മണ്‍ട്രോത്തുരുത്ത് : അനന്യമായ ചരിത്ര വഴികള്‍

കൊല്ലം ജില്ലയിലെ കല്ലടയില്‍ നിന്ന് അടര്‍ത്തി മാറ്റിയ, നീറ്റംതുരുത്ത് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന, ഗ്രാമം കഴിഞ്ഞ രണ്ട് ശതാബ്ദത്തിലേറെയായി മണ്‍ട്രോത്തുരുത്താണ്.അതിന് കാരണക്കാരന്‍ തിരു- കൊച്ചി റസിഡന്റും കുറച്ചുകാലം ദിവാനുമായിരുന്ന കേണല്‍ ജോണ്‍ മണ്‍ട്രോയാണ് .അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ മതപ്രചാരകര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ദ്വീപിലെ ആരും മതം മാറിയില്ല. ചരിത്രത്തിലെ അതീവ വിസ്മയകരമായ ഒരു അധ്യായമാണിത്.ഈസ്റ്റ് ഇന്ത്യ കമ്പനിയും ബ്രിട്ടീഷ് ഭരണാധികാരികളും ശ്രമിച്ചിട്ടും എന്തുകൊണ്ടാണ് ഈ തുരുത്തിലെ നാട്ടുമ്പുറത്തുകാര്‍ ആരും മതം മാറാതിരുന്നത്? പി.സുജാതന്റെ ‘ദ്വൈപായനം’ ചരിത്രാഖ്യായികയെ മുന്‍ നിര്‍ത്തി ചില ചിന്തകള്‍

‘ദ്വൈപായനം: മണ്‍ട്രോത്തുരുത്തിന്റെ അതിജീവന കഥ’ ഒരു ചരിത്രാഖ്യായികയാണ്. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനായ പി.സുജാതന്‍,വിസ്മയകരമായ ഒരു ചരിത്രത്തിന്റെ കവാടങ്ങള്‍ തള്ളിത്തുറക്കുകയാണ്.’വിശ്വാസദൃഢത കൊണ്ട് കരുപ്പടിപ്പിച്ച മനസ്സുമായി നാല് തലമുറകള്‍ സ്വന്തം വ്യക്തിത്വവുമായി ,പ്രലോഭനങ്ങളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചു. കേരളത്തിന്റെ ആധുനിക ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു സംഭവമാണിത്. പുറംലോകം അറിഞ്ഞിട്ടില്ലാത്തതും ആഘോഷിച്ചിട്ടില്ലാത്തതുമായ മനുഷ്യഗാഥ’,പുസ്തകത്തിന്റെ ഒരു അധ്യായത്തില്‍ ഗ്രന്ഥകാരന്‍ തന്നെ പറയുന്നുണ്ട്.

കൊല്ലം ജില്ലയിലെ കല്ലടയില്‍ നിന്ന് അടര്‍ത്തി മാറ്റിയ, നീറ്റംതുരുത്ത് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന, ഗ്രാമം കഴിഞ്ഞ രണ്ട് ശതാബ്ദത്തിലേറെയായി മണ്‍ട്രോത്തുരുത്താണ്.അതിന് കാരണക്കാരന്‍ തിരു- കൊച്ചി റസിഡന്റും കുറച്ചുകാലം ദിവാനുമായിരുന്ന കേണല്‍ ജോണ്‍ മണ്‍ട്രോയാണ് .അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ മതപ്രചാരകര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ദ്വീപിലെ ആരും മതം മാറിയില്ല. അവിടെ ഉയര്‍ന്ന മൂന്നു പള്ളികളില്‍ ദീപുകാര്‍ ആരും പ്രാര്‍ത്ഥനയ്‌ക്കെത്തിയില്ല. രണ്ട് നൂറ്റാണ്ട് കഴിഞ്ഞിട്ടും തുരുത്തിലെ ഒരാള്‍ പോലും മതം മാറിയില്ല.
ചരിത്രത്തിലെ അതീവ വിസ്മയകരമായ ഒരു അധ്യായമാണിത്.ഈസ്റ്റ് ഇന്ത്യ കമ്പനിയും ബ്രിട്ടീഷ് ഭരണാധികാരികളും ശ്രമിച്ചിട്ടും എന്തുകൊണ്ടാണ് ഈ തുരുത്തിലെ നാട്ടുമ്പുറത്തുകാര്‍ ആരും മതം മാറാതിരുന്നത്?
-ആ അന്വേഷണമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അതുകൊണ്ടു തന്നെ,ഏറെ സാമൂഹിക, രാഷ്ട്രീയ മാനങ്ങളുണ്ട് ഇതിലെ കണ്ടെത്തലുകള്‍ക്കും നിഗമനങ്ങള്‍ക്കും.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തെ തിരുവിതാംകൂര്‍ ചരിത്രത്തില്‍ നിന്നാണ് ഈ ആഖ്യായിക ആരംഭിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെടാത്ത, ഒരുപക്ഷേ മൂടി വെയ്ക്കപ്പെട്ട ,അനേകം വാതിലുകള്‍ തുറക്കപ്പെടുകയാണ് ഇവിടെ. വിലപ്പെട്ട ചരിത്രരേഖകളുടെ പിന്‍ബലത്തില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തില്‍ , പ്രതിബദ്ധനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ സൂക്ഷ്മമായ ഗവേഷണങ്ങളുടെ തെളിച്ചമുണ്ട്.ഇതിന് ഒരു നോവലിന്റെ വിദൂര സ്വഭാവമേയുള്ളൂ . രസകരമായ ,എന്നാല്‍ വളരെ ഗൗരവതരമായ, ഒരു ചരിത്രഗ്രന്ഥമായി ഇതിനെ കണക്കാക്കാം.ഇതിലെ കഥാപാത്രങ്ങള്‍ ആരും ഗ്രന്ഥകാരന്റെ ഭാവനയില്‍ വിരിഞ്ഞവരല്ല. എല്ലാം ചരിത്രപുരുഷര്‍ .ചരിത്രത്തിലൂടെ പിന്നിലേക്കും ഇരുള്‍മൂടിയ അനേകംകൈവഴികളിലേക്കും അനസ്യൂതം സഞ്ചരിക്കുന്ന രചനാശൈലി.

