യോഗനാദത്തോട്

യോഗനാദമേ! മഹാ
പ്രപഞ്ചസംഗീതമേ!
യോഗിമേരുവാം ഗുരു
”ദൈവീകദശക”മേ!

ധീര ഭൗതികവാദി
കരളിലേറ്റും ഗീതം
മാലിന്യ രഹിതനാം
സന്യാസിതന്‍ ദര്‍ശനം

പാരിന്റെ പാരാവാരം
നീന്തി നീന്തിയങ്ങെത്തി
കാരുണ്യ കടലിന്റെ
ആഴത്തില്‍ വര്‍ത്തിക്കുന്ന

ആനന്ദ പ്രദായിനീ!
നാദരൂപമേ ! നിന്റെ
ഭാവങ്ങള്‍ യോഗത്തിന്റെ
യോഗനാദമായ് മാറ്റു!

ഇല്ലല്ലോ നാടിന്‍ രസ-
തന്ത്രത്തില്‍ മഹാകാവ്യം
നിന്നേപ്പോലെഴുതിയ
പ്രതിഭ മറ്റാളില്ല

നിന്നില്‍ നിന്നല്ലോ തൊഴി
ലാളരീ നാടിന്‍ ജന്മ-
സൗഭാഗ്യം-സ്വാതന്ത്ര്യം ക-
ണ്ടെത്തിയതൊരു കാലം

ഒന്നിച്ചുചേരു! ശക്തി-
യാര്‍ജിയ്ക്കു! ജഗത്തിലെ
തിന്മകള്‍ നീക്കാനായി
ജ്ഞാനത്തെ വരിയ്ക്കട്ടെ!

ജ്ഞാനരാഹിത്യം തന്നെ
അവിദ്യ; വിദ്യാര്‍ജിതം
ജ്ഞാനസമ്പത്തെന്നല്ലേ
ബുധന്മാരുടെ മതം

ജ്ഞാനത്തിന്‍ വെളിച്ചത്താല്‍
ബോധമണ്ഡലങ്ങളെ
മൂടിയ ഇരുളിനെ
നീക്കിയ മഹായോഗി
ജ്ഞാനത്തെ ഉറപ്പിക്കാന്‍
വെളിച്ചം മായാതാക്കാന്‍
മാനവ കരങ്ങള്‍ ചേ-
ര്‍ന്നുണ്ടാകും ബലം കാക്കാന്‍

യോഗത്തെ പ്രതിഷ്ടിച്ചു
കേരള സമൂഹത്തിന്‍
പൂമുഖത്തായി ഭാവി-
കാലങ്ങള്‍ തീര്‍ക്കാന്‍ ചെമ്മേ

യോഗത്തിന്‍ മുഖദാവില്‍
നിന്നുതീര്‍ന്നല്ലോ യോഗ-
സന്ദേശം ഗുരു തന്നെ
ആദ്യപാഠങ്ങള്‍ നല്‍കേ

ദുഷ്പ്രഭുത്വത്തിന്‍ ജാതി-
ക്കോട്ടകളൊന്നൊന്നായി
പപ്പടം പൊടിയുമ്പോല്‍
പൊടിഞ്ഞുവീണീടവേ

ആയുധമില്ലാതട-
രാടിയ യോഗത്തിന്റെ
നാദസൗന്ദര്യം സമം
പ്രപഞ്ച സമന്വയം

ആയുധമതൊന്നല്ലോ
പ്രപഞ്ച വിജയത്തി-
ന്നായുധം ചരിത്രമേ !
നീ തന്നെ അതിന്‍ സാക്ഷി !

അധിനിവേശമേ! നീ
പ്രപഞ്ചനിരാസമാം
അധിനിവേശിച്ചൊരോ
ഒരുനാള്‍ ഒഴിയണം

കാലങ്ങള്‍ യോഗത്തിന്റെ
കര്‍മ്മവീര്യത്തേ നോക്കി
കാലത്തില്‍ ചാലിച്ചോതും
ജ്ഞാനവീര്യത്തേ നോക്കി

ആദരാത്ഭുതമന്ദ-
ഹാസങ്ങള്‍ വിരിയുന്ന
ഭാവവുമായിട്ടിതേ
പോകുന്നു മുന്നോട്ടായി.

Author

Scroll to top
Close
Browse Categories