പ്രായഭേദങ്ങൾ
സർക്കാർ ആശുപത്രിയുടെ ഒ.പി. ടിക്കറ്റിനുള്ള ക്യൂവിന്റെ നീളം കുറഞ്ഞു കുറഞ്ഞ് ഒടുവിൽ ആ കിളിവാതിലിനുമുന്നിലെത്തുമ്പോൾ അകത്തു നിന്നും വരുന്ന കിളിനാദത്തിലുള്ള ചോദ്യത്തിനുമറുപടിയായും, അതുപോലെ ഒഴിച്ചു കൂടാനാവാത്ത മറ്റേതെങ്കിലുമിടങ്ങളിലുംവയസ്സു പറയേണ്ടിവരുമ്പോൾ മാത്രമേ എഴുപതു വയസ്സായി എന്നു ഞാൻ വാക്കാൽ സമ്മതിയ്ക്കാറുള്ളു.
ഇനിയും ചുളിവുകൾ വീഴാത്ത ചർമ്മവും , അവശതകളില്ലാത്ത ശരീരവും, ആശകളടങ്ങാത്ത മനസ്സും എന്നെ ചെറുപ്പമെന്ന ചിന്താകവചം കൊണ്ടു പൊതിഞ്ഞു പിടിച്ചിരിയ്ക്കുകയാണ്.
ലക്ഷമിയ്ക്കു ഷുഗറും പ്രഷറുമുണ്ട്. ദേഹ വേദനയും, സന്ധി കൾക്കു വഴക്കക്കുറവുമുണ്ട്.
അവൾ ദൈവവഴിയിലേക്കു തിരിയുകയും, കുഴമ്പിന്റെ മണവുമായി മുറി മാറി കിടക്കുകയും ചെയ്തതോടെ ഞാൻ ഏകാന്തതയുടെ തുരുത്തിൽ ഒറ്റപ്പെടുകയായിരുന്നു.
എന്റെ മനസ്സിൽ ആഗ്രഹങ്ങളുടെ ഇല കൊഴിച്ചിൽ ഇനിയും ആരംഭിച്ചിട്ടില്ല. അഥവാ ഒന്നു കൊഴിഞ്ഞാൽ ഒൻപതു തളിരുകൾ വരിഞ്ഞു വരും.
ചിലപ്പോഴൊക്കെ ഞാൻ എന്നിലേക്കു ചുഴിഞ്ഞുനോക്കാറുണ്ട്. നാല്പതോ, നാല്പത്തിയഞ്ചോവർഷങ്ങൾക്ക് അപ്പുറമുള്ള അതേ മനസ്സാണ് ഇപ്പോഴും.
ഒരുപാടു കാലം കൂടിരാമകൃഷ്ണന്റെ ഭാര്യയെ വഴിയിൽ വെച്ചുക ണ്ടു.സംസാരമദ്ധ്യേ അവൾ പറഞ്ഞു.
എന്നെ കെട്ടിക്കൊണ്ടു വന്നകാലം മുതൽ ഞാൻ കാണാൻ തുടങ്ങിയതാ. അന്നും ഇന്ന്യം ഒരുപോലെ.
മനസ്സിനു സുഖവും, ആത്മവിശ്വാസവും തരുന്ന വാക്കുകളായിരുന്നു അവളുടേത്. അവൾ അമ്പലത്തിൽ പോയിട്ടു വരുന്നവഴിയായിരുന്നു. നെറ്റിയിൽ ചന്ദന മുണ്ട്. ഇലക്കീറൽ പ്രസാദവും. അല്പം പ്രസാദം അവൾ നെറ്റിയിൽ തൊട്ടു തന്നു.
നിനക്കെത്ര പിള്ളേരാ.?
മൂന്ന്. –
കല്യാണം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.- സംസാരം മതിയാക്കി അവൾയാത്ര പറഞ്ഞു.
വീട്ടിലിരുന്നു മടുക്കുമ്പോൾ പാടത്തിന്റെ ചിറയിൽ പോയിരിയ്ക്കും. പടിഞ്ഞാറുനിന്നും നല്ല കാറ്റാണ്. വെയിൽചായുന്ന നേരത്തു ആറ്റുകടവിൽ കുളിയ്ക്കാൻ പോകുന്ന പെണ്ണങ്ങൾ ആ വഴി വരും. അവരോടൊക്കെ കുശലം പറയുന്നതൊരു സുഖമാണ്. ദേവകി ഗൗരവക്കാരിയാണ്.
