ആത്മസൗരഭം

മഹാദൗത്യം

യോഗത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷരഹിതമായിരുന്നു. ചില ആശയങ്ങളുടെ വ്യക്തതയും അത് സംബന്ധിച്ച ചര്‍ച്ചകളുമാണ് അതില്‍ മുഖ്യമായി പ്രതിഫലിച്ചത്. അതും ഡോക്ടറുടെ കാഴ്ചപ്പാടിന്റെ പരിണിതഫലമായിരുന്നു. സമ്മേളനത്തിന് തൊട്ടുമുന്‍പ് നടന്ന കൂടിക്കാഴ്ചയില്‍ പല്‍പ്പു സ്വാമികളോട് പറഞ്ഞു.

‘അങ്ങയുടെ ആശയങ്ങളും ദര്‍ശനങ്ങളും ആദര്‍ശങ്ങളും നടപ്പാക്കുക എന്നതാണ് യോഗത്തിന്റെ പരമമായ ലക്ഷ്യമെന്ന് നമുക്കറിയാമെങ്കിലും ചില പ്രവര്‍ത്തകരും നേതാക്കളും അത് അറിയാത്ത മട്ട് നടിക്കുന്നു’
ഗുരു ശിരസ് ചലിപ്പിച്ചു.
‘ചിലതെല്ലാം ഞാനും മനസിലാക്കുന്നുണ്ട്’

‘യോഗത്തെ ഈഴവരുടെ മാത്രമായ കേവലം ഒരു ജാതിസംഘടനയാക്കി തരംതാഴ്ത്തുക. ബ്രാഹ്മണരും ഇതര സവര്‍ണ്ണരും നമ്മുടെ ആളുകളോട് കാണിച്ച അതേ നിന്ദയും പരിഹാസവും തൊട്ടുകൂടായ്മയും നമ്മളില്‍ താഴെയുളളവരോട്
അങ്ങനെ തന്നെ തുടരുക. ഇതൊക്കെയാണ് പലരുടെയും മനസുകളില്‍. ജാതിചിന്തയുടെ വിഷലിപ്തത അകറ്റാതെ നാം ഇത്തരമൊരു സംഘടന കൊണ്ടുനടക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?’
ഗുരു നിസഹായനായി പല്‍പ്പുവിനെ നോക്കി.
‘അത് നമ്മള്‍ മൂന്ന് പേരും കൃത്യമായി മനസിലാക്കുന്നുണ്ടെങ്കിലും മനസിലാക്കേണ്ട ബഹുസഹസ്രം പേരും നേരാംവണ്ണം തിരിച്ചറിയുന്നില്ലെങ്കില്‍ പിന്നെന്ത് ചെയ്യും?’
‘അടുത്ത സമ്മേളനത്തില്‍ ഇത് സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശവും ബോധവത്കരണവും നടത്തിയാലോ?’
‘അങ്ങനെയാവട്ടെ..’

‘അങ്ങേയ്ക്ക് എന്തെങ്കിലും പ്രത്യേകമായ അഭിപ്രായം?’
‘എന്റെ മനസ് എന്തോ അത് തന്നെയാണ് ഡോക്ടര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. നമ്മള്‍ രണ്ട് ശരീരമെന്നേ ഞാന്‍ എണ്ണുന്നുള്ളു. കാഴ്ചപ്പാടുകള്‍ സമാനം’
പല്‍പ്പു ചിരിച്ചു. സ്വാമിയെ പോലെ മഹത്വത്തിന്റെ ഗിരിശൃംഗത്തില്‍ വിരാജിക്കുന്ന പരമസംപൂജ്യനായ മഹാപുരുഷനാണ് പറയുന്നത്.
‘ജാതിമതഭേദമെന്യേ ഗുരുവിന്റെ വിശാലമാനവികതാ ദര്‍ശനത്തില്‍ മുറുകെ പിടിച്ച് എല്ലാവരും ഏകോദരസഹോദരങ്ങളെ പോലെ ഒന്നിച്ച് ഒന്നായി നില്‍ക്കുക’

