എഴുത്തുകാരോടൊപ്പം സഞ്ചരിച്ച ചലച്ചിത്രകാരൻ
ഇപ്പോഴും മലയാള പുതുതലമുറസിനിമയിലെ സംവിധായകരും എഴുത്തുകാരും അദ്ദേഹത്തെ സ്വീകരിക്കുകയും സിനിമയിൽ അഭിനയിക്കണം എന്ന് പറയുകയും ചെയ്യുന്നത് പതിവാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ മെന്ററായിട്ടുള്ള കഥാപാത്രമായിട്ട് മാറാനുള്ള ശേഷി മധുവിനുള്ളതു കൊണ്ടു തന്നെ അത്തരം കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് വരുമ്പോൾ പെട്ടെന്നു ആലോചിക്കപ്പെടുന്ന ഒരു നടൻ അക്ഷരാർത്ഥത്തിൽ മധു എന്ന നടൻ തന്നെയാണ്.
മധു എന്ന വ്യക്തി ഒരുനടൻ എന്ന നിലയിൽ മലയാള സിനിമയിൽ 60 വർഷമായിട്ട് നിലനിൽക്കുന്നു. ഈ 60 വർഷവും അദ്ദേഹം ചെയ്തു വെച്ചിട്ടുള്ള കഥാപാത്രങ്ങളുണ്ട്. ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ മുതൽ ‘വൺ ‘ എന്ന സിനിമ വരെയുള്ള ഒരു കാലരേഖ അതിലുണ്ട്. സാധാരണ രീതിയിൽ ഒരു നടൻ അദ്ദേഹത്തിന്റെ ശരീരം കൊണ്ടും ഭാഷ കൊണ്ടും ശബ്ദം കൊണ്ടും ഒക്കെ മലയാളികളെ ചേർത്തുനിർത്തുന്നത് കാണാൻ കഴിഞ്ഞിട്ടുള്ളത് അക്ഷരാർത്ഥത്തിൽ മധു എന്ന നടനിലാണ്. ഈ നടന്റെ ഗുണം എന്നു പറയുന്നതു തന്നെ ചെയ്ത വേഷങ്ങളിലെല്ലാം ഒന്ന് ഒന്നിൽ നിന്ന് വ്യത്യസ്തമായിട്ട് മാറാനുള്ള അദ്ദേഹത്തിന്റെ ഒരു ശ്രമമാണ്. അത് അദ്ദേഹത്തിന് കിട്ടുന്നതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ പരിചയം, നാടകം, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലുണ്ടായിരുന്ന ആ പാരമ്പര്യം, അവിടുത്തെ പഠനം, ജീവിതത്തിൽ പല വഴികളിലൂടെ സഞ്ചരിച്ചു പോയി കിട്ടിയ അറിവുകൾ ഇതൊക്കെ മധു എന്ന നടനെ വളരെ കൃത്യമായി പരുവപ്പെടുത്തിയിട്ടുണ്ട് എന്നുള്ളതാണ് സത്യം.
അഭിനയമാണ് പ്രധാനം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒട്ടനവധി മാനറിസങ്ങൾ കുട്ടിക്കാലം മുതലേ അദ്ദേഹത്തിലുണ്ടായിരുന്നിട്ടുണ്ട്. കാരണം കണ്ടത് മുഴുവൻ ഒബ്‌സർവ് ചെയ്യാനുള്ള ഒരു ശ്രമം മധു എന്ന നടന് ഇപ്പോഴുമുണ്ട്. നമ്മൾ ചെന്നിരുന്ന് സംസാരിക്കുമ്പോൾ പോലും വളരെ കൃത്യമായിട്ട് കാര്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് അദ്ദേഹം പെരുമാറുന്നത്. അദ്ദേഹം സംസാരിക്കുമ്പോൾ ഒരു കാലം അടയാളപ്പെടുത്താൻ പറ്റുന്ന തരത്തിലേക്കുള്ള സമീപനങ്ങൾ അദ്ദേഹത്തിന്റെ വർത്തമാനത്തിലുണ്ട്.