങളിലും മനസ് മടുക്കാതെ അദ്ദേഹം തന്റെ പോരാട്ടം തുടര്‍ന്നു. പ്രാരംഭഘട്ടത്തില്‍ അവഗണിക്കാന്‍ ശ്രമിച്ചവര്‍ക്ക് പോലും ഒടുവില്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ നിരാകരിക്കാനായില്ല. ഈഴവസമുദായത്തില്‍ ആദ്യമായി ഡോക്ടര്‍ പദവിയിലെത്തുന്ന ആളായിരുന്നു അദ്ദേഹം.നിര്‍ദ്ദിഷ്ടയോഗ്യതകള്‍ നേടിയിട്ടും അദ്ദേഹത്തെ സര്‍ക്കാര്‍ സര്‍വീസില്‍ എടുക്കാന്‍ തിരുവിതാംകൂറിലെ ഭരണാധികാരികള്‍ തയ്യാറായില്ല. മൈസൂര്‍ സര്‍ക്കാരില്‍ ജോലി ചെയ്തുകൊണ്ട് പല്‍പ്പു അവിടെയും വിലക്കുകളെ മറികടന്നു.
ഡോ.പല്‍പ്പു സാമൂഹിക അസമത്വത്തിനെതിരെ പോരാടിയ കാലത്ത് തിരുവിതാംകൂറില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഈഴവസമുദായത്തില്‍ പെട്ട ഒരാളുടെ പോലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. നായന്‍മാര്‍ 800 പേര്‍ ഉളളപ്പോള്‍ 13000 ത്തോളം പരദേശി ബ്രാഹ്മണര്‍ സര്‍വീസിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.പല്‍പ്പു മൂന്നാമത്തെ പേരുകാരനും ഒപ്പുകാരനുമായി സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍ എന്ന നിവേദന സമരം കൊണ്ട് ഫലത്തില്‍ പ്രയോജനം സിദ്ധിച്ചത് നായര്‍ വിഭാഗത്തിന് മാത്രമായിരുന്നു.
പിന്നീട് പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭരണവര്‍ഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി അദ്ദേഹം ഒപ്പു ശേഖരണംനടത്തി സമർപ്പിച്ച ഭീമഹര്‍ജി ,ഈഴവ മെമ്മോറിയല്‍, കേരളീയസമൂഹത്തില്‍ വിപ്ലവകരമായ വ്യതിയാനങ്ങള്‍ക്ക് വഴിതെളിച്ചു.1896 സെപ്തംബര്‍ 3-ാം തീയതിയാണ് ഈഴവ മെമ്മോറിയല്‍ മഹാരാജാവിനു സമര്‍പ്പിച്ചത്. സ്‌കൂള്‍ പ്രവേശനവും സര്‍ക്കാര്‍ സര്‍വീസ് പ്രവേശനവുമാണ് ഈഴവ മെമ്മോറിയല്‍ മുഖ്യമായും ആവശ്യപ്പെട്ടിരുന്നത്. ഈഴവര്‍ക്കു അവരുടെ ദുരവസ്ഥയില്‍ നിന്നും മോചനമുണ്ടാകുവാന്‍ സ്വരാജ്യത്തെയോ, സ്വമതത്തെയോ ഉ പേക്ഷിച്ചാൽ അല്ലാതെ കഴിയില്ല എന്ന കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അവരുടെ വിവേചന നയങ്ങള്‍ തുടര്‍ന്നാല്‍ ഒന്നുകില്‍ കൂട്ടത്തോടെ മതം മാറേണ്ടി വരും. അതല്ലെങ്കില്‍ കൂട്ടത്തോടെ തിരുവിതാംകൂര്‍ വിട്ടു പോകേണ്ടി വരും എന്ന സൂചനയും നല്‍കി. എന്നാൽ എല്ലാ ജാതിക്കാരെയും ഓരോ പള്ളിക്കൂടത്തില്‍ ചേര്‍ത്തു പഠിപ്പിക്കുവാന്‍ ജാതിസമ്പ്രദായം അനുവദിക്കുന്നില്ലെന്ന് ദിവാന്‍ മറുപടിനൽകി. തുടർന്ന് ഈഴവപ്രശ്‌നം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാൻ മുൻകൈയെടുത്തു. 1897 ജൂലൈ 19നു ഹെര്‍ബര്‍ട്ട് റോബര്‍ട്ട്‌സ് എന്ന പാര്‍ലമെന്റംഗം ചോദ്യം ഉന്നയിച്ചു. ഈഴവര്‍ നിലവിലുള്ള സാമൂഹിക ആചാരങ്ങളില്‍ നിന്നും വിമുക്തരായിട്ടില്ലെന്നും അതുകൊണ്ട് അവര്‍ക്കും കീഴ് ജാതി വിഭാഗങ്ങള്‍ക്കും പ്രത്യേകം വിദ്യാലയങ്ങള്‍ അനുവദിച്ചു കൊടുത്തതായി തിരുവിതാംകൂര്‍ ദിവാന്‍ മദ്രാസ് ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്.