മൂന്നാം വാര്‍ഷികം ഈ പ്രമേയം ഐക്യകണേ്ഠന പാസാക്കി.
സമ്മേളനം കഴിഞ്ഞ് പിരിയുമ്പോഴും ഗുരുവിന്റെ മുഖം മ്ലാനമായിരുന്നു. പല്‍പ്പു തന്ത്രപൂര്‍വം കാരണം തിരക്കി.
‘എനിക്ക് പ്രതീക്ഷയില്ല ഡോക്ടറെ. നമ്മുടെ ആളുകള്‍ ഒന്നിച്ച് നില്‍ക്കാന്‍ പ്രയാസമാണ്. തങ്ങളില്‍ തങ്ങളില്‍ ഐക്യമില്ലാത്തവര്‍ എങ്ങനെ ഇതരസമുദായങ്ങളെ സ്‌നേഹിക്കും’
അത് വാസ്തവമാണെന്ന് പല്‍പ്പുവിനും ബോധ്യമുണ്ടായിരുന്നു. എന്നിട്ടും അന്തരീക്ഷം ലഘൂകരിക്കാനായി അദ്ദേഹം പറഞ്ഞു.
‘എല്ലാം ശുഭപര്യവസായി ആവും സ്വാമി..’
‘അങ്ങനെ സംഭവിക്കട്ടെ’
ഗുരു പ്രാര്‍ത്ഥനാപൂര്‍വം കൈകൂപ്പി.
പുറത്ത് ഒരു വെളളിടി വെട്ടി.
കാറ്റും മഴയും മിന്നലും…അങ്ങനെ മുന്നൊരുക്കങ്ങളില്ലാത്ത വെളളിടി.
അത് കാലത്തിന്റെ മാറ്റം പോലെയെന്ന് പല്‍പ്പുവിന് തോന്നി.
ഗുരു സാന്ധ്യപ്രകാശത്തില്‍ ഒരു നിഴല്‍ച്ചിത്രം പോലെ ആലപ്പുഴയുടെ പഞ്ചസാര മണലിലൂടെ നടന്നു.

കണ്ണൂരില്‍ സംഘടിപ്പിച്ച നാലാം വാര്‍ഷികത്തില്‍ കാര്‍ഷിക വ്യാവസായിക പ്രദര്‍ശനങ്ങള്‍ ആവര്‍ത്തിക്കാനുളള നിര്‍ദ്ദേശം മുന്നോട്ട് വച്ചതും പല്‍പ്പു തന്നെയായിരുന്നു.

പല കോണുകളില്‍ ശിഥിലമായി കിടക്കുന്ന ആളുകളെ ഏകോപിപ്പിക്കാന്‍ അതൊരു നല്ല മാര്‍ഗമാണെന്ന് അദ്ദേഹത്തിന് തോന്നി. ഓരോരുത്തരും ഉത്പാദിപ്പിക്കുന്ന വസ്തുക്കളും വിളകളും പ്രദര്‍ശിപ്പിക്കാനും അതിന്റെ വാണിജ്യസാധ്യത ഉറപ്പിക്കാനും ലഭിക്കുന്ന അപൂര്‍വ അവസരം. അത് പരമാവധി വിനിയോഗിക്കാന്‍ ബുദ്ധിയുളളവരെല്ലാം ശ്രമിക്കും. അതിനിടയില്‍ ജാതിയും മതവും വേര്‍തിരിവുകളും അപ്രത്യക്ഷമാവും. ആത്യന്തികമായും അടിസ്ഥാനപരമായും ജീവിതം തന്നെയാണ് പ്രധാനം. അരച്ചാണ്‍ വയറിന് വേണ്ടിയുളള പോരാട്ടം. അതിനിടയില്‍ എന്ത് മതം? എന്ത് ജാതി?
പല്‍പ്പു ഓര്‍ത്തു. അത് തിരിച്ചറിയാന്‍ പലരും വൈകുന്നിടത്താണ് പ്രശ്‌നം.
കണ്ണൂരിലെ യോഗത്തില്‍ പുതിയ ഒരു നീക്കത്തിന് കൂടി തിരിതെളിക്കണമെന്ന് പല്‍പ്പു ആവശ്യപ്പെട്ടു.