അവിടെയിരിയ്ക്കുമ്പോൾ കൃഷ്ണൻ കുട്ടിയെ ഓർക്കും. എന്റെ സമപ്രായക്കാരനായ ചങ്ങാതിയായിരുന്നു.
അവനാണ് എന്നെക്കൊണ്ട് ആദ്യമായി കള്ളുകുടിപ്പിച്ചതും, കഞ്ചാവു വലിപ്പിച്ചതും. അവൻ വല്ലാതെ നിർബ്ബന്ധിച്ച് എന്നെക്കൊണ്ടു ചെയ്യിയ്ക്കുകയായിരുന്നു. പിന്നീടൊരിയ്ക്കലും കുടിച്ചിട്ടുമില്ല. വലിച്ചിട്ടുമില്ല.
അവൻ മരിച്ചിട്ടു പത്തു വർഷത്തോളമായി. അർബ്ബുദമായിരുന്നു. ഒരു ഷാപ്പിലെ കള്ളു മുഴുവൻ കുടിയ്ക്കുമായിരുന്നു. കൂടി കഴിഞ്ഞാൽ പിന്നെ അവനൊരു പുകവണ്ടി പോലെയായിരുന്നു. നീലിച്ച പുകച്ചുരുളുകൾ തലയ്ക്കു മീതേ എപ്പോഴും വട്ടമിട്ടു നില്ക്കുന്നുണ്ടാകും.
പുകവലിയ്ക്കാത്തതും , കള്ളുകുടിയ്ക്കാത്തതുമാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു തോന്നിയിട്ടുണ്ട്.
വൈകുന്നേരം പതിവു നടത്തത്തിനിറങ്ങിയപ്പോൾ ഗ്ലോറിയാമ്മയെ കണ്ടു. മിക്കപ്പോഴുംകാണാറുള്ളതാണ്. ടൗണിലെ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരിയാണ് അവൾ .
ചിലപ്പോൾ കൂടെ ആരെങ്കിലുമുണ്ടാക്കും. – കൂടെ ആളുള്ളപ്പോൾ ഹൃദ്യമായൊന്നു ചിരിയ്ക്കും. ഒന്നും സംസാരിയ്ക്കാൻ നില്ക്കില്ല.
ഒടുവിലായപ്പോൾ വൈകുന്നേരത്തെ നടപ്പിന് അവളെ കാണുക എന്നൊരു ഉദ്ദേശ്യം കൂടി ഉണ്ടായിവന്നു.
തനിച്ചു കണ്ടൊരു വൈകുന്നേരം എന്നോടു വളരെ ചേർന്നു നിന്നവൾ സംസാരിച്ചു.
ഞാൻ എപ്പോഴും ഓർക്കും ..
എന്റെയുള്ളിൽ ഒരാന്തലും, ആളലുമുണ്ടായി. മനസ്സു വല്ലാതെയങ്ങുണർന്നു.
എന്താ ഓർക്കുന്നെ.?
എന്നും നല്ല ടിപ്പ് – ടോപ്പിലെ ഞാൻ കണ്ടിട്ടുള്ളു. എനിക്ക് എന്തിഷ്ടമാണെന്നോ .?
അതു കേട്ടപ്പോൾ എന്റെ തൊണ്ട വരണ്ടു പോയി. ഞാൻ ആകാശത്തേയ്ക്ക് ഉയർന്നു പോവുകയാണെന്നു തോന്നി.
അവൾ നടക്കാൻ തുടങ്ങിയപ്പോൾ ഒരു കണക്കിൽ ഞാൻ പറഞ്ഞു.
നാളെയും ഈ നേരത്ത്. –
അവ ൾ ഒന്നു ചിരിച്ചിട്ടു നടന്നു പോയി.
പിറ്റേ ദിവസവും അതിന്റെ പിറ്റേന്നുമൊക്കെ നടക്കാനിറങ്ങിയെങ്കിലും അവളെ കണ്ടില്ല.
അല്ലെങ്കിലും ഈ പെണ്ണുങ്ങൾ മരീചിക പോലെയാണ്. അടുക്കും തോറും അകന്നകന്നു പോകും.
