സാഹോദര്യം
അന്നുമുറങ്ങാതെയെഴുന്നേറ്റവൾ.
ഉറക്കച്ചടവിന്റെ കണ്ണുകളിൽക്കുത്തുന്ന –
യിരുട്ടിനെയാട്ടിയോടിക്കയും.
നരയ്ക്കാത്തദിനരാത്രപ്പതിവുകളിത്.
കൊട്ടാരക്കെട്ടിലുമതിനു ഭേദമില്ല.
സൂര്യവംശത്തിന്റെയന്തപ്പുരങ്ങളിലെ
ചെങ്കോലും കിരീടവുമണിയേണ്ടുന്നോരന്ധകാരപ്പെരുമയിൽ
അഴൽകൊണ്ടനപത്യതാദു:ഖവുംതാണ്ടി
ത്രേതായുഗത്തിന്റെ മാനനീയസുതർക്കു
പിന്നീടു ജന്മമേകിയോരിൽ
സുമിത്രയെന്ന നാമധേയ,
അവളകക്കാമ്പിൽ തീയുമായ് –
യരുണകിരണനാകുമർക്കനെ
വെറുതെ നോക്കിനിന്നു.
രണ്ടു പുത്രരിലേകൻ രാമന്നുദാസൻ,
അപരൻ, ഭരതനുപ്രിയസഖാവും.
നാലുപേരുടെ സാഹോദര്യപ്പുലർച്ചയിൽ
നല്ലനാടായ്ച്ചമഞ്ഞിതയോദ്ധ്യ,
യല്ലെങ്കിലും
മൂന്നു തരുണികളിലൻപെഴും
ഏകോദരഭാവത്തിൻ തുടർച്ചതാനീ വൃത്തി.
ദണ്ഡകാരണ്യത്തിൽ
ജ്യേഷ്ഠനെ ശുശ്രൂഷചെയ്യുവാൻ
ദണ്ഡംകൂടാതെ
മകനു വിടയേകിയോൾ
അകത്തളങ്ങളിലിടതടവില്ലാതെ ചലനംതുടർന്നു
ഇരു കൈകളിൽത്താങ്ങിയ
തന്നുറ്റസപത്നിമാരുമായ്,
സാഹോദര്യത്തിന്നേടുകളിൽപ്പക്ഷേ
ഇവളുടെ നാമമില്ല.
9746201959.