‘സ്വാമികളുടെ ഒരു കാഴ്ചപ്പാടുണ്ട്. വിദ്യകൊണ്ട് പ്രബുദ്ധരാവുക. സംഘടന കൊണ്ട് ശക്തരാവുക. അതില്‍ സംഘടനാപരമായി നാം മുന്നേറിക്കൊണ്ടിരിക്കുന്നു. പക്ഷെ വിദ്യാഭ്യാസപരമായി ഒരു ചുവട് പോലും വയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തവണത്തെ സമ്മേളനത്തില്‍ വച്ച് ഒരു വിദ്യാഭ്യാസ നിധി രൂപീകരിക്കണം’
ആ നിര്‍ദ്ദേശം ഗുരുവിനും സ്വീകാര്യമായി.

ഡോക്ടര്‍ തന്നെ മുന്‍കൈ എടുത്തത് അംഗങ്ങളില്‍ നിന്നും മറ്റ് അഭ്യുദയകാംക്ഷികളില്‍ നിന്നും പണം പിരിച്ചു. എല്ലാവര്‍ക്കും കൃത്യമായി രസീപ്റ്റും നല്‍കി. പണം സംഭരിക്കാന്‍ വിവിധ പ്രദേശങ്ങളിലേക്ക് ആളുകളെ അയയ്ക്കുകയും ചെയ്തു. യോഗത്തിന് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഉദ്ദേശം.സമുദായാംഗങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനൊപ്പം ഇംഗ്ളീഷ് വിദ്യാഭ്യാസവും നല്‍കണം. പല്‍പ്പുവിന്റെ സംഘാടക മികവ് സ്വാമികളെ വല്ലാതെ ആകര്‍ഷിച്ചു.
എസ്.എന്‍.ഡി.പി യോഗപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആത്മീയകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ശിവഗിരി മഠവും നവീകരിക്കാന്‍ സന്ന്യാസിവര്യന്‍മാര്‍ സ്വാമികളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ശാരദാപ്രതിഷ്ഠയാണ് ആദ്യത്തെ ദൗത്യം. സ്വാഗതസംഘം രൂപീകരിക്കുന്നതിനെക്കുറിച്ചുളള കൂടിയാലോചന നടന്നപ്പോള്‍ സ്വാമി ആദ്യം പറഞ്ഞത് ഇതായിരുന്നു.
‘പോയി ഡോക്ടറെ വിളിച്ചുകൊണ്ട് വാ..’

പല്‍പ്പു എത്തിയതും സ്വാമികളുടെ മുഖം തെളിഞ്ഞു. ഒരു ഉത്തരവാദിത്തം അദ്ദേഹത്തെ ഏല്‍പ്പിച്ചാല്‍ പിന്‍തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് സ്വാമികള്‍ക്കറിയാം.
‘എതിരൊന്നും പറയരുത്. ഡോക്ടര്‍ സ്വാഗതസംഘം ചെയര്‍മാനായിരുന്നേ പറ്റൂ’
സ്വാമി അത്ര കര്‍ശനമായി പറഞ്ഞാല്‍ എതിര്‍ക്കാന്‍ പല്‍പ്പുവിന് കഴിയില്ല. എത്ര തന്നെ തിരക്കുണ്ടായിട്ടും അദ്ദേഹം സമ്മതിച്ചു.
പല്‍പ്പു ശിവഗിരിയില്‍ പോയി താമസിച്ച് ഒരു മാസം പരിശ്രമിച്ചു. ചടങ്ങ് അതിഗംഭീരമായി നടത്തുകയും ചെയ്തു.
പ്രതിഷ്‌ഠോത്സവത്തിന് വീണക്കച്ചേരി അവതരിപ്പിച്ചത് ഡോക്ടറുടെ പെണ്‍മക്കളായിരുന്നു.
മലബാര്‍ എക്കണോമിക് യൂണിയന്‍ എന്നൊരു സംരംഭവും പല്‍പ്പു ഇതിനിടയില്‍ രൂപീകരിച്ചു. കുടില്‍വ്യവസായം വഴി സമുദായാംഗങ്ങളുടെ ദാരിദ്ര്യം അകറ്റുക എന്നതിനായിരുന്നു മുന്‍തൂക്കം. സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. പ്രസംഗങ്ങള്‍ പല്‍പ്പുവിന്റെ ശൈലി ആയിരുന്നില്ല. പ്രവൃത്തിയിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.

