ശ്രീനാരായണ ഗുരുധര്‍മ്മം

പ്രാചീന ഋഷീശ്വരന്മാരുടെ ദിവ്യ ചക്ഷുസ്സുകളിലൂടെ കണ്ടറിഞ്ഞവയാണ് ചതുര്‍വേദങ്ങളും ഉപനിഷത്തുകളും എങ്കില്‍ അത്രത്തോളം തന്നെ ഗാഢമായ തപോദയ ത്യാഗത്തിലൂടെ ഗുരു കണ്ടറിഞ്ഞ പ്രപഞ്ചസത്യത്തെ ലളിതവും സരളകോമളവുമായ വാക്കുകളിലൂടെ പണ്ഡിതനും പാമരനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപോലെ മനസ്സിലാവുന്ന ഭാഷയില്‍ ഗുരു മനുഷ്യനെ കുറിച്ചു പറഞ്ഞു

ഗുരു കഠിനമായ തപോദയ ത്യാഗത്തിലൂടെ കണ്ടറിഞ്ഞ സത്യത്തിന്റെ വഴികള്‍ മനുഷ്യവംശത്തിന്റെ നന്മക്കായി തുറന്നുകൊടുത്തു. അതാണ് യഥാര്‍ത്ഥമായ ഗുരുധര്‍മ്മം. അത് അവലംബിക്കേണ്ടതിന്റെ ആവശ്യകത എത്രമാത്രം ഉണ്ടെന്ന് വിളിച്ചറിയിക്കുന്നവയാണ് അദ്ദേഹത്തിന്റെ മഹത്‌വചനങ്ങള്‍. അവയില്‍ എന്തുകൊണ്ടും മഹത്തരം ആയത് ”ഒരുജാതി ഒരു മതം ഒരുദൈവം മനുഷ്യന്” എന്ന മഹാവാക്യം തന്നെയാണ്.

ഇന്ന് പല സ്ഥലങ്ങളിലും ചുവരുകളിലും, പീതപതാകകളിലും മറ്റും ഇതെഴുതി വച്ചിട്ടുണ്ട്. ശരിയായ രീതിയില്‍ ഈ മഹത്‌വചനത്തെ മനനം ചെയ്തത് അറിവിന്റെ ആഴങ്ങളില്‍ ആഴ്ന്നവര്‍ എത്രപേര്‍ ഉണ്ടാകും. ആരും അധികമൊന്നും ഇതേപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല. എഴുതിയതായി കണ്ടിട്ടുമില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനു വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടുണ്ടോ എന്നും സംശയമാണ്.ആത്മീയ ഉത്‌ബോധനത്തിനും വേദോപനിഷദ് സംബന്ധികളായ തത്വമസി അയമാത്മബ്രഹ്മ. പ്രജ്ഞാനാം ബ്രഹ്മ. അഹം ബ്രഹ്മാസ്മി എന്നീ ചതുര്‍ മഹാവാക്യങ്ങളേക്കാള്‍ ഒരു പടികൂടി ആഴത്തില്‍ ചിന്തിക്കേണ്ട മഹാവാക്യമാണ്. ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്ന ഗുരുവചനം.

ദശോപനിഷത് എന്ന പേരില്‍ അറിയപ്പെടുന്ന ദൈവദശകം അവസാനിപ്പിക്കുമ്പോള്‍ പ്രപഞ്ചശക്തിയായ ദൈവത്തോട് അപേക്ഷിക്കുന്നു.
ആഴമേറും നിന്‍ മഹസ്സാ
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
ഗുരുകുല വിദ്യാഭ്യാസാനന്തരം വാരണപ്പള്ളില്‍ നിന്നും വിടപറയുമ്പോള്‍ ഗുരു തന്റെ സതീര്‍ത്ഥ്യരോടു പറഞ്ഞതാണ് ”ഈ ആഴമേറിയ മഹാസമുദ്രത്തിലേക്ക് നാമിതാ ആഴ്ന്നിറങ്ങാന്‍ പോകുന്നു. അതില്‍ നിന്നും എന്തെങ്കിലും കിട്ടിയാല്‍ നാമതു നിങ്ങള്‍ക്കു തരാം” എന്നു പറഞ്ഞ ഗുരു മാനവരാശിക്കു നല്‍കിയ മഹത്തായ സംഭാവനകളില്‍ ഒന്നാണ് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം.