അധികാരിവര്‍ഗത്തിന്റെയും സവര്‍ണ്ണവിഭാഗത്തിന്റെയും അപ്രീതിയും ശത്രുതയും ഭയന്ന് ഇത്തരം ഹര്‍ജികളില്‍ ഒപ്പ് വയ്ക്കാന്‍ പിന്നാക്കജാതിക്കാര്‍ ഭയന്നിരുന്ന ഒരു കാലത്ത് അത്രയധികം ആളുകളില്‍ പ്രേരണ ചെലുത്താനും അവരെ ബോധവത്കരിച്ച് സ്വന്തം നിലപാടുകള്‍ക്കൊപ്പം അണിനിരത്താനും പല്‍പ്പുവിന് സാധിച്ചു.ഉദ്ദിഷ്ടലക്ഷ്യങ്ങളില്‍പലതും നിശ്ശബ്ദമായ സമരമാര്‍ഗങ്ങളിലൂടെ അദ്ദേഹം നേടിയെടുക്കുക തന്നെ ചെയ്തു. സരോജിനി നായിഡു അദ്ദേഹത്തെ നിശ്ശബ്ദനായ വിപ്ലവകാരിയെന്നാണ് വിശേഷിപ്പിച്ചത്.
എല്ലാ കാര്യങ്ങളിലും വിശാലമായ വീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്. മാനവികതയായിരുന്നു എക്കാലവും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ നയിച്ചിരുന്നത്. പരിപൂര്‍ണ്ണമായും ഗുരുദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണങ്ങളും നിലപാടുകളും. ആഗോളതലത്തില്‍ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും കലഹവും വിഭാഗീയതയും കൊടുമ്പിരി കൊളളുകയും ചെയ്യുന്ന ഈ കാലത്ത് ഡോ. പല്‍പ്പുവിന്റെ നിലപാടുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. പിന്നാക്കക്കാര്‍ എല്ലാം നേടിക്കഴിഞ്ഞുവെന്നും ഇനി ജാതിസംവരണം ആവശ്യമില്ലെന്നുമുളള മട്ടില്‍ തെറ്റായ പ്രചരണം അഴിച്ചുവിടുകയാണ് ഇക്കാലത്ത്ചിലര്‍ . മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പിന്നാക്ക ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണ്. വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കാനുളള തത്രപ്പാടിനിടയില്‍ തമസ്‌കരിക്കേണ്ട വിഭാഗമായി അധ:സ്ഥിതരെ അവര്‍ കാണുന്നു.ജാതി സെൻസസ് വേണമെന്നും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ ആ വാദത്തില്‍ ഏതെങ്കിലും തരത്തിലുളള അനീതിയോ അന്യായമോ അധാര്‍മ്മികതയോ ഇല്ലെന്ന് നിഷ് പക്ഷക്ഷമതികള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഹെഡ് കൗണ്ട് നടത്തി എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ പങ്കാളിത്തം ലഭിക്കും വിധം സാമൂഹ്യനീതി നടപ്പിലാക്കണം എന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഡോ.പല്‍പ്പു ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം മുന്നോട്ട് വച്ച വാദഗതിയും ഇതുതന്നെയായിരുന്നു. എല്ലാവര്‍ക്കും എല്ലാം ലഭിക്കുന്ന സമത്വസുന്ദരമായ ഒരു ലോകം വിഭാവനം ചെയ്ത മഹാത്മാവാണ് ഡോ.പല്‍പ്പു .
ഡോ.പല്‍പ്പു മുന്നോട്ട് വച്ച സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും എല്ലാ വിഭാഗം ജനങ്ങളുടെയും നന്മയ്ക്ക് ഉപയുക്തമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. തലമുറകള്‍ എത്ര കഴിഞ്ഞാലും ഡോ. പല്‍പ്പു നമുക്ക് മാര്‍ഗദര്‍ശിയാണ്. ഡോ.പല്‍പ്പുവിന്റെ പ്രവര്‍ത്തനശൈലിയും ദര്‍ശനങ്ങളും ആവര്‍ത്തിച്ച് പഠിക്കുകയും മാതൃകയാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.