ഉത്തര സ്‌കോട്ട്‌ലന്റില്‍ ഒരു മണ്‍ട്രോത്തുരുത്ത് ‘ മുതല്‍ ‘ഗ്രാമോദ്ധ്യാനത്തിലെ പൂക്കള്‍’വരെയുള്ള 16 അധ്യായങ്ങള്‍ .ഉത്തര സ്‌കോട്ട്‌ലന്റിലെ ടിനിനിക്കിലുള്ള ആവ്‌റോണ്‍ നദിക്കരയിലെ മണ്‍ട്രോ ഭവനം കാണാന്‍ഗ്രന്ഥകാരന്‍ നടത്തിയ യാത്രയില്‍ നിന്നാണ് പുസ്തകത്തിന്റെ തുടക്കം.തിരുവതാംകൂര്‍ രാജമുദ്രയായ ശംഖ് പതിച്ച അതിന്റെ കൂറ്റന്‍ വാതില്‍ അടഞ്ഞുകിടക്കുന്നു. മുന്‍പ് അവിടം ഒരതിഥി മന്ദിരമായിരുന്നുവത്രെ. ഇപ്പോള്‍ , വില്പനയ്ക്കു വച്ചിരിക്കുകയാണ് ആ ബംഗ്ലാവ്.’ഒരുപക്ഷേ കേണല്‍ മണ്‍ട്രോയുടെ വീട് കാണാന്‍ എത്തിയ ആദ്യത്തെ മണ്‍ട്രോത്തുരുത്തുകാരന്‍ ഞാന്‍ ആയിരിക്കാം അല്ലായിരിക്കാം ……’

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ അന്യാധീനപ്പെട്ട ആ ബംഗ്ലാവില്‍ കേണല്‍ ജോണ്‍ മണ്‍ട്രോയെ ഓര്‍മിപ്പിക്കുന്ന ഒന്നുമില്ല. പട്ടാള വേഷത്തില്‍ നെഞ്ചുവിരിച്ച് നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഒരു ചിത്രം സര്‍ ജോണ്‍ ലൂക്കാസ് ട്യൂബ് എന്നയാളുടെ കയ്യിലുണ്ട്. അതു വരച്ചത് രാജ രവിവര്‍മ്മയാകാം.ഇന്ത്യയില്‍ നിന്ന് 1819 ല്‍ തിരിച്ചെത്തിയ ജോണ്‍ മണ്‍ട്രോ,കുടുംബം സ്ഥാപിച്ച ടിനിനിക്കിലെ വിസ്‌ക്കി നിര്‍മ്മാണ ഡിസ്റ്റിലറി ജ്യേഷ്ഠനില്‍ നിന്ന് ഏറ്റെടുത്തു നടത്തി. അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ നിന്ന് മറ്റാരോ വിലയ്ക്ക് വാങ്ങിയ അവിടെ ഇപ്പോഴും വിസ്‌കി നിര്‍മ്മിക്കുന്നുണ്ട്. അതിന്റെ മണം അന്തരീക്ഷത്തിലുണ്ട് .

കേണൽ ജോൺ മൺട്രോ
റാണി ഗൗരി ലക്ഷ്മി ഭായി

ജോണ്‍ മണ്‍ട്രോ ആണ് ഈ ആഖ്യായികയിലെ നായകന്‍.അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട , തിരുവിതാംകൂറിലെ നിര്‍ണായകമായ ചരിത്ര മുഹൂര്‍ത്തങ്ങളേറെയുണ്ട് ഇതില്‍ .കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹിക ജീവിതങ്ങളെ പിന്നീട് പതിറ്റാണ്ടുകളോളം സ്വാധീനിച്ച ഒട്ടേറെ ഭരണപരമായ നടപടികള്‍ അദ്ദേഹത്തിന്റെ കാലത്താണ് ഉണ്ടായത് . മണ്‍ട്രോയുടെ വ്യക്തിജീവിതവും ചരിത്രപരമായി പ്രാധാന്യമുള്ളതാണ്.ഈ നോവലിലെ പ്രതിനായകനും മണ്‍ട്രോ തന്നെ – മതപ്രചാരകനായ കേണല്‍ മണ്‍ട്രോ .

1791 ഏപ്രിലില്‍ ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്ന മണ്‍ട്രോ,മദ്രാസ് റെജിമെന്റില്‍ ഉദ്യോഗസ്ഥനായി മദ്രാസില്‍ എത്തുകയും അവിടെ മേജര്‍ ക്വാര്‍ട്ടര്‍, മാസ്റ്റര്‍ ജനറല്‍ എന്നീ ഉയര്‍ന്ന പദവികളിലെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം തന്നെ നാടകീയ സംഭവ വികാസങ്ങള്‍ നിറഞ്ഞതാണ്. സമാധാന കാലമായതിനാല്‍ സേനയുടെ അംഗബലം കുറയ്ക്കുന്നമെന്നും ചെലവ് ചുരുക്കണമെന്നും നിര്‍ദ്ദേശിച്ച് അദ്ദേഹം തയ്യാറാക്കി സേനാമേധാവിക്ക് നല്‍കിയ ഒരു ഔദ്യോഗിക രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നത് വലിയ പ്രശ്‌നമായി. അത് ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ച് മണ്‍ട്രോയെ അറസ്റ്റ് ചെയ്ത് ,പട്ടാളക്കോടതിയില്‍ കുറ്റവിചാരണ ചെയ്യാന്‍ സേനാമേധാവി ഉത്തരവിട്ടു. അതിനെതിരെ നല്‍കിയ അപ്പീലില്‍ മണ്‍ട്രോയെ ഗവര്‍ണര്‍ ജനറല്‍ കുറ്റവിമുക്തനാക്കിയെങ്കിലും മുന്‍ പദവിയില്‍ അദ്ദേഹത്തെ നിയമിച്ചില്ല.
പക്ഷേ, ഗവര്‍ണ്ണര്‍ ജനറല്‍ മിന്റോ പ്രഭു, തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളുടെ പുതിയ റസിഡന്റായി കേണല്‍ ജോണ്‍ മണ്‍ട്രോയെ നിയമിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.1810 മാര്‍ച്ചിലായിരുന്നു, അത്. നിലവിലെ റസിഡന്റായ കേണല്‍ മെക്കാളയെ ആ സ്ഥാനത്ത് നിന്ന് നീക്കി. മെക്കാളെ ചെയ്ത ഒരു നിഷൂരകൃത്യമായിരുന്നു , അതിന് കാരണം.ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പട നയിച്ച വേലുത്തമ്പി ദളവ, ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ മണ്ണടിയില്‍ വച്ച് ആത്മഹത്യ ചെയ്തു. അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം സ്വന്തം അനുജന്‍ അദ്ദേഹത്തിന്റെ തല വാള്‍ കൊണ്ട് വെട്ടിമാറ്റുകയായിരുന്നു. ‘തമ്പിയുടെ തല ഒരു നീണ്ട കഴയില്‍ കുത്തി നാടുനീളെ പ്രദര്‍ശിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ കൊണ്ടുചെന്ന് പരസ്യമായി കഴുമരത്തിലേറ്റി അപമാനിച്ചു. ധീരനും സ്വേച്ഛാധികാരിയും രാജ്യപ്രേമിയുമായിരുന്ന ഒരാളുടെ മൃതദേഹത്തോട് ഈ വിധത്തില്‍ അനാദരവ് കാട്ടിയ റസിഡന്റ് മെക്കാളയോട് ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ പോലും പൊറുത്തില്ല’.

