ആർപ്പോ…നാടോടിവിജ്ഞാനീയത്തിലെ നന്മകൾ തേടിയുള്ള യാത്ര
മലയാളത്തിന്റെ നാടോടി വിജ്ഞാനീയവുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്. വിവിധ നാട്ടറിവുകളുമായി ബന്ധപ്പെട്ട പഠനങ്ങൾ, നാടകം, കവിത, നോവൽ അടക്കമുള്ള വിവിധ സാഹിത്യരൂപങ്ങളിലും കലകളിലും നാടൻകലകളുടെ സ്വാധീനം, വിവിധ ജനവിഭാഗങ്ങൾ രൂപപ്പെടുത്തിയതുംഅവർക്കിടയിൽ നിലനിന്നിരുന്നതമായ നാടൻകലകൾ എന്നിങ്ങനെ വ്യത്യസ്തമായ അന്വേഷണങ്ങൾ നടന്നിട്ടുണ്ട്. അതിൽ നിന്നും തികച്ചും വത്യസ്തമാണ് ബി. ഉണ്ണിക്കണ്ണന്റെ ആർപ്പോ… നാട്ടറിവുകളിലെ ഉൾവെളിച്ചം എന്ന പുസ്തകം.
ഈ കൃതിയിൽ എഴുത്തുകാരൻ നാടോടി വിജ്ഞാനീയത്തിലെ നന്മകൾ തേടിയുള്ള യാത്രയാണ് നടത്തുന്നത്. വിവിധ നാടൻകലകൾ സമൂഹത്തിൽ സൃഷ്ടിച്ച പ്രകമ്പനങ്ങളെക്കുറിച്ചും കേരളത്തിന്റെ വികാസ പരിണാമങ്ങളിൽ നാടോടി വിജ്ഞാനീയത്തിന്റെ പങ്കിനെക്കുറിച്ചുമുള്ള അന്വേഷണമാണ് നടത്തുന്നത്. ഇന്ന് കാണുന്ന കേരളം രൂപപ്പെടുത്തുന്നതിൽ കേരളത്തില നാടോടിവിജ്ഞാനീയത്തിനും നിർണായകമായ പങ്കുണ്ടെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. നാട്ടറിവുകളെക്കുറിച്ച് ഇതുവരെ ഉണ്ടായിട്ടുള്ള പഠനങ്ങളിൽ നിന്നും വ്യത്യസ്തമായി അവ എങ്ങനെ കേരള നവോത്ഥാനത്തിന്റെ ഇന്ധനമായി മാറിയെന്ന വ്യത്യസ്തമായ അന്വേഷണമാണ് നടത്തുന്നത്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന സീതകളി എന്ന നാടൻ വിനോദകലയാണ് പെരിനാട് ലഹളയ്ക്കും കല്ലുമാല സമരത്തിനും കരുത്തരായ അണികളെ സൃഷ്ടിച്ചതെന്ന നിരീക്ഷണവുമുണ്ട്. സീതകളി കീഴാള ജനതയെ സംഘടിക്കാൻ പഠിപ്പിച്ചു. കലയിലൂടെ തങ്ങളുടെ സങ്കടങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കാൻ പരിശീലിപ്പിച്ചു. കാക്കാരിശ്ശി നാടകവും സമാനമായ ദൗത്യം നിർവഹിച്ചതായി ഈ പുസ്തകം വ്യക്തമാക്കുന്നു. ആർപ്പോ എന്ന പുസ്തകത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ഗ്രന്ഥകാരൻ മുഖവുരയിൽ സൂചിപ്പിക്കുന്നത് പോലെ നാട്ടറിവുകളുടെ പുറം ശബളതകൾക്കപ്പുറം ഉൾക്കാമ്പിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്തകം. വിവിധ നാടൻകലകൾ രൂപപ്പെടുത്തിയവരുടെയും കൊണ്ടുനടന്നവരുടെയും മനസ് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ സാമൂഹ്യ അന്തരീക്ഷവും സംസ്കാരവുമാണ് കേരളത്തിനുള്ളത്. കേരളത്തിലെ പുതുതലമുറ വളരുന്നത് മുത്തശ്ശിമാർ പറഞ്ഞു കൊടുക്കുന്ന, പാടിക്കൊടുക്കുന്ന നാടൻകഥകളും നാടൻപാട്ടുകളും കേട്ടാണ്. അവയിൽ നന്മയുണ്ട്. സ്നേഹമുണ്ട്, ആത്മസമർപ്പണമുണ്ട്. കഠിനമായ അദ്ധ്വാനമുണ്ട്, എതിരുകളോടുള്ള ഏറ്റുമുട്ടലുണ്ട്, ജാതിക്കും മതത്തിനും അതീതമായ സ്നേഹമുണ്ട്. അങ്ങനെ നാടൻകലകൾ അനാദികാലത്ത് ആരംഭിച്ച ഇടപെടൽ ഇപ്പോഴും തുടരുന്നുണ്ട്. കേരളത്തിന്റെ വ്യത്യസ്തമായ സംസ്കാരവും സാമൂഹ്യ അന്തരീക്ഷവും സംരക്ഷിക്കാൻ നാട്ടറിവുകളുടെ സംരക്ഷണം അനിവാര്യമാണെന്ന ചിന്ത കൂടി ഈ പുസ്തകം പങ്കുവയ്ക്കുന്നു.