ഉറക്കത്തിനു വേണ്ടി കാത്തു കിടന്ന ഒരു രാത്രിയിൽ മൊബൈൽ ശബ്ദിച്ചു.
ഈ രാത്രിയിൽ ആരാണ്.?
എന്നെ ഫോൺ വിളിയ്ക്കാൻ അധികം ആരുമില്ല. വല്ലപ്പോഴുംമോളു വിളിയ്ക്കും. അല്ലെങ്കിൽ അവളുടെ മക്കളാരെങ്കിലും. വല്ല അത്യാവശ്യമുണ്ടായാൽ ബന്ധുക്കളും.
മോളു വാങ്ങി തന്നെ ഫോണാണ്.
മകൻ രാജേന്ദ്രനും, അവന്റെ ഭാര്യ ദീപ്തിയ്ക്കും അത്അത്ര പിടിച്ചില്ല.
ഈ പ്രായത്തിൽ അഛനെന്തിനാ മൊബൈൽ?
ഇന്നത്തെ കാലത്ത് ആർക്കാ മൊബൈൽ ഇല്ലാത്തത്.? അഛനെക്കാൾ പ്രായമുള്ളവരുടെ പോക്കറ്റിലുണ്ട് മൊബൈൽ . എനിക്ക് അഛനോടു വല്ലപ്പോഴുമൊന്നു നേരിട്ടു സംസാരിയ്ക്കാമല്ലോ. – അതിനാ .മോളു പറഞ്ഞു.
കുഴപ്പമൊന്നുമില്ല. ഇവിടെ പഠിയ്ക്കുന്ന രണ്ടു പിള്ളേരുണ്ട്. കുട്ടികൾക്കു മൊബൈൽ കൊടുക്കരുതെന്നാ സ്ക്കൂളിൽ ക്ലാസ്സെടുക്കാൻ വന്ന മന:ശ്ശാസ്ത്രജ്ഞനായ ഡോക്ടർ പറഞ്ഞത്. മുത്തഛന്മാരും , മുത്തശ്ശിമാരുമാണു കുട്ടികളെ വഷളാക്കുന്നതെന്നു പ്രത്യേകം പറഞ്ഞു. അതുകൊണ്ടു ഞാൻ പറഞ്ഞതാ. മൊബൈൽ കൊടുത്തു കുട്ടികളെപെഴപ്പിയ്ക്കാതിരുന്നാൽ മതി. അതു കേട്ടപ്പോൾ മോളു പറഞ്ഞു. –
എനിക്കുമുണ്ടു രണ്ടെണ്ണം. അവർക്കു മുത്തഛനും, മുത്തശ്ശിയുമുണ്ട്. അവരാരും എന്റെ മക്കളെ പെഴപ്പിയ്ക്കുന്നില്ല. മക്കളു പെഴയ്ക്കുന്നെങ്കിൽ അതു തന്തേടം, തള്ളേ ടേം കൊണം കൊണ്ടാ.
മകൾ എന്റെ സൈഡ് ചേർന്നപ്പോൾ ദീപ്തിഒതുങ്ങി.
മുറിയിലെ ലൈറ്റു തെളിച്ച് എഴുന്നേറ്റു ചെന്നു ഫോണെടുത്തു
പേരില്ല. നമ്പർ മാത്രം
ഹലോ – ആരാ?
ഞാൻ ഗ്ലോറിയാ –
ശ്വാസം നീലച്ചു പോയി..
രാത്രിയിൽ എന്തിനായിരിയ്ക്കും.?
മേശപ്പുറത്തിരുന്ന വാച്ചിലേക്കു നോക്കി. പതിനൊന്നു മുപ്പത്.
എന്താ? ഞാൻ സ്വരം താഴ്ത്തി ചോദിച്ചു.
ഇതു വരെ ഉറങ്ങിയില്ലേ.?
ഒരു കാര്യം പറയാനാ വിളിച്ചത്.
എന്താ പറഞ്ഞോളു . – ഞാൻ ആവേശം കൊണ്ടു.
വേലിയ്ക്കകത്തെ രാമചന്ദ്രൻ ചേട്ടൻ മരിച്ചു. – അതു കേട്ടപ്പോൾ എന്റെ മനസ്സിന്റെആവേശം കെട്ടു.
എപ്പോൾ ,?
