അൻമാൻ കിളിയുടെ കരച്ചിലും അമോർ ദ്വീപിലെ പൂക്കളും
സുരേഷ് കുമാർ വെറും 143 പുറങ്ങൾ കൊണ്ട് നിങ്ങൾ വരഞ്ഞിട്ടത് ജീവിതമെന്ന മഹാകാവ്യത്തിന്റെ സാരസർവ്വസ്വമാണ്.. അകക്കാമ്പിലെ ബുദ്ധത്വത്തിലേയ്ക്കുള്ള പ്രയാണത്തിന്റെ കഠിനപാതകളാണ്.. കൊന്നും തിന്നും കൊല്ലിച്ചും ഓടിത്തീർക്കുന്ന ജീവിതത്തിന്റെ നിസ്സാരതയാണ്.
വായനയുടെ ദീർഘ വർഷങ്ങൾ എനിക്കു നല്കിയ തിരിച്ചറിവാണ് മുഖ്യധാരാ പ്രസാധകരുടെ ഹുങ്കിനപ്പുറം എഴുത്തിന്റെ ശാദ്വല ഭൂമികൾ ചെറുകിട പ്രസാധകരുടെ പക്കലാണ് പരന്നുകിടക്കുന്നത് എന്ന് .. !രണ്ടായിരമാണ്ടിനു ശേഷമുള്ള നിരവധി മലയാള നോവലുകളിൽ ഡാൻ ബ്രൗണിനെ അനുകരിക്കാനുള്ള ആസക്തി ഒരു ശാപമായി പറ്റിപ്പിടിച്ചിട്ടുണ്ട്.. ഗ്ലോബു നോക്കി കണ്ടെത്തുന്ന ഭൂപ്രദേശങ്ങൾ, നെറ്റിലെ വിവരങ്ങൾ, കുറെ ടിപ്പണികൾ എല്ലാം ചേർന്ന ബൗദ്ധിക വ്യായാമത്തിന്റെ ഉൽപ്പന്നമായ വികാരരഹിത രചനകളാണ് മലയാള നോവലിന്റെ സമകാലിക മുഖം എന്ന പേരിൽ നിരൂപക ബുദ്ധിയാൽ കൊണ്ടാടപ്പെടുന്നത്. പ്രസാധകരും നിരൂപകരും എഴുത്തുകാരും പങ്കാളികളാകുന്ന പി.ആർ വർക്കിലൂടെ അഭിരുചികൾ സൃഷ്ടിക്കപ്പെടുകയാണ്.. അടിമുടി കൃത്രിമത്വം വാഴുന്ന സമൂഹത്തിൽ ഭാവുകത്വം മാത്രം അകൃത്രിമമാകണം എന്നു പറയുന്നതിൽ എന്തർത്ഥം? എങ്കിലും അധികം പി.ആർ ഇല്ലാത്ത കൃതികൾ തേടിപ്പോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു.. !
അങ്ങനെയാണ് മുഖ്യധാരയുടെ ചുറ്റുവട്ടങ്ങളിൽ കണ്ടിട്ടില്ലാത്ത ‘അഭയ പ്രദേശം .’ എന്ന നോവൽ ശ്രദ്ധിച്ചത്.. ഇതിന്റെ രചയിതാവായ എൻ.എസ്. സുരേഷ് കുമാറിന്റെ ദേശക്കുറിപ്പുകളുടെ വായനയാണ് പുസ്തകം വാങ്ങാൻ പ്രേരണയായത്. സ്വന്തമായി വാങ്ങുന്ന പുസ്തകം മെല്ലെ വായിക്കാനായി മാറ്റി വെക്കുക സ്ഥിരം സ്വഭാവമാണ്.. അങ്ങനെ പായ്ക്ക് പൊട്ടിക്കാതെ പുസ്തകം കുറെ നാളിരുന്നു.. ഒരു നിയോഗം പോലെ 26 നു പുസ്തകം പുറത്തെടുത്തു.. ആദ്യ നോട്ടത്തിൽ കവറ് പോരെന്നും പേര് ശരിയായില്ലെന്നും തോന്നി.. അവതാരിക അവസാനമേ മറിച്ചു നോക്കൂ … നേരേ കൃതിയിലേയ്ക്ക് പ്രവേശിച്ചു …. ആഖ്യാതാവ് ഉത്തമ പുരുഷനാണ്..! ആദ്യ പുറം മുതൽ ആഖ്യാനത്തിന്റെ ചാരുത എന്നെ ചേർത്തു നിർത്തി … മെല്ലെ അത് താനിയയിലെ മഴക്കാറ്റും സഹാറയിൽ നിന്നും വീശുന്ന മണൽക്കാറ്റുമായി എന്നെ വിഴുങ്ങി .. കോശി, സന്തോഷ്, നിക്കോളായി, മംഗൾ ഭായി, മരിയ, തെരേസ ……