പി.സുജാതൻ

1810 ഒക്ടോബറിലാണ് ജോണ്‍ മണ്‍ട്രോ തിരുവിതാംകൂറിലെത്തി ചുമതല ഏറ്റെടുത്തത് . 1741ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലം മുതല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് രാജാക്കന്‍മാര്‍ കപ്പം നല്‍കണമായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളില്‍ നിന്നുള്ള കപ്പം കുടിശ്ശികയായിരുന്നു.ദുര്‍ബലനായ അശ്വതി തിരുനാള്‍ ബാലരാമ വര്‍മയായിരുന്നു അന്ന് രാജാവ് . തീവ്ര ജ്വരബാധിതനായി കിടന്ന അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കകം അന്തരിച്ചു.പുതിയ റസിഡന്റ്, രാജാവിനെ മുഖം കാണിച്ചിരുന്നില്ല.’എല്ലാ അര്‍ത്ഥത്തിലും അനാഥമായി തീര്‍ന്ന ഒരു രാജ്യത്തിന്റെ ഭാരം മുഴുവന്‍ തന്റെ കയ്യില്‍ വന്നു വീണതുപോലെ .ആ രാത്രി ജോണ്‍ മണ്‍ട്രോ ഉറങ്ങിയില്ല. റസിഡന്‍സി ബംഗ്ലാവിലെ ജാലക വാതിലുകള്‍ തുറന്നു കിടന്നു ….’. ചരിത്രകഥനം ചിലപ്പോഴൊക്കെ ഇങ്ങനെ ഒരു നോവലിന്റെ ഭാവതലങ്ങളിലേക്ക് വികസിക്കുന്നുണ്ട്.

യുദ്ധക്കെടുതികളും കടവും നികുതിഭാരവും കാരണം എവിടെയും അസ്വാസ്ഥ്യം. രണ്ട് രാജ്യങ്ങളും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കീഴിലാക്കാന്‍ പറ്റിയ സാഹചര്യം.അന്തരിച്ച രാജാവിന് പിന്‍ഗാമികള്‍ ആരും ഉണ്ടായിരുന്നില്ല.അദ്ദേഹത്തിന്റെ അമ്മാവനായ മുന്‍ രാജാവ് രാമവര്‍മ്മ ധര്‍മ്മരാജാവ് 1789 ല്‍ മാവേലിക്കര കൊട്ടാരത്തില്‍ നിന്ന് രണ്ട് സഹോദരിമാരെ ദത്തെടുത്തിരുന്നു. അതില്‍ മൂത്തയാളായ ഭരണി തിരുന്നാള്‍ പാര്‍വതീഭായിക്ക് രണ്ട് പെണ്‍മക്കള്‍ ഉണ്ടായിരുന്നു -പത്തൊമ്പതുകാരി ഗൗരി ലക്ഷ്മീഭായിയും 9 വയസ്സുകാരി ഗൗരി പാര്‍വതിഭായിയും .ആറ്റിങ്ങല്‍ നാട് തിരുവിതാംകൂറില്‍ ചേരുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ആറ്റിങ്ങല്‍ തായ് വഴിയില്‍ നിന്നുള്ളവരായിരിക്കണം തിരുവിതാംകൂറിലെ രാജാക്കന്മാരായി വരേണ്ടത്. പക്ഷേ, അവിടെ ആണ്‍കുട്ടികളാരും ഉണ്ടായിരുന്നില്ല.അനന്തരഗാമികള്‍ ഇല്ലാതെ അനാഥമാകുന്ന രാജ്യം കമ്പനി ഏറ്റെടുത്ത് ഭരിക്കാമെന്ന് വ്യവസ്ഥയുമുണ്ടായിരുന്നു.
അപ്പോള്‍ , മാവേലിക്കര കൊട്ടാരത്തിലെ വിശാഖം തിരുനാള്‍ കേരളവര്‍മ്മ രാജ എന്നൊരു ചെറുപ്പക്കാരന്‍ രാജപദവിക്ക് അവകാശമുന്നയിച്ച് രംഗത്തുവന്നു. ബാലരാമവര്‍മ്മയുടെ വിശ്വസ്തനും രാജകൊട്ടാരത്തില്‍ വലിയ അധികാരങ്ങളുള്ള ആളുമായിരുന്നു അയാള്‍.രാജ പദവിക്ക് തനിക്കുള്ള നിയമപരമായ അവകാശങ്ങള്‍ ഗൗരി ലക്ഷ്മീഭായി റസിഡന്റിന് മുന്നില്‍ ശക്തമായി അവതരിപ്പിച്ചു. അവസാനം , ചരിത്രപരമായ ആ തീരുമാനം അദ്ദേഹം എടുത്തു. 1810 -ല്‍ ആറ്റിങ്ങല്‍ യുവറാണി ഗൗരി ലക്ഷ്മീഭായി അങ്ങനെ തിരുവിതാംകൂറിലെ ആദ്യ സ്ത്രീ ഭരണാധികാരിയായി.ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം നടത്തുന്ന എട്ടരയോഗത്തിന്റെ ഭൂരിപക്ഷ പിന്തുണയും ലക്ഷ്മീഭായിക്കുണ്ടായിരുന്നു.ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അവരുടെ ‘നിശ്ചയദാര്‍ഢ്യവും കുലീനമായ പെരുമാറ്റവും ബുദ്ധിസാമര്‍ത്ഥ്യവും മണ്‍ട്രോയില്‍ വലിയ മതിപ്പുളവാക്കി ‘.

രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുമായി അടുത്തിടപഴകാന്‍ ഇടയായാല്‍ പൂണൂല്‍ മാറുകയും അശുദ്ധി മാറ്റാന്‍ കുളിക്കുകയും ചെയ്യണമെന്നായിരുന്നു അതുവരെയുള്ള ആചാരം.മതപരമായ ചില ശുദ്ധികര്‍മ്മ ക്രിയകള്‍ കൂടി നടത്തിയ ശേഷമേ കൊട്ടാരത്തില്‍ തിരിച്ചെത്താന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. സ്ത്രീകള്‍ ഇത്തരം പൊതുചടങ്ങുകളില്‍ നിന്ന് അന്ന് വിട്ടു നിന്നിരുന്നു .’ബ്രാഹ്മണ പുരോഹിതര്‍ നിര്‍ബന്ധപൂര്‍വ്വം ചെയ്യിക്കുന്ന ഇത്തരം ദുരാചാരങ്ങളെ യുവ രാജകുമാരി തുടക്കത്തില്‍ തന്നെ നിരാകരിച്ചു.” എന്നാല്‍,ചരിത്രകാരന്മാര്‍ ഗൗരി ലക്ഷ്മീഭായിയോട് ഒട്ടും നീതി പുലര്‍ത്തിയില്ല എന്ന് പി.സുജാതന്‍ ഇവിടെ രേഖപ്പെടുത്തുന്നുണ്ട്.’രാജ്യം അന്യാധീനപ്പെടുന്ന ചര്യകള്‍ പാലിച്ച്,ചരിത്രത്തിന് മുന്നില്‍ വിഡ്ഢിയാകാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ തിരുവിതാംകൂര്‍ മാത്രമല്ല കൊച്ചി നാട്ടുരാജ്യവും അന്നത്തെ ഭൂപടത്തില്‍ നിന്ന് മാഞ്ഞു പോകുമായിരുന്നു’.അവരെ ‘മഹാമയി’ എന്നാണ് ഗ്രന്ഥകാരന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.’ചരി ത്രം രചിക്കാന്‍ ഇറങ്ങിയ മേനോന്‍മാര്‍ ഒരു വിഷാദഗാനം പോലെ അവരെ വിട്ടുകളഞ്ഞു .സ്വാതി തിരുനാളിന്റെ അമ്മയെ വിധി പോലും കൈവിട്ടു എന്നു പറയാം’.

നാലുവര്‍ഷമാണ് അവര്‍ തിരുവിതാംകൂര്‍ ഭരിച്ചത് .ആദ്യ രണ്ട് വര്‍ഷം രാജ്ഞിയായും ഒരു പുത്രാവകാശി പിറന്നപ്പോള്‍ പിന്നെ റീജന്റ് റാണിയായും. 1815-ല്‍ മൂന്നാമത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്ന് രോഗബാധിതയായി അവര്‍ മരിച്ചു(പകരം റീജന്റായി പതിമൂന്ന് വയസ് മാത്രം പ്രായമുള്ള അനുജത്തി ഗൗരി പാര്‍വതീഭായി അവരോധിതയായി).

നാലുവര്‍ഷമാണ് അവര്‍ തിരുവിതാംകൂര്‍ ഭരിച്ചത് .ആദ്യ രണ്ട് വര്‍ഷം രാജ്ഞിയായും ഒരു പുത്രാവകാശി പിറന്നപ്പോള്‍ പിന്നെ റീജന്റ് റാണിയായും. 1815-ല്‍ മൂന്നാമത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്ന് രോഗബാധിതയായി അവര്‍ മരിച്ചു(പകരം റീജന്റായി പതിമൂന്ന് വയസ് മാത്രം പ്രായമുള്ള അനുജത്തി ഗൗരി പാര്‍വതീഭായി അവരോധിതയായി).

റാണി ലക്ഷ്മീഭായിയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ശേഷം കേണല്‍ മണ്‍റോയെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു :”അല്ലയോ കേണല്‍, രാജ്യത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഞാനിതാ താങ്കളില്‍ അര്‍പ്പിച്ചിരിക്കുന്നു.മൂത്ത സഹോദരനായാണ് ഞാന്‍ താങ്കളെ കണക്കാക്കുക ‘.

ദൈനംദിന ഭരണം നിയന്ത്രിക്കുന്ന മുഖ്യമന്ത്രി അഥവാ പ്രധാനമന്ത്രിയായിരുന്നു അന്നത്തെ ദിവാന്‍ അഥവാ ദളവ . ആ പദവി വഹിച്ചിരുന്ന ഉമ്മിണി തമ്പിയുടെ സേവനം അവസാനിപ്പിച്ച് ആ സ്ഥാനം കൂടി ഏറ്റെടുക്കാന്‍ അവര്‍ കേണല്‍ മണ്‍ട്രോയോട് ആവശ്യപ്പെട്ടു.അങ്ങനെ, ഹിന്ദു രാജ്യമായ തിരുവിതാംകൂറില്‍ ആദ്യമായി ഒരു ക്രിസ്തുമത വിശ്വാസി ദിവാനായി . ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദേശിയായ ദിവാന്‍ അദ്ദേഹമായിരുന്നു.

രാജകൊട്ടാരത്തിലെ ഉപജാപകരെ മുഴുവന്‍ കേണല്‍ മണ്‍ട്രോ അടിച്ചമര്‍ത്തി . വിശാഖം തിരുനാള്‍ കേരളവര്‍മ്മയെ അറസ്റ്റ് ചെയ്ത് ആദ്യം തലശ്ശേരിയിലേക്കും പിന്നീട് ചെങ്കല്‍പെട്ടയിലേക്കും കൊണ്ടുപോയി. പിന്നീട് അയാള്‍ക്ക് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല .തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്രമസമാധാനം കുത്തഴിഞ്ഞ നിലയിലായിരുന്നു .കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ അദ്ദേഹം നാട്ടില്‍ ഉടനീളം പര്യടനങ്ങള്‍ നടത്തി, ജനങ്ങളുമായി സംസാരിച്ചു. പലപ്പോഴും കവി ഇരയിമ്മന്‍ തമ്പി ഈ യാത്രകളില്‍ അദ്ദേഹത്തെ അനുഗമിച്ചു.