ഞാൻ കുറച്ചു നാളുകൾക്ക് മുമ്പ് അദ്ദേഹത്തെ ഒരു വാരികയുടെ ഓണപതിപ്പിനു വേണ്ടി ഇന്റർവ്യൂ ചെയ്തിരുന്നു. ഇന്റർവ്യൂ ചെയ്തപ്പോഴൊക്കെയും അദ്ദേഹം പറഞ്ഞതു മുഴുവൻ അദ്ദേഹത്തിന്റെ ഒബ്‌സർവേഷൻസുകളാണ്. നമ്മൾ കണ്ടെത്തുന്ന കാര്യങ്ങൾ വളരെ കൃത്യമായിട്ടു തന്നെ അടയാളപ്പെടുത്തപ്പെടേണ്ടതുണ്ടെന്ന തോന്നൽ ഉണ്ടാക്കും വിധമാണ് ഓരോ കാര്യങ്ങളെയും അദ്ദേഹം അഡ്രസ് ചെയ്തിട്ടുള്ളത്. ആ വർത്തമാനത്തിനിടയിൽ അദ്ദേഹം ഇങ്ങനെന പറഞ്ഞിരുന്നു.- ‘ഇപ്പോഴും മലയാള പുതുതലമുറസിനിമയിലെ സംവിധായകരും എഴുത്തുകാരും അദ്ദേഹത്തെ സ്വീകരിക്കുകയും സിനിമയിൽ അഭിനയിക്കണം എന്ന് പറയുകയും ചെയ്യുന്നത് പതിവാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ മെന്ററായിട്ടുള്ള കഥാപാത്രമായിട്ട് മാറാനുള്ള ശേഷി മധുവിനുള്ളതു കൊണ്ടു തന്നെ അത്തരം കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് വരുമ്പോൾ പെട്ടെന്നു ആലോചിക്കപ്പെടുന്ന ഒരു നടൻ അക്ഷരാർത്ഥത്തിൽ മധു എന്ന നടൻ തന്നെയാണ്. ഞാനത് പറയാൻ കാരണം ലൂസിഫറിൽ അദ്ദേഹത്തെ അഭിനയിക്കാൻ വിളിച്ചിരുന്നു. ലൂസിഫറിൽ ലാലിന്റെ മെന്ററായിട്ടുള്ള കഥാപാത്രം ചെയ്യാൻ വിളിച്ചിരുന്നു. അപ്പോൾ അത് ചെയ്യാം എന്ന് തീരുമാനിക്കുകയും ഉറപ്പിക്കുകയും ചെയ്ത സമയത്ത് അദ്ദേഹത്തിന് ഒരു ആക്സിഡന്റുണ്ടായി. പിന്നീടത് മാറ്റി. പിന്നീട് ഫാസിലാണ് അത് ചെയ്തത്. നാളുകൾക്കു ശേഷം വൺ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഒരു മെന്റർ കാരക്ടർ ചെയ്യാനായിട്ടും മധുവിനെ ക്ഷണിച്ചു. അതദ്ദേഹം ചെയ്യുകയും ചെയ്തു. ഇപ്പോൾ എത്തിനിൽക്കുന്ന ഏറ്റവും പരമോന്നതമായ ഈ കഥാപാത്ര ഉന്നതിയെ അദ്ദേഹത്തിന്റെ അഭിനയപാരമ്പര്യമായും അഭിനയ രീതിയായും വായിച്ചെടുക്കാവുന്നതാണ്. അദ്ദേഹം പറയുന്ന ഒരു വാക്ക്, അദ്ദേഹത്തിന്റെ ചലനം, അദ്ദേഹത്തിന്റെ ഒരു നോട്ടം, അദ്ദേഹം എടുക്കുന്ന ഗാംഭീര്യമാർന്ന ഒരു മൂവ്മെന്റ് ഇതൊക്കെ മലയാളിക്ക് പെട്ടെന്ന് സ്വീകരിക്കാൻ പറ്റുന്ന കാര്യമാണ്.
ആഢ്യത്വമുള്ള ഒരു കാരണവർ കഥാപാത്രത്തെ അദ്ദേഹം ചെയ്താൽ മാത്രമേ ശരിയാവൂ എന്നു തോന്നുന്ന പക്ഷമാണ് ഇന്നും കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മധു ക്ഷണിക്കപ്പെടുന്നത്. കാര്യസ്ഥൻ പോലുള്ള സിനിമകളിലൊക്കെ നമ്മളത് കാണുകയും ചെയ്തിട്ടുള്ളതാണ്. മാത്രമല്ല ഏറ്റവും ഒടുവിൽ വന്ന സിനിമകളിൽ പോലും നാം അനുഭവിച്ചിട്ടുള്ളതാണ്. അത്രമേൽ തന്മയത്വത്തോടുകൂടിയാണ് ശരീരം അദ്ദേഹത്തിന് വഴങ്ങി കൊടുക്കുന്നത്. ഈ വഴക്കത്തെ ഞാനടക്കമുള്ളവർ അത്ഭുതത്തോടെയാണ് കാണുന്നത്.