ഏകജീവിതാനശ്വര ഗാനത്തിന്റെ വ്യത്യസ്ത സ്വനതന്ത്രികൾ .. .! അൻമാൻ കിളിയുടെ വിലാപശ്രുതിയായി പടരുന്ന ജീവിതഗാഥകൾ .. അവയ്ക്കിടയിൽ വിടരുന്ന അമോർ ദ്വീപിലെ സ്വപ്ന വസന്തം.. എത്രയോ നാളുകൾക്കു ശേഷമാണ് ഒറ്റയിരുപ്പിൽ ഞാനൊരു പുസ്തകം വായിച്ചു തീർക്കുന്നത്.. !എത്രയോ കാലത്തിനു ശേഷമാണ് ഒരു പുസ്തകം വായിച്ചു തേങ്ങിക്കരയുന്നത്.! യഥാർത്ഥമായ വികാരവിമലീകരണം… വായിച്ചു തീർന്നിട്ടും ഒഴിയാത്ത ഓർമ്മകളിലേയ്ക്കുള്ള കൂപ്പു കുത്തൽ …!
മരുഭൂമി വിഴുങ്ങുന്ന വനഭൂമിയുടെ ദൈന്യത .. ആട്ടിയോടിക്കപ്പെടുന്ന തദ്ദേശീയരുടെ വിഹ്വലത .. മതം വിൽക്കുന്നവരുടെ മതാന്ധത. സ്വന്തമെന്നു കരുതിയതൊക്കെയും കൈവിട്ടു പോകുമ്പോഴുള്ള ശൂന്യത .. !
സുരേഷ് കുമാർ വെറും 143 പുറങ്ങൾ കൊണ്ട് നിങ്ങൾ വരഞ്ഞിട്ടത് ജീവിതമെന്ന മഹാകാവ്യത്തിന്റെ സാരസർവ്വസ്വമാണ്.. അകക്കാമ്പിലെ ബുദ്ധത്വത്തിലേയ്ക്കുള്ള പ്രയാണത്തിന്റെ കഠിനപാതകളാണ്.. കൊന്നും തിന്നും കൊല്ലിച്ചും ഓടിത്തീർക്കുന്ന ജീവിതത്തിന്റെ നിസ്സാരതയാണ്.
അവസാന അദ്ധ്യായങ്ങളിലെത്തുമ്പോഴാണ് മനോജ് എന്ന പേരിന്റെ സ്വത്വ പരിധിയിലേയ്ക്ക് നോവലിന്റെ ആഖ്യാതാവ് ചേക്കേറുന്നത്..! അതാവട്ടെ ആദിസ്മൃതികളുടെ വനസ്ഥലിയിൽ ഭൂമിയുടെ ഗർഭപാത്രത്തിൽ നഗ്നശിശുവായി പരിണമിക്കാനുള്ള സാഹചര്യങ്ങളെല്ലാം ചേർന്നു വന്നപ്പോൾ മാത്രമാണ്.. ഞാനായി നിന്നു പറഞ്ഞതൊക്കെയും വെടിഞ്ഞ് ഞാനല്ലാതാവാൻ ഒരു പേരു കൂടിയേ തീരൂ…!
ഈ പുസ്തകം ഇന്നാട്ടിലെ അവാർഡ് മാമാങ്കങ്ങളിലൊന്നും എത്തിപ്പെടാനിടയില്ല.. സിലബസിന്റെ പരിസരത്തു പോലും കടന്നുകൂടില്ല..പക്ഷേ വായനക്കാരുടെ മനസ്സിൽ നിന്നും ഈ കൃതി അത്ര പെട്ടന്നൊന്നും ഇറങ്ങിപ്പോകാനും പോകുന്നില്ല.. ! ലളിത സുന്ദരമായി കാവ്യ മധുരിമയോടെ മലയാളത്തിൽ കഥയും കാര്യവും പറയാൻ ഇനിയും എഴുത്തുകാർ ബാക്കിയുണ്ട് എന്നു താങ്കൾ അടയാളപ്പെടുത്തിക്കഴിഞ്ഞു.. മഹത്തായ വായനാനുഭവത്തിനു നന്ദി..