റീജൻറ് റാണി ഗൗരി പാർവതി ഭായി
ഇരയിമ്മൻ തമ്പി

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് കുതിരച്ചമ്മട്ടിക്കൊണ്ട് പരസ്യമായി അടി കൊടുത്തു.’മണ്‍ട്രോയുടെ കാലത്ത് മുതുകില്‍ അടികൊണ്ട പാടുമായി തഹസില്‍ദാര്‍മാര്‍ പദവിയില്‍ എത്തിയവര്‍ പോലുമുണ്ട്’.
അന്ന് പല സ്ഥലങ്ങളിലും അടിമച്ചന്തകള്‍ ഉണ്ടായിരുന്നു. 1812 ഡിസംബര്‍ 5ന് തിരുവിതാംകൂറില്‍ അടിമക്കച്ചവടം അവസാനിപ്പിച്ചു.ഭരണത്തിന്റെ അലകും പിടിയും മാറ്റുന്ന 34 പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തി ‘ചട്ടവരിയോല ‘ എന്ന പേരില്‍ ഒരു നിയമം കൊണ്ടുവന്നു.സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കങ്ങള്‍ , ക്രിമിനല്‍ കേസുകള്‍ തുടങ്ങിയവ വിചാരണ ചെയ്യാനായി അഞ്ചു കീഴ് കോടതികളും ഒരു ഉയര്‍ന്ന കോടതിയും സ്ഥാപിക്കപ്പെട്ടു.കേസുകളുടെ അന്തിമ അപ്പീല്‍ അധികാരി ദിവാനാണെന്ന് വ്യവസ്ഥ ചെയ്തു. ഉദ്യോഗസ്ഥരെ സംബന്ധിക്കുന്ന കേസുകള്‍ കേള്‍ക്കാനും തീര്‍പ്പു കല്‍പ്പിക്കാനുമായി കൊല്ലത്ത് ഒരു കോടതിയും സ്ഥാപിച്ചു.റവന്യൂ ഭരണം വില്ലേജ്,താലൂക്ക് , ജില്ല എന്നിങ്ങനെ വിഭജിക്കപ്പെട്ടു.തലക്കരവും മുലക്കരവും ഉള്‍പ്പെടെയുള്ള അശാസ്ത്രീയവും മനുഷ്യത്വരഹിതവുമായ 135 നികുതികള്‍ നിര്‍ത്തലാക്കപ്പെട്ടു.

ദേവസ്വം സ്വത്ത് മുഴുവന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കി മാറ്റിയതാണ് ദിവാന്‍ എടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.അതുവരെ ഭൂമി മുഴുവനും ദേവസ്വം, ബ്രഹ്മസ്വം. എന്ന് രണ്ട് വിഭാഗങ്ങളായി തിരിച്ച് ,കരം ഒഴിവാക്കിയിരുന്നു. ബ്രാഹ്മണരുടെ ഭൂമിക്കും കരം കൊടുക്കേണ്ടതില്ലായിരുന്നു.348 മേജര്‍ ക്ഷേത്രങ്ങളും 1123 ചെറു ക്ഷേത്രങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലായി. അതിനായി ഹിന്ദു വകുപ്പ് നിലവില്‍ വന്നു. ദേവസ്വം കമ്മീഷണര്‍ എന്ന ഭരണാധികാരിയെ അവയുടെ നടത്തിപ്പിനായി നിയമിച്ചു. അന്ന് മുതല്‍ ഈ ക്ഷേത്രങ്ങളുടെ ചെലവ് സര്‍ക്കാരാണ് വഹിച്ചു പോരുന്നത്. പിന്നീട് ഈ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലായി.ഭൂനികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ക്ഷേത്രങ്ങളുടെ പേരില്‍ ആധാരം എഴുതിവച്ച ജന്മികളുടെ നൂറുകണക്കിന് ഏക്കര്‍ ഭൂസ്വത്തുക്കള്‍ അങ്ങനെ ഒറ്റയടിക്ക് പണ്ടാരവകയായി.യൂറോപ്യന്‍ രാജ്യങ്ങളില്‍ മതസ്ഥാപനങ്ങള്‍ കയ്യടക്കി വച്ചിരുന്ന ഭൂമി പൊതുഉടമസ്ഥതയിലാക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രസ്ഥാനത്തില്‍ നിന്നാണ് മതമുക്തമാക്കുക എന്നര്‍ത്ഥം വന്ന സെക്യുലറൈസ് എന്ന പദത്തിന് പ്രചാരം കിട്ടുന്നതെന്ന നിരീക്ഷണം, ഈ സാഹചര്യത്തില്‍, ഗ്രന്ഥകാരന്‍ നടത്തുന്നുണ്ട്.’മണ്‍ട്രോ തിരുവിതാംകൂറില്‍ ക്ഷേത്രഭൂമി പിടിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആക്കിയതാണ് ഈ നാട്ടിലെ ആദ്യത്തെ സെക്യുലറിസ്റ്റ് പ്രവൃത്തി ‘എന്ന അദ്ദേഹത്തിന്റെ വിലയിരുത്തല്‍ കൂടുതല്‍ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്. തിരുവിതാംകൂറില്‍ 57 പുതിയ സ്‌കൂളുകളും അക്കാലത്ത് സ്ഥാപിച്ചു .അവയില്‍ ഭൂരിപക്ഷവും അമ്പലങ്ങളോട് അനുബന്ധിച്ചായിരുന്നു. ഭരണം പൂര്‍ണമായും കേണല്‍ മണ്‍ട്രോയെ ഏല്‍പ്പിച്ചെങ്കിലും ഇടയ്ക്കിടെ റാണിഗൗരി ലക്ഷ്മീഭായി അദ്ദേഹത്തിന് കത്തുകള്‍ എഴുതുമായിരുന്നു. ആചാര്യമര്യാദകളും മാമൂലുകളും അവര്‍ അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തി

സ്കോട്ട് ലന്റിലെ മൺട്രോ ഭവനം

.രാജ്യത്തിന്റെ വാര്‍ഷിക വരുമാനം 17 ലക്ഷം രൂപയില്‍ നിന്ന് 37 ലക്ഷം രൂപയായി ഉയര്‍ന്നു. ഭൂനികുതിയും വര്‍ദ്ധിച്ചു.ഒരു വര്‍ഷം കൊണ്ട് മുഴുവന്‍ കടങ്ങളും കൊടുത്തുവീട്ടി.ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക മുഴുവന്‍ അടച്ചു തീര്‍ത്തു. അധികമായി അടച്ച 21,200 രൂപ വാര്‍ഷിക കണക്കെടുപ്പിന് ശേഷം കമ്പനി തിരിച്ചു നല്‍കുകയും ചെയ്തു.തിരുവിതാംകൂര്‍ രാജ്യം നല്‍കിയ പണം തിരികെ എടുക്കുന്ന പാരമ്പര്യമില്ലാത്തതിനാല്‍ ആ തുക പിന്നീട് കോട്ടയം സി.എം.എസ് കോളേജ് സ്ഥാപിക്കപ്പെട്ടപ്പോള്‍ ( 1818ല്‍ റാണി ഗൗരി പാര്‍വതീഭായിയുടെ കാലത്ത്)അതിന്റെ ചെലവുകള്‍ക്കായി വിനിയോഗിച്ചു.