ഇത്തരം ഒബ് സർവേഷൻസ് കാണാൻ കഴിയുന്നതിന്റെ പ്രധാന കാരണം സാഹിത്യവുമായിട്ടുള്ള അദ്ദേഹത്തിന്റെ ബന്ധമാണ്. ആദ്യ സിനിമ സംവിധാനം ചെയ്തപ്പോൾ അതിന്റെ തിരക്കഥ എഴുതിച്ചത് സി രാധാകൃഷ്ണനെ കൊണ്ടായിരുന്നു. അതിനുശേഷവും കൈനിക്കര, ജി കുമാരപ്പിളള തുടങ്ങിയ പല എഴുത്തുകാരെ കൊണ്ടാണ് അദ്ദേഹം തിരക്കഥകൾ എഴുതിച്ചിട്ടുള്ളത്. സാഹിത്യത്തോട് വളരെ അടുത്തിടപഴകാനുള്ള സാഹചര്യം പഠനകാലം മുതലേ അദ്ദേഹത്തിനുണ്ടായിരുന്നു. പാറപ്പുറത്ത്, എം.ടി, ബഷീർ, എസ്. കെ. പൊറ്റെക്കാട് തുടങ്ങിയ പലരുമായിട്ടും അദ്ദേഹത്തിന് ഹൃദയബന്ധം ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം. ഈ എഴുത്തുകാരുടെ മുഴുവൻ കൃതികളോടുമൊപ്പം അദ്ദേഹം സഞ്ചരിക്കുകയും അവയിൽ സിനിമ കാണുകയും ആ എഴുത്തുകാരോടൊപ്പമുള്ള സിനിമകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഉറൂബിന്റെ ഉമ്മാച്ചുവായാലും എസ് കെ പൊറ്റെക്കാടിന്റെ പുള്ളിമാനായാലും എംടിയുടെ പല സിനിമകളും, ഏറെ പ്രത്യേകിച്ച് ഓളവും തീരവും പോലെയുള്ള സിനിമകളിൽ വരെ കൃത്യമായിട്ട് മധു എന്ന ആക്ടറെ നിർമ്മിച്ചെടുക്കുന്നതിൽ സാഹിത്യവും സാഹിത്യകാരന്മാരും വലിയ പങ്കുവഹിച്ചിട്ടുള്ളതായി കാണാൻ കഴിയും. മലയാള സിനിമയിലെ ഏറ്റവും പ്രശസ്തമായ സിനിമ തന്നെയാണ് ഭാർഗ്ഗവീനിലയം. ഭാർഗ്ഗവീനിലയം എന്ന സിനിമയുടെ ആരംഭത്തിൽ ഇന്റർവെൽ വരെ മധു എന്ന നടൻ അവതരിപ്പിച്ച കഥാപാത്രം മാത്രമാണ് സ്ക്രീൻ സ്പേസിലുള്ളത്. അദ്ദേഹം പോകുന്ന വഴികൾ, അദ്ദേഹം ഇരിക്കുന്ന ആ വീട്, ഭാർഗവിക്കുട്ടിയുമായിട്ടുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ഇവ മാത്രമായിരുന്നല്ലോ സിനിമയുടെ ആദ്യ ഖണ്ഡം. ഒരു മനുഷ്യനെ മാത്രം കാണിച്ചുകൊണ്ട് വിൻസന്റു മാഷ് അത്ഭുതം കാണിച്ചിരിക്കുകയാണ് ഇന്റർവെൽ വരെ. ഇന്റർവെലിനു ശേഷമാണ് ഭാർഗവിക്കുട്ടിയുടെ കഥ വരുന്നത്. ഈ പറയുന്ന ഇന്റർവെൽ വരെ ഒറ്റ കാരക്ടറെ വെച്ചു കൊണ്ട് 60കളുടെ അവസാനത്തിൽ അങ്ങനെ ഒരു സിനിമ ചെയ്യാനുള്ള ധൈര്യം കാണിച്ചത് മധു എന്ന ആക്ടറെ കൃത്യമായിട്ട് ഉപയോഗിക്കാം എന്നുള്ളതു കൊണ്ടാണ്. ഞാൻ ആ പടം പലയാവർത്തി കണ്ടിട്ടുള്ള ആളാണ്.