ഓരോ വ്യവസായ യൂണിറ്റിന് കീഴിലും ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ ഇതര യൂണിറ്റിലെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന കേന്ദ്രീകൃത നിര്‍മ്മാണ വിതരണ സമ്പ്രദായമായിരുന്നു. ഇതിന് മൂലധനം കണ്ടെത്താന്‍ പല്‍പ്പു സ്വന്തം കീശയില്‍ നിന്ന് പോലും പണം മുടക്കി.

ജനാധിപത്യ സംവിധാനത്തില്‍ ഭൂരിപക്ഷ താത്പര്യത്തിനാണ് പ്രസക്തി. അഭിപ്രായങ്ങളിലെ ധാര്‍മ്മികതയും നൈതികതയും അവിടെ പരിഗണനാ വിഷയങ്ങളല്ല. മഹാഭൂരിപക്ഷം സദുദ്ദേശപരമായ ന്യൂനപക്ഷത്തെ കീഴ്‌പെടുത്തുന്നു. നേതൃത്വം ഈ ഭൂരിപക്ഷത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. കാലാന്തരത്തില്‍ നന്മയും സത്യവും തമസ്‌കരിക്കപ്പെടുന്നു.

ജനാധിപത്യ സംവിധാനത്തില്‍ ഭൂരിപക്ഷ താത്പര്യത്തിനാണ് പ്രസക്തി. അഭിപ്രായങ്ങളിലെ ധാര്‍മ്മികതയും നൈതികതയും അവിടെ പരിഗണനാ വിഷയങ്ങളല്ല. മഹാഭൂരിപക്ഷം സദുദ്ദേശപരമായ ന്യൂനപക്ഷത്തെ കീഴ്‌പെടുത്തുന്നു. നേതൃത്വം ഈ ഭൂരിപക്ഷത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. കാലാന്തരത്തില്‍ നന്മയും സത്യവും തമസ്‌കരിക്കപ്പെടുന്നു.
എല്ലാം ജലരേഖകളായി മാറുന്നുവെന്ന തിരിച്ചറിവിലേക്ക് പല്‍പ്പു പതിയെ എത്തിപ്പെട്ടു. അംഗസംഖ്യ വര്‍ദ്ധിച്ചതോടെ യോഗത്തിന് അച്ചടക്കം നഷ്ടപ്പെട്ടു. സങ്കുചിത താത്പര്യക്കാര്‍ പിടിമുറുക്കി തുടങ്ങി. ധാര്‍മ്മികതയ്ക്ക് വില കല്‍പ്പിക്കാത്തവര്‍ സംഘം ചേര്‍ന്ന് തങ്ങളുടെ പ്രാമാണികത്തം ഊട്ടിയുറപ്പിക്കാനുളള പരിശ്രമങ്ങളായി. ഡോക്ടറും ആശാനും എന്തിന് സ്വാമികള്‍ പോലും അവര്‍ക്ക് അനഭിമതരായി.

തന്റെ വിശ്വാസപ്രമാണങ്ങള്‍ക്കും ധാര്‍മ്മികമൂല്യങ്ങള്‍ക്കും യോഗനേതൃത്വം വിലകല്‍പ്പിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഗുരു പരസ്യമായി പിന്‍വലിഞ്ഞു.കുമാരനാശാന്‍ സ്ഥാനം ഒഴിഞ്ഞു. അനശ്വരനാവാന്‍ അദ്ദേഹത്തിന് മഹാകവിപ്പട്ടം ധാരാളമായിരുന്നു.
പല്‍പ്പു വിപത്തുകള്‍ മുന്‍കൂട്ടി കണ്ടിരുന്നു.
കേവലം ഒരു ജാതിസംഘടനയല്ല ഗുരു വിഭാവനം ചെയ്തതെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. വ്യക്തിതാത്പര്യങ്ങള്‍ പൂര്‍ണ്ണമായും മാറ്റി വച്ച് സമര്‍പ്പിത മനസോടെഅധ:സ്ഥിത വര്‍ഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയിരുന്നു ഗുരു. പല്‍പ്പുവും ആശാനും ഒഴികെ അധികം പേര്‍ ആ പ്രയാണത്തില്‍ ഒപ്പമുണ്ടായില്ല.
നിരാശയുടെ ചിതലുകള്‍ മനസിനെ കാര്‍ന്ന് തിന്നും മുന്‍പ് ഡോക്ടര്‍ അരങ്ങൊഴിഞ്ഞു. വായനയും എഴുത്തും മറ്റുമായി വീടിന്റെ നാല് ചുവരുകള്‍ക്കുളളിലൊതുങ്ങി.