കുറച്ചു മുമ്പ്. ഞങ്ങൾ പോയി കണ്ടിട്ടുവന്നാ വിളിച്ചത്. നിങ്ങൾ ഒരേപ്രായക്കാരും സുഹൃത്തുക്കളുമാണെന്ന് അമ്മ പറഞ്ഞു.
അവൻ എന്നെക്കാൾ മൂത്തതാ. പെട്ടെന്നു ഞാൻപറഞ്ഞു.
ആരാ അഛാ ഈ രാത്രീല് .? അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ദീപ്തിയുടെ ചോദ്യം.
വേലിക്കകത്തെ രാമചന്ദ്രൻ മരിച്ചെന്ന്.
ആരാ വിളിച്ചത്.?
ദാമോദരനാ-
ഏതു ദാമോദരൻ .?
അതു നീ അറിയത്തില്ല. ചന്തക്കടവിലുള്ളതാ. വൈകുന്നേരം നടക്കാനിറങ്ങുമ്പോൾ പതിവായി കാണും.ഇത്തിരി നേരം വർത്തമാനം പറഞ്ഞു നില്ക്കും. അങ്ങനെയുള്ള ബന്ധമാ .
ദീപ്തിയ്ക്കു വിശ്വാസമായെന്നു തോന്നുന്നു.
മരണം പറയാനാണെങ്കിലും ഈ രാത്രിയിൽ അവ ൾ വിളിച്ചതിൽ എന്തോ ഉണ്ടെന്നൊരു തോന്നൽ –
നേരം വല്ലാതെ ഇരുണ്ടു പോയി. അല്ലെങ്കിൽ പോകാമായിരുന്നു. രാമചന്ദ്രനെ കാണുക മാത്രമല്ല ലക്ഷ്യം. ഗ്ലോറിയെയും കാണാമായിരുന്നു.
ശവസംസ്ക്കാരത്തിനു ചെന്നപ്പോൾ കണ്ണുകൾ ആളുകൾക്കിടയിൽ ഗ്ലോറിയെ തിരഞ്ഞു.
രാമചന്ദ്രന്റെ ദു:ഖിതയായ ഭാര്യയ്ക്കരികി ൽഅവളെ കണ്ടു. അവൾഎന്നെ കണ്ടില്ലെന്നു തോന്നുന്നു.
ചിതയങ്ങടങ്ങുന്നതു വരെ അവിടെയൊക്കെ ചുറ്റിപ്പറ്റി നിന്നെങ്കിലും അവളെ അടുത്തൊന്നു കാണാനോ, സംസാരിയ്ക്കാനോ കഴിഞ്ഞില്ല. അതിന്റെയൊരു വിഷമത്തോടെയാണ് അവിടെ നിന്നും പോന്നത്.
ഒരാഴ്ച കഴിഞ്ഞു വെല്യ പള്ളിയിലെ പെരുന്നാളിനു രൂപം എഴുന്നെള്ളത്തു കാണാൻ പേട്ടമുക്കിൽനില്ക്കുമ്പോൾ ഗ്ലോറിയെ കണ്ടു. അവളുടെ അമ്മയും മറ്റു ബന്ധുക്കളുമൊക്കെ കൂടെയുണ്ടായിരുന്നു.എന്നിട്ടും അവൾ അടുത്തു വന്നു.
ഞാൻ ഓർത്തോണ്ടു നില്ക്കുകയായിരുന്നു. – അവൾപറഞ്ഞു.
.അച്ചായനെ കണ്ടില്ലല്ലോന്ന് .
അവൾതുടർന്നു. അച്ചായനെ കാണുമ്പോഴൊക്കെ ഞാൻ എന്റെ അപ്പച്ചനെയാ ഓർക്കുന്നത്. അപ്പച്ചനും ഇതു പോലെ തന്നെയായിരുന്നു. മരിയ്ക്കുന്നതു വരെടിപ് – ടോപ്പിലെ നടക്കുമായിരുന്നുള്ളു. എന്റെ ശരീരത്തോടു കണക്കിലേറെ ചേർന്നു നിന്നുകൊണ്ട് അവൾ മെല്ലെ ചോദിച്ചു.
ഇന്നു മുതൽ ഞാൻ അപ്പച്ചാന്നു വിളിച്ചോട്ടെ.?
9605419148.