രാജ്യത്തിന്റെ യശസുയർത്തിയ താരങ്ങൾ

ചൈനയിലെ ഹ്വാംഗ്ചോയിൽ നടന്ന 19-ാ മത് ഏഷ്യൻ ഗെയിംസിന് തിരശ്ശീല വീണപ്പോൾ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി. ഏഷ്യ വൻകരയിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന ഏഷ്യൻ ഗെയിംസിൽ 100 മെഡലുകളെന്ന സ്വപ്നവുമായാണ് ഇന്ത്യൻ താരങ്ങൾ ചൈനയിലെത്തിയത്. എന്നാൽ 19-ാമത് ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങിയപ്പോൾ 107 മെഡലുകൾ നേടി അവർ രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായി.

ചരിത്രത്തിലാദ്യമായി നമ്മുടെ രാജ്യം ഒരു ഏഷ്യൻ ഗെയിംസിൽ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡലുകൾ നേടിയെന്നത് തികച്ചും അഭിമാനകരമായ നേട്ടമാണ്. ചൈനയ്ക്കും ജപ്പാനും ദക്ഷിണകൊറിയയ്ക്കും പിന്നാലെ മെഡൽ വേട്ടയിൽ നാലാം സ്ഥാനത്തെത്തിച്ച കായികതാരങ്ങളുടെ പ്രകടനത്തെ എത്ര അഭിനന്ദിച്ചാലും കൂടുതലാകില്ല. അഞ്ചു വർഷം മുമ്പ് ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 16 സ്വർണ്ണവും 23 വെള്ളിയും 31 വെങ്കലവുമടക്കം 70 മെഡലുകൾ നേടിയ റെക്കാഡാണ് ഇന്ത്യ ഇക്കുറി തകർത്തത്. അന്ന് മെഡൽ പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്ന രാജ്യത്തെയാണ് ഇക്കുറി നാലാം സ്ഥാനത്തെത്തിച്ചത്. ഷൂട്ടിംഗ്, ആർച്ചറി, അത്‌ലറ്റിക്സ് തുടങ്ങിയ ഇനങ്ങളിലെ മിന്നും പ്രകടനം ഇന്ത്യയെ മെഡൽ പട്ടികയിൽ സെഞ്ച്വറി കടക്കാൻ സഹായിക്കുകയായിരുന്നു. 6 സ്വർണമടക്കം 29 മെഡലുകൾ നേടിയ അത്‌ലറ്റിക്സ് താരങ്ങളാണ് ഈ ഗെയിംസിലും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പുരുഷ, വനിതാടീമുകൾ നേടിയ സ്വർണത്തിനും തങ്കത്തിന്റെ തിളക്കമുണ്ട്. ആർച്ചറിയിൽ 9 മെഡലുകളുമായി ചരിത്രത്തിലാദ്യമായി ഇന്ത്യ ഒന്നാമതെത്തി. കഴിഞ്ഞ ടോക്ക്യോ ഒളിംപിക്സ്, 2022 ലെ കോമൺവെൽത്ത് ഗെയിംസ് എന്നിവയിലെ ഇന്ത്യൻ താരങ്ങളുടെ മിന്നുന്ന പ്രകടനത്തിന്റെ തുടർച്ചയാണ് ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിലും കണ്ടത്.

ഏഷ്യൻ ഗെയിംസെന്ന കായിക മാമാങ്കത്തിൽ ഇന്ത്യൻ മെഡൽവേട്ടയിൽ നിർണായകമായ പങ്ക് വഹിക്കാൻ മലയാളികളായ 12 താരങ്ങളും ഉണ്ടായിരുന്നുവെന്നത് കേരളീയർക്കും ഏറെ അഭിമാനിക്കാവുന്നതാണ്. പുരുഷ അത്‌ലറ്റിക്സിൽ 1500 മീറ്ററിൽ വെങ്കലം നേടിയ ജിൻസൺ ജോൺസൺ, പുരുഷ 4 x 400 മീറ്റർ റിലെ ടീമിൽ അംഗങ്ങളായ മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, പുരുഷ ഹോക്കിയിൽ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ പി.ആർ ശ്രീജേഷ്, വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ ടീമംഗം മിന്നുമണി, സ്ക്വാഷ് മിക്സഡ് ഡബിൾസ് ചാമ്പ്യൻ ദീപിക പള്ളിക്കൽ എന്നിവർ മേളയിൽ സ്വർണം നേടിയപ്പോൾ ബാഡ്‌മിന്റൺ പുരുഷ സിംഗിൾസിൽ വെങ്കലം നേടിയ എച്ച്. എസ് പ്രണോയ് ടീം ഇനത്തിൽ വെള്ളിയും നേടി. പുരുഷ ലോംഗ്ജമ്പിൽ വെള്ളി നേടിയ എം.ശ്രീശങ്കർ, വനിതാ ലോംഗ്ജമ്പിൽ വെള്ളി നേടിയ ആൻസി സോജൻ, ബാഡ്‌മിന്റൺ ടീമിൽ വെള്ളി നേടിയ എം.ആർ അർജുൻ എന്നിവരാണ് കേരളത്തിന്റെ മെഡൽ ജേതാക്കൾ.