പുതിയ സിനിമകൾ ഒക്കെ കാണുമ്പോൾ മധു എന്ന നടന്റെ അഭിനയത്തികവിന്റെ എന്റെ ഓർമകളും കാഴ്ചകളുമൊക്കെ തിരിച്ചു നടക്കുന്നത്. അത്തരം ഒരനുഭവമൊന്നും ഇന്നത്തെ സിനിമയിൽ നിന്നും നമുക്ക് അനുഭവിച്ചെടുക്കാനാവില്ല. ഇതൊക്കെയും മധു എന്ന നടന്റെ നടന ഭാഷയുടെ രീതികളാണ്. ഇന്നത്തെ ഒരു സാഹചര്യത്തിൽ എക്സാജറേറ്റ് ചെയ്ത് പറയുകയാണെങ്കിൽ എഴുത്തുകാരെ അറിയണം എന്ന ഒരു ധ്വനിയുണ്ട്. ആ എഴുത്തുകാരനിൽ അൽപ്പം നാടകീയത ഉണ്ടാവും എന്നുള്ളതു തന്നെയാണ് സത്യം. ആ നാടകീയത വളരെ മനോഹരമായിട്ടാണ് പിന്നീട് സിനിമയിലും ഉപയോഗിച്ചിട്ടുള്ളത്. സിനിമയുടെ തുടക്കം മുതൽ തന്നെ അങ്ങനെ ചെയ്തു വന്നിട്ടുമുണ്ട്. അതെന്തുകൊണ്ട് ഉണ്ടാകുന്നു എന്നു ചോദിച്ചാൽ എഴുത്തുകാരുടെ മനസറിയാനുള്ള ഒരു ആക്ടറുടെ കഴിവ് മധു എന്ന നടന് കൃത്യമായിട്ട് ഉണ്ടായിരുന്നു എന്നതിനാലാണ്. പത്മരാജന്റെ അപരൻ പോലുള്ള സിനിമയിലും ഈ പെർഫോമൻസ് ഏരിയ കാണാൻ പറ്റും.
സംവിധാനം ചെയ്ത സിനിമകളിലും ഹ്യൂമർ ടൈപ്പിലുള്ള സിനിമകളിലും കൃത്യമായി ഇത് അടയാളപ്പെടുന്നുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിലെല്ലാം സിനിമക്കായി ഉണ്ടാക്കപ്പെടുന്ന തിരക്കഥയെ കൃത്യമായി നിരീക്ഷിച്ചിരുന്നു. അതിൽ എന്തു വേണം, എങ്ങനെ വേണം എന്നൊക്കെയുള്ള കാര്യങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുക്കാൻ പറ്റുന്നൊരു കഴിവ് മധു എന്ന ചലച്ചിത്രകാരനിലുണ്ട്. ഒരു ചലച്ചിത്ര നിഘണ്ടു പോലെയോ എൻസൈക്ലോപീഡിയ പോലെയോ ഒക്കെ നമുക്ക് മുമ്പിലുള്ള ഈ ചലച്ചിത്ര ശരീരത്തിൽ നിന്നും കണ്ടെടുക്കാൻ പാടില്ലാത്തതൊന്നുമില്ല. അത്ര മേൽ ഡീറ്റെയിലായിട്ടാണ് കഥാപാത്രത്തെ പരിചരിക്കുന്നത്. ഇന്ന് സിനിമയെ കുറിച്ചെന്നല്ല ലോകത്തിലെ ഏതു കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും സമയബന്ധിതമായി ഓരോ വിഷയങ്ങളെയും സമീപിക്കുവാനുമുള്ള ഒരു കാര്യശേഷി അദ്ദേഹത്തിനുണ്ട്. ഇതൊക്കെയും ഒരധ്യാപകന്റെ മനസുള്ളതുകൊണ്ട് സാധ്യമാകുന്ന കാര്യങ്ങളാണ്. കാര്യങ്ങൾ കൃത്യമായി പഠിക്കുകയും അതിനെ കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു രീതിയാണ്.
മലയാള സിനിമയോടൊപ്പം സഞ്ചരിക്കുമ്പോൾ, ആ ചരിത്രഖണ്ഡത്തെ ഏറ്റവും വലിയ നിധി പോലെ സൂക്ഷിക്കാനും കരുതാനും നാം നിർബന്ധിതരാകുന്നത് ആ വ്യക്തിത്വത്തിന്റെ തെളിമ കൊണ്ടാണ്. ഒരേ ജേർണറിലുള്ള സിനിമകൾ എടുക്കാൻ ഒരിക്കലും മുതിർന്നിരുന്നില്ല. അദ്ദേഹം തന്നെ സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയിലേക്കു വരുമ്പോൾ അക്കാലത്ത് ഏറ്റവും ഹീറോയായി അഭിനയിച്ചിരുന്ന ഒരാൾ ആ സിനിമയിലെടുത്ത കാരക്ടർ നെഗറ്റീവ് കഥാപാത്രത്തിന്റേതായിരുന്നു. അടൂർ ഭാസിയായിരുന്നു അതിലെ ഹീറോ. ഇത്തരത്തിൽ പല സിനിമകൾ ചെയ്തപ്പോഴും അത്രമേൽ വ്യത്യസ്ത പുലർത്താൻ മധുവിലെ സംവിധായകനും, നിർമ്മാതാവും, നടനും ശ്രദ്ധവെച്ചിരുന്നു. സിനിമ എന്ന മീഡിയം തന്റേതു കൂടിയാണെന്നും അതുകൊണ്ടു തന്നെ ഏറ്റവും മൂല്യവത്തായ സംഭാവനകൾ സിനിമാ ചരിത്രത്തോട് കൂട്ടി ചേർക്കാനും മധു എന്ന ചലച്ചിത്രകാരൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.