ദൈവത്തിന്റെ മഹസ്സാമാഴിയില്‍ ഗുരു ആഴ്ന്നിറങ്ങുക തന്നെ ചെയ്തു. എന്തുകൊണ്ടാണ് ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ എന്നു പറഞ്ഞത്. മഹസ്സിന് ജ്ഞാനം, പ്രകാശം എന്നെല്ലാം അര്‍ത്ഥമുണ്ട്. അറിവിന്റെ ആഴങ്ങളിലേക്ക് നാം ഇറങ്ങുന്നു എന്നാണ് ഗുരു പറഞ്ഞത്. അറിവാണ് ദൈവം. സത്യമാണ് ദൈവം. അറിവു നേടുന്നതിന് കഠിനമായ തപോദയ ത്യാഗത്തിലൂടെ കണ്ടറിഞ്ഞ സത്യത്തിന്റെ വഴികള്‍ മനുഷ്യവംശത്തിനു കാട്ടികൊടുത്തു എന്തിനുവേണ്ടി? ”ഞങ്ങളാകവേ ആഴണം വാഴണം സുഖം’ ഈ തപശ്ചര്യയില്‍ നിന്നടര്‍ന്നുവീണ വാക്കുകള്‍ നമ്മള്‍ പ്രാര്‍ത്ഥനയായി ചൊല്ലുന്നു. കിട്ടിയ വസ്തുത മനനം ചെയ്ത് അതിന്റെ അന്തരാര്‍ത്ഥങ്ങള്‍ കണ്ടറിയുന്നതിന് അതായത് അറിവല്ലാതെ ഒന്നും ഇല്ലാത്ത ഈ ലോകത്ത് അറിവിനെ അറിയുവാന്‍ അറിവിലൂടെ തന്നെ യാത്ര ചെയ്യണം.

അറിവില്ലായ്മയിലൂടെ അറിവിനെ അറിയുവാന്‍ സാദ്ധ്യമല്ല എന്ന മഹദ്‌സന്ദേശം ഗുരുദേവന്‍ മനുഷ്യവംശത്തിനായി നല്‍കി.

പ്രാചീന ഋഷീശ്വരന്മാരുടെ ദിവ്യ ചക്ഷുസ്സുകളിലൂടെ കണ്ടറിഞ്ഞവയാണ് ചതുര്‍വേദങ്ങളും ഉപനിഷത്തുകളും എങ്കില്‍ അത്രത്തോളം തന്നെ ഗാഢമായ തപോദയ ത്യാഗത്തിലൂടെ ഗുരു കണ്ടറിഞ്ഞ പ്രപഞ്ചസത്യത്തെ ലളിതവും സരളകോമളവുമായ വാക്കുകളിലൂടെ പണ്ഡിതനും പാമരനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപോലെ മനസ്സിലാവുന്ന ഭാഷയില്‍ ഗുരു മനുഷ്യനെ കുറിച്ചു പറഞ്ഞു. വേദ ഭാഷ്യങ്ങളോടു ഇതിനെ താരതമ്യപ്പെടുത്തുവാന്‍ കാരണമുണ്ട്. ചതുര്‍മഹാവാക്യങ്ങളിലൂടെ പ്രകടമായിരിക്കുന്ന വേദസാരാംശം പരിശോധിച്ചാല്‍ അതിന്റെ തന്നെ ലളിതമായ പ്രതിപാദ്യം തന്നെയാണ് ഗുരുവചനങ്ങള്‍. നല്ല ഭാഷാ പാണ്ഡിത്യവും പരിജ്ഞാനവും ഉള്ളവര്‍ക്കുമാത്രമേ വേദങ്ങളും ഉപനിഷത്തുക്കളും വായിച്ച് വിശകലനം ചെയ്തു അന്തരാര്‍ത്ഥം മനസ്സിലാക്കുവാന്‍ കഴിയൂ. എന്നാല്‍ ഗുരുവചനങ്ങള്‍ക്ക് ഈ മഹാപ്രയത്‌നം ആവശ്യമില്ല.