ബ്രിട്ടീഷ് പാര്‍ലമെന്റ് തിരുവിതാംകൂര്‍ റാണി ഗൗരി ലക്ഷ്മീഭായിയെ അഭിനന്ദിച്ചു.ഇത് അറിയിക്കാന്‍ കൊട്ടാരത്തിലെത്തിയ കേണല്‍ മണ്‍ട്രോയെ വരവേറ്റത് മറ്റൊരു സന്തോഷവാര്‍ത്ത. രാജ്ഞി രണ്ടാമതും ഗര്‍ഭിണിയായിരിക്കുന്നു.ആദ്യത്തെ കുട്ടി രുഗ്മിണീഭായി. അടുത്തയാള്‍ ആണ്‍കുട്ടി ആയാല്‍ തിരുവിതാംകൂറിന്റെ കിരീടാവകാശിയാകും.ആ സന്തോഷത്തില്‍ പങ്കുചേര്‍ന്ന ശേഷം കുതിരവണ്ടിയില്‍ കയറി മണ്‍ട്രോ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയില്‍ എത്തി. ‘അംഗരക്ഷകന്റെ കയ്യില്‍ നിന്ന് നിറത്തോക്ക് വാങ്ങി കിഴക്കേ ഗോപുരനടയില്‍ അതുമായി ചാടി ഇറങ്ങി. അനന്തപത്മനാഭ വിഗ്രഹത്തെ ലക്ഷ്യം വെച്ച് തോക്ക് ചൂണ്ടി ജോണ്‍ പറഞ്ഞു :റാണിയുടെ വയറ്റിലുള്ള കുഞ്ഞ് ആണ്‍കുട്ടി ആയിരിക്കണം. അല്ലെങ്കില്‍, ഞാന്‍ ഈ വെടിയുണ്ട പായിച്ചു പൊട്ടിച്ച് പൊടിയാക്കി ക്കളയും !ദിവാന്‍ സായിപ്പിന്റെ വിചിത്രമായ പ്രാര്‍ത്ഥന കേട്ട് കൂടെയുള്ളവര്‍ അടക്കിച്ചിരിച്ചു’.

മതപ്രചാരകനായ കേണല്‍ മണ്‍ട്രോ , പക്ഷേ, ആ ഗ്രാമത്തിനു മുന്നില്‍ തോറ്റമ്പി ചരിത്രത്തിലെ വലിയ വിസ്മയങ്ങളില്‍ ഒന്നാണ് അത് .കാലികമായിഏറെ പ്രസക്തമാണ് അതിന്റെ കാരണങ്ങള്‍.പി സുജാതന്റെ ഈ പുസ്തകം ഗൗരവതരമായ ചര്‍ച്ച ആവശ്യപ്പെടുന്നത് അതിനാലാണ്.