എസ്.എന്‍.ഡി.പി യോഗത്തിന്റെ ആവിര്‍ഭാവത്തിലൂടെ സംജാതമായ അവര്‍ണ്ണ മുന്നേറ്റം തിരുവിതാംകൂറിന്റെ മനോഭാവത്തില്‍ ഗണ്യമായ മാറ്റം വരുത്തി. അയിത്തവും അസ്പർശ്യതയും അതിജീവിച്ച് നിരവധി അധ:കൃതര്‍ മുഖ്യധാരയിലേക്ക് കടന്നു വന്നു. ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച നിരവധി പേര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ഉദ്യോഗം ലഭിച്ചു.
പല്‍പ്പുവിന് എന്തെന്നില്ലാത്ത ചാരിതാര്‍ത്ഥ്യം അനുഭവപ്പെട്ടു.
താന്‍ വെട്ടിത്തുറന്ന വഴിയിലൂടെ ഇപ്പോള്‍ ധാരാളം ആളുകള്‍ മുന്നേറുന്നു. എല്ലാറ്റിനും പ്രേരകമായത് സ്വാമികളുടെ ആത്മീയ സാന്നിദ്ധ്യമായിരുന്നു.
യോഗവും സമുദായവും അവര്‍ണ്ണവിഭാഗം മൊത്തത്തിലും കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സൂചിപ്പിച്ചവരോടെല്ലാം പല്‍പ്പു പറഞ്ഞു.
‘എല്ലാം സ്വാമികളുടെ നേതൃത്വ ഗുണം. ഞാന്‍ ആ നിഴല്‍ പറ്റി നടന്ന ഒരു സഹയാത്രികന്‍ മാത്രം’