”ഒരു ജാതി” : ഗുരു ഒരു ജാതിയെക്കുറിച്ചു മാത്രമേ പറയുന്നുള്ളു. നിലവില്‍ എണ്ണിയാലൊടുങ്ങാത്ത ജാതികള്‍ ഉള്ളപ്പോള്‍ ഒരു ജാതി എന്നു പറഞ്ഞതിന്റെ പൊരുള്‍ എന്താണ്” ”ജാത്” എന്ന ധാതുവില്‍ നിന്നാണ് ജാതി എന്ന വാക്കിന്റെ ഉത്ഭവം. ജാത് എന്നാല്‍ ജനനം- ജനിക്കുക എന്നൊക്കെയാണര്‍ത്ഥം. അപ്പോള്‍ ജാതി എന്ന വാക്കിന് ഒരേവിധം ജന്മം ഉള്ളവരുടെ സമൂഹം എന്നാണര്‍ത്ഥം. ആന്തരീകമായി ചിന്തിക്കുമ്പോള്‍ മനുഷ്യന്‍ ജന്മം കൊണ്ട് ഒരുപോലെ ആയവന്റെ സമൂഹം തന്നെയാണ്. അതാണ് ഒരു ജാതി എന്നു തന്നെ തറപ്പിച്ചു പറഞ്ഞത്.

ഒരുമതം: മതം എന്നതിന്, അഭിപ്രായം, ഇഷ്ടമുള്ളത്, അറിവ്, അറിഞ്ഞത്, സമ്മതം എന്നെല്ലാം അര്‍ത്ഥമുണ്ട്. ഇവിടെ ”മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നു പറയുമ്പോള്‍ മതം വേണ്ട എന്നര്‍ത്ഥമില്ല. ഇതെഴുതുമ്പോള്‍ ആ കാര്യം ഓര്‍ക്കുന്നു. ഗുരുവിന്റെ പ്രോത്സാഹനം വളരെ ലഭിച്ചിട്ടുള്ള സ്വാമിജി ആയിരുന്നു കേരള വിവേകാനന്ദന്‍ എന്ന പേരിലറിയപ്പെട്ട ആഗമാനന്ദസ്വാമികള്‍. ഗുരുവിന്റെ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മഹത്‌വചനത്തെ കുറിച്ചു പറയുമ്പോള്‍ സ്വാമിജി പറയും കറി ഏതായാലും സദ്യ നന്നായാല്‍ മതി എന്ന്. കാരണം വിശദീകരിച്ചത് സദ്യ കേമം ആകണമെങ്കില്‍ കറി അതിനു യോജിച്ചത് തന്നെയാകണം. ഇവിടെ കറി യോഗ്യമായിരുന്നാലേ സദ്യ നന്നാവുകയുള്ളു എന്നു പറയുന്നതു പോലെ മതം വേണ്ട എന്നു ഗുരു പറയുന്നില്ല. പക്ഷേ അതു യോഗ്യമായിരിക്കണം എന്നാണതിന്റെ അന്തരാര്‍ത്ഥം എന്നു സ്വാമിജികള്‍ വിശകലനം ചെയ്യുന്നു.