  • ചരിത്രത്താളുകളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ഇങ്ങനെയുള്ള ചില അപൂര്‍വ്വ മുഹൂര്‍ത്തങ്ങളും ഈ കൃതിയിലുണ്ട്.
    1813 ഏപ്രില്‍ പതിനാറാം തീയതി റാണി ലക്ഷ്മീഭായി ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു -തിരുവിതാംകൂറിന്റെ അടുത്ത കിരീടാവകാശിയായ ഗര്‍ഭശ്രീമാന്‍ സ്വാതി തിരുനാള്‍ .ഇരയിമ്പന്‍ തമ്പിയെ വിളിച്ചുവരുത്തി, ആ ഉണ്ണിയെ കുറിച്ച് ഒരു പാട്ട് എഴുതാന്‍ കേണല്‍ മണ്‍ട്രോആവശ്യപ്പെട്ടു.’ ഓമനത്തിങ്കള്‍ക്കിടാവോ…’ എന്ന താരാട്ട്പാട്ട് ഉണ്ടായത് അങ്ങനെയാണ്.
    കേണല്‍ മണ്‍ട്രോയുടെ മനസ്സില്‍ സുഭഗയായ ,സുന്ദരിയായ , രാജ്ഞി റാണി ലക്ഷ്മീഭായി ക്രമേണ കുടിയേറി. അത് ഒരിക്കലും അദ്ദേഹം തുറന്നു പറഞ്ഞില്ല. അദ്ദേഹംഅവരെ കാണാന്‍ കൊട്ടാരത്തില്‍ പോകുന്ന ഒരുരംഗമുണ്ട് , ‘കാലത്തിന്റെ ചിറകുള്ള തേര്’ എന്ന അദ്ധ്യായത്തില്‍.’ അവരെപ്പോലുള്ള ഒരു സ്ത്രീയുടെ നിത്യസാമീപ്യം ഏത് പുരുഷനും കൊതിക്കും’,എന്ന ആത്മഗതത്തില്‍ അതിന്റെ സൂചനകള്‍ വായിച്ചെടുക്കാം.മറ്റാരുമില്ലാതെ നടന്ന ആ കൂടിക്കാഴ്ചയില്‍,മനുസ്മൃതി തുടരുന്ന ഹിന്ദു രാജ്യത്ത് ഒരു സ്ത്രീ രാജ്ഞിയായത് എങ്ങനെ എന്ന് അവരോട് തന്നെ ചോദിക്കുന്നുണ്ട് , കേണല്‍ മണ്‍ട്രോ .അതു തന്റെ ഔദാര്യമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം.മുന്‍പ് തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്‍മാരെല്ലാം തങ്ങളുടെ ഭാര്യമാരെയും പരിഗ്രഹങ്ങളെയും പുറത്ത് അമ്മച്ചിവീടുകളിലാണ് പാര്‍പ്പിച്ചിരുന്നത് .പക്ഷേ ,രാജ്ഞി ഭര്‍ത്താവ് രാജരാജവര്‍മ്മ കോയി തമ്പുരാനെ കൊട്ടാരത്തില്‍ തന്നെയാണ് താമസിപ്പിച്ചിരുന്നത് .’കൊട്ടാരത്തിനുള്ളില്‍ ദാമ്പത്യജീവിതം പാടില്ല. കൊട്ടാരം അതിനുള്ള സ്ഥലമല്ല’, മണ്‍ട്രോ പറഞ്ഞതും റാണിയുടെ പ്രതികരണം പെട്ടെന്നായിരുന്നു,’മിസ്റ്റര്‍ കേണല്‍ , ദാറ്റ്‌സ് നണ്‍ ഓഫ് യുവര്‍ ബിസിനസ്’.
    താക്കീതിന്റെ ആ സ്വരം കേട്ട് സ്തബ്ധനായ കേണല്‍ , ‘ദിവാന്‍ എന്ന തൊപ്പി തന്റെ മനസ്സില്‍ നിന്ന് എടുത്തുമാറ്റി’.ആ അദ്ധ്യായം അവസാനിച്ചു.അദ്ദേഹത്തിന്റെ രാജി രാജ്ഞി സ്വീകരിച്ചു. പുതിയ ദിവാന്‍ വന്നതെങ്കിലും അധികാരം മുഴുവനും റസിഡന്റായ മണ്‍ട്രോയില്‍ തന്നെ നിലനിന്നു .ജഡ്ജി നിയമന വ്യവസ്ഥകളില്‍ അദ്ദേഹം ഭേദഗതി വരുത്തി. അങ്ങനെ, നായന്മാരും ബ്രാഹ്മണരും മാത്രം കയ്യടക്കി വെച്ചിരുന്ന ആ പദവിയില്‍ ആദ്യമായി ഒരു സുറിയാനി ക്രിസ്ത്യാനി നിയമിതനായി.ക്രിസ്തീയ സഭയ്ക്ക് വിദ്യാലയങ്ങളും പള്ളികളും സ്ഥാപിക്കാന്‍ അദ്ദേഹം ഉദാരമായ സഹായം ചെയ്തു.കല്ലട ആറിന് വടക്ക് ഭാരതപ്പുഴ വരെയുള്ള പ്രദേശത്ത് ചര്‍ച്ച് മിഷന്‍ സൊസൈറ്റിയാണ് മതപ്രചാരണം നടത്തിയത് .മലബാറില്‍ ബാസല്‍ മിഷനും . കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയും മതപ്രചാരണം നടത്തി. ഹിന്ദുമതത്തിലെ അയിത്തവും അനാചാരങ്ങളും കാരണം പൊറുതിമുട്ടിയ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.’ഒരു ഹിന്ദു രാജ്യവും ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുപ്രജകളും പടിപടിയായി ക്രിസ്തീയവല്‍ക്കരിക്കപ്പെടുന്നത് രാജ ഭരണകൂടങ്ങള്‍ക്ക് നിശബ്ദം നോക്കി നില്‍ക്കേണ്ടിവന്നു’.
    പക്ഷേ,ഒരു ക്രിസ്തീയ രാജ്യം ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല എന്ന് ഗ്രന്ഥകാരന്‍ അടിവരയിട്ട് പറയുന്നുണ്ട്.’ഹിന്ദുമതത്തിന് അടിഞ്ഞുകൂടിയ ചരിത്രപരമായ തിന്മകളെ മതപരമായി പ്രയോജനപ്പെടുത്തുക എന്നത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അജണ്ടയായിരുന്നു.’
    കേണല്‍ മണ്‍ട്രോയെ സൗമ്യനും സ്‌നേഹസമ്പന്നനും അതേസമയം കൗശല ബുദ്ധക്കാരനുമായ ഒരു മതപ്രചാരകന്‍ എന്നാണ് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്.ഇംഗ്ലണ്ടില്‍ റോമന്‍ കത്തോലിക്ക വിശ്വാസ വ്യവസ്ഥയ്‌ക്കെതിരെ രൂപംകൊണ്ട പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന് പൗരസ്ത്യദേശത്ത് അടിത്തറ പണിത വിശ്വാസിയാണ് അദ്ദേഹം. അതിനായി കൊച്ചി ,തിരുവതാംകൂര്‍ രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക ഘടനയെ അദ്ദേഹം വിദഗ്ധമായി മാറ്റിമറിച്ചു എന്നും നിരീക്ഷിക്കുന്നുണ്ട്.
    മതപ്രചാരകനായ കേണല്‍ മണ്‍ട്രോ , പക്ഷേ, ആ ഗ്രാമത്തിനു മുന്നില്‍ തോറ്റമ്പി . ചരിത്രത്തിലെ വലിയ വിസ്മയങ്ങളില്‍ ഒന്നാണ് അത് .കാലികമായിഏറെ പ്രസക്തമാണ് അതിന്റെ കാരണങ്ങള്‍.പി സുജാതന്റെ ഈ പുസ്തകം ഗൗരവതരമായ ചര്‍ച്ച ആവശ്യപ്പെടുന്നത് അതിനാലാണ്.