ഏഷ്യൻ ഗെയിംസിൽ കീർത്തി പരത്തിയ മലയാളി താരങ്ങളെ കേരളം വേണ്ടവിധം അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ പാരിതോഷികം നൽകി ആദരിക്കുകയോ ചെയ്യാൻ സംസ്ഥാന സർക്കാരോ കായിക മന്ത്രിയോ ആദ്യമേ മുന്നോട്ട് വന്നില്ലെന്നത് ഖേദകരമാണ്. മേളയിലെ മറ്റു മെഡൽ ജേതാക്കളായ കായികതാരങ്ങൾക്ക് അതാത് സംസ്ഥാന സർക്കാരുകൾ വാരിക്കോരിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. കേരളത്തിന്റെ അവഗണനയിൽ മനംനൊന്ത് ബാഡ്‌മിന്റണിലെ ഇന്ത്യയുടെ അഭിമാനതാരം എച്ച്. എസ് പ്രണോയ് കേരളം വിടുകയാണെന്നും ഇനി തമിഴ്‌നാടിനു വേണ്ടി മത്സരിക്കുമെന്നും പ്രഖ്യാപിച്ചത് കായികലോകം ഞെട്ടലോടെയാണ് കേട്ടത്. ട്രിപ്പിൾ ജമ്പ് രാജ്യാന്തര താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബുബക്കർ എന്നിവരും കേരളം വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളസർക്കാരിന്റെയും ബാഡ്‌മിന്റൺ അസോസിയേഷന്റെയും തുടർച്ചയായ അവഗണന മൂലമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ പ്രണോയിയെ പ്രേരിപ്പിച്ചതെന്ന് വേണം കരുതാൻ. മിടുക്കരായ കായികതാരങ്ങളെ എന്തുവില കൊടുത്തും വാങ്ങാൻ ഇതര സംസ്ഥാനങ്ങൾ നിലകൊള്ളുമ്പോഴാണ് കേരളസർക്കാരിൽ നിന്ന് തികഞ്ഞ അവഗണന ഇവർക്ക് നേരിടേണ്ടി വരുന്നത്. പട്ടിണിയോടും ഇല്ലായമകളോടും പടവെട്ടിയാണ് പലരും കായികമേഖലയിൽ മികവ് തെളിയിക്കുന്നത്. വളർന്നു വരുന്ന പുതിയ കായികതാരങ്ങൾ ഏതെങ്കിലും വിജയം കൈപ്പിടിയിലൊതുക്കുമ്പോൾ അവരെ നല്ലവാക്ക് കൊണ്ട് അഭിനന്ദിക്കാനെങ്കിലും ബന്ധപ്പെട്ടവർ തയ്യാറാകാതെ വരുന്നത് അവരെ നിരാശയിലാഴ്‌ത്തുന്നതാണ്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ കായികതാരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിക്കുന്നത് കായികവകുപ്പല്ലെന്നും മന്ത്രിസഭാ യോഗമാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രതികരണവും മെഡൽ നേടിയ താരങ്ങളോടുള്ള അനാദരവാണ്. മറ്റു സംസ്ഥാനങ്ങളിലെ കായികതാരങ്ങൾക്ക് അവർ മെഡൽ നേടിയെന്നറിഞ്ഞയുടൻ കനത്ത പാരിതോഷികമാണ് പ്രഖ്യാപിച്ചത്. അത്‌ലറ്റിക്സിൽ പുരുഷന്മാരുടെ 1500 മീറ്ററിൽ വെള്ളി നേടിയ അജയ്‌കുമാർ സരോജിന് ഉത്തർപ്രദേശ് സർക്കാർ 1.5 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. അജയ് കുമാറിനു തൊട്ടു പിന്നിലായി ഫിനിഷ് ചെയ്ത് വെങ്കലം നേടിയ ജിൻസൺ ജോൺസണ് പാരിതോഷികം പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം ചേരണമെന്നാണ് കേരളത്തിലെ കായികമന്ത്രി പറയുന്നത്. എഷ്യൻ ഗെയിംസ് സ്വർണ ജേതാക്കൾക്ക് മൂന്ന് കോടി രൂപയും വെള്ളി നേടിയവർക്ക് 1.5 കോടിയും വെങ്കല ജേതാക്കൾക്ക് 75 ലക്ഷം രൂപയുമാണ് ഹരിയാന സർക്കാർ പ്രഖ്യാപിച്ചത്. ഗെയിംസിൽ പങ്കെടുത്ത എല്ലാവർക്കും 7.5 ലക്ഷം രൂപ വീതവും ഹരിയാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഒഡിഷയും ഡൽഹിയും തമിഴ്‌നാടും പാരിതോഷികം പ്രഖ്യാപിച്ചപ്പോഴാണ് കേരളം അറിഞ്ഞ മട്ട് പോലും കാണിക്കാതിരുന്നത്. മെഡൽ നേടിയ കായികതാരങ്ങളിലാർക്കും സർക്കാരിൽ നിന്നോ സ്പോർട്സ് കൗൺസിലിൽ നിന്നോ അഭിനന്ദനം അറിയിച്ച് ഒരു ഫോൺകോൾ പോലും ലഭിച്ചില്ലെന്ന താരങ്ങളുടെ വെളിപ്പെടുത്തൽ അത്യന്തം വേദനാജനകമാണ്.