യോഗത്തിന്റെ പിന്നിടുളള വാര്‍ഷികങ്ങളില്‍ പല്‍പ്പുവിനെ കണ്ടില്ല. ആശംസാപ്രസംഗകനായി ഒരു തവണ മാത്രം സാന്നിദ്ധ്യം. കാരണം തിരക്കിയവരോട് അദ്ദേഹം മൗനം കൊണ്ട് പ്രതിരോധം തീര്‍ത്തു. പുഞ്ചിരി കൊണ്ടും. ചില മൗനങ്ങള്‍ വാചാലമാണെന്ന് കാഴ്ചക്കാര്‍ക്ക് അറിയാം. അവര്‍ അതിന്റെ ദ്വിമുഖസാധ്യതകള്‍ വ്യാഖ്യാനിച്ചെടുത്തു. കൂടുതല്‍ വ്യക്തത തേടിയവരോട് അര്‍ദ്ധശങ്കയ്ക്കിടയില്ലാത്ത വണ്ണം പല്‍പ്പു പറഞ്ഞു.
‘പൊതുജനസേവനത്തിന് സംഘടനകള്‍ നിര്‍ബന്ധമില്ല. പ്രയാസം അനുഭവിക്കുന്ന ഒരാള്‍ക്കെങ്കിലും ആശ്വാസം പകരാന്‍ കഴിഞ്ഞാല്‍ അതില്‍പരം നല്ലകാര്യം മറ്റൊന്നില്ല. പിന്നെ കഷ്ടപ്പെടുന്ന ധാരാളം പേര്‍ ഈ ഭൂമിയിലുണ്ട്. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും നീതി കിട്ടണം. അവസരങ്ങള്‍ കിട്ടണം. പരിഗണിക്കപ്പെടണം. ഏകലോകമാണ് ഗുരു വിഭാവനം ചെയ്തത്. ഞാന്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്’
ധ്വനിസാന്ദ്രമായിരുന്നു ആ വാക്കുകള്‍.
വാസ്തവത്തില്‍ എന്തായിരുന്നു ഡോക്ടറുടെ പ്രശ്‌നം?
സംശയം തീരാത്ത ചിലര്‍ കുമാരുവിനെ കണ്ട് ചോദിച്ചു.
‘യോഗത്തെ ഒരു ജാതിസംഘടനയാക്കി മാറ്റുന്നതില്‍ ഡോക്ടര്‍ക്ക് വിമുഖതയുണ്ടായിരുന്നു. ഈഴവരിലും താഴ്ന്നവരെ സംഘടനയില്‍ ചേര്‍ക്കാന്‍ ഡോക്ടര്‍ മുന്‍കൈ എടുത്തു. പക്ഷെ മറ്റ് പലര്‍ക്കും അത് സ്വീകാര്യമായില്ല. സഹോദരന്‍ അയ്യപ്പനും ഡോക്ടറുടെ അതേ കാഴ്ചപ്പാടായിരുന്നു. അദ്ദേഹത്തിന്റെ കര്‍ശന നിലപാടിന് വഴങ്ങി പേരിന് ചിലരെ ഉള്‍പ്പെടുത്തിയെങ്കിലും കാലാന്തരത്തില്‍ അതും ഇല്ലാതായി. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി നീങ്ങുന്നു എന്ന് കണ്ടതോടെ അദ്ദേഹം മൗനിയായി’
പക്ഷെ ഒരു പൊതുവേദികളിലും അദ്ദേഹം യോഗത്തെ അപകീര്‍ത്തിപ്പെടുത്തിയില്ല. പരസ്യമായി എതിര്‍ത്തില്ല. മൗനത്തിന്റെ വാത്മീകത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കഴിഞ്ഞു.ഗംഗാധരന്‍, നടരാജഗുരു, ഹരിഹരന്‍, ആനന്ദലക്ഷ്മി, ദാക്ഷായണി…അഞ്ചു മക്കള്‍.
അവരാണ് തന്റെ സമ്പാദ്യമെന്ന് പല്‍പ്പു പറയും. അതുകേട്ട് ഒരു പ്രവര്‍ത്തകന്‍ പൊട്ടിച്ചിരിച്ചു. കാരണം അറിയാതെ വായ്‌പൊളിച്ചു നിന്ന സുഹൃത്തിനോട് അയാള്‍ പറഞ്ഞു.
‘ഡോക്ടറുടെ വില്‍പത്രത്തില്‍ എന്താണ് എഴുതി വച്ചിരിക്കുന്നതെന്ന് അറിയുവോ?’
”ഇല്ല’
ശ്രോതാവ് കൈമലര്‍ത്തി.
”നമ്മളെല്ലാം പൊതുപ്രവര്‍ത്തകരാണ്. അതിനാല്‍ സാമൂഹ്യക്ഷേമത്തിനു വേണ്ടി ജീവിക്കാന്‍ ബാധ്യസ്ഥരാണ്.സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ഒരു സഞ്ചിത നിധി കൂടിയേ തീരൂ. അതിനുവേണ്ടി ഞാന്‍ എന്റെ എല്ലാ സ്വത്തുക്കളും ഭാവിയില്‍ ഉണ്ടാകാവുന്ന സമ്പാദ്യങ്ങളും എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും അര്‍ഹതപ്പെട്ട സ്വത്തുക്കളും സമൂഹത്തിന്റെ അഭ്യൂന്നതിക്ക് വേണ്ടി നീക്കി വയ്ക്കുന്നു’
ശ്രോതാവ് അന്തം വിട്ടിരിക്കുമ്പോള്‍ പറഞ്ഞയാള്‍ കൂട്ടിച്ചേര്‍ത്തു.
‘അതായിരുന്നു ഡോക്ടര്‍ പല്‍പ്പു’
(തുടരും)

Author

Scroll to top
Close
Browse Categories