    ഒരു യാത്രയില്‍ ആദ്യമായി കണ്ട നീറ്റംതുരുത്ത് എന്ന കല്ലട ആറിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഫലഭൂയിഷ്ടമായ ദ്വീപസമൂഹം അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു . എട്ട് കൊച്ചു ദ്വീപുകളുടെ കൂട്ടം. നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപുകള്‍ .പാവപ്പെട്ട ഗ്രാമീണരും കര്‍ഷകരും അധിവസിക്കുന്ന പ്രദേശം. ഭൂരിപക്ഷവും ഈഴവര്‍ .അവിടെ അദ്ദേഹം ഒരു വേനല്‍ക്കാല വസതി പണിതു. ഒപ്പം പള്ളിയും സ്‌ക്കൂളും . തുരുത്തിന് ബത്‌ലഹേം എന്ന് പേരുമിട്ടു. എക്കല്‍ നിറഞ്ഞ ആ ദ്വീപില്‍ വന്‍തോതില്‍ കൃഷി ആരംഭിക്കാന്‍ പദ്ധതിയിട്ടു. മൂന്നാം പ്രസവത്തെ തുടന്ന് രോഗബാധിതയായി റാണി ലക്ഷ്മീഭായി മരിച്ചത് അക്കാലത്തായിരുന്നു.അനുജത്തി റാണി പാര്‍വതീഭായ് റീജന്റായി.
    ദ്വീപിലെ 4646 ഏക്കര്‍ നിലവും 371 ഏക്കര്‍ പുരയിടവും ഊഴിയം വേലക്കാരെ ഇറക്കി കൃഷിയോഗ്യമാക്കി, അവ പാട്ടത്തിന് നല്‍കി. അവിടെ നിന്നുള്ള ആദായത്തിന്റെ മൂന്നിലൊന്ന് സര്‍ക്കാരിലേക്ക് അടയ്ക്കണം എന്നായിരുന്നു വ്യവസ്ഥ .ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന് ആലപ്പുഴ നിന്നും തോമസ് നോട്ടനും 20 മിഷനറിമാരും ആ പ്രദേശത്ത് വന്ന് തമ്പടിച്ചു.പെരിങ്ങാലം, പട്ടംതുരുത്ത്, വില്ലിമംഗലം കുന്നുകളില്‍ മൂന്ന് സ്‌കൂളുകള്‍ തുടങ്ങി.അവര്‍ നാട്ടുകാരെ കൈത്തൊഴിലുകള്‍ പഠിപ്പിച്ചു.ദരിദ്രര്‍ക്ക് സഹായങ്ങള്‍ എത്തിച്ചു. പൊതു കിണറുകള്‍ കുഴിച്ചു.പക്ഷേ, ഒരു വര്‍ഷമായിട്ടും തുരുത്തിലെ 1600ഓളംപേരില്‍ ഒരാള്‍ പോലും മതം മാറിയില്ല.മറ്റു പ്രദേശങ്ങളില്‍ മതം മാറി ക്രിസ്ത്യാനികളായവരെ ഭൂമി നല്‍കി കല്ലടയില്‍ കൊണ്ടു വന്ന് താമസിപ്പിച്ചു.മതം മാറുന്നവര്‍ക്ക് ഭൂനികുതിയും ഒഴിവാക്കി കൊടുത്തു.
    മതപഠനത്തിനായി കോട്ടയത്ത് സി.എം.എസ് ആരംഭിച്ച സെമിനാരി, കേണല്‍ മണ്‍ട്രോ ഒരു കോളേജായി വിപുലപ്പെടുത്തി -ഇന്ത്യയിലെ ആദ്യത്തെ കോളേജ് .അതിന്റെ പ്രിന്‍സിപ്പലായി ഇംഗ്ലണ്ടില്‍ നിന്ന് ബെഞ്ചമിന്‍ ബെയ് ലിയെ കൊണ്ടുവന്നു.സാഹസികമായ യാത്രയ്ക്ക് ശേഷം 1816 ല്‍ ആലപ്പുഴയിലെത്തിയ അദ്ദേഹം തോമസ് നോര്‍ട്ടനൊപ്പം കഴിഞ്ഞ് മലയാളം പഠിച്ചു. അതിനുശേഷമാണ് അദ്ദേഹം കോട്ടയത്തേക്ക് പോയത്.പകുതി സീറ്റുകളില്‍ പൊതു വിദ്യാര്‍ഥികള്‍ക്കും അവിടെ പ്രവേശനം നല്‍കിത്തുടങ്ങി. വൈദിക വിദ്യാര്‍ത്ഥികളെല്ലാം സുറിയാനി വിഭാഗക്കാരായിരുന്നു.കോളേജിനോട് അനുബന്ധിച്ച് ഒരു ചാപ്പല്‍ പണിയാന്‍ അന്ന് ആയിരം രൂപയാണ് തിരുവതാംകൂര്‍ റാണി പാര്‍വതീഭായി സംഭാവന ചെയ്തത്.ഈസ്റ്റിന്ത്യാ കമ്പനിക്ക് കപ്പക്കുടിശ്ശിക ഇനത്തില്‍ അധികമായി അടച്ച തുക ‘സുറിയാനി പിള്ളാരുടെ പഠനത്തിനും ബഹുമാനപ്പെട്ട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സന്തോഷത്തിനുമായി’ സി.എം.എസ് കോളേജിന് നല്‍കാന്‍ മണ്‍ട്രോയുടെ അഭ്യര്‍ത്ഥനപ്രകാരം രാജ്ഞി ഉത്തരവിടുകയും ചെയ്തു.
    ബഞ്ചമിന്‍ ബെയ് ലിയുടെ വരവ് മലയാള ഭാഷയേയും സമ്പന്നമാക്കി. അച്ചടിയുടെ സൗകര്യത്തിനായി അദ്ദേഹം മലയാള ലിപി പരിഷ്‌കരിച്ചു. സ്വന്തമായി അച്ചടിശാല സ്ഥാപിച്ച്, അദ്ദേഹം ബൈബിളിന്റെ ആദ്യ മലയാള പരിഭാഷ 1829-ല്‍ പുറത്തിറക്കി. പ്രിന്‍സിപ്പല്‍ പദവി ഒഴിഞ്ഞ ശേഷം പൂര്‍ണ്ണസമയ മതപ്രചാരകനായി മാറിയ ബെഞ്ചമിന്‍ ബെയ് ലിയും ഭാര്യ എമിലും മാസങ്ങളോളം കല്ലടയില്‍ വന്നു താമസിച്ചു.പക്ഷേ, തുരുത്തിലുള്ള ആരും അവരുടെ പ്രലോഭനങ്ങളില്‍ വീണില്ല .ചികിത്സാസൗകര്യം കുറവായിരുന്ന ദ്വീപില്‍ ജര്‍മനിയില്‍ നിന്ന് എത്തിയ പാതിരിയായ തോബി അച്ചന്‍ ഹോമിയോ ചികിത്സ നടത്തിയിരുന്നു -എന്തുകൊണ്ടാണ് ആരും ക്രിസ്തുവിന്റെ പാതയില്‍ വരാത്തത് എന്ന് അദ്ദേഹത്തോട് ചോദിച്ചു .’ഗ്രാമത്തില്‍ ഒന്നിനും മുട്ടില്ല.മറ്റു നാടുകളില്‍ കാണുന്നത്ര ജാതി വിവേചനമോ പീഡനമോ തുരുത്തിലെ ആളുകള്‍ അനുഭവിക്കുന്നില്ല. വിദ്യാഭ്യാസം കുറവാണ് .പക്ഷേ, ചിന്താശേഷിയും സാമാന്യബുദ്ധിയും നാട്ടുകാര്‍ക്ക് കൂടുതലാണ്’; ഇതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് അധസ്ഥിതര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടും ഒരാളെ പോലും തുരുത്തില്‍ നിന്ന് അവര്‍ക്ക് ലഭിച്ചില്ല.
    പി.സുജാതൻ 9446384225(തുടരും)

Author

Scroll to top
Close
Browse Categories