രാജ്യത്തെ കായികരംഗത്തിന് ഇപ്പോഴുണ്ടായ ഉണർവും ഊർജ്ജവും പെട്ടെന്നുണ്ടായതല്ല. താരങ്ങൾക്ക് മെച്ചപ്പെട്ട പരിശീലനവും വിദേശത്ത് പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കിയ കേന്ദ്രസർക്കാരിന്റെ നടപടികൾ ഫലം കണ്ടതിന്റെ തെളിവാണ് ഇപ്പോൾ ലഭിച്ച 107 മെഡലുകൾ. ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്ര കഴിഞ്ഞ രണ്ട് വർഷത്തിനിടെ 11 മാസത്തോളം വിദേശത്ത് പരിശീലനത്തിലായിരുന്നുവെന്നത് കായികരംഗത്ത് ഇന്ത്യ നടപ്പാക്കിവരുന്ന പുതിയ പ്രോത്സാഹന പദ്ധതിക്ക് ഉത്തമോദാഹരണമാണ്. പ്രമുഖ താരങ്ങൾക്ക് വിദേശ പരിശീലനം നൽകാൻ കോടികളാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെലവിടുന്നത്. ചെലവിട്ട തുക പാഴായില്ലെന്നതിൽ കേന്ദ്രസർക്കാരിനും അഭിമാനിക്കാം. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നേട്ടം വരാൻ പോകുന്ന വൻവിജയങ്ങളിലേക്കുള്ള കുതിപ്പാണ്. കഷ്ടിച്ച് ഒരു വർഷത്തിനകം വരാൻ പോകുന്ന പാരീസ് ഒളിമ്പിക്സാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം. ഏഷ്യൻ ഗെയിംസിൽ നേടിയ വിജയത്തെക്കാൾ വലിയ വിജയം ഒളിമ്പിക്സിൽ ആർജ്ജിച്ച് ഇന്ത്യയുടെ യശസുയർത്താൻ കായികതാരങ്ങൾക്ക് കഴിയട്ടെ. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ എല്ലാവ‌ർക്കും അഭിനന്ദനങ്ങൾ അറിയിക്കട്ടെ.

Author

Scroll to top
Close
Browse Categories