മനുഷ്യന്‍-എന്ന് മനുഷ്യസമൂഹത്തെ മൊത്തത്തില്‍ വിളിക്കുന്നു. ഇത് എന്തര്‍ത്ഥത്തിലാണ് എന്ന് സംശയം പലപ്പോഴും പലരും ഉന്നയിക്കാറുണ്ട്. ശരിയാണ് സമൂഹജീവിയാണ് മനുഷ്യന്‍ എന്ന് സമര്‍ത്ഥിച്ച ശേഷവും ഏകവചനം തന്നെ പ്രയോഗിച്ചിരിക്കുന്നു. ഇത് വേദാന്തര്‍ഗതമായ സംജ്ഞ തന്നെയാണ്. ഐതരേയോപനിഷത്തില്‍ സൃഷ്ടിയെ കുറിച്ച് പറയുന്ന ഭാഗത്ത് നമുക്കതു കാണാം. കാരണം വിശ്വപ്രകൃതിയുടെ മുന്നിലും മനുഷ്യന്‍ ഒന്നേ ഉള്ളൂ പരസ്പര ബദ്ധമായി ജീവിതം നയിക്കുന്ന മനുഷ്യന്‍ ഒരാള്‍ ചെയ്യുന്ന തെറ്റിന്റെ ഫലം മൊത്തത്തില്‍ അനുഭവിക്കേണ്ടതായി വരുന്നു എന്നതു ഇന്നത്തെ കാലത്ത് പകല്‍ പോലെ വ്യക്തമാണ്. ഐതരേയോപനിഷത്തില്‍ സൃഷ്ടികഴിഞ്ഞ് ദൈവം ഓരോ ജീവികള്‍ക്കും ജീവസന്ധാരണമാര്‍ഗ്ഗം ഉപദേശിക്കുന്നു. മനുഷ്യന്റെ ഊഴമായപ്പോള്‍ ദൈവം പ്രകൃതിയോട് പറഞ്ഞു മനുഷ്യനുവേണ്ടി അന്നത്തെ സൃഷ്ടിക്കുവാന്‍. പ്രകൃതിയില്‍ നിന്നും അന്നം ഉണ്ടായി. എന്നാല്‍ മനുഷ്യനു ആഹാരമായിരിക്കാന്‍ അന്നം വിസമ്മതിച്ചു. ദൈവം പറഞ്ഞു എന്റെ സൃഷ്ടികളില്‍ എന്തുകൊണ്ടും സവിശേഷ തരവും ശ്രേഷ്ഠവും പോരായെങ്കില്‍ ഞാന്‍ എന്റെ തനതായ രൂപത്തിലും സൃഷ്ടിച്ച മനുഷ്യന് വിവേകം, വിവേചനം, മുന്‍കൂട്ടി കാണാനുള്ള കഴിവ് എന്നിവ ഞാന്‍ നല്‍കിയിട്ടുണ്ട്.

അന്നം മനുഷ്യന് ഉദരപൂരണം ചെയ്യുക. മറുപടിയായി അന്നം പറഞ്ഞത് അവിടുന്നു നല്‍കിയ വിശേഷബുദ്ധികള്‍ കാരണം ഇവന്‍ എന്നെ വിഴുങ്ങും, ഉദരപൂരണത്തിന്റെ പേരില്‍ എന്നെ സൃഷ്ടിച്ച പ്രകൃതിയേയും വിഴുങ്ങും, അവസാനം ജഗന്നിയന്താവായ ദൈവത്തിനേയും ഇവന്‍ ഉദരപൂരണം എന്നു പറഞ്ഞു വിഴുങ്ങും. ഒരു മാര്‍ഗ്ഗമേ ഉള്ളു ഇവനു നല്‍കിയ വിശേഷബുദ്ധി പിന്‍വലിക്കുക. ദൈവം പറഞ്ഞു സമൂഹമായി പരസ്പരവിശ്വാസത്തോടു കഴിയാന്‍ ഇവനു കഴിയാതെ വന്നാല്‍ അന്നു പ്രകൃതി ഇവനെതിരെ ആഞ്ഞടിക്കും. ഇവന്റെ വിശിഷ്ട സമ്പാദ്യങ്ങള്‍ തച്ചുടച്ചു നശിപ്പിക്കും. ഏതായാലും കൊടുത്തവരം പിന്‍വലിക്കുന്നതുചിതമല്ല. പ്രകൃതി ചോദിച്ചു ഒരാള്‍ തെറ്റുചെയ്താല്‍ അതിന്റെ ഫലം നിരപരാധികളും അനുഭവിക്കേണ്ടതായി വരുകയില്ലേ? ദൈവം പറഞ്ഞു എന്റെ മുന്നില്‍ മനുഷ്യര്‍ ഇല്ല. മനുഷ്യനേ ഉള്ളു. ഒരാള്‍ എല്ലാവര്‍ക്കും എല്ലാവരും ഒരാളിനും കടപ്പെട്ടിരിക്കുന്നു. അതു തന്നെയാണ് ഗുരു ലളിതമായ ഭാഷയില്‍ നമ്മോടു പറഞ്ഞതും.
ഒരു ജാതി ഒരു മതം ഒരു ദൈവം.
9447455650

Author

Scroll to top
Close
Browse Categories